ഒരു സാഹിത്യകൃതി എങ്ങനെ വായിക്കുന്നു എന്നതിൽനിന്ന് സമാരംഭിക്കുന്നു ഒരു സാഹിത്യ ചരിത്രനിർമിതി. ആ വായന പ്രസ്ഥാനവിശേഷങ്ങളിലേക്കും അതിെൻറ ചരിത്രപാഠങ്ങളിലേക്കും തിരിയുമ്പോൾ, ആ നിർമിതി യഥാർഥ ലക്ഷ്യത്തിലേക്ക് നീങ്ങുന്നു എന്ന് പറയാം. അതോടൊപ്പം കൂടുതൽ സമഗ്രതയും സൂക്ഷ്മതയും കൈവരുമെന്ന് ഉറപ്പ്. ഒരു സൗന്ദര്യശാസ്ത്രവികാസവും ആഖ്യാനഘടനാത്മക ചിന്തകളും വിഷയമായിത്തീരും. അങ്ങനെ സാഹിത്യചരിത്രനിർമിതി ഒരർഥത്തിൽ വായനയുടെയും ചരിത്രമായി പരിണമിക്കുന്നു. അത് നിരൂപണത്തിെൻറ ചരിത്രമാവുക സ്വാഭാവികം. ഓരോ സാഹിത്യവിഭാവങ്ങളുെടയും വായനകൾ, അതിനെ രൂപപ്പെടുത്തിയ കാലഘട്ടത്തെയും ഭാവുകത്വവ്യതിയാനങ്ങളെയും കാണാതിരിക്കുന്നില്ല. സാഹിത്യാനുഭവങ്ങളെയും അതിെൻറ വ്യതിയാന സ്വഭാവത്തെയും വിശദീകരിക്കാൻ തയാറായതോടെ, നിരൂപണം ആഖ്യാനപരവും തത്ത്വചിന്താപരവുമായ നിലപാടുകൾ സ്വീകരിച്ചു എന്നതാണ് വസ്തുത. നോവൽ എന്താണ് എന്നു മാത്രമല്ല, നോവൽ എന്തായിരിക്കണമെന്നുകൂടി നിർദേശിക്കപ്പെട്ടു. മിത്തുകളും ചരിത്രവും ഇതിഹാസ സന്ദർഭങ്ങളും നോവലുകളിലെ ഇതിവൃത്തമായി. രചനാപരമായ സ്വഭാവങ്ങൾക്ക് പ്രാധാന്യം വന്നു. മികവുള്ളതെന്നും മികവില്ലാത്തതെന്നും ഉള്ള േവർതിരിവുകൾ നോവലിനെ സംബന്ധിച്ചുമുണ്ടായി. നോവലിനെ ഒരു അസംസ്കൃതവസ്തുവായി സ്വീകരിച്ചവരുമുണ്ട്. നോവൽവായന വ്യക്തിപരവും സാമൂഹികപരമായ നിരീക്ഷണസംസ്കാരമായിത്തീരുകയും ചെയ്തതാണ് മറ്റൊരു പ്രത്യേകത. അതിെൻറ ഭാഗമായി രചനാവ്യത്യാസങ്ങൾ പരിശോധിക്കപ്പെടുന്നതും ഉള്ളടക്കം രൂപത്തെ നിർണയിക്കുമെന്ന് സന്ദേഹിക്കുന്നതും നാം ചരിത്രത്തിൽ കാണുന്നു. ഇതിനോടനുബന്ധമായ ഒരു വായനാപ്രക്രിയ ഇപ്പോഴും തുടർന്നുപോരുന്നു.
'ഇതിഹാസകഥ' എന്ന് വിശേഷിപ്പിക്കാവുന്ന നോവലുകൾ ധാരാളമായി എഴുതപ്പെടുന്നതിന് മുമ്പേ നാം പരിചയിച്ച നോവൽ വിഭാഗമായിരുന്നു ചരിത്ര നോവൽ. 'മാർത്താണ്ഡവർമ്മ'യിലൂടെയും 'രാമരാജാബഹദൂറി'ലൂടെയും തുടക്കമിട്ട ആ നോവൽരചനാ പാരമ്പര്യം മലയാളത്തിൽ നിലനിന്നുപോരുന്നു.
നോവലിെൻറ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ നോവൽ വിഭജിക്കപ്പെടുന്നതും അനുഭവമായിത്തീർന്നു. നോവൽ നിരൂപണം അതിനെ വേർതിരിച്ചെടുത്ത് പഠിക്കുന്ന രീതിയിലേക്ക് മാറി. സാമുദായിക നോവൽ, ഭാവാത്മക നോവൽ, സാമൂഹിക നോവൽ, ചരിത്ര നോവൽ എന്നിങ്ങനെയുള്ള വകഭേദങ്ങളുമുണ്ടായി. 'ഇന്ദുലേഖ'യിൽനിന്ന് സി.വിയുടെ നോവലുകളിലെത്തുമ്പോൾ രണ്ടു രീതിയിലുള്ള വിഭജനമേ-സാമുദായികം, ചരിത്രപരം-നമുക്കുണ്ടായിരുന്നുള്ളൂ. നോവൽസാഹിത്യത്തിന് പാശ്ചാത്യസമൂഹത്തിലുണ്ടായ വികാസം നമ്മുടെ രചനാവൃത്തികളിലും വലിയ പരിവർത്തനങ്ങൾക്ക് കാരണമായി എന്നതാണ് വസ്തുത. അവിടത്തെ പ്രവണതകൾ പഠിച്ചറിഞ്ഞ് നിരവധി നോവലുകൾ ഇവിടെയും എഴുതപ്പെട്ടു. എന്നാൽ നോവലിെൻറ ആഖ്യാന ഘടനയെക്കുറിച്ചും രൂപഭാവങ്ങളെക്കുറിച്ചും ഗ്രന്ഥമെഴുതാൻ തയാറെടുത്തപ്പോൾ നിരൂപകനായ പി.കെ. ബാലകൃഷ്ണൻ, വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ടുപോയി എന്ന് ഞാൻ കരുതുന്നു. ലക്ഷണയുക്തമോ ലക്ഷണസങ്കീർണമോ ആയ നോവലുകളൊന്നും അക്കാലത്ത് അറുപതുകളിൽ മലയാളത്തിൽ എഴുതപ്പെട്ടിരുന്നില്ല എന്നാണ് അനുമാനിക്കേണ്ടത്. അതുകൊണ്ട് കൂടിയായിരിക്കണം അദ്ദേഹം ബംഗാളി നോവലായ ആരോഗ്യനികേതനെ ആശ്രയിച്ചത്. കരമസോവ് സഹോദരന്മാരെയും അദ്ദേഹം കൂട്ടിന് വിളിച്ചു. നോവൽ സിദ്ധിയും സാധനയും എന്ന കൃതിയാണ് ഞാൻ ചൂണ്ടിക്കാണിക്കുന്നത്. ഏതാണ്ട് ഈ രചനക്ക് ശേഷം, പത്തുവർഷത്തിനുള്ളിൽ 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ എഴുതുകയും ചെയ്തു. ഈ നോവലിെൻറ രചനയെ സംബന്ധിച്ച് നോവലിസ്റ്റ് പറയുന്നതിങ്ങനെ: ''ഈ കൃതി ഇതിഹാസോപജീവിയായ ഒരു നോവൽ ആകണമെന്ന ആഗ്രഹമാണ് എനിക്കുള്ളത് എന്നതുമാത്രമാണ്. ഏതായാലും നോവൽ എന്ന പേര് വിളിച്ചാൽ ഉണ്ടാവുന്നത്രയോ അതിൽ കൂടുതലോ പൊരുത്തക്കേട് 'ഇതിഹാസകഥയെന്ന്' ഇതിനെ വിളിച്ചാലും ഉണ്ടാകാനാണിട.'' മഹാഭാരതത്തെ ഉപജീവിച്ച് ഇതിന് മുമ്പൊന്നും ഇല്ലാത്തവിധം ഒരു നോവൽ രചിച്ചാൽ അത് എത്ര മാത്രം സ്വീകരിക്കപ്പെടും എന്ന സന്ദേഹം നിറഞ്ഞ ഒരു പ്രസ്താവനയാണത്. ഒരു പക്ഷേ, നോവലിെൻറ ആദ്യത്തെ വായനക്കാർക്ക് ഉള്ളതുമാകാം ആ സംശയം. അതെന്തായാലും നോവൽവായനയിൽ ഒരു ചരിത്രസൗന്ദര്യം ബാലകൃഷ്ണെൻറ നോവൽ സൃഷ്ടിക്കുകയും രചനാചരിത്രത്തിൽ അത് ഒരു വഴിത്തിരിവായി മാറുകയും ചെയ്തുെവന്നത് ചരിത്രം.
