ഏപ്രിൽ 22ന് വിടപറഞ്ഞ കവിയും സംഗീതജ്ഞനുമായ ബിനു എം. പള്ളിപ്പാടിെന്റ ദീർഘ കവിതകളടക്കം രചനകളിൽ നല്ലപങ്കും വന്നത് മാധ്യമം ആഴ്ചപ്പതിപ്പിലാണ്. അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചാണ് സുഹൃത്തും കവിയുമായ ലേഖകന്റെ ഇൗ പഠനം.
വസന്തം
നിയതവായനകളെ മറികടക്കുന്ന/ അട്ടിമറിക്കുന്ന ഉള്ളെഴുത്തുകളുടെ സാന്നിധ്യം ഏതൊരു ഭാഷയിലെ എഴുത്തിലുമുണ്ടാവാം. ഉള്ളെഴുത്തുകളെ എഴുത്തില്‍ കലര്‍ത്താന്‍ കൂടുതല്‍ അനുയോജ്യമായ സാഹിത്യരൂപം കവിതയാണെന്ന് തോന്നുന്നു. കവിതകളില്‍ ഒളിഞ്ഞും തെളിഞ്ഞും കണ്ടുവരുന്ന ഉള്ളെഴുത്തുകളെ ഉള്ക്കവിതകളെന്ന് വിളിക്കാവുന്നതാണ്. കവിതകളുടെ സാമാന്യവായന സാധ്യമാകുന്നതുപോലെ ഉള്‍ക്കവിതകള്‍ വായനക്ക് വഴങ്ങിക്കൊള്ളണമെന്നില്ല. കവിതകളെപ്പോലെ ഉള്‍ക്കവിതകള്‍ ആദ്യവായനകളില്‍ തിരിച്ചറിയപ്പെടണമെന്നുമില്ല. ഒഴുക്കിനെപ്പോലെ ഉള്ളൊഴുക്കുകള്‍ അതിന്റെ മലരികളെയും ചുഴികളെയും വെളിപ്പെടുത്തുകയില്ലെന്ന് ചുരുക്കം.
ഉള്ക്കവിതകളെ വേര്‍തിരിച്ചറിയാനും വായിച്ചെടുക്കാനും പാരമ്പര്യേതരമായ സാമൂഹിക-രാഷ്ട്രീയ ചരിത്രാവബോധവും ഭാവുകത്വവും ജീവിതാനുഭവ സമാനതകളും ആവശ്യമാണെന്ന് തോന്നുന്നു. ജനാധിപത്യപരമായ സഹവര്‍ത്തിത്വവും സാമൂഹിക നീതിബോധവും മുഖ്യധാരാ ഹിംസകളോടുള്ള ചെറുത്തുനില്‍പ്പും അധീശ പൊതുബോധത്തോടുള്ള വിയോജിപ്പും, ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും ഇതിന്റെ ഭാഗമാണ്. എഴുത്തുപോലെതന്നെ നീതിമൂല്യങ്ങളില്, പ്രതിരോധങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള വായനയും ഒരു രാഷ്ട്രീയ പ്രവൃത്തിയാണ്. പാരമ്പര്യേതരമായ എഴുത്തിനെ/കവിതയെ അഥവാ ഉള്ളെഴുത്തിനെ/ഉള്‍ക്കവിതയെ അഭിമുഖീകരിക്കാനും തിരിച്ചറിയാനും ആഴവും പരപ്പുമുള്ള വേറിട്ട വായനയും ഭാവുകത്വവും ഉണ്ടാവേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു സമീപനം വിവിധ നിലകളില്‍ ആവശ്യപ്പെടുന്ന കവിതകളാണ് ബിനു എം. പള്ളിപ്പാടിന്റേത്.
ഈ അഭിപ്രായം എന്റേത് മാത്രമാണെന്നോ, ഇത് ബിനുവിന്റെ കവിതകള്ക്കുമാത്രമിണങ്ങുന്ന പരാമര്‍ശമാണെന്നോ അവകാശപ്പെടുന്നില്ല. സമകാലികരായ പലരുടെയും കവിതകളോട് ചേര്‍ത്തുവെച്ച് ഈ പരാമര്‍ശങ്ങളെ വായിക്കാമെങ്കിലും, ബിനുവിന്റെ കവിതകളോളം അവയെ പ്രതിഫലിപ്പിക്കുന്ന രചനകള്‍ അധികമില്ലെന്ന് തോന്നുന്നു. തീര്‍ച്ചയായും ഇതെന്റെ കാഴ്ചയുടെയും വായനയുടെയും അഴിച്ചെടുക്കലിന്റെയും പരിമിതിയാവും എന്നു അടിവരയിട്ടുകൊണ്ട് എന്റെ അനുഭവത്തില്‍ ബിനുവിന്റെ കവിതകളില്‍ തെളിഞ്ഞുകണ്ട ചില ചിത്രങ്ങളെ എഴുതാന്‍ ശ്രമിക്കുകയാണ്.
''എന്റെ വംശത്തിന് കഥ/എഴുതിവച്ചീടാന് പണ്ടീ/ ഉര്വിയിലൊരുവരുമില്ലാതെ/പോയല്ലോ'' എന്ന 'ഖേദ'ത്തോട് കൂടിയുള്ള പൊയ്കയില്‍ അപ്പച്ചന്റെ ഓർമപ്പെടുത്തലിനെ നെഞ്ചിലേറ്റി എഴുത്തിലേക്കും അതുവഴി ചരിത്രത്തിലേക്കും തന്റെ ദേശത്തേയും 'അടിമസന്തതി'കളുടെ തുടര്‍ച്ചയെയും അടയാളപ്പെടുത്തിയ ഉത്തരാധുനിക എഴുത്തുകാരില്‍ പ്രമുഖനാണ് ബിനു എം. പള്ളിപ്പാട്. ചിത്രകലയുടെയും സംഗീതത്തിന്റെയും സിനിമയുടെയും ഭാഷകള്‍ വേര്‍തിരിച്ച് എടുക്കാനാവാത്തവിധം കവിതയില്‍ കലര്‍ത്തി ബിനു ദേശത്തെയും ദേശസന്തതികളെയും ദേശപ്രകൃതിയെയും എഴുതുമ്പോള്‍ നാളിതുവരെയുള്ള എഴുത്തുകളില്‍ 'ഒരക്ഷര'മായിപ്പോലും പരാമര്‍ശിക്കപ്പെടാതിരുന്ന 'വംശത്തി'ന്റെ ചരിത്രമാണ് തെളിയുന്നത്. കവിതകളിലൂടെ മാത്രമല്ലാതെ ബിനുവിനെ അറിയുന്നവര്‍ക്കും 'ഫോളോ' ചെയ്യുന്നവര്‍ക്കുമറിയാം ചിത്രകലക്കും സംഗീതത്തിനും സിനിമക്കും മറ്റും ബിനുവിന്റെ കലാജീവിതത്തിലുള്ള സ്ഥാനം. സൂചിതകലകളുടെ ഇരുളും വെളിച്ചവും വീണുകിടക്കുന്ന കവിതകളെഴുതുന്ന കവികളെയും മറ്റെഴുത്തുകാരെയും കണ്ടെത്താമെങ്കിലും ബിനുവിന്റെ തെരഞ്ഞെടുപ്പുകളും അവതരണവും ബിനുവിനെ മറ്റുള്ളവരില്‍നിന്ന് ഏറെ വ്യത്യസ്തനാക്കുന്നു. സവിശേഷമായൊരു സാമൂഹിക-രാഷ്ട്രീയ കാഴ്ചപ്പാടും വ്യതിരിക്തമായ ഭാവുകത്വവും ലാവണ്യബോധവുമാണ് ബിനുവിന്റെ തെരഞ്ഞെടുപ്പുകളെ തീരുമാനിക്കുന്നത്. അരക്ഷിതവും അപകടം നിറഞ്ഞതുമായ തെരഞ്ഞെടുപ്പുകളുമായി മുമ്പോട്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കലയിലായാലും ജീവിതത്തിലായാലും. ബിനു അത് ചെയ്യുന്നു എന്നതാണ് ബിനുവിന്റെ കവിതകളെപ്പോലെ ബിനുവിനെയും കൂട്ടത്തില്‍ ഒരാളാവാതെ ഒറ്റക്ക് നിലനിര്‍ത്തുന്നത്.
