കെ.ജി.എസ് ‘ബംഗാൾ’ എന്ന കവിതയെഴുതിയിട്ട് 50 വർഷം. എന്താണ് ഇൗ കവിതയുടെ കാവ്യാത്മകവും സമകാലികവുമായ പ്രസക്തി? അരനൂറ്റാണ്ടിനു ശേഷം കവിത വായിക്കുകയാണ് നിരൂപകയും അധ്യാപികയുമായ ലേഖിക.
‘ബംഗാളി’നെക്കുറിച്ച് ഈ കുറിപ്പെഴുതാനുള്ള ആലോചനയിലായിരിക്കുമ്പോൾ യാദൃച്ഛികമായി കെ.എച്ച്. ഹുസൈൻ (രചന) വീട്ടിൽ വന്നു. ആളിപ്പടർന്നേക്കും എന്ന പ്രതീക്ഷയുള്ള ഒരു തീത്തരി അക്കാലത്ത് (എഴുപതുകൾ) ഉള്ളിൽ സൂക്ഷിക്കുകയും ലോകത്തിന്റെ ഇരുട്ടുകളിൽ ഒരു ചെറുനാളമായി അതിനെ വളർത്തിയെടുക്കുകയും ചെയ്ത ആളാണ് ഹുസൈൻ. കവിതയുടെ ആ ബംഗാൾ കാലത്തെ – ഒളിവിലും തെളിവിലുമിരുന്ന് അവർ കെ.ജി.എസിന്റെ ‘ബംഗാൾ’ വായിച്ചിരുന്ന ആ കാലത്തെ –കുറിച്ചു ചോദിച്ചപ്പോൾ, അതിന്റെ തടവറക്കാലത്തെക്കുറിച്ച്, തടവറയിൽ ആ കവിതയിലെ വരികൾക്ക് സഹനാതിവർത്തനത്തിന്റെ, പ്രതീക്ഷയുടെ ഒരു പുതിയ താളം ഉണ്ടായതിനെക്കുറിച്ചാണ് ഹുസൈന് വാചാലനായത്. അന്നതു കേട്ട അതേ വിസ്മയാതിരേകത്തോടെതന്നെ. അടിയന്തരാവസ്ഥയിലെ തന്റെ സഹതടവുകാർ അടഞ്ഞ മുഴക്കത്തിൽ ബംഗാളിലെ വരികൾ ചൊല്ലി, ഇന്ത്യയിലെന്തോ സംഭവിക്കാൻ പോകുന്നു എന്ന തങ്ങളുടെ വിശ്വാസത്തെ കുറെക്കൂടി ഉറപ്പുള്ള വിശ്വാസമാക്കി. അവർക്ക് കവിതയെന്താണെന്നറിയില്ല, കെ.ജി.എസ് ആരാണെന്നറിയില്ല, എന്തിന്? മലയാളംതന്നെ ശരിക്ക് വായിക്കാനും എഴുതാനും അറിയുമായിരുന്നില്ല. എവിടന്ന് കിട്ടി, എങ്ങനെ കിട്ടി എന്നൊന്നുമറിയില്ല, അവരോട് ചോദിച്ചിട്ടുമില്ല. ആ ഈരടികളിൽ വരാൻ പോകുന്ന പുതിയ ലോകത്തിന്റെ പ്രതീക്ഷകളിലേക്ക് മാഞ്ഞാലിക്കാരായ ശിവനും വേണുവും ഇടപ്പള്ളിക്കാരനായ പീതാംബരനും എറിയാട് നിന്നുള്ള അബ്ദുൽ കാദറും കൂടുതൽ കൂടുതൽ വളർന്നു. തടവറയിൽ, നിരന്തരമായ പീഡനത്തിൽ കനത്ത മാനസിക സമ്മർദത്തിൽ വീഴാതെ പിടിച്ചുനിൽക്കാൻ ബംഗാൾ അവർക്കൊരു ആവശ്യമായിരുന്നു. മലയാളത്തിലെ ആധുനിക കവിതയെ അത് ഉറച്ചുപോയ ആഖ്യാനഘടനയിൽനിന്നും സ്ഥിരം ഭാവങ്ങളിൽനിന്നും അഴിച്ചെടുത്ത് ചരിത്രത്തിന്റെ വിശാല ഭൂമികകളിലേക്ക് അഴിച്ചുവിട്ട കെ.ജി.എസിന്റെ ‘ബംഗാൾ’ എന്ന കവിത. മറ്റേതൊരു രാഷ്ട്രീയ കവിതയെക്കാളും തടവറയിൽ അതിന് അർഥപ്പെരുക്കങ്ങളുണ്ടായി.
