ആണ്ടറ

എല്ലാ കന്നിമാസത്തീലും

ആദ്യത്തിൽ,

അരി വറുത്ത്

തേങ്ങയുടച്ച്

പടിഞ്ഞാറ്റു തീരത്തില്

പണി കഴിഞ്ഞ

കോലോടങ്ങളോരോന്നും

‘‘ഏലസാ ഏലസാ’’ന്ന്

ആമ്പാകൾ ചൊല്ലി

കടലിലിറക്കും മാൽമിക്കൂട്ടങ്ങൾ*.

കെടുതി കാലത്ത്

കൂരയിലിരുന്ന്

മാറി മാറി

കടല് നോക്കി

മാനം നോക്കി,

കെടുതി പോയ്

കാലവർഷമവസാനിച്ചപ്പോൾ

ആണ്ടറയെ

ഒരാഘോഷമാക്കി.

* * *

തണ്ടുകൾ കെട്ടിയ

ചെറുതോണികൾ,

പാട്ടും കുരവയും

കുട്ട്യോളുമായ്

വരിവരിയായ് പോകുന്നൊരു

ജലഘോഷയാത്ര!

അഴിമുഖം കടന്നാൽ

പുറംകടലിലേക്കായ്

കുതിച്ചു ചാട്ടം.

വലയെറിഞ്ഞും

ചൂണ്ടയെറിഞ്ഞും

ചാട്ടുളി വീശിയും

പിടിക്കുമങ്ങനെ

ചെറുതും വലുതും

മീനുകൾ പലതരം.

പൊങ്ങിയും താഴ്ന്നും

ആഴക്കടലിൽ

മണിക്കൂറുകൾ തീർത്ത്

തിരിച്ച് വരുമവർ

ഒരുമിച്ചങ്ങനെ…

ആദ്യം,

ബേട്ടു ഫെട്ട* മീനുകൾ

നേർച്ചയ്ക്കായ്

കൊടുത്തയക്കും.

ബാക്കിവന്നവ

കൂട്ടം ചേർന്ന്

ഓതിവെച്ച്

പകുത്തെടുക്കും.

ആണ്ടറയ്ക്കു ശേഷം,

ആരുമില്ലാത്ത

ആളനക്കമില്ലാത്ത,

ദ്വീപ് കണ്ട്

വിറകുകെട്ടുമായ്

കവിടി തേടി പോകുമങ്ങനെ

ഒരു സംഘമാളുകൾ.

പകലിൽ,

പാമരമുയർത്തി

അതിൽ പായയും കെട്ടി

ചക്രവാളസീമയോളവും.

രാത്രിയിൽ,

ഇരുട്ടു പതത്തിൽ

ചൂട്ടെരിച്ചുമങ്ങനെയങ്ങനെ…

ഒടുക്കമങ്ങനെ,

തേങ്ങ പൊളിച്ച്

കൊപ്രയെ എടുത്ത്,

വൻകരയിൽ ചെന്നു

വിറ്റ് കിട്ടും

കവിടിക്കും കൊപ്രക്കും

മേടിച്ച് സകലതും

തിരിച്ചെത്തുമാ

ആണ്ടറയോടക്കാർ.

===========

* ആണ്ടറ –മേയ് 15 (ഇടവം തുടക്കം) മുതൽ സെപ്റ്റംബർ 15 (ചിങ്ങം അവസാനം) വരെ ലക്ഷദ്വീപുകാർക്ക് വർഷകാലമായിരുന്നു. മഴകൊണ്ട് സമ്പന്നമായ ഈ നാലുമാസം ദ്വീപുകാർ അവരുടെ ചെറുകൂരകളിൽ ഒതുങ്ങി കഴിയും. ഇതര ദ്വീപുകളിലും വൻകരയിലും നടക്കുന്ന സംഭവങ്ങളൊന്നും അവർ അറിഞ്ഞിരുന്നില്ല. ഇങ്ങനെ പശിയടി കഴിഞ്ഞ നാലുമാസ കാലയളവിലെ അവസാന മാസം (ചിങ്ങം) കഴിഞ്ഞ്, കന്നിമാസത്തെ ആദ്യത്തെ ദിവസം സമാഗതമാവുമ്പോൾ അവിടത്തെ ജനങ്ങളെല്ലാം ഒരുമിച്ചുകൂടി ‘ഏലസാ എലസാ’ എന്ന് തുടങ്ങുന്ന ആമ്പാകൾ ചൊല്ലി ഓരോ കോലോടങ്ങളും കടലിലിറക്കി ആഘോഷിക്കുന്നതാണ്​ ആണ്ടറ.

* മാൽമികൾ –ഓടങ്ങളിൽ നാവികശാസ്ത്ര വിദഗ്ധരായി പ്രവർത്തിക്കുന്നവർ

* ബേട്ടു ഫെട്ട –ആദ്യം പിടിച്ച


Tags:    
News Summary - weekly litrature poem

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.