ഗ്രീഷ്മം
എവിടെയെങ്കിലും ബ്രഷ് സ്ട്രോക്ക് വീഴാത്ത ഒരൊറ്റ കവിതപോലും ബിനുവിന് ഉണ്ടെന്ന് തോന്നുന്നില്ല. ചിലതില്‍ അവ അടിമുടി പ്രകടമാണ്. ചിലതില്‍ ബ്രഷിന്റെ തൊടലുകള്‍ക്കൊപ്പം നൈഫിന്റെ തോണ്ടലും തേക്കലുകളും കാണാം. ചിലതില്‍ ഇതോടൊപ്പം ഫോട്ടോഗ്രഫികൂടി അലിഞ്ഞിട്ടുള്ളതായി കാണാം. ഒരു നാട്ടുപാതയിലേക്ക് എന്നപോലെ ബിനുവിന്റെ ദേശത്തിലേക്ക്/ കാന്‍വാസിലേക്ക് നിറങ്ങളോടൊപ്പം ചിത്രകാരന്മാരും സംഗീതത്തോടൊപ്പം സംഗീതജ്ഞരും വിഷ്വലുകള്‍ക്കൊപ്പം സിനിമാക്കാരും കടന്നുവരുന്നു. ചിത്രകലയുടെ/ഫോട്ടോഗ്രഫിയുടെ/സിനിമയുടെ 'അപഹാരം' ഏറിയും കുറഞ്ഞും പ്രകടമാക്കുന്ന കവിതകളാണ് പാലറ്റ്, സാപ്ഗ്രീന്‍, ആമ്പലും തീയും, കണ്‍മതിപ്പ്, ചിപ്രന്‍, കള്ളക്കഴുവേറി, കുയില്‍ കുടി, ജുഗല്‍ബന്ദി, പോസ്റ്റര്‍, അന്വയം, ജംപേ തുടങ്ങിയവ. ഇവ ഉദാഹരണങ്ങള്‍ മാത്രം. സൂചിതകവിതകളില്നിന്നുള്ള ചിലഭാഗങ്ങള്‍ 'വായിച്ചു കാണുക'.
മഞ്ഞയും/ബ്രൗണും കൊടുക്കണം/വിളഞ്ഞ പാടത്തിന്/.../മുറ്റത്തെ/ഒറ്റാലിനകത്തെ/കോഴിക്കുഞ്ഞിന്/ഐവറിയില്‍/ചെമ്പുകൊണ്ട്/ചെറുതായി/തൊട്ടുവിടണം (പാലറ്റ്).
പലവിതാനങ്ങളില്‍/പച്ചയിലേക്ക് പോകും/.../ചൂട്ടുകറ്റയില്‍/നാമൊന്നിച്ചൊരു/മഞ്ഞ/ഉത്സവത്തിന് പോകും (സാപ്ഗ്രീന്‍).
തിണര്‍ത്ത ഞരമ്പുപോലെ/ ഉണങ്ങിയ ചെമ്മണ്‍പാതയ്ക്കപ്പുറം/ചോന്നുതുടുത്ത പട്ടത്തിനെ/ഇരുള് സംരക്ഷിക്കുന്നുണ്ട്/കാറ്റടങ്ങി നിശ്ശബ്ദമായ/ ആ പകര്ച്ചയില്/രണ്ട് വലിയ പക്ഷികള്‍/അത്ര ദുഃഖികളല്ലാതെ/അതിനുള്ളിലേക്ക്/മെല്ലെ നീങ്ങുന്നുണ്ട് (ആമ്പലും തീയും).
പറക്കും ഷാളില്‍/നിന്നുവരും/വിയര്‍പ്പുമണം/ഉള്ളില്‍ /വയലറ്റും ബ്ലാക്കും ചേര്‍ന്ന/മേവ് എന്ന നിറമുണ്ടാക്കും (കണ്‍മതിപ്പ്).
പച്ചതൊടാതെ/മരം വരച്ചു/തീയ് എന്ന നിറംകൊണ്ട്/മുന്നു വീടുകള്‍/വരച്ചു/ അത്രയേറെ/കനലുണ്ടായിട്ടും/മേഞ്ഞ പുല്ല്/ആളിയില്ല (ചിപ്രന്‍).
കൊത്തിയ ചൂണ്ടയുടെ/കറുത്ത കൊച്ചുവള്ളം/വെള്ളത്തലപ്പില്/കുത്തിപ്പൊങ്ങി കറങ്ങി (കള്ളക്കഴുവേറി).
ഉത്സവം കഴിഞ്ഞ്/അടുക്കിനിര്ത്തിയ/അയ്യനാരുടെ/മണ്‍കുതിരകളുടെ/കണ്ണിലെ നീലയും/ കഴുത്തിലെ ചെമ്പും/ഒലിച്ചിറങ്ങി (കുയില്‍ കുടി).
അയാളുടെ കിഴക്കിപ്പോള്‍/മഞ്ഞ പതഞ്ഞുയരും കാറ്റ്/കതിരിന് തിരതല്ലും കടല്‍/അതയാള്‍ കാണുന്നില്ല (ജുഗല്‍ബന്ദി).
കത്തുന്ന പച്ചയില്‍/പുല്ലും പാളയും/കൊയ്ത്തുത്സവങ്ങളുടെ/കാളത്തലയും വരച്ചു/അതിനിടയിലെല്ലാം/ മറ്റൊരുവന്/മഞ്ഞയിലും കറുപ്പിലും/പുലിയും പൂക്കളും ചാലിച്ച്/നീട്ടിനീട്ടിയെടുത്തു (പോസ്റ്റര്‍).
നെല്ലിന് മീതേ/പറക്കുന്ന കൊക്കുകള്‍ക്കൊപ്പം/ഓടുന്ന കുട്ടികള്‍/ആ കിളികളെ/നിശ്ചലമാക്കുന്നുണ്ട് (അന്വയം).
ഉരിഞ്ഞു പോകുമ്പോള്‍/തൊലിയുടെ ഉള്‍ഭാഗം/റോസ് നിറത്തില്‍/കാണുമ്പോള്‍/രക്തത്തില്‍/രാഷ്ട്രീയപ്പറ്റുള്ളവര്‍ക്ക്/ഒരിത് തോന്നാതിരിക്കില്ല (ജംപേ).
