'The Fishermen', ചിഗോസി ഒബിയോമ01
ചെറുപ്പക്കാർ ലോകത്തെ കാണുന്നവിധം പ്രത്യാശാഭരിതവും പ്രതീക്ഷാനിർഭരവുമാണെന്ന പഴകിപ്പതിഞ്ഞ വാചകം സമകാലത്ത് നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യത്തെയാണ് നാം അഭിസംബോധന ചെയ്യുന്നത്. സാമാന്യബോധവും ലോകത്തിന്റെ പൊതുവായ അവസ്ഥകളെ കുറിച്ചുള്ള ബോധ്യങ്ങളും അവനവനെക്കാൾ ലോകം/സമൂഹം എങ്ങനെയാണ് ചിന്തിക്കുന്നത് എന്നുള്ളതിനെ കുറിച്ചുള്ള ധാരണയും ചെറുപ്പത്തിന്റെ കാഴ്ചയിൽ തെളിയുന്നു. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിലും തൊണ്ണൂറുകളിലും ജനിച്ചവർ ലോകത്തെ കണ്ടു തുടങ്ങിയപ്പോഴേക്കും ചരിത്രം അനേകം പുറങ്ങളിലൂടെ യാത്ര ചെയ്തു കഴിഞ്ഞിരുന്നു. അതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത തരത്തിൽ അധികാരവും രാഷ്ട്രീയവും സ്വത്വബോധവും ജാതി-മത-ലിംഗ-വംശ ചേരുവകളും വേരുകൾ പടർത്തിയ ഒരുകാലത്ത് ജനിച്ചവർ, സന്ദർഭങ്ങളോടും സാഹചര്യങ്ങളോടും പ്രതികരിക്കുന്നത് വ്യവസ്ഥാപിതമായ വിധത്തിലാവണമെന്നില്ല. ചരിത്രം സ്വപ്നങ്ങളിൽ അഭിരമിച്ചും സ്വപ്നനിരാസങ്ങളിൽ തപിച്ചും കൊണ്ടിരുന്ന നാളുകളിൽ, ഭൂജാതരായവർ കണ്ട ലോകത്തിന്റെ കാഴ്ചയിൽ സോവിയറ്റ് യൂനിയനോ ബെർലിൻമതിലോ വസന്തത്തിന്റെ ഇടിമുഴക്കങ്ങളോ വൻകിടരാഷ്ട്രങ്ങളുടെ എണ്ണമറ്റ കോളനികളോ ഉണ്ടായിരുന്നില്ല. മതിഭ്രമങ്ങളിൽ മുങ്ങിത്താഴാൻ ഇടങ്ങളില്ലാത്ത വിധം യുട്ടോപ്യകൾ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു. എന്നാൽ, അസാധ്യമെന്നു കരുതിയ പരപ്പുകളിലേക്ക് നീങ്ങാൻ ശാസ്ത്രവും സാങ്കേതികതയും പരസ്പരം കൈത്താങ്ങേകുന്ന രംഗമാണ് സംജാതമായത്. എങ്കിലും സങ്കുചിതത്വബോധം സങ്കീർണമായ വ്യവഹാരമായി മനുഷ്യർക്കിടയിൽ വലവിരിച്ചുകിടക്കുന്നു. ജലാശയങ്ങളും ബൃഹദ്നഗരങ്ങളും തരിശുനിലങ്ങളും ഭൂപടത്തിൽ പുതിയ അതിരുകൾ വരച്ചുചേർത്തുകയാണ്. ഇതിനിടയിൽ പലായനവും കുടിയേറ്റവും പ്രവാസവും 'സവിശേഷ'മുദ്രകളായി സ്ഥാപിക്കപ്പെട്ടുകൊണ്ട് സമകാലം കാൽപനിക വിഷാദങ്ങളെ റദ്ദുചെയ്യുന്നതായി കാണാം.
വിഷാദങ്ങളുടെയും ഗൃഹാതുരത്വത്തിന്റെയും നിരാസങ്ങളുടെയും പടമുരിച്ചുകൊണ്ട്, സാങ്കൽപികഭൂപടങ്ങളിൽനിന്നു പുറത്തുവരാൻ വെമ്പൽ കാണിച്ചവരായിരുന്നു 1980കളുടെ ഒടുക്കവും തൊണ്ണൂറുകളിലും ജനിച്ചവർ. പഴകിയ ജീവിതചിന്തകളെ പിന്നോട്ടാക്കിക്കൊണ്ട് ചെറുത്തുനിൽപിന്റെയും പ്രതിഷേധത്തിന്റെയും വികാരമാണ് അവർ പൊതുവെ പ്രസരിപ്പിച്ചത്. ഹോളോകോസ്റ്റും ഗുലാഗും പോലെ ദൃശ്യവും അദൃശ്യവുമായ എണ്ണമറ്റ മനുഷ്യാവകാശലംഘന ക്യാമ്പുകൾ നിലവിൽ വരുന്ന സാഹചര്യങ്ങൾ അവരുടെ മുന്നിലുണ്ട്. നിക്ക് ഊട്ടിന്റെ കാമറയിൽ പതിഞ്ഞ വിയറ്റ്നാം പെൺകുട്ടിക്ക് പകരം മെഡിറ്ററേനിയൻ കടൽത്തീരത്തടിഞ്ഞ സിറിയൻ ബാലനായ അലൻ കുർദിയുടെ ജീവനില്ലാത്ത ശരീരമാവും അവരുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ടാകുക എന്ന യുക്തിക്ക് സ്ഥാനമുണ്ട്. തലമുറകൾ മാറുമ്പോഴും വിമോചനസ്വപ്നങ്ങളുടെ അടിസ്ഥാന ഘടകത്തിനു കാര്യമായ മാറ്റമുണ്ടാകുന്നില്ല എന്നത് വ്യക്തമാണ്. അധികാരം നിഗൂഢമായി അനുശാസിക്കുന്ന നിയന്ത്രണങ്ങളിൽനിന്നു കുതറിക്കൊണ്ട് ഭാവനയെ ഉദ്ദീപിപ്പിക്കുന്ന തുറസ്സുകളിലേക്കുള്ള യാത്രയാണ് യുവത കാംക്ഷിക്കുന്നത്. ഇതിന്റെ തുടർച്ചയെന്നോണം തീവ്രവും തീക്ഷ്ണവും അലച്ചിലുകൾ എഴുത്തിലേക്കുള്ള വഴിയൊരുക്കുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ചെറുപ്പക്കാർ ലോകത്തെയാണ് എഴുതുന്നത് എന്നത് പൊതുവായ ഒരു പ്രസ്താവന മാത്രമായി കാണാനാവില്ല. വെവ്വേറെ ഭൂഭാഗങ്ങളിൽ ജീവിക്കുന്നവർ അതിജീവനത്തിനായി രാഷ്ട്രത്തിന്റെ അതിരുകളും മൂലകളും മുറിച്ചു സഞ്ചരിക്കുന്നതോടെ ആഗോളീയമായ കാഴ്ചകളും കാഴ്ചപ്പാടുകളും ആഴത്തിൽ ഉറക്കുകയാണ്. സമകാലത്തെ തീവ്രമാക്കുന്ന വിഷയത്തിന്റെ വൈവിധ്യമാർന്ന രൂപങ്ങളാണ് പ്രായേണ ചെറുപ്പക്കാർ എഴുതാനായി സ്വീകരിച്ചിരിക്കുന്ന പ്രമേയമെന്നത് പ്രാധാന്യമർഹിക്കുന്നു. അനിവാര്യമായ എഴുത്തിനുള്ള പ്രേരണയും പ്രചോദനവും എങ്ങനെ സംഭവിക്കുന്നു എന്നതിന് ലോകത്തിന്റെ പലയിടങ്ങളിൽ നടക്കുന്ന രംഗങ്ങൾ തെളിവായി ഭവിക്കുകയാണ്. വകഭേദങ്ങളുണ്ടാവുമെങ്കിലും പ്രതിപാദ്യവിഷയത്തിന്റെ അടിപ്പടി തൊടുന്നത് അതിജീവനത്തിന്റെ അധ്യായങ്ങളിലാണ് എന്ന് തർക്കലേശമന്യേ പറയാൻ സാധിക്കും. യുദ്ധങ്ങളും കൂട്ടക്കൊലകളും ഏകാധിപത്യ പ്രവണതകളും പിച്ചിച്ചീന്തിയ മനുഷ്യരുടെ ആന്തരികവ്യഥയാണ് ഈ എഴുത്തുകളുടെ പൊരുൾ. മൂടിവെക്കാൻ കഠിനമായി യത്നിച്ചിട്ടും ചരിത്രത്തിൽനിന്നു പുറത്തുവരുന്ന വസ്തുതകളുടെ വ്യത്യസ്തവിചാരമാണ് ഈ എഴുത്തുകാർ അനുഷ്ഠിക്കുന്ന കർമം.
