അനുകരണതൃഷ്ണ അടിസ്ഥാനസ്വഭാവമായ മനുഷ്യാനുഭവത്തിന്റെ കേന്ദ്രത്തില്‍ അത് വൈയക്തികവും സഞ്ചിതവുമായ ഒരു ത്രിത്വഘടന സൃഷ്ടിക്കുന്നു. അപരനെ അനുകരിക്കാനുള്ള തൃഷ്ണയുള്ള വ്യക്തി, തൃഷ്ണാകേന്ദ്രമായ വസ്തു, അനുകരണതൃഷ്ണക്കു പ്രേരകമായ അപരവ്യക്തി എന്നിവ ചേര്‍ന്നതാണ് ആ ഘടന. ഈ അപരവ്യക്തിയുടെ തൃഷ്ണയാണ് വ്യക്തിയെ തൃഷ്ണാവസ്തുവിലേക്കു നയിക്കുന്നത്. തൃഷ്ണയുള്ള വ്യക്തി/വിഷയിയുടെ മാതൃകയാണ് അപരവ്യക്തി. തന്റെ മാതൃക ആഗ്രഹിക്കുന്നതിനെ വ്യക്തിയും...
അനുകരണതൃഷ്ണ അടിസ്ഥാനസ്വഭാവമായ മനുഷ്യാനുഭവത്തിന്റെ കേന്ദ്രത്തില്‍ അത് വൈയക്തികവും സഞ്ചിതവുമായ ഒരു ത്രിത്വഘടന സൃഷ്ടിക്കുന്നു. അപരനെ അനുകരിക്കാനുള്ള തൃഷ്ണയുള്ള വ്യക്തി, തൃഷ്ണാകേന്ദ്രമായ വസ്തു, അനുകരണതൃഷ്ണക്കു പ്രേരകമായ അപരവ്യക്തി എന്നിവ ചേര്‍ന്നതാണ് ആ ഘടന. ഈ അപരവ്യക്തിയുടെ തൃഷ്ണയാണ് വ്യക്തിയെ തൃഷ്ണാവസ്തുവിലേക്കു നയിക്കുന്നത്. തൃഷ്ണയുള്ള വ്യക്തി/വിഷയിയുടെ മാതൃകയാണ് അപരവ്യക്തി. തന്റെ മാതൃക ആഗ്രഹിക്കുന്നതിനെ വ്യക്തിയും ആഗ്രഹിക്കുന്നു; തൃഷ്ണ തീവ്രമാവുകയും ചെയ്യുന്നു. ഈ അനുകരണാത്മകതൃഷ്ണ, രണ്ടുപേര്‍ ഒരേ വസ്തുവിനുവേണ്ടി ശ്രമിക്കുമ്പോഴെന്നപോലെ, അനിവാര്യമായും ശത്രുതക്കു വഴിയൊരുക്കുന്നു -അനുകരണാത്മക വൈരം. പങ്കുവെക്കാനാവാത്ത ഒരു വസ്തുവില്‍, രണ്ടു പേരുടെ തൃഷ്ണകള്‍ കൂടിപ്പിണയുമ്പോഴാണ്, അല്ലെങ്കില്‍, ഒരേ വസ്തു പങ്കിടാന്‍ എതിരാളികള്‍ തയാറല്ലാതിരിക്കുമ്പോഴാണ് ശത്രുതയുണ്ടാകുന്നത്. അതോടുകൂടി അനുകരണതൃഷ്ണയുടെ മാതൃക വ്യക്തിക്ക് തടസ്സമായി മാറുന്നു. വ്യക്തിയുടെ തൃഷ്ണയും ശ്രദ്ധയും അതോടെ മാതൃക/തടസ്സത്തില്‍ കേന്ദ്രീകരിക്കുകയും തൃഷ്ണാവസ്തു അപ്രധാനമായിത്തീരുകയും ചെയ്യുന്നു. പരസ്പരം സദൃശരായ വ്യക്തിയും മാതൃകയും തമ്മിലുള്ള ബന്ധവും ശത്രുതയും അനുകരണാത്മകതൃഷ്ണയുടെ ഫലംതന്നെയാണ്. ഈ ഇരട്ടപ്പിടിത്തത്തില് വ്യക്തി നിസ്സാരനും മാതൃക/തടസ്സം ശക്തനുമാണ്. സമൂഹത്തിന്റെതന്നെ അടിത്തറ തകര്‍ക്കുന്ന ഈ ശത്രുത പരിഹരിച്ച് സമാധാനം കൊണ്ടുവരുന്ന പ്രക്രിയയാണ് ബലിയാടാക്കല്‍. സംഘര്‍ഷത്തിനു കാരണമായി ഒരാളെ കണ്ടെത്തി (അയാള്‍ തെറ്റുകാരനാവാം അല്ലായിരിക്കാം) കൊല്ലുകയോ ബഹിഷ്കരിക്കുകയോ ചെയ്യുന്നതാണ് ബലിയാടാക്കല്‍. പ്രാചീനസമൂഹങ്ങളില്‍ അനുഷ്ഠാനപരമായ ബലി ഉടലെടുത്തത് ഈ വിധത്തിലാണെന്ന് മിത്തുകള്‍ വ്യാഖ്യാനിച്ചുകൊണ്ട് റെനെ ഷിരാര് വിശദീകരിച്ചിട്ടുണ്ട്.
