തിയോക്രിറ്റസിന്റെ അജപാല കവിതയെ മാതൃകയാക്കി (പാസ്റ്റോറല്‍ പോയട്രി) വെര്‍ജിന്‍ എഴുതിയ കാവ്യമാണ് 'എക്ലോഗ്സ്'. ഒരു കൃഷിയിടം നടത്തിക്കൊണ്ടുപോകുന്ന രീതിയിലാണ് കവിതയെഴുതിയിട്ടുള്ളത്. അതിന് നാടന്‍ പ്രേമവും കവിതാ മത്സരവും ഗ്രാമീണ ജീവിതവും കൃഷിയും പള്ളിക്കൂടവും പിണക്കവുമെല്ലാം വരുന്നുണ്ട്. മാത്രമല്ല, വിളകളും കന്നുകാലികളും തേനീച്ചകളും കുതിരകളും ചിത്രശലഭങ്ങളും കൗതുകത്തോടെ ജീവിതത്തെ ആഘോഷമാക്കുന്നതിന്റെ മനോഹര ചിത്രങ്ങളുമുണ്ട്. മോഹനകൃഷ്ണന് കാലടിയുടെ കവിതകള്‍ വായിക്കുമ്പോള്‍ ഒരു സ്വപ്നത്തിലൂടെ നമ്മെ എക്ലോഗ്സിന്റെ ലോകത്തിലേക്ക് നടത്തിക്കൊണ്ടുപോകുന്നു. വായിച്ചു തീരുമ്പോഴേക്കും ആ കവിതയിലെ എപ്പോഴും സ്വപ്നം കാണുന്ന കഥാപാത്രമായ ഗാലസിന് കവിയുടെ സ്വപ്നസന്നിഭമായ സാദൃശ്യവും. കളകള്‍ വളരുന്ന കാവ്യ പൂന്തോട്ടത്തില്‍ എന്തെല്ലാമാണ് ഓടിക്കളിക്കുന്നത്. ഷഡ്പദങ്ങള്‍, ഓന്തുകള്‍, അരണകള്‍, ചിലന്തിയാശാന്‍, മേഞ്ഞുനടക്കുന്ന ആടും പശുക്കളും, പരാഗണം നടത്തുന്ന സര്‍പ്പങ്ങള്‍, പാലൂട്ടി വളര്‍ത്തുന്ന കീരികളും മരപ്പട്ടികളും എല്ലാം ആ കൃഷിയിടത്തില്‍ തിമിര്‍ക്കുകയാണ്. ഒരു ഫിഡിലിന്റെ സാന്ദ്ര സംഗീതം ചെവിയോര്‍ത്താല്‍ നമുക്കനുഭവിക്കാം. (കളകളുടെ പൂന്തോട്ടം) അല്ലെങ്കില്‍ ഉമ്മറത്തിണ്ണമേലൊന്നു കിടന്നാല്‍ കാറ്റത്തു കൈവിട്ടു കയറിവന്ന ഓർമകളിലൂടെ തിരിച്ചു പറന്നുപോകാന്‍ കഴിയും ('ഉച്ചമയക്കം' എന്ന കവിതയിലെ ആശയം). ഇവയൊെക്ക നമുക്കു ബഷീറിന്റെ കഥാപരിസരമോ ആശാന്റെ പ്രകൃതിയാകുന്ന കവിതയോടോ വ്യാഖ്യാനിച്ച് താരതമ്യമടയാം. പക്ഷേ ഇത് കളകളുടെ (ആര്‍ക്കും വേണ്ടാത്ത) സാമൂഹിക വര്‍ത്തമാനമാണ്. അവയില്‍ നിറയുന്നതാകട്ടെ വേദനയുടെ പരുത്ത ഭൂമികയുമാണ്.
'പാതിരാ പൂന്തോട്ടം' എന്ന കവിതയില്‍ എത്ര സ്വപ്നങ്ങളാണ് പൂത്തുവിടരുന്നത്. അതും ഒറ്റ രാത്രിയിലോ ഒറ്റയുറക്കത്തിലോ!
