മറുമനസ്സിലേക്കുള്ള സഞ്ചാരമാർഗങ്ങള്‍ നിഗൂഢവും ദുർഗമവുമാണ്. നാവുകൊണ്ട് വാക്കുകളെ ചെത്തിച്ചെത്തി, വെട്ടിയൊതുക്കി ചെന്നെത്തേണ്ട ഒരു കൂപനിർമാണ വേലയായാണ് പി.എസ്. മനോജ്കുമാര്‍ ആ സഞ്ചാരത്തെ കാണുന്നത് (അതിരുകള്‍/പ്രാർഥനകള്‍ മുറിയുന്നിടം). ഭൂമിയുടെ ഉള്ളറകളിലെവിടെയോനിന്ന് കിനിഞ്ഞുവരുന്ന ഒരു ഉറവ. ബാബേലില്‍ പിരിഞ്ഞ ഉറ്റവരെപ്പോലെ വാക്കുകളറ്റ ഒരു കാലത്തിന്റെ ഉത്കണ്ഠകള്‍ സ്വാഭാവികമായി ഈ കവി പേറുന്നു (വാക്കുകള്‍/പ്രാർഥനകള്‍ മുറിയുന്നിടം). ഒന്നും അലട്ടാത്ത, സ്വാസ്ഥ്യം കെടുത്താത്ത, പരിഭ്രമിപ്പിക്കുകയോ വിസ്മയപ്പെടുത്തുകയോ ചെയ്യാത്ത കാലത്ത് വാക്കുകളും ഉളുപ്പുകെട്ട് നോക്കുകുത്തികളാകുന്നു. ഇത്തരം വാക്കുകൊണ്ട്, പ്രത്യേകിച്ച് നുണ പറഞ്ഞു പറഞ്ഞ് മങ്ങിയ വാസ്തവാനന്തരകാലത്തെ വാക്കുകള്‍കൊണ്ട് കവിക്ക് കാലത്തിന്റെ നേരുകളെ, നീതിയെപ്പറ്റി പറയാനും പ്രയാസം. ഈ വെല്ലുവിളികളെ എങ്ങനെ കവി നേരിടുകയും അതിജീവിക്കുകയും ചെയ്യുന്നു എന്നത് അയാളുടെ കവിതയെ നിർണയിക്കുന്നു. എവിടേയും ആടുന്ന വാലുകളല്ല, എതിര്‍ക്കുന്ന നാവാണ് മനോജ്കുമാറിന്റെ വാക്കുകളിലെ സർഗാത്മക പ്രകൃതിയാകുന്നത്.
നേരിടലിന്റെ, എതിര്‍പ്പിന്റെ ഒരു രീതിശാസ്ത്രം അവ വിശദീകരിക്കുന്നുണ്ട്. നിലപാടുകളുടെ, ജീവിതത്തിനുമേലുള്ള നോട്ടങ്ങളുടെ വിശദീകരണംകൂടിയാണത്.
അധികാരത്തിന്റെയും വ്യവസ്ഥകളുടെയും ഭരണകൂടങ്ങളുടെയും ഭീമന് ചവിട്ടടികളിലമര്ന്ന ജീവിതങ്ങളുടെ നിലവിളികള്‍ ഈ കവിതകള്‍ കുഴിച്ചെടുക്കുന്നു. ഉള്ളിലമര്‍ന്നുപോയ മുഴക്കങ്ങള്‍ പുറത്തുവന്ന് പൊട്ടിത്തെറിക്കുന്നു. മനുഷ്യന് നീതിയും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട ഇടങ്ങളിലേക്കൊക്കെ ഈ ഒച്ചകള്‍ പായുന്നു. അഗാധമായ ചരിത്രബോധവും ജീവിതബോധവും അതുണ്ടാക്കുന്ന ഉള്‍ക്കാഴ്ചയുമാണ് കവിതകളെ ഇത്രമേല്‍ രാഷ്ട്രീയമാക്കുന്നത്. ഒരുപക്ഷേ പ്രതികരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയങ്ങളില്‍ മൗനംപാലിച്ചോ എന്നൊരു കുറ്റബോധംകൊണ്ടുമാവാം, ജീവിതം അതിന്റെ ഏറ്റവും ദുസ്സഹമായ അവസ്ഥകളിലൂടെ അലറിപ്പായുമ്പോള് ഉറക്കെ ഉറക്കെ ഈ കവി ചിലത് വിളിച്ചുപറയുന്നത്.
