ഓരോ വർഷവും സാഹിത്യത്തിനുള്ള അന്തർദേശീയ ബുക്കർ പുരസ്കാരം (പഴയ മാൻ ബുക്കർ അന്തർദേശീയ പുരസ്കാരം) പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും ഒരു ചിന്ത ഉയരും. നമ്മുടെ രാജ്യത്തിന് എന്ത് എന്നാവും അത്. സാഹിത്യാസ്വാദകർ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ് 2022ലെ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ യാഥാർഥ്യമായിരിക്കുന്നത്....
ഓരോ വർഷവും സാഹിത്യത്തിനുള്ള അന്തർദേശീയ ബുക്കർ പുരസ്കാരം (പഴയ മാൻ ബുക്കർ അന്തർദേശീയ പുരസ്കാരം) പ്രഖ്യാപിക്കുമ്പോൾ സ്വാഭാവികമായും ഒരു ചിന്ത ഉയരും. നമ്മുടെ രാജ്യത്തിന് എന്ത് എന്നാവും അത്. സാഹിത്യാസ്വാദകർ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു സ്വപ്നമാണ് 2022ലെ പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഇത്തവണത്തെ പുരസ്കാരം ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീയുടെ (Geetanjali shree) 'റേത് സമാധി' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ 'മണൽസമാധി' (Tomb of sand)ക്കാണ് ലഭിച്ചത്. ചിത്രകാരിയും എഴുത്തുകാരിയും പരിഭാഷകയുമായ, ഇപ്പോൾ അമേരിക്കയിൽ താമസിക്കുന്ന ഡെയ്സി റോക് വെല്ലാണ് (Daisy Rockwell) പരിഭാഷ നിർവഹിച്ചിരിക്കുന്നത്. ഹിന്ദിയിൽനിന്നും ഉർദുവിൽനിന്നും നിരവധി ക്ലാസിക് രചന ഇതിനകംതന്നെ അവർ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മാർച്ച് 10ന് പുരസ്കാരത്തിനുള്ള നീണ്ടപട്ടികയിൽ ഗീതാഞ്ജലിയുടെ നോവൽ ഇടം കണ്ടെത്തിയതോടെ ചിലരെങ്കിലും ഈ കൃതി ബുക്കറിന് അർഹമാണെന്ന് പറഞ്ഞിരുന്നു. ഏപ്രിൽ ഏഴിന് പുറത്തുവന്ന ഹ്രസ്വപട്ടികകളിലും അവരുടെ രചന ഇടംപിടിച്ചപ്പോൾ ഇന്ത്യയിലും പുറത്തുമുള്ള സാഹിത്യപ്രേമികൾ അത്ഭുതത്തോടെയതിനെ സ്വീകരിച്ചു. ഈ ഹ്രസ്വപട്ടികയിൽ നൊേബൽ ജേതാവായ ഓർഗ ടോക്കാർച്ചൂക്കിന്റെ ജേക്കബിന്റെ പുസ്തകങ്ങളും (Books of Jacob) നോർവീജിയൻ എഴുത്തുകാരൻ യോൺ ഫോസെയുടെ (Jon fose) സെവ്ട്രോളജിയുടെ മൂന്നാം ഭാഗവുമുണ്ടായിരുന്നു. ഓർഗ ടോക്കാർച്ചൂക്കിന്റെ പലായനങ്ങൾ (Flights) എന്ന നോവലിന് മാൻ ബുക്കർ സമ്മാനം നേരത്തേ ലഭിച്ചതാണ്. ഫോസെയുടെ നോവലിൽ പരമ്പരയുടെ അവസാനഭാഗമാണ് എന്നതിനാൽതന്നെ സാധ്യത കുറവായിരുന്നു. കൂട്ടത്തിലുള്ള ജപ്പാൻ, കൊറിയൻ രചനകൾ വല്ലാതെ നിരാശപ്പെടുത്തി. ഈ സാഹചര്യങ്ങളെല്ലാംതന്നെ ഗീതാഞ്ജലിക്കനുകൂലമായി വന്നു. ഗീതാഞ്ജലിക്കുതന്നെ ഈ പുരസ്കാരം ലഭിക്കുമെന്ന് ഈ ലേഖകനടക്കം ഒരു വായനക്കാരുടെ കൂട്ടായ്മ ഏതാണ്ടുറപ്പിക്കുകയും ചെയ്തു.