ഏകശിലാരൂപങ്ങളായി കൊത്തിവെച്ച നയങ്ങൾ പ്രതിലോമകരമായി തീരുമ്പോൾ അവയോട് കലഹിക്കാതെ നിവൃത്തിയില്ലെന്നായി. നിരന്തരമുള്ള ഉരസലുകളെ നേരിടാനെന്നോണം തന്ത്രങ്ങൾ മെനയുന്ന സ്റ്റേറ്റ് പൗരവർഗത്തിനു 'അപരത്വം' ചാപ്പ കുത്തുകയും ചെയ്യുന്നുണ്ട്. അന്യവത്കരണത്തിനു പാത്രമായ മറ്റൊരു തലമുറ ഇതിനു മുമ്പുണ്ടായിട്ടില്ല എന്ന വിചാരം അടിച്ചുറപ്പിക്കുന്ന തരത്തിലുള്ള വിനിമയങ്ങളാണ് അധികാരിവർഗം അനുശാസിക്കുന്നത്. അപരത്വത്തിന്റെ തിക്തതകളെയും കുടുംബത്തിന്റെയും രാജ്യത്തിന്റെയും അതിരുകളെ മറികടക്കുന്നതിന്റെയും രാഷ്ട്രീയാവസ്ഥകളാണ് പുതിയ കാലത്തിന്റെ ആഖ്യാനം. പറഞ്ഞുവരുന്നത്, ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന പ്രശ്നമണ്ഡലത്തെ ചെറുപ്പക്കാരായ എഴുത്തുകാർ ഉത്തരവാദിത്തത്തോടെ സമീപിക്കുന്നു എന്നതാണ്. എക്കാലവും അത് അങ്ങനെയായിരുന്നുതാനും. ഇക്കാലമത്രയും ഉടലെടുത്തിട്ടുള്ള സാഹിത്യ/സാമൂഹിക/സാംസ്കാരിക പ്രസ്ഥാനങ്ങളിലൊക്കെയും പ്രായോഗികമായ നെടുനായകത്വം വഹിച്ചിരുന്നതൊക്കെ യുവതീയുവാക്കളായിരുന്നുവെന്നത് അതിശയോക്തിയല്ല. ഇപ്പറഞ്ഞ മേഖലകളിലെ വിപ്ലവങ്ങളുടെയും കലാപങ്ങളുടെയും നാൾവഴികൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. ഈ ചുറ്റുപാടിലാണ് ചെറുത്തുനിൽപിന്റെ സങ്കേതമായി എഴുത്ത് ആകൃതിപ്പെടുന്നത്. അനൈതികമായ ധാരകളെ ചെറുക്കാനുള്ള ശ്രമങ്ങൾ എഴുത്തിന്റെ രാഷ്ട്രീയത്തിലൂടെ നിർവഹിക്കപ്പെടുന്നത് ശ്ലാഘനീയമാണ്.
വിഖ്യാതരായ പല എഴുത്തുകാരും നന്നേ ചെറുപ്പത്തിൽതന്നെ ശ്രദ്ധേയകൃതികൾ രചിച്ചിട്ടുണ്ട്. നാൽപതു വയസ്സിലും നാൽപത്താറുവയസ്സിലും മരിച്ച കാഫ്കയും കാമുവും തങ്ങളുടെ മുപ്പതുവയസ്സിനുള്ളിൽ എഴുത്തിൽ മേൽക്കൈ പ്രകടിപ്പിച്ചവരാണ്. തോമസ് പിഞ്ചൻ, സിൽവിയ പ്ലാറ്റ്, വില്യം ഫോക്നർ തുടങ്ങിയവരും ഇതേ ശ്രേണിയിൽ ഉള്ളവരാണ്. തോമസ് മൻ, ജെയിംസ് ബോഡ്വിൻ, മേരി ഷെല്ലി തുടങ്ങിയവരുടെ സ്ഥിതിയും ഭിന്നമല്ല. വായനക്കാരിൽ ആവേശം വിതച്ച, പ്രസിദ്ധമായ 'The Catcher in the Rye' ജെ.ഡി. സാലിഞ്ചർ എഴുതിയത് മുപ്പത്തിരണ്ടാം വയസ്സിലാണ്. ഇരുപത്തഞ്ചാം വയസ്സിലാണ് ദസ്തയേവ്സ്കിയുടെ ആദ്യ രണ്ടു നോവലുകൾ പ്രസിദ്ധീകരിക്കുന്നത്. ഇരുപത്താറു വയസ്സിനുള്ളിൽ ആത്മകഥാപരമായ രണ്ടു നോവെല്ലകൾ ടോൾസ്റ്റോയ് പ്രസിദ്ധീകരിച്ചു. എക്കാലവും ചെറുപ്പക്കാരുടെ എഴുത്ത് ലോകസാഹിത്യത്തിൽ അനുരണനങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നു സൂചിപ്പിക്കാനായി ഈ പേരുകൾ പരാമർശിച്ചു എന്നേയുള്ളൂ. മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരെ സംബന്ധിച്ചും ഇതേ ചരിത്രമാണ് പറയാനുള്ളത്. തങ്ങളുടെ ഇരുപതുകളിലാണ് എം.ടി. വാസുദേവൻ നായർ 'നാലുകെട്ടും' എം. മുകുന്ദൻ 'ദൽഹി'യും എഴുതിയത് എന്നത് ഇതിന്റെ ഉദാഹരണമാണ്.