അസൂയ കലര്‍ന്ന അനുകരണാത്മകതൃഷ്ണയുടെയും ശത്രുതയുടെയും ലോകമാണ് നിലവിളിക്കുന്നില്‍ നാം കാണുന്നത്. ദാക്ഷായണി എന്ന തൃഷ്ണാവസ്തു ഗോവിന്ദനെയും ചെറിയച്ഛനെയും വേശുക്കുട്ടനെയും അനുകരണാത്മകശത്രുതയുടെ ഭാഗമാക്കുന്നു. എല്ലാ അസൂയകളും അനുകരണാത്മകമാണെങ്കിലും എല്ലാ അനുകരണാത്മകതൃഷ്ണകളും അസൂയാത്മകമല്ല. ഭക്ഷണത്തിനും വായുവിനുമൊക്കെ വേണ്ടിയുള്ള നൈസര്ഗികതൃഷ്ണകള് അനുകരണാത്മകമല്ലല്ലോ. ഗോവിന്ദന്റെ അനുകരണാത്മകതൃഷ്ണയുടെ ആദ്യമാതൃക ചെറിയച്ഛനാണ്. അയാളെപ്പോലെ കട നടത്തിയും കച്ചവടതന്ത്രങ്ങള്‍ പയറ്റി ബാങ്ക് നിക്ഷേപമുണ്ടാക്കിയും സിനിമ കണ്ടും ഫോട്ടോയെടുത്തും കറന്റിന് അപേക്ഷ നല്‍കിയും അനുകരണതൃഷ്ണയിലൂടെ ഗോവിന്ദന് ധനികനും ആധുനികനുമാകുന്നു. ദാക്ഷായണിയുടെ സ്വഭാവശുദ്ധിയെപ്പറ്റി വേശുക്കുട്ടന്റെ സാന്നിധ്യത്തില്‍ ചെറിയച്ഛന് ദുഃസൂചന നല്കിയ രാത്രിയില്‍ ഗോവിന്ദന്റെ അനുകരണാത്മകതൃഷ്ണ തീവ്രമാകുന്നു. ദാക്ഷായണിയുമായുള്ള രതി പൂര്ണമായതുതന്നെ ആ രാത്രിയിലാണെന്നാണ് കഥാഖ്യാതാവു പറയുന്നത്. കോഴിക്കറിക്കൊപ്പം ഏഷണിയുംകൊണ്ടു സൽക്കരിച്ച ചെറിയച്ഛനോടു പുലര്‍ച്ചക്കു യാത്ര പറയുമ്പോള്‍ അയാള്‍ ദാക്ഷായണിയെ സ്പര്‍ശിച്ചതു ശ്രദ്ധിച്ച ഗോവിന്ദനില്‍ അനുകരണതൃഷ്ണക്കൊപ്പം അസൂയയും രൂപപ്പെടുന്നു. ''കോഴിക്കറിയോട് പ്രത്യേക മമതയും എരിയുന്ന വെറുപ്പും എന്നെന്നേക്കുമായി ഗോവിന്ദനില്‍ പതിഞ്ഞു''വെന്നാണ് ആഖ്യാതാവിന്റെ വിവരണം. കാലം ചെന്നതോടെ 'ഒന്നിലും ഒരു ഇദി'ല്ലാതായ ഗോവിന്ദന് 'ഇന്ദ്രനീലത്തില്‍ തിളങ്ങുന്ന പാഷാണത്തിനു തുല്യമായ അസൂയ കലര്‍ന്ന സ്നേഹത്തില്‍ ദാക്ഷായണിയെ കെട്ടിപ്പിടിച്ച്' തൃഷ്ണാശൂന്യനായിത്തീരുന്നു. ഇവിടെ കഥാകൃത്ത് ഉപയോഗിക്കുന്ന പാഷാണകൽപന ഇതിവൃത്തത്തില്‍ പടര്‍ന്നു വലുതാകാനിരിക്കുന്ന വിഷവേഗങ്ങളിലേക്കും രസവിദ്യയുടെ നിഗൂഢലോകത്തേക്കുമുള്ള വാതിലാണ്.