പറ്റ് എന്ന വാക്ക് കടം എന്ന അർഥത്തിലാണ് പൊതുവെ ഉപയോഗിക്കപ്പെടുന്നതെങ്കിലും അതിന് സ്നേഹം, ദയ എന്നിങ്ങനെകൂടി അർഥങ്ങളുണ്ട്. മനുഷ്യപ്പറ്റ് എന്ന വാക്കില്‍ അതതിനെയാണ് സൂചിപ്പിക്കുന്നത്. ജംപേ (ഒരു പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തുകല്‍വാദ്യം) എന്ന കവിതയിലെ 'രാഷ്ട്രീയപ്പറ്റ്' എന്ന വാക്ക് മുമ്പെവിടെയും ഞാന്‍ കാണാത്തതാണ്. ഈ വാക്ക് ബിനുവിന് അവകാശപ്പെട്ടതാണെന്ന് തോന്നുന്നു. അതിന്റെ അർഥം കവിതയിലുണ്ട്.
വയനാട്ടിലെ കനവിലെ യുവചിത്രകാരനാണ് ചിപ്രന്‍. ചിപ്രനെ കൂടാതെ നിരവധി വിഖ്യാത ചിത്രകാരന്മാരും ശിൽപികളും ബിനുവിന്റെ കവിതയിലെ 'കവിതാപാത്രങ്ങ'ളാണ് (പ്രയോഗം ചിത്രകാരനും കവിയുമായ സുധീഷ് കോട്ടേമ്പ്രത്തിന്റേത്). സാല്‍വദോര്‍ ദാലി, രാം കിങ്കര്‍ ബെയ്ജ്, ഭുപന് ഖാക്കര്‍, കെ.പി. കൃഷ്ണകുമാര്‍ ഒക്കെ ഇവരില്‍ ചിലരാണ്. 'ശാന്തിനികേതനിലെ കുഞ്ഞിക്കുട്ടന്‍' എന്ന കവിതയില്‍ രാംകിങ്കറിന്റെ 'കുടുംബം'എന്ന ശിൽപവും, കൃഷ്ണകുമാറിന്റെ 'കള്ളന്', 'കാണ്ടാമൃഗം' എന്നീ ശിൽപങ്ങളും കടന്നുവരുന്നു. രബീന്ദ്രസംഗീതത്തെയും 'എസ്രാജ്' വാദ്യത്തെയും മറികടന്ന് ബാവുള്‍ സംഗീതത്തിലേക്കും അതിന്റെ വാദ്യങ്ങളായ 'ഏക് താര'യിലേക്കും 'ദോതാര'യിലേക്കും രാഷ്ട്രീയപ്പറ്റുള്ള ബിനുവിലെ കവി ആർജവത്തോടെ എത്തുന്നതും ഈ കവിതയില്‍ കാണാം. ചുവടെ ചേര്‍ത്തിട്ടുള്ള വരികള്‍ അത് സാക്ഷ്യപ്പെടുത്തും.
ഇന്ദ്രിയങ്ങളില്‍/രസഗുള പടര്‍ത്തരുത്/അത് നിറയെ/കൊഴുത്ത രബീന്ദ്രസംഗീതമാണ്/.../'എസ്രാജി'ല്‍നിന്നും/'ഏക് താര'യിലേക്കുള്ള ദൂരത്ത്/തൊരുണ്‍ദാസ് ബാവുലിന്റെ/വീടു കണ്ടു.
ബിനുവിന്റെ പല കവിതകളിലെയും ഇമേജറികളുടെ വിന്യാസത്തെ കൃത്യമായി ചിത്രകല, ഫോട്ടോഗ്രഫി, സിനിമ തുടങ്ങിയ സങ്കേതങ്ങളിലേക്ക് ക്രമപ്പെടുത്താനാവില്ലെങ്കിലും ചില കവിതകളിലെ ദൃശ്യവിതാനങ്ങള്‍ ഒറ്റക്കും കൂട്ടായും നമ്മളെ സൂചിത കലകളിലേക്ക് കൊണ്ടുപോകാതിരിക്കില്ല. സ്കൂള്‍, വിന്‍ഡ് ജേര്‍ണി, അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍, മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍സ്, സിലൗട്ട്, തെറോണ്‍, അച്ചട്ട്, മരിച്ചയാള്‍, ചൂണ്ടക്കാരന്, കനി വീഴ്ത്തിയ കാറ്റുകള്‍, പുലിവാഹ, വടകിഴക്കിന്‍ മായവെട്ടങ്ങള്‍ തുടങ്ങിയ കവിതകളിലെ ചിലഭാഗങ്ങളെക്കുറിച്ച് സൂചിപ്പിക്കാതിരിക്കാനാവില്ല.
ഇടിമുഴങ്ങി/വിളക്കിനെ കാറ്റ്/വിരട്ടുമ്പോള്‍/തിളങ്ങും കൊള്ളിയാന്‍/വെട്ടത്തില്‍/ഞങ്ങള്‍ക്കൊരു/കുടുംബഫോട്ടോയുണ്ട് (സ്കൂള്‍).
കൊളമ്പിയന്‍ ബ്രൗണില്‍/കൊയ്ത്തുകാരെ//കാത്തുകിടക്കുന്ന/ഗോതമ്പുപാടം (വിന്‍ഡ് ജേര്‍ണി).
പൊറത്ത്/നെല്ലിരുന്ന്/ചൊറിയുമ്പോള്‍/തോട്ടില്‍/താറാവിനൊപ്പം/അരിവാളുമായി/മുങ്ങിനിവരുന്നു (അവര്‍ കുഞ്ഞിനെ തൊടുമ്പോള്‍).
വിളക്കുവെട്ടത്തില്‍/പെറ്റിക്കോട്ടിട്ട മകള്‍/ഉപ്പൂറ്റിവരെ പുതയുന്ന /ചെളിയില്‍ കാല്‍പുതച്ച്/കുളത്തില്‍/കാടിന്റെ ഇടയിലേക്ക്/ചൂണ്ടച്ചുള്ളികൊണ്ട് അനക്കി/ഒരു തടമുണ്ടാക്കി
അതിലേക്ക് ചൂണ്ടയിടുന്നു/.../ ചാറ്റല്‍ മഴയില്‍ കൊച്ചാട്ടന്റെ വീട്/ചെങ്ങാടത്തിലിരുന്ന് നോക്കുമ്പോള്‍/ചരിയുകയും തിരിയുകയും/ഭൂമിയില്‍നിന്ന് പൊങ്ങുകയും/താഴുകയും ചെയ്യുന്നു (മര്‍ച്ചന്റ് ഓഫ് ഫോര്‍ സീസണ്‍സ്).
കൊയ്തുകൂട്ടിയ കറ്റ/ചുളുങ്ങിയ ബ്രഡ്ഡുപോലെ/നിരനിരയായ്/അടുക്കിവെച്ചിട്ടുണ്ട്/റോഡിന്നിരുവശവും/.../ബള്‍ബുകളാല്‍ /കംപാര്ട്ടുമെന്റുകളായ്/തിരിച്ച ഒരു ട്രെയിന്‍പോലെ/ആ വഴിയങ്ങനെ കിടന്നു (സിലൗട്ട്).
കടവിലെ പാലമരത്തില്‍/പൊട്ടിവന്നു കുരുങ്ങി/നിറം പോയ പട്ടങ്ങള്‍/പടിഞ്ഞാറന്‍ കാറ്റില്‍/വാലൂര്‍ന്നിളകിപ്പറന്നു (തെറോണ്‍).
പെട്ടെന്ന് മഴവീണു/പിറകേയിടി മിന്നിത്തിളങ്ങി/മുറ്റത്തൂടവയൊഴുകി മിനുസമായ്/ഓരോന്നിന് വാലില്ക്കടിച്ചൊന്നായ്/ദൂരെയാറ്റിന്കര ലക്ഷ്യംവെച്ചു (അച്ചട്ട്).
