1948 ജനുവരി 30ന് ഡൽഹിയിലെ ബിര്‍ള മന്ദിരത്തിനടുത്ത് ഗാന്ധിജി ഇല്ലാതായോ എന്ന് ചോദിച്ചാല്‍ ''ഇല്ല'' എന്നാണ് ഉത്തരം. കാരണം, കൂടുതല്‍ തേജസ്സോടെ ഗാന്ധി ഇന്ന് ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. ഗാന്ധി സത്യത്തെ അന്വേഷിച്ചപ്പോള്‍, ആ അന്വേഷണത്തെ ഇല്ലാതാക്കാന്‍ ഘാതകസംഘം 9 MM ബെരേറ്റ എന്ന പിസ്റ്റള്‍ അന്വേഷിച്ചു. പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും അവസാനിക്കാത്ത ആ അന്വേഷണത്തിന്റെ തുടര്‍ച്ചകളെ അടയാളപ്പെടുത്തുകയാണ് വിനോദ് കൃഷ്ണയുടെ '9 MM ബെരേറ്റ' എന്ന നോവല്‍. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച നോവൽ കഴിഞ്ഞ ലക്കം അവസാനിച്ചു. അതിന്റെ പശ്ചാത്തലത്തിൽ വിനോദ് കൃഷ്ണ, ചിത്രകാരന് തോലില്‍ സുരേഷ് എന്നിവരുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണ് ചുവടെ.
അഹിംസയായിരുന്നു ഗാന്ധിജിയുടെ ദര്‍ശനം. ആ ദര്‍ശനത്തിനു നേരെയാണ് '9 MM ബെരേറ്റ' നിറയൊഴിച്ചത്. പുതിയ കാലത്തിലേക്ക് നീണ്ടുനീണ്ടുവരുന്ന, മതതീവ്രവാദത്തിന്റെ തിരകള്‍ നിറച്ച ആ ആയുധത്തിന്റെ പേരാണ് നോവലിനും. ഈ നോവലിന്റെ പ്രമേയത്തിലേക്കും വിഭവസമാഹരണത്തിലേക്കും രചനയിലേക്കും എത്തിപ്പെട്ട ആലോചനകളുടെ പ്രാരംഭഘട്ടം മുതല്‍ നമുക്ക് സംസാരിച്ചുതുടങ്ങാമെന്ന് കരുതുന്നു.
വിനോദ് കൃഷ്ണ: നടന്നുപോകുമ്പോൾ ഒരു ഇല പാറി തലയിൽ വന്നു വീണതുപോലെ, വളരെ യാദൃച്ഛികമായി തലയിൽ ഉദിച്ച ഒരു ആശയമാണ് '9 MM ബെരേറ്റ'. ഗാന്ധിവധത്തെക്കുറിച്ചുള്ള നോവൽ ഗാന്ധിയെ കുറിച്ചുള്ളതാവരുത് എന്നെനിക്കു നിർബന്ധം ഉണ്ടായിരുന്നു. അത് ഗാന്ധിയെക്കുറിച്ചുള്ള വിരോധംകൊണ്ടല്ല. അദ്ദേഹത്തെ എഴുതണമെങ്കിൽ ആ ജീവിതം ആഴത്തിൽ മനസ്സിലാക്കണം. അതിനുള്ള ശേഷി എനിക്കില്ല. ആ ജീവിതത്തെ വിമർശനാത്മകമായി കാണാനുള്ള ജ്ഞാനവും ഇല്ല. അതുകൊണ്ട് ഈ നോവലിൽ ഗാന്ധി ഇല്ല എന്നുതന്നെ പറയാം. ആറു വർഷമാണ് ഞാൻ എഴുതാനും റിസർച് ചെയ്യാനും മ്യൂസിയങ്ങൾ കാണാനും രേഖകൾ ശേഖരിക്കാനും ഒക്കെയായി ചെലവഴിച്ചത്. രണ്ട് ഘട്ടങ്ങൾ ആയാണ് എഴുതി പൂർത്തിയാക്കിയത്. ഗാന്ധിയെ ഓർക്കാതെ ഒരു സൂര്യോദയവും അസ്തമയവും ഭൂമിയിൽ ഉണ്ടാവുകയില്ല. അങ്ങനെയുള്ള ഒരാളുടെ ദർശനം ഒരു തോക്കുകൊണ്ടോ ഒരു നോവൽകൊണ്ടോ ഇല്ലാതാക്കാനോ പുനഃപ്രതിഷ്ഠിക്കാനോ സാധ്യമല്ല. രണ്ടുമാസം മുമ്പ് ഇറങ്ങിയ 'ഗാന്ധി മർഡർ' എന്ന സിനിമ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ ഇതുവരെ അനുമതി കൊടുത്തിട്ടില്ല. ജീവിച്ചിരുന്ന ഗാന്ധിയെക്കാൾ ഫാഷിസ്റ്റുകൾ പേടിക്കുന്നത് കൊല്ലപ്പെട്ട ഗാന്ധിയെയാണ്. എഴുത്തിനായി കുറെ അലഞ്ഞു. ഗാന്ധി ജീവിച്ചു മരിച്ച ചില പ്രധാന ഇടങ്ങളിൽ സഞ്ചരിച്ചു. എഴുത്തുവഴിയിൽ പിന്നെ പലരും വന്നു. പ്രിയസുഹൃത്ത് ജയാ മേനോൻ ആണ് ഉടനീളം കൂടെ നിന്നത്. അവർ കുറെ അപൂർവ പുസ്തകങ്ങളും രേഖകളും സംഘടിപ്പിച്ചു തന്നു. എഴുതി തുടങ്ങി ഒന്നര വർഷത്തിനുശേഷമാണ് ഞാൻ ഗാന്ധി നാഷനൽ മ്യൂസിയവും രാജ്ഘട്ടും സന്ദർശിച്ചത്. 2017 മാർച്ച് 24ന് ഡൽഹിയിലുള്ള ഗാന്ധി മ്യൂസിയം കാണാൻ പോയി. അവിടത്തെ ലൈബ്രറിയും രക്തസാക്ഷി ഗാലറിയും ഏഴായിരത്തോളം വരുന്ന ഫോട്ടോഗ്രാഫുകളും എന്നെ മാറ്റിമറിച്ചു. ഗാന്ധിഘാതകർ ഗ്വാളിയോറിൽനിന്ന് സംഘടിപ്പിച്ച 9 MM ബെരേറ്റ സെമി ഓട്ടോമാറ്റിക് പിസ്റ്റൾ എവിടെയുണ്ട് എന്ന അന്വേഷണം ചെന്നവസാനിച്ചത് ഡൽഹിയിലെ നാഷനൽ ഗാന്ധി മ്യൂസിയത്തിലായിരുന്നു. ഈ തോക്ക് കൈകാര്യം ചെയ്ത രാഷ്ട്രീയമെന്താണെന്ന് ആധുനിക ഇന്ത്യൻ യുവത്വം അറിയണം. അതിനാൽ, മ്യൂസിയത്തിലെ ഇരുമ്പു ലോക്കറിൽനിന്ന് 9 MM ബെരേറ്റക്ക് മോചനം ആവശ്യമാണ്. ഗാന്ധി നാഷനൽ മ്യൂസിയത്തിൽനിന്നും പുറത്തുവന്നപ്പോൾ എന്റെ മനസ്സിൽ ഇതായിരുന്നു ചിന്ത. ഇടക്ക് 'ഈലം' എന്ന സിനിമ ചെയ്തപ്പോൾ എഴുത്തു പാടെ നിന്നു. നോവൽ പൂർത്തിയാക്കാൻ കഴിയില്ലെന്ന് ഒരു ഘട്ടത്തിൽ പേടിക്കുകപോലും ചെയ്തു. നിലച്ചുപോയ എഴുത്ത് തുടരാനും ഇടയാക്കിയത് ഈലം ആണ്. ഹോളിവുഡിലെ ചലച്ചിത്രമേളയിൽ ഈലം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അമേരിക്ക സന്ദർശിക്കേണ്ടി വന്നു. അവിടെ കണ്ട കാഴ്ചകൾ, ചരിത്രത്തെ ഒരു രാജ്യം എങ്ങനെ സംരക്ഷിക്കുന്നുവെന്നും അതിനു സ്റ്റേറ്റ് എത്രമാത്രം പ്രാധാന്യം നൽകുന്നുവെന്നും അറിയാനായി. നോവലിനെക്കുറിച്ചുള്ള ആലോചനകൾ സജീവമാക്കാൻ ഈ കാര്യങ്ങൾ മനസ്സിനെ പ്രേരിപ്പിച്ചു. കോവിഡ് കാരണം അവിടെ പെട്ടുപോയിരുന്നു. ആ നാലരമാസം അമേരിക്കൻ ഗ്രാമങ്ങൾ കണ്ടുനടന്നു. മെമ്മോറിയൽ പാർക്കുകൾ സന്ദർശിച്ചു. നോവലിനുവേണ്ട പുതിയ കഥാപാത്രങ്ങളുടെ നിലമൊരുങ്ങുകയായിരുന്നു ആ യാത്രയുടെ കാവ്യനീതി എന്ന് പിന്നീട് തിരിച്ചറിഞ്ഞു. ഇന്ത്യയിലെത്തി ഹോം ക്വാറന്റീനിൽ ഇരുന്നപ്പോൾ വീണ്ടും എഴുതിത്തുടങ്ങി. ഞാൻ രണ്ടാമതൊരു നോവൽ എഴുതുമെന്ന ഒരു ഉറപ്പുമില്ല. വലിയ സ്ട്രെയിൻ ആണിത്. പക്ഷേ, ഈ നോവൽ എഴുതാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇത് വെളിച്ചം കാണാൻ ഇടയാക്കിയ മാധ്യമം ആഴ്ചപ്പതിപ്പിനോട് നന്ദിയും കടപ്പാടും ഉണ്ട്. ഇതെഴുതുമ്പോൾ പുതിയ ഭാവനാലോകവും പുതിയ യാഥാർഥ്യത്തിന്റെ ലോകവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പഴയ കാലത്തിന്റെയും പുതിയ കാലത്തിന്റെയും ഒരു അമാൽഗമേഷൻ ആണ് '9 MM ബെരേറ്റ'. ഗാന്ധിസവും ഫാഷിസവും തമ്മിലുള്ള വലിയ വിടവ് നോവലിലെ കാലം വായിക്കുന്നു. ചരിത്രത്തിലെ നുണകളെ എഴുത്തുകാർക്കല്ലാതെ വേറെ ആർക്കാണ് പെട്ടെന്ന് തിരിച്ചറിയാനാവുക. ചരിത്രത്തിന്റെ അപനിർമിതിക്കെതിരെ സംസാരിക്കാൻ എഴുത്തുകാർ ആഗ്രഹിക്കുന്നു. പ്രതിലോമകരവും മനുഷ്യവിരുദ്ധവുമായ ചുറ്റുപാടുകൾക്കെതിരെ നിലപാടെടുക്കാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള കലാപപ്രചോദിതമായ ആഗ്രഹമാണ് ഈ നോവൽ.