അസൂയയുടെ പാഷാണവിഷം ബാധിച്ച ഗോവിന്ദനില്‍ ദാക്ഷായണിയുടെ ലൈംഗികതയെക്കുറിച്ചുള്ള ഉത്കണ്ഠയും സംശയവും സഹജരോഗമായി വളരുന്നു. ദാക്ഷായണിയുടെ കാമുകരെയും ജാരന്മാരെയും ഭാവനചെയ്തും ഒളിപുരുഷന്മാരുടെ മണമറിയാന്‍ വസ്ത്രങ്ങള്‍ മണപ്പിച്ചും വിവാഹപൂര്‍വബന്ധങ്ങള്‍ സങ്കൽപിച്ചും സ്വന്തം വലയില്‍ കുടുങ്ങിയ എട്ടുകാലിയെപ്പോലെയായ ഗോവിന്ദനെ ശ്രീധരന് വൈദ്യര് ആധിവ്യാധികളെപ്പറ്റി ഓര്‍മിപ്പിക്കുന്നു. ''ഭയാക്രാന്തനായാല്, ജ്വരവും തുടര്‍ന്നു ഭ്രാന്തും ഒടുവില്‍ മൃതിയും സംഭവിക്കുമെന്നു'' മുന്നറിയിപ്പുനല്‍കി വൈദ്യന് പലവിധം ചികിത്സകള്‍ ചെയ്തിട്ടും ഗോവിന്ദന്റെ ശങ്കാവിഷബാധ മാറുന്നില്ല. വൈദ്യരിലേക്കു കൂടുതല്‍ അടുത്ത ഗോവിന്ദന് അയാളുടെ നിഗൂഢമായ രസവിദ്യാലോകത്തേക്കാണു ചെന്നെത്തുന്നത്. പൂരക്കാലത്ത് തിമിലവാദകനായ വേശുക്കുട്ടന്‍ വീട്ടില്‍ വരാന്‍ തുടങ്ങിയതോടെ ഗോവിന്ദന്റെ തൃഷ്ണ വീണ്ടും ഉണര്‍ന്ന് സംശയത്തിലേക്കും ശത്രുതയിലേക്കും നീങ്ങുന്നു. വേശുക്കുട്ടന്‍ എന്ന മാതൃക അതിവേഗം തടസ്സവും അനുകരണാത്മക ശത്രുവുമായതോടെ ഗോവിന്ദന് വിഷബാധിതനില്നിന്നു വിഷകാരകനിലേക്കു പരിവര്ത്തിക്കുകയായി. മാതൃകയും തടസ്സവും മാത്രമല്ല കാമവും സംഹാരവാസനയും ഒന്നായിത്തീരുന്ന ഈ തൃഷ്ണാസംഘര്ഷത്തിലെ ബലിയാടാണ് ദാക്ഷായണി. ആല്കെമിസ്റ്റായ വൈദ്യരുടെ ''എന്താണ് ഉടല്? ഉടയുന്ന കുടം. അശുദ്ധപദാർഥങ്ങളാല് ഘടിതം. തമോമാത്രാത്മകം'' എന്ന രസവാദവേദാന്തം അയാളില്‍നിന്നുതന്നെ പഠിച്ച വിഷക്കൂട്ടുകള്കൊണ്ടു ബലി നടത്താന്‍ ഗോവിന്ദനെ പ്രാപ്തനാക്കുന്നു. ബലിയിലൂടെ സംഘര്ഷശമനം വരുത്തുന്ന സമൂഹം അതിന്റെ സ്വത്വമാണ് ഉറപ്പിക്കുന്നത്. തൃഷ്ണാവസ്തുവിനെത്തന്നെ ബലിയര്‍പ്പിച്ച് ശത്രുവിനെതിരേ തന്റെ സ്വത്വമുറപ്പിക്കുന്ന ഗോവിന്ദന്റെ തമോമയമായ തൃഷ്ണാലോകം അത്തരമൊരു സമാധാനത്തിലല്ല എത്തുന്നത്. രസവിദ്യയിലൂടെ നിര്‍മിച്ചെടുത്ത കൂട്ടുവിഷമായ ഗരമാണ് ഗോവിന്ദന് ദാക്ഷായണിയില്‍ പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കടിയുടെ പാടുകളൊന്നും വൈദ്യനു കണ്ടെത്താനായില്ല, ചികിത്സ ഫലിച്ചതുമില്ല. ''ഏതു വേന്ദ്രന്റെ വിഷമാണ് നീ ഇത്രയും കാലം കൂട്ടിയുണ്ടാക്കിയത്. അതു കുത്തിവെച്ചതെങ്ങനെ?'' എന്ന കഠോരമായ ചോദ്യം പരാജിതനായ വിഷഹാരി ഉന്നയിക്കുന്നു. ഗോവിന്ദന്റെ കൊടുംപാതകത്തെ അഗദതന്ത്രത്തിന്റെ അന്തര്പാഠവുമായി കൂട്ടിയിണക്കുന്ന ആ ചോദ്യം നിലവിളിക്കുന്നിലെ അസൂയയുടെയും സംശയരോഗത്തിന്റെയും പത്നീഹത്യയുടെയും ഇതിവൃത്തത്തെ മനുഷ്യതൃഷ്ണയുടെയും സ്വത്വപ്രതിസന്ധിയുടെയും വിശേഷാഖ്യാനമാക്കി മാറ്റുന്നു.