ഇപ്പോഴിരുട്ടും/ഇരുണ്ടവള്ളവും/അവരും ഒറ്റനിറത്തിന്റെ/ചിത്രമായ് നമുക്ക് നിശ്ചയിക്കാം/തുഴയാല്‍ വാരിപ്പിടിക്കും/വെള്ളത്തിന്റെ മൂളലില്‍/വള്ളം പതുങ്ങിക്കുതിച്ചു (മരിച്ചയാള്‍).
സൂര്യനെ പിളര്ത്താനെന്നവണ്ണം/പടിഞ്ഞാട്ട് കിടക്കുന്ന/കറുത്ത വെട്ടുകത്തിയുടെ/വായ്ത്തലപ്പിലൂടെന്നവണ്ണം/പുഞ്ചയ്ക്കും ആറിനും/നടുവിലൂടെ നടന്നു (ചൂണ്ടക്കാരന്).
അവിടുത്തെ/മാന്തണലുകളില്‍/ഉച്ചകയറിയ കൊയ്ത്തുകാര്‍/കാറ്റിലുതിര്‍ന്ന/മാമ്പഴവും ചേര്‍ത്ത് പിഴിഞ്ഞ്/ചോറുണ്ട്/അവിടങ്ങളില്‍ തന്നെ കിടന്നു... (കനി വീഴ്ത്തിയ കാറ്റുകള്‍).
ചെകിള ഇളക്കി/ചോര ഒലിപ്പിച്ച്/അനുസരണയുള്ള/കുഞ്ഞിനെപ്പോലെ/അത് വാലിളക്കി കിടന്നു (പുലിവാഹ).
അന്തംവിട്ട ഗ്രാമങ്ങള്‍/മല്ലികപ്പൂവച്ച മുന്തിരിപ്പെണ്ണുങ്ങള്/വെള്ളരിക്കുഞ്ഞുങ്ങള്/നെല്ലറുക്കുമമ്മമാര്./.../പുളിമരത്തിന് മാത്രമല്ല /കഥയെന്ന് /എരിയും വെയില്/കാവിപ്പിരിവുകള്/പതുങ്ങിയ വേമ്പ്/കരിമ്പിന് പാടങ്ങള്‍/
തെന്ന മരത്തോട്ടങ്ങള്‍/അവയെ ചുറ്റിപ്പായും/ചെമ്പന്‍ ഗ്രാമപാതകള്‍ (വടകിഴക്കിന്‍ മായവെട്ടങ്ങള്‍).
വര്‍ഷം
ഏതൊന്നിനെ കവിതയാക്കി മാറ്റുമ്പോഴും, വിവിധരൂപങ്ങളില്‍ അതിനെ അവതരിപ്പിക്കുമ്പോഴും ബിനു തന്റെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും പ്രബലധാരാ സാഹിത്യ-ഭാവുകത്വ വിമര്‍ശനങ്ങളും ഉതിരാതെ നോക്കുന്നുണ്ട്.
തമിഴ്നാട്ടിലെ ഒരു ഗ്രാമദൃശ്യത്തെ കവിതയാക്കുമ്പോള്‍ 'പുളിമരത്തിന് മാത്രമല്ല കഥ'യുള്ളത് എന്നെഴുതുന്ന ബിനു സാന്ദര്‍ഭികമായി സുന്ദര രാമസ്വാമിയുടെ നോവല്‍ തള്ളിക്കളഞ്ഞവയുടെ കഥകളുടെ രാഷ്ട്രീയത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. സൂചിതകവിത അത്തരം ജീവിതങ്ങളിലേക്ക്/ദൃശ്യങ്ങളിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. വംഗനാട്ടിലെത്തുമ്പോഴും ബിനുവിന്റെ കവിത രബീന്ദ്രസംഗീതത്തോടല്ല മറിച്ച് അരികുവത്കരിക്കപ്പെട്ട ബാവുള്സംഗീതത്തോടും സന്താളന്മാരോടും ഒപ്പമാണ് നിലയുറപ്പിക്കുന്നതെന്ന് നമ്മള് കണ്ടതാണ്.
ബിനുവിന്റെ കവിതകളില്‍ പരക്കെ കടന്നുവരുന്ന മുഖ്യദേശം കുട്ടനാടാണ്. മറ്റൊരു ദേശം തമിഴ്നാടാണ്. ബംഗാളും ബിനുവിന്റെ കാവ്യദേശമാണ്. 'വടകിഴക്കിന്‍ മായവെട്ടങ്ങള്‍' കൂടാതെ തമിഴകം കാവ്യപരിസരമാകുന്ന കവിതകള്‍ നിരവധിയുണ്ട് ബിനുവിന്. പൈങ്കിളിക്കണ്ണമ്മ, വരലാറ്റ്റിന്‍ കാല്‍തടങ്കല്‍, കുയില്‍ കുടി, കണ്‍മതിപ്പ്, മൂലവെട്ടി, ആളിയും അണഞ്ഞും തുടങ്ങിയ കവിതകള്‍ ഉദാഹരണം. 'പൈങ്കിളിക്കണ്ണമ്മ'യിലെ ചില വരികള്‍ ഇങ്ങനെ നീളുന്നു.
വളര്‍ന്ന് മഞ്ഞച്ച/കൊയ്യാപ്പഴത്തിന് കീഴെ കണ്ണമ്മ നിന്നു./.../കണ്ണുമുറിയുന്ന/ചെമ്മണ്ണകലങ്ങളിലേക്ക്/ഓടിപ്പോകും കണ്ണമ്മ.
'വടകിഴക്കിന്‍ മായവെട്ടങ്ങള്‍' തഞ്ചാവൂരില്‍നിന്നും കല്ലണയ്ക്കുള്ള യാത്രയിലുണ്ടായ കവിതയാണ്. 'വരലാറ്റ്റിന്‍ കാല്‍തടങ്കല്‍' രാമേശ്വരം യാത്ര അവശേഷിപ്പിച്ച കവിതയാണ്. അതില്‍നിന്നും ചില വരികള്‍.
മൂക്കുത്തി/മുളപ്പയര്‍/നിരനിരയായ്/മഞ്ഞള്‍ മുഖം/സാരിച്ചുവപ്പ്/രാജാസാറിന്/ശീവാളിപ്പാട്ട്/ഘടശിങ്കാരി/തകില് മേളം.
ഇമേജറികളിലൂടെ വ്യതിരിക്തത തേടുമ്പോഴും ഈ ദേശങ്ങളുടെ ചിത്രീകരണത്തിലും ബിനുവിന്റെ കവിതകള്‍ മുമ്പോട്ടുവെക്കുന്ന സാമൂഹിക-രാഷ്ട്രീയവും, സൗന്ദര്യശാസ്ത്ര ഭാവുകത്വവും ഒന്നുതന്നെയാണ്. അത് പലവിതാനങ്ങളില്‍ വിന്യസിക്കപ്പെട്ടിരിക്കുന്ന പാര്‍ശ്വവത്കൃത സമൂഹങ്ങളുടെ സൂക്ഷ്മരാഷ്ട്രീയത്തോടും ഇടപെടലുകളോടും ഐക്യപ്പെടുന്നതിനൊപ്പം, ആഗോള-ദേശീയ-പ്രാദേശീയ തലങ്ങളില്‍ ഭരണകൂടവും അധികാരവർഗങ്ങളും തെളിക്കുന്ന അധീശത്വത്തിന്റെ/ഹിംസകളുടെ/നീതിനിഷേധങ്ങളുടെ/അസഹിഷ്ണുതകളുടെ തേരോട്ടങ്ങളെ പ്രശ്നവത്കരിക്കുകയും ചെയ്യുന്നു.
