'എന്റെ ആത്മാവിനെ ചവിട്ടിമെതിക്കാതിരിക്കുക'

ബെലറൂസിയൻ എഴുത്തുകാരൻ സാഷാ ഫിലിപെൻകോയുടെ Red Crosses എന്ന ഏറ്റവും പുതിയ നോവലിന്റെ വായന. ഇൗ കൃതി റഷ്യൻ നോവലിന്റെ ആധുനിക മുഖമാണെന്ന്​ ലേഖകൻ.വളരെ നാളുകൾക്കുശേഷം ഒരു റഷ്യൻ നോവൽ വായനയുടെ സമകാലിക തലങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചംപരത്തിയത് ആഹ്ലാദകരമായ അനുഭവമായിരുന്നു. ഒട്ടും പ്രതീക്ഷയില്ലാതെയാണ് ബലറൂസിയൻ എഴുത്തുകാരൻ സാഷാ ഫിലിപെൻകോയുടെ (Sasha Filipenko) ലോഹിത പ്രതിലോമങ്ങൾ (Red Crosses) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ കൈയിലെടുത്തത്. കൊട്ടിഗ്ഘോഷിക്കപ്പെട്ട പല നോവലുകളും വായനയിൽ വേണ്ടത്ര സംതൃപ്തി തരാത്ത നിരാശയുടെ അനുഭവങ്ങൾ പങ്കുവെക്കാറുള്ളപ്പോൾ സാഷാ ഫിലിപെൻകോ അക്ഷരാർഥത്തിൽ...

ബെലറൂസിയൻ എഴുത്തുകാരൻ സാഷാ ഫിലിപെൻകോയുടെ Red Crosses എന്ന ഏറ്റവും പുതിയ നോവലിന്റെ വായന. ഇൗ കൃതി റഷ്യൻ നോവലിന്റെ ആധുനിക മുഖമാണെന്ന്​ ലേഖകൻ.

വളരെ നാളുകൾക്കുശേഷം ഒരു റഷ്യൻ നോവൽ വായനയുടെ സമകാലിക തലങ്ങളിൽ പ്രതീക്ഷയുടെ വെളിച്ചംപരത്തിയത് ആഹ്ലാദകരമായ അനുഭവമായിരുന്നു. ഒട്ടും പ്രതീക്ഷയില്ലാതെയാണ് ബലറൂസിയൻ എഴുത്തുകാരൻ സാഷാ ഫിലിപെൻകോയുടെ (Sasha Filipenko) ലോഹിത പ്രതിലോമങ്ങൾ (Red Crosses) എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ വായിക്കാൻ കൈയിലെടുത്തത്. കൊട്ടിഗ്ഘോഷിക്കപ്പെട്ട പല നോവലുകളും വായനയിൽ വേണ്ടത്ര സംതൃപ്തി തരാത്ത നിരാശയുടെ അനുഭവങ്ങൾ പങ്കുവെക്കാറുള്ളപ്പോൾ സാഷാ ഫിലിപെൻകോ അക്ഷരാർഥത്തിൽ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