‘ബംഗാൾ’ എഴുതുന്നതിനു തൊട്ടുമുമ്പ് കെ.ജി.എസ് പട്ടാമ്പിപ്പുഴയിലെ ചുഴിയിൽ ജ്ഞാനസ്നാനം ചെയ്യപ്പെടുന്നുണ്ട് (പട്ടാമ്പി 71-72). ചുറ്റിവരിഞ്ഞും ഉരസിയും ചുഴറ്റിയും ജലം സർവഭയങ്ങളെയും അഹന്തയെയും ഉഴിഞ്ഞെടുത്ത് ഒഴുക്കിക്കളയുകയായിരുന്നു. ദൂരെയൊരു മണൽത്തിട്ടയുടെ പ്രതീക്ഷ കാട്ടിക്കൊടുത്ത് അങ്ങോട്ട് തുഴയിക്കുകയായിരുന്നു. യാഥാർഥ്യങ്ങളെ അവയുടെ ആഴങ്ങളിൽ ചെന്നു തൊടാനുള്ള ഉള്ളുറപ്പും ഉൾക്കാഴ്ചയും ആ ജലത്തടങ്കലിൽനിന്ന് കിട്ടി. അക്കാലം പട്ടാമ്പിപ്പുഴ -നിള- കെ.ജി.എസിന് രൂപനാരായണ നദിയായിരുന്നു. (‘വസുന്ധര’ –കെ.ജി.എസിന്റെ പ്രിയ ടാഗോർ കവിത– അതിലെ നദി.) അതിന്റെ കരയിലിരുന്ന് നോക്കുമ്പോൾ ലോകം പെട്ടെന്ന് ഇറങ്ങിക്കടക്കാവുന്ന ഒരു തെളിനീർച്ചാലായി ഈ കവിയെ വിളിച്ചുകൊണ്ടിരുന്നു. ചില നേരങ്ങൾ കാലത്തോളം ഭാരിച്ചതും ലോകത്തോളം പരന്നതുമായി. ടാഗോറിനെപ്പോലെ ആ മണൽപരപ്പിൽ ശുഭ്രോത്തരീയമായി തന്നെത്തന്നെ നിവർത്തി വിരിച്ച് കവി സായാഹ്നങ്ങളെ നോക്കിയിരുന്നിരിക്കാം. ചുഴി തിരിച്ചുകൊടുത്ത കരയിൽ പ്രപഞ്ചത്തിന്റെയും ചരിത്രത്തിന്റെയും മഹാനദിപ്പരപ്പ് ഓർത്തുകൊണ്ടുള്ള ആ ഇരിപ്പിൽ കവിത വ്യാപരിക്കേണ്ട മാനവികതയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉദാര ഭൂമികളിലേക്ക് സഞ്ചരിച്ചിരിക്കാം. എന്തായാലും പരമ്പരാഗതമായ രൂപഭാവങ്ങളുടെ ചുറ്റുകളിൽനിന്ന് തിരിഞ്ഞഴിഞ്ഞ് കവിത വിശാലമായ കാലപ്പരപ്പിലേക്ക് സ്വതന്ത്രമാകുന്നു. ബംഗാൾ ആയിരുന്നു തുടക്കം. 1972ൽ.
1969ലെ ബംഗാൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് കെ.ജി.എസ് ‘ബംഗാൾ’ എഴുതുന്നത്. ഒരു യുവ ഇടതുപക്ഷ സർഗാത്മകതയും ഭാവുകത്വവും ഇന്ത്യയിൽ പൊതുവെയും ബംഗാളിൽ പ്രത്യേകിച്ചും രൂപപ്പെട്ട കാലമാണത്. ദീർഘദീർഘങ്ങളായ അധിനിവേശങ്ങളും തുടരത്തുടരെയുണ്ടാകുന്ന ക്ഷാമകാലങ്ങളും ബംഗാളിനെ ചവച്ചു ചണ്ടിയാക്കിയിരുന്നു. വിശപ്പും ജീവിതദുരിതങ്ങളും സഹിച്ച് പൊറുതിമുട്ടിയ കർഷകരും ആദിവാസികളും അക്രമാസക്തരായി. അത് കലാപമായി വളർന്നു. പുതിയൊരിന്ത്യയെ, വിമോചനത്തെ സ്വപ്നം കാണുന്നവർക്ക് ഈ കലാപം ഉണർവും പ്രതീക്ഷയും നൽകി. അതിനോട് ചേർന്നുനിന്നുകൊണ്ട് എഴുത്തും സിനിമയും നാടകവും വരയുമായി സർഗാത്മകതയുടെ ഇടപെടലുകൾ എല്ലാ നാട്ടിലുമുണ്ടായി. കലാപത്തിനൊരു സാംസ്കാരിക പരിസരമുണ്ടായി. അവിടെ കെ.ജി.എസ് എന്ന കവി സജീവമായിരുന്നു. ചിന്തയും ചർച്ചയുമായി കഴിഞ്ഞ കാലം. ആസന്നമായ വിപ്ലവത്തിൽ മനുഷ്യനു നീതിയും സ്വാതന്ത്ര്യവും ഉറപ്പാകും എന്ന വിശ്വാസത്തിന്റെ അനിവാര്യവും സ്വാഭാവികവുമായ സൃഷ്ടിയായിരുന്നു കെ.ജി.എസിന്റെ ‘ബംഗാൾ’.
