മാജിക് റോസ

അമരാന്തയുടെ വീട്ടുമുറ്റം. വേലിക്കൽ മാജിക് റോസ. രാവിലെ പിങ്ക് നിറം വൈകിട്ട് വെള്ളയും പൂക്കൾ. സ്‌കൂളടച്ചവധിയായാൽ അയൽപക്ക വീടുകളിൽ അമ്മച്ചി പണിക്കുപോയാൽ അമരാന്ത തനിച്ചാവും. ഒറ്റയായിരിക്കുമ്പോൾ അമരാന്ത പൂവിറുക്കും, മാലകൾ കെട്ടിനോക്കും അവയെല്ലാം മുടിയിൽ ചൂടും. പക്ഷേ, മാജിക് റോസ മാത്രം അമരാന്ത തൊടാറില്ല, തൊടാനവൾക്കെന്നും പേടിയാണുള്ളിൽ എന്തോ! ചിലതരം മനുഷ്യരെപ്പോൽ നിറം മാറുന്ന ചെടി, അമരാന്തയ്ക്കവളുടെ ടീച്ചറെയാണോർമ വരിക. ഒരു ദിവസം പതിവുപോൽ ആരുമില്ലാത്തുച്ചനേരം തോട്ടിലെ കുളികഴി- ഞ്ഞീറനായ് വരും വഴി വേലിക്കലവൾക്കൊരു ചെറിയ കുസൃതി തോന്നി. മാജിക് റോസയുടെ...

അമരാന്തയുടെ വീട്ടുമുറ്റം.

വേലിക്കൽ മാജിക് റോസ.

രാവിലെ പിങ്ക് നിറം

വൈകിട്ട് വെള്ളയും

പൂക്കൾ.

സ്‌കൂളടച്ചവധിയായാൽ

അയൽപക്ക വീടുകളിൽ

അമ്മച്ചി പണിക്കുപോയാൽ

അമരാന്ത തനിച്ചാവും.

ഒറ്റയായിരിക്കുമ്പോൾ

അമരാന്ത പൂവിറുക്കും,

മാലകൾ കെട്ടിനോക്കും

അവയെല്ലാം മുടിയിൽ ചൂടും.

പക്ഷേ,

മാജിക് റോസ മാത്രം

അമരാന്ത തൊടാറില്ല,

തൊടാനവൾക്കെന്നും

പേടിയാണുള്ളിൽ

എന്തോ!

ചിലതരം മനുഷ്യരെപ്പോൽ

നിറം മാറുന്ന ചെടി,

അമരാന്തയ്ക്കവളുടെ

ടീച്ചറെയാണോർമ

വരിക.

ഒരു ദിവസം

പതിവുപോൽ

ആരുമില്ലാത്തുച്ചനേരം

തോട്ടിലെ കുളികഴി-

ഞ്ഞീറനായ് വരും വഴി

വേലിക്കലവൾക്കൊരു

ചെറിയ

കുസൃതി തോന്നി.

മാജിക് റോസയുടെ

മാജിക് മുഴുവനും

എവിടെയാണൊളിക്കുന്ന-

തെന്നൊന്നു

നോക്കിയാലോ?

മഴയുമമ്മയും വരും

മുന്നേ അമരാന്ത

മാജിക് റോസയുടെ

അടുത്തേയ്ക്കു

ചേർന്നുനിന്നു

ഇലകളിൽ ഇളംകൈകൾ

പതുക്കനെ

തഴുകി നോക്കി.

അമരാന്ത തൊട്ട നേരം

ഇലയുടെ നിറം മാറി,

ചുമന്ന നിറത്തിലതു

തിരിച്ചു ചിരിക്കുന്നു!

അമരാന്ത ഓടിപ്പോയി

വരാന്തയിൽ കേറും നേരം

വീടിന്റെ വരാന്തയും

മൊത്തത്തിൽ

നിറം മാറി!