ഏതായാലും, ഗീതാഞ്ജലി എന്ന എഴുത്തുകാരിക്ക് ഈ പുരസ്കാരം ലഭിച്ചതിൽ അഭിമാനിക്കുന്നു. ഇന്ത്യൻ സാഹിത്യത്തിന് മികച്ച പരിഭാഷയുണ്ടായാൽ അന്തർദേശീയമായ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് പുതിയ അനുഭവം വിളിച്ചുപറയുന്നു.
ഈ നോവലിലെ പ്രധാന കഥാപാത്രമായ അമ്മ (ഛന്ദയെന്ന് പേര്) വിഭജനത്തിന്റെ കാലത്താണ് ഇന്ത്യയിലേക്കെത്തിച്ചേർന്നത്. അവർക്കൊപ്പം മറ്റു കഥാപാത്രങ്ങളും പക്ഷികളും ചിത്രശലഭങ്ങളും എന്തിന് വാതിലുകൾപോലും സജീവമായി നിൽക്കുന്നു. ചെറിയ ചെറിയ അധ്യായങ്ങളിലൂടെയാണ് എഴുനൂറ്റിയമ്പതിൽപരം പേജുകളിൽ ഈ നോവൽ വികസിതമാകുന്നത്. നീണ്ട അധ്യായങ്ങൾ വളരെ കുറച്ചേയുള്ളൂ എന്നത് വായനയെ കൂടുതൽ ലളിതമാക്കുന്നു. ഒരു വിഭജനകാല നോവൽ എന്ന പേരിലാണ് ഈ നോവൽ ചിത്രീകരിച്ചിരിക്കുന്നത്. അതോടൊപ്പം ഏതൊരു നോവലിസ്റ്റിനും നിഷേധിക്കാനാവാത്ത രാഷ്ട്രീയപരമായ ഒരു സ്പർശവും ഇതിനുണ്ട്.
ഗീതാഞ്ജലി തന്നെ അടുത്തകാലത്തെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്: മിക്കവാറും ഭാഷയെ ആശയങ്ങളുടെ വാഹകനായി മാത്രമാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതോടൊപ്പം ഒരു കഥയും വികസിതമാകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഭാഷക്ക് അതിന്റേതായ സാന്നിധ്യവും സ്വതന്ത്രമായ അവസ്ഥയുമുണ്ട്. വ്യക്തിപരമായി ഞാൻ അതിന്റെ മൗലികമായ സ്പന്ദനങ്ങൾ ഏറെയിഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് താൻ നേരിട്ട് ഇംഗ്ലീഷിൽ രചന നടത്താത്തത് എന്നതിനെക്കുറിച്ചും അവർ തുറന്നു സംവദിക്കുന്നുണ്ട്. ഈ നോവൽ ശരിക്കുമൊരു പരിഭാഷക്കു വിധേയമാകുവാൻ ഏറെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണെന്ന് നിരൂപകർ വിശ്വസിച്ചിരുന്നു. ഏതായാലും, ഡെയ്സി റോക് വെൽ ഇവിടെ കാര്യങ്ങൾ കാര്യക്ഷമമായിതന്നെ നിർവഹിച്ചിരിക്കുന്നു.