ഇരുനൂറു പേജുകളിൽ ഒതുങ്ങിനിൽക്കുന്ന ഇൗ നോവൽ റഷ്യയുടെ നൂറു വർഷത്തെ ചരിത്രം ഉൾക്കൊണ്ടിരിക്കുന്നുവെന്ന യാഥാർഥ്യം രചനയുടെ മികവിനെ എടുത്തുകാണിക്കുന്നു. 1984ൽ മിൻസ്കിൽ ജനിച്ച സാഷാ ഫിലിപെൻകോ ചെറുപ്പകാലത്തിന്റെ ആകസ്മികതയിൽ നോവൽ രചനാരംഗത്തേക്ക് കടന്നുവന്നത് റഷ്യൻ ശാസ്ത്രീയ സംഗീതത്തിന്റെ പഠനം പാടെ ഉപേക്ഷിച്ചുകൊണ്ടാണ്. പക്ഷേ, റഷ്യൻ സംഗീതത്തിന്റെയും സാഹിത്യത്തിന്റെയും സ്പർശം നോവലിൽ ബോധപൂർവം ലയിപ്പിച്ചിട്ടുണ്ട്. സെന്റ്പീറ്റേഴ്സ്ബർഗ് നഗരത്തിൽ സാഹിത്യം പഠനവിഷയമാക്കിയ അദ്ദേഹം ഒരു സ്ക്രീൻ റൈറ്ററായും ജേണലിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്. ഒരു സറ്റയറിക്കൽ ഷോയുടെ കർത്താവായും അറിയപ്പെടുന്നു. ഇപ്പോൾ സെന്റ്പീറ്റേഴ്സ്ബർഗിൽ താമസിക്കുന്ന സാഷയുടെ ഈ നോവൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ബ്രയൻ ജെയിംസും (Brain James) എല്ലൻ വായ്നറും (Ellen Vayner) ചേർന്നാണ്. വിഖ്യാതരായ പ്രസാധകർ ലണ്ടനിലെ യൂറോപ്പ എഡിഷൻസാണ് ഇത് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും അവസാനമായി വായനയിൽ ഏറെ പ്രതീക്ഷയുണർത്തിയ റഷ്യൻ നോവൽ ലുഡ്മിള ഉളിറ്റ്സ്കായയുടെ (Ludmila Ulitskaya) ജേക്കബിന്റെ ഗോവണി (Jacob's Ladder) എന്ന രചനയാണ്. 1953ലെ സ്റ്റാലിന്റെ ഏകാധിപത്യഭരണം അദ്ദേഹത്തിന്റെ പെട്ടെന്നുണ്ടായ മരണത്തോടെ റഷ്യയിൽ മാറ്റങ്ങൾക്ക് വഴിതെളിച്ചു. ലുഡ്മിളയുടെ ഈ നോവലിനുശേഷം രചനയുടെ ധാരാളിത്തമൊന്നുമില്ലാതെ പുതിയ ഒരു നോവലുമായി സാഹിത്യരംഗത്തേക്ക് വന്നിരിക്കുന്ന സാഷാ ഫിലിപെൻകോ റഷ്യൻ നോവലിലെ ഒരു മികച്ച വാഗ്ദാനമാണ്. രണ്ട് വ്യക്തികളുടെ അസാധാരണമായ സുഹൃദ്ബന്ധത്തിന്റെ കഥയാണിത്.

സാഷാ ഫിലിപെൻകോ

ഫിലിപെൻകോ അനുകമ്പരഹിതമായ ഒരു റഷ്യൻ സ്റ്റേറ്റിന്റെ സമകാലികചരിത്രത്തിന്റെ നിഗൂഢതകളിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. നോവലിന്റെ പ്രമേയത്തിൽ സുഹൃത്തുക്കളായിതീരുന്നത് ചെറുപ്പക്കാരനായ ഒരു വിധുരനും സ്റ്റാലിന്റെ കാലത്തെ ഗുലാഗ് ക്രൂരതകളെ അതിജീവിച്ച് ഓർമകൾ നഷ്ടമായ അൽഷിമേഴ്സ് രോഗിയുമാണ്.

2001ൽ മിൻസ്കിലേക്ക് താമസം മാറ്റേണ്ടിവന്ന ഉടനെ സാഷാക്ക് തന്റെ പുതിയ താമസസ്ഥലത്തിെൻറ മുൻവാതിലിൽ രേഖപ്പെടുത്തിയിരിക്കുന്ന റെഡ്ക്രോസ് അത്ഭുതപ്പെടുത്തുന്നു. വീട്ടിലേക്ക് വഴിതെറ്റാതെ തിരിച്ചുവരാനുള്ള ഒരു എളുപ്പമാർഗമായിട്ടാണ് ഇതിനെ കാണേണ്ടത്.

അയൽക്കാരിയായ ടാറ്റിയാന അലക്സിയേനയുടെ (അൽഷിമേഴ്സ് ബാധിച്ച രോഗി) പ്രഖ്യാപനം ചെറുപ്പക്കാരനിൽ ഉയർത്തിയ ആകാംക്ഷകൾ ശരിക്കും റഷ്യൻ ചരിത്രത്തിന്റെ നീണ്ടകാലത്തെ നിശ്ശബ്ദവും ക്രൂരവുമായ ഇടനാഴികകളിൽനിന്നുമുയരുന്ന വിലാപമായി ആർക്കും തോന്നാവുന്നതേയുള്ളൂ. ഈ കഥാപാത്രം നോവലിലെ ഒരു പ്രധാന കണ്ണിയായി അനുഭവങ്ങളുടെ നീർച്ചുഴിക്കുള്ളിൽ ഓർമകളെ നഷ്ടപ്പെട്ട ഒരു ദുരന്തപ്രതീകമാണ്.