ആഴ്ചപ്പതിപ്പില്‍ നോവലിന് ഇലസ്ട്രേഷന് നിര്‍വഹിച്ചത് തോലില്‍ സുരേഷ് ആണ്. ആദ്യവായനക്കുശേഷം, വരക്കാനാകാതെ കുറേദിവസം നോവല്‍ മാറ്റിവെക്കേണ്ടിവന്നുവെന്ന് ഒരു സ്വകാര്യസംഭാഷണത്തില്‍ താങ്കള്‍ സൂചിപ്പിക്കുകയുണ്ടായി. നോവലിന്റെ ക്രാഫ്റ്റിനെ സമർഥമായി പിന്തുടരുന്ന, ഡിജിറ്റല്‍ ആര്‍ട്ടും പരമ്പരാഗതരീതിയും സമന്വയിക്കുന്ന ഇലസ്ട്രേഷനിലേക്ക് എത്തിച്ചേര്‍ന്നതിനെക്കുറിച്ച് സംസാരിക്കുമോ?
തോലില്‍ സുരേഷ്: കോവിഡ് കാലത്ത് പണിയില്ലാതിരിക്കുമ്പോഴാണ് നോവലിന് വരക്കാനുണ്ടെന്ന് പറഞ്ഞ് മാധ്യമത്തിൽനിന്ന് വിളിക്കുന്നത്. അതെന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. കാരണം മാധ്യമം ആഴ്ചപ്പതിപ്പിൽനിന്ന് '9 MM ബെരേറ്റ'ക്കുവേണ്ടി വരക്കാനുള്ള പി.ഡി.എഫ് കിട്ടുന്നതിനുമുമ്പ് ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഒരു നോവൽ എഴുതിയിട്ടുണ്ടെന്ന് ഒരു ഫോൺ സംഭാഷണത്തിൽ വിനോദ് എന്നോട് പറഞ്ഞിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾക്കു ശേഷം '9 MM ബെരേറ്റ'യുടെ 10 അധ്യായങ്ങൾ മാധ്യമം ആഴ്ചപ്പതിപ്പിൽനിന്ന് അയച്ചുതന്നു. ആദ്യത്തെ രണ്ട് അധ്യായം വായിച്ച് ഒരാഴ്ചയോളം ഞാൻ വരക്കാതെ മാറ്റിവെച്ചു. അതിനു കാരണം നരേറ്റിവ് രീതിയെ പിന്തുടർന്ന് കഥയിലുള്ളത് പകർത്തിവെക്കുന്ന ഇന്നത്തെ മുഖ്യധാരാ വാരികയിലെ വരകളോട് എനിക്ക് തീരെ താൽപര്യമില്ലായിരുന്നു. മാത്രമല്ല, നോവലിന്റെ ക്രാഫ്റ്റിനൊപ്പം ചിത്രം നിലനിൽക്കണമെങ്കിൽ പാരമ്പര്യമായി ചെയ്തുവെക്കുന്ന ഒന്ന് വരച്ചാൽ പോരെന്ന് തോന്നി. അതുകൊണ്ട് ഓരോ ചിത്രം ചെയ്യുമ്പോഴും ഒരു സർറിയൽ രീതി ചിത്രത്തിൽ കൊണ്ടുവരണമെന്ന് തീരുമാനിച്ചു. കാരണം വരയും സാഹിത്യവും തമ്മിൽ എപ്പോഴും ഒരു സംഘർഷം നടക്കുന്നുണ്ട്. ആ സംഘർഷം നടന്നതുകൊണ്ടാണ് നോവൽ കിട്ടിയിട്ടും ഞാൻ അത് വായിക്കാതെ ഒരാഴ്ചയോളം മാറ്റിവെച്ചത്. മാത്രമല്ല, വരക്കുന്നതോടൊപ്പം ഞാനൊരു വായനക്കാരൻകൂടിയാണ്. എഴുത്തുകാരന്റെ പേഴ്സ്പെക്ടിവിലൂടെ വരച്ചാൽ അതൊരു സലൂൺ ആർട്ട് ആയി പോകുമെന്നും തോന്നി. കാരണം, എഴുത്തുകാരനും ചിത്രകാരനും രണ്ടായി തന്നെ നിലനിൽക്കേണ്ടവരാണ്. ഗാന്ധിവധവുമായി ബന്ധപ്പെട്ട ഒരു നോവലായതുകൊണ്ട് വരയെ സംബന്ധിച്ച് എനിക്ക് ആശങ്കയുമുണ്ടായിരുന്നു. എന്നാൽ, വിനോദുമായിട്ടുള്ള നിരന്തര ഫോൺ സംഭാഷണങ്ങളിൽ നോവലിനെക്കുറിച്ചുള്ള എന്റെ സംശയങ്ങൾ തീർന്നു. ഈ നോവൽ വരയുടെ പല സന്ദർഭങ്ങളിലും വിനോദുമായിട്ട് ക്രിയേറ്റിവായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു മൗലിക രചനക്ക് ചിത്രം വരക്കുമ്പോൾ അതിന്റെ സൗന്ദര്യം, സമഗ്രത, ആഴത്തിലുള്ള ഉള്ളടക്കം എന്നിവയുടെ ആവശ്യകതകൾ നിറവേറ്റുകയാണ് ഇലസ്ട്രേഷൻ ചെയ്യുന്നത്. ഇത് രാഷ്ട്രീയ സാമൂഹിക ഇടപെടലാകുമ്പോൾ ഇലസ്ട്രേഷൻ അതിന്റെ സൗന്ദര്യപരമായ ഉദാത്തത കൈവരിക്കുന്നുണ്ട്. 9 MM ബെരേറ്റപോലുള്ള നോവലിന്റെ ഓരോ അധ്യായവും വര തീർത്ത് കടന്നുപോകുമ്പോൾ അതുവരെ വരച്ചുതീർത്തതല്ല വരയെന്നും നിറമെന്നും എന്നെ ചിന്തിപ്പിക്കുന്നതാണ് പുതുകാല ഇലസ്ട്രേഷനെന്നും ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ടതാണ്.