ആയുര്‍വേദത്തിലെ സര്പ്പവിഭജനത്തില് ഭിന്നജാതിസര്പ്പങ്ങള് ഇണചേര്‍ന്നുണ്ടാകുന്ന സങ്കരസര്പ്പങ്ങളാണ് വ്യന്തരങ്ങള്. വ്യന്തിരന്, വേന്ദ്രന് എന്നിങ്ങനെയും അവ വിളിക്കപ്പെടുന്നു. മാകുലി, പോടഗല, സ്നിഗ്ധരാജി എന്നീ മൂന്നു വ്യന്തരങ്ങളെയും അവയില്‍നിന്നുണ്ടാകുന്ന ദദവ്യേലക, ലോധ്രപുഷ്പക, രാജിചിത്രിക തുടങ്ങിയവയെയുംപറ്റി സുശ്രുതസംഹിതയുടെ കൽപസ്ഥാനമെന്ന അധ്യായത്തില്‍ സുശ്രുതന് പറയുന്നു. ഉടുമ്പുമായി കൃഷ്ണസര്‍പ്പം ഇണചേരുമ്പോള് ഗൗധേരക എന്ന പാമ്പുണ്ടാകുമെന്ന് ചരകസംഹിതയിലുണ്ട്. ഋതുസന്ധികളില് വിഷമേറുന്നവയും പാപശീലംകൊണ്ട് ദംശിക്കാനായി വഴിതടഞ്ഞു കിടക്കുന്നവയുമായ വ്യന്തരങ്ങളെപ്പറ്റി അഷ്ടാംഗസംഗ്രഹത്തില്‍ വാഗ്ഭടനും പറയുന്നു. ത്രിദോഷങ്ങളെയും കോപിപ്പിക്കുന്ന വ്യന്തരമെന്ന സങ്കരസര്പ്പം പ്രാചീനഭാവന മാത്രമാണെങ്കിലും വിഷത്തിന്റെ അനിശ്ചിതസ്വഭാവത്തെപ്പറ്റിയുള്ള സങ്കൽപം അതിലുണ്ട്. സവിശേഷമായ സ്വത്വമില്ലാത്ത, അല്ലെങ്കില്‍ സങ്കരസ്വത്വം മാത്രമുള്ള വേന്ദ്രനെപ്പോലെയാണ് ഗോവിന്ദനും. അനുകരണാത്മകതൃഷ്ണയും വൈരവുംവഴി തൃഷ്ണാവസ്തുവിനെത്തന്നെ നശിപ്പിക്കുന്ന ബലിയാടാക്കലിലൂടെ തന്റെ സ്വത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന അയാള്‍ സ്വത്വശൂന്യനായ ഉന്മാദിയായിത്തീരുന്നു. അനിശ്ചിതസ്വത്വമാണ് (precarious identity) ഗോവിന്ദന്റേതെന്നു പറയാം. വിഷത്തിന്റെ പദാര്ഥസ്വഭാവവും അതുതന്നെ. രാസപരമോ ഭൗതികമോ ജീവശാസ്ത്രപരമോ ആയ സ്വഭാവസവിശേഷതകള്‍ അടിസ്ഥാനമാക്കി നിര്‍വചിക്കാനാവാത്ത, അല്ലെങ്കില്‍, വര്‍ഗീകരണത്തില്‍ ഒരു നിശ്ചിതസ്ഥാനം നല്കാനാവാത്ത പദാർഥങ്ങളെ അനിശ്ചിതപദാര്ഥങ്ങള് (precarious substance) എന്ന് ശാസ്ത്രചരിത്രകാരന്മാര് വിളിക്കാറുണ്ട്. വിഷം ഉള്‍പ്പെടെയുള്ള അപകടകാരികളും ഏതാണ്ട് അലഭ്യങ്ങളുമായ പദാര്‍ഥങ്ങള്‍ പലതും ഈ വിഭാഗത്തില്‍പെടുന്നു. വസ്തുക്കളുടെ ക്രമങ്ങളിലൊന്നും പ്രത്യേക സ്ഥാനമില്ലാത്ത അവയെ ഉൽപാദനത്തെയും ഫലത്തെയും ഗുണസിദ്ധിയെയുംകുറിച്ചുള്ള വീക്ഷണത്തിന്റെയും സാമൂഹികപ്രചാരത്തിന്റെയും ബലതന്ത്രമനുസരിച്ചാണ് അനിശ്ചിതപദാര്ഥങ്ങളെന്നു വിളിക്കാറുള്ളത്. ഒരു സാമൂഹിക-ജ്ഞാന-പ്രകൃതിസംയോഗത്തെ വരച്ചുകാട്ടുന്ന ജ്ഞാനസിദ്ധാന്തപരമായ കൽപനയാണ് അതെന്നു സാരം.