വിഖ്യാതമായ കൃതികൾ, കൃതഹസ്തരായ എഴുത്തുകാരുടെ ശൈലീബദ്ധമായ രീതികൾ എന്നിവ പിന്നാലെ വരുന്ന എഴുത്തുകാരെ ഇക്കാലത്ത് വല്ലാതെ സ്വാധീനിക്കുന്നില്ല. ലോകമെന്ന വട്ടമേശയിലെ ചർച്ചാവിഷയങ്ങളാണ് ഇന്ന് എഴുതുന്നവരെ മാസ്മരികവലയത്തിലാക്കുന്ന പ്രഭാവശക്തി. കാതങ്ങൾക്കപ്പുറത്തുള്ള ഇടങ്ങളിൽ നടമാടുന്ന നീതിപൂർവമല്ലാത്ത വ്യവസ്ഥിതികൾ സൂക്ഷ്മാഖ്യാനങ്ങളായി ആകാരപ്പെടുന്നത് മേൽപ്പറഞ്ഞതിന്റെ സൂചനയാണ്. ചരിത്രവും ബദൽചരിത്രവും ഒത്തുമാറ്റം നടത്തി ഫിക്ഷന്റെ നവീനമായ സാധ്യതകളെ തേടുകയും ചെയ്യുന്നു. ആശയങ്ങളും ചെറുത്തുനിൽപിന്റെ രാഷ്ട്രീയവും ആഖ്യാനത്തിന്റെ അന്തർധാരയാവുന്നതോടെ എഴുത്ത് എന്ന പ്രക്രിയ സർഗാത്മകതക്കൊപ്പം സാമൂഹികാംശങ്ങളെയും സ്പർശിക്കുകയാണ്. വാദങ്ങളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും രാഷ്ട്രീയമായ വഴികളിലൂടെ പുറപ്പെട്ടുകൊണ്ട് സത്താപരമായ പ്രതിസന്ധികളെ മായ്ച്ചുകളയാൻ ശ്രമിക്കുന്നുമുണ്ട്. ചുരുക്കത്തിൽ സമകാലത്തെ എഴുത്തുകാർ സാമൂഹിക വിമർശകരുടെ വേഷവും എടുത്തണിയുന്നു. ആഗോളീകരണചായ്വുകളും ഇന്റർനെറ്റും സോഷ്യൽമീഡിയയും സർഗാത്മക പരിശീലന ക്ലാസുകളും പ്രചാരത്തിലെത്തിത്തുടങ്ങിയത് എഴുത്തുമായി ബന്ധപ്പെട്ട് വിശകലനം ചെയ്യണം. ഈ കാലയളവിലുള്ള ചെറുപ്പക്കാർ എഴുത്തിനെ ഗൗരവമായി നോക്കിക്കണ്ടിരുന്നുവെന്നു സമകാലത്തെ പുസ്തകങ്ങളും എഴുത്തുകാരുടെ പ്രായവും സാക്ഷ്യപ്പെടുത്തുന്നു. എഴുത്തിലെ രാഷ്ട്രീയം സുതാര്യവും സുവ്യക്തവുമായ ദിശകളിലൂടെ യാത്ര തിരിച്ചതിന്റെ ദൃഷ്ടാന്തങ്ങളാണ് അഭയാർഥികളെയും കുടിയേറ്റ ജനതയെയും പ്രതിനിധാനം ചെയ്യുന്ന രചനകൾ. നഷ്ടപ്പെട്ട നാടിനെ തിരിച്ചുപിടിക്കാൻ എഴുത്തിനെ ആശ്രയിക്കുകയാണെന്ന വിധത്തിൽ ഈ വിഭാഗത്തിൽപെടുന്നവർ എഴുതുന്ന കാഴ്ചയാണ് ലോകമെമ്പാടും. സ്വത്വത്തിൽ വിഭജനം ഉണ്ടാകുന്നതും ജന്മദേശത്തിനും കുടിയേറിയ/അഭയം ലഭിച്ച ദേശത്തിനും ഇടയിലുണ്ടാകുന്ന അന്തരം ആന്തരികക്ലേശത്തിനു വഴിയൊരുക്കുന്നതും കൃത്യമായ തരത്തിൽ അപഗ്രഥിക്കുന്ന ഒട്ടനവധി കൃതികൾ ചെറുപ്പക്കാരായ എഴുത്തുകാർ ഇന്ന് സജീവമായി എഴുതുന്നു. ഓർമകളെ ആഖ്യാനത്തിലൂടെ മടക്കി കൊണ്ടുവരാനും പുതിയ രാജ്യത്തിന്റെ ശീലങ്ങളും ശീലക്കേടുകളും വിസ്തരിക്കാനും അഭയകേന്ദ്രങ്ങളിലെ അല്ലലുകൾ പങ്കുവെക്കാനും പുസ്തകങ്ങൾ ഒരു ഉപാധിയാകുകയാണ്.
അതിജീവനത്തിന്റെ പാത തേടുന്ന ആഖ്യാനങ്ങൾ സാംസ്കാരികമായ നീക്കിയിരിപ്പുകളായി തീരുമെന്ന് തീർച്ചയാണ്. പുതിയ തലമുറയുടെ എഴുത്തിന്റെ പ്രത്യക്ഷമായ സ്വഭാവവിശേഷം ആധിപത്യമനോഭാവമെന്ന വെല്ലുവിളിയോടുള്ള എതിർപ്പിൽ അധിഷ്ഠിതമാണ്. ശിൽപഘടനയുടെ നിയമങ്ങളിൽ കുരുങ്ങാതെ പ്രമേയത്തിന്റെ കാമ്പിലും കരുത്തിലും അവർ ഫിക്ഷനുകൾ മെനഞ്ഞു. മാനുഷികബന്ധങ്ങളുടെ കുഴക്കുന്ന (അ)സമവാക്യങ്ങളും ലിംഗവിവേചനവും ഫിക്ഷനുകളുടെ പ്രസക്തവും പ്രാധാന്യമുള്ള ചിന്താവിഷയങ്ങളായി മാറി. സമകാലികത്വം നിറഞ്ഞു നിൽക്കുന്ന പ്രസ്തുത നോവലുകൾ വംശീയതയുടെയും ദൈനംദിന ജീവിതത്തിന്റെയും യഥാതഥരൂപങ്ങളായി പരിണമിക്കുകയായിരുന്നു. അധികാരത്തിന്റെ സമ്മർദങ്ങളെയും വർഗീയമായ ചേരിതിരിവുകളെയും എഴുത്തിലൂടെ പ്രതിരോധിക്കുക എന്നത് കൃത്യമായ രാഷ്ട്രീയമാണ്. പല രാജ്യങ്ങളിൽ തായ്വേരുള്ള, പല ഭാഷ സംസാരിക്കുകയും വിശ്വാസങ്ങൾ പാലിക്കുകയും ചെയ്യുന്ന ജനവിഭാഗം അധികാരരൂപങ്ങൾക്കെതിരെ ഒത്തുകൂടുന്നത് നമുക്ക് അനുഭവപ്പെടുന്നു. ഇതുവരെ വിവരിച്ചതിന്റെ ദൃഷ്ടാന്തമായി പ്രതിനിധാനഭാവത്തോടെ ചില എഴുത്തുകാരെ പരാമർശിക്കുകയാണ് ഈ ലേഖനത്തിന്റെ അടുത്ത ഭാഗത്ത്. ശ്രദ്ധ ലഭിച്ച ചെറുപ്പക്കാരായ ചില എഴുത്തുകാരാണ് അവർ. ഒരു കണക്കെടുപ്പോ പൂർണമായ പട്ടിക തയാറാക്കലോ ഒന്നും ഇവിടെ ഉദ്ദേശിക്കുന്നില്ല.