ടാറ്റിയാനയുടെ കഥാപാത്രം എല്ലാം മറന്നുപോകുന്നതിനെതിരെയുള്ള ഒരു പോരാട്ടത്തിനുള്ളിലാണ്. ചെറുപ്പക്കാരനായ അയൽക്കാരൻ അയാളുടേതായ പ്രത്യേകാവസ്ഥക്കുള്ളിൽ ഒറ്റപ്പെട്ടുനിൽക്കുകയും െചയ്യുന്നു. തൊണ്ണൂറു വയസ്സിന്റെ ഏകാന്തതയിൽ ടാറ്റിയാന ജീവിതാനുഭവങ്ങളുടെ പരുക്കൻ സ്പർശത്തിനുള്ളിൽ കഴിയുമ്പോഴും അൽഷിമേഴ്സ് അവർക്ക് പങ്കുവെച്ചുകൊടുക്കുന്നത് കൂടുതൽ നഷ്ടങ്ങൾ മാത്രമാണ്. ടാറ്റിയാന തന്റെ ചെറുപ്പക്കാരനായ അയൽക്കാരൻ അലക്സാണ്ടറിനോട് അവരുടെ ജീവിതകഥ പറയുകയും ചെയ്യുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിൽ റഷ്യൻ ഭൂമികയിൽ അരങ്ങേറിയ എല്ലാ ഭീകരതകളും ഗുലാഗ് പോലുള്ള തടങ്കൽപാളയങ്ങളിൽ നേരിടേണ്ടിവന്ന യാതനകളുടെ ചരിത്രവും അവർ ചെറുപ്പക്കാരനു മുന്നിൽ അനാവരണം ചെയ്യാൻ ശ്രമിക്കുന്നു. പതിയെപ്പതിയെ ടാറ്റിയാനയും ചെറുപ്പക്കാരനും പരിചിതമല്ലാത്ത ഒരു സൗഹൃദബന്ധത്തിന്റെ ആകസ്മികതകൾക്കുള്ളിൽ കഴിയുമ്പോൾ എല്ലാം മറക്കാനുള്ള വഴികൾ കണ്ടെത്താനും അവർ മടിക്കുന്നില്ല.

1910ൽ ലണ്ടനിലാണ് ടാറ്റിയാന ജനിച്ചത്. വിദ്യാഭ്യാസം മിക്കവാറും വിദേശത്ത് പൂർത്തിയാക്കാനും അവർക്ക് കഴിഞ്ഞു. 1919ൽ റഷ്യക്കാരനായ പിതാവുമൊത്ത് റഷ്യയിലേക്ക് വന്നു. 1934ൽ ശിമീയെ വിവാഹം ചെയ്ത അവർക്ക് ഒരു പുത്രി ജനിക്കുകയും ചെയ്തപ്പോൾ ജീവിതത്തിന് കൂടുതൽ അർഥം കിട്ടുന്നതായി തോന്നി. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുത്ത ഭർത്താവ് തടവുപുള്ളിയായി. ഒരു വഞ്ചകനായ മനുഷ്യന്റെ ഭാര്യയായി ടാറ്റിയാന കരുതപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് ടാറ്റിയാനക്ക് നേരിടേണ്ടിവന്നത് ബലാൽസംഗവും പീഡനമുറകളും ഒരു ദശാബ്ദക്കാലം നീണ്ടുപോയ ഗുലാഗിലെ ജീവിതവുമായിരുന്നു. അതിനുശേഷം മോചിതരായെങ്കിലും ഭർത്താവും പുത്രിയും അപ്രത്യക്ഷരായിക്കഴിഞ്ഞിരുന്നു. നോവലിലെ ആഖ്യാനം വേദനകൾ നിറഞ്ഞ അന്തരീക്ഷത്തിനുള്ളിലാണെങ്കിൽപോലും നർമബോധത്തിന്റെ സ്പർശം അനുഭവപ്പെടുത്തുന്ന ഒന്നായിരുന്നു.