മൂര്‍ത്തമായും അമൂര്‍ത്തമായും ബിനുവിന്റെ കവിതകളില്‍ വിഭിന്നതയോടെ ദേശങ്ങള്‍ കടന്നുവരുന്നു. അനന്യവും സൂക്ഷ്മവും പ്രാദേശീയവുമായ ഇമേജറികള്‍കൊണ്ട് കെട്ടിപ്പടുക്കുന്ന ഈ അനുഭവദേശം രണ്ടായിരത്തിന് ശേഷമുള്ള മലയാളകവിതയില്‍ അപൂര്‍വമാണെങ്കിലും അപരിചിതമായ കാഴ്ചയല്ല. 'മുടിക്കല്‍ പുഴ', 'കോമാങ്ങ' എന്നീ സമാഹാരങ്ങളിലൂടെ ശ്രദ്ധേയനായ നന്ദനന്‍ മുളമ്പത്തിന്റെയും മറ്റും കവിതകളില്‍ ഇത് വളരെ പ്രകടമാണ്.
ദേശങ്ങളെ സവിശേഷമായി എഴുതുന്നതിന് ബിനു കണ്ടെത്തുന്ന വാക്കുകളും ഇമേജറികളും നിറങ്ങളും ഫ്രെയിമുകളും ഈണങ്ങളും അതിന്റെ വിന്യാസവുമാണ് ബിനുവിന്റെ കവിതകളെ വ്യതിരിക്തമാക്കുന്നത്. ചിത്രകലയും സിനിമയും സംഗീതവും ഫോട്ടോഗ്രഫിയും ഇന്‍സ്റ്റലേഷനും മാത്രമല്ല, പ്രണയവും സൗഹൃദവും യാത്രയും അലച്ചിലും തുഴച്ചിലും തൊഴിലും കള്ളുകുടിയും സ്വത്വാന്വേഷണങ്ങളും ധാർമിക രോഷങ്ങളും എഴുത്തിന് അപൂര്‍വത നല്കുന്ന ഉള്ളെഴുത്തുകളായി, വാട്ടര്‍ കളറിലെ വാഷുപോലെ ബിനുവിന്റെ കവിതകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബിനു എം. പള്ളിപ്പാട് പുല്ലാങ്കുഴൽ വായിക്കുന്നു
ശരത്
അംബേദ്കറിസത്തിലും അടിസ്ഥാനജനതയുടെ ഇതര വിമോചന ചിന്തകളിലും അടിയുറച്ച സ്വത്വരാഷ്ട്രീയാവബോധം പേറുന്നവയാണ് ബിനുവിന്റെ കവിതകള്‍. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അടിമത്തവും ജാതിയും മാടമ്പിത്തവും മതങ്ങളും അധിനിവേശങ്ങളും പ്രത്യയശാസ്ത്രങ്ങളും ചിന്നിച്ചിതറിച്ച ജീവിതങ്ങളെ അവ ചേര്‍ത്തുപിടിക്കുന്നു. ഓരോരോ കാലങ്ങളില്‍ ഓരോ രീതിയില്‍ അടിച്ചമര്‍ത്തപ്പെടുകയും ചതിക്കപ്പെടുകയും ചെയ്ത ജീവിതങ്ങളെ അവ ചെറുത്തുനില്‍പ്പിനും പോരാട്ടങ്ങള്‍ക്കും പ്രേരിപ്പിക്കുകയും ചെയ്യുന്നു. അയ്യന്‍കാളിയുടെയും പൊയ്കയില്‍ അപ്പച്ചന്റെയും മുന്‍കൈയില്‍ നടന്ന കേരളീയ നവോത്ഥാനത്തിന്റെ അലകളെ പിന്‍പറ്റിക്കൊണ്ടും അടയാളപ്പെടുത്തിക്കൊണ്ടുമാണ് ബിനു തന്റെ ദേശത്തെ എഴുതുന്നത്. 'അയിത്തവണ്ടി- ചില പ്രതിഷ്ഠാപനശ്രമങ്ങള്‍' ഇതിനൊരു മികച്ച/പ്രകടവുമായ ഉദാഹരണമാണ്. ശ്രീനാരായണ ഗുരുവിന്റെ ഈഴവശിവപ്രതിഷ്ഠപോലെ കേരളത്തിന്റെ ജനാധിപത്യഹൃദയത്തില് തറയ്ക്കേണ്ട പ്രഖ്യാപനമായിരുന്നു ''എന്റെ കുട്ടികളെ സ്കൂളില്‍ കയറ്റിയില്ലെങ്കില്‍ നിങ്ങളുടെ പാടത്ത് മുട്ടിപ്പുല്ല് മുളപ്പിക്കും'' എന്നത്. പക്ഷേ അപരിഷ്കൃത കേരളത്തെ ജനാധിപത്യ കേരളമാക്കി മാറ്റിയതില്‍ നിർണായക പങ്കുവഹിച്ച സംജ്ഞയായി മാറേണ്ട 'മുട്ടിപ്പുല്ല്' എന്ന വാക്കിനെ പുരോഗമന കേരളം മറന്നുകളയുകയാണുണ്ടായത്. അതുകൊണ്ടാണ് കവിതയിലൂടെ ബിനു ചില 'പ്രതിഷ്ഠാപന'ങ്ങള്‍ക്ക് മുതിരുന്നത്. സമാനസാഹചര്യങ്ങളില്‍ തള്ളപ്പെട്ടുപോയ ദലിത് ജീവിതങ്ങളുടെ/ഇടപെടലുകളുടെ 'പുനഃപ്രതിഷ്ഠാപന' ശ്രമങ്ങള്‍ തന്റെ കവിതകളില്‍ ഉടനീളം നടത്തിവരുന്ന കവിയാണ് ബിനു. അയ്യന്‍കാളിക്കും അപ്പച്ചനും മുട്ടിപ്പുല്ലിനും പുറമെ ഈ കവിതയില്‍ വില്ലുവണ്ടിയും വൈക്കം സത്യഗ്രഹവും പെരിയാറും കറുമ്പന് ദൈവത്താനും പാമ്പാടി ജോണ്‍ ജോസഫും വെള്ളിക്കര ചോതിയും ചരതന് സോളമനും കണ്ടന് കുമാരനും രാമന് ചേന്നനും പാറടി ഏബ്രഹാമും ജ്ഞാന ജോഷ്വായും വേളിക്കായലും വെങ്ങാനൂരും തലേക്കെട്ടും കടുക്കനും പള്ളിക്കൂടവും പഞ്ചമിയും പത്തുബീയേക്കാരും ഒക്കെ കടന്നുവരുന്ന ഈ ഇന്സ്റ്റലേഷന് കവിത ഇങ്ങനെ തുടങ്ങുന്നു:
പുല്ല്/എന്ന സംജ്ഞയെ/അരക്ഷിതമായ/പുറമ്പോക്കുകളില്‍നിന്ന്/ഭൗതിക ബോധത്തിലൂടെ/സെപ്പിയന് നിറമുള്ള/പകലുകളിലേക്ക്/പ്രതിഷ്ഠാപിക്കാം./രണ്ട് നൂറ്റാണ്ടിനിടയ്ക്ക്/കണ്ടെത്തുന്ന/ആദ്യത്തെ/ഇമേജായി നമുക്കിതിനെ കാണാം.