''ഇലകള്ക്കടിയില് ഒളിച്ചിരുന്ന മിന്നാമിനുങ്ങുകള്‍
തട്ടിക്കുടഞ്ഞു പാറി...
..............................
ഓരോ ഇലയില്‍നിന്ന്
ഓരോ ഇതളില്നിന്ന്
ഓരോ കല്ലില്‍നിന്ന്
ഓരോ സൗരഭ്യം ചിറകടിച്ചു.''
ജീവിതത്തെ അസാധാരണമാക്കാന്‍ അതിനായി ദിവസങ്ങളെ പിടിച്ചെടുക്കാനുമുള്ള കവിയുടെ നിതാന്തമായ ജീവിതാസക്തി. കാഫ്കേ ഒരിക്കല്‍ പ്രയോഗിച്ച രൂപകംപോലെ ഒരു കൂട് കിളിയെത്തേടി പറക്കുന്നു. പാതിരാവായിരിക്കുന്നു ഇനി നാം തിരക്കുകള്‍ക്കു വിട നല്കി തന്നിലേക്കിറങ്ങി ഒന്നു തല ചായ്ക്കണം, സ്വപ്നങ്ങള്‍ നക്ഷത്രങ്ങളായി വിടരട്ടെ.
കവിയുടെ പള്ളിക്കൂട കവിതകള്‍ അതിപ്രസിദ്ധമാണല്ലോ, കുഞ്ഞുങ്ങളുടെ ഹൃദയത്തിലേക്ക് നിഷ്കളങ്കമായ കുസൃതിയോടെ കടലാസു തോണിയൊഴുക്കിയ 'പാലൈസ്'
''സ്ലെയിറ്റേ, സ്ലെയിറ്റേ
പെന്‍സിലേ, പെന്‍സിലേ''
ചെമ്മണ്‍പാതയിലൂടെ ഓടിമറയുന്ന പാലൈസു വണ്ടിയുടെ പിന്നാലെ ഓടിപ്പോയതിന്റെ ധൂളികള്‍ ഇന്നും നമുക്കു കണ്ണുനീറ്റുന്നു. ബാല്യവേദനയുടെ ഭാഷ ബാല്യമായിത്തീരുന്നതിന്റെ ആനന്ദം (ആനന്ദമെന്നാല്‍ സന്തോഷമല്ല, നന്ദമില്ലാത്ത അവസ്ഥ).
മോഹനകൃഷ്ണന് കാലടി
''ഈ പ്ലേറ്റായ പ്ലേറ്റൊക്കെ കഴുകിെവച്ചില്ലെങ്കില്,
ഈ പാത്രത്തിലൊക്കെ വെള്ളം നിറച്ചില്ലെങ്കില്‍,
അവരൊക്കെകൂടി
എന്നെ
സമ്മന്തിയരയ്ക്കില്ലേ.''
മലയാളത്തില്‍ ഇത്രത്തോളം പള്ളിക്കൂട കവിതകള്‍ എഴുതിയ മറ്റേതൊരു കവിയുണ്ട്? വാസ്തവത്തില്‍ ഇങ്ങനെയൊരു പ്രസ്ഥാനം തന്നെ മലയാളത്തില്‍ ആരംഭിക്കേണ്ടതല്ലേ. അതിന്റെ കര്‍ത്തൃസ്ഥാനത്ത് വൈലോപ്പിള്ളിയെയും ഇടശ്ശേരിയെയും അവരോധിക്കുകയും ആവാം. പൂർവകാലങ്ങളിലെ അത്തരം കവിതകള്‍ നമ്മുടെ കവിതാവായനയുടെ ക്ലാസ് മുറിയിലെ 'ബോര്‍ഡില്‍ വരച്ചിട്ട ആന'യായി അവശേഷിക്കുന്നു. ഇനിയും 'തോര്‍ച്ച'യില്ലാതെ അവ തുടരുന്നുമുണ്ട്. മഴപൊട്ടന്‍, പാലൈസ്, മിനുക്കം എന്നീ പുസ്തകങ്ങളില്‍ ഈ സ്കൂള്‍ മുറ്റവും അതിന്റെ കേളികളും പൂക്കളും പൂത്തുനില്‍ക്കുന്നുണ്ട്. പക്ഷേ ഇറവെള്ളത്തില്‍ കാലൂന്നിത്തണുക്കും മുന്‍പേ ആ കടലാസുതോണി ചിറകടിച്ചുയരുകയാണ്.