വിപ്ലവ പൂർവകാലം ഉപരിവർഗത്തിലുണ്ടാക്കുന്ന ഭയാശങ്കകളാണ് ധൃതരാഷ്ട്രരുടെ സ്വഗതാഖ്യാനമായി പുറത്തുവരുന്നത്. ഭയം തീണ്ടിയ ഇന്ദ്രിയങ്ങൾകൊണ്ട് അയാൾക്ക് ഒന്നും തിരിച്ചറിയാൻ കഴിയുന്നില്ല. ശബ്ദങ്ങളെല്ലാം – അത് അകത്തെ തേങ്ങലായാലും അകലത്തെ അലമുറയായാലും – അവ്യക്തമാണയാൾക്ക്. തൊട്ടടുത്തുള്ള സഞ്ജയനെ കേൾക്കുന്നില്ല. എല്ലാ നേരങ്ങളും രാത്രി മാത്രമായി, ഇരുട്ടു മാത്രമായി. ത്രികാലജ്ഞാനിയായ കാലാകാലങ്ങളായി ഉത്തരത്തിലിരിക്കുന്ന പല്ലിയുടെ പ്രവചനങ്ങളെ മാത്രം കേട്ടു, വിശ്വസിച്ചു. അശുഭമായ എന്തോ അനക്കങ്ങളിലായി മുഴുവൻ ഉണർന്നിരിപ്പും. ഭയം അയാളെക്കൊണ്ട് ഏറ്റുപറയിക്കുന്നു, ആത്മവിചാരണ ചെയ്യിക്കുന്നു. ഇരുട്ടിനെ തോറ്റിനടന്ന ഇരുട്ടിൽ ജീവിച്ച, തന്നെയും തന്റേതുമല്ലാത്ത ഒന്നും പരിഗണനയിലില്ലാത്ത ഒരു ഏകാധിപതിയുടെ ആസന്നമായ പതനം.
‘‘സഞ്ജയാ, ഈ വേനൽ പോലെ
ഇല കൊഴിച്ചിലിന്റെ ഈ ദുഷ്കാലം പോലെ
പ്രതിസന്ധി പോലെ
എന്നെ കുത്തിനോവിക്കുന്ന നിന്റെ
കടുത്ത ശരികളിലെ
തീക്ഷ്ണമായ പ്രകാശത്തേക്കാൾ
ഈ പ്രവചനങ്ങളുടെ സംഘർഷമറ്റ
അരണ്ട പ്രശാന്തത
എന്നെ പിടിച്ചടക്കുന്നു.
നമ്മുടെ ബന്ധം എവിടെയോ
വേരറ്റു പോകുന്നു
എന്റെ കാഴ്ച ഇരുളുന്നു.
ഇപ്പോൾ ഇവിടിരുന്ന് എനിക്ക്
കാണാവുന്നത്
എത്രയോ ചുരുക്കം മാത്രം...’’
എന്ന് നിസ്സഹായതയിലും ഭീതിയിലുമിരുന്ന് അയാൾ തന്നെത്തന്നെ വിചാരണ ചെയ്യുന്നു. സ്വന്തം ഉടൽ വിട്ട് വേറൊരഭയത്തിലെത്താൻ കഴിഞ്ഞെങ്കിൽ, ഞാൻ മറ്റൊരാളായിരുന്നെങ്കിൽ എന്ന് ചിലപ്പോൾ തന്നെത്തന്നെ ഉപേക്ഷിക്കുന്നു.
ബംഗാളിൽനിന്ന് ഒരു വാർത്തയുമെത്തുന്നില്ലെങ്കിലും ഭീഷണമായ ഒരു കാലത്തെ ധൃതരാഷ്ട്രർ ഊഹിച്ചെടുക്കുന്നു. കൊടുംവേനലും കലിയുമായി എരിയുന്ന കാലം. വിട്ടുവീഴ്ചകളില്ല.
ചോരക്കു ചോര, തോക്കിനു തോക്ക്. ആ വേനലിന്റെ രഹസ്യ സ്വപ്നങ്ങളിൽ ഭൂമി വൃദ്ധയെപ്പോലെ വിഫലയാകും. വയലുകൾ വെയിലത്തെ തെണ്ടിയുടെ മുഖംപോലെ ആഴത്തിലേക്ക് വരണ്ട് വിണ്ടതാകും. ആ വിള്ളലുകളിൽ കാതുചേർക്കുന്ന കറുത്ത കുട്ടികൾ ചരിത്രത്തിന്റെ മറുപുറങ്ങളിൽനിന്ന് കനത്ത കാലൊച്ചകൾ കേൾക്കും. ആഴങ്ങളിൽ അവർ കരിങ്കാളിയെ കാണും. വംഗദേശത്തിന്റെ സ്വത്വസ്വരൂപമാണ് കാളി. സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും നീണ്ട ഇടനാഴികളിലൂടെ സഞ്ചരിച്ച ഒരു നാടിന്റെ അധിദേവത. നദീതട സംസ്കാരം, നഗരപരിഷ്കാരം, പലതരം അധിനിവേശങ്ങൾ, മഹായുദ്ധങ്ങൾ, അതിജീവനങ്ങൾ, സാഹിത്യം, കല, ദേശത്തിന്റെ ആഴങ്ങളിലേക്കാണ് അവരുടെ നോട്ടമെത്തുക. തന്റെ മക്കളും ചെറുമക്കളും ബന്ധുക്കളും അത്തരം ദേശസ്മൃതികൾ ഇല്ലാത്തവരാണ്. ബന്ധങ്ങളുടെ ജൈവതാളം അവർക്ക് അപരിചിതമാണ്. വേറെ വേറെയാണ് അവരുടെ കിണറും കൊയ്ത്തും വേലയും വിരുന്നുകാരും. പരസ്പരം അസൂയയും പകയും ഉള്ളവരാണ്. ദുർമന്ത്രവാദവും കൂടോത്രവും ചെയ്യുന്നവരാണ്. ചതിയും കള്ളച്ചൂതും വാക്കിൽ വിഷവും വെട്ടിപ്പിടിത്തവും ശീലമാക്കിയവർ.