ഗാന്ധിവധമാണ് പ്രമേയമെങ്കിലും ഗാന്ധിയുടെ ഉയിര്ത്തെഴുന്നേല്പ് ഈ നോവല്‍ സ്വപ്നം കാണുന്നതായി വായനക്കാരന് അനുഭവപ്പെടുന്നുണ്ട്. ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ ഇത് സാധ്യമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
വിനോദ് കൃഷ്ണ: ഗാന്ധിസം എല്ലാത്തിനും പരിഹാരമാണെന്നുള്ള വിശ്വാസം ആർക്കുംതന്നെയുണ്ടാവില്ല. എന്നാൽ, ഒരു ജനാധിപത്യത്തിൽ ഡയലോഗിനും ടോളറൻസിനും ഡിസ്കോഴ്സിനും വലിയ സാധ്യതയുണ്ട്. ഗാന്ധി ഈ പറഞ്ഞ കാര്യങ്ങൾ പ്രാക്ടിസ് ചെയ്ത ആളാണ്. അഹിംസാ മാർഗം വലിയ സാധ്യതയാണ്. പക്ഷേ, വംശഹത്യ നടന്നിട്ടും ധാർമികതയുടെ പേരിൽപോലും രാജിവെക്കാതിരുന്ന ഒരാൾ ഇപ്പോൾ രാജ്യം ഭരിക്കുമ്പോൾ, നമ്മൾ കാണുന്നത് അദ്ദേഹം ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തുന്നതാണ്. ഇവരൊന്നും ഡയലോഗിൽ വിശ്വസിക്കാത്തവരാണ്. സഹിഷ്ണുത ഇല്ലാത്തവരാണ്. ഹിംസ വാസനയുള്ള ഒരാൾക്ക്, അയാളുടെ പ്രസ്ഥാനത്തിന് എങ്ങനെയാണ് ആത്മാർഥമായി ജനങ്ങളെ സേവിക്കാൻ കഴിയുക, പുഷ്പാർച്ചന നടത്താൻ കഴിയുക. അതുകൊണ്ട് ഇന്നത്തെ ഇന്ത്യൻ അവസ്ഥക്ക് ഗാന്ധിസം ഒരു രാഷ്ട്രീയ പരിഹാരമാവില്ല. ഒരു സാന്ത്വനമാവാൻ പറ്റിയേക്കും. അരികുവത്കരിക്കപ്പെട്ട മനുഷ്യർക്ക് നമ്മുടെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ഒരു പ്രതീക്ഷക്കും വകയില്ല. സവർക്കർ പാർലമെന്റിൽ കയറിയതോടെ നമ്മുടെ ജനാധിപത്യം ഹിംസാത്മകമാവുകയും ഗാന്ധി ഒരിക്കൽകൂടി മരിക്കുകയും ചെയ്തിരിക്കുന്നു. കർഷകസമരം നമ്മൾ കണ്ടതല്ലേ. ജനാധിപത്യ സമരമാർഗങ്ങളോടും സെക്കുലർ ഫാബ്രിക്കിനോടും ബഹുമാനമില്ലാത്തിടത്തു നിരാഹാരസമരം പോലുള്ള കാര്യങ്ങൾ ഫലം കാണുമോ? എങ്കിലും ഗാന്ധിയെപ്പോലുള്ള ഒരു രക്ഷകനെ ജനത സ്വപ്നം കാണുന്നുണ്ട്. ഇന്ത്യപോലെ ബഹുസ്വരത നിലനിൽക്കുന്ന ഒരു രാജ്യത്തു ഫാഷിസം മൺസൂൺ സീസൺപോലുള്ള ഒരു പ്രതിഭാസം ആയിട്ടാണ് ഞാൻ കാണുന്നത്. വിവേകം വരുമ്പോൾ ജനത ഇവരെ അട്ടിമറിക്കും. അതിനായി നമ്മൾ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തെ വധിച്ച സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ തീവ്രവാദികളെക്കുറിച്ചും സംസാരിച്ചുകൊണ്ടേയിരിക്കണം.
വിവേകം അട്ടിമറികള്‍ക്കുള്ള സാധ്യത തുറക്കുന്നു എന്ന വിനോദിന്റെ ഡയലോഗ് ശ്രദ്ധിച്ചല്ലോ. നോവല്‍ ചിത്രീകരണത്തിന്റെ കാര്യത്തില്‍ ഓരോ ഇലസ്ട്രേഷനും ഓരോ പെയിന്റിങ് പോലെ ആയിരുന്നു. 9 MM ബെരേറ്റക്കു വേണ്ടിയുള്ള താങ്കളുടെ വരകള്‍, ചിത്രീകരണം എന്നമട്ടിലുള്ള സലൂണ്‍ ആര്‍ട്ടിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ എന്താകും പ്രതികരണം?
തോലില്‍ സുരേഷ്: തീർച്ചയായും. മൂന്നു ഘട്ടങ്ങളായാണ് നോവലിനു വേണ്ടിയുള്ള ചിത്രങ്ങൾ ഞാൻ വരച്ചത്. ആദ്യത്തെ അധ്യായത്തിൽ വരച്ചു തുടങ്ങിയ ശൈലിയല്ല നോവലിന്റെ കാൽഭാഗം കഴിയുമ്പോൾ. പിന്നീട് പകുതിഭാഗം കഴിയുമ്പോഴേക്കും വരകളോടൊപ്പം ഡിജിറ്റലൈസ് ആയ നിറങ്ങൾകൊണ്ടുവന്നു. അത് ഭംഗിക്ക് വേണ്ടിയായിരുന്നില്ല. നോവലിലെ പൊളിറ്റിക്കലായ ഭാഗങ്ങൾ നിറങ്ങൾകൊണ്ട് അടയാളപ്പെടുത്താൻ കൂടിയായിരുന്നു. വര നിറങ്ങളുമായി ഇഴുകിച്ചേരുമ്പോഴാണ് അതൊരു പെയിന്റിങ്ങിന്റെ തലത്തിലേക്കൊക്കെ വരുക. അങ്ങനെ വരുമ്പോൾ സലൂൺ ആർട്ട് (ആഡംബരകല) പൊളിയും. പരമ്പരാഗത വരയുടെ രീതിയും. എനിക്കങ്ങനെ ചെയ്യാൻ പറ്റിയിട്ടുണ്ടെന്ന് താങ്കളെപ്പോലുള്ള എഴുത്തുകാർ നിരീക്ഷിച്ചത് വലിയ സന്തോഷമുണ്ടാക്കുന്നു.
''ഭാരതത്തെ എല്ലാമട്ടിലും വിളക്കിച്ചേര്‍ത്ത അതുല്യശക്തിയാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ മരണത്തോടെ ആ ശക്തിയാണ് ഇല്ലാതായത്. അതുവഴി രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക നിലകളെല്ലാം ദുർബലമായിക്കഴിഞ്ഞു...'' എന്ന് 1948ല്‍ നെഹ്റു എഴുതി. 2022ല്‍ ആ ദുർബലത എത്ര ഘോരമെന്ന് ശിവറാം ഗോധ്ര പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ നോവലില്‍ അടയാളപ്പെടുത്തുന്നു. ഒന്നിടവിട്ട അധ്യായങ്ങളിലൂടെ ഈ രണ്ടു കാലങ്ങള്‍ മുന്നേറുകയും അവസാനഭാഗത്ത് ഈ ആസുരതകള്‍ ഒന്നായിത്തീരുകയും ചെയ്യുന്നു. ഗോദ്സെയില്നിന്നും ഗോധ്രയില്‍ എത്തുമ്പോഴും തുടരുന്ന ചരിത്രത്തിന്റെ ക്രൂരവും നിന്ദ്യവുമായ ചാക്രികതയെ രചയിതാവ് എന്ന നിലയില്‍ വിശദീകരിക്കാമോ?