02
ന്യൂയോർക്കിലേക്ക് കുടിയേറിയ വലേരിയ ലൂയിസെല്ലി എന്ന എഴുത്തുകാരി 1983ൽ മെക്സികോയിലാണ് ജനിച്ചത്. അവരെ ശ്രദ്ധേയയാക്കിയത് 'ദ സ്റ്റോറി ഓഫ് മൈ ടീത്ത്' (The Story of My Teeth) എന്ന നോവലാണ്. അഭയാർഥികളായ കുട്ടികളുടെ വിഷയം വലേറിയ അതീവ ഗൗരവത്തോടെ പരിഗണിച്ചു. ഗ്വാട്ടമാല, ഹോണ്ടുറസ്, എൽസാൽവഡോർ എന്നിവിടങ്ങളിൽ അക്രമവും ഭീഷണിയുംമൂലം മുതിർന്നവരുടെ അകമ്പടിയില്ലാതെ, കുട്ടികൾ പലായനം ചെയ്ത വാർത്ത പുറത്തുവന്നത് 2013 ഒക്ടോബറിലാണ്. ഇക്കൂട്ടത്തിൽ ഏകദേശം എൺപതിനായിരത്തോളം കുട്ടികളെ കാണപ്പെട്ടു. എന്നാൽ, ഇതിലും അസ്വസ്ഥമായ മറ്റൊരു കാഴ്ചകൂടി അതിർത്തികളിൽ വിശേഷിച്ച് മെക്സികോ-അമേരിക്ക അതിരുകളിൽ സാധാരണമാണ്. ഗ്വാട്ടമാല, ഹോണ്ടുറസ്, എൽസാൽവഡോർ എന്നിവിടങ്ങളിലുള്ള കുട്ടികൾ അനന്തമായി കാത്തിരിക്കുന്ന കാഴ്ചയാണ് ഇത്. രക്ഷിതാക്കളില്ലാതെ ഒറ്റക്കാണ് അവർ എന്നതാണ് അനിശ്ചിതത്വം കൂട്ടുന്നത്. 'Tell Me How It Ends: An Essay in Forty Questions' എന്ന നോൺഫിക്ഷൻ ഇതേ വിഷയത്തിൽ വലേരിയ എഴുതിയതാണ്. ഇന്റർനാഷനൽ ഡബ്ലിൻ പുരസ്കാരം 2021ൽ ലഭിച്ച 'Lost Children Archive' എന്ന നോവലിന്റെ ചുറ്റുവട്ടവും സമാനമാണ്.
'ദ സ്റ്റോറി ഓഫ് മൈ ടീത്ത്', വലേരിയ ലൂയിസെല്ലി
അമേരിക്കയിൽ എത്തിച്ചേരാനായി മെക്സികോയുടെ അതിർത്തി കടക്കുന്ന വേളയിൽ, കുട്ടിയായിരുന്ന മാർസെലോ ഹെർണാണ്ടസ് കാസ്റ്റില്ലോക്ക് കാഴ്ച മങ്ങുന്നതായി തോന്നി. അസഹ്യമായ മാനസിക പിരിമുറുക്കം കാഴ്ചക്ക് ഭംഗം വരുത്തിയതായിരുന്നു. കവിയായി പ്രസിദ്ധനായ അദ്ദേഹത്തിന്റെ 'Children of the Land' എന്ന ആത്മകഥാപരമായ പുസ്തകത്തിൽ ഇത്തരം അനുഭവങ്ങളാണ് അദ്ദേഹം ചിത്രീകരിക്കുന്നത്. 1988ൽ മെക്സികോയിൽ ജനിച്ച അദ്ദേഹം അഞ്ചു വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. ഔദ്യോഗിക രേഖകളില്ലാതെ ജീവിക്കേണ്ടി വന്ന കാസ്റ്റില്ലോയുടെ അച്ഛനെ അമേരിക്കയിൽനിന്നു നാടുകടത്തിയിരുന്നു. സ്വന്തം മണ്ണിൽ ചുവടുറച്ചു നിൽക്കാൻ സാധിക്കാത്തതിന്റെ വ്യഥയാണ് അദ്ദേഹത്തെ എഴുത്തുകാരനാക്കിയതെന്ന് പറയാം.
''എനിക്ക് എന്റെ വീട് കണ്ടുപിടിക്കണമെന്ന് ആഗ്രഹമില്ല. പക്ഷേ, എന്റെ വേരുകൾ തിരിച്ചറിയപ്പെടേണ്ടതാണ്. സ്വദേശം എന്നെ സ്വാഗതം ചെയ്തില്ലെങ്കിൽ ഞാൻ അത് സഹിച്ചേക്കും. എന്നാൽ, എവിടെനിന്നാണ് എന്റെയും എന്റെ പൂർവികരുടെയും വേരുകൾ ഉത്ഭവിച്ചത് എന്നറിഞ്ഞില്ലെങ്കിൽ എനിക്ക് അത് സഹിക്കാനാവില്ല. കെട്ടുകഥകൾ വിശ്വസിച്ചുകൊണ്ട് സാങ്കൽപികമായ ഒരു ചരിത്രം സൃഷ്ടിക്കുന്നതിൽ എനിക്ക് താൽപര്യമില്ല." പുസ്തകത്തിൽനിന്നുള്ള ഈ ഭാഗം അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ സ്പഷ്ടമാക്കുന്നു. ഒന്നുകിൽ നിങ്ങൾ ഈ രാജ്യത്തോ അല്ലെങ്കിൽ മറ്റേ രാജ്യത്തോ നിലനിൽക്കുന്നു. ഇതിനു മധ്യേ ആയിത്തീരുന്ന സ്ഥിതി പ്രായോഗികമായി നടപ്പാവുന്നതല്ല എന്ന നിലപാടിൽ കാസ്റ്റില്ലോ ഉറച്ചുനിൽക്കുന്നുണ്ട്.
അഭയാർഥികളുടെ പശ്ചാത്തലം എവിടെയും ഏതാണ്ട് ഒരേപോലെയാണ്. ഭൂഖണ്ഡങ്ങളും അതിർത്തികളും അതിനു മാറ്റം വരുത്തുന്നില്ല. തായ്ലൻഡിലെ ഒരു ലാവോ അഭയാർഥി ക്യാമ്പിൽ ജനിച്ച സിവാങ്കം താമവോങ്ക്സ (Souvankham Thammavongsa) മാതാപിതാക്കൾക്കൊപ്പം കാനഡയിലേക്ക് കുടിയേറി. 2019ലെ ഒ. ഹെൻറി അവാർഡ് ലഭിച്ച എഴുത്തുകാരിയുടെ കഥാസമാഹാരമാണ് 'How to Pronounce Knife'. ലാവോസിൽനിന്നുള്ള ഒരു അഭയാർഥി കുടുംബത്തിന്റെ സംഘർഷങ്ങളെയാണ് ഈ സമാഹാരത്തിലെ ശീർഷക കഥ അവതരിപ്പിക്കുന്നത്.