മിഷണറി പ്രവര്‍ത്തനത്തെ തള്ളിക്കളയുകയും അടിമത്താനുഭവത്തെ രൂപകമായി വീണ്ടെടുക്കുകയും ചെയ്യുന്ന ഈ കവിതയെ അധിനിവേശാനന്തര വിമര്‍ശനത്തിന്റെ ഭാഗമായി കാണാവുന്നതാണ്.
പോരാട്ടം/മിഷണറിമാരുടെ/കാല്ക്കീഴില് നിന്നുമാറി/അടിമകളുടെ/നിഴലുകളാക്കി/സന്നിവേശിപ്പിക്കുന്നതിന്/കറുപ്പ് എന്ന നിറം തന്നെ/കൊടുക്കാം.
കൊളോണിയല്‍ കാലത്തെ മിഷണറി പ്രവര്‍ത്തനങ്ങളുടെ വേര്‍തിരിവും ചതിയും അതിന്റെ തുടര്‍ച്ചയെന്നുതന്നെ പറയാവുന്ന ദലിതര്‍ക്കിടയിലെ പെന്തക്കോസ്ത് ഇടപെടലുകളെയും ബിനു കവിതകളില്‍ പ്രശ്നവത്കരിക്കുന്നുണ്ട്.
അതിനുമപ്പുറത്ത്/എരണ്ടയിറങ്ങിയ /പാടംപോലെ/ചതിച്ച ജന്മങ്ങളുടെ/കയം കാണാം/മിഷണറിമാരുടെ /കാല്‍ക്കീഴിലേക്ക്/ഓടിമായുന്ന/നൂറായിരം മനുഷ്യരുടെ/നിഴല്‍ കാണാം (പ്രകാശങ്ങള്‍).
കാറ്റിണചേര്ന്ന/ഞങ്ങളുടെ കുടിലുകളില്‍/രണ്ടായിരം വര്‍ഷം/പഴക്കമുള്ള/മീശയില്ലാത്ത/പുസ്തകം വന്ന് ചെറ്റപൊക്കുന്നു./...നമുക്ക്/ഉടുത്തിരിക്കുന്ന തുണി/പറിച്ച് തലയിലിടാം/പ്രാർഥിക്കാം. (അവന് വരുന്നു)
ദലിത് ക്രൈസ്തവരുടെ നിരവധിയായ പ്രശ്നങ്ങളും അവര്‍ നേരിടുന്ന സവിശേഷ വിവേചനങ്ങളും പ്രതിപാദിക്കുന്ന സാഹിത്യ-സാഹിത്യേതര എഴുത്തുകള്‍ പലതുണ്ടെങ്കിലും സുഹൃത്തായ എബി ജോണ്സന് കഴിഞ്ഞദിവസം എഫ്.ബിയിലെഴുതിയ ഒരു ചെറിയ പോസ്റ്റ് ഈ അവസരത്തില്‍ ഓര്‍മവരുന്നു. അതിങ്ങനെയാണ്: ''കറുത്തവന്റെ കൈ മുത്തിയ്ക്കാതെ ഞങ്ങളെ കാത്ത കര്‍ത്താവേ സ്തോത്രം.''
ഹേമന്തം
സാമൂഹിക വിവേചനങ്ങളിലും അനീതികളിലും ധർമസങ്കടവും വിയോജിപ്പും പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുന്നവയുമാണ് ബിനുവിന്റെ കവിതകള്‍. മതപരമായ ഹിംസകളെയും അപരവത്കരണത്തെയും അത് അഭിമുഖീകരിക്കാതിരിക്കുന്നില്ല. ദേശീയതയുമായി ബന്ധപ്പെട്ട ഭരണകൂട നിര്‍ബന്ധങ്ങളെയും അസഹിഷ്ണുതകളെയും അടിച്ചേല്‍പ്പിക്കലുകളെയും അത് കാണാതിരിക്കുന്നില്ല. ഇതിനെ ആഴത്തില്‍ പ്രതിഫലിപ്പിക്കുന്ന 'ബിസ്മില്ലാഹ്ഖാന്' എന്ന കവിത ഇങ്ങനെയാണ് അവസാനിക്കുന്നത്:
നിന്റെ/അഗ്രചർമങ്ങള് ചികഞ്ഞ്/പക പരതുന്ന/ദേശീയത/ചീന്നിപ്പോയ/ഞങ്ങളുടെ മെസൊപ്പൊട്ടാമിയ...
മിഷണറി 'ആധുനികത'യുടെയും സംഘപരിവാര ഫാഷിസത്തിന്റെയും ഇടപെടലുകള്‍ക്കൊപ്പം ഇടതുപക്ഷ/തീവ്ര ഇടതുപക്ഷ പ്രവര്‍ത്തനങ്ങളും ആശയങ്ങളും അവശേഷിപ്പിച്ച ദലിത് ജീവിതങ്ങളെയും ബിനുവിന്റെ കവിതകള്‍ തീക്ഷ്ണതയോടെ നെഞ്ചില്‍തൊട്ട് എഴുതുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ്, പഴയ ക്ഷുഭിത യൗവനങ്ങളെ സൂക്ഷിക്കുക, വസന്തത്തിന്റെ ഇടിമൊഴക്കം തുടങ്ങിയ കവിതകളിലിത് പ്രകടമാണ്.
അവസാനത്തെയാളുടെ/ വാരിയെല്ലുകള്‍
/ചെറുപ്പത്തിലെതന്നെ/അടിയന്തരാവസ്ഥ/അകത്തേക്ക്/ഒതുക്കിയിരുന്നു (സര്‍ട്ടിഫിക്കറ്റ്).
ഹസീനയെ ഉപേക്ഷിച്ച്/സരസ്വതിയെ കെട്ടും/ ഒരു വര്‍ഷത്തിനുശേഷം/ഉണ്ടാകുന്ന കുഞ്ഞിന്/ഉണ്ണിക്കണ്ണന്/എന്നുപേരിടും/കവിളില്‍ നീലം പുരട്ടും/പീലിത്തൊപ്പി ഇടുവിക്കും/മുളന്തണ്ട് കടിപ്പിക്കും (പഴയ ക്ഷുഭിതയൗവനങ്ങളെ സൂക്ഷിക്കുക).
നെഞ്ച് തടവുമ്പോള്‍/കൈമുറിയുന്ന ചിലര്‍/ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്/വസന്തം പിടിച്ച്/ചൊമച്ച് ചൊമച്ച്... (വസന്തത്തിന്റെ ഇടിമൊഴക്കം.)
കനി വീഴ്ത്തിയ കാറ്റുകള്‍ എന്ന കവിതയിലും നൊസ്റ്റാള്‍ജിയ എന്ന കവിതയിലും ഇടതുപക്ഷ രാഷ്ട്രീയ ഇടപെടലുകളുടെ പൊള്ളത്തരത്തെ ദലിത് പക്ഷത്തുനിന്നും തുറന്നുകാണിക്കുന്ന ഭാഗങ്ങളുണ്ട്. അസമില്‍നിന്ന് കൊയ്ത്തിന് കേരളത്തിലെത്തിയവര്‍ താമസിക്കുന്ന വീട്ടില്‍നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത് ''അവരുടെ നാട്ടിലെ നാടകഗാനങ്ങളാകുമോ'' എന്ന 'കനി വീഴ്ത്തിയ കാറ്റുകളു'ടെ സംശയം അഥവാ 'കറുത്ത' ഹാസ്യം മലയാളത്തിലെ 'വിപ്ലവനാടകഗാനങ്ങളെ' അസാധുവാക്കുന്നുണ്ട്. കുറച്ചുകൂടി തുറന്നമട്ടിലാണ് 'നൊസ്റ്റാള്‍ജിയ' സൂചിത വിഷയത്തില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത്. പാര്‍ട്ടി സംഘടിപ്പിച്ച 'അടിമച്ചങ്ങല'യില്‍ പങ്കെടുത്തവര്‍ക്ക് അത് വേഗത്തില്‍ മനസ്സിലാകും.
മനുഷ്യച്ചങ്ങല/കഴിഞ്ഞ് വഴിതെറ്റി/കപ്പലണ്ടീം പച്ചവെള്ളോം/കുടിച്ചത്/ബാല്യകാല സ്മരണകള്‍/ഉണര്‍ത്താനല്ല...
വിശ്വാസവും ആധുനികതയും പാര്‍ട്ടിയും ചതിച്ച/കൈയൊഴിഞ്ഞ ജീവിതങ്ങള്‍ക്ക് പിടിവിട്ടുവീഴാന് പുറമ്പോക്കുകളും കോളനികളുമല്ലാതെ കൃഷിഭൂമിയോ തറവാടോ മറ്റുവിഭവങ്ങളോ ഉണ്ടായിരുന്നില്ലല്ലോ. സ്വതന്ത്ര ചിന്തയിലും അവബോധത്തിലേക്കും എത്തിച്ചേരാന്‍ അവര്‍ തേടിയ വഴികള്‍ ചരിത്രമാണ്. ഓർമകളെയും അടിമത്തത്തെയും അവര്‍ സ്വയം നിര്‍ണയത്തിന്റെയും നിർവചനത്തിന്റെയും സര്‍ഗാത്മക പാഠങ്ങളായും അനുഭവങ്ങളായും വേര്‍തിരിച്ചെടുത്തു. ആധുനിക യുക്തിയുടെ അതിരുകള്‍ക്ക് പുറത്തേക്കിറങ്ങിനിന്ന് ഭൂതാവിഷ്ടതയുടെ തോളില്‍ കൈയിട്ട്, നിലയുറപ്പിച്ച് ആത്മപ്രകാശനങ്ങള്‍ നടത്തി. സി. അയ്യപ്പന്റെ കഥാപാത്രങ്ങള്‍ ഈവിധം തന്റെ എതിര്ലോകത്തോട് പ്രതികരിക്കുകയും സംവാദത്തിലേര്പ്പെട്ടവരുമാണ്. പലതരം അടരുകളുള്ള ദലിതരുടെ സങ്കീർണമായ ജീവലോകത്തുനിന്നും വിട്ടുപിരിയാത്ത ഭൂതാവിഷ്ടത പലപ്പോഴും അവരുടെ ജീവിതത്തിലും എഴുത്തിലുമൊക്ക മായികപ്രഭാവങ്ങള് ഉണ്ടാക്കാറുണ്ട്. ബിനുവിന്റെ കവിതകളിലുമുണ്ട് അന്യാദൃശമായ ഇത്തരം അനുഭവലോകങ്ങള്‍. തോട്ടുകോഴി എന്ന കവിത നോക്കുക:
ഇരുപത്തിനാലിന്റെ/ചിറയ്ക്ക്/പുലിമുട്ടിലെ/പാലച്ചുവട്ടില്‍/ഒരു മാടനുണ്ടായിരുന്നു/താറാവിനേം കൊണ്ടുപോയ/മാപ്ലച്ചനെ അടിച്ച്/മലരിയില്‍ /കുത്തിനിര്‍ത്തിയിട്ടുണ്ട്/പണ്ട് മട ഒറയ്ക്കാനായി/ചവിട്ടിപ്പതുക്കിയതാ/പാലക്കൊമ്പില്/പരുന്തിന് കൂടുണ്ട്/അകലത്തില്‍ /കരഞ്ഞുനടക്കുന്ന/ഒരൊറ്റപ്പരുന്തിന്റെ കൂട് (തോട്ടുകോഴി).
സ്വയം സംസാരിക്കുന്ന ഈ കവിതാശകലത്തെപ്പറ്റി അധികം പറയേണ്ടതില്ല. പൊയ്കയില്‍ അപ്പച്ചന്റെ അടിമവിഷയവും പാട്ടുകളും ഉള്ളിലുള്ളവരുടെ വായന ഈ കവിതയിലെ 'പരുന്തി'ലെത്തുമ്പോള്‍ കണ്ണുനിറയും. കവിതയിലെ പരുന്ത് അപ്പച്ചന്റെ പാട്ടുകളിലെ ചക്കിപ്പരുന്തിന്റെ തുടര്‍ച്ചയാണെന്ന് തോന്നാതെയുമിരിക്കില്ല.
'ചൂണ്ടക്കാരന്' എന്ന കവിതയില്‍ ''ഭാഷ വശമുള്ളതുപോലെ മൂളുകയും ഞരങ്ങുകയും ചെയ്യുന്ന, പതിനാല് വയസ്സെങ്കിലും വരുന്ന, മനുഷ്യക്കൊച്ചിനെപ്പോലെ നോക്കുകയും ചിരിക്കുകയും കണ്ണ് തൊറന്നടയ്ക്കുകയും'' ചെയ്യുന്ന ഒരു വെളുത്ത വാളയുണ്ട്. വിജനതയില്‍ ഇരുട്ടിലൂടെ തനിച്ചുനടക്കുമ്പോള്‍ ആരിലും അരിച്ചുകയറുന്ന തരത്തിലുള്ള കുളിരും കിടുങ്ങലും ഈ കവിത വായിച്ചാല്‍ കൂട്ടത്തില്കൂടും. ഭൂമിയില്‍ തൊട്ടും തൊടാതെയും നിഴലില്ലാതെ മായങ്ങള്കാട്ടി കൂട്ടത്തില്‍ സഞ്ചരിക്കുന്ന കവിത ഇങ്ങനെ അവസാനിക്കുന്നു:
കൈയിലിരുന്ന്/വഴുക്കാന്‍ തുടങ്ങിയ മീന്‍/എന്നെ നോക്കി/കണ്ണ് മുഴപ്പിച്ച്/നെറ്റിനോക്കി ഒറ്റയിടി/എന്നെയും കൊണ്ടത്/ആറ്റിലേക്ക് മറിഞ്ഞു.
ശിശിരം
ബിനുവിന്റെ കവിതകളില്‍ വീട് കാണപ്പെടുന്നത് സവിശേഷമായ ലക്ഷണങ്ങളോടെയാണ്. ഏതു ദേശത്ത് കാണുന്ന വീടുകളുടെ ഇരിപ്പില്‍നിന്നും പൊതുവായ ചിലതെടുത്ത് ബിനു കവിതക്ക് നല്‍കുന്നുണ്ട്. ശാന്തിനികേതനിലെ വീടുകള്‍ ബിനുവിന് 'ആമയോളം ക്ഷമയുള്ള കുടിലുകളാണ്'. കഥാര്‍സിസ് എന്ന കവിതയിലെ ഓലപ്പെരകള് 'കമഴ്ത്തോടു'പോലെയാണ്. എഫ്.ബിയിലെഴുതിയ ഒരു ചെറുകവിതയിലെ വീടിന് മേല്‍ക്കൂര 'ആമത്തോടാ'ണ്. അതൊരു പരിചകൂടിയാണ്. ഇതാണ് ആ ചെറു കവിത:
ഓർമയില്‍ വീട്/ഒരു നനഞ്ഞ തീപ്പെട്ടി/മീന്മുള്ളിന്റെ വാളും/ആമത്തോടിന്റെ പരിചയുംകൊണ്ട്/ഓച്ചിറക്കളിപോലെ/ചരിഞ്ഞ് ചരിഞ്ഞ്/ഒഴിഞ്ഞ് ഒഴിഞ്ഞ്/തടഞ്ഞ് തടഞ്ഞ് ഓർമയിലെ വീട്...