കഥകള്‍ താണ്ടിവരുന്ന മുഴക്കങ്ങള്‍
കഥയായും സംവാദമായും പറച്ചിലിന്റെ നാനാഭേദങ്ങള്‍ ഈ കവിതകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പിറുപിറുപ്പിലും കൂടി ഓർമകള്‍ പൂത്തുനിന്ന മുത്തശ്ശിമാരുടെ കഥ പറച്ചിലിലും തലമുറകള്‍ക്ക് മാനവികതയുടെ പാഠങ്ങള്‍ കൈമാറിയ ചരിത്രമുണ്ട്. പറയുന്നവരെയും കേള്‍ക്കുന്നവരെയും ഇണക്കിനിര്‍ത്തുന്ന ജൈവികതയുടെ ഒരു കണ്ണി. ചരിത്രത്തില്‍ ഇല്ലാതായവരുടെ, ഭൂപടങ്ങളില്‍നിന്ന് ഊരും പേരും മായ്ക്കപ്പെട്ടവരുടെ കഥകളാണ് അതിസാദരമായി കവി മകള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ബൃഹദാഖ്യാനങ്ങളിലൊന്നും അവരില്ല. എന്നാല്‍ അവര്‍ സ്വയം ബൃഹച്ഛരിതങ്ങളാണ്. അവരുടെ കഥ പുതുതലമുറ കേള്‍ക്കണം, കാലാന്തരത്തിലേക്ക് പകരണം. തറഞ്ഞുപോയ വിശ്വാസങ്ങളെ പറിച്ചെറിയണം. അതിനായി കവി ഓർമയില്‍നിന്നും ചരിത്രത്തില്‍നിന്നും അവരെ പരതിയെടുക്കുന്നു. കഥ തീര്‍ന്നാല്‍ കഴുത്തില്‍ വാള് പതിക്കും എന്ന ഭയത്തിനും ജീവോന്മാദത്തിനും ഇടയില്‍ കഥകള്‍ പറഞ്ഞുകൊണ്ടേയിരുന്നവര്‍, പറഞ്ഞു തീരാത്ത കഥകള്‍ക്കുവേണ്ടി അനേകം ജന്മങ്ങള് ജനിച്ചവര്‍, ജന്മങ്ങള് ഹോമിച്ചവര്‍-ഒക്കെ കവിയെ പ്രലോഭിപ്പിക്കുന്നു. കഥ പറഞ്ഞുപോകെ ദേശകാലങ്ങള്‍ കലങ്ങുന്നു. എല്ലാ ദേശങ്ങളിലും നിന്ന് എല്ലാ കാലത്തുനിന്നും അവര്‍ വരുന്നു. ഭൂമിയില്‍ എവിടെയും ഇടമില്ലാതെ അരികുകളില്‍ കൂഞ്ഞു നടന്നവര്‍. ഈ കഥകളില്‍ അവര്‍ നീണ്ടു നിവര്‍ന്നു നടക്കുന്നു. വര്‍ത്തമാനകാല ദുരിതങ്ങളില്‍ ആണ്ടുപോയ ഒരു ജനത ഇവരെക്കണ്ട് തങ്ങളായിത്തന്നെ തിരിച്ചറിയും. വർണഭേദമോ വംശഭേദമോ ജാതിഭേദമോ ഇല്ലാതെ ഇവരുടെ ചെറുത്തുനിൽപ് തലമുറകളിലേക്ക് പകരും.
മണ്ണില്‍ നിങ്ങള്‍ തീര്‍ത്ത/മഹത്ത്വങ്ങള്‍
ചിന്തിയ ചോര/കൊണ്ട അടി/കിട്ടിയ ആട്ടും തുപ്പും
ഓർമയായി ഇവളിലും കെടാതെ ജ്വലിക്കണം
ഇല്ല ഒരേടിലും നിങ്ങളെങ്കിലും
ഉണ്ടാവും ഓർമകളില്‍, ചൊല്ലില്‍
വീഴും കണ്ണീരില്‍ ചോരയില്‍/നിങ്ങളെന്നുമെപ്പോഴും
(കഥകളതിസാദരം)
പറച്ചിലിന്റെ അങ്ങേയറ്റത്ത് കവിത ഒരു പ്രവര്‍ത്തനമാകുന്നത് ഇങ്ങനെയാണ്.
