1. ഇലകൾ കാലത്തിൽ മത്തുപിടിച്ച് മഞ്ഞയായി മരച്ചില്ലകളിൽനിന്ന് നോട്ടങ്ങളിലേയ്ക്ക് പറന്നു പറന്നു കൊഴിയുമ്പോൾ നോട്ടങ്ങൾ കാലത്തെ മായ്ച്ചു മായ്ച്ചു പ്രപഞ്ചം വസിക്കും ആകാരങ്ങളിൽ മൃഗവടിവുകൾ ക്രുദ്ധമായി ആർത്തമായി തൃഷ്ണാബദ്ധമായി മായാഗാത്രം നോന്ത് നോന്ത് കാലത്തെ മായ്ച്ചു മായ്ച്ചു എവിടെ തിരിഞ്ഞാലും ഒഴുകുന്ന രക്തം കാണുന്നു കാലത്തിലെ ഈ വിള്ളലുകൾ… 2 ഒരു തിരയ്ക്കും മറുതിരയ്ക്കും ഇടയിൽ...
1.
ഇലകൾ
കാലത്തിൽ
മത്തുപിടിച്ച്
മഞ്ഞയായി
മരച്ചില്ലകളിൽനിന്ന്
നോട്ടങ്ങളിലേയ്ക്ക്
പറന്നു പറന്നു
കൊഴിയുമ്പോൾ
നോട്ടങ്ങൾ
കാലത്തെ
മായ്ച്ചു മായ്ച്ചു
പ്രപഞ്ചം വസിക്കും
ആകാരങ്ങളിൽ
മൃഗവടിവുകൾ
ക്രുദ്ധമായി
ആർത്തമായി
തൃഷ്ണാബദ്ധമായി
മായാഗാത്രം
നോന്ത് നോന്ത്
കാലത്തെ
മായ്ച്ചു മായ്ച്ചു
എവിടെ തിരിഞ്ഞാലും
ഒഴുകുന്ന രക്തം
കാണുന്നു
കാലത്തിലെ
ഈ വിള്ളലുകൾ…
2
ഒരു തിരയ്ക്കും
മറുതിരയ്ക്കും
ഇടയിൽ പതിയിരിക്കും
രാത്രി
കാണുന്നു
നടക്കാനിറങ്ങിയ ആകാശം
കാറ്റിൽ
പലതായ്
പിളർന്നതും
ഒാരോ പാളിയിലും
ഒാരോ ഭാഷ തെളിഞ്ഞതും
വിള്ളലുകളിൽ
പ്രാണൻ മറയുന്നതും
കാറ്റുകൾ
പൊടിഞ്ഞു വീഴുന്നതും
ഭാഷകൾ
വെടിയൊച്ചകൾ അണിയുന്നതും
ഇരുളിന്
ഇരുളേറിയേറി വരുന്നതും
കാലത്തെ
പിഞ്ഞി
വീശിയെറിയുന്ന
എന്തോ ഉണ്ടിവിടെ...
പ്രാണൻ
വീണു അണയുന്ന എന്തോ…
3
ഇരുൾമിടിപ്പുകൾ മിന്നുന്നു
മേഘസന്ദേശങ്ങളിൽ
കൈവിരൽ തുമ്പുകളിൽ
വിയർപ്പുകളുടെ
രതിനീരുകളുടെ
മണങ്ങളിൽ
മുഴുകിയ കാറ്റ്
വിള്ളലുകളിൽ
തങ്ങിനിൽക്കെ
നിശ്ശബ്ദം ഉടൽ
എന്താവാം മായുന്നത്
അതോ തെളിയുന്നതോ
ആരാണ് ഇവിടെ ഉള്ളത്
പതിയെ തേങ്ങുന്നത്
വിള്ളലുകൾക്ക്
വേർപിരിക്കാനാവാത്ത
എന്തെങ്കിലും…
പാദങ്ങളിൽ
എരിയാത്ത എന്തെങ്കിലും…
4
നട്ടുച്ചയ്ക്ക് പടിഞ്ഞാറുനിന്നു
പറന്നെത്തിയ രാത്രി
മഹാനഗരത്തിനു മേൽ
താഴ്ന്നിറങ്ങി
പെട്ടെന്ന് എല്ലാം
ഇരുളിലായി.
കൃത്രിമവെളിച്ചങ്ങളൊന്നും
എഴുന്നേറ്റില്ല.
നിഴലുകൾ വീശിയില്ല.
ഉടലുകൾ വരയ്ക്കപ്പെട്ടില്ല
പക്ഷേ ശബ്ദങ്ങൾ
എല്ലാ കാഴ്ചകളിലും കയറി
ഉച്ചത്തിൽ ഉച്ചത്തിൽ
മുഴങ്ങിയിറങ്ങി...
നിശ്ശബ്ദതകളെ
അവ വളഞ്ഞു
പിടിച്ചു കൊണ്ടുപോയി...