പ്രധാന കഥാപാത്രമായ അമ്മക്ക് ഇന്ത്യയിലേക്കു വരുന്നതിനുമുമ്പ് തന്നെ അവരുടെ ഭർത്താവിനെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. ജീവിതത്തിനെതിരെയും അവരുടെ കുടുംബത്തിനെതിരെയും തിരിഞ്ഞുനിൽക്കേണ്ടിവരുന്ന അവർ നോവലിന്റെ അവസാനം പാകിസ്താനിലേക്കു മടങ്ങുന്ന ഒരു ദൃശ്യമാണുള്ളത്. അതെ, അവരുടെ വിഭജനത്തിനു മുമ്പുണ്ടായിരുന്ന ഒരു ഭൂതകാലത്തിലേക്കുള്ള യാത്രയായിരുന്നു. അത് എഴുത്തുകാരിയായ ഗീതാഞ്ജലി വളർച്ചക്കിടയിൽ സോഷ്യൽ റിയലിസവും റഷ്യൻ വിക്ടോറിയൻ ഇംഗ്ലീഷ് സാഹിത്യവും സൃഷ്ടിച്ച സ്വാധീനത്തെക്കുറിച്ച് സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ നോവലിന്റെ കേന്ദ്രീകൃതമായ ആശയം അതിർവരമ്പുകളുടെ തിരസ്കരണവും മനുഷ്യന്റെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശവും ആവേശപൂർവം നിലനിൽക്കാനുള്ള സ്വാതന്ത്ര്യവുമാണ്.
എഴുത്തിന്റെ ശൈലിയിലുള്ള സവിശേഷതകളും വായനക്കാരെ പുതിയ അനുഭവങ്ങളിലേക്കു കൊണ്ടുപോകുന്നു. ഒരു വാചകം മാത്രമുള്ള അധ്യായങ്ങളും ഈ നോവലിലുണ്ട്. മറ്റു ചില ഭാഗത്ത് മൂന്നു പേജുകളോളം നീണ്ടുപോകുന്ന വാചകവും കാണാൻ കഴിയും. ആധുനിക യൂറോപ്യൻ നോവലുകളിൽ ഇപ്പോൾ സാധാരണ കാണുന്നഈ രീതി പ്രത്യേകിച്ചും യോൺ ഫോസെയുടെ നോവലുകളിൽ അംഗീകരിക്കാനും ഇവർ തയാറാകുന്നില്ല. വലിയ സങ്കീർണതകളൊന്നുമില്ലാതെ ഇത് വായിക്കാൻ കഴിയുന്നുവെന്നതാണ് പ്രാധാന്യമർഹിക്കുന്നത്.
രചനയിൽ മൗലികതയുടെ സൂക്ഷ്മഭാവങ്ങൾ ഉൾക്കൊള്ളിക്കുന്ന ഒരു രചനയാണിതെന്ന് പറയാം. നോവലിന്റെ ആന്തരികമായ പ്രമേയഘടനക്ക് ദുഃഖകരമായ ആവരണമാണ് ഇതെങ്കിൽപോലും ഇത് നർമത്തിന്റെ തലങ്ങളിലേക്ക് സഞ്ചരിക്കുന്നുമുണ്ട്. അതിർവരമ്പുകളുടെ തകർച്ചകൾ സൃഷ്ടിക്കുന്ന ആപത് സൂചനകൾ ഇന്ന് ഇവിടെ മാത്രമല്ല, ലോകം നിത്യേന കാണുകയും അനുഭവിക്കുകയും ചെയ്യുന്ന യാതനയാണ്. രാജ്യങ്ങൾക്കിടയിൽ അതിരുകൾ അടുത്ത് കിടക്കുന്ന മനുഷ്യരെ കൂടുതൽ അകറ്റുകയും മാനവചരിത്രത്തിൽ പരിഹരിക്കെപ്പടാത്ത ഭാഗങ്ങളായി അവശേഷിക്കുകയും ചെയ്യുന്നു. മതവും മറ്റു മനുഷ്യസൃഷ്ടികളായ സാഹചര്യങ്ങളും ഇതിനെ കൂടുതൽ സങ്കീർണമാക്കുന്നു. വിഭജനത്തെക്കുറിച്ച് ഇതിനുമുമ്പ് ഹിന്ദിയിലും ഉർദുവിലും വിഖ്യാതമായ രചനകൾ വന്നിട്ടുണ്ട്. