'ഇനിയൊരു ജന്മമുണ്ടെങ്കിൽ അതും ഗുരുവായൂരമ്പലനടയിൽ'; ഇതെത്ര പി.ടിയുടെ അന്ത്യാഭിലാഷം! ജനകീയ ദേശീയതയുടെ ഹൃദയമായി മിടിക്കുന്ന, 'സർഗാത്മക പ്രാദേശികത'ക്കുള്ള പി.ടിയുടെ ഈയൊരു പുരസ്കാരം, സർവ സങ്കുചിത 'മേൽക്കോയ്മ'കളെയും മറിച്ചിടും! പി.ടി ഏതർഥത്തിലും, ജാതിബോധം പൊളിക്കുന്ന മലയാളത്തിെൻറ കിക്കിടിലൻ ഫൈറ്റർ ആണ്. എെൻറ 'കലാപസ്വപ്നങ്ങൾ' എന്ന പി.ടിയുടെ മലയാളത്തിലെ ശ്രദ്ധേയമായ ആത്മകഥ, പ്രശസ്ത എഴുത്തുകാരി ഡോ കെ. ശാരദക്കുട്ടിയിൽനിന്ന് സ്വീകരിക്കാനുള്ള അവസരം കിട്ടിയത് എനിക്കായിരുന്നു. പി.ടി ഒരു സെക്കുലർ ജിഹാദിയാണ് എന്നായിരുന്നു ആ പുസ്തക സ്വീകരണ പ്രഭാഷണത്തിനുള്ള എെൻറ ആമുഖം! സെക്കുലർ ജിഹാദോ ഹലാൽ പുരോഗമനമോ? ഹ ഹ... അപ്പോൾ ചിലരുടെയെങ്കിലും പാതി ചിരിയിൽ മറഞ്ഞതേതൊരു പരിഭ്രമം!
'പാവങ്ങളുടെ സുജായിയാണ് മന്തി', 'മന്തിയില്ലാതെ എന്താഘോഷം' 'അസ്തമിക്കാത്ത പൂർണചന്ദ്രനായി കുബ്ബൂസ്', 'വന്നോളി ഇരുന്നോളി കുത്രിന്നോളി വാങ്ങിക്കോളീ'; മലയാളഭാഷ പതുക്കെ ക്ലാസിക്കൽ ചുവടുകൾ തെറ്റിച്ച്, തോന്നുംപടി നൃത്തം ചവിട്ടിത്തുടങ്ങിക്കഴിഞ്ഞു. പരിഷ്കൃതം/അപരിഷ്കൃതം എന്ന പഴയ ദ്വിത്വം പൊളിച്ച് കൊടുങ്ങല്ലൂർ മന്തിയും കിഴിശ്ശേരി മന്തിയും ദേശീയതയുടെ പ്രാണനായി! പ്രാദേശികതയുടെ കരുത്തും കാന്തിയുമായി മാറിയ ആ പുതിയ കാലത്തെ, പതിറ്റാണ്ടുകൾക്കുമുമ്പേ, വരാനിരിക്കുന്നൊരു പൂക്കാലത്തിെൻറ സുഗന്ധമറിഞ്ഞ് പ്രവചിച്ച, മലയാളത്തിെൻറ ചലച്ചിത്ര പ്രതിഭയാണ് പി.ടി.
ഫ്രഞ്ചുകാർ എന്നെ മലയാളിയാക്കിയെന്നും അബൂദബി എന്നെ മനുഷ്യനാക്കിയെന്നും പി.ടി! ഫ്രാൻസും അബൂദബിയും ഇന്ത്യയും കേരളവും ഗുരുവായൂരിലെ പഞ്ചാരമുക്കും, കുതറുന്ന കീഴാള ആശയങ്ങളും സൗഹൃദങ്ങളും വിമോചന സ്വപ്നങ്ങളും സിനിമകളുമാണ് പി.ടിയുടെ കലാപസ്വപ്നങ്ങളിൽ കയറിയിറങ്ങി കടന്നുപോകാതെ നമ്മുടെ വഴി തടയുന്നത്! അലസമാവാൻ അനുവദിക്കാത്തൊരു വീര്യമാണ് പി.ടിയിൽ എരിയുന്നത്. വരും വരായ്കകളെ വകവെക്കാത്ത 'പോടാ പോ' എന്നൊരു സമരോത്സുകതയിലാണയാൾ നിർവൃതമാകുന്നത്. അതാവാമെങ്കിൽ, ഇതായാലെന്താ എന്ന ചോദ്യം വെട്ടിയാൽ പിന്നെ മലയാളിക്കൊരു പി.ടിയില്ല. ഇങ്ങനെയൊക്കെയേ ചോദിക്കാവൂ, പറയാവൂ, ചിന്തിക്കാവൂ, ചെയ്യാവൂ എന്ന മേലാളകാണാപ്പുറശാസനകളോടുള്ള മൽപിടിത്തമാണ് പി.ടിയുടെ എെൻറ കലാപസ്വപ്നങ്ങളിൽ ഇളകിമറിയുന്നത്.
