രണ്ട്​ കവിതകൾ

1. കൊള്ളിമീന്‍

ഇന്നു വറക്കുവാന്‍ മീനില്ല

രാമഴ മേലേ വിരിച്ച കൊള്ളിമീന്‍

പലവട്ടം മറിച്ചിട്ട് വറുത്തെടുക്കുന്നു.

പുകപുരണ്ട കൊള്ളികള്‍ മാഞ്ഞ്

പാചകവാതക നീലിമയില്‍

കണ്ണു തുറിച്ച അയില

നീന്തിത്തുടിക്കുന്നു.

കൊള്ളിമീനെ പിടിക്കുവാന്‍

ഉന്നതങ്ങളില്‍ കാവല്‍കാക്കുന്ന ചാലകം

രാത്രിനീളെയുറക്കൊഴിച്ചിട്ടാവാം

ചാരിനിന്നുറങ്ങുന്നു

മേഘങ്ങളില്‍.

കൊത്തിയില്ല മീന്‍ കുത്തനെ

നാട്ടിനിര്‍ത്തിയ ചൂണ്ടയില്‍

രാവിലെ ചന്തയിലേക്കെടുക്കാനതൊട്ടുമേ

കിട്ടിയില്ല, വഴിയെന്തിനിയെടോ?

ഇല്ല മീനില്ല,

പുകഞ്ഞ, മിന്നാത്ത കൊള്ളികള്‍ മാത്രം.

പുക വാനിലേക്കുയര്‍ന്നു പോവുന്നു,

പുറത്തേക്ക്.

2. മനസ്സിലെ മധുശാല

അകലെ നില്‍ക്കുമ്പൊഴേ

ഗന്ധങ്ങളെയ്തൊരാ അമ്പുകള്‍ വന്നു

മൂക്കില്‍ തറയ്ക്കുന്നു

നിന്‍ വിയര്‍പ്പും ഉടലിന്‍ മണങ്ങളും

വന്നടുത്തരികത്തു നില്‍ക്കുന്നു.

മെല്ലെ നാമാ മേശയ്ക്കിരുപുറം

താണിരിക്കുന്നു, വീഞ്ഞു പകരുവാന്‍

ആളെത്തുവോളം പലപാടു നോക്കിയും

പണ്ടു കണ്ടതും കേട്ടതുമൊന്നൊന്നയവെട്ടി

ചുറ്റുപാടുകള്‍ കണ്ണാല്‍ ഉഴിഞ്ഞുകൊ

ണ്ടേതോ പുതിയ സായന്തനം വന്നു കൂടുമെ-

ന്നുള്‍ക്കുളിരോടെ മനസ്സില്‍ കുറിച്ചും

മുമ്പു പോയോരു പാനോത്സവങ്ങളെ

ഓർമയില്‍നിന്നെടുത്തു നിവര്‍ത്തിയും.

അയഞ്ഞ കായല്‍കാറ്റുകള്‍ ചൂഴുന്ന

തീവ്രസംവാദ വേളകള്‍ പിന്നെയും

നീണ്ടുപോവുന്നതോര്‍ത്തു ചിരിച്ചും

അല്‍പമൊന്നു കഴിക്കുവാനെന്തുള്ളൂ? വെന്നു

സകൗതുകം ചോദ്യം തൊടുത്തും

നമ്മളെയാകെ ബാധിച്ച ഭൂതത്തെ

വര്‍ത്തമാനത്തിലെത്തി തിരുത്തിയും

മാറിമാറിയീ തീരത്തണയുന്ന

ഭിന്ന ലോകങ്ങള്‍ വ്യക്തികള്‍ കാലങ്ങള്‍

ഒക്കെയും പതിര്‍ പോക്കി വേര്‍തിരി

ച്ചെന്‍ കിനാവതല്ലിതല്ലെന്നുറപ്പിച്ചും

നിന്‍റെ സന്ദേഹ സന്ദിഗ്ധതകളെ

ഒന്നിച്ചുമേയാനയച്ചും വഴിവക്കില്‍

വീശുന്നകാറ്റിനൊത്താടിയും

പകല്‍ വന്നു രാവിനെ മുത്തും തുടിപ്പിനെ

മാനത്തടുക്കിപ്പിടിച്ചും

വേര്‍പിരിയുവാനായുമ്പൊഴേക്കതാ

വെണ്‍നിലാവു തെളിയുന്നു

പണിതീര്‍ന്ന നോവുകള്‍

വളവിയന്ന വഴികളിലൂടതാ

നേര്‍വരകള്‍ വരയ്ക്കുന്നു, മായ്ക്കുന്നു

ദൂരെയേതോ ബിന്ദുവില്‍ ചെന്നവ

ഒത്തുചേര്‍ന്നിടാമെങ്കിലും കാത്തുനില്‍ക്കാ-

തകലങ്ങള്‍ തേടുന്ന

രാപ്പക്ഷി ചിറകടിക്കും ഉടലുമായ് നീങ്ങുന്നു.


Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.