അപ്രധാനമെന്നു തോന്നിക്കുന്ന ചില സംഭവങ്ങൾ പലപ്പോഴും ചരിത്രത്തിൽ നിർണായകമായിത്തീരുന്നു. ഭരണകൂടങ്ങളെ കടപുഴക്കിയെറിയുന്നു. രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വിധി മാറ്റിയെഴുതുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ചു വിവരിച്ചുകൊണ്ടാണ് മാരിയോ വർഗാസ് യോസ തന്റെ 'കഠിനകാലം' (Harsh Times) എന്ന പുതിയ നോവൽ ആരംഭിക്കുന്നത്. വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്നും വരുന്ന രണ്ട് അമേരിക്കൻ ജൂതരുടെ കണ്ടുമുട്ടലിനെക്കുറിച്ചാണ് യോസ പറയുന്നത്. 1948ൽ...
അപ്രധാനമെന്നു തോന്നിക്കുന്ന ചില സംഭവങ്ങൾ പലപ്പോഴും ചരിത്രത്തിൽ നിർണായകമായിത്തീരുന്നു. ഭരണകൂടങ്ങളെ കടപുഴക്കിയെറിയുന്നു. രാഷ്ട്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും വിധി മാറ്റിയെഴുതുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ചു വിവരിച്ചുകൊണ്ടാണ് മാരിയോ വർഗാസ് യോസ തന്റെ 'കഠിനകാലം' (Harsh Times) എന്ന പുതിയ നോവൽ ആരംഭിക്കുന്നത്.
വളരെ വ്യത്യസ്തമായ പശ്ചാത്തലങ്ങളിൽനിന്നും വരുന്ന രണ്ട് അമേരിക്കൻ ജൂതരുടെ കണ്ടുമുട്ടലിനെക്കുറിച്ചാണ് യോസ പറയുന്നത്. 1948ൽ ആയിരുന്നു അത്. എഡ്വേഡ് എൽ ബെർണേസ് എന്ന ആദ്യത്തെ ജൂതന്റെ മാൻഹട്ടനിലുള്ള ഓഫിസിൽവെച്ചായിരുന്നു ആ അഭിമുഖം. ബെർണേസ് പ്രചാരവേലയുടെ പിതാവ് (Father of Public Relations) എന്നറിയപ്പെടുന്ന ആളാണ്. ഉന്നതകുലജാതൻ, വിദ്യാസമ്പന്നൻ. സിഗ്മണ്ട് േഫ്രായ്ഡിന്റെ മരുമകൻ എന്ന വലിയ വിലാസവുമുണ്ട്. വിപണിയിൽ, രാഷ്ട്രീയത്തിൽ, അല്ലെങ്കിൽ ജീവിതത്തിന്റെ സമസ്തമേഖലകളിലും മാർക്കറ്റിങ് എങ്ങനെ വിദഗ്ധമായി ഉപയോഗിക്കാമെന്ന് വിലയിരുത്തുന്ന 'െപ്രാപഗാൻഡ' എന്ന പുസ്തകം എഴുതിയയാൾകൂടിയാണ് 51 വയസ്സുകാരനായ ബെർണേസ്. രണ്ടാമന് ബെർണേസിനെക്കാൾ 20 വയസ്സു കൂടും. സെം സെമുറേ എന്നായിരുന്നു അയാളുടെ പേര്. ചെറുപ്പത്തിൽ റഷ്യയുടെ കരിങ്കടലിന്റെ തീരത്തുനിന്നും അമേരിക്കയിലേക്കു കുടിയേറിപ്പാർത്ത വെറും സാധാരണക്കാരൻ. ബെർണേസിനെ കാണാൻ സമയം വാങ്ങിയിട്ടാണ് സെമുറേ വന്നിട്ടുള്ളത്. ഭംഗിയായി വസ്ത്രം ധരിച്ചിട്ടില്ല, നടപ്പിലും ഇരിപ്പിലും ഒട്ടും കുലീനത പുലർത്തുന്നില്ല. ബെർണേസിന്റെ പുസ്തകം വായിച്ചിട്ട് തനിക്കത്ര പിടികിട്ടിയില്ലെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. മൊത്തത്തിൽ ബെർണേസിന് സെമുറേയെ അത്ര പിടിച്ചിട്ടില്ലെന്നു വ്യക്തമാണ്. വടക്കെ അമേരിക്കയിലേക്ക് വാഴപ്പഴം ഇറക്കുമതി ചെയ്യുന്ന ഒരു കമ്പനിയുടെ തലവനാണ് താനെന്നും കമ്പനിയുടെ പ്രചാരണപ്രവർത്തനങ്ങൾക്കുവേണ്ടി എഡ്വേഡ് ബെർണേസിനെ പബ്ലിക് റിലേഷൻസ് ഡയറക്ടർ എന്ന തസ്തികയിൽ ജോലിയിലെടുക്കാനാണ് താൻ വന്നിട്ടുള്ളതെന്നും സെമുറേ തുടർന്നു സൂചിപ്പിക്കുന്നു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ബെർണേസിനു തീരുമാനിക്കാം. ജോലിയുടെ ശീർഷകവുമതേ.