'ജാതി-ജന്മി-നാടുവാഴിത്ത കോർപറേറ്റ് ഇസ്ലാമോഫോബിക്' അവസ്ഥക്കെതിരെയുള്ള നിരന്തര സമരമാണ് പി.ടിയുടെ സർഗജീവിതം. 1921ലെ മലബാർ വിപ്ലവം പശ്ചാത്തലമാക്കി ഷഹീദേ മലബാർ എന്ന പേരിലുള്ള സിനിമ എന്തു പ്രതിസന്ധി വന്നുചേർന്നാലും ഞാൻ നിർമിക്കുമെന്നും സംഘ്പരിവാർ ഭീഷണി ഭയന്ന് പിറകോട്ടില്ലെന്നും എെൻറ കലാപസ്വപ്നങ്ങൾ എന്ന പുസ്തകത്തിെൻറ പ്രകാശനവേളയിൽ പി.ടി പറഞ്ഞപ്പോൾ, കോവിഡ് മരവിപ്പിനെ മറിച്ചിടുന്ന കൈയടികളോടെയാണ് കോഴിക്കോടൻ സദസ്സ്, ആ പ്രബുദ്ധ പ്രഖ്യാപനത്തെ മനസ്സിലേറ്റുവാങ്ങിയത്. സത്യത്തിൽ പി.ടിയുടെ പരദേശിയും വീരപുത്രനും വിശ്വാസപൂർവം മൻസൂറും മുൻകൂട്ടിക്കണ്ടൊരവസ്ഥയിലൂടെയാണ്, നമ്മുടെ രാഷ്ട്രം ഇന്ന് കടന്നുപോകുന്നത്.
ചരിത്രത്തെ തിരിച്ചുപിടിക്കുക എന്നുള്ളത്, സ്വന്തം കാലത്തോട് സൂക്ഷ്മമാംവിധം അഭിമുഖമാകുക എന്നുള്ളതിെൻറ സംഗ്രഹമാണ്. സർക്കാർ നേതൃത്വത്തിൽതന്നെ ചരിത്രം ഔദ്യോഗികമായി അട്ടിമറിക്കപ്പെടുന്ന ഒരവസ്ഥയിൽ, ആപത്തിെൻറ നിമിഷത്തിൽ മനസ്സിലൂടെ മിന്നിമറയുന്ന ഓർമകളെ കൈയെത്തിപ്പിടിക്കൽ മാത്രമാകാതെ ചരിത്രം, സ്വയം സമരവുമാകേണ്ടതുണ്ട്. ആലിമുസ്ലിയാർ തുടങ്ങി വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിവരെയുള്ള രക്തസാക്ഷികളുടെ പേര്, രകതസാക്ഷിപ്പട്ടികയിൽനിന്ന് വെട്ടിമാറ്റിയും വാഗൺ കൂട്ടക്കൊലയെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾപോലും മായ്ച്ചും പാഠപുസ്തകങ്ങളിൽ പുനരുത്ഥാന വ്യാജ ദേശീയതാ പ്രകീർത്തനങ്ങൾ ഇടിച്ചുകയറ്റിയും കലുഷമായ ഒരു നവ ഫാഷിസ്റ്റ് കാലത്തോട് എതിരിടാതെ, ഇന്നൊരാൾക്കും ആധുനിക മനുഷ്യനാവാൻ കഴിയില്ലെന്ന അനുഭവമാണ് പി.ടി. കുഞ്ഞിമുഹമ്മദ് ഉൾപ്പെടെയുള്ള ചലച്ചിത്രപ്രതിഭകൾ അനുഭൂതികളായി ആവിഷ്കരിക്കുന്നത്.