തീരെ സൗകര്യങ്ങളില്ലാത്ത ഒരു രണ്ടുമുറി ഫ്ലാറ്റിലാണ് മൂന്നു പേരടങ്ങിയ ആ കുടുംബം ജീവിക്കുന്നത്. പണ്ട് ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്ന അച്ഛൻ ഇപ്പോൾ കുടുംബത്തെ നയിക്കാനായി പ്രയാസപ്പെടുകയാണ്. അഭയകേന്ദ്രത്തിൽനിന്ന് സ്കൂളിൽ പോയിരുന്ന കുട്ടിയോട് മാതൃഭാഷയായ ലാവോ ഭാഷയിൽ ആരോടും സംസാരിക്കരുതെന്ന് അച്ഛൻ നിർദേശിക്കുന്നുണ്ട്. LAOS എന്ന് എഴുതി പിടിപ്പിച്ച ടി ഷർട്ട് ധരിച്ചുകൊണ്ടാണ് അച്ഛൻ ഇത് പറയുന്നത്. അച്ഛന് മാത്രമേ എഴുത്തും വായനയും അറിയുകയുള്ളൂ. പുസ്തകത്തിൽ അവൾക്ക് വായിക്കാൻ കഴിയാതെ പോയ KNIFE എന്ന വാക്ക് എങ്ങനെയാണ് വായിക്കേണ്ടതെന്നു കുട്ടി അച്ഛനോട് ചോദിക്കുന്നു. എന്നാൽ, അച്ഛനും ആ വാക്ക് ശരിയായ വിധത്തിൽ വായിക്കാൻ പറ്റിയില്ല. അടുത്ത ദിവസം സ്കൂളിൽ ചെന്നപ്പോഴാണ് ചില വാക്കുകളിൽ ചില അക്ഷരങ്ങൾ ഉച്ചരിക്കാൻ പാടില്ല എന്ന് അവൾ അറിയുന്നത്. KNIFE എന്ന വാക്കിൽ 'K' ഉച്ചരിക്കേണ്ടതില്ല എന്ന് അവൾ മനസ്സിലാക്കുന്നു. ഈ സന്ദർഭത്തിലൂടെ മറ്റൊരു രാജ്യത്ത് മറ്റൊരു ഭാഷയിൽ പഠിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന അവളും അവളെപ്പോലെയുള്ളവരും അവിടെ നിശ്ശബ്ദരാണ് എന്ന ആശയം വ്യക്തമാക്കാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് സ്വരാജ്യം ഉപേക്ഷിക്കേണ്ടിവരുന്ന 'ശബ്ദ'മില്ലാത്തവരായ അഭയാർഥികളുടെ സ്ഥിതി ഇവിടെ വരച്ചുകാണിക്കുകയാണ്.
03
യുദ്ധം ഓരോരുത്തരിലും സൃഷ്ടിക്കുന്ന വികാരം വേറിട്ടതാണ്. ഭയത്തിന്റെയും ഉത്കണ്ഠയുടെയും വിറങ്ങലിപ്പിക്കുന്ന അനുഭവങ്ങൾ യുദ്ധാനന്തരം പലരും പങ്കുവെക്കുമെങ്കിലും അവയെ എഴുത്തിലേക്ക് സംക്രമിപ്പിക്കാൻ പലർക്കും കഴിഞ്ഞെന്നു വരില്ല. സോമാലി-ബ്രിട്ടീഷ് നോവലിസ്റ്റായ നാദിഫ മുഹമ്മദ് ആഫ്രിക്കൻ പശ്ചാത്തലത്തിൽ ചരിത്രവും പലായനവും വിഷയങ്ങളാക്കി എഴുതുന്ന നോവലിസ്റ്റാണ്. യുവ നോവലിസ്റ്റുകൾക്കുള്ള ഗ്രാന്റ പട്ടികയിൽ ഇടം ലഭിച്ച നാദിഫ 1981ൽ സോമാലിയയിലെ ഹാർഗീസയിലാണ് ജനിച്ചത്. നാദിഫയുടെ പുതിയ നോവലായ 'The Fortune Men' 2021ലെ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിലുണ്ടായിരുന്നു. ദീർഘകാലം നീണ്ടുനിന്ന സോമാലിയൻ കലാപത്തെ ആസ്പദമാക്കി എഴുതിയ നോവൽ ആണ് The Orchard of Lost Souls. ആഭ്യന്തര യുദ്ധത്തിന്റെ തീക്ഷ്ണതയിൽ അസഹ്യമായ ജീവിതം നയിക്കേണ്ടി വന്ന സ്ത്രീകളുടെ ചുറ്റുപാടിലാണ് ഈ നോവൽ ചടുലമാവുന്നത്. കലുഷകാലത്തെ സ്വൈരക്കേടുകൾ മനുഷ്യരെ അശുഭകരമായി അലട്ടുമ്പോഴും പ്രതീക്ഷയുടെ നാളങ്ങൾ കെടാതെ സൂക്ഷിക്കണമെന്ന ചിന്തക്കാണ് നാദിഫ എഴുത്തിലൂടെ ഊന്നല്കൊടുക്കുന്നത്.
നാദിഫ മുഹമ്മദ്, The Fortune Men
ഘാനയിൽനിന്നുള്ള എഴുത്തുകാരിയായ യാ ഗ്യാസി 'Homegoing' എന്ന ആദ്യ നോവലിലൂടെ തന്നെ പ്രശസ്തയാണ്. 1989ൽ ജനിച്ച ഗ്യാസിയുടെ ഈ നോവൽ കേൾവികേട്ട പല പുരസ്കാരങ്ങൾക്കും അർഹമായി. ഘാനക്കും അമേരിക്കക്കുമിടയിലെ ജീവിതത്തിന്റെ സൂക്ഷ്മഭേദം വിവരിക്കുന്ന ഈ നോവൽ തലമുറകളുടെ ചരിത്രമാണ് അനാവരണം ചെയ്യുന്നത്. പതിനാറാം നൂറ്റാണ്ടു മുതലുള്ള ഘാനയുടെ ചരിത്രത്തിന്റെ അംശങ്ങൾ ഇതിൽ സൂചിപ്പിക്കുന്നു. ഘാനയിലെ ഗോത്രവംശത്തിന്റെ അടരുകളാണ് നോവലിന്റെ അടിയൊഴുക്കായി വർത്തിക്കുന്നത്. അർധസഹോദരിമാരായ എഫിയയും എസിയുമാണ് നോവലിനെ മുന്നോട്ടുനയിക്കുന്ന കഥാപാത്രങ്ങൾ. സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന എഫിയ, ഒരു ബ്രിട്ടീഷുകാരനെ വിവാഹം കഴിച്ചതിനുശേഷം അയാൾക്കൊപ്പം കേപ് കോസ്റ്റ് കാസിലിൽ താമസിക്കുന്നു. എസി എന്ന കഥാപാത്രത്തിലൂടെ അടിമവേലയുടെ അധ്യായങ്ങൾ വെളിവാകുന്നു. ഇവരിരുവരുടെയും തലമുറകളെ പ്രകാശനം ചെയ്യുന്ന വിധത്തിലാണ് നോവലിന്റെ ഘടന. സാഹിത്യത്തിൽ ടോണി മോറിസന്റെ പിന്തുടർച്ചക്കാരിയായി ഗണിക്കാവുന്ന യാ ഗ്യാസി എഴുത്തിലൂടെ പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദങ്ങൾ വ്യക്തതയോടെ രേഖപ്പെടുത്തുകയാണ്. അടിമത്തത്തിന്റെ തിക്തതകളും കറുത്തവരും വെളുത്തവരുമായുള്ള അന്തരവുമൊക്കെ യാ ഗ്യാസി പ്രതിപാദിക്കുന്നുണ്ട്.