വാതിലും ജനാലയും

കുപ്പായം കുടുക്കുകൾ

മൺചട്ടി കലങ്ങളും

സഞ്ചിയും ബുക്കുകളും

ഓലമേഞ്ഞൊലിക്കുന്ന

വീട്ടിലെ സകലതും!

അമരാന്ത അപ്പച്ചന്റെ

ഫോട്ടോയിൽ

തൊട്ടു നോക്കി,

അത്ഭുതം, അപ്പച്ചന്റെ

ഫോട്ടോയും നിറം മാറി!

അമ്മച്ചി തനിക്കായി

തയ്‌ക്കാൻ മാറ്റിവെച്ച

ഉടുപ്പുകളോരോന്നിലും

വെറുതെ വിരലോടിച്ചു,

അവയുടെ നിറമെല്ലാം

പലതായി മാറി വന്നു!

നോക്കുന്ന ദൂരത്തെല്ലാം

വഴിയുടെ ഓരത്തെല്ലാം

നിറങ്ങൾ മാറി മാറി,

പുതിയതാം ലോകംപോലെ!

അമരാന്ത ഒടുവിലായി

സ്വന്തമായ്

തൊട്ടുനോക്കി,

പണി കഴിഞ്ഞമ്മച്ചി

വന്നപ്പോളവരെയും!

ആളുകൾ ഓടിക്കൂടി

അവരുടെ വീടുകൾ,

കടകൾ, പാത്രങ്ങളും

കുഞ്ഞുങ്ങൾ, പരാധീനം;

എല്ലാത്തിനും വേണം നിറം!

അമരാന്തയെ

കാണാൻ വന്നു

നേതാക്കൾ, അവരുടെ

കൊടിയുടെ നിറംപോലും

പലതായി മാറിവന്നു!

പൂച്ചകൾ പച്ചനിറം

പശുക്കൾ നീലനിറം

കോഴികൾ വയലറ്റ്

പട്ടികൾ പിങ്ക് നിറം!

അമരാന്ത താമസിക്കും

ഗ്രാമത്തിൽ വീടുവെക്കാൻ

അന്യനാട്ടിൽ നിന്നും

ആളുകൾ വന്നുചേർന്നു!

ആഴ്ചയുടെ നിറംപോലും

അമരാന്ത മാറ്റിത്തീർത്തു.

മഞ്ഞയാം ഞായർ,

തിങ്കൾ വെള്ളയിൽ,

ചൊവ്വ കടും മജന്ത,

പവിഴനിറം ബുധൻ.

വ്യാഴമോ രക്തവർണം,

വെള്ളിക്ക് സ്വർണനിറം,

തവിട്ടു നിറത്തിൽ മുക്കി

ശനിയെ അമരാന്ത!

അങ്ങനെ ഇരിക്കവേ

അമരാന്ത

പള്ളിയിൽ പോയി.

അവിടെ വെച്ചവൾക്കൊരു

കുസൃതി വേറെ തോന്നി.

അമരാന്ത

അൾത്താരയിൽ

ക്രൂശിതന്റെ വിലാപ്പുറം

ചെറുതായി തൊട്ടുനോക്കി,

ഉടനെ ക്രിസ്തുവൊരു

കറുത്ത തൊഴിലാളിയായി!

കുർബാനപ്പാട്ടുകളാകെ

കറുപ്പ് നിറഞ്ഞു തൂവി,

കാംപസീന* താളത്തിൽ

ആളുകൾ നൃത്തംചെയ്തു.

‘‘കർത്തനെ, ചേരുന്നെങ്കിൽ

ഞങ്ങളോട് ചേർന്നുകൊൾക,’’

കറുത്ത തൊഴിലാളിയോടവർ

ഉറക്കെ വിളിച്ചുകൂവി.

ജീൻസും ടി ഷർട്ടുമിട്ട

കന്യാസ്ത്രീ അമ്മമാർ

വട്ടത്തിൽ തുള്ളിച്ചാടി,

പാതിരി അവരുടെ

കൈകോർത്തു

കൂടെയാടി!