മോഹനകൃഷ്ണന് കാലടിയുടെ നവീന കവിതകളില്‍ കാലാനുസൃതമായി ഉണ്ടായ ഭാവുകത്വവ്യതിയാനങ്ങളുടെ തോത് അടയാളപ്പെടുത്തേണ്ടതാണ്. തന്നെത്തന്നെ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ കവി ശ്രമിക്കുന്നുണ്ട്. ആതുരതയും ദുരിതവും അനാരതം പെരുകുന്ന വര്‍ത്തമാനത്തില്‍ കവിയുടെ അഹംബോധത്തിലുണ്ടാകുന്ന അസ്വസ്ഥ ചിന്തകള്‍ അതുവഴി സാങ്കേതികത്വത്തിന്റെ ഭാഷാപരതയിലുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിവ സ്വാഭാവികമായേ നമുക്കു കാണാന്‍ കഴിയൂ. എന്നു മാത്രമല്ല അത് സാഹിത്യത്തെ സംബന്ധിച്ച് അനിവാര്യവുമാണ്. നെരൂദ ഒരിക്കലെഴുതി:
എനിക്കിനിയും
ഇരുട്ടില്‍ ഒരു വേരുപോലെ
കഴിയാന്‍ വയ്യ
ഒരു വേരായി, ഒരു ശവക്കല്ലറയായി
തുടരാനെനിക്കു വയ്യ
എം.എന്‍. വിജയന് 'കുടിയൊഴിക്കലി'ന്റെ നിരൂപണത്തില്‍ പറഞ്ഞത് ഇവിടെയും പ്രസക്തമാവുകയാണ്. കവിത മണ്ണിനടിയില്‍നിന്നും ഉയരുന്ന ശബ്ദമാണ്. അന്തര്‍വാഹിനിയായ സരസ്വതിയാണ്. രാത്രിയുടെ ഭാഷയാണ്. പൂർവകവിതാവേദനയില് അഭിരമിക്കുന്ന ഈ കവിക്കും മറ്റൊന്നാകാന്‍ കഴിയില്ല. ഹരിതഗന്ധങ്ങള് വമിക്കുന്ന അവസാനിക്കാത്ത ഇലകളുള്ള ഈ കവിയുടെ വേരുകള്‍ ആഴത്തില്‍ ഇറങ്ങിയിരിക്കുന്നു.
''നിറങ്ങളുടെ ക്രമം മാറിപ്പോയൊരു മഴവില്ല്
മനുഷ്യജീവിതമെന്നു മറുപേര്
സ്വരങ്ങളുടെ ഗണനം
തെറ്റിപ്പോയൊരു കരച്ചില്
(നിറങ്ങളുടെ ക്രമം മാറിപ്പോയൊരു മഴവില്ല്).
അവ്യവസ്ഥിതവും അവിക്രമവും ആയി സ്വരങ്ങളുടെ ഗണനം തെറ്റിപ്പോയ കരച്ചില് ജീവിതത്തിന്റെ വിസ്മയാവഹമായ അവിച്ഛിന്നതകളോട് കൂട്ടിയിണക്കിയിരിക്കുന്നു. വെര്‍ജിന്‍ എഴുതിയതുപോലെ വിഷാദം വാക്കിനെ തരുന്നു. നിർവചനങ്ങളുടെ ധാരാളിത്തം എപ്പോഴും അതിന്റെ അനിർവചനീയ സ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. നിറങ്ങളുടെ ക്രമം മാറിപ്പോയ മഴവില്ല് എന്ന് ജീവിതാശയത്തെ ക്രമപ്പെടുത്തിയത് ഭാവുകത്വപരമായ പുതുമ മാത്രമല്ല. നിറവിസ്മയങ്ങളുടെ ജനിതകതക്കപ്പുറമുള്ള അപ്രതീക്ഷിത ദുരന്തങ്ങളുടെ ആവിഷ്കാരംകൂടിയാകുന്നു. പലവർണ ചിത്രങ്ങള്‍ മാറിമാറി പ്രദര്‍ശിപ്പിക്കുന്ന ഒരു ദുരന്തചലച്ചിത്രമായി ജീവിതത്തെ കാട്ടിത്തരുന്നു.