ആ കറുത്ത കുട്ടികളാൽ തന്റെ ആളുകൾ വിചാരണ ചെയ്യപ്പെടും, ശിക്ഷിക്കപ്പെടും. ഇരുട്ടിനെക്കാൾ വ്യാഖ്യാനദുഷ്കരമായ ഒരു കൊടും വേനൽ പുറത്ത് തീ തുപ്പി നിൽക്കുന്നു. വൃക്ഷത്തടങ്ങളിൽ കരിയില കുമിഞ്ഞുകൂടുന്നു. വാരിയെല്ലുകൾ പൊങ്ങിയുന്തി നിൽക്കുന്ന കരിയിലകൾ വിശപ്പിന്റെ തള്ളപ്പിശാചാണ്. കരിയിലകളെ വിശ്വസിച്ചുകൂടാ. വൃത്തികെട്ട കുഴികളിൽ തണുത്തു ചിതറിയുള്ള ആ കിടപ്പ് വിട്ടുണരാൻ നിസ്സാരമായ ഒരു കാറ്റുമതി, അവ ആർത്തുണർന്ന് സംഘടിച്ച് ചുഴലിയുണ്ടാക്കും. ആ ചുഴലിക്കാലം തൊട്ടടുത്ത് എത്തിക്കഴിഞ്ഞു. കരിയിലകളെ പിശാച് ബാധിക്കുന്നു. ചുഴലി ഉയർന്നുപൊങ്ങി ശിഖരങ്ങളായി പിരിഞ്ഞ് ഒരു വൃക്ഷമാകുന്നു, അതിൽ കരിയിലകൾ പൂത്തുനിൽക്കുന്നു. പിന്നെ ഒരു സംഹാരതാണ്ഡവമാണ്. വിശപ്പിൽ കീഴാളവർഗത്തിന്റെ ഉണർച്ച നിലവിലുള്ളതെല്ലാം തകർത്തെറിയപ്പെടുന്നു. ഒരു പ്രളയത്തിൽ എല്ലാവരും ചത്തുവീർത്ത് വെളുത്തു പൊങ്ങാനും മതി എന്ന് അശാന്തിയുടെയും ഭീതിയുടെയും ഒരു ചുഴലിയിൽ സഞ്ജയനാൽപോലും ഉപേക്ഷിക്കപ്പെട്ടവനായി ധൃതരാഷ്ട്രരെ നിർത്തിക്കൊണ്ടാണ് ‘ബംഗാൾ’ അവസാനിക്കുന്നത്.
പുതിയ നീതിയും പുതിയ മര്യാദകളും പുലരുന്ന ഒരു പുതിയ നാടുണ്ടായില്ല. ആലോചനയില്ലാത്ത ഒരെടുത്തുചാട്ടമായി തിടുക്കത്തിലുള്ള ആ വിപ്ലവപ്രവർത്തനങ്ങളെ കാലം രേഖപ്പെടുത്തി. പക്ഷേ ഫാഷിസത്തിന്റെ പല രൂപങ്ങളായി എത്രയോ പതിനായിരം ആനകളുടെ ശക്തി പ്രാപിച്ചുകൊണ്ട് ധൃതരാഷ്ട്രർ ലോകത്ത് ഹിംസ പടർത്തി വളര്ന്നും സംസ്കാരങ്ങളുടെയും തനിമകളുടെയും മേൽ പലപല അധിനിവേശങ്ങളായി അയാൾ ഭീകരരൂപമാർന്നു. പക്ഷേ, ഓരങ്ങളിൽനിന്ന് കരിയിലകൾ ഉയർന്നു ചെറുത്തുനില്ക്കുന്നു. നിനച്ചിരിക്കാത്ത ഇടങ്ങളിൽനിന്ന് അവർ തിരിച്ചടിക്കുന്നു. കവിതയും ഒരു ചെറുത്തുനില്പായി. ഇക്കാലത്ത് കവിതയിൽ ഒന്നും പാഴാക്കാനില്ല. അതിസൂക്ഷ്മമാണ് കവിയുടെ തിരഞ്ഞെടുപ്പുകൾ. വാക്കിലും പൊരുളിലും. ബംഗാൾ പുതിയ ഒരെഴുത്തെഴുതുമ്പോഴും അതിൽ അമിതാവേശവും ധൂർത്തുമുണ്ടായിരുന്നു. വെട്ടിയൊതുക്കി വെട്ടിയൊതുക്കി ഉറവയിലേക്കെത്തുന്ന രീതി, ചെറുതുകളുടെ തിരഞ്ഞെടുപ്പ് -ബംഗാളിനെ പലതരത്തിൽ അഴിച്ചുപണിത് സൂക്ഷ്മമായ മുഴക്കങ്ങളുണ്ടാക്കി പിൽക്കാല കവിതകളിൽ കെ.ജി.എസ്.