വിനോദ് കൃഷ്ണ: ഫാഷിസ്റ്റുകൾക്ക് പ്ലാൻ 'ബി' എന്നൊന്നില്ല. അവർക്ക് പ്ലാൻ 'എ' മാത്രമേയുള്ളൂ. അതാണിപ്പോൾ രാജ്യത്തു നടപ്പാക്കുന്നത്. ഹിംസയുടെയും മനുഷ്യവിരുദ്ധതയുടെയും അന്ധവിശ്വാസത്തിന്റെയും മാസ്റ്റർപ്ലാൻ നടപ്പാക്കുന്ന ഒരു പ്ലാൻ ആണത്. അത് ബ്രിട്ടീഷുകാരുടെ ചെരിപ്പ് നക്കിയ കാലത്തിനും മുമ്പ് അവർ തുടങ്ങിയതാണ്. Organised crime പ്ലാൻ ആണത്. ബോധമലിനീകരണംകൊണ്ട് തങ്ങൾ ചെയ്യുന്നത് സാമൂഹികമായും രാഷ്ട്രീയമായും വലിയ ശരിയാണെന്ന് വരുത്തിത്തീർക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്. അധികാരം കിട്ടിയതോടെ കാര്യങ്ങൾ എളുപ്പമാവുകയും ഡയറക്ടർ ആക്ഷൻ തുടങ്ങുകയും ചെയ്തു. കണ്ണിനു പകരം കണ്ണെടുത്താൽ ഇരുട്ടാവുകയേയുള്ളൂ എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. വലിയ പ്രകാശമാണ് ഇന്ന് രാജ്യം ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ മരണത്തോടെ രാഷ്ട്രീയ സാമൂഹിക നിലകളെല്ലാം ദുർബലമായി കഴിഞ്ഞുവെന്ന് നെഹ്റു പറഞ്ഞത് ഇന്ന് വളരെ പ്രസക്തമാണ്. പ്രതിലോമകരമായ ഒരു രാഷ്ട്രീയം സെക്കുലർ ഇന്ത്യയെ വിഴുങ്ങിക്കഴിഞ്ഞ ഈ കാലത്ത് ഗാന്ധിയൻ മൂല്യങ്ങൾ തിരിച്ചുപിടിക്കേണ്ടത് ഗ്രാമീണ ഇന്ത്യയിൽനിന്ന് തന്നെയാണ്. നോവലിൽ ഗോദ്സെയിൽനിന്നും ശിവറാം ഗോദ്രയിലേക്കുള്ള ദൂരം 1948ൽനിന്നും 2022ലേക്കുള്ള ദൂരം മാത്രമല്ല. അതിനിടയിൽ നടന്ന പുനർനിർമിതിയും ബോധമലിനീകരണവും ഒരു ജനതയെ എത്രമാത്രം പിന്നോട്ട് നടത്തി എന്നതിന്റെ ദൂരം കൂടിയാണ്. ശരിക്കു പറഞ്ഞാൽ ഈ മാറ്റത്തിനുള്ള പ്രധാന പങ്ക് ചരിത്രത്തിന്റേതല്ല ചരിത്രം നിർമിക്കാൻ മറന്നുപോയ സംശുദ്ധ രാഷ്ട്രീയത്തിന്റേതാണ്. അത് കൈകാര്യംചെയ്ത മുൻ ഭരണകർത്താക്കളുടെയും അവരുടെ പ്രസ്ഥാനത്തിന്റേതുമാണ്. അത് ജനങ്ങളുടെ കുഴപ്പമല്ല. ഒരു മഹത്തായ രാജ്യത്തെ വിഭാവനം ചെയ്യാൻ മിടുക്കില്ലാതെപോയ രാഷ്ട്രീയ കൂട്ടത്തിന്റെ പിടിപ്പുകേടുകൂടിയാണ് ഇന്ത്യൻ ഫാഷിസം. ഇടവിട്ട് വരുന്ന അധ്യായങ്ങളിലൂടെ രണ്ട് കാലങ്ങൾ പറഞ്ഞുപോവുകയും ആ കാലത്തെ കൂട്ടിമുട്ടിക്കുമ്പോൾ ഗോദ്സെയും ശിവറാം ഗോദ്രയും ഒന്നായിത്തീരുകയും ചെയ്യുകയാണ്. അതൊരു ക്രാഫ്റ്റിന്റെ ഭാഗമായി ഉണ്ടായ ഒരു സംഗതിയല്ല. ഗാന്ധിവധം മാത്രം പറഞ്ഞിരുന്നെങ്കിൽ 1948കളിലെ വെറുമൊരു എഫ്.ഐ.ആർ ആയി 9 MM ബെരേറ്റ ചുരുങ്ങിപ്പോയേനെ. ഈ രണ്ടു കാലങ്ങൾക്കിടയിലുള്ള ദൂരമെന്നു പറയുന്നത് ഇന്ത്യയിലെ രാഷ്ട്രീയ ജാഗ്രത ഉറങ്ങിപ്പോയ കാലയളവ് കൂടിയാണ്. ഞാനതാണ് കൊണ്ടുവരാൻ ശ്രമിച്ചത്.
നോവലിന് വരച്ചു തുടങ്ങും മുമ്പ് ചിത്രകാരനും എഴുത്തുകാരനും തമ്മില്‍ സ്വാഭാവികമായും സംസാരിച്ചിട്ടുണ്ടാകണം. വിനോദ് കൃഷ്ണ പോയട്രി ഇന്സ്റ്റലേഷന് ചെയ്തിരുന്ന ആളാണ്. ഇരുവരുടെയും അത്തരം സംസാരം ഇലസ്ട്രേഷനെ സ്വാധീനിച്ചോ? സഹായിച്ചോ?
തോലില്‍ സുരേഷ്: 9 MM ബെരേറ്റക്ക് വരക്കുന്നതിനുമുമ്പ് വിനോദിന്റെ 'ആറടി അകലം' എന്ന കഥക്ക് ഞാൻ വരച്ചിരുന്നു. ആ കഥയുടെ വരക്കുശേഷമാണ് വിനോദുമായിട്ട് സൗഹൃദമാവുന്നത്. മിക്കവാറും എഴുത്തുകാരുടെ കഥക്കൊക്കെ വരച്ചതിനുശേഷം അവരെ വിളിക്കുന്ന പതിവുണ്ടെനിക്ക്. ചില എഴുത്തുകാരെ വിളിക്കുമ്പോൾ അവർ വലിയ ബലം പിടിക്കും. സത്യത്തിൽ ചിത്രകലയെക്കുറിച്ച് വലിയ ധാരണയില്ലാത്തതുകൊണ്ടാണെന്ന് പിന്നീടാണ് മനസ്സിലായത്. എന്നാൽ, മാധ്യമത്തിൽ വന്ന വിനോദിന്റെ അന്നത്തെ കഥക്ക് വരച്ചതിനു ശേഷമുള്ള സംഭാഷണത്തിലാണ് അദ്ദേഹം ശിൽപകലയിലും ചിത്രകലയിലും നല്ല ധാരണയുള്ള എഴുത്തുകാരനാണെന്ന് മനസ്സിലായത്. പോയട്രി ഇൻസ്റ്റലേഷൻപോലുള്ള കാഴ്ചാനുഭവം ലോകത്തിൽതന്നെ ആദ്യംചെയ്ത എഴുത്തുകാരനായതുകൊണ്ട് ഓരോ അധ്യായം വരച്ചതിന് ശേഷവും ഞാൻ ചിത്രങ്ങൾ അയച്ചുകൊടുക്കും, അഭിപ്രായമറിയാൻ. ചില ചിത്രങ്ങൾ ഇഷ്ടമായില്ലെങ്കിൽ വിനോദ് തുറന്നു പറയും. അത്തരം വിമർശനങ്ങൾ നോവലിന്റെ വരയിൽ മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. നോവലിനുവേണ്ടി വരച്ച ചിത്രങ്ങളിലെ ചരിത്രസംബന്ധിയായ ചില തെറ്റുകൾ അദ്ദേഹം ചൂണ്ടിക്കാട്ടിയത് മുന്നോട്ടുള്ള നോവലിന്റെ ചിത്രപ്പണിയിൽ സഹായകമായി.
നോവലില്‍ ഇത്ര അളവില്‍ ഭാവന, ഇത്ര അളവില്‍ വാസ്തവിക ചരിത്രം എന്നൊരു മുന്‍ധാരണയോടെയാണോ എഴുത്തില്‍ മുന്നേറിയത്? ഭാവനയും വാസ്തവവും കൂട്ടിയിണക്കാന്‍ ഭാഷ എവ്വിധമാണ് സഹായിച്ചതെന്നു പറയാമോ? ചില ചരിത്രനോവലുകള്‍ നേരിടേണ്ടിവന്നിട്ടുള്ള ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചോദ്യം. ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചു വരുമ്പോള്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ എങ്ങനെ ആയിരുന്നു?
വിനോദ് കൃഷ്ണ: ഭാവനയുടെയും വാസ്തവ ചരിത്രത്തിന്റെയും ഒരു മീറ്റർ വെച്ചിട്ടല്ല ഈ നോവൽ എഴുതി തുടങ്ങിയത്. പക്ഷേ, ക്രാഫ്റ്റിന്റെ കാര്യത്തിലും ഭാഷയുടെ കാര്യത്തിലും എനിക്കൊരു തീർച്ച ഉണ്ടായിരുന്നു. പഴയകാലവും പുതിയ കാലവും ആൾട്ടർനേറ്റിവ് ചാപ്റ്ററുകളിൽ വരുന്നതിനാൽ പഴയകാലത്തിന് ഒരു ഭാഷ, പുതിയ കാലത്തിന് മറ്റൊരു ഭാഷ എന്നൊരു ചിന്ത തുടക്കത്തിൽ ഉണ്ടായിരുന്നു. പക്ഷേ, എഴുതി തുടങ്ങിയപ്പോഴാണ് ഒരു സംഗതി ഞാൻ മനസ്സിലാക്കുന്നത്. നമ്മൾ ഒരു കാലത്തെ എഴുതാൻ തുടങ്ങുമ്പോൾ ആ പീരിയഡിലെ സാമൂഹിക പെരുമാറ്റം, വസ്ത്രങ്ങൾ, വ്യവഹാരം, സംസ്കാരം തുടങ്ങിയ കാര്യങ്ങളൊക്കെ ശ്രദ്ധിക്കുന്നു. അപ്പോൾതന്നെ അതിന്റേതായ ഒരു ഭാഷ സ്വമേധയാ വന്നുചേരും. കാരണം ആ കാലത്ത് ഉണ്ടായ പ്രയോഗങ്ങൾ, ഉപയോഗത്തിൽ ഉണ്ടായിരുന്ന വസ്തുക്കൾ, പേരുകൾ അന്നത്തെ വേൾഡ് ഓർഡർ ഇതൊക്കെ എഴുതുമ്പോൾതന്നെ ആ കാലത്തിന്റെ ഭാഷ അതിനു ലഭിക്കും. അതുപോലെ, സ്ഥലനാമങ്ങൾക്കും എയർപോർട്ടുകൾക്കും മോണ്യുമെന്റുകൾക്കും ഒക്കെ വന്നിട്ടുള്ള പേരു മാറ്റങ്ങൾ... ഇങ്ങനെ രസകരമായ പലതും കണ്ടെത്താൻ പറ്റി. വേറൊരു പീരിയഡ് ആണെന്നുള്ള തോന്നൽ ഉണ്ടാക്കാൻ ഇതൊക്കെ ധാരാളം മതി. എഴുത്തിലെ ഒരു വലിയ ആനന്ദം അതായിരുന്നു. നമ്മൾ ഒരു രാജ്യത്തിന്റെ കഥ പറയുമ്പോൾ ഒരു രാഷ്ട്രത്തിന്റെ ചരിത്രം പറയുകയാണല്ലോ. നോവൽ എഴുതുമ്പോൾ അതിൽ എത്ര അളവിൽ ചരിത്രം വേണം, എത്ര അളവിൽ ഭാവന വേണം എന്നതൊന്നും എന്നെ അലട്ടിയിരുന്നില്ല. ചരിത്രനോവൽ എന്നതിലുപരി 9 MM ബെരേറ്റ ഒരു രാഷ്ട്രീയ നോവലായിട്ട് കാണാനാണ് എനിക്കിഷ്ടം. ഭാവന നുണയാണെങ്കിൽ ചരിത്രമാണ് ഏറ്റവും വലിയ നുണ. 'മാധ്യമ'ത്തിൽ നോവൽ അച്ചടിച്ചു വരാൻ തുടങ്ങിയപ്പോൾ ഒരു എഴുത്തുകാരൻ എന്ന നിലയിൽ വലിയ സ്വീകാര്യതയാണ് എനിക്ക് ലഭിച്ചത്. വായനക്കാരുടെ സ്നേഹം ശരിക്കും അറിഞ്ഞു. സോഷ്യൽ ആക്ടിവിസ്റ്റുകളും ബുദ്ധിജീവികളും അക്കാദമീഷ്യന്മാരും ഒക്കെ മാഗ്സ്റ്ററിലും മറ്റും നോവൽ തുടർച്ചയായി വായിച്ചിട്ട് എന്നെ വിളിച്ചിരുന്നു. ജയിലിൽനിന്ന് നോവൽ വായിച്ചു വിളിച്ചവരും ഉണ്ട്.