ജീവിതാഴങ്ങളിലെ ഖനീതടങ്ങളില് അനുഭവങ്ങളുടെ തീക്ഷ്ണതകളിലേക്ക് കറുത്തുപോയ മനുഷ്യ നിയതികളോട് കവി ഹൃദയംകൊണ്ട് സാത്മ്യം പ്രാപിക്കുന്നു.
''കല്ല് പണ്ടൊരു തുമ്പിയായിരുന്നു
കല്ലെടുത്ത് കല്ലെടുത്ത്
കല്ലായിപ്പോയതാണ്.
ചിറകുകള് കല്ലിനുള്ളിലാണ്
കല്ലെടുപ്പിച്ച കുട്ടി ഞാനാണ്
കല്ലുെവച്ച നേരാണ്.''
സ്വപ്നസമാനമായ സൗന്ദര്യാനുഭൂതികള്‍ നിറയ്ക്കുന്ന ഗൃഹാതുരത്വ സ്മരണകളിലും ബഹുരൂപ സാമൂഹികചലനങ്ങളെയും അവയുടെ ഖിന്നമായ അവസ്ഥകളെയും കവി അടയാളപ്പെടുത്തുന്നു. ഒരാളുടെ മൗലികമായ പൂർവാനുഭവം ഓര്‍ത്തെടുക്കുമ്പോള്‍ ആദ്യമെത്തിച്ചേരുന്നത് തങ്ങളുടെ പള്ളിക്കൂടത്തിലാണ്. (അത്തരം കവിതകളെക്കുറിച്ച് നേരത്തേ പരാമര്‍ശിച്ചിട്ടുണ്ട്.) അതിന്റെ ലാവണ്യത്തിനപ്പുറത്തേക്ക് യാഥാർഥ്യം ചുട്ടുപൊള്ളിക്കുന്ന നീറ്റലായി തീരാറുമുണ്ട്. ഈ യുക്തിബോധ്യങ്ങളെ സാഹിത്യേതരം എന്ന് നാം വിലയിരുത്തേണ്ടതില്ല. കൽപറ്റ നാരായണന് തന്റെ 'സ്കൂള്‍'എന്ന കവിതയില്‍ എഴുതി ''പരിശീലിക്കപ്പെടുമ്പോള്‍ നായ നായയല്ലാതാകുന്നു.''
''ഉസ്കൂളില് ചേരുന്നതിനു മുന്‍പേ
അക്ഷരങ്ങളെ പരിചയമുണ്ടായിരുന്നു
അക്കങ്ങളേയുമറിയാമായിരുന്നു.''
സ്കൂള്പരിസരങ്ങളെ സജീവമാക്കുകയും സചേതനമാക്കുകയും ചെയ്യുന്ന 'ഭ്രാന്തന് കവി വിദ്യ,' പുഷ്പിത ചെടികളില്‍ പറ്റിയിരിക്കുന്ന പൂമ്പാറ്റകള്‍ മൃദു സ്പര്ശമേല്ക്കുമ്പോള് പറന്നുപോകുന്ന സ്വാഭാവികതയോടെ അവതരിപ്പിക്കുന്നു. ''ഓടിന്റെ മണ്ടപൊട്ടി ചോര വന്നത്?'', ''ചോര കണ്ട് വരാന്തയിലെ തൂണ് തലചുറ്റി വീണത്'', ''ടീച്ചര്‍ ഇപ്പോഴും രണ്ടില്‍ തന്നെ'' പഠിക്കുന്നതിന്റെ (കൽപറ്റ നാരായണന്റെ വരി) വര്‍ത്തമാന വിധികളെ വരാനിരിക്കുന്ന ഭാവനാദരിദ്രമായ ഒരാള്‍ക്കൂട്ടത്തിന്റെ സൃഷ്ടിക്കായി വീഥിയൊരുക്കുകയാണെന്നും കവി ആകുലതപ്പെടുന്നു.