കൊടുങ്ങല്ലൂരിലായിരിക്കണം ‘ബംഗാൾ’ അതിന്റെ സർവവീര്യത്തോടും മുഴക്കത്തോടും വായിക്കപ്പെട്ടത്. മേഘനാദന്റെയും ടി.എൻ. ജോയിയുടെയും ഹുസൈന്റെയും മുഹമ്മദാലിയുടെയും വായന. ആ വായനക്ക് ലിങ്കുകളുണ്ടായി. അക്കാലത്തൊന്നും ബംഗാൾ എന്ന കവിതയോ കെ.ജി.എസ് എന്ന കവിയോ കേട്ടിട്ടില്ലാത്ത ഒരു കൊടുങ്ങല്ലൂർക്കാരിയാണ് ഇപ്പോൾ ബംഗാളിനെ ഇങ്ങനെ വായിക്കുന്നത്. നക്സലൈറ്റുകളെ പേടിക്കാതെ, വിദ്യാർഥി സമരങ്ങളിൽ ക്ലാസുകൾ നഷ്ടപ്പെടാതെ, നാവടക്കി പണിയെടുത്തു കഴിഞ്ഞ സ്വസ്ഥമായ കാലമായിരുന്നു എന്നെപ്പോലുള്ള പെൺകുട്ടികൾക്ക് അടിയന്തരാവസ്ഥക്കാലം. 1976ൽ കോഴിക്കോട് സർവകലാശാലാ കാമ്പസിൽ ചേർന്നപ്പോഴാണ് പലതരം ബംഗാൾ വായനകൾ കേൾക്കുന്നത്. അടിയന്തരാവസ്ഥ പിൻവലിച്ചിരുന്നു. രാജനെ കാണാതായിരുന്നു. യൂനിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽനിന്ന് ബെൻഹറിനെയും മറ്റും പൊലീസ് പിടിച്ചുകൊണ്ടുപോയിരുന്നു. ആ സമയത്ത് ടി.കെ. രാമചന്ദ്രനും രാമചന്ദ്രൻ മൊകേരിയും ഹാരിയും കെ.കെ. ഹിരണ്യനും ലേഡീസ് ഹോസ്റ്റലിലെത്തി അടിയന്തരാവസ്ഥയിലെ ഭീകരതകളെപ്പറ്റി പ്രസംഗിക്കും. ‘ബംഗാളി’ലെ വരികൾ ഉദ്ധരിക്കും. സംസാരത്തിന്റെ മുഴക്കംകൊണ്ട് അവർ കുറെ മുന്തിയ ആളുകളാണെന്നു തോന്നിച്ചു. ഹിരണ്യൻ ‘ബംഗാൾ’ പല വേദികളിലും ചൊല്ലി. ചുരുക്കിപ്പറഞ്ഞാൽ സ്വന്തം ഭീരുത്വത്തെ തിരിച്ചറിയാനുള്ള ഇത്തരം അവസരങ്ങൾ അക്കാലത്ത് ധാരാളമുണ്ടായി. പിൽക്കാലത്ത് ‘ബംഗാൾ’ പഠിപ്പിക്കുമ്പോൾ അതിലെ കടുത്ത സാമൂഹിക രാഷ്ട്രീയ പ്രക്ഷുബ്ധതയെയും വിപ്ലവമോഹത്തെയും മുഴപ്പിച്ചെടുത്തു പ്രദർശിപ്പിച്ചു. ഇന്ന് അന്നത്തെ ‘ബംഗാള’ല്ല വായിക്കുന്നത്. ഏതു കാലത്തു വായിച്ചാലും ആ കാലത്തിന്റെ കവിതയാകും വിധം സ്വയം പൊളിച്ചു പണിയാനുള്ള, ചരിത്രത്തിലേക്ക് വഴികളുള്ള, മനുഷ്യർ നടന്നുപോയിട്ടുള്ള ധാരാളം ഇടങ്ങൾ വരികൾക്കുള്ളിൽ ‘ബംഗാൾ’ കാണിച്ചുതരുന്നു. നുണ പറഞ്ഞും പ്രചരിപ്പിച്ചും അകം പൊള്ളയായിപ്പോയ വാക്കുകളെ ഏറ്റവും അനിവാര്യമായ സന്ദർഭങ്ങളിൽ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ പ്രതിഷ്ഠിച്ചും ചരിത്രബോധംകൊണ്ട് പരിചരിച്ചും ജീവൻ കൊടുത്ത് കവിതയിലിരുത്തുന്ന രീതിയാണത്. കരിയിലകളിൽ പച്ചയൂതിക്കയറ്റുന്ന ആഭിചാരവേല തന്നെ. പ്രത്യക്ഷത്തിലുള്ള പാദങ്ങൾക്കും പാതകൾക്കുമടിയിലൂടെ രഹസ്യമായിട്ടാണ് അവയുടെ നീക്കം. ജീവിതപരിസരങ്ങളിൽനിന്ന് പെറുക്കിയെടുത്തതാണെങ്കിലും ചിലപ്പോൾ വൃത്തികെട്ട കുഴികളിൽ കിടന്നതാണെങ്കിലും നമ്മുടെ ക്രമങ്ങൾക്കും കണക്കുകൂട്ടലുകൾക്കുമടിയിലൂടെ ശക്തമായ ഒരവബോധമായി വാക്കുകൾ മുന്നേറുന്നു. പേടിച്ചേ മതിയാകൂ. വാക്കുകൾക്കും ഒരു ഒളിയിടവും അധോലോകവും ഉണ്ട്. ഇങ്ങനെ ‘ബംഗാൾ’ കവിതയുടെ കവിതകൂടിയാണ്.