സ്വന്തം ഭൂമിയില്‍നിന്നും അറിവുകളില്നിന്നും ആട്ടിയോടിക്കപ്പെട്ട്, എക്കാലവും അരികുകളില്‍ അലയുന്നവര്‍ ഉയിര്ത്തെഴുന്നേൽക്കുന്നതും ചെറുക്കാന്‍ തുടങ്ങുന്നതും മനോജ് കുമാറിന്റെ കവിതകളുടെ വലിയ പ്രതീക്ഷയാണ്. 'പെരുവിരല്പ്പുഴ' അത്തരത്തില്‍ ഒരു കവിതയാണ്. ഏകലവ്യനെത്തുടര്ന്നും കാലാകാലങ്ങളായി പെരുവിരലുകള്‍ അറുത്ത് മാറ്റപ്പെടുന്നുണ്ട്. മണ്ണിന്റെ മിടിപ്പില്നിന്ന് വാറ്റിയെടുത്ത് വിരലിലേക്കാവാഹിച്ച ജ്ഞാനത്തിന്റെ പൊരുളുകളും ഒപ്പം അറുത്തുമാറ്റപ്പെടുന്നു. ബൂരിഗംഗയില് അങ്ങനെ ഒഴുകി മറഞ്ഞത് പട്ടുനൂല്‍ നൂല്പ്പുകാരുടെ ഒരു വംശവും അവരുടെ അറിവുമാണ്. ഒരു സംസ്കാരം തന്നെ ഇല്ലാതാക്കുന്നവിധം. വിരലൊന്നു തെന്നാതെ നേര്‍ത്ത പട്ടുനൂല്‍ നൂല്ക്കുന്ന വിദ്യ അവര്‍ തലമുറകള്‍ക്ക് കൈമാറി. ഒരു കൊച്ചു കുമ്പളക്കുരുവില് ചുറ്റി ആ നൂല് ലോകം ചുറ്റുമ്പോള്‍ ഒരു വിത്തിന്റെ പടര്‍ച്ചയുടെ വിദ്യയും അവര്‍ കൈമാറി. ആ വിദ്യയാണ് ബ്രിട്ടീഷുകാരുടെ പീഡനവും കൊള്ളയും സഹിക്കാനാവാതെ അവര്‍ ബൂരിഗംഗയിലേക്ക് വലിച്ചെറിഞ്ഞത്. പിന്നീട് റായ്ഗഡുക്കളുടെ, രൂപാസ്പൂരിലും ത്സുന്തുരുവിലും ശങ്കര്ഭിഗയിലും ഖൈര്ലഞ്ചിലും ഉനയിലും പീഡിതരുടെ പരമ്പര തിടംവെച്ചൊഴുകി. അടിമത്തത്തിന്റെ വിരലുകള്‍ പകരം തുന്നിച്ചേര്‍ക്കപ്പെട്ടു. എങ്കിലും ഈ അടിസ്ഥാനവർഗവും അവരുടെ ദേശവും സംസ്കാരവും അന്യോന്യം പകരുന്ന വീര്യം അവരെ ഉയിര്‍ത്തെഴുന്നേൽപിക്കുമെന്നും, ആ വീര്യത്തിന്റെ മഹാസാഗരത്തില്‍ സകല പെരുവിരല്പ്പുഴകളും വന്നു ലയിക്കുമെന്നുമുള്ള വിശ്വാസത്തിലാണ് കവിത അവസാനിക്കുന്നത്.
വീണ്ടെടുക്കണം
വിരലറ്റ നേരം വിറയലോടെ കൈവിട്ടുപോയ
അധികാരം, അന്നം, മാനം/കാല്ച്ചോട്ടിലിളകിയ മണ്ണ്
ഉയരാത്തലകളിലെ മിഴിയാക്കണ്ണുകളില്
തെളിയാത്ത വിണ്ണുകള്‍.
വീണ്ടെടുക്കണം/കാടുകള്‍, കയങ്ങള്‍, കരകള്‍
അമ്മൂമ്മയപ്പൂപ്പന്മാര്‍, അച്ഛനമ്മമാര്‍
കിനാവുകള്‍ ഒളിപ്പിച്ചുവെച്ച
പാട്ടുകളിലെ മഹാപഥങ്ങള്‍.