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും സാഹിത്യകൃതികൾക്ക് ആധാരമായിട്ടുണ്ട്. ചിനു അച്ചേബെയെ പോലുള്ളവരുടെ നോവലുകൾ പ്രസ്തുത ശ്രേണിക്ക് മാതൃകയാണ്. സമകാലത്ത് ഇതിന്റെ അനുകർത്താവായി ചിഗോസി ഒബിയോമയെ കാണുന്നതിൽ തെറ്റില്ല. ആഫ്രിക്കൻ സർഗാത്മകതയുടെ പിൻതലമുറക്കാരനായ നൈജീരിയയിൽനിന്നുള്ള ഈ മുപ്പത്താറുകാരൻ 'The Fishermen' എന്ന ആദ്യ നോവലിലൂടെ തന്നെ ലോകശ്രദ്ധ നേടി. 'An Orchestra of Minorities' എന്ന രണ്ടാമത്തെ നോവലിൽ ഇഗ്ബോകളുടെ ലോകത്തിന്റെ അനന്യതയെ അദ്ദേഹം അവതരിപ്പിക്കുന്നു. നൈജീരിയയിലെ അകുറെ എന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ നടക്കുന്ന കഥയാണ് 2015ലെ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിച്ച 'The Fishermen' എന്ന നോവൽ. നൈജീരിയക്കാരനായ ചിഗോസി ഒബിയുമായുടെ ആദ്യത്തെ നോവലാണിത്. ഒമ്പതു വയസ്സുകാരനായ ബെന്യാമിന്റെ കണ്ണുകളിലൂടെ കഥപറയുന്ന നോവലിൽ, പ്രാഥമികമായും കൂട്ടുകാരെപ്പോലെ കഴിഞ്ഞിരുന്ന ഇക്കേന, ബോയെ, ഓബേംബ, ബെന്യാമിൻ എന്നിങ്ങനെയുള്ള നാലു സേഹാദരന്മാരുടെ ബന്ധമാണ് അവതരിപ്പിക്കുന്നത്. 'An Orchestra of Minorities' എന്ന രണ്ടാമത്തെ നോവലിൽ ഇഗ്ബോകളുടെ ലോകത്തിന്റെ ആചാരങ്ങളും വിശ്വാസങ്ങളുമാണ് അദ്ദേഹം വിശദീകരിക്കുന്നത്. യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിന്റെ സാധ്യതകളും ഈ നോവലിൽ സൂചിപ്പിക്കുന്നു. 2019ലെ ബുക്കർ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയിൽ ഈ നോവൽ ഇടംനേടിയിരുന്നു.
'The Fishermen', ചിഗോസി ഒബിയോമ
ഇഗ്ബൊ ഗോത്രവംശജനായ അച്ഛനും തമിഴ്വേരുകളുള്ള അമ്മക്കും ജനിച്ച അക്വേയ്ക എമെയ്സി എന്ന മുപ്പത്തിനാലുകാരി നൈജീരിയയിൽനിന്നും പഠനാവശ്യങ്ങൾക്കായി ന്യൂയോർക്കിൽ എത്തിച്ചേർന്നു. ബാല്യകാലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും കലാപങ്ങളും വംശീയമായ യാഥാസ്ഥിതികത്വവും എമെയ്സിയുടെ എഴുത്തിനു കരുത്തേകി. നൈജീരിയൻ വിശ്വാസങ്ങളുടെ അടിസ്ഥാനമായ 'ഇഗ്ബോ' ആത്മാക്കളുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട നോവലാണ് അവർ ആദ്യമായി എഴുതിയ 'Freshwater'. ദുരാത്മാക്കൾ നിറഞ്ഞ ഗോത്രസമൂഹത്തിന്റെ ആചാരങ്ങളിൽ അധിഷ്ഠിതമായാണ് നോവൽ രചിച്ചിരിക്കുന്നത്. ആത്മാക്കളുടെ സാന്നിധ്യം നിറഞ്ഞ പരിസരത്താണ് ഈ നോവലും കേന്ദ്രീകരിക്കുന്നത്. ഇതിലെ കഥാപാത്രമായ അഡയെ ഒരു ദുഷ്ടാത്മാവായി കരുതപ്പെടുന്നു. അവളുടെ ജീവിതത്തെ ബാധിക്കുന്ന ആ ശക്തിക്കെതിരെ പോരാടുകയാണ് അഡ. ''ഈ ശരീരത്തിനുള്ളിൽ ഞാൻ ഒരുപാട് ജീവിതങ്ങൾ ജീവിച്ചു. അവർ എന്നെ ഈ ശരീരത്തിലേക്ക് കൊണ്ടുവരുന്നതിനുമുമ്പ് ഞാൻ ഒരുപാട് ജീവിതങ്ങൾ ജീവിച്ചു. അവർ എന്നെ അതിൽനിന്ന് പുറത്താക്കുമ്പോൾ ഞാൻ പല ജീവിതങ്ങളും ജീവിക്കും'' എന്ന നോവലിലെ പ്രസ്താവന ഗോത്രങ്ങളും ആത്മാക്കളും മനുഷ്യരുമായി ചേർന്നുള്ള ആവാസവ്യവസ്ഥയെ അടയാളപ്പെടുത്തുകയാണ്.
സിംബാബ്വെയിൽ 1981ൽ ജനിച്ച ബുലാവായോ അമേരിക്കയിലെ കോർണൽ സർവകലാശാലയിൽനിന്നു സർഗാത്മക രചന പഠിച്ചതിനുശേഷമാണ് എഴുത്തിൽ സജീവമായത്. നവോന്മേഷത്തോടെയും കളങ്കമില്ലാതെയും ജീവിതത്തെ സമീപിക്കുന്ന കുട്ടികളെ കുറിച്ചുള്ള ആഖ്യാനമാണ് നോവിയോലെറ്റ് ബുലാവായോയുടെ 'We need new names' എന്ന നോവൽ. ആഫ്രിക്കയുടെ തനതായ ഭൗതികസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കഥ പറയാനാണ് ബുലാവായോയുടെ ഉദ്യമം. ഡാർലിങ് എന്ന പത്തു വയസ്സുകാരിയാണ് കേന്ദ്രകഥാപാത്രം. ഡാർലിങ്ങും അഞ്ചു കൂട്ടുകാരും നേരിടുന്ന അനുഭവങ്ങളിലൂടെ അത്രയൊന്നും വികസിക്കാത്ത ഒരു ഭൂമികയുടെ ദൃശ്യങ്ങളാണ് നോവലിന്റെ ഒരു പ്രതിപാദ്യ വിഷയം. ''കണ്ണീരൊപ്പാനും കിനാവുകളെ കരഗതമാക്കാനും വേണ്ടി പറുദീസ അന്വേഷിച്ചുകൊണ്ടുള്ള യാത്ര''യെ കുറിച്ച് നോവലിൽ പറയുന്നു. ഇതുകൂടാതെ അമേരിക്കയിലേക്ക് കുടിയേറുന്ന ഡാർലിങ്ങിന്റെ ജീവിതവും നോവലിൽ ചർച്ചചെയ്യുന്നുണ്ട്. ഇതുപോലെ ശ്രീലങ്കയിൽ വേരുകളുള്ള അനുക് അരുദ്പ്രകാശം, ഫലസ്തീൻ വംശജയായ ഇറ്റാഫ് റം, ഇന്ത്യയിൽനിന്നുള്ള സഞ്ജീവ് സഹോട്ട തുടങ്ങിയ യുവ തലമുറയിലെ എഴുത്തുകാർ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും കുടിയേറിയ കുടുംബങ്ങളിലെ പുതിയ തലമുറയിൽപെട്ടവരാണ്. മോണിക്ക അലിയും കാമില ഷംസിയും ഹനീഫ് ഖുറൈശിയും ഒക്കെ തെളിച്ച പാതയിലൂടെ അവർക്ക് പിറകെയുള്ളവരും തെറ്റാതെ നടക്കുന്നു.