പോയിനാമിത്തിരി വ്യാകരണം
നാവിലാക്കീട്ടു വരുന്നു മന്ദം
നാവില്‍നിന്നപ്പൊഴേ പൊയ്ക്കഴിഞ്ഞു
നാനാജഗനോരമ്യഭാഷ
ഇടശ്ശേരി പള്ളിക്കൂടത്തിലേക്ക് വീണ്ടും പോയതിനേക്കാള്‍ ഭീതിദമാണ്.
പ്രപഞ്ചത്തിലെ ഓരോ വസ്തുവിലും അനുരാഗത്തിന്റെ ശോണവർണം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പാഷാണൗഷധി പക്ഷിമൃഗാദികള്‍ പലപല വടിവുകളില്‍ പേശലമല്ലൊരുവസ്തുവും പ്രേക്ഷകനിെല്ലന്നാല് (ഉള്ളൂർ-േപ്രമസംഗീതം). ആ പ്രണയഗീതകം കരയാതിരുന്നാല്‍ കാതോര്‍ത്ത് കേള്‍ക്കാം. ചിരിയും കരച്ചിലും ചേര്‍ന്നൊരു പാട്ട്. കാല് നിമേഷമെങ്കിലും നാം നിശ്ശബ്ദരാകണം ആ പാട്ട് കേള്‍ക്കാന്‍. ഭൂമിയിലെ സകല ജീവജാലങ്ങളും വളരുന്നത് ആ പ്രണയശോണിമയെ എത്തിപ്പിടിക്കാനാണ്. സായന്തനത്തില്‍ പക്ഷികള്‍ കൂടണയുംപോലെ അനുഭൂതിസാന്ദ്രമായ ആലയത്തിലേക്കുള്ള വഴി മറന്നുപോയ മേഘങ്ങള്‍ പക്ഷികളെ നോക്കി അസൂയപ്പെടുകയാണ്. 'മസ്നവി'യിലെ റൂമിയുടെ ചിന്ത പോലെ പ്രണയത്തിന്റെ മൂകഭാഷ നാവിന്റെ വാചാലതയെ പരാജയപ്പെടുത്തുകയാണ്. അനുരാഗാത്മകതയും ഗുപ്തവുമായ കവിയുടെ യോഗാത്മക കാവ്യസിദ്ധി നിരവധി കവിതകളില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. നിശ്ശബ്ദത, ക്യൂബ്, മുന്നന്തി, വീടുകള്‍, പിതൃദാഹം എന്നിവ അവയില്‍ ചിലതാണ്. റെയിന്‍കോട്ട് എന്ന തന്റെ പ്രണയകവിതാസമാഹാരത്തിലും ഇത്തരം മിസ്റ്റിക് ഭാവങ്ങള്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. പ്രണയമെന്നാല്‍ കേവലമായ സ്ത്രീപുരുഷാനുരാഗമല്ലെന്ന് കവി പറയുന്നു. ആത്മീയോല്‍കര്‍ഷത്തിന്റെ എത്ര പാസഞ്ചറുകളാണ് ആ പാളത്തിലൂടെ ഓടിമറഞ്ഞത്.
''വന്നുപോകുന്ന തീവണ്ടികളെയും
വരാനിരിക്കുന്ന തീവണ്ടികളെയും
കൂവിത്തോല്‍പ്പിച്ച് കൂവിത്തോല്‍പ്പിച്ച്,
കാക്കത്തൊള്ളായിരം കാളവണ്ടികള്‍
കൂട്ടിഘടിപ്പിച്ച കാലത്തിനെ
കടന്നുപോകാന്‍ അനുവദിക്കുക
കടന്നുപോകാന്‍ അനുവദിക്കുക...''