ജനത, ജീവിതം, വീണ്ടെടുപ്പ് അഥവാ ജലം, മണ്ണ്, കാട്
മണ്ണും ജലവും കാടും ഭൂമിയുടെ ജൈവവൈവിധ്യങ്ങളത്രയും, ദേവതാത്മാക്കളായിട്ടാണ് മനോജിന്റെ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നവും അഭയവും നൽകുന്നവര്. ഭൂമിയുടെ കരുതല്ധനങ്ങളത്രയും കൊള്ളയടിച്ച് ബഹുരാഷ്ട്ര കുത്തകക്കമ്പനികളും അവര്‍ക്ക് അരുനിൽക്കുന്ന ഭരണകൂടങ്ങളും കാടുകള്‍ വെട്ടിവെളുപ്പിച്ചും മണ്ണ് തുരന്നും കുഴിച്ചും വയലും പുഴയും നികത്തിയും ഒഴുക്കുകള്‍ അണകെട്ടി തടഞ്ഞും അവര്‍ സ്വപ്നം കണ്ട സമത്വ സുന്ദരമായ സമതലഭൂമികളുണ്ടാക്കി. മനുഷ്യനടക്കം ജീവജാലങ്ങള്‍ അതിന്റെ തനതു വാസഭൂമികളില്നിന്ന് കുടിയിറക്കപ്പെട്ടു. സ്വന്തം മണ്ണില്‍ മനുഷ്യര്‍ അഭയാർഥികളായി.
ഭൂമിയുടെ ഓരോ അടരും/മറ്റൊരടരില്നിന്ന്
വേര്‍പെട്ടിരിക്കുന്നു
മരങ്ങളുടെ വേരുകള്‍/ഭൂമിക്ക് മുകളിലേക്കുയര്‍ന്ന്/
നീരു തേടുന്നു.
മണ്ണ് അഴുകിയിരിക്കുന്നു/ചീഞ്ഞ മണ്ണ്/
ചാവു ഘോഷിക്കുന്നു.
കുന്നിന് മുനമ്പില്‍നിന്ന്/താഴേക്കിരിക്കും ഭൂമി
ഉയരങ്ങള്‍ തകര്‍ന്ന് ആഴങ്ങള്‍ നികലും
ഉറച്ച മണ്ണില്‍ നിന്ന്/കുഴഞ്ഞ മണ്ണിലേക്കും
ഇടിയുന്ന ചെരുവിലേക്കും/ജീവനേയും ജനികളേയും
ആവര്‍ത്തിച്ചു തുരത്തുമ്പോള്‍
ശവങ്ങള്ക്കുമേല്/ശമിക്കും ഭൂമി-
ജലം, മണ്ണ്, മരണം എന്ന കവിതയില്‍ ആസന്നമായ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് ഭൂമിയുടെ അവശേഷിക്കുന്ന അന്തഃസത്ത ഉയിരാണ്ടുവന്നതുപോലെ രണ്ടാമത്തെ വൃദ്ധന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
വേദങ്ങളിലും മറ്റും പറയുന്നതുപോലെ അകൃഷീവലയെങ്കിലും ബഹുവിധ അന്നങ്ങള്‍ തരുന്ന കാടാണ് മനോജ് കുമാറിന്റെ കാവല്ക്കാടുകള്. പ്രകൃതിയും സർവചരാചരങ്ങളും ഈശ്വര ചൈതന്യവും പരസ്പരം ക്ഷേമകാരികളായി ജീവിതം പ്രസന്നമാക്കുന്ന ഇടം. കിഴക്കോറത്തെ കാവുപോലും ഇത്തരത്തില്‍ ഒരു കാവല്ക്കാടാണ്. ഒരിലപോലും അനങ്ങാത്ത, വണ്ണാത്തിപ്പുള്ളു വിഴുങ്ങുന്ന പുഴുക്കളുള്ള കാടല്ല, സര്‍പ്പക്കാടുകള്‍. അവ പരസ്പരമുള്ള സമ്പര്‍ക്കത്തിന്റെ, കരുതലിന്റെ, അഭയത്തിന്റെയൊക്കെ അനന്ത വൈചിത്ര്യങ്ങള്‍ കാട്ടിത്തരുന്ന ദൈവങ്ങളാണ്. കാലാകാലങ്ങളായി അവിടെ അധിവസിച്ചുവരുന്നവര്ക്ക് ഓരോ ഇലപ്പച്ചയിലും ചില്ലപ്പേച്ചിലും ഇളകിയാട്ടത്തിലും വേരുമുറുക്കത്തിലും ഈ ദൈവസാന്നിധ്യമറിയാം.