നോവലിന് വലിയ സ്വീകാര്യത വായനക്കാര്‍ക്കിടയില്‍ ഉണ്ടായെന്ന് വിനോദ് സൂചിപ്പിച്ചു. നോവലിനായി വരച്ച ചിത്രങ്ങളോടുള്ള വായനക്കാരുടെ പ്രതികരണങ്ങള്‍ എന്തായിരുന്നു? ചിത്രകലയില്‍ വ്യാപരിക്കുന്നവരും ആസ്വാദകരും അക്കാദമീഷ്യന്മാരും എന്തുപറഞ്ഞു?
തോലില്‍ സുരേഷ്: ഡോ. കവിത ബാലകൃഷ്ണൻ, ഡോ. ഷാജു നെല്ലായ് എന്നീ കലാനിരൂപകർ നേരിട്ടുതന്നെ അഭിപ്രായം അറിയിക്കുകയുണ്ടായി. ഫൈൻ ആർട്സ് കോളജുകളിലെ അനേകം വിദ്യാർഥികൾ, ജോർജ് ജോസഫ് കെ, വി.ആർ. സുധീഷ് എന്നീ എഴുത്തുകാർ, നോവൽ വായിച്ചും ചിത്രം കണ്ടും വിളിച്ചു പരിചയപ്പെട്ട ബിജു ഡാനിയേലിനെപ്പോലെയുള്ള ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത അനേകം സുഹൃത്തുക്കൾ ചിത്രങ്ങളോടുള്ള ബഹുമാനം പങ്കുവെച്ചു. അതോടൊപ്പം ചിത്രകാരൻമാരായ സുഹൃത്തുക്കൾ അകന്നുനിന്നു. അകന്നുനിന്നതിന്റെ കാരണം തീരെ മനസ്സിലായില്ല.
ആവിഷ്കാര സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ജീവിക്കാനുള്ള അവകാശം എന്നിവക്കുവേണ്ടി സംസാരിക്കുന്നവര്‍ക്ക് ജയിലിലേക്ക് വഴിതുറക്കുന്ന കാലമാണ്. നേര് നുണയായും നുണ നേരായും പ്രചരിപ്പിക്കപ്പെടുന്ന ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലവുമാണ്. വർഗീയമായ ഭിന്നതകള്‍ സമൂഹത്തില്‍ രൂഢമൂലമാകുന്നതിന്റെ പ്രതിഫലനങ്ങളാണ് ചുറ്റും. സാംസ്കാരികമായ അന്തരീക്ഷം അതിവേഗം മലിനപ്പെടുന്നത് അടയാളപ്പെടുത്താനോ പ്രതിരോധിക്കാനോ നടക്കുന്ന നിലവിലെ ശ്രമങ്ങള്‍ ദുർബലമാണെന്ന് കരുതുന്നുണ്ടോ?
വിനോദ് കൃഷ്ണ: ഫാഷിസത്തിന്റെ കാലത്ത് സത്യംപറയുന്നത് വിപ്ലവ പ്രവർത്തനമാണെന്ന് ജോർജ് ഓർവൽ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ സത്യം വിളിച്ചു പറഞ്ഞവരെ, ജനങ്ങൾക്കൊപ്പം നിന്നവരെ, ജനങ്ങൾക്കുവേണ്ടി ശബ് ദം ഉയർത്തിയവരെ ജയിലിൽ അടച്ചിരിക്കുകയാണ്. അത് ഫാഷിസത്തിന്റെ വഴിയാണ്. അവർ ചിന്തിക്കുന്ന തലച്ചോറുകളെ ഭയക്കുന്നു. നമ്മുടെ ഈ ഫാഷിസ്റ്റ് കാലത്തിലെ വലിയ ദുരന്തം എന്താണെന്ന് വെച്ചാൽ സത്യം പറയുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ് എന്നുള്ളതാണ്. അങ്ങനെ പറഞ്ഞവരൊക്കെ ജയിലിനകത്തുമാണ്. ഇത്തരം ഭരണകൂട ഭീകരത ജനാധിപത്യത്തിന്റെ നാൾവഴികളിൽ ഇന്ത്യ കുറെ കണ്ടതുമാണ്. എന്നാൽ, അതിന്റെ ഭീകരരൂപമാണ് ഇപ്പോൾ നടപ്പാക്കപ്പെടുന്നത്. ഞാൻ നേരത്തേ പറഞ്ഞതുപോലെ സിനിമകൾ നിരോധിക്കപ്പെടുന്നു പുസ്തകങ്ങൾക്ക് ഐ.എസ്.ബി.എൻ കോഡ് നൽകാതെ ആവിഷ്കാര സ്വാതന്ത്ര്യം തടയപ്പെടുന്നു. നമുക്കറിയാം, സജദ് മാലിക്കിന്റെ 'മുന്ന എ കശ്മീരി ബോയ്' എന്ന ഗ്രാഫിക് നോവൽ പുറത്തിറക്കാൻ സാധിച്ചത് വലിയ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ്. ഭരണകൂടത്തിന് ആളുകളെ വിലയ്ക്കു വാങ്ങാനും അടക്കിനിർത്താനും അറിയാം. ഇതിൽനിന്നെല്ലാം കുതറിമാറുന്ന ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ, മാധ്യമപ്രവർത്തകർ, ഗായകർ, എഴുത്തുകാർ, സ്വാതന്ത്ര്യബോധമുള്ള മനുഷ്യർ ഇവരൊക്കെ ജയിലിനകത്താണ്. ഗാന്ധിജി പറഞ്ഞത് ഇന്ത്യ ഗ്രാമങ്ങളിൽ ജീവിക്കുന്നു എന്നാണ്. എന്നാൽ, ഇന്ന് സത്യത്തിൽ യഥാർഥ ഇന്ത്യ ജീവിക്കുന്നത് ജയിലുകൾക്കുള്ളിലാണ്. പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും പുല്ലുവിലയാണ്. സാംസ്കാരിക രംഗം ദുർബലമാകുമ്പോഴാണ് ഒരു രാഷ്ട്രം ദുർബലമാകുന്നത്. കലയും സാഹിത്യവും ഒക്കെ ഒരു ജനതയുടെ സാംസ്കാരിക നിർമിതിക്ക് അത്യാവശ്യമാണ്. കലയിൽനിന്നാണ് മൂല്യബോധമുള്ള ഒരു ജനത രൂപപ്പെടുന്നത്. ആ സാംസ്കാരിക പരിസരമാണ് ഫാഷിസം ആദ്യം ഇല്ലാതാക്കിയത്.
ചിത്രീകരണത്തിനായി ഡിജിറ്റല്‍ ആര്‍ട്ട് ഉപയോഗിച്ചതിനെക്കുറിച്ച് മുമ്പ് പറഞ്ഞുവല്ലോ. ഈ ചിത്രങ്ങളില്‍ നിറങ്ങളുടെ വിന്യാസം വളരെ സൂക്ഷ്മമായും ബോധപൂർവവുമായാണ് നിര്‍വഹിച്ചിരിക്കുന്നത്. ഡിജിറ്റല്‍ സങ്കേതം, ഇലസ്ട്രേഷന്, കളര്‍ സൈക്കോളജി, കളര്‍ സെലക്ഷന്. ഇവയുടെ കോമ്പോസിഷനെക്കുറിച്ച് പറയാമോ?