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ പ്രയാഗ് ശുക്ല, റെത്ത് സമാധിയെ (Tomb of sand) ഭാഷയുടേതായ ഒരു ചുവരിൽ കെട്ടിപ്പടുത്ത ഒന്നായിട്ടാണ് വിലയിരുത്തിയിരിക്കുന്നത്. ഗീതാഞ്ജലി വാക്കുകളെ കുട്ടികളെപ്പോലെയാണ് കൈകാര്യം ചെയ്യുന്നത്. ചിലപ്പോഴതിന് വാക്കുകൾക്കിടയിലെ നിശ്ശബ്ദതപോലെ സങ്കീർണമായ ഒരു ഭാവവും ഉൾക്കൊള്ളാൻ കഴിയും. ഇതിലെ മാതാവും പുത്രനുമായുള്ള ആത്മബന്ധം ശരിക്കും സവിശേഷമായ ഒന്നാണ്. മാതാവിനുവേണ്ടി സാരികൾ വാങ്ങുമ്പോൾ അതവന് ഒരുതരം ഒഴിയാബാധപോലെയാണ് അനുഭവപ്പെടുന്നത്. അവരുടെ സാന്നിധ്യമില്ലാതാകുമ്പോൾ താൻ തിരഞ്ഞെടുത്ത സാരികളെക്കുറിച്ചവൻ ഓർമിക്കാറുമുണ്ട്. ഭർത്താവിന്റെ മരണശേഷം പുത്രിക്കൊപ്പമാണ് ജീവിക്കാൻ തുടങ്ങുന്നത്. വൃദ്ധയായ സ്ത്രീയുടെ ഒരു ട്രാൻസ്ജെൻഡറുമായുള്ള ബന്ധം വളരെ ചടുലതയോടും അവധാനതയോടെയുമാണ് വികസിതമാകുന്നത്. ട്രാൻസ്ജെൻഡറിനെ പ്രാധാന്യത്തോടെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
എൺപത് വയസ്സുകാരിയായ ആഖ്യാതാവിന് എല്ലാവിധ സ്വാതന്ത്ര്യവും പകർന്നുകൊടുക്കുന്നുണ്ട്. വിഭജിക്കാത്ത ഒരിന്ത്യയുടെ ഭൂമികയുടെ സാന്ത്വനത്തിലാണ് അവർ ജീവിക്കാനാഗ്രഹിക്കുന്നത്. ഓർമകളും അവർക്കൊപ്പംതന്നെ നിശ്ശബ്ദമായി കഴിയുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്നേഹത്തിനും തീവ്രമായ അഭിലാഷങ്ങൾക്കും അതിരുകൾ സംഭവിക്കുന്നില്ല. പുറത്തെ ശബ്ദമുഖരിതമായ ലോകവും ആന്തരികമായവർ കാത്തുസൂക്ഷിക്കുന്ന മൗലികമായ നിശ്ശബ്ദതയും എഴുത്തിനെ കൂടുതൽ ഉദാത്തമാക്കുന്നു. അത് തകർക്കുന്ന അതിർവരമ്പുകൾ മാനവികതയുടെ ചരിത്രത്തിൽ ഇടംപിടിക്കുകയും ചെയ്യുന്നു. വാക്കുകൾകൊണ്ട് അവർ സ്വരൂപിച്ചെടുക്കുന്ന ലോകം അതെത്രമാത്രം ഭാവനാസമ്പന്നമാെണന്നതിലൂടെ കടന്നുപോകുമ്പോൾ നമുക്കു തിരിച്ചറിയാൻ കഴിയും. ആത്യന്തികമായി ഒന്നിനെയും അവഗണിക്കാനും അവർ തയാറാകുന്നില്ല. എൺപത് വയസ്സുകാരിയായ സ്ത്രീ കിടക്കയിൽ ചുവരിനോട് മുഖംതിരിഞ്ഞാണ് കിടക്കുന്നത്. ഇതിനെ താൻ ജീവിക്കുന്ന ലോകത്തോടവർക്കുള്ള വിമുഖതയായി തോന്നാവുന്നതേയുള്ളൂ. അവർ താമസിക്കുന്ന നഗരത്തിലെ ഭ്രമാത്മകമായ അവസ്ഥകളെ പാപഭാരം മുഴുവനും ഏറ്റുവാങ്ങാനും അവർ തയാറായിരുന്നില്ല. സംഭവങ്ങൾ ഒന്നൊന്നായി പുതിയ പുതിയ അനുഭവങ്ങളിലേക്കാണവരെ കൊണ്ടുചെന്നെത്തിക്കുന്നത്.