സിനിമകളോരോന്നും പി.ടിക്ക് പരീക്ഷണമല്ല, പ്രക്ഷോഭമാണ്. സിനിമയിലും പ്രഭാഷണത്തിലും എഴുത്തിലും പി.ടിയെപ്പോലെ, ജാതിമേൽക്കോയ്മാബോധത്തെ വിചാരണ ചെയ്യുന്നവരുടെ എണ്ണം വർധിച്ചാൽ മാത്രമേ നമ്മുടെ മതനിരപേക്ഷത, ശരിക്കുള്ള മതനിരപേക്ഷതയായി വളരുകയുള്ളൂ. ഇന്നുള്ളത് സത്യം പറഞ്ഞാൽ വിളർച്ച ബാധിച്ച, ശരീരം തളർന്ന, മനസ്സ് മരവിച്ച മസ്തിഷ്കം ഏറക്കുറെ പ്രവർത്തനരഹിതമായ, രോഗബാധിത മതനിരപേക്ഷതയാണ്. മലയാളമായി മാറിയ ഒരറബിവാക്ക് കേട്ടാൽപോലുമത് മോഹാലസ്യപ്പെടും! പാവം!
ഗവേഷകപ്രതിഭ ഡോക്ടർ പി.എം. ജോസഫിെൻറ മലയാളത്തിലെ പരകീയ പദങ്ങൾ എന്ന ശ്രദ്ധേയമായ പഠനഗ്രന്ഥം വായിച്ചാൽ ഭാഷാസംബന്ധിയായ ചെറിയ അസുഖങ്ങൾ മാറിക്കിട്ടും. ജിഹാദും ഹലാലും മാത്രമല്ല ആ ഹരജിയും വക്കീലും ബിരിയാണിയും ചപ്പാത്തിയും ചർക്കയുമെല്ലാം വരത്തന്മാരാണ്. ദേശേദ്രാഹികൾ! ഗാന്ധിജിയുടെ ഹിന്ദുസ്ഥാനിയെ ജാരഭാഷയെന്നു വിളിച്ച ഭീകരവാദി ഗോദ്സേക്കും, ഉർദുകലർന്ന ഹിന്ദി വാക്കുകൾ സംസ്കാരത്തിെൻറ കളങ്കമാണെന്ന് കണ്ടെത്തിയ നവ ഫാഷിസ്റ്റ് ദീനാനാഥ് ബത്രക്കും ജീവിതത്തെ വിസ്തൃതമാക്കുന്ന മതനിരപേക്ഷത മനസ്സിലാവില്ല. എന്നാൽ പി.ടിയുടെ കുട്ടിക്കാലം മുതലുള്ള ജീവിതാവതരണം, ഓരോ സന്ദർഭത്തിലും പങ്കുവെക്കുന്നത് ജീവിതവിസ്തൃതിയുടെ മഹാസംഗീതമാണ്. വ്യത്യസ്ത വിശ്വാസങ്ങൾ, അത്രതന്നെ വിശ്വാസമില്ലായ്മകൾ, പലതരം കാഴ്ചപ്പാടുകൾ, അതിനകത്തും പുറത്തും അനിവാര്യമായും നടക്കുന്ന, നടക്കേണ്ട സംവാദങ്ങൾ, ഇതെല്ലാം ഒത്തുചേർന്ന, ഏകജീവിതാനശ്വരഗാനം എന്ന നിലയിൽ പി.ടി. കുഞ്ഞിമുഹമ്മദിെൻറ 'എെൻറ കലാപസ്വപ്നങ്ങൾ' വായിക്കപ്പെടും.