അനേകമനേകം നാമഭാവങ്ങള്‍, ഗന്ധങ്ങള്‍, രുചികള്‍, കുളിര്‍പ്പച്ചകള്‍ - എല്ലാം അത്രയത്ര ദൈവങ്ങളുമാണ്. ഈ ചരാചരപ്പെരുമയെ, പലമയെ ഒറ്റയൊന്നാക്കിക്കൊണ്ടാണ് കുത്തകക്കമ്പനികളുടെയും ഭരണകൂടങ്ങളുടെയും അവയെപ്പൊതിഞ്ഞ വർഗീയതയുടെയും വരവ്. കാട് നഷ്ടപ്പെട്ട ആദിമ ജനതയുടെ നിലവിളി ഉയര്‍ന്നുയര്‍ന്ന് ഒരു തോറ്റം പാട്ടായും ക്രമേണ ചെറുത്തുനിൽപായും മാറുന്നുണ്ട്.
''പുഴുവില്‍ ഞങ്ങള്‍ കണ്ട/ദൈവത്തെ മായ്ക്കുവാന്‍
പാണലില് ഞങ്ങള്‍ക്കായ് പൂത്ത/ദൈവത്തെ
പറിക്കുവാന്‍
പുള്ളായ് ചിറകടിച്ചുയര്‍ന്ന/ദൈവത്തെയെയ്യുവാന്
നിങ്ങളെത്തുന്നു കാടകം കേറിയെങ്ങള്
ക്കഭയമായ് അന്നമായ് നീരായ്
തണലായ് നിറഞ്ഞ ദൈവങ്ങളെത്തീണ്ടുവാന്
ഞങ്ങളില്‍/നിങ്ങള്‍ പഠിച്ച/വിഭൂതി വിതറുവാന്‍
ആദിമധ്യാന്തങ്ങളന്തവു/ മൊറ്റബിന്ദുവില്ത്തുടിക്കു
മേകങ്ങളെ പ്രതിഷ്ഠിക്കാന്‍
നിങ്ങള്‍ ഞങ്ങളോടോതുന്നു മുറ്റത്തു തറകെട്ടി
തുളസിത്തയ്യൊന്നു നാട്ടുവാന്‍.''
സീത: ഭൂരാശികളില് പടര്ന്നവള്
ഭൂമിയായും പ്രകൃതിയായും സ്ത്രീയായും അടിയാളവർഗമായും അടിച്ചമര്ത്തപ്പെട്ടവരുടെയെല്ലാം സ്വത്വമായി കാലത്തിന്റെ മണ്ണട്ടികളെ ഭേദിച്ച് നിരവധി സീതമാര്‍ വന്ന് സ്വയം വെളിപ്പെടുകയും അന്യോന്യം അറിയുകയും ചെയ്യുന്നു 'സീതാസത്രത്തില്'. വിചാരഭാഷക്കപ്പുറം കടന്നുകണ്ടിട്ടില്ലാത്ത സീതയുടെ ക്ഷോഭവും അമര്‍ഷവും അലര്‍ച്ചയുടെ, പ്രതിക്രിയയുടെ ഭാഷ സ്വീകരിക്കുകയാണ് ഏഴു സർഗങ്ങളായി തിരിച്ച ഈ ദീര്‍ഘ കവിതയില്‍ അവസാനഭാഗത്ത്. അതാകട്ടെ അതിന്റെ അപ്രതീക്ഷിതത്വംകൊണ്ട് ചരിത്രത്തിലെ എല്ലാ കെട്ട കാതുകളെയും അടഞ്ഞ കണ്ണുകളെയും ഒരു ഞെട്ടലില്‍ തുറപ്പിക്കാന്‍ പോന്നതും.