അവർ സ്വയംവിശേഷിപ്പിച്ചത് ദൈവം അവരെ ഭയക്കുന്നുവെന്ന അവബോധത്തിന്റെ സന്തതിയെന്നാണ്. ടാറ്റിയാനയുടെ അനുഭവങ്ങൾ അവരെ കൊണ്ടെത്തിച്ചത് ദൈവനിഷേധത്തിന്റെ പൊരുത്തക്കേടുകൾ നിറഞ്ഞ വഴിയിലാണ്.

ഒരു അനാഥമന്ദിരത്തിലേക്ക് പറഞ്ഞുവിട്ട പുത്രിയെക്കുറിച്ച അന്വേഷണം ഫലം കാണാതെ പോകുന്നു. അങ്ങനെ അവർ സോവിയറ്റ് സിസ്റ്റത്തിന്റെ (അനാറ്റോമിക്കൽ തിയറ്റർ) ഭാഗമായി രൂപാന്തരപ്പെടുന്നു. പാറാവുകാരുടെയും തടവുകാരുടെയും മുന്നിലൂടെയുള്ള സഞ്ചാരം ഇതിന്റെ ഒരു മാതൃകയോ ഭാരമോ ഒക്കെയാണ്. ഒരുതരം ആഡംബര ഘോഷയാത്രയായിട്ടാണ് (pageant) ഇതിനെ വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

നോവലിൽ റഷ്യൻ സംഗീതത്തെയും യൂറോപ്യൻ സംഗീതത്തെയും കവിതകളെയും പ്രതീകമായി നോവലിസ്റ്റ് ഉപയോഗിച്ചിട്ടുണ്ട്. ഇതുകൂടാതെ ഗവൺമെന്റിന്റെ മെമോകളും മെഡിക്കൽ പരിശോധനകളുടെ അബദ്ധവിചാരണകളും കൊണ്ടുവരുന്നത് ഓർമകൾ നഷ്ടമാകുന്ന ഒരു കഥാപാത്രത്തിന്റെ ചിന്തകൾക്കുള്ളിലൂടെയാണ്.

മോസ്കോ നഗരത്തെ അവർ അത്രമേൽ ഇഷ്ടപ്പെട്ടിരുന്നു. ആലിസിന്റെ അത്ഭുതലോകത്തിലെപോലെ, സ്വപ്നങ്ങൾക്കുള്ളിലെ കടങ്കഥകൾപോലെ അതിനെ ആരാധിക്കുകയും ചെയ്തു. മാനവികതയുടെ പ്രതീകമായ പ്രോവിൻസുകൾ ഒത്തുചേർന്ന നഗരമായിരുന്നു മോസ്കോ. കുട്ടിക്കാലത്ത് അത്രക്കൊന്നും സൗന്ദര്യം അവർക്കുണ്ടായിരുന്നില്ല. വൈരൂപ്യം ഒരു നിഴൽപോലെ അനുധാവനം ചെയ്തിരുന്നു. പിൽക്കാലത്ത് മെച്ചപ്പെട്ട രൂപസൗന്ദര്യം അവൾക്കൊപ്പം ചേർന്നതാണ്. സോവിയറ്റ് യൂനിയന്റെ അവസ്ഥയോട് തന്റെ വൈരൂപ്യത്തെ അവർ ചേർത്തുവെക്കുന്നു.

റഷ്യ 1939ലെ മൊളേട്ടോവ് -റിബൽദ്രോപ്പ് ഉടമ്പടിയിലൂടെ ജർമനിയുമായി അടുത്ത ബന്ധത്തെയാണ് ഉൾക്കൊള്ളാൻ ശ്രമിച്ചത്. യുദ്ധം ഇനിയൊരിക്കലും ഉണ്ടാവാൻ പോകുന്നില്ലെന്ന് അവർ പ്രതീക്ഷിച്ചുവെങ്കിലും എല്ലാ പ്രതീക്ഷകളെയും തകർത്തുകൊണ്ടാണ് നാസികൾ റഷ്യയെ കടന്നാക്രമിച്ചത്. ടാറ്റിയാനയുടെ പുസ്തകശേഖരം ഏതാണ്ട് പൂർണമായും നശിപ്പിക്കപ്പെട്ടു. അവക്കുള്ളിൽ നാസി ജർമനിയുടെയും ഹിറ്റ്ലറെക്കുറിച്ചും മോശമായ സൂചനകൾ ഉണ്ടായിരുന്നത്രെ. സോവിയറ്റ് യൂനിയന്റെ പ്രവൃത്തികൾ ഒട്ടും നീതീകരിക്കപ്പെടുന്ന ഒന്നായിരുന്നില്ല.