തോലില്‍ സുരേഷ്: ഡിജിറ്റൽ ആർട്ടിൽ നിറം നിർണായക പങ്കുവഹിക്കുന്നുണ്ട്, മനുഷ്യർ നിറത്തെ എങ്ങനെ കാണുന്നു എന്നതിന്റെ മനഃശാസ്ത്രംപോലെ. നിറങ്ങൾ മനുഷ്യന്റെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും എങ്ങനെ നിർണയിക്കുന്നു എന്നതിനെക്കുറിച്ചുള്ള പഠനമാണ് കളർ സൈക്കോളജി. നമ്മുടെ വ്യക്തിപരമായ അഭിരുചികൾ, നമ്മുടെ കുടുംബ/സാംസ്കാരിക പശ്ചാത്തലം എന്നിവ തമ്മിലുള്ള സങ്കീർണമായ ഇടപെടലുകളെ അടിസ്ഥാനമാക്കിയാണ് മനുഷ്യർ നിറങ്ങളോട് പ്രതികരിക്കുന്നത്. സിനിമയിലൊക്കെ ഇത് നേരത്തേ വന്നുകഴിഞ്ഞിട്ടുണ്ട്. ഇലസ്ട്രേഷനുകളിൽ യൂറോപ്പിലൊക്കെ ഇതു വന്നിട്ട് കുറെക്കാലമായെങ്കിലും നമ്മുടെ നാട്ടിലെ ഇലസ്ട്രേറ്റിവ് ചിത്രകാരൻമാർ ഈയടുത്ത കാലത്താണ് മലയാള വാരികകളിൽ ഇലസ്ട്രേഷനും ഡിജിറ്റൽ സാങ്കേതികതയും ഒരുമിച്ച് ഒരു കോംപോസിഷനാക്കി മാറ്റുന്നത്. ഈ തുടക്കം വരയുടെ വളർച്ചയായിട്ടാണ് കാണേണ്ടത്. ഫാഷിസത്തിന്റെ സ്വഭാവം ചിത്രങ്ങളിൽ കൊണ്ടുവരുന്നതിന് പശ്ചാത്തലങ്ങളിൽ അത്തരം നിറങ്ങൾ ഉപയോഗിച്ചാൽ മതി. നോവലിന്റെ പല അധ്യായങ്ങളിലും അത്തരം നിറങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഈ നോവലിന്റെ തുടക്കത്തിൽ തന്നെ കവർചിത്രമായി വന്ന കഥാപാത്രത്തിന്റെ നിറംപോലും മനഃശാസ്ത്രപരമായ ഇടപെടലിലൂടെയാണ് ചിത്രീകരിച്ചിട്ടുള്ളത്. ഗാന്ധി ഗോദ്സെയെ തൊട്ടുണർത്തുന്ന ഒരു ചിത്രം നോവലിന്റെ അവസാന ഭാഗത്ത് വരച്ചിട്ടുണ്ട്. ഗോദ്സെയുടെ ശരീരത്തിൽനിന്ന് ആ നിറം പടർന്നു കയറുന്നത് ബോധപൂർവംതന്നെയാണ് ഉപയോഗിച്ചത്. ചില നിറങ്ങളുള്ള വസ്ത്രങ്ങൾപോലും ഫാഷിസത്തിന്റെ ആണിക്കല്ലായി പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് ചിത്രകാരനെന്നനിലക്ക് ബോധ്യമായതിന്റെ ഫലമായാണ് കളർ സൈക്കോളജിയാണ് ഏറ്റവും കൂടുതൽ തിരഞ്ഞടുത്തതെന്ന് നോവലിന്റെ ചിത്രങ്ങൾ കാണുമ്പോൾ വായനക്കാരന് മനസ്സിലാകും. താങ്കളുടെ ചോദ്യവും അതിനെ അടിസ്ഥാനപ്പെടുത്തിയതാണെന്ന് ഞാൻ കരുതുന്നു.
മലയാളത്തിലെ നിലവിലുള്ള സാഹിത്യപരിശ്രമങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടല്ലോ? സോഷ്യല്‍ മീഡിയ ഉപയോഗിച്ചും അല്ലാതെയും തങ്ങള്‍ എഴുതുന്നത് വായനക്കാരിലെത്തിക്കാന്‍ എഴുത്തുകാര്‍ തന്നെ നടത്തുന്ന ശ്രമങ്ങളെ എങ്ങനെ വിലയിരുത്തുന്നു? പുസ്തകം കൂടുതല്‍ ആളുകളില്‍ എത്തിക്കാന്‍ ഇത്തരം സൗകര്യങ്ങള്‍ ഗുണകരമല്ലേ? പുസ്തകം ഒരു ഉൽപന്നമാണെങ്കിലും അവ അഭിവാദ്യംചെയ്യുന്നത് സംസ്കാരത്തെയും ബൗദ്ധികതലങ്ങളെയുമാണെന്ന വാദവും ഇതോടൊപ്പമുണ്ട്?
വിനോദ് കൃഷ്ണ: ഷെയിംലെസ് സെൽഫ് പ്രമോഷൻ ഒക്കെ കൊള്ളാം. അതൊരു സോഷ്യൽ മീഡിയ തിയറിയാണ്. പക്ഷേ, നല്ല സാഹിത്യത്തിന് അത് ബാധകമല്ല. സാഹിത്യകാരന്മാർ ബുക്ക് സെല്ലേഴ്സ് ആയി മാറിയ ഒരു സാഹചര്യമാണ് നിലവിൽ മലയാളത്തിലുള്ളത്. പുസ്തകം വിൽക്കുന്നത് സത്യത്തിൽ സാഹിത്യകാരന്റെ പണിയല്ല. എഴുത്തുകാരന്റെ ജോലിയും ധർമവും വേറെയാണ്. സാഹിത്യം ഒരു പ്രോഡക്ട് ആയി മാറിയതിന്റെ ദുരന്തമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. mediocrityയുടെ ആഘോഷമാണ്. വലിയ എഴുത്തുകാർപോലും സോഷ്യൽ മീഡിയയിൽ ഇടത്തരം കൃതികളെ, കഥകളെ എൻഡോസ് ചെയ്യുന്നു. സാഹിത്യം പ്രോഡക്ട് ആയി മാറിയതിന്റെ കുഴപ്പമെന്താണെന്ന് വെച്ചാൽ അതിനൊരു എക്സ്പയറി ഡേറ്റ് ഉണ്ടാവും എന്നുള്ളതാണ്. എന്റെ ക്രെഡിബിലിറ്റി എനിക്ക് പ്രധാനമാണ്. സാഹിത്യം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. വളരെ ലാഘവത്തോടെ എന്തെങ്കിലും എഴുതിക്കളയാം എന്ന ചിന്ത എനിക്കില്ല. അലൻ പോയെ വായിച്ചിട്ടുള്ള ഒരാൾക്ക് മലയാളത്തിലെ ക്രൈം ഫിക്ഷൻ നേരംപോക്ക് വായനയായിട്ടേ തോന്നൂ. മലയാളത്തിലെ OTT സാഹിത്യമാണ് പുതിയ ക്രൈം ഫിക്ഷൻ. ഈയിടെ ഒരു ക്രൈം ഫിക്ഷൻ എഴുതുന്ന ആൾ, മലയാള സാഹിത്യം ഡയറി എഴുത്താണെന്ന് പറഞ്ഞതു കേട്ടു. ലോകത്തെ മാറ്റിമറിച്ച ഒരു പുസ്തകം ഡയറിക്കുറിപ്പായിരുന്നു എന്നേ പറയാനുള്ളൂ. അനുഭവം സാഹിത്യമാണ്.