അമേരിക്കയിലേക്ക് വാഴപ്പഴം ഇറക്കുമതി ചെയ്യുന്ന കമ്പനി! സാം സെമുറേ എത്ര നിസ്സാരമായി പറഞ്ഞു! അത് യുനൈറ്റഡ് ഫ്രൂട്സ് കമ്പനിയല്ലാതെ മറ്റൊന്നുമായിരുന്നില്ല. ആ പേര് ഉറപ്പിച്ചതോടുകൂടി ബെർണേസ് അമ്പരന്നുപോയിട്ടുണ്ടാവണം. ഏതാണ്ട് എഴുപതോളം കൊല്ലമായി മധ്യ, തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ വാഴപ്പഴം കൃഷിചെയ്ത് വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും തീൻമേശകളിലേക്കെത്തിക്കുന്ന യുനൈറ്റഡ് ഫ്രൂട്സ് കമ്പനി എന്നത് വെറുമൊരു വ്യാപാരസ്ഥാപനമല്ല. പല യൂറോപ്യൻ രാജ്യങ്ങളെക്കാളും വിസ്തൃതമാണ് അവരുടെ കൃഷിയിടങ്ങൾ. ലക്ഷക്കണക്കിനു തൊഴിലാളികൾ, ചൊൽപ്പടിക്കു നിൽക്കുന്ന ഭരണകൂടങ്ങൾ, ഭൂഖണ്ഡത്തിന്റെ രാഷ്ട്രീയത്തിന് അന്തർധാരയായി ഒഴുകുന്ന പണം. പലപ്പോഴും ലാറ്റിനമേരിക്കൻ ജീവിതത്തെ നിർണയിച്ചിരുന്നതും നയിച്ചിരുന്നതും അവരുടെ നടപടികളായിരുന്നു. ഗബ്രിയേൽ മാർകേസിന്റെ 'ഏകാന്തതയുടെ നൂറുവർഷങ്ങളി'ലെ വാഴത്തോട്ടത്തിലെ വിപ്ലവവും അനുബന്ധിച്ചുള്ള കൊലപാതകങ്ങളും ഓർമിക്കാവുന്നതാണ്. 'ചൊവ്വാഴ്ചയിലെ ഉച്ചമയക്കം' പോലുള്ള മാർകേസിന്റെ കഥകളിൽ തീവണ്ടി സഞ്ചരിക്കുന്നത് വിജനവും നിശ്ശബ്ദവുമായ വാഴത്തോട്ടങ്ങളുടെ അരികുപറ്റിയാണ്. ഇന്ത്യയിൽ ബ്രിട്ടീഷ് കൊളോണിയലിസം ചെയ്തതുപോലെ, തെക്കേ അമേരിക്കയിൽ റെയിൽ ഗതാഗതം വികസിപ്പിക്കുന്നതിനു പിന്നിൽ ഈ കമ്പനിയുടെ വ്യാപാരതാൽപര്യങ്ങളുണ്ടായിരുന്നു. തങ്ങൾ കൃഷി ചെയ്യുന്ന രാജ്യങ്ങളിലെ അധികാരികളെ പ്രീണിപ്പിച്ചുകൊണ്ട് നികുതി ഒഴിവാക്കി വാങ്ങാനും തൊഴിൽ യൂനിയനുകളെ അനുവദിക്കാതിരിക്കാനും യുൈനറ്റഡ് ഫ്രൂട്ട് കമ്പനിക്കു സാധിച്ചു. ഹോണ്ടുറസ്, നികരാഗ്വ, എൽ സാൽവഡോർ, കോസ്റ്ററീക, കൊളംബിയ, കരീബിയൻ ദ്വീപുകൾ: ഈ ദേശങ്ങളെല്ലാം അവരുടെ വരുതിയിലായിരുന്നു. ഉപജാപങ്ങളും സൈനിക അട്ടിമറികളും കൊലപാതകങ്ങളും ആചാരങ്ങൾപോലെ സാമാന്യമായിരുന്ന ആ രാഷ്ട്രീയകാലാവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് ലോകം 'ബനാന റിപ്പബ്ലിക്കുകൾ' എന്ന പരിഹാസപ്പേരിലാണ് അവയെ അടയാളപ്പെടുത്തിയിരുന്നത്. ജീവിതത്തിന്റെ സമസ്തമേഖലയിലും ഇടപെട്ടുകൊണ്ട് തങ്ങളുടെ വ്യാപാരതാൽപര്യങ്ങളെ സംരക്ഷിക്കുന്നതുകൊണ്ടുതന്നെ, കാലക്രമേണ വാഴപ്പഴക്കമ്പനിക്ക് 'നീരാളി' എന്ന അപരനാമം കൈവന്നു.