ലോകബോധത്തിലും കാലബോധത്തിലും രൂപംകൊണ്ട ഒരു ചുഴലിയുടെ കറങ്ങിത്തിരിയലിൽ സകല ജീർണതകളും ഭാരങ്ങളും ചുഴറ്റിയെറിയപ്പെട്ട് പുതുതാകുന്ന കവിതയെക്കുറിച്ചുള്ള കെ.ജി.എസ് വിചാരങ്ങൾ. ബംഗാളിൽ കാലത്തെ ചൂഴ്ന്നുനിൽക്കുന്ന ഇരുട്ട് കെ.ജി.എസിന് ഏറെ പരിചിതമാണ്. കടമ്പനാട്ടും ചവറയിലും നിറനിലാവിൽ, വെളുപ്പിൽ ചിത്രമായി നിൽക്കുന്ന ഇരുട്ട്. ഭ്രാന്തന്റെ, നിസ്സഹായന്റെ മുഖമുള്ള ഇരുട്ട്. ആ ഇരുട്ട് സകല സ്വേച്ഛാധിപതികളുടെയും മുഖം ഓർത്തുവെക്കുന്നു. എങ്ങനെയെല്ലാം അവർ ഒരു ദേശത്തിന്റെ, ജനതയുടെ സംസ്കൃതിയെ വിച്ഛേദിക്കുന്നു എന്നതിന് സാക്ഷ്യം വഹിക്കുന്നു. അധിനിവേശങ്ങൾ ഇതാണ് ചെയ്യുന്നത്. സംസ്കാരത്തിൽ വിള്ളലുകളുണ്ടാക്കുക. ഭൂപടങ്ങളിൽനിന്ന് ദേശങ്ങളെ മായ്ച്ചുകളയുക. അനേകം സംസ്കൃതിയുടെ സംഗമഭൂമിയാണ് ബംഗാൾ എന്ന ദേശം. ധൃതരാഷ്ട്രരുടെ ഓർമകളിൽ ആ ബഹുസ്വരത ഭീതി വളർത്തുന്നുണ്ട്.
ഭരണകൂടങ്ങൾക്ക് ബഹുസ്വരതയെ ഭയമാണ്. എക്കാലത്തും കവിത ചെയ്യേണ്ട ധർമം സംസ്കാരത്തിന് ജൈവികമായ തുടർച്ച ഉണ്ടാക്കുകയാണ് എന്ന വിശ്വാസം കെ.ജി.എസിന്റെ കവിതകളിലെ പ്രതിരോധ പ്രകൃതിയെ ബലപ്പെടുത്തുന്നു. ബംഗാളിലെ കറുത്ത കുട്ടികളെപ്പോലെ വരണ്ട കാലത്തെ വയലിലെ വിള്ളലുകളിലൂടെ അവ ആഴങ്ങളിലേക്ക് നോക്കുന്നു. നാടിന്റെ സ്വത്വം അവിടെയുണ്ടെന്ന് ഉറപ്പുവരുത്തുന്നു.
ഇടശ്ശേരിയെപ്പോലെ, കുട്ടിക്കാലത്തിന്റെ യാഥാർഥ്യത്തിൽ നിന്നുകൊണ്ട്, ബന്ധങ്ങളുടെ ജൈവതാളത്തിനുള്ളിൽ നിന്നുകൊണ്ട് കൃഷിയുടെ ജൈവതാളത്തെ ആവിഷ്കരിക്കാൻ ധൈര്യം പോരാത്തതുകൊണ്ടാണ് കവിതയിൽ താനത് കൊണ്ടുവരാത്തതെന്ന് പി.എൻ. ഗോപീകൃഷ്ണനോട് കെ.ജി.എസ് പറയുന്നുണ്ട് (ഭാഷാപോഷിണി വാർഷികപ്പതിപ്പ് - 2006). ചവറയിലെയും കടമ്പനാട്ടെയും നെൽകൃഷിയുടെയും കരക്കൃഷികളുടെയും ഓർമകൾ കാഴ്ചയായും കേൾവിയായും ഗന്ധമായും സ്പർശമായും രുചിയായും ഓർമകളിലുണ്ട്. എരിവേനലിൽ എള്ളുണങ്ങുന്ന മണത്തിൽ കെ.ജി.എസ് സ്വയം ആവിഷ്കരിക്കുന്നുണ്ട്. മണൽക്കണ്ടത്തിൽ വളമായിട്ട ചാണകത്തിന്റെയും ചാരത്തിന്റെയും പച്ചിലകളുടെയും എല്ലുപൊടിയുടെയും മണം എരിവേനലിൽ ആഴങ്ങളിൽ ചെന്നു വലിച്ചെടുത്ത് പുറത്തുവിടുന്ന എള്ള്. കൃഷിയെക്കുറിച്ചുള്ള ഏതു സംസാരവും അദ്ദേഹത്തെ കൃഷിക്കാരിൽ എത്തിക്കുന്നു.
