വൈകുന്നേര വെയിലിനെ മുടിയിൽ ചൂടി പാർക്കിലിരുന്നു. ആളുകൾ ഒച്ചകളിലേക്ക് കുട്ടികളെ ഉന്തിയിട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പൂക്കളുടെ നിറങ്ങൾക്കുള്ളിൽ കമിതാക്കൾ ഉമ്മകൾ കൈമാറി. പന്ത്രണ്ടാമത്തെ കാമുകനെ കാത്ത് ഞാൻ പുൽച്ചാടികൾ മേയുന്ന പാർക്കിെന്റ പുൽത്തകിടിയിൽ കാലുകൾ നീട്ടിയിരിക്കുന്നു. കൈമാറിയിട്ടുള്ള അടയാള വാക്യങ്ങൾ ഒന്നുമില്ലാത്തതിനാൽ പന്ത്രണ്ടാമത്തെ കാമുകനെപ്പറ്റിയുള്ള എന്റെ അറിവ് ശുഷ്കിച്ചതാണ്. അയാൾ പക്ഷികളുടെ തൂവലുകൾകൊണ്ട് തൊപ്പികളുണ്ടാക്കുമെന്നും തളിരിലകൾകൊണ്ട് പറവകളെ വരയ്ക്കുമെന്നും ഞാൻ സ്വപ്നം കണ്ടിരുന്നു. കുട്ടികൾ കളികൾ നിർത്തി ദാഹം...
വൈകുന്നേര വെയിലിനെ
മുടിയിൽ ചൂടി
പാർക്കിലിരുന്നു.
ആളുകൾ
ഒച്ചകളിലേക്ക്
കുട്ടികളെ
ഉന്തിയിട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
പൂക്കളുടെ
നിറങ്ങൾക്കുള്ളിൽ
കമിതാക്കൾ
ഉമ്മകൾ കൈമാറി.
പന്ത്രണ്ടാമത്തെ
കാമുകനെ കാത്ത്
ഞാൻ
പുൽച്ചാടികൾ
മേയുന്ന
പാർക്കിെന്റ പുൽത്തകിടിയിൽ
കാലുകൾ നീട്ടിയിരിക്കുന്നു.
കൈമാറിയിട്ടുള്ള
അടയാള വാക്യങ്ങൾ
ഒന്നുമില്ലാത്തതിനാൽ
പന്ത്രണ്ടാമത്തെ
കാമുകനെപ്പറ്റിയുള്ള
എന്റെ അറിവ്
ശുഷ്കിച്ചതാണ്.
അയാൾ പക്ഷികളുടെ
തൂവലുകൾകൊണ്ട്
തൊപ്പികളുണ്ടാക്കുമെന്നും
തളിരിലകൾകൊണ്ട്
പറവകളെ വരയ്ക്കുമെന്നും
ഞാൻ സ്വപ്നം
കണ്ടിരുന്നു.
കുട്ടികൾ
കളികൾ നിർത്തി
ദാഹം മാറ്റാൻ
തൊട്ടടുത്ത കടയിൽനിന്ന്
സർബത്തോ
നാരങ്ങാവെള്ളമോ
കുടിക്കുന്നു.
അവരുടെ തൊണ്ടക്കുഴിയിലെ
വിയർപ്പിൽ
ഇരുട്ട് അതിന്റെ
ആദ്യത്തെ നക്ഷത്രത്തെ
കോർത്തിടുന്നു.
രാത്രിയാവുമ്പോൾ
എന്റെ കാത്തിരിപ്പിന്റെ
വേരുകൾ
ആകാശത്ത് പരക്കുന്നു.
ഞാൻ
പുൽത്തകിടിയിൽ
മലർന്ന് കിടന്ന്
പന്ത്രണ്ടാമത്തെ
കാമുകനെ ഓർത്ത്
പഴയ ഒരു റാഫിഗാനം മൂളുന്നു.
ഗേറ്റ് പൂട്ടാൻ തുടങ്ങുന്ന
സെക്യൂരിറ്റിയോട് വഴക്കിട്ട്
അയാൾ വരുന്നു.
പാർക്കിെന്റ അറ്റത്ത്
പൂമരങ്ങൾക്കിടയിൽ
കുനിഞ്ഞിരുന്ന്
പിറന്നു വീണ
നാളിലെന്നപോലെ
ഉച്ചത്തിൽ കരയുന്നു
പക്ഷികളുടെ
തൂവലുകൾ പോലെന്തോ
എന്റെ പ്രേതശരീരത്തെ
കൂടുതൽ തണുപ്പിച്ചു.
ഞാൻ
കാത്തിരിപ്പിന്റെ
മറ്റൊരു നാൾകൂടി
മരിച്ചുതീർത്തിരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.