പല നാടുകളില്‍ പല മൊഴികളില്‍ ഉണ്ടായ പല പല രാമന്മാരെ ഉടച്ചുവാര്‍ക്കുക പൗരോഹിത്യത്തിനും ഭരണകൂടത്തിനും എളുപ്പമായിരുന്നു. എന്നാല്‍ എവിടെയാണെന്നറിയാത്ത, എന്തിലും ഉള്ള സീതയെ ഒറ്റ വാര്പ്പാക്കുക പ്രയാസം. സീതാസത്രമാണ് പരിഹാരമായി പൗരോഹിത്യം ഉപദേശിച്ചത്. അതിനായി പുരങ്ങളും തെരുക്കളും കുടികളും എരിക്കപ്പെട്ടു. പച്ച ജീവനുകള്‍ ഹോമിച്ച് സത്രശാല ഉറപ്പിച്ചു. പക്ഷേ, തീക്ഷ്ണമായ മന്ത്രങ്ങള്‍ക്ക് സീതയെ തൊടാനായില്ല. അവര്‍ സീതയുടെ മുമ്പില്‍ വെറും സ്വരരൂപികളായി, ശബ്ദമായി തൊഴുതുനിന്നു. സമതലങ്ങളില്‍നിന്നും ദ്വീപുകളില്‍നിന്നും മലഞ്ചരുവുകളില്നിന്നും മരുഭൂമിയില്‍നിന്നും മണ്ണടരുകളില്‍നിന്നും സീതമാര്‍ വന്നു. നടന്നും പറന്നും ഇഴഞ്ഞും നീന്തിയും അവര്‍ എപ്രകാരമാണോ അപ്രകാരം തന്നെ സത്രശാലയിലെത്തുന്നു. മഹാമേരുക്കള്‍, സമുദ്രങ്ങള്‍, പുഴ, കുന്ന്, കാട്, തരുലതാദികള്‍, നരപക്ഷി മൃഗാദികള്‍ - സർവചരാചരങ്ങളുടെയും ഇരിപ്പിടം. തന്നിലേൽക്കുന്ന സ്പര്‍ശങ്ങളുടെ പലമാതിരി ഭേദങ്ങള്കൊണ്ട് സീത ഭൂമിയായി സ്വയം തിരിച്ചറിയുന്നു. മഴയില്‍ കുഴഞ്ഞും വെയിലില്‍ പൊള്ളിയും വസന്തത്തില്‍ പൂത്തും ഋതുക്കള്‍ അവളെ ഭൂമിയെന്ന് അടയാളപ്പെടുത്തി. പല ഇടങ്ങളില്‍, പലതായിപ്പലതായി, പേരു മാത്രം ഒന്ന്. ഈ പലമയെയും പാരസ്പര്യത്തെയുമാണ് അധികാരം ഭയക്കുന്നത്. സത്രശാലയില്‍ നിരന്ന ഓരോ സീതമാരും ഓരോരോ ഭൂപ്രകൃതിയാല്‍ ഓരോരോ ഭൂരാശികളായി.
ഓരോ സീതയും ജ്വലിക്കുന്ന മഹാകുണ്ഡത്തില് സ്വയം അര്‍പ്പിക്കണം. ഓരോ സീതയും ഒന്നില്‍ മറ്റൊന്നലിഞ്ഞ് ഒറ്റ സീതയാകണം. ഓരോ സീതയും ഹോമിക്കപ്പെടുമ്പോള്‍ ഓരോ തൂക്കം പൊന്ന് മാറ്റിവെക്കും. അവസാനം എല്ലാം ചേര്‍ത്ത് ഒരു കാഞ്ചനസീതയെ തീര്‍ത്ത് രാമന് അലങ്കാരമാക്കും. സീതയുടെ പൊട്ടിച്ചിരിയില്‍ നാഗപുരവും അതിന്റെ അധിപനും പുരോഹിതരും സ്വാസ്ഥ്യം നഷ്ടപ്പെട്ടവരായി.
''കടല്ത്തിളപ്പുള്ളോളൊരുവള്
തിരകേറുംപോല് മുന്നോട്ടാഞ്ഞു
നീര്ത്തുടിപ്പുള്ള നദികളാറുകള്
ഉടലില്‍ കളിക്കുവോര് ചുവടുവെച്ചേറി
മഹോന്നതം പർവതംപോലൊരുവള്
പാറ ചിതറുംപോല് അലറി
അടിയളന്നേറി സീതമാര്‍ സത്രശാല കൈയേറുവാന്‍.''