ചിത്രകലയോടുള്ള ഇഷ്ടം ഒന്നുകൊണ്ടുമാത്രം, ആ വഴിയേതന്നെ സഞ്ചരിക്കാന്‍ തീരുമാനിച്ച ഒരാളാണ്. പിന്നീട്, ഇന്ത്യയിലും വിദേശത്തും അനേകം ചിത്രകലാപ്രദര്‍ശനങ്ങളില്‍ സാന്നിധ്യമായി. ലളിതകലാ അക്കാദമി അവാര്‍ഡ് കിട്ടിയിട്ടുണ്ട്. സ്വന്തം ചിത്രകലാന്വേഷണങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
തോലില്‍ സുരേഷ്: താനൂർ ഒട്ടുംപുറം കടപ്പുറത്താണ് ഞാൻ ജനിച്ചതും വളർന്നതുമൊക്കെ. പടിഞ്ഞാറ് കടലും കിഴക്ക് പുഴയും പറങ്കിമാവിൻ തോട്ടവുമൊക്കെയുള്ള പ്രദേശം. അവിടെനിന്ന് പുഴ കടന്നാൽ പുറംലോകമായി. സ്കൂൾ, കോളജ് പഠനങ്ങളെല്ലാം നടക്കുന്നത് പുഴ കടന്നുള്ള പുറംലോകത്താണ്. സഹോദരങ്ങളുടെ വര കണ്ടിട്ടാണ് വരച്ചുതുടങ്ങുന്നത്. പുഴയും കടലുമൊക്കെ ചേർന്ന ഒരിരുണ്ടലോകം തന്നെയായിരുന്നു ഞാനന്ന് വരച്ചിരുന്നത്. സ്കൂളിലെയും കോളജിലെയും അധ്യാപകർക്ക് ആ ലോകം അപ്രാപ്യമായിരുന്നോ എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. കടപ്പുറവും മുക്കുവരും തോണികളും പരിചയിച്ച ഒരു കുട്ടിക്ക്, ഇതിനപ്പുറം എന്തു വര. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തപാലിലൂടെ ഒരു ചിത്രകലാ കോഴ്സ് ചെയ്യുന്നത്. മദിരാശിയിൽനിന്നുള്ള ശാന്തനുവിന്റെ ചിത്രകലാ വിദ്യാലയത്തിൽനിന്ന്. അവർ അയച്ചു തന്ന പുസ്തകത്തിൽനിന്നാണ് ഗ്രാഫ് ഉപയോഗിച്ച് ചിത്രം വരക്കുന്ന രീതി മനസ്സിലാക്കുന്നത് -എന്നാൽ അവരുടെ പഠനരീതിക്ക് ഒരു കാർട്ടൂൺ സ്വഭാവമായിരുന്നു. പിന്നീട്, പ്രീഡ്രിഗ്രി ഫസ്റ്റ് ഇയർ പഠിക്കുന്ന സമയത്താണ് റാഡിക്കൽ ഗ്രൂപ്പിനെക്കുറിച്ചൊക്കെ അറിയുന്നത്. ആകസ്മികമായാണ് പി.എസ്.എം.ഒ കോളജിലെ മലയാളം അധ്യാപകൻ റാഡിക്കൽ ഗ്രൂപ് പ്രസിദ്ധീകരിച്ച ഒരു ടാബ്ലോയ്ഡ് എനിക്ക് തന്നത്. മുക്കുവരും തോണികളും വലിയ മീനുകളുമായിരുന്നു അവർ വരച്ച ചിത്രങ്ങളിൽ കണ്ടത്. ഇതൊക്കെ ഞാനിടക്ക് വരക്കുന്ന ചിത്രങ്ങളാണല്ലോ എന്നെനിക്ക് തോന്നി. ആ സമയത്താണ് കോഴിക്കോട്ടെ ആർട്ട് ഗാലറിയിൽ അവർ വരച്ച ചിത്രങ്ങളുടെ പ്രദർശനത്തെക്കുറിച്ച് പത്രങ്ങളിലൂടെ അറിയുന്നത്. അമ്മ കോളജിൽ പോകാൻ തന്ന പൈസയുംകൊണ്ട് താനൂരിൽനിന്ന് കോഴിക്കോട്ടേക്ക് ബസ് കയറി. അന്ന് പാളയം ബസ് സ്റ്റാൻഡ് മാത്രമേയുള്ളൂ. ബസ് സ്റ്റാൻഡിലെ ബുക്സ്റ്റാളിൽ കയറി ആർട്ട് ഗാലറി അന്വേഷിച്ച് കണ്ടുപിടിച്ചു. ഗാലറിയിൽ ചെന്നപ്പോൾ പുകവലിച്ചുകൊണ്ടിരിക്കുന്ന ഒരു യുവതിയും മുടി നീട്ടിവളർത്തിയ ചെറുപ്പക്കാരും എെന്താക്കെയോ സംസാരിക്കുന്നു. ഗാലറിയിൽനിന്ന് പ്രദർശനം കണ്ടിറങ്ങുമ്പോൾ എന്നെ സംബന്ധിച്ച് അതൊരു വലിയ അത്ഭുതമായിരുന്നു. ഇങ്ങനെയും ചിത്രങ്ങളുണ്ടെന്നും ഇത്തരത്തിലുള്ള ചിത്രം വരക്കാനാവുമെന്നുമൊക്കെ അക്കാലത്താണ് തോന്നിത്തുടങ്ങിയത്. എന്നാൽ, പിന്നീട് ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ വളരെ കാൽപനികമായാണ് തോന്നിയിട്ടുള്ളത്. കാരണം, കടപ്പുറത്തെ ജീവിതം വരച്ചുവെച്ചു എന്നു പറയുന്ന ഇവരുടെ ചിത്രങ്ങളുടെ നരേഷൻ അരികുവത്കരിക്കപ്പെട്ട സ്വഭാവമൊന്നുമായിരുന്നില്ല. വിക്ടോറിയ കോളജിലായിരുന്നു ഡിഗ്രി പഠനം. കോളജിലെത്തിയതോടെ കുറച്ച് സ്വാതന്ത്ര്യമൊക്കെയുണ്ടായി. അന്ന് പാലക്കാട്ട് വാൻ ഗോഗിന്റെ പേരിൽ നടത്തിയിരുന്ന ഒരു ചിത്രകലാ വിദ്യാലയമുണ്ടായിരുന്നു. ആ കാലയളവിലെ വൈകുന്നേരങ്ങളിലായിരുന്നു അവിടെ പോകുന്നത്. ആരെയും പ്രത്യേകിച്ചൊന്നും ബോധിപ്പിക്കേണ്ട എന്നൊരു തോന്നലൊക്കെ ആ സമയത്താണുണ്ടാകുന്നത്. കവിതകളെഴുതുന്ന മദൻ കുമാർ, ഡോ. കെ.പി. രവിചന്ദ്രൻ, കാമ്പസിൽ വന്നിരുന്ന ചിത്രകാരനും നാടക സംവിധായകനുമായിരുന്ന സാംകുട്ടി പട്ടം കരി, നാടക സുഹൃത്തുക്കളായ ഷാജി പട്ടാമ്പി, കാമ്പസിലെ അധ്യാപകസുഹൃത്തുക്കളായിരുന്ന ഐ. ഷൺമുഖദാസ്, എം.ജി. ശശിഭൂഷൺ, സാറാ ജോസഫ്, വിനയാ രാമമൂർത്തി... ഇവരൊക്കെ കാമ്പസിലുണ്ടായിരുന്നതുകൊണ്ട് ചിത്രകലയും കാമ്പസ് നാടകങ്ങളുടെ ചർച്ചകളുമൊക്കെ ഭാവി ചിത്രകലാന്വേഷണത്തിന്റെ വഴികളിലേക്കുള്ള വെളിച്ചമായി മാറി. ഇതിന്റെ തുടർച്ചയായാണ് മുംബൈയിലെത്തുന്നത്. മുംബൈയായിരുന്നു ചിത്രകല കൂടുതലറിയാനും ചിത്രംകൊണ്ടേ ഇനി ജീവിക്കാൻ കഴിയൂ എന്ന തോന്നലുമൊക്കെയുണ്ടാവുന്നത്. പിന്നീട്, മുംബൈ ഉപേക്ഷിച്ച് നാട്ടിൽ സ്ഥിരതാമസമാക്കി. പിന്നീട്, കോഴിക്കോട് ചേവായൂരിൽ ചിത്രകാരൻ അശോകൻ ആദിപ്പുരയിടത്തുമൊത്ത് സ്റ്റുഡിയോ എടുത്ത് ചിത്രങ്ങൾ വരച്ചു തുടങ്ങി. അക്കാലത്താണ് പെയിന്റിങ്ങിനുള്ള ലളിതകല അക്കാദമിയുടെ പുരസ്കാരമൊക്കെ ലഭിക്കുന്നത്.
'9 MM ബെരേറ്റ' പുസ്തകരൂപത്തില്‍ എന്നാണ് വായനക്കാരില്‍ എത്തുക? നോവലിനൊപ്പം പ്രസിദ്ധീകരിച്ച ചിത്രങ്ങള്‍ പുസ്തകത്തില്‍ ഉണ്ടാകുമോ?
