റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതെറസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ ‘Solenoide’ വായിക്കുന്നു.സമകാലിക ലോകസാഹിത്യത്തിലെ വിസ്മയമായി മാറുന്ന റുമേനിയൻ (Romanian) എഴുത്തുകാരനാണ് മിർച്ചിയ കർതറെസ്ക്യൂ (Mircea Cartarescu). നോവൽ, കവിത, നിരൂപണം എന്നീ സാഹിത്യശാഖകളിൽ ഇരുപത്തഞ്ചിലധികം ഗ്രന്ഥങ്ങൾ ഇതിനകംതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഗൃഹാതുരത്വം’ (Nostalgia), ‘ബ്ലൈൻഡിങ്’ (Blinding) എന്നീ രണ്ടു നോവലുകൾ ഇതിനുമുമ്പ് ഈ ലേഖകന് വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2018ലെ...
റുമേനിയൻ എഴുത്തുകാരൻ മിർച്ചിയ കർതെറസ്ക്യൂവിന്റെ ഏറ്റവും പുതിയ നോവൽ ‘Solenoide’ വായിക്കുന്നു.
സമകാലിക ലോകസാഹിത്യത്തിലെ വിസ്മയമായി മാറുന്ന റുമേനിയൻ (Romanian) എഴുത്തുകാരനാണ് മിർച്ചിയ കർതറെസ്ക്യൂ (Mircea Cartarescu). നോവൽ, കവിത, നിരൂപണം എന്നീ സാഹിത്യശാഖകളിൽ ഇരുപത്തഞ്ചിലധികം ഗ്രന്ഥങ്ങൾ ഇതിനകംതന്നെ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘ഗൃഹാതുരത്വം’ (Nostalgia), ‘ബ്ലൈൻഡിങ്’ (Blinding) എന്നീ രണ്ടു നോവലുകൾ ഇതിനുമുമ്പ് ഈ ലേഖകന് വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. 2018ലെ ഫോർമെന്റർ പുരസ്കാരവും 2015ലെ ഓസ്ട്രിയൻ സ്റ്റേറ്റ് പുരസ്കാരവും 2018ലെ തോമസ് മൻ പുരസ്കാരവും 2011ലെ വിലെൻസിയ പുരസ്കാരവും ഇതിനകംതന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പക്ഷേ, അടുത്തകാലത്ത് മാത്രം വായിക്കാൻ കഴിഞ്ഞ ‘േസാളെനോയ്ഡ്’ എന്ന ബൃഹദ് നോവൽ ഫിക്ഷന്റെ എല്ലാ പരിമിതികളെയും അതിലംഘിച്ച് ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ വിസ്മയത്തിലാഴ്ത്തി. നിരൂപകരെയും വായനക്കാരെയും ഇതിനകംതന്നെ ഇതിന്റെ ലേബ്രിൻതിയൻ ഘടനക്കുള്ളിൽ തടവിലാക്കിയിരിക്കുകയാെണന്ന് സമ്മതിക്കേണ്ടിവരും. നോവലിന്റെ പിൻകവറിൽ കൊടുത്തിരിക്കുന്ന ഒരു സൂചനയിങ്ങനെ: ‘‘പീറ്റർ ഹാൻഡ്കെയും കാൾ ഒവെനോസ്ഗാർഡ്യുവും ഒരു ബുക്കാറസ്റ്റ് സംഹാരിയുടെ ഉപേക്ഷിക്കപ്പെട്ട ശാലയിൽ ഒരുമിച്ച് ആസിഡ് വീഴ്ത്തുകയാണെങ്കിൽ (അവിടെ കാഫ്കയുടെ ‘മെറ്റമോർഫസിസ്’ മാത്രമേ ചങ്ങാത്തത്തിനുണ്ടാകൂ) അവരുടെ കൂട്ടായ തലച്ചോറിൽനിന്ന് പുറത്തുവരാനാവുന്ന ആത്മകഥാംശപരമായ ഫിക്ഷൻതന്നെയായിരിക്കുമിത്.’’ ഈ നോവൽ എനിക്ക് വാങ്ങി സ്വിറ്റ്സർലൻഡിൽനിന്ന് അയച്ചുതന്ന രാജൻ സ്വിറ്റ്സർലൻഡ് എന്ന മികച്ച വായനക്കാരനായ സുഹൃത്തിനെ ആദരവോടെ ഓർക്കുന്നു.