കുടുംബജീവിതത്തിൽ വരാൻപോകുന്ന സാഹസികതകളെ ഏതു രീതിയിലാണ് നേരിടേണ്ടതെന്ന ആശങ്കകളും അവരെ ഭയപ്പെടുത്തുന്നില്ല. അവരുടെ പുത്രിയും റിട്ടയർ ചെയ്യാൻ പോകുന്നു. സിവിൽ സെർവന്റായ പുത്രനും അയാളുടെ അത്രക്കൊന്നും തിരിച്ചറിയപ്പെടാത്ത ഭാര്യയും തീവ്രമായ ഒരു ബന്ധത്തിന്റെ കണ്ണികളായിട്ടാണീ നോവലിൽ തെളിഞ്ഞുവരുന്നത്. ട്രാൻസ്ജെൻഡർ റോസിബുവായുമായുള്ള ആത്മബന്ധവും ഇവിടെ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുന്നുമുണ്ട്. അവസാനം പുത്രിക്കൊപ്പമാണവർ പാകിസ്താനിലേക്കു യാത്രയാവുന്നത്.
പാകിസ്താനിലേക്കു കടക്കുന്നതിനിടയിൽ വാഗാ അതിർത്തിയിൽ നിൽക്കുമ്പോൾ അമ്മ പറയുന്നു: ''ഇതാ നാം വാഗായിലാണിപ്പോൾ'' -അവിടെ നോവലിന്റെ കഥ കൂടുതൽ നാടകീയമാകുന്നു. അതോടെ കഥ വിഭജനമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. വിടവാങ്ങലിന്റെ വേദന ഇവിടെ ആരോടാണവർക്കു പങ്കുവെക്കുവാൻ കഴിയുന്നത്. രക്തപങ്കിലമായ ഒരു അന്തരീക്ഷത്തിലെ വിടവാങ്ങൽ അവരെ ഏറെ വേദനിപ്പിക്കുകയും ചെയ്യുന്നു. വാഗാ അതിർത്തിക്കപ്പുറത്തും ഇപ്പുറത്തും... അതെ ഇവിടെ എവിടെയാണ് നാമിപ്പോൾ, ഗീതാഞ്ജലിയുടെ കഥാപാത്രം ചോദിക്കുന്ന ചോദ്യത്തിന് ഇന്നും ശരിക്കുള്ള ഒരുത്തരം ലഭിച്ചിട്ടില്ല.
നോവലിൽ പ്രതീകാത്മകമായി മാതാവിനൊപ്പം നമ്മൾ കാണുന്ന ഒരു ബുദ്ധപ്രതിമയുണ്ട്. അത് അവർക്കൊപ്പം സഞ്ചരിക്കുന്നു. പ്രതീകാത്മകതയുടെ വിശിഷ്ട രൂപമാണ് എൺപത്തിയൊന്നാം വയസ്സിൽ അവർ പങ്കുവെക്കുന്ന സന്ദേശം. അവർ തരണംചെയ്ത കാലത്തിന്റെ ജീവിതത്തിന്റെ കൂട്ടിയിണക്കുന്ന കണ്ണികളാണ്.
നിറഞ്ഞ മിഴികളോടെ അതിർത്തി കടക്കുന്ന കണ്ണുകൾ തൊട്ടടുത്തുനിൽക്കുന്ന അൻവർ അലിയിൽ പതിയുന്ന രംഗം ശക്തമായിട്ടാണ് ആവിഷ്കരിച്ചിരിക്കുന്നത്. അവരെ ഒന്നു സ്പർശിക്കാൻ അയാൾ ആഗ്രഹിച്ചു. പക്ഷേ, അതിനവർ തയാറായില്ല. ചുറ്റും നിൽക്കുന്നവരിൽ ഇത് തെറ്റിദ്ധാരണ പരത്തും. വിഭജനത്തിന്റെ നിഗൂഢതകൾക്കുപോലും ഇതിനുത്തരം നൽകാനാവില്ല. അവരുടെ ശിരസ്സിൽ കൈവെച്ച് നിൽക്കാൻപോലുമാകാതെ അൻവർ നിൽക്കുന്നിടത്താണ് നോവൽ തീരുന്നത്.
