ഉള്ളും കള്ളിം മിണ്ടേണ്ട

‘‘ഉള്ളും കള്ളിം മിണ്ടണ്ട മൊയ്തി ഉള്ള്യേരിക്ക് പോകൂല’’ പ്രാന്തൻ മൊയ്തി നയപ്രഖ്യാപനം നടത്തി നടുവണ്ണൂരങ്ങാടിയിൽ തെക്കു വടക്കു നടന്നു ഉള്ളും കള്ളീം തിരഞ്ഞ് നാട്ടുകാർ പലവട്ടം ഉള്ള്യേരിയിൽ പോയി ഉള്ളറിയാതെ തിരിച്ചുപോന്നു! അപ്പോൾ കച്ചേരിക്കുന്നിലെ കള്ളുഷാപ്പിന്റെ വാതിൽ തുറന്ന് കാറ്റിൽ കാൽതെറ്റിയിടറി തലയിലെ തോർത്തു മുണ്ടഴിച്ച് നീട്ടി വിരിച്ച് ഇലമുറിയൻ കുഞ്ഞിരാമൻ വായ്ത്താരി തുടങ്ങി ‘‘പുന്നെല്ലിന്നവലും തേങ്ങാപ്പൂളും വേണെങ്കിലെടുത്തോ പഗവതിയേ’’ മുറിച്ച വാഴയിലയിൽ നേരുപോൽ പൊങ്ങിയ നാരുകൾ ചീന്തവെ എണ്ണം തെറ്റിച്ചിരിക്കുന്നവരെ തെന്നി നോക്കി ‘‘എനിക്കിട്ട്...

‘‘ഉള്ളും കള്ളിം മിണ്ടണ്ട

മൊയ്തി ഉള്ള്യേരിക്ക് പോകൂല’’

പ്രാന്തൻ മൊയ്തി

നയപ്രഖ്യാപനം നടത്തി

നടുവണ്ണൂരങ്ങാടിയിൽ

തെക്കു വടക്കു നടന്നു

ഉള്ളും കള്ളീം തിരഞ്ഞ്

നാട്ടുകാർ

പലവട്ടം ഉള്ള്യേരിയിൽ പോയി

ഉള്ളറിയാതെ തിരിച്ചുപോന്നു!

അപ്പോൾ

കച്ചേരിക്കുന്നിലെ

കള്ളുഷാപ്പിന്റെ വാതിൽ തുറന്ന്

കാറ്റിൽ കാൽതെറ്റിയിടറി

തലയിലെ തോർത്തു മുണ്ടഴിച്ച്

നീട്ടി വിരിച്ച്

ഇലമുറിയൻ കുഞ്ഞിരാമൻ

വായ്ത്താരി തുടങ്ങി

‘‘പുന്നെല്ലിന്നവലും തേങ്ങാപ്പൂളും

വേണെങ്കിലെടുത്തോ പഗവതിയേ’’

മുറിച്ച വാഴയിലയിൽ

നേരുപോൽ പൊങ്ങിയ

നാരുകൾ ചീന്തവെ

എണ്ണം തെറ്റിച്ചിരിക്കുന്നവരെ

തെന്നി നോക്കി

‘‘എനിക്കിട്ട് കതയുല്ല

ഇങ്ങക്കിട്ട് വിവരോല്ല,’’ന്ന്

ചിരിച്ചു നടന്നകലുന്നു

നാടു പലവഴി ചിതറി

നാട്ടുകാർ പെരുവഴിയളന്നു

ആരും ആരോടും ഒന്നും

മിണ്ടിയില്ല

മൊയ്തി ഉള്ള്യേരിയിലേക്കോ

ഉള്ള്യേരി മൊയ്തിലേക്കോ

പോയില്ല

ഉള്ളും കള്ളീം തിരിയാതെ

കഥയില്ലാത്ത ഞാൻ

ഉള്ള്യേരിയിലേക്ക് പോകുന്നു!

========

  • പ്രാന്തൻ മൊയ്തി, ഇലമുറിയൻ കുഞ്ഞിരാമൻ -മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന രണ്ടു നടുവണ്ണൂരുകാർ.
  • ഉള്ള്യേരി -നടുവണ്ണൂരിനടുത്തുള്ള ഒരു സ്ഥലം
  • ഉള്ളും കള്ളീം- മനസ്സിലിരിപ്പ്, യാഥാർഥ്യം
Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.