എങ്കിലും ഇതൊന്നും ഭൗതികേതരമായ ആത്മീയവൃത്തിയുമല്ല. അല്ലെങ്കിലും ആത്മീയതയും ഭൗതികതയും പരസ്പരം പോരടിച്ചു നില്ക്കുന്ന ഒന്നല്ലല്ലോ. അതുകൊണ്ടു തന്നെ അത് കേവലയുക്തികളുടെ അവബോധത്തില്‍നിന്നും ഭിന്നവുമാണ്. എല്ലാം പകുത്തെടുക്കുമ്പോള്‍ മനുഷ്യത്വത്തെ കവി ഏറ്റെടുക്കുകയാണ്. അത് മനുഷ്യരൂപത്തില്‍ ദൈവത്തെ സൃഷ്ടിച്ച് ഇതരജീവിവർഗത്തോട് നന്ദികേട് കാട്ടിയ സാങ്കേതിക മര്ത്യാവബോധമല്ല. പങ്കുവെക്കലും പങ്കിട്ടെടുക്കലും വിരുദ്ധമാണ്. 'പശുജന്മം' എന്ന കവിതയില്‍ ഈ പങ്കിട്ടെടുക്കലിനെ കവി പരിഹാസപൂർവം അവതരിപ്പിക്കുന്നു. തന്റെ രാഷ്ട്രീയ പക്ഷപാതം ഉറപ്പിച്ചു നിര്‍ത്തുന്നു. അത് കേവലം പങ്കിട്ടെടുക്കലിന്റെ രാഷ്ട്രീയമല്ല. പങ്കിട്ടെടുക്കുന്നതിന്റെ വേദനയും ആള്‍ക്കൂട്ടം നീതി നിശ്ചയിക്കപ്പെടുന്നതിന്റെ അമര്‍ഷവും പശുജന്മത്തിലുണ്ട്.
''പശുവിനെ കൊല്ലരുതെന്ന് ഒരു കൂട്ടര്
കൊല്ലുമെന്ന് മറുകൂട്ടര്‍
നറുക്കെടുത്ത് നിശ്ചയിക്കാമെന്ന് മധ്യസ്ഥര്‍
നാളെയാകാമെന്ന്...
കാട്ടുവഴിയുടെ അങ്ങേത്തലക്കല്‍
അവരെ കാത്തുനില്‍പ്പുണ്ടായിരുന്നു.
അവരുടെ സ്വന്തം പുലിയമ്മ.''
മോഹനകൃഷ്ണന് കാലടിയുടെ കവിതകള്‍ പുനര്വായിക്കുമ്പോള് ഒന്നില്‍പോലും സത്താപരമായ ഏകീയഭാവം ഇല്ല (ചില പള്ളിക്കൂട കവിതകള്‍ രൂപത്തില്‍ അങ്ങനെ അനുഭവപ്പെടുമെങ്കിലും). ഓരോ കവിതയും ആന്തരികവൈരുധ്യങ്ങളുടെയും പ്രശാന്തമായിരിക്കുമ്പോഴും അശാന്തിയുടെ തീവ്രാസ്വസ്ഥതകളുടെയും ഇടമാണ്. നാട്ടുവെളിച്ചത്തില്‍ നടവഴികള്‍ തെളിയുമ്പോഴും നഗരനിഴലുകളുടെ മങ്ങിയ പാതവിളക്കുകള്‍ കത്തുന്നുണ്ട്. ഒരു ഗാഢയുറക്കത്തിന്റെ തീക്ഷ്ണതയില്‍ വന്യസ്വപ്നങ്ങള് കണ്ട് അവയിലൂടെ നിഗൂഢമായ മരണവേദനയില്‍ അഭിരമിക്കാവുന്ന തീവ്രാവേശങ്ങളും ഈ കവിയുടെ ഓരോ പുതുകവിതകളിലുമുണ്ട്. വര്‍ത്തമാനത്തെ തുറന്നുെവച്ചിരിക്കുന്ന കവിയുടെ പുതിയ കവിതകള്‍ വായിക്കുമ്പോള്‍ കവി സച്ചിദാനന്ദന് തന്റെ ഒരു കവിതയില്‍ എഴുതിയതുപോലെ
''കവിതയിലെ ഇലകള്‍ ശരിക്കും അനങ്ങുന്നുണ്ട്
കിളികള്‍ ശരിക്കും കരയുന്നുണ്ട്
പ്രണയത്തിന് ഉടലുകളുണ്ട്.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.