കടല്‍ത്തീരത്ത്

1. മണല്‍ കടലിലേക്ക് ഞാന്‍ നോക്കിയില്ല തിരകള്‍ ഇമപോലെ വന്നുമൂടുന്നു പിന്നെ വലിയുന്നു. നനച്ചു നീയെന്‍ മേലില്‍ മണല്‍ പുതച്ചുപിടിക്കാന്‍ പാടുപെടുന്നു. നിന്റെ കൈകളിപ്പോള്‍ മരവിപ്പു മാത്രമായി തമ്മിലറിയാതായി ഇതു മുഴുവനാകുമ്പോള്‍ നിശ്ചലം എന്നെ വിട്ട് നീ മാത്രം പോകുമല്ലോ! അപ്പോള്‍ ഒരു തിര വരും, കുതിരും. അല്ലെങ്കില്‍ കാറ്റടിക്കും, വെടിയും. 2. അല കടലു ഞാന്‍ നോക്കിയില്ല കണ്ണു മൂടുമ്പോള്‍ മനസ്സില്‍ പണ്ടു നോക്കിക്കിടന്ന മാനം. അലകളില്ലാത്ത ഒരു കടല്‍ മേഘത്തിന്‍ വറ്റാറായ നുരകള്‍ ആഴത്തില്‍ ചന്ദ്രന്‍. സമയം രണ്ടു കഴിഞ്ഞു ലോകത്തിലെ ദുഃഖമെല്ലാം എന്റേതു മാത്രമായി അപ്പോള്‍ പറവകള്‍ ഏഴു...

1. മണല്‍

കടലിലേക്ക് ഞാന്‍ നോക്കിയില്ല

തിരകള്‍ ഇമപോലെ

വന്നുമൂടുന്നു

പിന്നെ വലിയുന്നു.

നനച്ചു നീയെന്‍ മേലില്‍ മണല്‍

പുതച്ചുപിടിക്കാന്‍ പാടുപെടുന്നു.

നിന്റെ കൈകളിപ്പോള്‍

മരവിപ്പു മാത്രമായി

തമ്മിലറിയാതായി

ഇതു മുഴുവനാകുമ്പോള്‍

നിശ്ചലം എന്നെ വിട്ട്

നീ മാത്രം പോകുമല്ലോ!

അപ്പോള്‍

ഒരു തിര വരും, കുതിരും.

അല്ലെങ്കില്‍

കാറ്റടിക്കും, വെടിയും.

2. അല

കടലു ഞാന്‍ നോക്കിയില്ല

കണ്ണു മൂടുമ്പോള്‍ മനസ്സില്‍

പണ്ടു നോക്കിക്കിടന്ന മാനം.

അലകളില്ലാത്ത ഒരു കടല്‍

മേഘത്തിന്‍ വറ്റാറായ നുരകള്‍

ആഴത്തില്‍ ചന്ദ്രന്‍.

സമയം രണ്ടു കഴിഞ്ഞു

ലോകത്തിലെ ദുഃഖമെല്ലാം

എന്റേതു മാത്രമായി

അപ്പോള്‍ പറവകള്‍ ഏഴു പേര്‍

ശബ്ദമില്ലാത്ത ഒരു തിരയായ്

കോണില്‍നിന്നും ഒലിച്ചുവന്നു

ചന്ദ്രനു മുകളിലൂടെ

ഓളമില്ലാതൊഴുകിപ്പോയി

ഒന്നും മായ്ക്കാതെ.

എത്ര വിദൂരം

അവയ്ക്ക് അലയ്ക്കേണ്ട തീരം

എത്ര ദീര്‍ഘം ഒരല.

ഞാനൊരല?

3. ശംഖ്

കടല്‍ ഞാന്‍ നോക്കിയില്ല

കണ്‍മീതേ

തിരപോലെ ഇമവിരിക്കെ

കാണുന്നു, ഉള്ളില്‍, മുമ്പ്;

രാത്രിയില്‍ തരുക്കള്‍

താന്തരായ് മാറിയ വഴിയെ

മൂകമായ് നടക്കെ,

പുറകില്‍ അകലെയെങ്കിലും

ഒപ്പം ദീര്‍ഘദൂരം

നടന്നയാളുടെ കാലൊച്ച,

വഴി തീരാന്‍പോകേ

കാതില്‍ വന്നടിയുന്നൂ.

തിരിഞ്ഞു നോക്കുന്നില്ല ഞാന്‍

കാലൊച്ചയോര്‍ത്തുറയ്ക്കുന്നു.

ഒച്ചകളുടെ ജഡം

ഓർമയില്‍ അഴുകാതെ കിടന്നെങ്കില്‍

ഞാനൊരു ശംഖായെങ്കില്‍!


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.