വിഖ്യാതനായ കവി ബോറിസ് റൈഷിയുടെ കവിതകൾ നോവലിൽ പ്രത്യക്ഷപ്പെടുന്ന രംഗങ്ങളിൽ അതിതീവ്രമായ നിശ്ശബ്ദപ്രതിരോധത്തിന്റെ അലകൾ ആഞ്ഞടിക്കുന്ന ഓർമകൾ വായനക്കാരിലും പ്രതിരോധങ്ങളുയർത്തും. ഫിലിപെൻകോയുടെ രചനയുടെ കരുത്താണിവിടെ മാറ്റൊലി സൃഷ്ടിക്കുന്നത്. ശത്രുനിരയിലേക്ക് കടന്നുപോയി എന്ന് മറ്റുള്ളവർ ഭർത്താവായ അലക്സിയെക്കുറിച്ച് പറയുമ്പോഴും ടാറ്റിയാനക്ക് അതിനോട് യോജിക്കാൻ കഴിഞ്ഞില്ല. ''അലക്സിക്കൊരിക്കലും അതിന് കഴിയില്ല. എന്റെ ഭർത്താവ് എന്നും ഒരു യഥാർഥ കമ്യൂണിസ്റ്റായിരുന്നു. ആദ്യം ഒരു നിരീശ്വരവാദിയായിരുന്നുവെങ്കിലും ക്യാമ്പിലെ ജീവിതമാണ് അവരെ ദൈവവിശ്വാസിയാക്കിയത്. ദൈവം എന്റെ മോക്ഷത്തിന്റെ പാത കാട്ടിത്തന്നു.'' ദൈവസ്വത്വത്തെപ്പറ്റിയുള്ള ഈ താളുകളിൽ ടാറ്റിയാന കടന്നുപോകുന്ന അതിതീവ്രമായ ചിന്താധാര നോവലിന്റെ ഏറ്റവും ശക്തമായ ദർശനങ്ങളുടെ മുഖത്തെയാണ് എടുത്തുകാണിക്കുന്നത്. ഇവിടെ ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ല പ്രധാന പ്രശ്നം. ദൈവം മരിച്ചു എന്നു പറയുന്ന നീത്ഷെയും ദൈവം നിലനിൽക്കുന്നില്ല എന്നു പറഞ്ഞ ദസ്തയേവ്സ്കിയും ടാറ്റിയാനയുടെ ചിന്തകളിലേക്കു കടന്നുവന്നു പ്രതിരോധം സൃഷ്ടിച്ചു.