ഈ അനിശ്ചിതസ്വഭാവം വിഷത്തിനുണ്ട്. ഒരു പദാര്‍ഥമായി കൽപിക്കുമ്പോഴും അദൃശ്യവും ഗുപ്തവും ഇന്ദ്രിയഗ്രാഹ്യവുമല്ല വിഷം. വിഷപദാര്‍ഥങ്ങളെ അല്ലാത്തവയില്‍നിന്നു തിരിച്ചറിയുകയും എളുപ്പമല്ല. ഗുണഫലം തരുന്നവ വിഷമായിത്തീരുകയും ചെയ്യാം. ചില ഔഷധങ്ങളുടെ അനുചിതോപയോഗമോ അമിതോപയോഗമോ വിഷഫലം സൃഷ്ടിക്കാറുമുണ്ട്. വിഷം എന്ന പദത്തിൽതന്നെയുണ്ട് അര്‍ഥത്തിന്റെ അനിശ്ചിതത്വവും സന്ദിഗ്ധതയും ഉഭയത്വവും. ഇംഗ്ലീഷിലെ 'പോയിസന്‍' നിത്യേന കഴിക്കേണ്ട ഔഷധദ്രാവകമായ 'പോഷനു'മായി ബന്ധമുണ്ട്. ഗ്രീക്കിലെ സമാനപദമായ 'ഫാര്‍മക്കോണ്‍' വിഷമെന്നും ഔഷധമെന്നുമുള്ള അര്‍ഥങ്ങള്‍ ഒരേസമയംതന്നെ സൃഷ്ടിക്കുന്നു. 'പ്ലേറ്റോസ് ഫാര്‍മസി' എന്ന പ്രശസ്തമായ പ്രബന്ധത്തില്‍ ഫ്രഞ്ച് തത്ത്വചിന്തകനായ ഴാക് ദെറിദ ഈ അര്‍ഥഭേദം മുന്‍നിര്‍ത്തി എഴുത്തിനെക്കുറിച്ചുള്ള തന്റെ ആശയങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ആയുര്‍വേദത്തിലുമുണ്ട് ഈ സന്ദിഗ്ധതയും ഉഭയത്വവും. ''വിഷസ്യ, വിഷമൗഷധം'', ''വിഷം വിഷഘ്നമുക്തം'', ''വിഷേ പ്രതിവിഷം യോഗ്യം'' എന്നിങ്ങനെയാണ് ആയുര്‍വേദ സൈദ്ധാന്തികര്‍ പറഞ്ഞിട്ടുള്ളത്. വിഷത്തിനു പ്രതിവിഷമായി അഥവാ പ്രത്യൗഷധമായി വിഷംതന്നെ ഉപയോഗിക്കുന്നതിനെപ്പറ്റി ചരകസംഹിതയും അഷ്ടാംഗസംഗ്രഹവും വിശദീകരിക്കുന്നു. പാമ്പുകടിയേറ്റവര്‍ക്ക് സ്ഥാവരവിഷം ഔഷധമായി നല്‍കാമെന്നും വിഷത്തെ വിഷമല്ലാതാക്കുന്നതിന് വിഷംപോലെ മറ്റൊന്നില്ല (''ന വിഷപ്രതിമം കിഞ്ചിന്നിര്വിഷീകരണം വിഷേ'') എന്നും അഷ്ടാംഗസംഗ്രഹത്തില്‍ വാഗ്ഭടന് പറയുന്നു. വിഷത്തിന്റെ ഈ അനിശ്ചിതത്വം വിഷബാധിതനും വിഷകാരകനുമായ ഗോവിന്ദന്റെ സ്വത്വത്തിലും നാം കാണുന്നു. അനുകരണാത്മകതൃഷ്ണയുടെ ഫലമായ ശത്രുതയില്‍ എതിരാളിയെ തോൽപിച്ച് തന്റെ സ്വത്വമുറപ്പിക്കാനുള്ള ശ്രമം അയാളെ അനിശ്ചിതസ്വത്വമാക്കി മാറ്റുന്നു. ആ ഉന്മാദിയുടെ ''മൃഗത്തിന്റെയോ മനുഷ്യന്റെയോ അല്ലാത്ത ഭാഷാരഹിതമായ'' ആത്മപ്രലപനം ആ അനിശ്ചിതത്വത്തിന്റേതാണ്. വിഷം കൊടുത്തവന് ഏറ്റവും സംശയമുള്ളവനായും അധികം സംസാരിക്കുന്നവനായും കാണപ്പെടുമെന്ന ചരകസംഹിതയിലെ കൽപന ആ വിഷകാരകന് നന്നേ ഇണങ്ങും.