ആ രചന നിർവഹിച്ച മറ്റൊരു ചരിത്രംകൂടി ഇവിടെ പ്രസക്തമാണ്. പ്രതിഭാശൂന്യമായ വിജയങ്ങളോടൊപ്പം പ്രതിഭാസമ്പന്നമായ പരാജയങ്ങളും പരിശോധിക്കാൻ നിരൂപകന് തേൻറടമുണ്ടാക്കിക്കൊടുത്തത് ഈ നോവലാണ്. അതുവരെ സാമുദായിക കാമ്യങ്ങളും ചരിത്രാഖ്യായികകളും വിപുലീകരിച്ച ഒരു സംവേദനശൈലിയാണ് നിലനിന്നിരുന്നത്. അതാണ് ഈ നോവൽ വ്യതിചലിപ്പിച്ചത്. ആയർഥത്തിൽ തെൻറ നോവലിലൂടെ ഒരു നിരൂപകൻ ഭാവുകത്വ–ശൈലീവ്യതിയാനം സൃഷ്ടിച്ച ചരിത്രം മായാതെ ഇപ്പോഴും നിലനിൽക്കുന്നു. ആ രചനാപാഠം മറ്റാർക്കും പുനർനിർമിക്കാനോ മാറ്റിയെഴുതാനോ കഴിഞ്ഞതുമില്ല. ഇതിഹാസകഥകളും കഥാപാത്രങ്ങളും നോവലിൽ മുഴക്കങ്ങൾക്ക് ഹേതുവാകാമെന്ന വിശ്വാസം ഉണർന്നുവന്നു.
ഗദ്യത്തിെൻറ ചരിത്രപരമായ ഈ പരിണതിക്ക് തുടക്കമിട്ടത് പലരാണെങ്കിലും അതിെൻറ പൂർണത എനിക്കനുഭവപ്പെട്ടത് 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിെൻറ രചനയോടുകൂടിയാണ് എന്ന് പ്രസ്താവിച്ചാൽ അത് അസത്യമാവില്ല. അതെ, സർഗാത്മകവും അന്തസ്സുമുള്ള ഒരു ഭാഷ ഈ നോവലിൽ നാം കാണുന്നു.
നോവലിെൻറ ഇതിഹാസകഥനത്തിലേക്കുള്ള ഈ പരിണാമത്തിൽ പാരമ്പര്യത്തിെൻറ ഒരു നീട്ടൽ ഉണ്ടായിരുന്നുവോ? പദ്യത്തിൽനിന്ന് ഗദ്യത്തിലേക്കുള്ള വായനാവികാസം നോവലിെൻറ രൂപവികാസവുമായി ബന്ധപ്പെടുത്തി മനസ്സിലാക്കണമെന്നാണ് എെൻറ പക്ഷം. ഗദ്യഭാഷയുടെ ചരിത്രവുമായി നോവൽ അത്രമാത്രം ബന്ധപ്പെട്ടു കിടക്കുന്നു. അതായത് നോവൽ സാഹിത്യരൂപം ആവിർഭവിക്കുന്നകാലത്ത് പദ്യസാഹിത്യത്തിനായിരുന്നല്ലോ ആധിപത്യവും അംഗീകാരവും. അത് റദ്ദുചെയ്തിട്ടുവേണം ഗദ്യഭാഷക്ക് മാന്യമായ ഒരു ഇരിപ്പിടം ലഭിക്കുക എന്നായിരുന്നു ധാരണ. പക്ഷേ, അതത്ര എളുപ്പമല്ല എന്ന് പലർക്കും തോന്നി. പദ്യാത്മകരൂപങ്ങളുടെ ആധിപത്യം വളരെക്കാലം പാർശ്വവത്കരിച്ചില്ലേ എന്ന് സംശയിക്കുന്നുണ്ട് പി.കെ. ബാലകൃഷ്ണൻ. പദ്യസാഹിത്യം സൃഷ്ടിച്ചെടുത്ത ഫ്യൂഡൽ സാംസ്കാരികാവബോധത്തെ വെല്ലുവിളിക്കാതെ ഗദ്യഭാഷക്ക് നിലനിൽപില്ലെന്ന് സാരം. പദ്യഭാഷാരൂപഘടനയെയാണ് ഗദ്യത്തിന് തകർക്കേണ്ടിയിരുന്നത്. അതത്ര പെട്ടെന്ന് സാധ്യമാവുമായിരുന്നില്ല. പദ്യത്തെ കൈവിടാതെയുള്ള ഒരു തരം ഗദ്യമെഴുത്താണ് അക്കാലത്ത് രൂപപ്പെട്ടത്. ചുരുക്കത്തിൽ നിലവിലുള്ള ഭാഷയുടെ സാമാന്യഘടന തകർക്കപ്പെടുകയും വ്യത്യസ്തമായ ഒരു ഗദ്യം ആവിർഭവിക്കുകയും വേണമെന്ന താൽപര്യം ഗദ്യമെഴുത്തുകാരിൽ ചിലരെങ്കിലും പ്രകടിപ്പിക്കാനിടയായി. അതിന് കൂടുതൽ കരുത്തായത് നോവലിെൻറ രംഗപ്രവേശവും അതോടൊപ്പം പുഷ്ടിപ്പെട്ട സാഹിത്യനിരൂപണത്തിെൻറ ജാഗ്രതയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഗദ്യത്തിെൻറ ചരിത്രപരമായ ഈ പരിണതിക്ക് തുടക്കമിട്ടത് പലരാണെങ്കിലും അതിെൻറ പൂർണത എനിക്കനുഭവപ്പെട്ടത് 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിെൻറ രചനയോടുകൂടിയാണ് എന്ന് പ്രസ്താവിച്ചാൽ അത് അസത്യമാവില്ല. അതെ, സർഗാത്മകവും അന്തസ്സുമുള്ള ഒരു ഭാഷ ഈ നോവലിൽ നാം കാണുന്നു. ഇതിഹാസകഥയെഴുതാൻ മലയാളത്തിെൻറ ജീർണകാൽപനികതയുടെ ഭാഷയല്ല പ്രയോജനപ്പെട്ടത്. നോവൽവിഷയത്തിന് അനുഗുണമായ ഒരു ഭാഷയും ഒരു ശൈലിയും ഗ്രന്ഥകാരൻ കണ്ടെത്തുന്നു. 'ഇന്ദുലേഖ'യിലെ ഭാഷയിൽനിന്നുള്ള ഈ മുന്നേറ്റം ആവശ്യപ്പെടുന്നത് ചരിത്രപരമായ ഒരു വിലയിരുത്തലാണ്. എന്നാൽ നമ്മുടെ നിരൂപകർ സി.വിയുടെ ഭാഷയിൽ കടന്ന് കളിച്ചതല്ലാതെ, പ്രമേയ തുല്യഭാഷാ നിർമിതിയെ പൊതുവെ വിസ്മരിച്ചുപോയതാണ് വസ്തുത.
