ബുധനാഴ്ച, അരവാതിലിന്റെ നെറുകയിൽ തപ്പി ഒരിരുപത് രൂപയെടുത്ത് ചുരുട്ടിപ്പിടിക്കും ഉമ്മ. വെയിലിന്റെ ചൂടുപൊള്ളി പപ്പടത്താത്ത സഞ്ചി തൂക്കി കിതച്ചു കയറി ഉമ്മായ്ക്കരികിൽ വന്നിരിക്കും. ‘‘അന്റെ പപ്പടത്തിന് പൊള്ളല്‍ പോരാ’’യെന്ന് ഉമ്മയെന്നും പരാതിച്ചീട്ടിറക്കും. ‘‘നിങ്ങളെന്ത് ഓയിലിലാണ് പപ്പടം കാച്ചലുമ്മൂ?’’ ‘‘പാമോയിലിൽ’’ ‘‘ആ... അതാണ്... ആട്ടിയ വെളിച്ചെണ്ണ തിളപ്പിച്ചെന്റെ പപ്പടമൊന്ന് കാച്ചി നോക്കിങ്ങള്. നല്ല കറുമുറാന്നിരിക്കും.’’ വെളിച്ചെണ്ണയിൽ കാച്ചാൻ...
ബുധനാഴ്ച,
അരവാതിലിന്റെ നെറുകയിൽ തപ്പി
ഒരിരുപത് രൂപയെടുത്ത്
ചുരുട്ടിപ്പിടിക്കും ഉമ്മ.
വെയിലിന്റെ ചൂടുപൊള്ളി
പപ്പടത്താത്ത
സഞ്ചി തൂക്കി കിതച്ചു കയറി
ഉമ്മായ്ക്കരികിൽ വന്നിരിക്കും.
‘‘അന്റെ പപ്പടത്തിന്
പൊള്ളല്‍ പോരാ’’യെന്ന്
ഉമ്മയെന്നും പരാതിച്ചീട്ടിറക്കും.
‘‘നിങ്ങളെന്ത് ഓയിലിലാണ്
പപ്പടം കാച്ചലുമ്മൂ?’’
‘‘പാമോയിലിൽ’’
‘‘ആ... അതാണ്...
ആട്ടിയ വെളിച്ചെണ്ണ തിളപ്പിച്ചെന്റെ
പപ്പടമൊന്ന് കാച്ചി നോക്കിങ്ങള്.
നല്ല കറുമുറാന്നിരിക്കും.’’
വെളിച്ചെണ്ണയിൽ കാച്ചാൻ വേണ്ടി
ഉമ്മയന്ന് ഒരു പപ്പടക്കൂടുകൂടി
അധികം വാങ്ങി വെക്കും.
അയിമ്പൊറപ്യന്റെ ഗാന്ധിച്ചിരി കിട്ടുമ്പോൾ
പത്തുറുപ്യന്റെ ചിരി
പപ്പടത്താത്ത മടക്കിക്കൊടുക്കും.
ഉമ്മയത്
അടുത്താഴ്ചയിലെ പപ്പടമാവിന്റെ
ബറക്കത്തിനുവേണ്ടി ഓരുടെ
പേഴ്സിലേക്കു തന്നെ പൂഴ്ത്തും.
താത്ത ഉമ്മാനെ കെട്ടിപ്പിടിച്ചു നാറ്റും.
‘‘ന്റെ കുട്ടിനെ പടച്ചോൻ കാക്കും.
ഇതിന്റെ ഇന്നത്തെ കജ്ജീട്ടമാണ്.’’
താത്ത വീണ്ടും പപ്പടസ്സഞ്ചിയേന്തി
അപ്പുറത്തെ പൊരയിലേക്ക്
ആഞ്ഞു നടക്കുമ്പോൾ
ഉമ്മയും ആഞ്ഞൊന്ന് ശ്വാസം വിടും.
‘‘പാവം... അയിനെത്ര വെയില് കൊള്ളണം...
ഇമ്മിണി പൈച്ചണ്ടാക്കാൻ.’’
വ്യാഴാഴ്ച,
ചായ്പ്പില്
രാജണ്ണൻ തൂക്കിയിട്ട തമിഴ്
കോടാലിക്കരികിലെ
മുളക്കുട്ട ഉമ്മയൊന്ന്
ഇളക്കി നോക്കും.
മാറാല തട്ടും.
ചട്ടിച്ചേച്ചി വരുമ്പോൾ
പുതുപുത്തനായിട്ട്
തലയിൽ കേറാൻ പാകത്തിൽ
അതിന്റെ മുളയിഴകൾ ബലം വെയ്ക്കും.
ചൂളയിലിട്ട് വെന്ത
മൺകലങ്ങൾ തട്ടിയും മുട്ടിയും കലഹിക്കാതെ
കൊട്ടയിൽ ഒതുങ്ങിയിരിക്കും.
‘‘നൂറുപ്യെന്റെ അപ്പച്ചട്ടി ഇക്കുറി...
അയിനുള്ള മൂടി അടുത്തുറി.’’
ഉമ്മാന്റെ കജ്ജീട്ടം
കുംഭാരച്ചക്രത്തിലെ ഓട്ടകളടക്കുമെന്ന് ചേച്ചിയും
അയിന്റെ കൊട്ടയിലെ തൃക്കാക്കരപ്പനും
പതുക്കെപ്പറഞ്ഞു.
ഇന്നിത് മുഴുവൻ വിറ്റുപോയാലിനി
ഓണം കഴിഞ്ഞു വന്നാമതിയായിരുന്നു
എന്ന് ചട്ടിച്ചേച്ചി
ഉമ്മാന്റെ കണ്ണില്‍ നോക്കും.
വൈക്കോൽ ചൂളയിലിരുന്ന് വെന്ത
തൃക്കാക്കരയപ്പനും
അപ്പോഴുമ്മാന്റെ കണ്ണിലേക്ക് നോക്കും.
‘‘മണ്ണ് ചതിക്കൂല ബ്ലെ...
ജ്ജ് ധൈര്യായിട്ട് ഏറ്റിക്കോ.’’
കളിമണ്ണ് കറക്കിക്കറക്കി
വിയർപ്പിന്റെ തഴമ്പൊലിക്കുന്ന
തോർത്ത് തെരികയുടെ മോളിലേക്ക്
ഇരുകൈകൾകൊണ്ടും ഒരു കൊട്ടഭാരം
താങ്ങിക്കൊടുക്കുമ്പോൾ
ഉമ്മ വീണ്ടുമൊന്നാഞ്ഞ് ശ്വാസം വിടും...
‘‘ഈനു ബറക്കത്ത് കൊടുക്ക് റബ്ബേ.’’
വെയിലിലും അടുപ്പിലും ചൂളയിലുമൊണങ്ങിയ
നടത്തങ്ങളെല്ലാം
എളുപ്പത്തിൽ പൊട്ടിപ്പോകാത്തത്
ഈ വിധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.