എന്താണമ്മേ നഗ്നത ചോദിക്കയായിരുന്നു കുറുക്കന് കുഞ്ഞ് പൊടുന്നനെ കുറ്റിക്കാട് പറിച്ചെറിഞ്ഞ് ഇരുട്ട് വലിച്ചു കീറി വെളിച്ചം കണ്ണിലേക്ക് കുതിച്ചു ചാടി ഇലമറവില്ലാത്ത അരക്ഷിതമായ തുറസ്സ് വെളിപ്പെട്ടു. ഇതായിരിക്കാം മോളേ എന്നു പറയും മുമ്പ് തള്ളയും മോളും നിശ്ശബ്ദരാക്കപ്പെട്ടു. അങ്ങനെയാണ് നഗ്നതയുടെ ദാര്ശനികവ്യഥകളിലേക്ക് നടക്കാന്‍ നിര്‍ബന്ധിതനായത് നാട്ടുനടപ്പനുസരിച്ച് ഒരു പാശ്ചാത്യനെ കൂട്ടുപിടിക്കാമെന്നു നിനച്ചതാണ് ആരെയും കിട്ടിയില്ല. മാര്‍ക്സ്...
എന്താണമ്മേ നഗ്നത
ചോദിക്കയായിരുന്നു കുറുക്കന് കുഞ്ഞ്
പൊടുന്നനെ കുറ്റിക്കാട് പറിച്ചെറിഞ്ഞ്
ഇരുട്ട് വലിച്ചു കീറി
വെളിച്ചം കണ്ണിലേക്ക് കുതിച്ചു ചാടി
ഇലമറവില്ലാത്ത അരക്ഷിതമായ തുറസ്സ് വെളിപ്പെട്ടു.
ഇതായിരിക്കാം മോളേ എന്നു പറയും മുമ്പ്
തള്ളയും മോളും നിശ്ശബ്ദരാക്കപ്പെട്ടു.
അങ്ങനെയാണ് നഗ്നതയുടെ
ദാര്ശനികവ്യഥകളിലേക്ക്
നടക്കാന്‍ നിര്‍ബന്ധിതനായത്
നാട്ടുനടപ്പനുസരിച്ച് ഒരു പാശ്ചാത്യനെ
കൂട്ടുപിടിക്കാമെന്നു നിനച്ചതാണ്
ആരെയും കിട്ടിയില്ല.
മാര്‍ക്സ് പോലും ഫുള്സൂട്ടിലാണ്.
നിറഞ്ഞ പുഴയോ ജലം മാഞ്ഞ വെണ്മയോ നഗ്നത
നിലാവോ നക്ഷത്രശൂന്യ രാത്രിയോ നഗ്നം
ജനാധിപത്യമോ ഫാഷിസമോ ശരിക്കും നഗ്നത
മതഭ്രാന്തനോ മതേതരവാദിയോ ശരിനഗ്നന്
ഭയത്തെ ലജ്ജയെ പൊങ്ങച്ചത്തെ
മതത്തെ ദേശത്തെ കാലത്തെ
എല്ലാം വെളിപ്പെടുത്തുമ്പോള്‍
വസ്ത്രമില്ലായ്മയെ നഗ്നത എന്നു വിളിക്കാമോ
വസ്ത്രമാണ് നഗ്നത
വസ്ത്രത്തെ ആയുധമാക്കുകയും
വസ്ത്രമില്ലായ്മ സ്വപ്നം കാണുകയും ചെയ്യുന്നു ആണ്മ
വസ്ത്രമാണാത്മാവെന്ന് പെണ്മ
കോമാളിവസ്ത്രത്തില് ദൈവികതയുടെ അലുക്കുകള്‍
അധികാരത്തിന്റെ മൃഗത്തോലില്‍ മനുഷ്യചർമനിറം
പക്ഷേ, വസ്ത്രമില്ലെങ്കില്‍
ഇരുമ്പുപണിക്കാരനും ശാസ്ത്രജ്ഞനും ഒരുപോലെ
എമ്മെല്ലേയും പൗരനും തമ്മില്‍ വ്യത്യാസമുണ്ടാവില്ല
ന്യായാധിപനെയും പ്രതിയെയും തിരിച്ചറിയാനാവില്ല.
ലിസ്റ്റ് വലുതാക്കിയാല്‍
ഇതൊരു പോസ്റ്റ് മോഡേണ്‍ കവിതപോലാവും
അതു വേണ്ട.
ഇതൊരു തള്ളക്കുറുക്കന്റെയും കുഞ്ഞിന്റെയും
വിഷയം മാത്രമാകുന്നു.
നഗ്നത മനുഷ്യന്റെ മാത്രവും
ആദവും ഹവ്വയും മുതല്‍ക്ക് മനുഷ്യര്‍
വസ്ത്രംകൊണ്ട് മൃഗങ്ങളുടെ മുന്നില്‍
നാണം കെട്ടുതുടങ്ങിയതാണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.