'ഇതിഹാസകഥ' എന്ന് വിശേഷിപ്പിക്കാവുന്ന നോവലുകൾ ധാരാളമായി എഴുതപ്പെടുന്നതിന് മുമ്പേ നാം പരിചയിച്ച നോവൽ വിഭാഗമായിരുന്നു ചരിത്ര നോവൽ. 'മാർത്താണ്ഡവർമ്മ'യിലൂടെയും 'രാമരാജാബഹദൂറി'ലൂടെയും തുടക്കമിട്ട ആ നോവൽരചനാ പാരമ്പര്യം മലയാളത്തിൽ നിലനിന്നുപോരുന്നു. ചരിത്രനോവൽ എന്ന പേരിൽ നിരവധി നോവലുകൾ രചിക്കപ്പെടുകയും ചെയ്യുന്നു. പാശ്ചാത്യരുടെ ഹിസ്റ്റോറിക്കൽ റൊമാൻസിൽനിന്നാണ് ഈ വിഭാഗം നോവലുകളുടെ തുടക്കം. എന്നാൽ സി.വി. രാമൻപിള്ളയുടെ രചനകൾക്ക് മുമ്പ് വന്ന ചില നോവലുകളിൽ ചരിത്രവും ചരിത്രവുമായി ബന്ധപ്പെട്ട അംശങ്ങളും കടന്നുവന്നിരുന്നു. മതവും രാഷ്ട്രീയവും ചരിത്രവിഷയമാണെങ്കിൽ പ്രശസ്ത കഥാപാത്രമായ മാധവനും ബന്ധുക്കളും നടത്തുന്ന സംവാദങ്ങൾ ആ മട്ടിൽ വായിക്കാമായിരുന്നിേല്ല? പ്രധാനമായും ചരിത്രമല്ല, നോവലിലെ ഇതിവൃത്തം എന്നതുകൊണ്ട് 'ഇന്ദുലേഖ'യിലെ ചരിത്രപരാമർശങ്ങൾ ഫിക്ഷനുമായി ചേർത്തുവെച്ച് ചർച്ചചെയ്തില്ല. അതിനെ ചരിത്രനോവലായി കണ്ടതുമില്ല. ഈ വസ്തുത മറന്നുകൊണ്ടല്ല ചരിത്രനോവലുകളെ ഒരു പ്രതിപാദ്യവിഷയമായി സ്വീകരിക്കുന്നത്. പൂർണമായും ചരിത്രവിഷയങ്ങളായ അധികാരം, യുദ്ധങ്ങൾ, ദാരിദ്യ്രം, ജീവിതത്തിലെ സങ്കീർണതകൾ എന്നിവ പ്രതിപാദ്യമാകുന്ന നോവലുകളെ ചരിത്രനോവലുകളായി വിലയിരുത്താം. നോവലിലെ ഫിക്ഷനൽ ഘടനയുടെ കരുത്തും സൂക്ഷ്മതയും മാറ്റിനിർത്തിക്കൊണ്ടാണ് ഈയൊരു വിലയിരുത്തൽ എന്നത് മറ്റൊരു വിഷയമാകുന്നു. വീരകഥാപാത്രങ്ങളും രാജാധികാരഘോഷങ്ങളും തിന്മക്കെതിരായ നന്മയുടെ പോരാട്ടങ്ങളും വായനക്കാരിലുണ്ടാക്കുന്ന വൈയക്തികമായ ആനന്ദം ചൂഷണം ചെയ്യുന്നതിൽ ചരിത്രനോവലുകൾ വിജയിച്ചുവെന്നു പറയാം. വാസ്തവത്തിൽ ഈ വിജയമായിരിക്കണം രചനയുടെ കച്ചവട താത്പര്യം വർധിപ്പിച്ചത്; ഇതിഹാസകഥാപാത്രങ്ങളും കഥകളും നോവലിനായി തിരഞ്ഞെടുക്കാൻ നമ്മുടെ എഴുത്തുകാരെ േപ്രരിപ്പിച്ചതും. വീരരസപ്രധാനമായ കഥകളും ശുദ്ധാശുദ്ധ പോരാട്ടങ്ങളും യുദ്ധങ്ങളുംകൊണ്ട് സമൃദ്ധമാണല്ലോ പുരാണങ്ങളും ഇതിഹാസങ്ങളും. മാത്രവുമല്ല, ആവിഷ്കരിക്കപ്പെടുന്ന എല്ലാ കാര്യങ്ങളും യാഥാർഥ്യമായിരിക്കണമെന്ന വിശ്വാസം െവച്ചുപുലർത്തുന്നവരാണ് വായനക്കാർ. ആ വിശ്വാസമെല്ലാം വായന ഏറ്റെടുത്തു എന്നതിെൻറ ഫലപ്രാപ്തിയാണ് ചരിത്രനോവലുകളുടെയും ഇതിഹാസകഥകളുടെയും അസാധ്യമായ പാരായണചരിത്രം. അതുകൊണ്ട് രാമനും സീതയും മഹാഭാരതയുദ്ധവും യാഥാർഥ്യമാണ് എന്നു കരുതി നോവലിലെ ഫിക്ഷനെ മറക്കാൻ പാടുപെടുന്നു. നോവലിലെ സംഭവവികാസങ്ങളെ യാഥാർഥ്യമായി വായനക്കാർ സ്വീകരിക്കുന്നു. അവരുടെ വൈകാരികപ്രതികരണങ്ങൾ പൊടുന്നനെ ഉണ്ടാവുകയും ചെയ്യുന്നു. അതോടെ രചനയിലെ ഫിക്ഷൻ അന്യമാവുന്നു.
