‘‘നോക്ക്... നമ്മുടെ മകൻ... ഈയിടെ... വാക്കിലിപ്പോ, പൂക്കളല്ല പുഴുക്കളാണേറെയും..!’’ തേങ്ങലാൽ വഴുതി സ്വരം. വേപഥുവാൽ ഇരുണ്ട് മുഖം. പ്രിയതമയുടെ നെറുക മുകർന്നച്ഛൻ നിർവികാരം മൊഴിയുന്നു: ‘‘മക്കള് വീടല്ലേ കാണുള്ളൂ... അതിന്റെ പുതുമയില്ലായ്മയല്ലോ അവർക്കു വല്ലായ്മ... മുറികളിത്ര ചെറുതെന്നോ, ചതുരവടിവുകളൊത്തില്ലെന്നോ, ചായഭംഗി കുറഞ്ഞെന്നോ പരാതികൾ..! വീടുയരാൻപെട്ട പാടുകൾ, വീടിനേക്കാളുയർന്ന പേടികൾ, സ്വാസ്ഥ്യം കെടുത്തും കടങ്ങൾ, ഓരോ പടവിലുമുറയൊഴിച്ച ചോരനീരാം വേർപ്പു ചാലുകൾ... അവരുടെ കണ്ണുകൾക്കുള്ളതല്ല! മക്കള് മുഖമേ കാണുള്ളൂ... നരയേ കണ്ണിൽ തടയൂ... തപിച്ചും പനിച്ചും കറുപ്പ് പടർന്ന കൺതടമൊരു...
‘‘നോക്ക്... നമ്മുടെ മകൻ...
ഈയിടെ...
വാക്കിലിപ്പോ, പൂക്കളല്ല
പുഴുക്കളാണേറെയും..!’’
തേങ്ങലാൽ വഴുതി സ്വരം.
വേപഥുവാൽ ഇരുണ്ട് മുഖം.
പ്രിയതമയുടെ നെറുക
മുകർന്നച്ഛൻ
നിർവികാരം മൊഴിയുന്നു:
‘‘മക്കള് വീടല്ലേ കാണുള്ളൂ...
അതിന്റെ പുതുമയില്ലായ്മയല്ലോ
അവർക്കു വല്ലായ്മ...
മുറികളിത്ര ചെറുതെന്നോ,
ചതുരവടിവുകളൊത്തില്ലെന്നോ,
ചായഭംഗി കുറഞ്ഞെന്നോ പരാതികൾ..!
വീടുയരാൻപെട്ട പാടുകൾ,
വീടിനേക്കാളുയർന്ന പേടികൾ,
സ്വാസ്ഥ്യം കെടുത്തും കടങ്ങൾ,
ഓരോ പടവിലുമുറയൊഴിച്ച
ചോരനീരാം വേർപ്പു ചാലുകൾ...
അവരുടെ കണ്ണുകൾക്കുള്ളതല്ല!
മക്കള് മുഖമേ കാണുള്ളൂ...
നരയേ കണ്ണിൽ തടയൂ...
തപിച്ചും പനിച്ചും കറുപ്പ് പടർന്ന
കൺതടമൊരു ‘കുറവായേ’ തോന്നൂ...
അവർക്കായി ഉറക്കമിളച്ച
രാവുകളുടെ കറുപ്പാണതെന്ന്,
ആധികളാണോരോ
ചുളിവുകളുമെന്ന്,
അവരറിയുകയേ ഇല്ലല്ലോ...
കാട്ടുതീ കണ്ണീരാൽ കെടുത്തിയും
കണ്ണേ ചൂഴ്ന്നടർത്തിയും ഉണ്ണിയെ
വീണ്ടെടുത്തതൊരു
‘നല്ല കഥ..!’
മുതിരുമ്പോൾ എതിരാവുമെന്ന്
ഉറപ്പിച്ചു തന്നെയാവില്ലേ നങ്ങേലിയും..?
അടുപ്പിലൂതിയും അടുപ്പായ് എരിഞ്ഞും
ഏതിരുട്ടിലും തിളങ്ങും ‘അമ്മക്കനൽ’...
തല്ലു വാങ്ങുന്ന മകനിൽനിന്ന്,
തല്ലാനോങ്ങിയതിനും തേങ്ങുന്ന അമ്മ
മനസ്സിലേക്കൊരു കണ്ണീർ തുള്ളിയുടെ
പാലമുള്ളത് അവരറിയാതെ പോവും...
മകനാവുമ്പഴേ അച്ഛനാവാനുള്ള
യാത്ര തുടങ്ങുമെന്ന് അവരോടാര് പറയും..?
കാറ്റിലൂയലാടും
ഇലകളോർപ്പതുണ്ടോ,
ജീവ-നീരു തേടിയുഴറും വേരിൻ,
ദുരിതയാനം..?!’’
കേട്ടതിനൊക്കെയും
ഒറ്റ നെടുവീർപ്പാൽ ഒപ്പ് വെച്ച്, നിറകണ്ണിൽ
ചിരി നിറച്ച്, ‘ആൻഡ്രോയ്ഡ്
ഗ്യാങ് ഗെയിം പൂത’ത്തോട്,
ഇടവേള പറഞ്ഞെത്തുമുണ്ണിക്ക്
ഊണൊരുക്കാൻ പിടഞ്ഞെഴുന്നേൽക്കുന്നൂ,
നങ്ങേലി മാതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.