മെക്സികോയുടെ താഴെയുള്ള മധ്യ അമേരിക്കയിലെ ഒരു ചെറിയ രാജ്യമായ ഗ്വാട്ടമാലയിലെ അമ്പതുകളിലെ രാഷ്ട്രീയസംഭവവികാസങ്ങളാണ് യോസയുടെ നോവലിന്റെ പശ്ചാത്തലം. ''ഈ നശിച്ച ഗ്വാട്ടമാലയെക്കുറിച്ച് എന്റെ എഴുപത്തൊമ്പതാം വയസ്സിനുമുമ്പ് ഒരിക്കലും കേട്ടിട്ടുപോലുമില്ലെന്ന' വിൻസ്റ്റൺ ചർച്ചിലിന്റെ അമ്ലഭാഷയിലുള്ള പ്രസ്താവന നോവലിന്റെ പ്രവേശികയായി യോസ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ഈ ചെറുരാജ്യത്തിലെ സംഭവവികാസങ്ങൾ പിൽക്കാലത്ത് ഒരു ഭൂഖണ്ഡത്തിന്റെതന്നെ രാഷ്ട്രീയജീവിതത്തെ വലിയതോതിൽ സ്വാധീനിക്കുകയുണ്ടായി. അതിന്റെ തുടക്കമായിരുന്നു നേരത്തേ സൂചിപ്പിച്ച രണ്ടു ജൂതരുടെ കണ്ടുമുട്ടൽ. അതിനും ഒരു പശ്ചാത്തലമുണ്ട്. നാൽപതുകളുടെ അവസാനം ഗ്വാട്ടമാലയിൽ ജനാധിപത്യഭരണക്രമം ആരംഭിക്കുന്നു. ഹുവാൻ ഹോസ് അരേവാലോയും അദ്ദേഹത്തെ തുടർന്ന് യാക്കോബോ അർബെൻസും തെരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിൽ വരുന്നു. അമേരിക്കൻ രീതിയിലുള്ള ജനാധിപത്യത്തോട് ആദരവ് പുലർത്തിയിരുന്ന ആത്മീയ സോഷ്യലിസ്റ്റുകളായിരുന്നു ഇരുവരും (spiritual socialists). അതേസമയം പരമദരിദ്രമായ തങ്ങളുടെ രാജ്യത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കണമെന്ന താൽപര്യം അവർക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായി ചില കാർഷികപരിഷ്കാരങ്ങൾക്ക് ഈ ഗവൺമെന്റുകൾ തുടക്കമിട്ടു. വാഴപ്പഴ കമ്പനി ഉപയോഗിക്കാതെയിട്ടിരുന്ന തരിശുഭൂമി ഭൂപരിഷ്കരണനിയമത്തിലൂടെ ഭൂരഹിതർക്കായി വിതരണം ചെയ്തു. കമ്പനിയുടെ ലാഭത്തിേന്മൽ നികുതി പിരിക്കാമെന്നായി. ഏതാണ്ട് അടിമവ്യവസ്ഥയിൽ ജോലിചെയ്തിരുന്ന തൊഴിലാളികൾക്കായി ചില ക്ഷേമപദ്ധതികൾ നടപ്പിൽ വരുത്തി. ഇതോടുകൂടി യുനൈറ്റഡ് ഫ്രൂട്ട് കമ്പനി ഗ്വാട്ടമാലൻ സർക്കാറിനെ തങ്ങളുടെ ശത്രുപക്ഷത്തേക്കു മാറ്റി പ്രതിഷ്ഠിച്ചു. അതിന്റെ ഭാഗമായാണ് സെം സെമുറേ പ്രചാരവേലക്കാരനായ ബെർണേസിനെ തന്റെ കമ്പനിയിലേക്കു നിയമിക്കുന്നത്.