‘‘കൃഷിതന്നെയാണ് അവരുടെ ഏറ്റവും വലിയ സർഗാവിഷ്കാരം. യാതനകളിൽനിന്ന് സ്വയം മോചിപ്പിക്കാനുള്ള സമരങ്ങളാണ് അവരുടെ സർഗാത്മകതയുടെ ഉയർന്ന ഭംഗികൾ. ലോണെടുത്ത് കൃഷിയിറക്കി എല്ലാവരാലും കാലാവസ്ഥയാലും തോൽപിക്കപ്പെട്ട് ആത്മഹത്യ ചെയ്യുന്ന ദരിദ്ര കർഷകനാണ് നമ്മുടെ കാലത്തെ ഏറ്റവും ഇരുണ്ട ഏകാന്തത; സർഗാത്മകതയുടെ ഏറ്റവും വലിയ ദുരന്തം.’’ (ഭാഷാപോഷിണി വാര്ഷികപ്പതിപ്പ് –2006)
ചതിക്കപ്പെട്ട, തോൽപിക്കപ്പെട്ട കർഷകന്റെ ഉയിർത്തെഴുന്നേൽപിന്റെ എക്കാലത്തെയും കവിതയാണ് ‘ബംഗാൾ’. ഭരണകൂട സ്വേച്ഛാധിപത്യവും അധികാരവും ഭയക്കുന്നത് അവരെയാണ്. മണ്ണിന്റെ ഭാഷ പഠിച്ചവർ. ധൃതരാഷ്ട്രർ എന്തുകൊണ്ട് ഈ ചുഴലിയെ ഇത്രമാത്രം ഭയക്കുന്നു? ചരിത്രത്തിൽ അനുഭവപാഠങ്ങളുള്ളതുകൊണ്ട്. എല്ലാം തകർത്തെറിഞ്ഞ് വീശിയ ഒരു ചുഴലിയുടെ നടുക്കുന്ന ഓർമ. തീർഥാടനം കഴിഞ്ഞ് ചിരിച്ചട്ടഹസിച്ച് കാളീഘട്ടിലൂടെ വരുകയായിരുന്നു, പ്രഭുക്കളുടെ ഒരു സംഘം. തെരുവിൽ ഒരു ചുഴലി പൊങ്ങി. ഓടയിൽനിന്ന് പൊങ്ങിയ ആ ചുഴലി നഗരം നാമാവശേഷമാക്കി. വീരലാൽ ചക്രവർത്തിയെ സിംഹാസനത്തോടെ തട്ടിക്കൊണ്ടുപോയി.
‘‘ഏറ്റവുമൊടുവിലാണ് പഴയ ആളുകൾക്ക് മനസ്സിലായത്,
വിദൂര ഗ്രാമങ്ങളിലെ ദരിദ്ര കർഷകരുടെ ഉഗ്രശാപത്തിൽനിന്നാണ് ചുഴലി പൊട്ടിപ്പുറപ്പെട്ടതെന്ന്
എന്നല്ല, ഇത്തരത്തിലും ചുഴലി സംഭവിക്കാമെന്നു പോലും.’’
ക്ഷാമവും അതിന്റെ കെടുതികളുമായി, വിശപ്പായി കൃഷിക്കാരുടെ ഉള്ളിൽ ഒരു ചുഴലി നിദ്രാവസ്ഥയിൽ പാർക്കുന്നുണ്ട്. ഏറ്റവും പുതിയ കാലത്തും ആഗോള മാഫിയയുടെ ഇടപെടലിൽ പ്രകൃതിയും മണ്ണും മറ്റു ചരാചരങ്ങളും മനുഷ്യനും പുലർത്തിയിരുന്ന പാരസ്പര്യം നഷ്ടപ്പെട്ടു. മണ്ണ് പറയുന്നത് അതിൽ പണിയെടുക്കുന്നവന് മനസ്സിലാവാതായി. ആഗോള കമ്പോളങ്ങളുടെ ചൂഷണം, ഭരണകൂടവും കോർപറേറ്റുകളും തമ്മിലുള്ള അവിശുദ്ധ ബന്ധം, ചൂഷണം, അടിച്ചമർത്തൽ -എല്ലാ കാലവും കർഷകന് ക്ഷാമകാലമാണ്. പലായന കാലത്തെന്നപോലെ നടന്നുകൊണ്ട് കൃഷിക്കാർ പ്രതിരോധിക്കുന്നു. കർഷകന്റെ നടത്തം. വിണ്ടു പൊള്ളിയടർന്ന പാദങ്ങൾ, വഴിയിൽ തളർന്നു വീണുള്ള മരണങ്ങൾ. എല്ലാ ജനാധിപത്യ മര്യാദകളും ഇവരുടെ മുന്നിൽ ലംഘിക്കപ്പെടുകയാണ്. ബംഗാൾ നീട്ടിയെറിഞ്ഞ നോട്ടങ്ങൾ സമകാലിക ഇന്ത്യൻ കർഷകന്റെ ചെറുത്തുനിൽപുകേളാട് ചേർത്ത് വിശകലനം ചെയ്യേണ്ടതാണ്. തണുത്തു വിറച്ചു വൃത്തികെട്ട കുഴികളിൽ കിടക്കുന്ന കിടപ്പിൽനിന്നവർ ഉണരും. ചുഴലിയായും നാടിന്റെ നിലവറയിലെ കരിങ്കാളിയായും അവരുടെ ആത്മവീര്യം അതിന്റെ ഉഗ്രരൂപങ്ങളിലും വരാം. വിശപ്പ് മനുഷ്യനെക്കൊണ്ട് എന്തും ചെയ്യിക്കും. സകല കുറ്റകൃത്യങ്ങളും. വീണുകിടക്കുന്ന കരിയിലകളെ സൂക്ഷിച്ചു നോക്കിയാൽ വാരിയെല്ലുന്തി കൂരച്ച് കമിഴ്ന്നു കിടക്കുന്ന വികൃതരൂപിണിയായ ഒരു തള്ളപ്പിശാചിനെ കാണാം. മനുഷ്യനല്ല, പിശാചാണ് പിന്നെ കാര്യങ്ങൾ ഏറ്റെടുക്കുന്നത്. പാടത്ത് പണിയെടുക്കുന്ന അടിയാന്റെ തിരിച്ചടികൾ അതിഭീഷണമായിരിക്കുമെന്ന് ഭയക്കുന്ന ഒരു ഉടയോൻ ബംഗാളിൽ പ്രത്യക്ഷപ്പെടുന്നു.