അഗ്നിപോലും തങ്ങള്‍ പറയുമ്പോള്‍ വണങ്ങി നിൽക്കുമെന്നിരിക്കേ, എത്ര വ്യർഥമാണ് അയാളുടെ ഈ യജ്ഞം എന്ന് സീത നാഗപുരാധിപനു നേരേ വിരല്‍ചൂണ്ടുന്നു.
''ഭൂമിതന്നെയായ് തീര്‍ന്നു ഞങ്ങള്‍ ഭൂപ്രവേശാനന്തരം
സീതമാര്‍ നിത്യജീവനുള്ളോര്
പ്രപഞ്ചത്തോളം പടര്‍ന്നവര്‍
പഞ്ചഭൂതങ്ങള്‍ നിലനിൽക്കുവോളം
മരണം ഞങ്ങള്ക്കില്ലെടോ
മടങ്ങുന്നു; വന്നതിത്ര ചൊല്ലുവാന്‍
ഒരു രാമന്റെയും നിഴലല്ല സീതമാര്‍-
രാമായണം വിട്ടു ഭൂമിയായ് അയനം ചെയ്യുവോര്‍
ദേശം, ഭാഷ, മൊഴി, കാലങ്ങളാല്‍ തെഴുപ്പവര്.''
ചടുലമായ ദൃശ്യവിന്യാസങ്ങളോടെ, നാടകീയഭംഗികളോടെ എഴുതപ്പെട്ട ഈ ദീര്‍ഘകവിത ആഖ്യാനകവിതയുടെ സ്വഭാവവും ഉള്‍ക്കൊള്ളുന്നുണ്ട്. അവസാനഭാഗത്ത് ശാന്തിപർവത്തില്‍ അതിക്ഷുഭിതയായ സീതക്ക് ഒരു ദ്രാവിഡ പരിവേഷവും കൈവരുന്നുണ്ട്. എതിര്‍ക്കാന്‍ കെൽപുള്ള ഒരു ഇരുണ്ട നായിക. രാമന് കീഴ്പെടാത്തവള് സീതയല്ല, അതുകൊണ്ട് എല്ലാ സീതമാരെയും അരിഞ്ഞുവീഴ്ത്തുക എന്ന നാഗപുരാധിപന്റെ കൽപന കേട്ട് സത്രശാലയില്‍ നിന്ന് മടങ്ങുന്ന സീതമാരിലൊരുവള് തിരിഞ്ഞുനിൽക്കുന്നു. മുണ്ഡിതശിരസ്ക. പണ്ട് ഭൂമിയില്‍ മറയുമ്പോള്‍ രാമന് മുടി പറിച്ചെടുത്തവള്‍. അവള് ഒരു കൈകൊണ്ട് മൊട്ടത്തല തടവി, മറുകൈയാല്‍ നാഗപുരാധിപനെ മുഖമടച്ച് അടിച്ചുവീഴ്ത്തുന്നു. അയാളുടെ നെഞ്ചില്‍ കാല്‍വെച്ച് മുഖത്തേക്ക് വിരല്‍ ചൂണ്ടി അവള് അലറിയത്: ''നായി മകനെ, സെത്തം പോടാതെയ്.''