നോവലിൽ തികച്ചും യാദൃച്ഛികമായി കടന്നുവരുന്ന ചില കഥാപാത്രങ്ങളുണ്ട്. അവരിലൊരാൾ വളരെ പ്രശസ്തനായ കലയുടെ ചരിത്രകാരനാണ്. ''നോക്കൂ'', അയാൾ പറഞ്ഞു തുടങ്ങി: ''ഗോസ്പലുകളിൽ ജീസസ് ക്രൈസ്റ്റിന്റെ രൂപത്തെക്കുറിച്ച് വിവരണങ്ങൾ ഒന്നും തന്നെയില്ല. ദൈവ പുത്രൻ എങ്ങനെയാണിരിക്കുന്നത് എന്നതിനെച്ചൊല്ലി നമുക്കൊന്നുമറിയില്ല. പക്ഷേ, നമുക്ക് അദ്ദേഹത്തിന്റെ രൂപമായി ആയിരക്കണക്കിന് ചിത്രങ്ങളും ശിൽപങ്ങളുമുണ്ട്. അത് നമ്മുടെ അവബോധത്തെതന്നെ മാറ്റിമറിച്ചിരിക്കുന്നു. നീണ്ട മുടിയിഴകളും ഹ്രസ്വമായ താടിരോമങ്ങളുമുള്ള ഒരു രൂപം. അദ്ദേഹത്തിെന്റ രൂപം വരക്കാൻ ആവശ്യപ്പെടുകയാണെങ്കിൽ ആർക്കും അത് വരക്കാൻ കഴിയും. സ്റ്റാലിന്റെ കാര്യത്തിലും ഒരു മാറ്റവുമില്ല. യഥാർഥത്തിൽ സ്റ്റാലിൻ എങ്ങനെയാണിരിക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കുമൊന്നുമറിയില്ല. പക്ഷേ, ഒരു നേതാവ് ശരിക്കും സ്റ്റാലിനെപോലെയിരിക്കുന്നു. ശരിക്കും നേതാവായ സ്റ്റാലിൻ അതല്ല. പക്ഷേ, എല്ലാ നേതാക്കളും അദ്ദേഹത്തെപോലെ ആയിരിക്കണം. ഒരിക്കൽ ഞാനദ്ദേഹത്തെ നേരിൽ കണ്ടിട്ടുണ്ട്. യാഥാർഥ്യത്തിനും അതിന്റെ ചിത്രീകരണത്തിനുമിടയിൽ നാം വെറും പ്രാചീനമായ അവസ്ഥയിലാണ്. യഥാർഥ ജീവിതത്തിൽ അദ്ദേഹത്തെ കണ്ടാൽ എങ്ങനെയിരിക്കും? ഒരിക്കലുമത് അദ്ദേഹത്തിന്റെ ചിത്രങ്ങളെപ്പോലെയായിരുന്നില്ല. ശക്തമായ ജോർജിയൻ സംഭാഷണരീതിയാണ് അയാൾക്കുണ്ടായിരുന്നത്. ഒരു ദിവസം തീർച്ചയായും അയാളുടെ പതനം സംഭവിക്കും. പക്ഷേ, അങ്ങനെ വിശ്വസിക്കുക പ്രയാസമാണ്.'' സ്റ്റാലിനെക്കുറിച്ചുള്ള കഥാപാത്രത്തിന്റെ ഓർമകൾക്കും ദാർശനികമായ ഒരു പരിവേഷമുണ്ട്.

കാലം കുറേക്കൂടി കഴിഞ്ഞ് ടാറ്റിയാന അലക്സിയേനയുടെ മരണത്തിനുശേഷം ചെറുപ്പക്കാരനായ അയൽക്കാരൻ അവരുടെ കുഴിമാടത്തിലെത്തിച്ചേർന്നു. സൂക്ഷിപ്പുകാരനോടായി അയാൾ പറഞ്ഞു: ''ചുവന്ന ഗ്രാനൈറ്റ് കൊണ്ട് അവിടെ ഞാനൊരു കുരിശുരൂപം വെക്കാൻ ആഗ്രഹിക്കുന്നു.'' അയാൾ അതിന് സമ്മതിക്കുകയും അതിൽ കൊത്താനുള്ള സ്മരണിക ഏറ്റുവാങ്ങുകയും ചെയ്തു. കുറച്ചുദിവസങ്ങൾക്കുള്ളിൽതന്നെ കുരിശ് തയാറായി. ശിൽപി വളരെ വേഗത്തിൽ തന്റെ ജോലി പൂർത്തിയാക്കി. അവരുടെ അവസാനത്തെ വാക്കുകൾ അയാൾ ഒരിക്കൽ കൂടി വായിച്ചു: ''എന്റെ ആത്മാവിന് മുന്നിൽ ഒരിക്കലും പാദം തൊടുവിക്കരുത്.''

ഈ അസാധാരണ നോവലിൽ മോസ്കോനഗരി ഒരു പ്രധാന കഥാപാത്രമാണ്. ഫിലിപെൻകോയുടെ നോവലിൽ ഈ നഗരം പ്രതീകാത്മകമായ രൂപത്തിൽ നിറഞ്ഞുനിൽക്കുന്നു. അടുത്തകാലത്ത് യാദൃച്ഛികമായി മുന്നിൽവന്ന് സാന്നിധ്യം കുറിച്ച ഈ നോവൽ പഴയ റഷ്യൻ പാരമ്പര്യത്തിന്റെ ഏറ്റവും പുതിയ രൂപമായി വായനക്കാരോട് തീർച്ചയായും സംവേദിച്ചുകൊണ്ടിരിക്കും. ഈ നോവൽ വായിക്കണം, പുതിയ നോവലിന്റെ സർഗാത്മക സ്പർശം അനുഭവിക്കണമെന്നുണ്ടെങ്കിൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.