വിപ്ലവം നടന്നില്ല. കെ.ജി.എസ് ‘ബംഗാളി’ന് രണ്ടാം ഭാഗമെഴുതിയില്ല. അത്തരം തീവ്ര രാഷ്ട്രീയ കവിതകൾ പിന്നീടദ്ദേഹം എഴുതിയില്ല. പക്ഷേ, നീതിക്കുവേണ്ടിയുള്ള അന്വേഷണം തീവ്രതരമായി.
ഇല്ല, ഒന്നും തെളിയുന്നില്ല /കൊലയും ആത്മഹത്യയും /കുറ്റവും ശിക്ഷയും /വിശ്വാസവും വഞ്ചനയും / നിജവും ഇമേജും / വേർതിരിക്കാനാവുന്നില്ല / കലങ്ങി, ഏത് നാവിലും /നീതിയുടെ ഉച്ചാരണം / വൈകി, ഏത് നാവിലും നീതിപ്പൊരുൾ
എന്ന് ‘ബംഗാളാ’നന്തര കവിതയായി വായിക്കാവുന്ന ഉച്ച, കാറ്റ്, വഴിപോക്കൻ എന്ന കവിതയിൽ കലങ്ങിയ കാലത്തെ അദ്ദേഹം എഴുതി. ആ കാലത്തിന്റെ വ്യഥകൾ വെള്ളായിയപ്പന്റെ ഉള്ളുലച്ചിലുകളായി ‘വെയിൽത്തമ്പി’ലും വരുന്നുണ്ട്. (ഒ.വി. വിജയന് സമർപ്പിച്ചെഴുതിയത്)
അഴിച്ചെറിഞ്ഞു പോന്നെന്നോ
കര നീണ്ടത്ര നീണ്ടോരു
കെടുനീതി മെടഞ്ഞോരു
പെരും പിരി നെടും കയർ?
കുറുകിക്കഴുത്തിൽ ചുറ്റി
കടും കെട്ടായുയിരിനെ
ഞെരിക്കും ജയിൽ കോട്ടയെ,
ആരാനെ ആരാനോ കൊന്നി-
ട്ടടിയാരുടെ ക്ടാത്തനെ
കയത്തിൽ താഴ്ത്തിശ്ശ്വാസം
കെടുത്തും വിധിക്കാലനെ,
കുടഞ്ഞെറിഞ്ഞു കണ്ടുണ്ണി
പോന്നെന്നോ, ന്റെ തെയ്യങ്ങളേ!
വിട്ടുപോന്നിട്ടും വിടരാതെ പിന്തുടരുന്നു, ഒരു കാലം. അതിന്റെ സകല വ്യസനങ്ങളോടെയും.
സ്തുതിവാക്കിലാടുന്ന വാലല്ല, എതിർവാക്കിലാളുന്ന നീതിയാണ് കല (‘ഈ ഗോർക്കിയെ കൊണ്ടു തോറ്റു’ -കെ.ജി.എസ്) എന്ന് കെ.ജി.എസിലെ നിർഭയനായ കവി ജനിക്കുന്നത് ‘ബംഗാൾ’ എഴുതിക്കൊണ്ടാണ്. എല്ലാത്തരം ഫാഷിസത്തെയും എല്ലാ അധീശത്വത്തെയും ഭരണകൂട ഭീകരതകളെയും നിർഭയമായി ആ കവിത നേരിട്ടു. നിർഭയത്വത്തിലാണ് കെ.ജി.എസ് കവിതകളിലെ സർഗാത്മക പ്രകൃതി കൂടുതൽ കൂടുതൽ തെളിഞ്ഞു പ്രകാശിക്കുന്നത്. ‘സൈനികന്റെ പ്രേമലേഖനം’, ‘അതിനാൽ ഞാൻ ഭ്രാന്തനായില്ല’, ‘ഞാനെന്റെ എതിർകക്ഷി’, ‘അമ്മമാർ’ – പിന്നീടു വന്ന സമാഹാരങ്ങളിലെല്ലാം ചോദ്യാകാരമായ തന്റെ കാലത്തെ തീണ്ടിയ ഭയങ്ങളെ നേരിടുന്നുണ്ട്. എവിടെയായാലും മനുഷ്യന് നീതി, സ്വാതന്ത്ര്യം അതുറപ്പാകണം. അതിനുവേണ്ടി കവിത മാനവികതയുടെയും ചരിത്രബോധത്തിന്റെയും ഓർമയുടെയും ആഴങ്ങളിലെത്തണം. അതിനാൽ വേരുകളാണ് കെ.ജി.എസിന്റെ കവിതയിലെ വാക്കുകൾ. ഏത് എരിവേനലിലും വരണ്ട മണ്ണു തുളച്ച് ആഴങ്ങളിലേക്ക് ചെന്ന് ദേശസoസ്കൃതിയുടെ വീര്യങ്ങളിൽ തൊടുന്ന വേരുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.