ആളുകൾ മുഴുവനും

ഗിറ്റാറിന്റെ ഈണത്തിൽ

പുണ്യവതിയെയെന്നപോലെ

അമരാന്തയെ തോളിലേറ്റി

ചക്രവാളത്തിലേക്കൊന്നായ്

നടന്നു നടന്നു പോകെ

ഗ്രാമവീഥികളിലൂടെയാ

തൊഴിലാളിയും കൂടെക്കൂടി!

‘‘വിശുദ്ധ അമരാന്തേ

ഞങ്ങളെ കാത്തോളണേ!’’

‘‘പുണ്യവതി അമരാന്ത

ഈ നാടിന്റെ ഐശ്വര്യം!’’

‘‘പാവങ്ങളുടെ ആശ്രയമേ,

വിശുദ്ധ അമരാന്തേ,

ഞങ്ങൾക്കുവേണ്ടി നീ

പ്രാർഥിച്ചുകൊള്ളേണമേ!’’

‘‘നിറമില്ലാത്തവരുടെ മധ്യസ്ഥേ,

അമലോത്ഭവയല്ലാത്തോളെ,

ഞങ്ങളുടെ പ്രാർഥന നീ

കേൾക്കുമാറാകേണമേ!’’

ആളുകൾ അമരാന്തയെ

കടൽത്തീരത്തെ കപ്പേളയിൽ

കൂട്ടമായെത്തിച്ചതും

ജലത്തിനുമേൽ കാറ്റുവീശി

ജലം ജലമായിത്തന്നെ

മുകളിലേക്കുയർന്നു പൊങ്ങി

ആകാശവിതാനത്തെയത്

മുഴുവനായി മൂടിവെച്ചു

മുക്കുവരുടെ കട്ടമരങ്ങൾ

കടൽപ്പക്ഷികളെപ്പോലെ

വായുവിലൂളിയിട്ടു

ചിറകടിച്ചാർത്തു പാഞ്ഞു

യോനയെ വിഴുങ്ങിയ

തിമിംഗലം വെള്ളത്തിന്റെ

കൂറ്റനാം കർട്ടനു പിന്നിൽ

വന്നൊന്നൊളിഞ്ഞു നോക്കി

പഴയതും പുതിയതുമായ

നിയമങ്ങൾ മീനുകൾപോലെ

തലങ്ങും വിലങ്ങുമായി

നീന്തിയാർത്തുല്ലസിച്ചു

പൊടുന്നനെ കടൽ രണ്ടായ്

പിളർന്നു, പകൽ മങ്ങി

വെൺകൊറ്റക്കുടയുടെ

മേലാപ്പിന്നടിയിലായ്

റാന്തലും തിരികളും

തീർക്കുന്ന മിന്നായത്തിൽ

അമരാന്തയുടെ കാമുകൻ

ഏഴാം ക്ലാസിലെ അലെഹാന്ദ്രോ

നടന്നുവരുന്നത്

ദൂരെനിന്നവർ കണ്ടു!

അലകൾപോലവനു പിന്നിൽ

അമരാന്ത നിറം മാറ്റിയ

ഇളംനീല സൂര്യൻ കാറ്റിൽ

ചെറുതായി വീശിനിന്നു!

l

(*മിസ കാംപസീന. നികരാഗ്വയിലെ പ്രശസ്ത സംഗീതജ്ഞൻ കാർലോസ് മെഹിയ ഗോഡോയി വിമോചന ദൈവശാസ്ത്രവും നികരാഗ്വൻ നാടോടി സംഗീതവും കൂട്ടിയിണക്കി 1975ൽ സ്പാനിഷ് ഭാഷയിൽ എഴുതി ചിട്ടപ്പെടുത്തിയ ‘തൊഴിലാളി കുർബാന.’)

Tags:    
News Summary - weekly literature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.