വിനോദ് കൃഷ്ണ: പുസ്തകം ആഗസ്റ്റ് മാസം അവസാനം ഇറങ്ങുമെന്നാണ് കരുതുന്നത്. പുസ്തകത്തിൽ ചിത്രങ്ങൾ ചേർക്കണമെന്നുള്ളത് എന്റെയും വലിയ മോഹമായിരുന്നു. പക്ഷേ, പ്രസാധകരുടെ വിവേചനാധികാരമാണല്ലോ അതെല്ലാം. രണ്ടുമൂന്ന് അധ്യായങ്ങൾ കഴിഞ്ഞപ്പോൾതന്നെ ഇലസ്ട്രേഷന്റെ പോയറ്റിക് വശം എനിക്ക് പിടികിട്ടിയിരുന്നു. അദ്ദേഹം ഓരോ ചിത്രത്തിനും ചെലവാക്കിയ ഊർജത്തെക്കുറിച്ച് ഞാൻ ബോധവാനുമായിരുന്നു. ഈ ചിത്രങ്ങളെല്ലാം ചേർത്തുള്ള ഒരു സോളോ എക്സിബിഷൻ ചെയ്യണമെന്ന് അതിയായി ആഗ്രഹിക്കുന്നു. മാന്വൽ ഡ്രോയിങ്ങും ഡിജിറ്റൽ ആർട്ടും ചേർന്ന ആവിഷ്കാര രീതിയാണ് അദ്ദേഹം ഉപയോഗിച്ചത്. ചില ഇമേജുകൾ കാമറയിൽ ഷൂട്ട് ചെയ്ത് റീ ക്രിയേറ്റ് ചെയ്തിട്ടുപോലുമുണ്ട്. ഇങ്ങനെ ഒരുപാട് സമയവും ചിന്തയും ഉപയോഗിച്ചു സൃഷ്ടിച്ച ചിത്രങ്ങൾ അടയാളപ്പെടുത്തണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു. ബെരേറ്റ ചിത്രങ്ങൾ എന്നാണ് ഒരു സുഹൃത്ത് വിശേഷിപ്പിച്ചത്. ചില ചിത്രങ്ങൾ കണ്ടതിനുശേഷം അധ്യായങ്ങൾ മാറ്റി എഴുതണമെന്നുപോലും കരുതിയിരുന്നു.
'കണ്ണ് സൂത്രം', 'ഉറുമ്പ് ദേശം' എന്നീ രണ്ടു കഥാസമാഹാരങ്ങള്‍ വിനോദ് കൃഷ്ണയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആ കഥകളിലും സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട കഥകളിലും നോവലിലും രാഷ്ട്രീയംതന്നെയാണ് പ്രമേയങ്ങള്‍. ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ് നമ്മള് രാഷ്ട്രീയം പറയുക എന്ന ചോദ്യം ഇവയിലെല്ലാം അന്തര്‍ലീനമാണ്. ലിറ്ററേച്ചറിലെ പ്രത്യക്ഷ രാഷ്ട്രീയം എന്ന സംവാദത്തെ താങ്കള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു?
വിനോദ് കൃഷ്ണ: നാം രാഷ്ട്രീയത്തിൽ ഇടപെട്ടില്ലെങ്കിൽ രാഷ്ട്രീയം നമ്മളിൽ ഇടപെടും -ഇത് നമുക്കൊക്കെ അറിയാവുന്ന കാര്യമാണ്. എല്ലാ സർഗപ്രക്രിയകൾക്കും ഇത് ബാധകമാണ്. ഞാൻ കാൽപനികമായ കഥകളും വള്ളുവനാടൻ എഴുത്തുഭാഷയും നെഞ്ചിലേറ്റി നടക്കുന്ന കാലം. കുന്നത്തൂർ രാധാകൃഷ്ണേട്ടനാണ് എന്നെ വഴിതിരിച്ചുവിട്ടത്. യു.പി. ജയരാജിനെയും എം. സുകുമാരനെയും പട്ടത്തുവിളയെയും പി.കെ. നാണുവിനെയും കൈയിലേക്ക് വെച്ചുതന്നു. വസന്തത്തിന്റെ ഇടിമുഴക്കത്തെപ്പറ്റി എന്നെ ബോധവാനാക്കിയത് അദ്ദേഹമാണ്. അന്നൊന്നും ഞാൻ എഴുതുമായിരുന്നില്ല. 'ചില്ല മാസിക'യുടെ എഡിറ്ററായ ഗിരീഷ് ഏട്ടനാണ് എന്നെ കഥ എഴുത്തുകാരനാക്കിയത്. എഴുത്തിലെ കാൽപനിക ജീവിതവും സമരജീവിതവും അതിന്റെ എല്ലാ ശക്തിയോടുംകൂടി ഗിരിയേട്ടനും രാധാകൃഷ്ണേട്ടനും എനിക്ക് പകർന്നുതന്നു. ഈ അനുഭവങ്ങൾ സമ്മാനിച്ച ഊർജമാണ് 'വാസ്കോ പോപ്പ' എഴുതാൻ പിൽക്കാലത്തു പ്രേരണയായത്. എന്നെ സംബന്ധിച്ച് എഴുത്ത് സമരമാണ്. അമർഷങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് ഡൽഹിയിൽ പോകാൻ കഴിയില്ല. എനിക്ക് വശമുള്ള ഒരു ഫോമിലൂടെ മാത്രമേ അത് പ്രകടിപ്പിക്കാൻ പറ്റൂ. ഞാൻ ജീവിക്കുന്ന കാലത്തിന്റെ മരണ സർട്ടിഫിക്കറ്റ് ആണ് എന്റെ കഥകൾ. സാഹിത്യത്തിന്റെ DNA തന്നെ പ്രതിരോധമാണ്. അത് പ്രൊപഗാന്റയാവാതെ കഥയാക്കുമ്പോഴാണ് മികച്ച കലാസൃഷ്ടിയാവുന്നത്. കഥയിൽ ഞാൻ സമൂഹത്തിന്റെ വിചാരങ്ങൾ ഒളിച്ചു കടത്താറുണ്ട്. എന്റെ എഴുത്ത് അത്രയൊന്നും ലൗഡ് അല്ല. എനിക്ക് സംസാരിക്കാൻ പാർലമെന്റോ തെരുവോ മൈക്കോ ഇല്ല, കഥകളേ ഉള്ളൂ. രാഷ്ട്രീയം സാഹിത്യത്തിൽനിന്നു അടർന്നു നിൽക്കുന്ന, നിൽക്കേണ്ട ഒന്നല്ല. ജനാധിപത്യത്തിൽ ഫാഷിസം ആവാമെങ്കിൽ, സാഹിത്യത്തിൽ രാഷ്ട്രീയമാകാം.
വിദ്യാഭ്യാസ കാലത്ത് ധാരാളം കഥകള്‍ എഴുതിയിട്ടുണ്ട് തോലില്‍ സുരേഷ്. പിന്നീട് ചിത്രകലയിലേക്ക് താല്പര്യം വഴിതിരിഞ്ഞുപോയി. ഇപ്പോഴും കഥകള്‍ എഴുതുന്നുണ്ടോ? വാക്കും വരയും തമ്മിലുള്ള പാരസ്പര്യം സ്വാനുഭവമായി പറയുന്നത് കേള്‍ക്കാന്‍ താല്പര്യമുണ്ട്?
വിനോദ് കൃഷ്ണ: സുരേഷേട്ടന്റെ മകള്‍ കനിമൊഴി കഥകള്‍ എഴുതുന്നുണ്ട്. ഈയിടെ 'കാഴ്ചകളും വഴികളും' എന്നൊരു ഗംഭീരകഥ കണ്ടിരുന്നു.
തോലില്‍ സുരേഷ്: ചിത്രം വരക്കാൻ കഴിയാത്തത് എഴുതിയാണ് തീർത്തിരുന്നത്. കഥകൾ ഉണ്ടായത് അങ്ങനെയാണ്. 1991ലെ വിക്ടോറിയ കോളജിലെ ഡിഗ്രി പഠനകാലത്താണ് കഥകൾ എഴുതുന്നത്. നാൽപത്തിരണ്ടോളം കഥകൾ എഴുതിയിട്ടുണ്ട്. മേതിൽ രാധാകൃഷ്ണൻ, ഒ.വി. വിജയൻ, വിക്ടർ ലീനസ്, യു.പി. ജയരാജ്, ടി.ആർ. സക്കറിയ, എൻ.എസ്. മാധവൻ ഇവരൊക്കെയായിരുന്നു അന്നത്തെ എന്റെ പ്രധാന എഴുത്തുകാർ. അന്ന് കാമ്പസിലെ ഇന്റലക്ച്വൽ ആയ എഴുത്തുകാർ ടി. ശ്രീവത്സനും (ആംബുലൻസ് കഥാസമാഹാരം) മദനനും കെ.പി. രവിചന്ദ്രനുമൊക്കെയായിരുന്നു. കെ.വി.എസുമായി ബന്ധമുള്ള അന്നത്തെ ആ സൗഹൃദത്തിലെ ഏക ചിത്രകാരൻ ഞാനായിരുന്നു. അതുകൊണ്ടുതന്നെ എഴുതിവെച്ചതൊന്നും അവരെ കാണിച്ചില്ല. മൂന്നു വർഷം മുമ്പ് കഥാകൃത്ത് സുഭാഷ് ഒട്ടുംപുറം കടപ്പുറത്തെ തറവാട്ട് വീട്ടിൽ വന്നപ്പോൾ ഞാൻ കഥകൾ എഴുതിവെച്ച കാര്യം സൂചിപ്പിക്കുകയും അതെല്ലാം ഒരു സമാഹാരമാക്കാനിരിക്കുകയാണെന്നും പറഞ്ഞു. ഇതൊക്കെയാണ് എന്റെ കഥാ പരിശ്രമങ്ങള്‍. മകൾ എഴുതുകയും വരക്കുകയും ചെയ്യാറുണ്ട്. മകൾ എഴുതുന്നതിൽ നല്ല സന്തോഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.