ഭാഷയുടെയും വർണത്തിന്റെയും അത്ഭുതകരമായ നോവൽ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് അമേരിക്കയിലെ ഡീപ് വെല്ലം പബ്ലിഷിങ്ങാണ് (Deep Vellum Publishing Dallas, Texas). മൊഴിമാറ്റം നടത്തിയിരിക്കുന്നത് വിഖ്യാത പരിഭാഷകനും സാഹിത്യത്തിന്റെ പ്രഫസറുമായ സീൻ കോട്ടറാണ് (Sean Cotter). പരിഭാഷക്കുവേണ്ടി അദ്ദേഹം നീണ്ട കാലത്തെ പരിശ്രമം നടത്തിയതിന്റെ ഫലമായി 2022ലാണ് പുസ്തകരൂപത്തിൽ പുറത്തിറങ്ങിയത്. പരിഭാഷാ രചനകൾ മാത്രം പ്രസിദ്ധപ്പെടുത്തുന്ന ഈ പ്രസാധകർ ഇതിനകംതന്നെ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ ആദരവ് പിടിച്ചുപറ്റിക്കഴിഞ്ഞിരിക്കുന്നു.
ഈ നോവലിലെ ഒരു പ്രധാന കഥാപാത്രമാണ് റുേമനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റ് നഗരം. ലൂയി ബോർഹസിന് ബ്വേനസ് എയ്റിസ് പോലെ കർതെറസ്ക്യൂവിന്റെ സ്വപ്നനഗരംതന്നെയാണ് ബുക്കാറസ്റ്റ്. 1970കളിലെയും 1980കളുടെ തുടക്കത്തിന്റെയും പശ്ചാത്തലത്തിൽ റുമേനിയയുടെ തലസ്ഥാനമായ നഗരം നോവലിൽ നിറഞ്ഞുനിൽക്കുന്നത് ഒരു സ്വപ്നഭൂമികയുടെ എല്ലാവിധ ലാസ്യഭാവനകളോടുംകൂടിയാണ്: അന്നത്തെ സാമൂഹിക ചുറ്റുപാടുകളുടെ ദർശനങ്ങൾ ഉൾക്കൊള്ളുന്നതിലൂടെ നോവൽ അനാവരണംചെയ്യുന്ന തലങ്ങളുടെ പ്രതിഫലനങ്ങൾ സമകാലിക ലോകസാഹിത്യത്തിലെ അത്യപൂർവ കാഴ്ചയായി ആസ്വാദകരുടെ മനസ്സുകളെ കീഴടക്കുന്നു. പലപ്പോഴും ഈ സ്വപ്നങ്ങൾക്ക് അസ്വസ്ഥതയുടെ സ്പർശം പങ്കുവെക്കാനും രചയിതാവായ കർതെറസ്ക്യൂവിന്റെ സർഗാത്മകതയുടെ തീവ്രതയെയാണ് എടുത്തുകാണിക്കുന്നത്.
ഇതിനൊക്കെ ഉപരി ഒരു സ്കൂൾ അധ്യാപകനായ കഥാപാത്രത്തിന്റെ ജേണൽ സ്വഭാവമുള്ള വിരുദ്ധ നോവൽകൂടിയാണിത്: തന്റെ ചെറുപ്പകാലത്തിന്റെ പ്രതിഫലനങ്ങൾ മാതാവിന്റെ ഓർമകളും ജോലിക്കുള്ളിലെ സങ്കീർണതകളുമായി ചേർത്ത് അസ്വസ്ഥ സ്വപ്നങ്ങളെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്.
വിസ്മയാവഹമായ ഭാവനയുടെ കണ്ണികൾകൊണ്ട് മായാജാലങ്ങൾ സൃഷ്ടിക്കാനുള്ള അയുക്താഭ്യാസമായി ഇതിനെ കാണരുതെന്ന് ചിന്തിക്കുന്ന ആസ്വാദകരും ഈ നോവലിനേറെയുണ്ട്. ഇത് ഒരേസമയം ഓർമക്കുറിപ്പുകളുടെയും വിരുദ്ധ നോവലിന്റെയും പ്രകൃതിയുള്ള ഒന്നാണ്. ഭൂതകാലത്തിന്റെ അത്ഭുതസിദ്ധികളുള്ള തലങ്ങളെ അനാവരണം ചെയ്യാൻ ശ്രമിക്കുന്ന ഒരാഖ്യാതാവായിട്ടാണ് അധ്യാപകനായ മനുഷ്യൻ നോവലിൽ സജീവമാകുന്നത്. ബാല്യകാലാനുഭവങ്ങളും മാതാവിന്റെ ഏറ്റവും അരുമയായ കുട്ടിയെന്ന നിലയിലുള്ള ജീവിതവും അയാളെ വല്ലാതെ മാറ്റിയെടുക്കുന്നുണ്ട്.