We need new names, നോവിയോലെറ്റ് ബുലാവായോ
04
മധ്യവർഗ കുടുംബത്തിന്റെ ബലത്തിന് ഇളക്കം തട്ടിക്കുന്ന പ്രശ്നങ്ങൾ ആസ്പദമാക്കിയുള്ള ഫിക്ഷനുകളുടെ പൊതുസ്വഭാവം ഏതുഭാഷയിലും ഒട്ടൊക്കെ സദൃശമാണ്. കുടുംബത്തെ കേന്ദ്രീകരിച്ചുള്ള ആഖ്യാനങ്ങൾ മധ്യവർഗസമൂഹത്തിലെ വ്യവഹാരങ്ങളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ കാരണങ്ങളാൽ ബന്ധങ്ങൾ ശിഥിലമാവുന്ന കാഴ്ച അവിടെ അസാധാരണമല്ല. മധ്യവർഗത്തിന്റെ പ്രസക്തിയും അണുകുടുംബങ്ങളുടെ പ്രാധാന്യവും രേഖപ്പെടുത്തുന്ന മുഹൂർത്തങ്ങൾ ഫിക്ഷനുകൾക്ക് അസ്തിവാരമിടുന്ന ഘടകമായി ഭവിക്കുകയാണ്. അർജന്റീനയിലെ എഴുത്തുകാരനായ ആന്ദ്രേ ന്യൂമാന്റെ കഥകളും 'Talking to Ourselves' എന്ന നോവലും ഈ ചുറ്റുപാടിലുള്ളതാണ്. അദ്ദേഹത്തിന്റെ ഇപ്പറഞ്ഞ നോവൽ കുടുംബബന്ധത്തിന്റെ ഇഴയടുപ്പത്തിന്റെ കാതലിൽ വാർത്തെടുത്തതാണ്. മരണം ഉറപ്പായ കാൻസർ രോഗിയായ മരിയോയുടെയും ഭാര്യ എലേനയുടെയും അച്ഛന്റെ രോഗവിവരം അറിയാതെ വളരുന്ന പത്തു വയസ്സുകാരൻ ലിറ്റോയുടെയും കഥയാണ് 'Talking to ourselves'.
രണ്ടായിരത്തി പതിനേഴിൽ, ഇരുപത്തിയഞ്ചാം വയസ്സിൽ പ്രസിദ്ധീകരിച്ച 'Conversation with Friends' എന്ന നോവലിലൂടെ ശ്രദ്ധേയയായ ഐറിഷ് എഴുത്തുകാരി സാലി റൂണിയുടെ പിന്നീടുള്ള നോവലുകളും പ്രതീക്ഷ തെറ്റിച്ചില്ല. പിന്നീട് പ്രസിദ്ധീകരിച്ച 'Normal People' എന്ന നോവലിന് മികച്ച വായന ലഭിച്ചു. സ്ത്രീ-പുരുഷ സംവാദങ്ങളുടെ തുറസ്സിനെ ഉന്മേഷപ്രദമായ തരത്തിൽ നോക്കിക്കാണുന്നതാണ് സാലി റൂണിയുടെ എഴുത്തിന്റെ രീതി. ചെറുപ്പക്കാരുടെ ജീവിതവീക്ഷണങ്ങളിലൂടെ ഉരുത്തിരിയുന്ന സന്ദർഭങ്ങളിലൂടെയാണ് സാലി റൂണിയുടെ ആഖ്യാനങ്ങൾ മുന്നേറുന്നത്. സമകാലത്തെ സ്ത്രീ-പുരുഷ ബന്ധങ്ങളിലെ അവസ്ഥ ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ എഴുത്തുകാരി നടത്തുന്നത് എന്ന് പറയാവുന്നതാണ്. ബന്ധങ്ങളുടെ ഊഷ്മളതയാവണം അവരുടെ കൃതികളെ ജനപ്രിയമാക്കുന്നത്.
ദക്ഷിണ കൊറിയയിലെ എഴുത്തുകാരിയായ ചോ-നാം ജൂവിന്റെ (Cho-Nam Joo) നോവലാണ് 'Kim Jiyoung, 1982'. വായനാലോകം ഏറ്റെടുത്ത ഈ പുസ്തകത്തിന്റെ പ്രചാരത്തിനുശേഷമാണ് കൊറിയയിലെ 'മി ടൂ' പ്രസ്ഥാനം കരുത്താർജിച്ചത്. നാല്പത്തൊന്നുകാരിയായ എഴുത്തുകാരിയുടെ മൂന്നാമത്തെ നോവലാണ് ഇത്. സ്ത്രീയുടെ കാഴ്ചയിലും കാഴ്ചപ്പാടിലും പുരോഗമിക്കുന്ന ആഖ്യാനത്തിൽ, ലിംഗനീതിക്കായി പോരാടുന്ന ജിയുങ് ആണ് പ്രധാന കഥാപാത്രം. ജിയുങ്ങിന്റെ ബാല്യംതൊട്ട് അമ്മയാവുന്നതു വരെയുള്ള ജീവിതകാലമാണ് നോവലിൽ പ്രധാനമായും വിവരിക്കുന്നത്. വിവിധ ഇടങ്ങളിൽ, ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി അവർ അനുഭവിച്ച വിവേചനത്തിന്റെ തലങ്ങളാണ് നോവലിന്റെ പ്രമേയപരിസരം. സ്കൂളിൽ, ഡ്രസ് കോഡ് തെറ്റിച്ചാൽ പെൺകുട്ടികളെ മാത്രമേ ടീച്ചർമാർ ശിക്ഷിച്ചിരുന്നുള്ളൂ. ആൺകുട്ടികൾക്ക് ആകട്ടെ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല. ആൺകുട്ടികൾക്കു സിദ്ധിച്ച അവസരങ്ങളും സ്വാതന്ത്ര്യവും പെൺകുട്ടികൾക്ക് സ്വായത്തമായില്ല എന്ന് നോവലിസ്റ്റ് ചൂണ്ടിക്കാട്ടുകയാണ്. ജീവിതത്തിന്റെ എല്ലായിടത്തും വേർതിരിവ് അനുഭവിക്കേണ്ടിവരുന്ന സ്ത്രീജീവിതമാണ് നോവലിന്റെ ഭൂമിക. മുന്വിധികള് വെച്ചുകൊണ്ടുള്ള വിവേചനപരമായ പെരുമാറ്റത്തെ പ്രതിരോധിക്കുകയും എതിർക്കുകയും അതിജീവിക്കുകയും ചെയ്യുന്ന സ്ത്രീയുടെ രൂപമാണ് നോവലിസ്റ്റ് സൃഷ്ടിക്കുന്നത്.