അവ്യാഖ്യേയശബ്ദത്തിലുയര്ന്ന ആ നിലവിളിയുടെ വ്യാഖ്യാനമാണ് 'നിലവിളിക്കുന്നി'ന്റെ കേന്ദ്രമെന്നു പറയാവുന്ന പത്താമധ്യായമായ 'നീ'. താന്‍ ബലിയാടാക്കിയ ഭാര്യയുടെ ശരീരത്തെയും പ്രാണനെയുംകുറിച്ച് ഗോവിന്ദന് നടത്തുന്ന ഭാഷാരഹിതമായ ആ പ്രലപനത്തെ ആഖ്യാതാവ് ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നു: ''നീ അരികിലില്ല. എന്റെ അസൂയ ജ്വലിച്ചു. അകലം കാമം വര്‍ധിപ്പിക്കുന്നു. എല്ലാറ്റിന്റെയും സന്ദിഗ്ധാവസ്ഥയിലുള്ള ആനന്ദമാണു നീ. മരണമാണു നമ്മുടെ സ്നേഹം പുനഃസ്ഥാപിച്ചത്. ഭാവനയെ തൃപ്തിപ്പെടുത്തുന്ന അഭാവമായി മാത്രമേ നിനക്കു നിലനില്ക്കാനാവൂ. എന്റെ കാമവും അസൂയയും പ്രതികാരവും നിറവേറ്റാനുള്ള വെറും ഉടല്മാത്രമായിരുന്നു നീ. മണ്ണായിപ്പോകുന്ന നിന്റെ ചുണ്ടുകളില്‍ ഞാന്‍ ചുംബിക്കുന്നു.'' മനുഷ്യദൗര്ബല്യത്തിന്റെ ഏറ്റവും ബീഭത്സമായ തുറന്നുകാട്ടലെന്ന് ടി.എസ്. എലിയറ്റ് വിശേഷിപ്പിച്ച ഒഥെല്ലോയുടെ അന്ത്യഭാഷണത്തിന്റെ പ്രതിധ്വനി ഇവിടെ മുഴങ്ങുന്നുണ്ട്, കഥാകൃത്ത് അറിഞ്ഞുകൊണ്ടായാലും അല്ലെങ്കിലും. സംശയഗ്രസ്തനായാല് അങ്ങേയറ്റം ചിത്തസംഭ്രാന്തനാവുകയും തന്റെ വംശത്തെക്കാള്‍ വിലയേറിയ മുത്ത് വലിച്ചെറിയുകയും അറേബ്യയിലെ മരങ്ങള്‍ ഔഷധക്കറ ചൊരിയുന്നത്ര വേഗത്തില്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്ന തന്നെപ്പറ്റിയുള്ള ആ ഭാഷണവും തന്റെ പ്രാണനും ഒരു നിമിഷത്തെ ഇടവേളക്കുശേഷം ഒഥെല്ലോ അവസാനിപ്പിക്കുന്നത് ''ഞാന്‍ നിന്നെ ചുംബിച്ചു, നിന്നെ ഞാന്‍ കൊല്ലുംമുമ്പ്. ഇതേയുള്ളൂ വഴി. എന്നെത്തന്നെ കൊല്ലുക, എന്നിട്ട് ഒരു ചുംബനത്തില്‍ മരിക്കുക'' (I kissed thee ere I killed thee. No way but this, Killing myself, to die upon a kiss). വിപരീതപദങ്ങളല്ലെങ്കിലും പദസമാനതയുള്ള 'കില്‍', 'കിസ്' എന്നിവ മുമ്പേ എന്നര്‍ഥമുള്ള ere എന്ന ദ്യോതകശബ്ദം (ഗതി) കൊണ്ട് കൂട്ടിയിണക്കി സ്നേഹദ്വേഷങ്ങള്‍, രതിയും ഹതിയും നാണയത്തിന്റെ ഇരുവശങ്ങളാണെന്ന ചിന്തയാണ് ഷേക്സ്പിയര് ഉണര്‍ത്തുന്നത്. മുന്നോട്ടും പിന്നോട്ടും വായിക്കാവുന്ന പാലിന്ഡ്രോമായ 'are' എന്ന പഴയ സാക്സണ്‍ പദത്തിന്റെ പ്രയോഗം അതു ദുരന്തതീവ്രമാക്കുകയും ചെയ്യുന്നു. ''ഈ കിടക്കയിലെ ദുരന്തഭാരം നോക്ക്, ഇത് നിന്റെ ചെയ്തിയാണ്. ഈ വസ്തു കണ്ണില്‍ കാഴ്ചയില്‍ വിഷം കലര്‍ത്തുന്നു. അതു മറയ്ക്കപ്പെടട്ടെ'' എന്ന് ലൊഡോവിക്കോ പറയുന്നിടത്താണ് ഒഥെല്ലോക്കു ഭരതവാക്യമാവുന്നത്. ''ഈ കിടക്ക നിഷ്കളങ്കമല്ല. സുരക്ഷിതവുമായ ഇടവുമല്ല'' എന്നു പറയുന്ന നിലവിളിക്കുന്നിലെ ഗോവിന്ദന് പക്ഷേ പശ്ചാത്താപമില്ല. യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടുകയും തന്റെ പാതകത്തെ മനുഷ്യപ്രകൃതിയുടെ അടിസ്ഥാനസ്വഭാവമായി സാധൂകരിക്കുകയും ചെയ്യുന്ന അയാളുടെ തൃഷ്ണ ശമിക്കുന്നേയില്ല. തന്റെ ദീര്‍ഘമായ വിഷഭാഷണത്തില് അയാള്‍ പറയുന്നു: ''ഞാന്‍ ചിതയും ഭസ്മവും സംഹാരവും മാത്രമാണ്. നീയോ അനുസ്യൂതമായ പുനഃസൃഷ്ടിയും. നിനക്ക് എല്ലാറ്റിനെയും നിലനിര്‍ത്താനുള്ള വാശിയാണ്. എനിക്കു കുറ്റമുക്തി ആവശ്യമില്ല. നഷ്ടപ്പെട്ടതിന്റെ ഉന്മാദലഹരിയില്‍ ഞാന്‍ നിലവിളിക്കും...നീ നിലവിളിക്കുന്നായി പരിണമിക്കട്ടെ. ഈ കുന്ന് സര്‍പ്പങ്ങളെ ആകര്‍ഷിക്കട്ടെ. രാജവെമ്പാലയും കുഷ്ഠമണ്ഡലിയും ഇണചേര്‍ന്നുണ്ടായ വേന്തിരസര്പ്പമായി ഞാന്‍ നിന്റെ പാറക്കെട്ടുകളിലും വള്ളിച്ചെടികളിലും ഇഴഞ്ഞുനടക്കും. വിഷാദിക്കുന്നതിനാല് വിഷം. സ്ഥാവരവും ജംഗമവുമായ സകലത്തിലും സ്വയമേവ ഒരു വിഷമുണ്ട്. കൽപാന്തപ്രളയത്തിനുശേഷം നിശ്ചേതനമായ നിത്യനിദ്രയില്‍ സര്‍വതിനും ബീജഭൂതവും ഏകരൂപവുമായി ആകൃതിയോ ഘടനയോ ഇല്ലാത്ത ദ്രവ്യം. വിഷമെന്ന മൂലപ്രകൃതി.'' അനിശ്ചിതപദാര്ഥത്തെയും അനിശ്ചിതസ്വത്വത്തെയും കുറിച്ചുള്ള ദര്‍ശനമാണിത്.
മൂന്ന് ആഖ്യാതാക്കളുണ്ട് നിലവിളിക്കുന്നിലേക്കുള്ള കയറ്റത്തില്‍; വാമൊഴിയില്‍ ഗോവിന്ദന്റെ കഥ പറഞ്ഞു കേള്‍പ്പിച്ച അച്ചുവേട്ടന്, ആ കഥക്കുള്ളില്‍ ഭാഷാരഹിതമായി സ്വന്തം കഥപറയുന്ന ഗോവിന്ദന്, രണ്ടു കഥകളും വരമൊഴിയില്‍ ആഖ്യാനംചെയ്യുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കഥാഖ്യാതാവ്. ഗോവിന്ദന്റെ കഥയിലൂടെ അനിശ്ചിതപദാര്ഥങ്ങളുടെ ഇരുണ്ട ഹൃദയങ്ങളിലേക്കുള്ള നൊടിനേരത്തെ ദര്‍ശനം കഥാഖ്യാതാവിനു നല്കിയ ഒന്നാമത്തെ ആഖ്യാതാവ് നിലവിളിക്കുന്നിലെ പാമ്പുകൊത്തി അതേ പദാര്ഥംകൊണ്ടുതന്നെ മരിക്കുന്നു. അതിന്റെ സ്രഷ്ടാവായ രണ്ടാമത്തെ ആഖ്യാതാവ് അനിശ്ചിതമായ സ്വത്വത്തോടെ തിരോധാനം ചെയ്യുന്നു. ആ വിഷഭാഷണങ്ങളെ വ്യാകരണബദ്ധമായ ഭാഷയിലെ ആഖ്യാനകമായി പുനരാവിഷ്കരിക്കുന്ന മൂന്നാമത്തെ ആഖ്യാതാവ്/കഥാഖ്യാതാവിന്റെ 'ഭാവനകളാല്‍ ദൂഷിതമായ മനസ്സ് സ്ഥലഭീതിപരമായ വിഷാദ'ത്തിലകപ്പെട്ട് അനിശ്ചിതത്വവും സന്ദിഗ്ധവുമായി നില്ക്കുന്നു. ആഖ്യാനത്തിലൂടെ വ്യാകരണബദ്ധമായ ഭാഷയിലൂടെ ഗോവിന്ദന്റെ 'ഭാഷാരഹിതമായ നിലവിളിയുടെ പര്യായങ്ങള്‍' ഇഴപിരിക്കുക എന്ന വ്യാഖ്യാനത്തിനു ശ്രമിക്കുന്ന കഥാഖ്യാതാവിന്റെ പരാജയം കഥാന്ത്യത്തില്‍ നാം കാണുന്നു. സ്ഥലഭീതിയുടെ വിഷാദം പരത്തിക്കൊണ്ട് നിലവിളിക്കുന്നിലെ പൊന്തകള്‍ നിത്യതയോളം ആടുമ്പോള് തന്റെ മനസ്സില്‍ അവശേഷിക്കുന്നത് ''ഓരോ കാരകത്തെയും അതതിന്റെ രീതിയില്‍ പ്രവര്‍ത്തിപ്പിച്ച് ക്രിയയെ നിറവേറ്റേണ്ട കര്‍ത്താവ് എന്ന് കാരകം നഷ്ടപ്പെട്ട ചില വാക്യങ്ങള്‍; ഉടലുകള്‍ ചോര്‍ന്നുപോയ ഏതാനും പേരുകള്‍'' മാത്രമാണെന്ന് പറഞ്ഞുകൊണ്ടാണ് കഥാഖ്യാതാവ് ആഖ്യാനം അവസാനിപ്പിക്കുന്നത്.