മിർച്ചിയ കർതെറസ്ക്യൂ
അതേസമയം, ബുക്കാറസ്റ്റ് നഗരത്തിന് ചുറ്റുമായി അയാൾ കമ്പിച്ചുരുളുകളെ (Solenoide) വിഭാവനം ചെയ്തെടുക്കുന്നത് ദാർശനികമായ ഒരു ആവേശക്കാഴ്ച തന്നെയാണ്. ശരിക്കുമിത് കമ്പിച്ചുരുളുകളിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോഴുണ്ടാകുന്ന മാന്ത്രികവലയത്തിന്റെ സാന്നിധ്യംതന്നെയാണ്. വൈദ്യുതി പ്രവഹിക്കാത്തപ്പോൾ അത് വെറും കോപ്പർ ചുരുളുകൾ മാത്രമാണ്. അദൃശ്യമായ ഈ രൂപാന്തരത്വത്തിന്റെ പൊരുൾ നോവലിസ്റ്റ് വളരെ ശക്തമായിതിൽ ചിത്രീകരിച്ചിട്ടുണ്ട്. നോവലിന്റെ അവസാന ഭാഗത്ത് ഇവയുടെ കൂട്ടായ ശക്തിയുടെ ചിത്രീകരണം നടത്തുന്നത് വളരെ വിചിത്രമായ ഒരു ഭാവനയുടെ പിൻബലത്തോടെയാണ്.
പ്രായോഗിക വീക്ഷണവാദത്തിന്റെയും വിഭ്രാന്തിയുടെയും ഗൂഢാർഥകഥയുടെയും സ്വപ്നങ്ങളുടെയും പിന്നൽകൊണ്ട് (braiding) കർതെറസ്ക്യൂ നിർമിച്ചെടുക്കുന്നത് ഫിക്ഷന്റെ ഏറ്റവും മായികമായ തലങ്ങളുടെ അസാധ്യമെന്നു തോന്നുന്ന ഒന്നിന്റെ സാധൂകരണമാണ്. സർഗാത്മകമായ ഒരു പുതിയ കളിയുടെ നിഗൂഢതലങ്ങൾ ശരിക്കും നോവലിസ്റ്റ് ആവിഷ്കരിക്കുമ്പോൾ നാം തിരിച്ചറിയുന്നത് പുതിയ കാലത്തെ നോവൽ ആഖ്യാനത്തിന്റെയും പ്രമേയത്തിന്റെയും ഏറ്റവും നൂതനമായ ഭാവാത്മകമായ സാധ്യതകളെയാണ്.
‘‘എന്റെ ശരീരം ശരിക്കും എനിക്കുവേണ്ടിയുള്ള ഒന്നായിരുന്നില്ല. അത് ലൈംഗികാസക്തിയുള്ളതുമായിരുന്നില്ല. എന്റെ വിരലുകൾ എന്റെ ശരീരത്തിലല്ല സഞ്ചരിക്കുന്നത്. മറിച്ച് അത് മനസ്സിലൂടെയാണ് ഒത്തുചേരുന്നത്. എന്റെ മനസ്സ് മാംസംകൊണ്ടാണ് പാകപ്പെടുത്തിയിരിക്കുന്നത്.’’ ഈ ആകർഷകമായ നോവലിൽ ഭൂവന്തർഗതമായ ഗൂഢാലോചനാ സിദ്ധാന്തങ്ങളുടെ ആഴങ്ങളിലേക്കുള്ള കടന്നുചെല്ലലിലൂടെ യാഥാർഥ്യത്തിന്റെ സ്വഭാവവിശേഷങ്ങളെയാണ് ചോദ്യംചെയ്യുന്നത്.