നമ്മുടെ പ്രഭാഷണതുടക്കങ്ങളിലെ ബഹുമാനപ്പെട്ട എന്ന മഹത്തായ സംബോധനയിൽപോലും ഏകമാതൃക ഒളിച്ചിരിപ്പുണ്ടോ എന്ന സന്ദേഹം നിമിത്തം കഴിഞ്ഞ ദിവസം വയനാട്ടിലെ മീനങ്ങാടിയിൽ സംസാരിക്കുമ്പോൾ ആ ബഹുമാനപ്പെട്ട എന്നതിനൊപ്പം ബഹുമാതൃകരേ എന്നുകൂടി കൂട്ടിച്ചേർത്തു. പ്രഭാഷണം കഴിഞ്ഞ് സംഘാടകരൊത്ത് ചായകുടിക്കുന്ന നേരം, ആ ബഹുമാതൃകരേ എന്ന പ്രയോഗം ചർച്ചാവിധേയമായി! ശരിക്കും ആലോചിച്ചാൽ മലയാളത്തിെൻറ മഹാപ്രതിഭ എസ്.കെ. പൊെറ്റക്കാട്ട് പറഞ്ഞതാുപോലെ, എത്ര അത്ഭുതകരമാണ് നമ്മുടെ ലോകം, നമ്മുടെ ജീവിതം! കോടിക്കോടി മനുഷ്യരുണ്ട്, ഒരാളുടെ മുഖവും മറ്റൊരാളുടെ മുഖം പോലെയല്ല. അങ്ങനെയുള്ള ആ മുഖങ്ങൾ കാണുന്നതുതന്നെ എത്ര ആഹ്ലാദകരമാണ്. ഓരോരോ മാവും പൂത്തത് ഓരോരോ വസന്തങ്ങൾ/ ഓരോരോ കൊമ്പും കായ്ച്ചതോരോരോ മധുരങ്ങൾ എന്ന് പ്രിയകവി പി.പി. രാമചന്ദ്രൻ. ബിരിയാണി ഒരു സസ്യേതര രാഷ്ട്രീയ കവിത എന്നൊരൊറ്റ കവിതാപേരിലൂടെതന്നെ സ്ഫോടനം സൃഷ്ടിച്ചുകൊണ്ട് പ്രശസ്ത കവി പി.എൻ. ഗോപീകൃഷ്ണൻ; അവർക്കെല്ലാമൊപ്പം, നമുക്കൊപ്പം വൈവിധ്യത്തിെൻറ ഇതിഹാസമാണ് പി.ടിയും ആവിഷ്കരിക്കുന്നത്. പി.ടിയുടെ സിനിമകളിലൊക്കെയും പൊതുവിൽ തെളിയുകയും മറയുകയും ചെയ്യുന്നത്, അപരരായി പുറമ്പോക്കിൽ നിർത്തപ്പെട്ടവർ, കണക്കു പറഞ്ഞ് അകത്തളങ്ങളിൽ ഇടംനേടാൻ നടത്തുന്ന ശ്രമങ്ങളാണ്.
ചലച്ചിത്രപ്രതിഭ, െപ്രാഡ്യൂസർ, രാഷ്ട്രീയ പ്രവർത്തകൻ, പ്രവാസലോകം അവതാരകൻ, പ്രഭാഷകൻ എന്നീ നിലകളിൽ പതിറ്റാണ്ടുകളായി പി.ടി നമ്മോടൊപ്പം എല്ലായിടത്തുമുണ്ട്. പേടിച്ചിട്ട് ഒളിക്കുന്ന കൂടെവിടെയാണ് എന്ന സ്വന്തം ആത്മകഥയുടെ ഒന്നാമധ്യായത്തിെൻറ തലക്കെട്ടിൽതന്നെ സൂക്ഷിച്ചുനോക്കിയാൽ പി.ടിയെ മുഴുവനായി കാണാനാകും! കാലം ആവശ്യപ്പെടുന്ന പ്രബുദ്ധതതന്നെയാണ് ഇന്ന് നിർഭയത്വം. കൊച്ചുകേരളമല്ല, വലിയകേരളം എന്നെപ്പോഴും ഓർമിപ്പിക്കും, ഒപ്പം ആ സാറ് വിളി നിർത്താൻ സമയമായി എന്നും!