വിഭിന്നരായ ഈ രണ്ടു വ്യക്തികളുടെ സംഗമം വലിയ ചരിത്രസംഭവങ്ങളുടെ തുടക്കമായിരുന്നു. ബെർണേസ് ഉണർന്നു പ്രവർത്തിച്ചു. അമേരിക്കൻ ഗവൺമെന്റിൽ കമ്പനിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ അയാൾക്കു സാധിച്ചു. ഗ്വാട്ടമാലയിലെ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സന്ദർശനത്തിനുശേഷം ഒരു കാര്യം ബെർണേസിനു മനസ്സിലായി: ഗ്വാട്ടമാലയിൽ ഒരു കമ്യൂണിസ്റ്റ് ഭരണകൂടം വരാനുള്ള സാധ്യതയൊന്നുമില്ല. പക്ഷേ, അങ്ങനെയൊരു സാധ്യതയുണ്ടെന്ന് വരുത്തിത്തീർത്താൽ മാത്രമേ ഇപ്പോഴുള്ള ഭരണകൂടത്തെ അട്ടിമറിക്കാനായി അമേരിക്കൻ ചാരസംഘടനയെ ഗ്വാട്ടമാലയിൽ ഇടപെടുവിക്കാൻ കഴിയൂ. രണ്ടുദശകം മുമ്പ് താൻ പ്രസിദ്ധീകരിച്ച 'െപ്രാപഗാൻഡ' എന്ന പുസ്തകത്തിൽ ബെർണേസ് പ്രവചനാത്മകമായ ഈ വാക്കുകൾ എഴുതിയിരുന്നു: ''മനുഷ്യരുടെ രീതികളിലും അഭിപ്രായങ്ങളിലും ബോധപൂർവമായി ഇടപെടുകയും അവയെ കൗശലപൂർവം മാറ്റിത്തീർക്കുകയും ചെയ്യുന്നത് ഒരു ജനാധിപത്യസമൂഹത്തിൽ പ്രധാനമാണ്. ഇങ്ങനെ രഹസ്യമായി ഇടപെടുന്ന ന്യൂനപക്ഷത്തെ അദൃശ്യമായ ഭരണകൂടമായി കണക്കാക്കാവുന്നതാണ്. ഇത് തുടർച്ചയായും വ്യവസ്ഥാപിതമായും ചെയ്യേണ്ടതുണ്ട്.'' ഏതാണ്ട് ഒരു നൂറ്റാണ്ടിനുശേഷം ലോകമെമ്പാടുമുള്ള ഭരണകൂടങ്ങളും അവയെ യഥാർഥത്തിൽ മുന്നോട്ടുകൊണ്ടുപോകുന്ന കോർപറേഷനുകളും അനുവർത്തിക്കുന്നത് ഈ സാമാന്യനിയമമാണെന്നത് നമ്മെ അത്ഭുതപ്പെടുത്തിയേക്കും. സത്യാനന്തരകാലത്തിന്റെ ആദ്യകാലനിർവചനംപോലെ തോന്നിക്കുന്നു, ഈ പ്രഖ്യാപനം.
ഗ്വാട്ടമാലൻ രാഷ്ട്രീയത്തിന്റെ അമ്പതുകൾ അയാളുടെ രഹസ്യനിയന്ത്രണത്തിലായി മാറുന്നത് നാം അമ്പരപ്പോടെ കാണുന്നു. ഐസൻഹോവറുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ്സ് ജോൺ ഡ്യൂൾസും അയാളുടെ സഹോദരനായ സി.ഐ.എ തലവൻ അലൻ ഡ്യൂൾസും വാഴപ്പഴക്കമ്പനിയുമായി സാമ്പത്തിക ചങ്ങാത്തമുള്ളവരായിരുന്നു എന്നത് സംഗതികൾ എളുപ്പമാക്കി. യാക്കോബോ അർബോൻസിന്റെ സർക്കാറിനെ ഒരു സൈനിക അട്ടിമറിയിലൂടെ നിലംപതിപ്പിക്കുന്നതും കാർലോസ് കാസ്റ്റീയോ അർമാസിന്റെ പാവഭരണകൂടത്തെ പകരം സ്ഥാപിക്കുന്നതും അമേരിക്കയായിരുന്നു. കാര്യമായ നേതൃപാടവമോ ഉൾക്കാഴ്ചയോ ഇല്ലാത്ത അർമാസ് കമ്പനിയുടെ ആവശ്യപ്രകാരം ഭൂപരിഷ്കരണനിയമങ്ങൾ റദ്ദാക്കി, അവരുടെ നികുതി വേണ്ടെന്നുവെച്ചു. വിമതരായിരുന്ന ആയിരക്കണക്കിനു പേരെ വധശിക്ഷക്കു വിധേയരാക്കി. ഏതാണ്ട് രണ്ടു ലക്ഷത്തോളം മനുഷ്യർ മെക്സികോയിലേക്ക്് പലായനം ചെയ്തു. പക്ഷേ, അതിനടുത്ത മൂന്നുവർഷത്തിനുശേഷം കാസ്റ്റിലോ അർമാസ് വധിക്കപ്പെടുന്നു. അയാൾക്കു നേരെയുണ്ടായ ഉപജാപത്തിനു പിന്നിൽ പ്രവർത്തിച്ചത് ആരാണ്? എങ്ങനെയാണ് ആ പ്രതിവിപ്ലവം വിജയിച്ചത്? യോസയുടെ നോവൽ ഈ ഗൂഢാലോചനയെയും അതിനോടു ബന്ധപ്പെട്ടുള്ള വലിയ നാടകങ്ങളെയും പ്രതിപാദിക്കുന്നു.