വെടിയൊച്ചകളുടെ
ധാരാളിത്തത്തിൽ
പുതുവസ്ത്രങ്ങളുടെ
മണം തങ്ങിനിന്നു
ശ്വാസം അതിന്റെ വിധ്വംസകമായ
നിശ്ശബ്ദത മറച്ചുകൊണ്ട്
വിലാപത്തിന്റെ നിറങ്ങൾ
കോരി ഒഴിച്ചു…
ഇതാ മറഞ്ഞുപോയ
ഒരു മഹാനഗരം
തൊടാനാവാത്തവയാൽ
അടയാളപ്പെടുത്തുന്നു...
മറവിയ്ക്ക് നിറങ്ങളില്ല,
വേദനയുടെ
അതിസൂക്ഷ്മ ബിന്ദു
മാത്രമാണത്
മഴയുടെ
രീതിശാസ്ത്രത്തെ
ഓർക്കുവാനാവാതെ
പിടയുന്ന ഒരു വിള്ളൽ…
നട്ടുച്ചയ്ക്ക്
ഇനി ശ്വസിക്കുവാനാവില്ല
രാത്രിയ്ക്ക്
പറന്നുയരാനും
5
നോട്ടങ്ങൾ
കൂടുകൂട്ടും അദൃശ്യതകളെ
കൂട്ടിവയ്ക്കും ചില നേരങ്ങൾ
നെയ്യുന്നു ഉടലുകളെ...
മലങ്കാറ്റിലും
മണ്ണിലും
മൗനത്തിലും
മറന്നു പോകും കിനാവുകളിലും
മരണം വരയ്ക്കും വാനത്തിലും…
പറന്നുയരുമീ
ശ്വാസത്തിന്റെ ചിറകുകൾ
അന്തിവെയിൽ തന്ത്രികളിൽ
തട്ടി
ഉതിരുമീരാഗം തൊടുമ്പോൾ
ഉടൽ
സായന്തനശരങ്ങളായ്
മടങ്ങുന്നു നോട്ടങ്ങളിൽ...
നോട്ടങ്ങളോ
പിളർന്നു പിളർന്നു
വേലിയേറ്റത്തിരകളിൽ
ഇരുൾ മെനയുന്നു...
ഭൂമിയുടെ വളവുകളിൽ
വഴുതി വഴുതി
ആ ഇരുൾ
ഉടൽസ്പർശങ്ങളെ
തണുപ്പിക്കുന്നു...
പിളർന്ന നോട്ടങ്ങളുടെ
മൂർച്ചയേറിയ ചീളുകൾ
മറവികളിൽ തറഞ്ഞിരിക്കേ
അഭയമല്ല ആലിംഗനങ്ങളൊന്നും.
6
ശബ്ദങ്ങളുടെ ഒരു വര
ഉടലിലൂടെ കടന്നുപോയി
വടിവുകളെ
ഒരു മാത്ര
പ്രകാശിപ്പിച്ചുകൊണ്ട്...
വീഴുകയാണ്
ഇതാ ആ മാത്ര
കിനാവിലേയ്ക്ക്,
കിനാവോ കാണുന്നു
മനോമയനേരങ്ങളിൽ
അലസമായ് ചിമ്മി പിളരും
ഉടലിനെ
തിളങ്ങും വിള്ളലുകളിൽ
മിടിയ്ക്കും ഇന്ദ്രിയങ്ങളിലൂടെ
ഒഴുകുന്നു ആ വര
പൊള്ളും സുഗന്ധവാഹിയായ്
വിങ്ങുന്നു ശബ്ദങ്ങൾ
ആകാരങ്ങളുടെ മറുപുറത്ത്.
ആകാരങ്ങൾ ആഴിയുന്നു
ശ്വാസഭാഷാ ഋതുക്കളിലേയ്ക്ക്
മറവി ശേഖരിയ്ക്കുന്നു വരകളെ…
7
അതിവിദൂരഗ്രഹത്തിൽനിന്നെത്തും
സന്ദേശമായ്
മാംസം
കിനാവുകളെ
വായിക്കുമ്പോൾ
മിന്നൽപിണരുകൾ
നൃത്തമാടുന്നു
ആ ക്ഷണികതയുടെ ഭാഷയിൽ
രക്തരേഖകളിൽ
ഉണരും ലിപികൾ
ഇരുൾ വകഞ്ഞു വകഞ്ഞു
ഒരു പിടയും താര
തെളിയിക്കെ
കാണുന്നുവോ
സിരകളിലൊഴുകും
ഇന്ദ്രിയവിനിമയ ഉന്മാദം...
നിശ്ശബ്ദരതിനീരുകളുടെ
കത്തും വിഹാരം…
മഞ്ഞുപാളികൾക്ക്
അടിയിൽ
ഉടൽ ഉറങ്ങുന്നേയില്ല...
വെളിച്ചങ്ങൾ നീന്തുകയാണ്
പ്രാണന്റെ വിള്ളലുകളിൽ...
(മടങ്ങിയ വെളിച്ചങ്ങൾ
വിള്ളലുകളിൽ
അവശേഷിപ്പിച്ച അടയാളങ്ങൾ
ഒരു മറുസന്ദേശമാകുന്നേയില്ല...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.