എന്‍റെ കവിതയിലെ കരടിയെ എനിക്കിഷ്ടമല്ല.രോമം, രോമം, രോമം... എത്രയധികം തൊലിപ്പുറവെച്ചുകെട്ടുകൾ? തൃപ്തി, തികവ്, തേനട... മടുക്കുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക് എല്ലാമഴിച്ചെറിഞ്ഞ് പുറത്തിറങ്ങുന്ന ശരിക്കരടി. ആനജിറാഫുറുമ്പുകൾ പോലെയല്ല, കരടിയാർക്കുമാകാം. മൃഗമാണ്, മനുഷ്യനുമാണ് രണ്ടും ഒന്നല്ലെന്ന് അത് കരുതുന്നില്ലെന്നു മാത്രം. നാലുകാൽ വിട്ട് മുന്നറിയിപ്പില്ലാതെ രണ്ടിൽ എണീറ്റ് നിൽക്കുമ്പോൾ ഒന്നു ഞെട്ടും. അതിലാണ് എല്ലാ ഭംഗിയും ഭയവും. വെറും നാൽക്കാലി അതല്ലെന്ന് മുരളുന്ന നിമിഷം. മാംസഭുക്കല്ല, അങ്ങനെ തോന്നിപ്പിക്കാനറിയാമെങ്കിലും. സസ്യഭുക്കായി ആരും കരുതുന്നുമില്ല. മനുഷ്യനെപ്പോലെ അതിനും ഇല്ലാതാകുന്നില്ല...
എന്റെ കവിതയിലെ കരടിയെ എനിക്കിഷ്ടമല്ല.
രോമം, രോമം, രോമം...
എത്രയധികം തൊലിപ്പുറവെച്ചുകെട്ടുകൾ?
തൃപ്തി, തികവ്, തേനട...
മടുക്കുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക്
എല്ലാമഴിച്ചെറിഞ്ഞ് പുറത്തിറങ്ങുന്ന ശരിക്കരടി.
ആനജിറാഫുറുമ്പുകൾ പോലെയല്ല,
കരടിയാർക്കുമാകാം.
മൃഗമാണ്, മനുഷ്യനുമാണ്
രണ്ടും ഒന്നല്ലെന്ന് അത് കരുതുന്നില്ലെന്നു മാത്രം.
നാലുകാൽ വിട്ട്
മുന്നറിയിപ്പില്ലാതെ രണ്ടിൽ എണീറ്റ് നിൽക്കുമ്പോൾ
ഒന്നു ഞെട്ടും.
അതിലാണ് എല്ലാ ഭംഗിയും ഭയവും.
വെറും നാൽക്കാലി അതല്ലെന്ന് മുരളുന്ന നിമിഷം.
മാംസഭുക്കല്ല, അങ്ങനെ തോന്നിപ്പിക്കാനറിയാമെങ്കിലും.
സസ്യഭുക്കായി ആരും കരുതുന്നുമില്ല.
മനുഷ്യനെപ്പോലെ അതിനും ഇല്ലാതാകുന്നില്ല സംശയം.
തേനോ മീനോ എന്ന്.
മാംസമോ സസ്യമോ
ഗദ്യം പദ്യം
സ്നേഹം യുദ്ധം.
കവിതയിലെ കരടിയ്ക്കും ഓർക്കാപ്പുറത്ത്
വെളിപ്പെടുന്നതിഷ്ടം.
കാണാനാളുള്ളപ്പോഴാണത് കരടി.
മറ്റെല്ലായ്പോഴും മറ്റൊരു പൊ(ചി)ന്തക്കാട്.
കുതിരയുടെ, കാട്ടിയുടെ പേശി മിനുപ്പില്ല.
ഒരു കരടി എന്നാൽ രണ്ടിനുള്ളതെന്നാർക്കും തോന്നും.
അലസതയുടെ ഭാഷയാണ് അദ്ദേഹം.
പാറമുഴുപ്പുള്ള റമ്പൂട്ടാൻ.
ഋതുഭേദങ്ങളുടെ വിത്ത്.
മാസങ്ങൾ ഉറങ്ങി വസന്തത്തിലതു മുളയ്ക്കും.
അപ്പോൾ കരടിയൊരു ചെടിയല്ലെന്നുമെങ്ങനെ പറയും?
കരടി ഒരു സന്ദർഭവുമാണ്.
മഞ്ഞുനാടിന്റെ മനസ്സോ
കളിപ്പാട്ടക്കടയുടെ കൊഴുപ്പോ
രോമപ്പുതപ്പിന്റെ പുണർച്ചയോ
സന്ദർഭം പോലെ.
മരണം നടിച്ചു കിടക്കുന്ന കവിയോട്
ഓരോ തവണയും അതിന് പറയാനുണ്ട്
മനുഷ്യരുടെ രഹസ്യങ്ങൾ.
കവിത നിഷ്ഠുരമാണ്.
ശാന്തമായി നിലത്ത് കാൽ നീട്ടിയിരിക്കുന്നു.
കരടിക്കും മനുഷ്യനും മാത്രം കഴിയും വിധം.
മടിയിൽ കിടത്തിയിരിക്കുന്ന ഇരയോട്
ദാ ആ ദയയറ്റു.
എങ്കിലും ഒരാശ്വാസം,
ഒരു പിടപ്പൊടുങ്ങുന്നിടത്ത്
മറു തുടിപ്പ് തുടങ്ങുന്നല്ലോ...
എന്റെ കരടിയിലെ കവിത
മുള്ളൻപന്നിയാകുന്ന നേരങ്ങളിൽ
അതിനേക്കാൾ ഭീകരജീവി വേറെയില്ല.
ഓരോ മുള്ളും പേനയാകുന്നു,
മഷിയും ചോരയും കലരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.