നാമങ്ങള്‍ക്കു ക്രിയയോടുള്ള ബന്ധമാണ് വ്യാകരണത്തില്‍ കാരകം. ക്രിയ നടത്തുന്ന വസ്തു എന്നാണ് അതിന്റെ അര്‍ഥം. ഒരു വാക്യത്തില്‍ ക്രിയ അഥവാ പ്രവൃത്തിയെപ്പറ്റി മാത്രമാണ് സൂചിപ്പിക്കുന്നതെങ്കില്‍ ആരാണ് അതു ചെയ്തത്, ആര്‍ക്കാണ് അതു സംഭവിച്ചത് തുടങ്ങിയ ചോദ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാകും. വാക്യത്തിന്റെ ഓരോ ഭാഗവും ഇങ്ങനെ കൂടുതല്‍ അറിവിനുവേണ്ടി അന്വേഷിക്കുന്നതിനെ 'ആകാംക്ഷ'യെന്ന് വ്യാകരണശാസ്ത്രം വിളിക്കുന്നു. മുഖ്യമായ ആകാംക്ഷകള്‍ പരിഹരിക്കപ്പെടുമ്പോഴേ ഒരു വാക്യം പൂര്‍ണമാവുകയുള്ളൂ. ക്രിയയുടെ ആകാംക്ഷകള്‍ക്കു പൂര്‍ത്തിവരുത്തുന്ന നാമമാണ് അതിന്റെ കാരകം. അങ്ങനെയുള്ള പലതരം കാരകങ്ങളില്‍ ഏറ്റവും പ്രധാനമാണ് ക്രിയ നടത്തുന്നവനായ കര്‍ത്താവിനെ സൂചിപ്പിക്കുന്ന കര്‍ത്തൃകാരകം. ഫലാനുകൂലമായ വ്യാപാരമെന്നാണ് 'കേരളപാണിനീയ'ത്തില്‍ എ.ആര്. രാജരാജവര്‍മ ക്രിയയെ നിര്‍വചിച്ചത്. ഫലത്തിന് 'കര്‍മ'മെന്നും വ്യാപാരത്തിന് 'പ്രവൃത്തി'യെന്നുമാണ് വ്യാകരണസന്ദര്ഭത്തിലെ അര്‍ഥം. വ്യാപാരം അഥവാ പ്രവൃത്തി ചെയ്യുന്നയാളാണ് കര്‍ത്താവ് എന്ന കാരകം. ആ കര്‍ത്താവും കര്ത്തൃകാരകവുമില്ലാത്തതിനാല്, 'ആരാണതു ചെയ്തത്', 'ആര്‍ക്കാണതു സംഭവിച്ചത്', 'എന്തുകൊണ്ടാണങ്ങനെയുണ്ടായത്' തുടങ്ങിയ ആകാംക്ഷകള്‍ പൂരിപ്പിക്കപ്പെടാത്ത വാക്യങ്ങള്‍ മാത്രമേ ആഖ്യാനാന്ത്യത്തില് നിലവിളിക്കുന്നിലെ കഥാഖ്യാതാവിന്റെ വിഷാദം നിറഞ്ഞ സംഭീതമായ മനസ്സിലുള്ളൂ. ''ഉടലുകള്‍ ചോര്‍ന്നുപോയ പേരുകള്‍'' എന്ന് കര്‍ത്താവില്ലാത്ത വാക്യത്തെ ആഖ്യാതാവ് വിളിക്കുന്നു. കേട്ടറിഞ്ഞ വിഷകഥയില്നിന്ന് കര്‍ത്താവിനെയും ക്രിയയെയും കാരകത്തെയും കര്‍മത്തെയും കുറിച്ചറിയാവുന്ന കഥാഖ്യാതാവ് തന്റെ ആഖ്യാനത്തിന്റെ നിര്വഹണസന്ധിയില് ഈ അനിശ്ചിതത്വത്തിലും സന്ദിഗ്ധതയിലും എത്തുന്നതെന്തുകൊണ്ടാവാം? വിഷപുരുഷനെക്കണ്ട് ലോകം വിഷാദിച്ചതിനാല് വിഷമെന്നു പേരുകിട്ടിയ (''ജഗദ് വിഷണ്ണം തം ദൃഷ്ട്വാ തേനാസൗ വിഷസംജ്ഞിതം'' എന്ന് അഷ്ടാംഗഹൃദയം) പദാർഥത്തിന്റെ അനിശ്ചിതപ്രകൃതിയാണ് ആഖ്യാതാവിലും ആഖ്യാനത്തിലും വ്യാപിച്ചുനില്ക്കുന്നത്. വിഷാദിപ്പിക്കുന്നതെന്നു മാത്രമല്ല, ശരീരത്തില്‍ വേഗത്തില്‍ വ്യാപിക്കുന്നത് എന്ന അര്‍ഥംകൂടിയുണ്ട് വിഷശബ്ദത്തിന്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.