മനുഷ്യാവസ്ഥയുടെ ആഖ്യാനരൂപമാണ് ഫിക്ഷൻ. മനുഷ്യാവസ്ഥയുമായി ചരിത്രത്തെ ചേർത്തുവെച്ച് ഓരോ വ്യക്തിയും തേടുന്ന നിലപാടിെൻറ സാധ്യതാവിശേഷം കൂടിയാണ് നോവൽ. അതിനായി നോവലിസ്റ്റ് കഥാപാത്രങ്ങളെ അന്വേഷിക്കാൻ തുടങ്ങുന്നു. അതിെൻറ ഭാഗമായി സമകാലിക സാഹചര്യത്തിൽനിന്ന് നല്ല മനുഷ്യരെ-വീരത്വമുള്ളവരെ-കിട്ടാതാവുമ്പോൾ ചരിത്രത്തിലും ഇതിഹാസകഥകളിലും തിരയുന്നു. പുരാണങ്ങളിൽനിന്നും ചരിത്രത്തിൽനിന്നും മനുഷ്യാവസ്ഥയുമായി ബന്ധപ്പെട്ട കഥാസന്ദർഭങ്ങളും അപൂർവമായി കഥാപാത്രങ്ങളെയും ലഭിച്ചെന്ന് വരാം. 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിൽ കർണൻ കഥാപാത്രമായതിെൻറ പൊരുളറിയാൻ സഹായിക്കുന്ന ചില പ്രസ്താവനകൾ ഗ്രന്ഥകാരേൻറതായി എെൻറ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നോവലിെൻറ ആമുഖത്തിൽ ഇപ്രകാരം കുറിച്ചിട്ടിരിക്കുന്നു: ''ശ്രീരാമൻ, സീതാദേവി, ശ്രീകൃഷ്ണൻ, ദുര്യോധനൻ, പാഞ്ചാലി മുതലായ കഥാപാത്രങ്ങൾ ഭാരതത്തിെൻറ പൊതുസ്വത്താകയാൽ അവ നമ്മുടെ ഭാഷയുടെ സന്താനങ്ങളാണെന്ന് പറയാവതല്ല. അവയെ നമ്മുടെ ഭാഷയിലേക്ക് അതേപടി-എന്നുവെച്ചാൽ വേഷഭൂഷാദികളിൽ യാതൊരു മാറ്റവും കൂടാതെ -പകർത്തുകയാണ് നിരണത്ത് രാമപ്പണിക്കർ, കൃഷ്ണഗാഥാ കർത്താവ്, എഴുത്തച്ഛൻ മുതൽപേർ ചെയ്തിട്ടുള്ളത്.'' മലയാളത്തിെൻറ കാവ്യരൂപത്തിലുള്ള ഇതിഹാസരചനകളിൽ അത്ര സംതൃപ്തനാണ് നോവലിസ്റ്റ് എന്നു തോന്നുന്നില്ല. ആ പ്രസ്താവന ഒന്നുകൂടി വായിച്ചുനോക്കുക- പദ്യത്തിെൻറ തുടർച്ചയെന്ന മട്ടിൽ ഗദ്യത്തിലേക്ക് ഇതിഹാസനോവലുകൾ പകർത്തിവെക്കുന്നതിലെ വിയോജിപ്പ് അടയാളപ്പെടുത്തുന്നതിെൻറ പൊരുൾ എന്തായിരിക്കും? പുരാണേതിഹാസങ്ങളിലെ കഥാപാത്രങ്ങൾ ഭാരതസംസ്കാരത്തിെൻറ സന്താനങ്ങൾ എന്നവണ്ണമല്ല നോവലിൽ പ്രവേശിക്കേണ്ടത്. അനുഭവങ്ങളും മനുഷ്യാവസ്ഥകളും പ്രസ്തരിക്കാനുപയുക്തമായ കഥാപാത്രങ്ങളെ ഗദ്യകല സ്വീകരിക്കണമെന്ന വാദമാണ് പ്രധാനം. കാലഭേദഗതി വർണനകളിൽ കേരള പ്രതിപത്തി കലശലായി പ്രകടിപ്പിച്ച കുഞ്ചൻനമ്പ്യാർ പുരാണപാത്രങ്ങളെ വിവർത്തനം ചെയ്യുന്നതിൽ യാതൊരു പൊടിക്കൈകളും ഉപയോഗിച്ചില്ലെന്ന് ഓർമപ്പെടുത്തുന്നതിലൂടെ ആ നിലപാട് വ്യക്തമാക്കുന്നു. നോവലുകളിൽ ഇതിഹാസകഥാപാത്രങ്ങൾ എപ്രകാരം വരണം എന്നതിനെ സംബന്ധിച്ച് ഒരു നിരൂപണനിരീക്ഷണംകൂടിയാണ് അത്. ഇതിഹാസസ്വഭാവമുള്ള പ്രാചീനകവിത അംഗീകരിച്ച യാഥാസ്ഥിതികരീതികൾ ഗദ്യമെഴുതുന്നവർ പിന്തുടരേണ്ടതില്ല എന്ന ചിന്ത ആഖ്യാനത്തിെൻറ മറ്റൊരു രീതിദർശനത്തിലേക്ക് നമ്മുടെ വായനയെ തെളിക്കുന്നു. പ്രമേയവും കഥാപാത്രങ്ങളും സ്വതന്ത്രമായി കണ്ടെത്തി നോവൽ ഘടനാനിർമിതിയിൽ പ്രയോജനപ്പെടുത്താം. എന്നാലതിന് യുക്തിനിഷ്ഠവും ദാർശനികവുമായ ഒരു പര്യവസാനത്തിലെത്തിക്കാൻ കഴിയുന്നിടത്താണ് മൗലികതയുള്ളത്. അത് ശക്തമായ ഒരു വാദമാണ്. ലൂക്കാച്ച് എന്ന നിരൂപകൻ എത്രയോ കാലം മുമ്പേ പറഞ്ഞത് കാലഹരണപ്പെടാതെ നിലനിൽക്കുന്ന സത്യമാകുന്നു. നോവലിലെ ഇതിവൃത്തം ചരിത്രമോ രാഷ്ട്രീയമോ ജീവിതമോ ആകട്ടെ, അത് എഴുതിക്കഴിയുമ്പോൾ ഒരു നോവലായിത്തീരണം. ഇതിഹാസത്തെയും നമുക്കതിൽ ഉൾപ്പെടുത്താം. നോവലീകരണം എന്ന ആഖ്യാനപ്രക്രിയയെക്കുറിച്ചാണല്ലോ ഈ നിരീക്ഷണം. ഒരു ആശയത്തെ നോവലാക്കി തീർക്കുക എന്നത് കഠിനമായ ഒരു കർമശൈലിയാണ്. അതിൽ ഘടനാത്മകമായ ഒരു ക്രമീകരണംകൂടിയുണ്ട്. അത് നോവലിസ്റ്റ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ ഈ ശ്രദ്ധയൊന്നുമില്ലാതെ എഴുതുകയും ചരിത്രം പഠിച്ചാണ് താൻ നോവലെഴുതിയത് എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്ന ആൾ രചനയിലെ ആ ആയിത്തീരലിനെ നോവലിെൻറ കലയായി കാണുന്നുണ്ടോ എന്നതാണ് പ്രധാന കാര്യം. ഞാൻ പറഞ്ഞുവരുന്നത് രചനാപരമായ വകതിരിവ് ഇതിഹാസചരിത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന എഴുത്തുകാർക്ക് നഷ്ടപ്പെട്ടോ എന്ന നിശ്ചിതത്വമാണ്. ഈ വിഭാഗങ്ങളിൽപെട്ട പുതിയ രചനകൾ നമ്മെ വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തുന്നു.