2000ത്തിൽ പ്രസിദ്ധീകരിച്ച 'ആടിന്റെ വിരുന്ന് ' (Feast of the Goat) പോലെ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് 'ഹാർഷ് ടൈംസ്'. ആടിന്റെ വിരുന്നിൽ യോസ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ നീചനായ സ്വേച്ഛാധികാരി റഫേൽ ത്രൂഹില്ലോയെ വിമതരായ ചെറുപ്പക്കാർ വധിക്കുന്നതും അതിനുശേഷം രാജ്യം കടന്നുപോകുന്ന അനിശ്ചിതത്വവുമാണ് അവതരിപ്പിച്ചത്. 1961ൽ ആയിരുന്നു ആ സംഭവം. ചെറിയ പെൺകുട്ടികളെ വരെ തന്റെ കാമകേളികൾക്ക് വിധേയനാക്കാൻ മടികാണിക്കാത്ത നിർദയനായ ഭരണാധിപനായിരുന്നു ത്രൂഹില്ലോ. മറ്റൊരു വിധത്തിൽ, ഇതേ ത്രൂഹില്ലോതന്നെയാണ് യോസയുടെ പുതിയ നോവലിന്റെയും കേന്ദ്രസ്ഥാനത്തു നിൽക്കുന്നത് എന്നു കാണാം. അയാൾ നിയന്ത്രിക്കുന്ന ഒരു പാവയായിരുന്നു അർബെൻസിന്റെ നിഷ്കാസനത്തിനുശേഷം ഗ്വാട്ടമാലയിൽ ഭരണത്തിൽ വരുന്ന കാർലോസ് അർമാസ്. അതേസമയം, ഭരണം കിട്ടിയതിനുശേഷം അയാൾ തന്നെ വേണ്ടത്ര പരിചരിച്ചില്ലെന്ന ഖേദം ത്രൂഹില്ലോക്കുണ്ടായി. വാഗ്ദാനം ചെയ്യപ്പെട്ട സൈനിക ബഹുമതികൾ നൽകിയില്ല. തന്നെ ഒരു മുഖ്യ അതിഥിയായി ഗ്വാട്ടമാലയിലേക്കു ക്ഷണിച്ചുകൊണ്ടുപോയില്ല, അതിനേക്കാളുപരി തന്റെ രാഷ്ട്രീയശത്രുവായ ഒരാൾക്ക് കാർലോസ് അഭയം നൽകുകയും ചെയ്തു. തീർന്നില്ല, താൻ അധികാരത്തിലേറ്റിയ ഈ നിർഗുണൻ തന്റെ സ്വന്തം കുടുംബത്തെപ്പറ്റി ചില അപവാദങ്ങൾ പറഞ്ഞുനടന്നു. അയാൾക്ക് മരണമല്ലാതെ ശിക്ഷ വേറെ എന്താണുള്ളത്? 'ഫീസ്റ്റ് ഓഫ് ദി ഗോട്ടി'ൽ നാം കാണുന്ന അതിക്രൂരനായ അനുചരൻ, ചാരസംഘത്തിന്റെ തലവൻ ജോണി അബേസ് ഗാർസ്യതന്നെയാണ് ഇവിടെയും കാർലോസിനെതിരെ തന്റെ വിധി നടപ്പാക്കാൻ ത്രൂഹില്ലോയുടെ ഉപകരണം. അയാൾ അതിനായി കാർലോസിന്റെ കാമുകിയെ സ്വാധീനിക്കുന്നു. അമേരിക്കൻ സ്ഥാനപതിയോടൊപ്പം പ്രവർത്തിക്കുന്നു. ഒടുവിൽ കാർലോസിന്റെ വധത്തിനുശേഷം അവളുമായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കു കടന്നുകളയുന്നു.