ഈ കവിതയില്‍ വീടിന്റെ ഉടലല്ല അതിന്റെ ഇടപെടലും സ്വഭാവവും വിശദാംശങ്ങളുമാണ് ഓർമയില്‍ കുത്തുന്നത്. ചൂണ്ടക്കാരന് എന്ന കവിതയില്‍ വീടുകള്‍ക്കല്ല വീടിരിക്കുന്ന പരിസരത്തിനാണ് പ്രധാന്യം. പക്ഷേ വീടവിടെ ഇരിക്കുന്നതുകൊണ്ടാണ് പരിസരങ്ങള്‍ കവിതയിലിങ്ങനെ മുഖം കാണിക്കുന്നത്. ആ പരിസരങ്ങള്‍ മലയാളകവിതക്ക് അത്ര പരിചിതമാണെന്ന് തോന്നുന്നില്ല; അവിടങ്ങളില്‍ വീടുകളുണ്ടെന്നും അവക്കുള്ളില്‍ മനുഷ്യര്‍ ജീവിക്കുന്നുണ്ടെന്ന കാര്യവും. ആകയാലത് അപ്പാടെ ചുവടെ ചേര്‍ക്കുന്നു.
വലിയ പാലയും/അതിലെ പരുന്തിന് കൂടും/ഇലഞ്ഞിയും കാഞ്ഞിരവും/പിടിമുറ്റാത്ത കാട്ടുവള്ളിയും/അതില്‍ നിറയെ/പലതരം കിളികളും/നിറഞ്ഞ മരത്തിന് താഴെ/ഒരു ചെറിയ/വീട്ടിലാണ് താമസം./.../ഓളം തല്ലുന്ന മണല്‍ത്തിട്ടുള്ള/ഒലിച്ചുപോയ മണ്ണിനെ തടഞ്ഞ്/വേരുകള്‍ പടിപോലെ തോന്നിക്കുന്ന/കൂറ്റന്‍ ഇലവുമരത്തിന്റെ കീഴില്‍/ഓലമേഞ്ഞ് പനമ്പ് തറച്ച/ഒരു വീട് (ചൂണ്ടക്കാരന്).
മിന്നിമറയുന്ന ദൃശ്യങ്ങള്‍ക്ക് ബിനുവിന്റെ കവിതകളില്‍ ഒരു ക്ഷാമവുമില്ല. അപ്രതീക്ഷിതമായി പൊടുന്നനെ ഇടതുകൈകൊണ്ട് ചെകിട്ടത്ത് അടികിട്ടുന്നതുപോലെയാണ് ഈ മിന്നലും മറയലും. 'ഒരു വെട്ടിന് ഒരോർമ' എന്ന് 'എത്നോഗ്രാഫി' എന്ന കവിതയില്‍ ബിനു എഴുതുന്നതിന് തുല്യമാണീ അനുഭവം. പരല്‍മീന്‍പോലെ വായനക്കിടയില്‍ പാളിപ്പോകുന്ന ചില കവിതാശകലങ്ങളെക്കൂടി എന്റെയീ വായനയുടെ കോര്‍മ്പലില്‍ കോര്ക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
കായലില്‍ മടകെട്ടുന്ന/നീലപ്പേശിയുള്ള അപ്പൂപ്പന്... (പ്രകാശങ്ങള്‍)
പെട്ടെന്ന്/കൈതപൂത്തു...(പൂച്ചക്കുട്ടിയ്ക്ക്)
എന്തിനാണ്/ഒരു കുട്ടിമാത്രം/ജീവിച്ചിരിക്കുന്നത്...(വാര്‍ഡ്)
പെങ്ങളകത്തുണ്ടെന്ന്/വൃത്തിയായ മുറ്റം/
കണ്ടാലറിയാം...(ചിപ്രന്‍)
കിളി തിളയ്ക്കും/മരങ്ങള്‍...(ചേക്കകള്‍)
എന്റെ ദിശയും/നില്‍പ്പുമാണ്/എന്റെ കിഴക്ക്...(കള്ളന്)
പിടിച്ചിട്ട ചേറുമീന്‍ പോല്‍/താളം നിമിഷത്തെ/നിശ്ചയിക്കുമ്പോള്‍...(ജുഗല്‍ബന്ദി)
കിഴക്ക് കൊണ്ടുവച്ച/വെട്ടത്തിന്റെ ഓറഞ്ച്/നിറമുള്ള കതിരില്‍...(ആമ്പലും തീയും)
കൊഴച്ച കപ്പക്ക് മീതെ/മീഞ്ചാറിന്റെ ഇരുട്ടുപടരുന്നു...(സ്ട്രേഞ്ച് ഫ്രൂട്ട്)
മോഡേണ്‍ ബ്രഡിന്റെ/നിറമായിരുന്നു/ആ കാലത്തിന്...(പോസ്റ്റര്‍)
ഉച്ചപ്പടം കണ്ടമൂച്ചിന്/കപ്പക്കാടും/ആറ്റുമാലിക്കകത്തെ/വാഴക്കൂട്ടവും കുലുങ്ങി...(ഉത്സവങ്ങള്‍)
ചാരമുയല്ക്കുഞ്ഞുങ്ങൾ പ്രതീക്ഷകളില്‍/ചാടിച്ചാടിപ്പോയ്...(ആളിയും അണഞ്ഞും)
മുറുക്കാന്‍ കറയുള്ള പല്ല്/ഏതുപകരണത്തിന്റെ/തന്ത്രിയാണ്...(പാലങ്ങള്‍ ജിപ്സികള്)
കടവിലെ ആറ്റുവഞ്ചിച്ചെടിയിൽ പൊട്ട് ഒട്ടിപ്പിടിച്ചിരിക്കുന്നു...(ലൗ ലെറ്റര്‍)
രണ്ടോ മൂന്നോ വാക്കുകളോ വരികളോ കൊണ്ട് തലക്കു പിടിക്കുന്ന അനുഭൂതികളുടെ വെള്ളക്കെട്ടുകള്‍ തുറന്നുവിടുന്ന ബിനു ആറ് വാക്കുകള്‍കൊണ്ട് ഒരു കവിതക്ക് തലക്കെട്ട് തീര്‍ത്തിട്ടുണ്ട്. 'ആറ് ദാര്‍ശനികര്‍ ചേര്‍ന്ന് നാടകത്തില്‍നിന്നും അമാവാസിയെ ഒഴിവാക്കുന്നു' -ഇതാണാ തലക്കെട്ട്. ഇതിലെ 'അമാവാസി' എന്നത് ഒരു പയ്യന്റെ പേരാണെന്ന് കവിത വായിച്ചാലേ അറിയൂ. ഇതിനുമുമ്പ് 'Yesterday' എന്ന സൗത്താഫ്രിക്കന്‍ സിനിമയിലാണ് ഇതുപോലെ അത്യപൂര്‍വവും സുന്ദരവും അർഥവത്തുമായ ഒരു പേരിനെ ഞാന്‍ നേരിടുന്നത്. നായികയായ ലെലെതി ഖുമാല സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു യെസ്റ്റര്‍ഡെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.