ഇതിഹാസ കഥന കൃതികളും ജീവചരിത്രനോവലുകളും മലയാളഭാഷയിൽ കുറവല്ല. ഈ രചനാമാതൃകകളിൽ അതീവ താൽപര്യം പ്രകടിപ്പിക്കുന്ന എഴുത്തുകാരുമുണ്ട്. സി.വി.രാമൻപിള്ളക്ക് ശേഷം എഴുതപ്പെട്ട ചരിത്രനോവലുകളും പി.കെ. ബാലകൃഷ്ണെൻറ നോവലിനുശേഷം നിർമിക്കപ്പെട്ട 'ഇതിഹാസകഥ'കളും മറ്റ് ജീവചരിത്രനോവലുകളും എത്രമാത്രം സത്യസന്ധമായ രചനകളാണ്. ഒരു മൂല്യനിർണയനം അനുപേക്ഷണീയമായിരിക്കുന്നു എന്നാണ് ഞാൻ പറയുക. ഒരു 'പൊടിക്കൈ'യുമില്ലാതെ ഇതിഹാസരചനകൾ ഉണ്ടാവുന്നു. കഥയുടെ പകർപ്പെഴുത്തിലാണ് മിക്കവരുടേയും ശ്രദ്ധ. പുരാണകഥാപാത്രങ്ങളാണെങ്കിലും, തെൻറ നായികാനായകന്മാരെ വർത്തമാനകാലവുമായി ഇണക്കാനോ, പൂർവസ്ഥിതിയിൽ നിന്ന് വിട്ട ഒരു സ്വതന്ത്രകഥാപാത്രമായി നിരീക്ഷിച്ചെടുക്കാനോ കഴിയുന്നുണ്ടോ? അതൊരു വിമർശനസന്ദർഭമായി മനസ്സിലാക്കേണ്ട നിരൂപകന്മാർ പൂർവപാഠത്തിൽനിന്ന് നോവൽ വ്യതിചലിച്ചിട്ടുണ്ടോ, ചരിത്രം ആലേഖനം ചെയ്തിരിക്കുന്നതിലെ പിഴവെന്താണ് എന്നു മാത്രം പരിശോധിക്കുന്നു. അത് ശരിയായ വായനാരീതിയായി എനിക്ക് കാണാനാവില്ല. അത് അപഭ്രംശാത്മകവും വേറൊരർഥത്തിൽ വായനയുടെ തെറ്റായ നീക്കവുമാകുന്നു.
വി.ടി. നന്ദകുമാറിെൻറ 'എെൻറ കർണൻ' വായിക്കുന്ന പതിവില്ല. 'രണ്ടാമൂഴ'ത്തിെൻറ പിറകെ, എം.ടിയുടെ പരിവേഷത്തിൽ ഉള്ളുറഞ്ഞ് ആനന്ദിച്ച് സഞ്ചരിക്കുകയായിരുന്നു മിക്കവാറും വായനക്കാരും നിരൂപകരും. വ്യക്തികളുടെ പിറകെ പോയ വായനകളുടെ ചരിത്രം ധാരാളമുണ്ടാകും മലയാളത്തിന് പറയാൻ. വൈക്കം ചന്ദ്രശേഖരൻ നായരും വി.ടി. നന്ദകുമാറും എഴുതിയ പ്രധാനപ്പെട്ട ചരിത്രനോവലുകൾ വിസ്മരിക്കപ്പെട്ടു. പിന്നീടും നിരവധി ഇതിഹാസകഥകൾ നോവലുകളാവുകയും ചരിത്രപുരാണസന്ദർഭങ്ങൾ ഓരോരുത്തർക്കും തോന്നിയപോലെ ആഖ്യാനം ചെയ്യപ്പെടുകയുമുണ്ടായി. സാമുദായിക കഥാവ്യാഖ്യാനങ്ങൾ നിർവഹിച്ചു പരാജയപ്പെട്ടവർ ഇതിഹാസനോവലുകളെഴുതി വീരന്മാരാകാൻ ശ്രമിച്ചതിെൻറ അനുഭവവും നമുക്കുണ്ടായി. പ്രതിഭകളില്ലാത്തവർ ഇതിഹാസരചയിതാക്കളായതിെൻറ ആനന്ദം വിതരണം ചെയ്യുന്നതിൽ നമ്മുടെ നിരൂപകർ നിർവഹിച്ചത് കൗതുകകരമായി തോന്നുന്നു. അതൊന്നും ഒരു സംവാദ വിഷയമാക്കാൻ ആഗ്രഹിക്കുന്നില്ല. ഇതിഹാസ-ചരിത്രകഥാപാത്രങ്ങൾക്ക് ആദർശപരിവേഷം കൊടുക്കുന്ന പാഠനിർമിതികളാണ് ഏറെയും സംഭവിച്ചത്. രാമായണത്തിലെയും മഹാഭാരതത്തിലെയും മിക്കവാറും കഥാപാത്രങ്ങൾ നോവൽ നായികാനായകന്മാരായി വന്നു. കൈകേയിയും വിദുരരും കർണനും സീതയുമൊക്കെ. ലങ്കയും നോവൽ വിഷയമായി. എന്നാൽ ഇന്ദ്രനെ രൂപപ്പെട്ട നോവലുകളിൽ ഞാൻ കണ്ട പ്രത്യേകത പ്രതിഭയുടെ അഭാവമാണ്. മാത്രവുമല്ല, കഥാപാത്രസൃഷ്ടികളിൽ അനവധി പൊരുത്തക്കേടുകൾ വന്നു. അതായത് 'ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവലിനുശേഷം പുറത്തുവന്ന 'ഇതിഹാസകഥകൾ' എന്തുകൊണ്ട് ചുരുങ്ങിപ്പോയി എന്ന വസ്തുത അന്വേഷിക്കേണ്ടതാണ്. ഇതരഭാഷകളിലെ ഇതിഹാസോപജീവികളായ കൃതികൾ മലയാളത്തിെൻറ രചനകളുമായി താരതമ്യത്തിന് വിധേയമാക്കുമ്പോഴേ യാഥാർഥ്യം മനസ്സിലാവുകയുള്ളൂ. അവരുടേയും നമ്മുടേയും ആഖ്യാനങ്ങൾ വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. നോവലും ചരിത്രവും, നോവലും കഥയും, നോവലും സ്ഥലവും എന്നിങ്ങനെ വേർതിരിച്ചറിയണം. അപ്പോൾ നോവൽ രചനയുമായി ബന്ധപ്പെട്ട അപക്വതകൾ നമ്മുടെ ഇതിഹാസകഥനങ്ങളിൽ കണ്ടെത്താൻ കഴിയും. മലയാളിക്ക് പരിചിതമായ ഇതരഭാഷാ നോവലുകളാണ് വി.എസ്. ഖണ്ഡേക്കറുടെ യയാതിയും എസ്.എൻ. ഭൈരപ്പയുടെ പർവവും ശിവാജി സാമന്തിെൻറ കർണനും. വാസ്തവത്തിൽ ഈ ആഖ്യായികളുമായുള്ള ഒരു താരതമ്യതക്ക് നമ്മുടെ നോവലുകൾ നിന്നുകൊടുക്കും എന്ന് ഞാൻ വിചാരിക്കുന്നില്ല. പലതിനും ബലമില്ല. നിർലക്ഷണങ്ങളുള്ള കൃതികൾകൊണ്ട് നമ്മുടെ നോവൽസാഹിത്യം നിറഞ്ഞിരിക്കുന്നു. ഒരു വലിയ ശൂന്യതയിൽ ഇതിഹാസ-ചരിത്രനോവലുകളുടെ വായന നമ്മെ കൊണ്ടെത്തിക്കുന്നു എന്ന് പറയാം.
