സായാഹ്നസദനത്തിലെ തന്റെ മുറിയിൽ
നിലത്തു നിരത്തിവെച്ച പൊതിക്കെട്ടുകൾക്കും
ഡപ്പകൾക്കുമിടയിൽ
കാണാതായ ആധാർ കാർഡ്
രാവിലെ മുതൽ തിരഞ്ഞു തോറ്റ്
ഒടുവിൽ
വൈകുന്നേരത്തോടെ
അതു കിട്ടി
എണീറ്റ്
കയ്യിലെടുത്തുയർത്തിപ്പിടിച്ചു
നിൽക്കുന്നു
*കെ.വി. തമ്പി മാഷ്,
തന്റെ മരണത്തലേന്ന്
മാഷിന്റെ കയ്യിൽ
തിരിച്ചു കിട്ടിയ തിരിച്ചറിയൽ രേഖപോലെ
ഒരു വാക്ക്: യാതന
മാഷിന്റെ കയ്യിൽ
ഉയർത്തിപ്പിടിച്ച മാമലപോലെ
ഒരു വാക്ക്: യാതന
മാഷിന്റെ കയ്യിൽ
കരിപടർന്ന റാന്തൽ വിളക്കുപോലെ: യാതന
മൃതിയുടെ നീലച്ചിറക്: യാതന
എനിക്കെറിഞ്ഞു തരാൻ ഓങ്ങുന്ന
മൂവിതൾപ്പൂവ്: യാതന.
========
*കവിയും പരിഭാഷകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ മുൻ അധ്യാപകനുമായ കെ.വി. തമ്പിമാഷ്. 2013 ജൂൺ 6ന് അന്തരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.