യഥാർഥ ചരിത്രത്തിലുള്ള കഥാപാത്രങ്ങൾക്കൊപ്പം യോസ സൃഷ്ടിക്കുന്ന ഏറക്കുറെ സാങ്കൽപികമായ കഥാപാത്രമാണ് കാർലോസ് അർമാസിന്റെ കാമുകിയായി വരുന്ന മാർത്ത ബൊറേറോ പാറ. അവൾ 'മിസ് ഗ്വാട്ടമാല' എന്ന പേരിലാണ് അറിയപ്പെടുന്നത്. ജനാധിപത്യ ഭരണകൂടത്തെ അനുകൂലിച്ചിരുന്ന ബുദ്ധിജീവിയായിരുന്നു അവളുടെ പിതാവ്. അമ്മ ദീർഘകാലമായി കിടപ്പിലായിരുന്നതുകൊണ്ട് അച്ഛനാണ് അവളെ വളർത്തിയിരുന്നത്. ചെറുപ്പത്തിൽത്തന്നെ വലിയ ബുദ്ധിവൈഭവം പ്രകടിപ്പിച്ചിരുന്ന മാർത്തയോട് അവളുടെ അച്ഛന്റെ സംഘത്തിലുണ്ടായിരുന്ന ഒരു ഡോക്ടർക്ക് അഭിനിവേശമുണ്ടാവുന്നു. യൗവനാരംഭത്തിൽത്തന്നെ അയാളിൽനിന്നും ഗർഭിണിയായി എന്നതായിരുന്നു അവളുടെ ദുരന്തം. ആ തെറ്റ് ഒരിക്കലും പൊറുക്കാതിരുന്ന അവളുടെ അച്ഛൻ അതേ ഡോക്ടറെക്കൊണ്ടുതന്നെ അവളെ വിവാഹം ചെയ്യിച്ചെങ്കിലും പിന്നീടൊരിക്കലും തന്റെ മകളായി അംഗീകരിക്കാൻ കൂട്ടാക്കിയില്ല. മാർത്തയുടെ വിവാഹജീവിതം പരാജയമായിരുന്നു. ഒടുവിൽ, തന്റെ കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് അവൾ കാർലോസ് അർമാനസിന്റെ ഔദ്യോഗികവസതിയിൽ അഭയംതേടി. അയാളുടെ വെപ്പാട്ടിയായി. ഒപ്പംതന്നെ അയാളെ അട്ടിമറിക്കാനുള്ള ജോണി ഗാർസ്യയുടെ ഉപജാപങ്ങളിൽ പങ്കാളിയാവുകയും അമേരിക്കൻ ചാരസംഘടനയുടെ പണം പറ്റുകയും ചെയ്തു. കാർലോസിന്റെ വധത്തിനുശേഷം ജോണിക്കൊപ്പം രക്ഷപ്പെടുന്ന അവൾ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ത്രൂഹില്ലോയുടെ പ്രചാരകയായി റേഡിയോയിൽ പ്രവർത്തിക്കുന്നു. നോവലിലെ അതിശക്തയായ കഥാപാത്രമാണ് മാർത്ത. വിധിനിർണായകമായ സന്ദർഭങ്ങളിൽ അവൾ തന്റെ പരാജയങ്ങളിൽനിന്നും വിജയങ്ങളിലേക്കു സഞ്ചരിക്കുന്നതു കാണാം. കുടുംബബന്ധങ്ങളോ സൗഹൃദങ്ങളോ അതിൽ അവൾക്കു തടസ്സമാവുന്നില്ല. റാഫേൽ ത്രൂഹില്ലോയുടെ സഹോദരനും ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ നിർഗുണനായ പ്രസിഡന്റുമായിരുന്ന ഹെക്ടർ ത്രൂഹില്ലോ ലൈംഗികമായി അപമാനിക്കാൻ ശ്രമിക്കുന്ന സമയത്ത് മാർത്ത അതിശക്തമായി പ്രതികരിക്കുന്നത് ഉദാഹരണമാണ്. അവസാന അധ്യായത്തിൽ, നോവൽ എഴുതുന്നതിനു മുന്നോടിയായി മാരിയോ എന്ന നോവലിസ്റ്റ് (യോസതന്നെയാണെന്നു കരുതണം) വെർജീനിയയിൽ പോയി മാർത്തയെ കാണുന്നുണ്ട്. ട്രംപിന്റെ ആരാധികയായി ജീവിക്കുന്ന അവർ നോവലിസ്റ്റിന്റെ ചോദ്യങ്ങൾക്കും ഉത്തരം പറയാതെ ഒഴിയുന്നു. നിങ്ങൾ എഴുതുന്ന നോവൽ ഞാൻ വായിക്കാൻ പോകുന്നില്ലെന്നും എന്നാൽ, എന്റെ അഭിഭാഷകർ തീർച്ചയായും അതു വായിക്കുമെന്നുമുള്ള ഗൂഢമായൊരു ഭീഷണി മാർത്ത മുഴക്കുന്നതു കാണാം.
മാരിയോ വർഗാസ് യോസ
രണ്ടു വിഷയങ്ങൾ ഈ നോവലിന്റെ വായന മുന്നോട്ടുവെക്കുന്നതായി തോന്നുന്നു. ഒന്ന്, യഥാർഥത്തിൽ നാം ജനാധിപത്യം എന്നു വിവക്ഷിക്കുന്ന രാഷ്ട്രീയവ്യവസ്ഥ ആരുടെ കൈകളിലൂടെ നിയന്ത്രിക്കപ്പെടുന്ന പാവകളിയാണ്? ഗ്വാട്ടമാല സോവിയറ്റ് യൂനിയന്റെ കളിസ്ഥലമായി മാറിക്കൊണ്ടിരിക്കുന്നു എന്ന നുണ പറയുകയും അതിനെ സത്യമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ട് ഒരു കോർപറേഷൻ നടത്തിയ ഈ അട്ടിമറി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ദിശാവ്യതിയാനം സൃഷ്ടിക്കുകയുണ്ടായി. അമേരിക്കയുടെ സ്വാതന്ത്ര്യം കവിതയിൽ സൂചിപ്പിക്കപ്പെട്ടതുപോലെ 'ഒരു സ്വാതന്ത്ര്യപ്രതിമ' മാത്രമായി മാറുന്നുവെന്നും ലോകത്തെവിടെയുമുള്ള ജനാധിപത്യരീതികളോട് അവർക്ക് തരിമ്പും താൽപര്യമില്ലെന്നും മനസ്സിലാക്കിയ യുവാക്കൾ ഒളിപ്പോരിലേക്കും വിപ്ലവപ്രവർത്തനങ്ങളിലേക്കും നീങ്ങിയതിനു പിന്നിൽ ഗ്വാട്ടമാല എന്ന പരീക്ഷണശാല വലിയ പങ്കുവഹിച്ചു. പിൽക്കാലത്തെ ക്യൂബൻ വിപ്ലവമടക്കമുള്ള കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ തുടക്കം ഇതിൽനിന്നായിരുന്നു. സത്യാനന്തരകാലം എന്നു വിശദീകരിക്കപ്പെടുന്ന നമ്മുടെ കാലത്ത് ഈ പ്രചാരണസാഹിത്യത്തിന്റെ വൻതോതിലുള്ള ഉപയോഗം നടന്നുവരുകയാണ്. അമ്പതുകളിലെയോ അറുപതുകളിലെയോ പോലല്ല, സാങ്കേതികവിദ്യ കൊണ്ടുവന്ന വിനിമയവിപ്ലവം കൂടി അതിന്റെ ദ്രുതവേഗത്തിലുള്ള വ്യാപനത്തിനു കാരണമായിരിക്കുന്നു.
അതേസമയം, മധ്യ അമേരിക്കയിലെ സോഷ്യലിസ്റ്റുകൾ രഹസ്യമായി കമ്യൂണിസ്റ്റ് ആശയങ്ങൾ സ്വീകരിച്ചിരുന്നവരാണെന്ന ഒരു പരാതി ഈ നോവലിന്റെ വിമർശകർ ഉന്നയിക്കുന്നുണ്ട് (കമ്യൂണിസ്റ്റ് താൽപര്യമുള്ള ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിൽ നീതിയുണ്ടോ എന്നതു വേറെ വിഷയമാണ്). യോസ, ഈ യാഥാർഥ്യത്തെ മറച്ചുപിടിക്കുകയും അവാസ്തവികമായ ഒരു കഥ മെനയുകയും ചെയ്യുന്നതായി അവർ സൂചിപ്പിക്കുന്നു. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ആരാധകനല്ല വർഗാസ് യോസ എന്ന് നമുക്കറിയാം. നോവലിലൂടെ ഒരു ചരിത്രസംഭവത്തെ പുനഃസൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യം രാഷ്ട്രങ്ങളെപ്പറ്റി എഴുതുകയല്ല, അവയെ കണ്ടുപിടിക്കുകയാണ് ചെയ്യുന്നതെന്ന് (not describing but discovering Nations) അഭിപ്രായപ്പെട്ടിട്ടുള്ള വലിയ എഴുത്തുകാരനാണ് അദ്ദേഹം. ചരിത്രം നോവലിൽ വരുമ്പോൾ എത്രമാത്രം യഥാതഥമാവണം എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. The Real Life of Allejandro Mayta എന്ന നോവലിനെക്കുറിച്ചു പറയുമ്പോൾ (അറുപതുകളുടെ അവസാനം നമ്മുടെ നാട്ടിലുണ്ടായ ചില പൊലീസ് സ്റ്റേഷൻ ആക്രമണങ്ങൾപോലുള്ള ഒരു വിപ്ലവശ്രമം പെറുവിൽ നടന്നതിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണിത്) അദ്ദേഹം സൂചിപ്പിക്കുന്നു: ''ചരിത്രവസ്തുതകളെ കൃത്യമായി അവതരിപ്പിക്കാൻ നോവലിസ്റ്റിന് ബാധ്യതയൊന്നുമില്ല. ഒരു മിഥ്യയെ സത്യമാണെന്നു തോന്നിക്കാനുള്ള നോവലിസ്റ്റിന്റെ പരിശ്രമമാണത്.'' ആത്യന്തികമായ അർഥത്തിൽ എഡ്വേഡ് ബെർണേസ് ഉപയോഗിക്കുന്ന പ്രചാരണപ്രവർത്തനങ്ങളുടെ ഒരു പതിപ്പായി നമുക്ക് ഈ പ്രസ്താവനയെ വായിക്കാം. െപ്രാപഗാൻഡയുടെ വക്താക്കൾ നുണ നിർമിക്കുന്നത് തങ്ങളുടെ ലാഭത്തിനും നിലനിൽപിനുമാണെന്നുള്ളത് സത്യമാണ്. നോവൽ രചനയിൽ തീർച്ചയായും അതല്ല ഉന്നം. പക്ഷേ, വിഭിന്നമായ ഈ രണ്ടു പ്രവർത്തനങ്ങളിൽ എവിടെയോ ഉള്ള ഒരു സമാനത നിരസിക്കാവുന്നതല്ല. അതേസമയം, സാഹിത്യം പ്രചാരണപ്രവർത്തനത്തിന്റെ നിലയിലേക്കു പോകുന്നതിനെ എതിർക്കുന്നവരാണ് കമ്യൂണിസ്റ്റ് സഹയാത്രികനായിരുന്ന ഗാർസ്യാ മാർകേസും (പ്രതിബദ്ധസാഹിത്യം മോശം സാഹിത്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു) കമ്യൂണിസ്റ്റ് വിരുദ്ധനായ യോസയും. സാഹിത്യം രാഷ്ട്രീയപ്രചാരണത്തിന്റെ നിലയിലേക്കു വന്നാൽ എഴുത്തുകാരൻ തോറ്റുപോകുന്നു എന്ന് യോസ പറയുന്നുണ്ട്. സ്വന്തം സാഹിത്യത്തിൽ സൃഷ്ടിക്കുന്ന നുണകളെ യോസ നീതീകരിക്കുന്നത് ഇങ്ങനെയാണ്: ''കബളിപ്പിക്കുന്നതിൽ നിങ്ങൾക്കു വിജയിക്കാനായാൽ മുമ്പു കേട്ടിട്ടില്ലാതിരുന്ന ചില സത്യങ്ങൾ നുണകൾക്കിടയിലൂടെ പുറത്തുവരും. പകരം വാസ്തവികതയെ സാഹിത്യത്തിൽ പുനഃസൃഷ്ടിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെന്നുണ്ടെങ്കിൽ എഴുത്തുകാരൻ എന്ന നിലയിൽ നിങ്ങൾ പരാജയപ്പെടുകയാവും. വശീകരിക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സാഹിത്യം, വാസ്തവികത എന്ന അതിന്റെ മാതൃസ്ഥാനത്തുനിന്നും മോചിപ്പിക്കപ്പെട്ട ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനിൽക്കേണ്ടതുണ്ട്.'' എസ്. ഹരീഷിന്റെ 'ആഗസ്റ്റ് 17' പോലുള്ള നോവലുകളിലെ ചരിത്രം ചർച്ചയിലേക്കുവരുന്ന സന്ദർഭത്തിൽ വർഗാസ് യോസയുടെ 'കഠിനകാല' ത്തിന്റെ വായനക്ക് സവിശേഷപ്രാധാന്യമുണ്ടെന്നു തോന്നുന്നു.
പ്രശസ്തരായ എഡിത് േഗ്രാസ്മാനും (മാർകേസിന്റെയും വിവർത്തക, ഡോൺ ക്വിക്സോട്ടിന്റെ ഏറ്റവും പുതിയ വിവർത്തനം ഇവരുടേതാണ്) നടാഷാ വിമ്മറുമാണ് (ബൊലാനോയുടെ വിവർത്തക) യോസയുടെ വിവർത്തകരായി ദീർഘകാലം പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അമേരിക്കൻ നോവലിസ്റ്റ് അഡ്രിയാൻ നഥാൻ വെസ്റ്റാണ് യോസയുടെ ഈ നോവലിന്റെ വിവർത്തനം നിർവഹിച്ചിരിക്കുന്നത്. 'സ്തുത്യർഹമായ വിവർത്തനം' എന്നു സൂചിപ്പിക്കുന്ന ഒരു പുസ്തകാവലോകനം നോവലിന്റെ താളുകളിൽ വാക്കുകൾ സംഗീതം പൊഴിക്കുന്നുവെന്നു ഈ പരിഭാഷയെ പ്രശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.