വിനയത്തിെൻറ 'സാർ' വിളി ഒരു പുതിയ സംബോധനാപദം സൃഷ്ടിക്കപ്പെടുംവരെ സൗകര്യാനുസരണം ഉപയോഗിക്കാമെന്ന് തോന്നുന്നു. എന്നാൽ വിധേയത്വത്തിെൻറ 'സർ' വിളിയെ ജനാധിപത്യം ഒരിക്കലും സ്വാഗതം ചെയ്യാനും പാടില്ല. പക്ഷേ, സാറിനു പകരം ആ സാറിനെ പിന്നെ എന്തു വിളിക്കും? അസംബ്ലിയിൽ മുട്ടിന് മുട്ടിനുള്ള സാർവിളി ഉപേക്ഷിക്കാനുള്ള ആലോചന മുമ്പേ നടന്നിരുന്നു. പി.ടി എം.എൽ.എ എന്ന നിലയിൽ സ്വയം നടത്തിയ ഇടപെടലിനെക്കുറിച്ച് അദ്ദേഹവും ആത്മകഥയിൽ അടയാളപ്പെടുത്തുന്നുണ്ട്. എന്നാലിപ്പോഴും ഒരു പാറക്കെട്ടുപോലെ സർവം ശക്തമായി സാർ തുടരുകയാണ്. സത്യത്തിൽ, വിളിക്കുകയോ വിളിക്കാതിരിക്കുകയോ ചെയ്യാവുന്ന സാർ വിളിയേക്കാൾ ഒരു സ്ഥാനപ്പേര് എന്നതിനപ്പുറം സാറത്തം പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്ര വിവക്ഷകളെ സമഗ്രമായി വിശകലനം ചെയ്യാനുള്ള ഒരു രീതിശാസ്ത്രം വികസിപ്പിക്കുകയാണ് അനിവാര്യമായിട്ടുള്ളത്. അത് ഭാഷയിൽ ഒതുങ്ങില്ല. 2006–2007 കാലത്ത് കാലടി സർവകലാശാലാ വിദ്യാർഥികൾ പുറത്തിറക്കിയ നാലാമത്തെ െബഞ്ചിൽ മറന്നുവെച്ചത് എന്ന മാഗസിൻ പ്രകാശനം നിർവഹിക്കാനവസരം കിട്ടിയപ്പോൾ, സാറത്തം എന്ന പോഴത്തം എന്നൊരു വിഷയത്തെക്കുറിച്ച് സംസാരിച്ചതോർക്കുന്നു.
പറഞ്ഞുവരുന്നത് വരേണ്യതയുടെ ശ്രീകോവിലായി ജീവിതം മാറുമ്പോഴാണ് വ്യത്യസ്ത തരത്തിലുള്ള സാറത്തം ശക്തിപ്രാപിക്കുന്നതെന്നാണ്! നമ്മളിലെ നമ്മളല്ല, അടുപ്പം അസാധ്യമാക്കുന്ന അപരരാണ് ഉപചാരങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നത്. ഒന്നിച്ചുള്ള പ്രവർത്തനങ്ങളുടെ നടുവിൽവെച്ച്, മനുഷ്യരായ മനുഷ്യരൊക്കെയും നിവർന്നുനിൽക്കുമ്പോഴാണ് ഈ സാറത്തം അധികാരത്തിെൻറ പ്രദർശനവും പോഴത്തവുമാണെന്ന് നാം മനസ്സിലാക്കുന്നത്. അപ്പോഴാണ് സാറേ, സാറേ, സാമ്പാറേ... എന്ന സിനിമഗാനത്തിലെ വരി പലതരം അധികാരചേരുവകളുടെ കഷണങ്ങൾ എന്ന നിലയിൽ സാറിനെ അടിച്ചുടച്ച് കറിയാക്കുന്നത്! കാലഹരണപ്പെട്ട പഴയ ഗുരുവിെൻറ അവശിഷ്ടമാണ്, ആധുനികരായ പുതിയ സാറന്മാരിലും നിറഞ്ഞു നിൽക്കുന്നത്. ശരീരം മുതലാളിത്തവേഷം ധരിച്ചെങ്കിലും ഇവരുടെ പഴം മനസ്സ് ആത്മബോധമുള്ള പുതിയ വിദ്യാർഥിയോടെന്നതിനേക്കാൾ, പഴയ വിനീത വിധേയ ശിഷ്യരിലേക്കാണ് ചാഞ്ഞുനിൽക്കുന്നത്. േദ്രാണനാകാൻ കഴിയില്ലെങ്കിൽ ഇേൻറണൽ മാർക്ക് അകാരണമായി കുറക്കുന്ന ഒരു േദ്രാഹിയായി മിനിമം മാറാനെങ്കിലുമാണ് പലരും മത്സരിക്കുന്നത്! േദ്രാണർക്ക് പെരുവിരൽ മാത്രം മതിയായിരുന്നു, പുതിയ േദ്രാണാചാര്യന്മാർക്ക് മറ്റു പലതും വേണം! വിട്ടുതരില്ല ഞങ്ങളുടെ ജ്വലിക്കുന്ന ജീവിതത്തെ, നിങ്ങളുടെ അഴകൊഴമ്പൻ വിധേയത്വങ്ങൾക്ക് എന്നാണ് പി.ടി അമർത്തിപ്പറയുന്നത്. കലാപസ്വപ്നങ്ങൾക്ക് അഭിവാദ്യങ്ങൾ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.