ലോകയുദ്ധങ്ങൾ മനുഷ്യരെ ബാധിച്ചതിന്റെ അധ്യായങ്ങൾ അവസാനമില്ലാത്തതാണ്. യുദ്ധങ്ങളുടെ അനന്തരഫലങ്ങൾ ഓർക്കാൻ ഇഷ്ടമല്ലാതായിട്ടുകൂടി ഇന്നും ധാരാളം സർഗാത്മകകൃതികൾ അവയെ അധികരിച്ചു പുറത്തുവരുന്നു. നൃശംസതയുടെ വിവിധ സാഹചര്യങ്ങളെ എഴുത്തിലൂടെ പ്രതികരിക്കുക എന്ന ലക്ഷ്യംകൂടി ഇത്തരം കൃതികൾക്ക് ഉണ്ടെന്നു പറയുന്നതിൽ തെറ്റില്ല. ലോകത്തിന്റെ വിവിധയിടങ്ങളിൽ നടമാടിയ ഭീകരതയെ ആഴത്തിൽ അപഗ്രഥിച്ചുകൊണ്ട് അതിനെ ഫിക്ഷനൽ ആയി അവതരിപ്പിക്കുന്ന നോവലുകൾ ധാരാളമുണ്ട്. ഈ വർഷം പ്രസിദ്ധീകരിച്ച 'Red Crosses' എന്ന നോവൽ സ്റ്റാലിന്റെ റഷ്യയിൽ നടന്നിരുന്ന മനുഷ്യാവകാശ ലംഘനത്തിന്റെ കഥ പറയുന്നു. സാഷ ഫിലിപ്പെൻകോ എന്ന ഇരുപത്തെട്ടുകാരനായ ബെലോറഷ്യൻ എഴുത്തുകാരന്റെ കൃതിയാണിത്. സാഷ അലക്സാണ്ടർ എന്ന യുവാവും അയാളുടെ അയൽക്കാരിയായ താത്യാന അലക്സിയേവ്ന എന്ന വൃദ്ധയുമാണ് ഈ നോവലിലെ മുഖ്യകഥാപാത്രങ്ങൾ. സോവിയറ്റ് രഹസ്യാന്വേഷണ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന താത്യാനയുടെ ഭർത്താവു രണ്ടാം ലോകയുദ്ധത്തിന്റെ സമയത്ത് ഔദ്യോഗികാവശ്യങ്ങൾക്കായി റഷ്യ വിട്ടു പോയി. അയാളുടെ തിരോധാനത്തെ കുറിച്ചുള്ള താത്യാനക്ക് ലഭ്യമായ രഹസ്യവിവരം ഞെട്ടിക്കുന്നതായിരുന്നു. ഓർമ നശിച്ചുകൊണ്ടിരിക്കുന്ന താത്യാനയുടെ ജീവിതവിവരണങ്ങളിലൂടെ നൂറുവർഷത്തെ റഷ്യയുടെ ചരിത്രത്തെ ഇരുനൂറു പുറങ്ങളുള്ള നോവലിലൂടെ പ്രകാശിപ്പിക്കുകയാണ്.
ബുക്കർ അന്താരാഷ്ട്ര പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റായ മറേക്കാ ലൂക്കാസ് റിജുനാവെൽഡ്, ഫ്രാൻസിലെ പ്രധാനപ്പെട്ട സാഹിത്യപുരസ്കാരമായ Prix Goncourt ലഭിച്ച സെനഗാളിൽനിന്നുള്ള മുപ്പതു വയസ്സുകാരനായ മുഹമ്മദ് മുഹുഘർ സാർ, ബുക്കർ അന്താരാഷ്ട്ര സമ്മാനം ലഭിച്ച ഒമാനിലെ എഴുത്തുകാരി ജോഖ അൽ ഹർത്തി, അനവധി പുരസ്കാരങ്ങൾ ലഭിച്ച അർജന്റീനയിലെ എഴുത്തുകാരി സമാന്റ ഷ്വോബ്ലിൻ, മെക്സികോയിലെ ഫെർണാണ്ട മേൽച്ചോർ, തായ്വാൻ-അമേരിക്കൻ എഴുത്തുകാരൻ താവോ ലിൻ, ഡാനിഷ് എഴുത്തുകാരി ഓൾഗ റേവൻ, അർജന്റീനയിലെ എഴുത്തുകാരി മരിയ ഗൈൻസാ, ഇത്യോപ്യൻ-അമേരിക്കൻ നോവലിസ്റ്റ് ദിനൗ മെങ്സ്റ്റൂ, ഇന്ത്യൻ വംശജയായ അവ്നി ദോഷി, ചൈനീസിലും ഇംഗ്ലീഷിലും എഴുതുന്ന യാൻ ജെ, ബ്രിട്ടീഷ് നോവലിസ്റ്റ് ഡെയ്സി ജോൺസൻ, ദക്ഷിണ കൊറിയയിലെ ക്രിസ് ലീ, ഇന്ത്യക്കാരായ മാധുരി വിജയ്, സാന്താൾ ഗോത്രത്തെ ബാധിക്കുന്ന പ്രതിസന്ധികളെ അടയാളപ്പെടുത്തുന്ന കൃതികൾ രചിച്ച ഹൻസ്ദ സൗവേന്ദ്ര ശേഖർ, ഇറാഖിലെ ഷഹദ് അൽ റാവി, അമേരിക്കയിൽനിന്നുള്ള ബ്രിറ്റ് ബെന്നറ്റ്, പട്രീഷ്യ ലോക് വുഡ്, നാഥൻ ഹാരിസ് എന്നിങ്ങനെ ആ പട്ടിക നീളുകയാണ്. ലോകത്തെ എഴുതിക്കൊണ്ടിരിക്കുന്ന ചെറുപ്പക്കാർ എണ്ണിയാലൊടുങ്ങാത്തതാണ്. അതിൽ പ്രത്യേകമായ സ്ഥാനം ഇതിനകം നേടിയവരും അനവധിയാണ്. ലോകത്തെ സർഗാത്മകമായി രേഖപ്പെടുത്തുക എന്ന പദ്ധതിയിൽ സ്വയം പേരുകൊടുത്ത ഇവരെ പോലെയുള്ളവരുടെ എഴുത്തിലൂടെയാണ് സാഹിത്യത്തിന്റെ വിശേഷിച്ചു ഫിക്ഷന്റെ സമകാലം മുന്നോട്ടുപോകുന്നത്.
സൂക്ഷ്മമായ അർഥത്തിൽ, പുതിയ തലമുറയിലെ എഴുത്തുകാരുടെ ആഖ്യാനങ്ങളുടെ പ്രമേയങ്ങളും സന്ദർഭങ്ങളും വേറിട്ടുനിർത്താനാവില്ല. ചരിത്രപരമായ തുടർച്ച ഇവക്കും ബാധകമാണ്. കാലങ്ങൾ മാറുന്നതിനനുസരിച്ചുള്ള കൂട്ടിച്ചേർക്കലും ഭേദവിചാരവും നൈരന്തര്യവും യാദൃച്ഛികമായി സംഭവിക്കുന്നതല്ല. സ്വന്തം ജീവിതാനുഭവങ്ങൾ മുൻനിർത്തി എഴുതുന്നവർ ഫിക്ഷനാലിറ്റിയെ പറ്റി ഗൗരവമായി ആലോചിക്കാനുള്ള സാധ്യത കുറവാണ്. സമകാലത്തെ പലായനത്തിന്റെയും കുടിയേറ്റത്തിന്റെയും യുദ്ധത്തിന്റെയും മാനുഷികബന്ധത്തിന്റെയും 'ഡാറ്റ' പരിസരങ്ങളിൽനിന്നു കണ്ടെത്താനാവുന്നതോടെ എഴുത്ത് സത്യസന്ധമാവുകയും അതിനു ഭൗതികചരിത്രവുമായി ഇഴയടുപ്പം ഉണ്ടാവുകയുമാണ്. മേൽസൂചിപ്പിച്ച അംശങ്ങളുടെ രീതിശാസ്ത്രവും രാഷ്ട്രീയവും അനുഭവത്തഴക്കവും പ്രത്യക്ഷത്തിൽ വഹിക്കുന്ന കഥാപാത്രങ്ങളുടെ സഞ്ചയം ആഖ്യാനത്തെ തീക്ഷ്ണമാക്കുന്നു. അഭയം തേടുന്നതും കുടിയേറുന്നതും കുടിയൊഴിപ്പിക്കപ്പെടുന്നതുമായ മനുഷ്യരുടെ ചരിത്രമായി പുതിയ കാലത്തെ ഫിക്ഷൻ പരിണമിക്കുകയാണ്. എഴുത്തും വായനയും രാഷ്ട്രീയാവബോധങ്ങളും പരസ്പരപൂരകങ്ങളാവുന്ന വിപുലലോകമാണിതെന്ന് നിസ്സംശയം പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.