മലയാള സാഹിത്യത്തിൽ നമ്മുടെ ആനന്ദിന്റെ നോവലുകൾ പ്രമേയംകൊണ്ട് സാർവലൗകികമാണെങ്കിൽപോലും ഇതുപോലെ മികച്ച ഒരു പരിഭാഷ ലഭിക്കാതെ, ശ്രദ്ധിക്കപ്പെടാതെ പോയത് വേദനിപ്പിക്കുന്നു. 'ഗോവർധന്റെ യാത്രകൾ', 'മരുഭൂമികൾ ഉണ്ടാകുന്നത്', 'ആൾക്കൂട്ടം', 'വ്യാസനും വിഘ്നേശ്വരനും', 'വിഭജനങ്ങൾ' എന്നിങ്ങനെ നോവലുകൾ മികച്ച പരിഭാഷകളിലൂടെ സാഹിത്യലോകത്ത് തരംഗങ്ങൾ സൃഷ്ടിക്കുമായിരുന്നു. അടുത്തകാലത്ത് വായിച്ച നോവലിലെ പുതുമുഖമായ അജയ് പി. മങ്ങാട്ടിന്റെ 'മൂന്നു കല്ലുകൾ' എന്ന നോവലും മികച്ച പരിഭാഷകനെ തേടുന്ന ഒരു രചനയാണ്. അവസാനമായൊരു കാര്യം പ്രത്യേകം പറയാനുണ്ട്. ഇവരുടെ പട്ടികകളിലൊന്നും കടന്നുവരാത്ത എത്രയോ പരിഭാഷകൾ ഇതിനകംതന്നെ ദർശിച്ചുകഴിഞ്ഞു. ഇവരിൽ റഷ്യൻ എഴുത്തുകാരൻ സാഷാഫിലിപ്പെൽകെയുടെ റെഡ്ക്രോസവും ചിലിയിലെ എഴുത്തുകാരി ഡയമെല എൽറ്റിറ്റിന്റെ (Diamele Eltit) നെവർ ഡിഡ് ദി ഫയർ (Never did the Fire) എന്നീ നോവലുകൾ അടുത്തകാലത്തെ വായനയിലെ താരകങ്ങളാണ്. ഇവിടെ പബ്ലിഷർമാരുടെയും പരിഭാഷകരുടെയും ഒരു വലിയ ഉപചാപകവൃന്ദം സജീവമായുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഈ നോവലിൽ വിഭജനം എന്ന പ്രമേയം നോവലിന്റെ അവസാനഭാഗത്തു മാത്രമേ കടന്നുവരുന്നുള്ളൂവെന്നത് ഒരു പരിമിതിയായി അവശേഷിക്കുന്നു. വിഭജനത്തിന്റെ നോവൽ എന്ന് വിശേഷിപ്പിക്കപ്പെടുമ്പോൾ പ്രമേയത്തെ കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കേണ്ടതിന്റെ സാധ്യതകളും കാണേണ്ടതായിട്ടുണ്ട്. അപ്രത്രീക്ഷിതമായി ഈ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ എഴുത്തുകാരിയെന്ന നിലയിൽ ഗീതാഞ്ജലി ശ്രീക്ക് കൂടുതൽ കരുത്തുള്ള എഴുത്തുകാരിയായി തീരാനാവും.
പെൻഗ്വിൻ റാൻഡംഹൗസ് (Penguin Random House) പ്രസാധകർ എത്ര മോശമായിട്ടാണ് നോവലിന്റെ പതിപ്പ് തയാറാക്കിയിരിക്കുന്നതെന്നോർക്കുമ്പോൾ ദുഃഖംതോന്നും. പുരസ്കാരം ലഭിച്ച ഈ ബൃഹദ് നോവൽ ഒരു ഹാർഡ് ബൗണ്ട് എഡിഷൻ അവകാശപ്പെടുന്നത് ആർക്കാണ് നിഷേധിക്കാൻ കഴിയുക?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.