ചരിത്രനോവലുകളുടെ പാരായണ രസം ചരിത്രത്തിെൻറ വസ്തുതാപരമായ രേഖപ്പെടുത്തലല്ല, മറിച്ച് ഒരു നീറ്റലായി മാറുന്ന നോവലിലെ ഹിസ്റ്റോറിക്കൽ നൊസ്റ്റാൾജിയയാണ്
അമേരിക്ക ഒരു നോവലിലെ ഇതിവൃത്തമോ പ്രമേയമോ ആവുന്നു എന്നു വിചാരിക്കുക. അതുപോലെ ഇന്ത്യയും നോവൽ വിഷയമാകാം. അങ്ങനെ ഒരു രാജ്യം നോവലിലെത്തുമ്പോൾ അവിടത്തെ ചരിത്രവും രാഷ്ട്രീയവും സ്ഥലകാലങ്ങളും ആഖ്യാനത്തിൽ വരാതിരിക്കില്ല. എന്നാൽ, ആ രാജ്യം അതിെൻറ ഇടം കണ്ടെത്തുക നോവലിനുള്ളിലോ പുറത്തോ എന്ന ചോദ്യമില്ലേ. അതിനുള്ള ഉത്തരമായിരിക്കും ഉദാത്തമായ ഒരു ചരിത്രനോവൽ എന്നു കരുതാം. ചരിത്രത്തിെൻറയും സ്ഥലത്തിെൻറയും നിലനിൽപ്പുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഇവിടെ ഉരുത്തിരിഞ്ഞുവരുന്നു. ആ നിർമിതികളിൽ വായനക്കാർക്കും ചില ആശങ്കകൾ സ്വാഭാവികം. ഒരുപക്ഷേ, അവർ അന്വേഷിക്കുക ആവിഷ്കാരചരിത്രവും സ്ഥലവും നോവൽ അസ്തിത്വവുമാകാം. അങ്ങനെയെങ്കിൽ, രാജ്യം എന്ന ആശയത്തിെൻറ അസ്തിത്വം നോവലിനു പുറത്താണോ ഉള്ളത്? അതാണ് വാദം. നോവലിനുള്ളിൽ പ്രദേശവുമായി ബന്ധമുള്ള സങ്കൽപങ്ങൾക്കും കഥാപാത്രങ്ങളുടെ അബോധേപ്രരണകൾക്കും പ്രാധാന്യമുണ്ട് എന്ന് വ്യക്തമാവുന്നു. നോവൽ പൂർണമായും ഫിക് ഷനാണ് എങ്കിൽ, ഒരു ചരിത്രനോവൽ വായിക്കുമ്പോൾ നാം പരിശോധിക്കേണ്ടത് അതിലെ ഫിക്ഷനൽ അംശത്തെയാണ്. അതായത് നോവലെഴുതുന്ന ഒരാൾ താൻ ചരിത്രമാണ് പറയുന്നത് എന്നറിയിക്കുമ്പോൾ നോവൽ സംവിധാനത്തെ സംബന്ധിക്കുന്ന ഒരു തെറ്റായ ധാരണയിലാണ് അയാൾ എന്ന് മനസ്സിലാവുന്നു. എഴുതുന്നത് ചരിത്രമല്ല, ഫിക്ഷനാണ് എന്നറിയണം. ആ വിധമുള്ള വായനകൾ പക്ഷേ, നടക്കുന്നില്ല.
ചരിത്രം പറയുന്ന മനുഷ്യബന്ധങ്ങളുടെ കഥ വായിച്ച് രസിക്കാനാണ് വായനക്കാർക്ക് താൽപര്യം. സി.വി അതുകൊണ്ട് വായിക്കപ്പെടുന്നു എന്നതാകാം ശരി. മാത്രവുമല്ല, രാജ്യാധികാരപ്രിയത്വം കളയാതെ സൂക്ഷിച്ചുകൊണ്ടുപോകുന്നു എന്നർഥത്തിലും സി.വി നോവലുകൾ പ്രധാനപ്പെട്ട വായനാവസ്തുക്കളായി. പിന്നീടും ചരിത്രനോവലുകൾ ഭാഷയിലുണ്ടായി. ചരിത്രത്തെ തെറ്റായി വായിക്കുന്ന, അതതുകാലത്തെ രാഷ്ട്രീയ കാലാവസ്ഥ നോക്കി ചരിത്രം പുനർനിർമിച്ചെഴുതിയ കൃതികളും രൂപപ്പെട്ടു. കെട്ടുകഥകളും പഴഞ്ചൊല്ലുകളും ഊഹക്കഥകളും ചരിത്രവുമായി ബന്ധിപ്പിച്ചുള്ള രചനകളും പുറത്തുവന്നു. ഇതെല്ലാം ചരിത്രനോവൽ പ്രസ്ഥാനത്തിെൻറ ഭാഗമാക്കുകയായിരുന്നു നമ്മൾ ചെയ്തത്. ആ പ്രവൃത്തിയിലെ കുറ്റകൃത്യങ്ങൾ ആരും അന്വേഷിച്ചതായി അറിവില്ല. ചരിത്രം എന്നത് ഭൂതകാലത്തിെൻറ വാങ്മയമാണ്. അല്ലെങ്കിൽ ഭൂതകാലമാണ് ചരിത്രമായി നോവലുകളിൽ ഇടംപിടിക്കുന്നത്. ഭൂതകാലത്തിൽ സംഭവിച്ചിട്ടുള്ള അധികാരത്തിെൻറ കൈമാറ്റ വ്യവസ്ഥകളും കുറ്റകൃത്യങ്ങളും നഷ്ടബോധത്തിെൻറ പ്രശ്നങ്ങളും ആ കാലവ്യവസ്ഥ ഓർമപ്പെടുത്താതിരിക്കില്ല. അതുകൊണ്ട് ചരിത്രം നോവലായെഴുതുമ്പോൾ സ്വാഭാവികമായും അതിൽ നൊസ്റ്റാൾജിയ ഇടപെടാതിരിക്കില്ല. ഓർമകളായും സ്മരണകളായും ഇടപെടലുകളായും നോവലിലെത്തുന്ന ചരിത്രഭാവനകൾ സൃഷ്ടിക്കുന്ന പരിഷ്കാരങ്ങൾ എന്തെല്ലാമായിരിക്കും? ഭൂതകാലത്തെ അതിെൻറ സൂക്ഷ്മതയിൽ സ്വീകരിച്ച് വർത്തമാനവുമായി വിലയിപ്പിക്കുന്ന തന്ത്രം അതിലൊന്നാണ്. നോവലിെൻറ ആന്തരികതയെ അത് സൂചിപ്പിക്കും. അത് സ്ഥലകാല ഗൃഹാതുരത സൃഷ്ടിക്കുന്നതാണ്. ചുരുക്കിപ്പറഞ്ഞാൽ, ചരിത്രനോവലുകളുടെ പാരായണ രസം ചരിത്രത്തിെൻറ വസ്തുതാപരമായ രേഖപ്പെടുത്തലല്ല, മറിച്ച് ഒരു നീറ്റലായി മാറുന്ന നോവലിലെ ഹിസ്റ്റോറിക്കൽ നൊസ്റ്റാൾജിയയാണ്. പുതിയകാലത്തെ ചരിത്രനോവലുകൾ ഈ സ്ഥിതിയെ പരിരക്ഷിക്കുന്നുണ്ടോ? ആ അന്വേഷണം ബോധ്യപ്പെടുത്തിയ ചില കാര്യങ്ങളിലേക്ക് വരാം.