കർതെറസ്ക്യൂവിന്റെ നോവലിലെ 27 വയസ്സുകാരനായ ആഖ്യാതാവ് സൂചിപ്പിക്കുന്നത് വേറിട്ടൊരു സിദ്ധാന്തത്തെയാണ്. ‘‘നിങ്ങൾക്കൊരിക്കലും ഈ ലോകത്തിൽ സ്വപ്നങ്ങൾ വിതക്കാൻ കഴിയില്ല. കാരണം, ഈ ലോകംതന്നെ ഒരു സ്വപ്നമായിരുന്നു.’’ ഇതിലെ അധ്യാപകനായ ആഖ്യാതാവ് ജീവിതത്തിൽ അധ്യാപകനായിരുന്ന നോവലിസ്റ്റ് തന്നെയാണ്. അധ്യാപകന് ഈ ലോകത്തോടുള്ളത് ഒരുതരം ദസ്തയേവ്സ്കിയൻ വെറുപ്പോ നീരസമോ ഒക്കെയാണ്. അയാൾ ശരിക്കും ഒരെഴുത്തുകാരനാകാനാണ് ആഗ്രഹിച്ചിരുന്നത്.
പക്ഷേ, സൂക്ഷ്മ നിരീക്ഷണപാടവമുള്ള ആ നിരൂപകൻ അയാളുടെ ‘വീഴ്ച’ എന്ന കവിതയെ അർഥശൂന്യമായ വാക്കുകൾകൊണ്ടുള്ള ഒരു നീർച്ചുഴിയെന്നാണ് വിശേഷിപ്പിച്ചത്. അത് അയാളുടെ സാഹിത്യസപര്യക്കാകെ മങ്ങലേൽപിച്ചു. രചനാലോകം അയാൾ പെട്ടെന്ന് അവസാനിപ്പിച്ചു. നോവലിന്റെ ആരംഭത്തിൽ തന്റെ വിദ്യാർഥികൾക്കിടയിൽ നിറഞ്ഞുനിന്നിരുന്ന പേനിന്റെ ആക്രമണത്തിൽനിന്ന് മോചനം നേടാനുള്ള ശ്രമത്തിൽ അയാൾ സ്വയം ബുദ്ധിമുട്ടുന്നതാണ് നാം കാണുന്നത്. കുട്ടികൾക്കിടയിൽ ഇതൊരു സാംക്രമിക വ്യാധിപോലെ പടർന്നിരുന്നു. ഈ പടർന്നുകയറുന്ന ആഖ്യാനതലങ്ങളിൽ നിറയെ അയാളുടെ മനസ്സിനെ കീഴടക്കുന്നു.
മരണവും അവിടെ തുടർച്ചയായ സാന്നിധ്യമായി ഒപ്പം ചേരുന്നുണ്ട്. ‘‘വിനാശം ഏറ്റുവാങ്ങാൻ ഒരുവൻ എന്തിനാണ് അറിവിനെ സമാഹരിക്കാൻ തയാറാകുന്നത്. അവസാനം തനിക്ക് നേരിടാൻ ബാക്കിയുണ്ടാവുന്നത് തകർച്ച മാത്രമായിരിക്കുമെന്ന് അയാൾക്കറിയാമായിരുന്നു. നിതാന്തമായ ശൂന്യതയെക്കുറിച്ച് ഒരാൾ ചിന്തിക്കാതിരിക്കുമ്പോൾ, ചെറുപ്പക്കാരനായ മനുഷ്യൻ രാത്രികാല സ്വപ്നങ്ങൾക്കുള്ളിലാണ് തൂങ്ങിനിൽക്കാൻ നിയോഗിതനാകുന്നത്.’’
അധ്യാപകൻ സ്കൂളിലെ ഫിസിക്സ് അധ്യാപികയായ പെൺസുഹൃത്തുമായി (ഐറിന) ചേർന്ന് ലോകസംഘടനയായ പിക്കെറ്റിസ്റ്റ്സിൽ (Picketists) ഒത്തുചേരാനുള്ള നിയോഗം ഏറ്റുവാങ്ങുന്നു. അധികാരിവർഗങ്ങളുടെ വെറുപ്പിന് പാത്രമായ ഈ സംഘടനയിലെ മനുഷ്യർ എല്ലാവിധ കുഴപ്പങ്ങൾക്കും കാരണക്കാരാകുന്നു. ഏവരാലും വെറുക്കപ്പെട്ട ഈ സംഘടനയുടെ ഭീകരമായ ചിത്രവും നോവലിസ്റ്റ് പങ്കുവെക്കുന്നുണ്ട്. സ്കൂളിലെ അധ്യാപകരായ മനുഷ്യർക്കും നിഗൂഢമായ ഒരു സമീപനം ഇതിനോടുണ്ടായിരുന്നു എന്ന് കരുതേണ്ടിയിരിക്കുന്നു. നോവലിസ്റ്റ് ശരിക്കും ദാർശനികമായും കാവ്യാത്മകമായുമാണ് ഇവിടെ തന്റെ നോവലിന്റെ ഗതി നിയന്ത്രിക്കുന്നത്. ആശയപരമായ ചുവടുവെപ്പുകൾക്ക് പിന്നിൽ ബോധമണ്ഡലത്തിന്റെ താങ്ങും ഉണ്ടായിരുന്നു എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു.