ജീവചരിത്ര സ്വഭാവമില്ലാതെ തന്നെ വ്യക്തിചൈതന്യം നോവലിൽ വന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. മനോജിെൻറ സത്യവാഗീശ്വരൻ, എം. നന്ദകുമാറിെൻറ കാളിദാസെൻറ മരണം, കെ.വി. അജയകുമാറിെൻറ കാളിദാസൻ തുടങ്ങിയ കൃതികൾ പൊടുന്നനെ മനസ്സിലേക്കെത്തുന്നു
'സതി' എന്ന ഹിന്ദുമതാചാരത്തെക്കുറിച്ച് നാം വളരെ കേട്ടിരിക്കുന്നു. സംസ്കാരത്തിലെ ഒരു ബാധയായിരുന്നല്ലോ 'സതി' ആചാരം. ആ ചരിത്രസംഭവത്തെ-ജീവിതത്തിലെ വലിയ തിന്മയെന്ന് പറയാം- ആധാരമാക്കി എഴുതിയ ഒരു നോവൽ വായിക്കുകയുണ്ടായി. നോവലിന് ആധാരമായ ഇതിവൃത്തം ലഭിച്ച ഉറവിടമേതെന്ന് ഞാൻ ആരായുകയും ചെയ്തിരുന്നു. നോവലിസ്റ്റ് ചൂണ്ടിക്കാണിച്ചത് ഒരു ചരിത്രലേഖനമാണ്. അതിലെ ആശയം ഉൾക്കൊണ്ട് പൂർണമായും സങ്കൽപിച്ചെഴുതിയതാണ് തെൻറ കൃതിയെന്ന് അയാൾ പറയുന്നു. വാസ്തവത്തിൽ കഥാസന്ദർഭം നോവലിസ്റ്റിെൻറ അനുഭവമല്ല. കഥാപാത്രങ്ങൾ വിഭാവനം ചെയ്തതാണ്. ആ കഥാപാത്രങ്ങൾ മുന്നോട്ട് വെക്കുന്ന ജീവിതവും സ്വഭാവങ്ങളും സന്ദർഭങ്ങളുമെല്ലാം ഭാവനാപ്രക്രിയയായതിനാൽ, നോവലിെൻറ ചരിത്രം നിലനിൽക്കുക ആ ഭാവനയുമായി ബന്ധപ്പെട്ടാകുമല്ലോ. ചരിത്രാധികാരമായി ആ യാഥാർഥ്യത്തെ തെറ്റി വായിക്കുകയും ചെയ്യുന്നു. പ്രശ്നം നോവൽ രചയിതാവിേൻറതാകുന്നു. താൻ നിർമിക്കുന്നത് ഒരു ഫിക്ഷനാണ് എന്നും ചരിത്രമല്ല എന്നും അയാൾ അറിയേണ്ടതാണ്. ചരിത്രത്തിന് അയാൾ കൊടുക്കുന്ന പ്രാധാന്യംകൂടി കണക്കിലെടുത്ത് വേണം നോവലിെൻറ ഫിക്ഷനൽ ഘടനയെ പരിശോധിക്കേണ്ടത്. ഫിക്ഷന് മീതെ ചരിത്രം നിലനിൽക്കില്ല. എന്നാൽ നോവലിെൻറ നിർമാണം ഒരു ചരിത്രനിർമിതിയിലേക്ക് വഴിമാറുന്നതും ഫിക്ഷൻ ശിഥിലമാവുന്നതും പുതിയകാലത്തെ ചരിത്രനോവലുകളുടെ ഒരു പ്രത്യേകതയായി മാറിയിരിക്കുന്നു. ഏതെങ്കിലുമൊരു ചരിത്രപുരുഷനെയോ, പ്രാദേശികചരിത്രത്തേയോ പ്രമേയമാക്കി നോവലുകളുടെ രചന നിർവഹിക്കുന്നവർ ഫിക്ഷനെ ഏത് മട്ടിൽ സ്വീകരിക്കുന്നു എന്നത് പ്രധാനമാണ്. അവർ ചരിത്രത്തെ അപ്രധാനീകരിക്കുന്നില്ല. ഫിക്ഷനെ കുറച്ചുകാണുന്നു എന്നതാണ് നമ്മുടെ കൺമുമ്പിലുള്ള വസ്തുത. ചരിത്രവും നോവലും ഏതൊരു ബിന്ദുവിലാണ് ലയം കൊള്ളേണ്ടത്? അത് മനസ്സിലാക്കാതെ ചരിത്രത്തിലെ വളവുകളും തിരിവുകളും യാഥാർഥ്യങ്ങളും ഫിക്ഷനല്ലാതെ പോകുന്നതിലെ ദുരന്തം ചരിത്രനോവൽ വായനയെ ഭംഗിയായി പിടികൂടുന്നുണ്ട്. ചരിത്രം ഒരു നോവൽഭാവനയായി പരിണമിക്കണം. പക്ഷേ, അത് സംഭവിക്കാതെ പോകുന്നതാണ് പൊതു യാഥാർഥ്യം. അതുപോലെ ആൾക്കൂട്ട പലായനങ്ങളും കുടിയേറ്റങ്ങളും അധികാരവാഴ്ചകളും ചരിത്രം തന്നെ. അതൊക്കെയാണ് ആനന്ദ് തെൻറ നോവൽ ശിൽപങ്ങളായി നിർമിച്ചെടുക്കുന്നത്. പക്ഷേ, നാമാരും ആനന്ദിനെ ചരിത്രനോവലെഴുത്തുകാരനായി വിലയിരുത്താറില്ല. ചരിത്രത്തിെൻറ വിഭാവനമാണ് നോവൽരൂപമായി ആകൃതിപ്പെടുന്നത്. വിഭാവനത്തിെൻറ ഒരു സൗന്ദര്യവും ആ നോവലുകൾ പ്രസരിപ്പിക്കുന്നുണ്ടാകണം.