സർറിയലിസ്റ്റായ റുമേനിയൻ എഴുത്തുകാരൻ കർതെറസ്ക്യൂവിന്റെ ഈ രചനയിലാകെ പരാജിതനായ ഒരെഴുത്തുകാരന്റെ വിഭ്രാന്തികൾ പ്രകടമാകുന്നു. ഏതാണ്ട് അറുനൂറോളം പേജുകളിൽ വികസിതമായി കിടക്കുന്ന നോവൽ ചെസസ്ക്യൂവിന്റെ കാലത്തെ റുമേനിയയുടെ സങ്കീർണമായ അവസ്ഥകളും ബുക്കാറസ്റ്റ് നഗരത്തിന്റെ രൂപാന്തരത്വത്തോട് പ്രതികരിക്കുന്ന നിശ്ചലവും നിശ്ശബ്ദവുമായ രൂപഭാവങ്ങളും ഉൾക്കൊണ്ടിരിക്കുന്നു. അത് ബോർഹസിന്റെ രചനകളെ പലപ്പോഴും നമ്മെ ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കും. സർറിയലിസ്റ്റ് സാഹിത്യത്തിന്റെ പരിമിതികൾക്കുള്ളിൽനിന്നു വേണം നമുക്കീ നോവലിന്റെ പുതിയ രൂപത്തെ ഉൾക്കൊള്ളാൻ.
ഇതിലെ പ്രധാന ആഖ്യാതാവായി വരുന്ന കഥാപാത്രത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്റ്റീഫൻ ഡെഡുലാസായിട്ടാണ് പുതിയ കാലത്തെ നിരൂപകരും ആസ്വാദകരും കാണുന്നത്. നോവൽതന്നെ മനുഷ്യമനസ്സിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. എത്രയെത്ര നിഗൂഢതകളാണ് അത് സ്വന്തം അറകൾക്കുള്ളിൽ സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ആഖ്യാതാവും ഐറിനും നോവലിന്റെ അവസാനഭാഗത്ത് കടന്നുവരുന്ന കുട്ടിയായ ഐറിനും ചേർന്നൊരുക്കുന്ന വിഷമവൃത്തത്തിലെ ലേബ്രിൻതിനിയൻ ചേരുവകൾ സമകാലിക നോവൽ രചനയിലെ തലങ്ങളിലൊന്നും കാണാൻ കഴിയില്ല. അത്രക്ക് വിശാലമായ ഒരു ലാൻഡ്സ്കേപ്പിനുള്ളിലാണിവിടെ പലതും സംഭവിക്കുന്നത്.
നോവൽ വായിച്ചുതീരുമ്പോൾ ഒരുകാര്യം നിങ്ങൾക്ക് വ്യക്തമാകും. കർതെറസ്ക്യൂ വളരെ വിജയകരമായി തന്റെ മാന്ത്രികവിദ്യ നിങ്ങൾക്കുമേൽ വിരിയിച്ചുകഴിഞ്ഞിരിക്കുന്നു. ആഖ്യാതാവിന്റെ ഭ്രമാത്മകതകളും സ്വപ്നങ്ങളുമെല്ലാം നിങ്ങളുടേതുമായി രൂപാന്തരപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സ്വന്തം ഭാഷയിലാണ് നിങ്ങളോട് സംസാരിക്കുന്നത്. ആദ്യം മുതൽ ഭാഷയുടെ സ്വകാര്യമായ നിസ്വനങ്ങൾ ആസ്വാദകന്റെ ചെവികളിലും മനസ്സുകളിലും ഇടം കണ്ടെത്തിയിരിക്കുന്നു. ഇടവിട്ടിടവിട്ടുള്ള ഒരു വായന ഇതിന്റെ ആത്മാവ് കണ്ടെത്തുന്നതിൽ നിങ്ങൾക്ക് പരാജയം കൊണ്ടുവരും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഒരു മാസ്റ്റർപീസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.