ജീവചരിത്രനോവലുകളുടെ കാര്യത്തിലും ഇതേ നിലപാട് നാം സ്വീകരിക്കേണ്ടതല്ലേ? ഏതെങ്കിലും രീതിയിൽ പ്രശസ്തനാവുകയോ വ്യത്യസ്തമായ ജീവിതം പുലർത്തുകയോ ചെയ്തവർ ഇവിടെ കഥാപാത്രങ്ങളാകുന്നു. ഗാന്ധിയും ശ്രീനാരായണഗുരുവും കാളിദാസനും എന്നപോലെ. ജീവിതത്തെ മാതൃകകളാക്കിയ മറ്റു പലരും നോവൽ കഥാപാത്രങ്ങളായിട്ടുണ്ട്. നോവൽ രൂപത്തിൽ എഴുതുന്നത് അവരുടെ ജീവിതംതന്നെയാണ്. ഒരാളുടെ ജീവിതം ചരിത്രമായെഴുതുമ്പോഴും നോവലായെഴുതുമ്പോഴും ആഖ്യാനപരമായ വിഭിന്നതകൾ പ്രകടിപ്പിക്കാതിരിക്കാനാവില്ല. ആ വിഭിന്നതകളെ ആശ്രയിച്ചാണ് ഒരു ജീവിതചരിത്രനോവലിനെ നിർവചിക്കേണ്ടത്. സാധാരണ മനുഷ്യനല്ല ജീവിതത്തിൽ ചിലത് ചെയ്തവരെയാണ് കഥാപാത്രങ്ങളായി സ്വീകരിക്കുക. ചരിത്രപുരുഷന്മാരും വരാം. ഗാന്ധിയും ശ്രീനാരായണഗുരുവും കാളിദാസനും നോവൽ വിഷയമാകുന്ന അവസരത്തിൽ തന്നെ സമൂഹത്തിലെ പ്രവർത്തനംകൊണ്ട് ശ്രദ്ധിക്കപ്പെട്ടവരും കഥാപാത്രങ്ങളാകും. ജീവിതത്തെ ചരിത്രമാക്കിയവരും ഒഴുക്കിൽനിന്ന് മാറിനടക്കുന്നവരും നോവലിൽ വന്നിട്ടുണ്ട്. ഇവരുടെ ജീവിതത്തിലെ ചരിത്രസംഭവങ്ങളായിരിക്കും ഒരു ജീവചരിത്രകാരൻ ശ്രദ്ധിക്കുക. ഒരു നോവലിസ്റ്റാകട്ടെ ആ ചരിത്രത്തോടൊപ്പം കഥാസ്വഭാവമുള്ള അനുഭവരേഖകളും ഉൾക്കൊള്ളുമെന്ന് ഉറപ്പ്. ശ്രീനാരായണഗുരുവിെൻറ ഏതെങ്കിലും ഒരു ജീവചരിത്രവും കെ. സുരേന്ദ്രെൻറ 'ഗുരു' എന്ന നോവലും താരതമ്യം ചെയ്ത് വായിച്ചാൽ ആ വ്യത്യാസം തിരിച്ചറിയാൻ കഴിയും. ജീവചരിത്ര സ്വഭാവമില്ലാതെ തന്നെ വ്യക്തിചൈതന്യം നോവലിൽ വന്നതിനും നിരവധി ഉദാഹരണങ്ങളുണ്ട്. മനോജിെൻറ സത്യവാഗീശ്വരൻ, എം. നന്ദകുമാറിെൻറ കാളിദാസെൻറ മരണം, കെ.വി. അജയകുമാറിെൻറ കാളിദാസൻ തുടങ്ങിയ കൃതികൾ പൊടുന്നനെ മനസ്സിലേക്കെത്തുന്നു. ഈ കൃതികളുടെ വിശദാംശങ്ങളിലേക്ക് പോകാൻ ഈ സന്ദർഭം ഞാൻ ഉപയോഗിക്കുന്നില്ല. ജീവിതത്തിെൻറ സങ്കൽപചരിത്രം ആവിഷ്കരിക്കുന്നതിലും ആത്മീയതയിലൂടെ ജീവിതത്തിെൻറ പരിമിതികളെ മറികടന്ന് ഫിക്ഷൻ രൂപപ്പെടുത്തിയവരിലും ശ്രദ്ധിച്ചവർ കാണും. തത്ത്വചിന്തയും ഭാവനയും ഇണങ്ങിക്കിടക്കുന്ന നോവലുകളും കാണും. യു.കെ. കുമാരെൻറ 'കണ്ടുകണ്ടങ്ങിരിക്കെ' എന്ന നോവൽ ഇവിടെ ചേർത്തു വായിക്കേണ്ടതാണ് എന്ന് തോന്നുന്നു. ആ നോവൽ ഒരു കഥാകാരെൻറ ജീവിതമാണ്. പൊതുസമൂഹം അയാളിൽനിന്നറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങൾ നോവൽ പറയുന്നു. പക്ഷേ, അതൊരു ജീവചരിത്രനോവലല്ല. സമകാലികനും എഴുത്തുകാരനുമായിരുന്ന ഒരു കഥാകാരനെ കഥാപാത്രമാക്കുന്ന യു.കെ. കുമാരൻ രചനയുടെ ശരിയായ മാർഗമോ തന്ത്രമോ അറിയാതെപോയിരിക്കുന്നു. ടി.വി. കൊച്ചുബാവയുടെ ജീവിതം പ്രതിരൂപാത്മകമായി മറ്റൊരു കഥാപാത്രത്തിലൂടെ പുനരവതരിപ്പിക്കുകയാണ്. മറ്റൊരു രചനാതന്ത്രം അദ്ദേഹത്തിന് സ്വീകരിക്കാമായിരുന്നില്ലേ എന്ന് ഞാൻ ആലോചിച്ചുപോയി. അങ്ങനെയെങ്കിൽ കൊച്ചുബാവ എന്ന് നോവലിന് പേരിടാമായിരുന്നു, കഥാപാത്രമായി കൊച്ചുബാവയും. കഥാപാത്രത്തെ മറച്ചുവെക്കേണ്ടിയിരുന്നുമില്ല. രചനയെ സർഗാത്മകമാക്കുന്ന തന്ത്രം വിസ്മരിക്കപ്പെട്ടതുമൂലം, നോവൽ പരാജയപ്പെട്ടു എന്നേ ഞാൻ പറയൂ. അതാണ് ശരിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.