അഭിമാനത്തിന്റെയും സ്വസത്താ വിചിന്തനത്തിന്റെയും പാരമ്യത്തില്‍ സീതയെ മണ്ണില്നിന്നുയര്ത്തി പരമപദങ്ങളില് പ്രതിഷ്ഠിച്ചാണ് കവിഭാവന തൃപ്തിയടഞ്ഞു കണ്ടിട്ടുള്ളത്. അത്യുല്‍ക്കടമായ വികാരവിക്ഷോഭങ്ങളില്‍ അകത്ത് തടം തല്ലുന്ന ചിന്തകളെ ചിന്തകളായിത്തന്നെ ഉള്ളിലേക്ക് വലിക്കാന്‍ മാത്രമേ അവളുടെ ഭാഷക്ക് അനുവാദമുള്ളൂ. ദിവ്യവും അനഘവുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വിദൂരമായ ഉയരങ്ങളില്‍ ഒരു ദിവ്യനക്ഷത്രമായി കുലീനത അവളെ കുടിയിരുത്തുന്നു. ഭൂമിയിലുള്ളത് അവളുടെ നിഴലത്രേ. ആ സീതയെ അവളുടെ സർവവിധ പാരതന്ത്ര്യങ്ങളില്‍നിന്നും മോചിപ്പിച്ച് ഭൂമിയിലെ ഓരോ തരി മണ്ണിലും ഓരോ ജീവകണത്തിലും ഉണര്ന്നിരിക്കുന്നവളായി സീതാസത്രത്തില് അവതരിപ്പിക്കുന്നു. അവള് ഭൂമിയുടെ ഉർവരതയും സകല പ്രാണങ്ങളിലെയും പ്രസന്നതയുമാണ്. അന്നവും ജലവും മുഖ്യ വിഷയമായി വരുന്ന മനോജ് കുമാറിന്റെ കവിതകളില്‍ സീത അന്നം വിളയുന്ന വയലേലയും മണ്ണിന്റെ ഉള്ളറകളില്‍ ജലം കിനിയുന്ന ഉറവകളുമാണ്. കറുത്ത പശിമരാശിയുള്ള മണ്ണില്‍ അവള് ഉരുക്കുപോലെ ദൃഢചിത്തയാണ്. ജീവിതപ്രത്യാശയും ഉർവരതയുമായി അനേകമനേകം ഇടങ്ങളില്‍, കാലാകാലങ്ങളായി, സീതമാരെ സഞ്ചരിക്കാന്‍ വിട്ട് കൃതകൃത്യമാവുകയാണ് ഈ കവിത.
രാഷ്ട്രവും ഭരണകൂടവും ഏകാധിപത്യത്തിന്റെയും ദുരധികാരത്തിന്റെയും ഇരുണ്ട അധോലോകങ്ങളാകുമ്പോള് സംസ്കാരങ്ങളുടെയും മൂല്യങ്ങളുടെയും വേരറുക്കപ്പെടുന്നു. അവയുടെ അനന്ത വൈവിധ്യങ്ങള്‍, തുടര്‍ച്ചകള്‍ സീതാസത്രത്തിലെന്നപോലെ എരിതീയില്‍ ഹോമിക്കപ്പെടുന്നു. എല്ലാം ചുരുക്കി ചലനമറ്റ ഒരു കാഞ്ചനസീതയാക്കുന്നു. എന്നാല്‍ എല്ലാ വസ്തുക്കളിലും ലീനമായ പ്രപഞ്ചചൈതന്യത്തിന്റെ പൊരുള്‍ എന്നെങ്കിലും സകല ഇരുട്ടുകളെയും ഭേദിച്ച് പുറത്തുവരുമെന്നും എല്ലാം അതതിന്റെ നില വീണ്ടെടുക്കുമെന്നുള്ള പ്രതീക്ഷയുടെ ഉടല് രൂപമാണ് സീതാസത്രത്തിലെ സീതമാര്‍. ഉടലില്‍ മണ്ണും ജലവും പുരണ്ട്, ഉള്ളില്‍ അഗ്നിയുള്ളവര്. ആ അഗ്നി ലോകം ചാമ്പലാവാതിരിക്കാന് അവള് ഉള്ളില്‍ ഒതുക്കുന്നു. നീതിയും സ്വാതന്ത്ര്യവും ധാർമികതയും കെട്ട കാലത്ത് ഈ അഗ്നി അവള്‍ക്ക് പുറത്തെടുക്കാനുമാവും.
എതിര്‍വാക്കില്‍ ജ്വലിക്കുന്ന നീതി -കവിത
സമകാലലോകനിലകളെ പ്രത്യേകിച്ച് ഒരു ശരാശരി പൗരന് കടന്നുപോകുന്ന ജീവിതാവസ്ഥകളെ അതിന്റെ സകല രാഷ്ട്രീയത്തോടെയും എഴുതുന്നു, തവളകളുടെ രാഷ്ട്രത്തിലെ ഏറെ കവിതകളും. ജനാധിപത്യം, മനുഷ്യാവകാശം, സ്വാതന്ത്ര്യം, നീതി ഇവക്കൊക്കെ നാള്‍തോറും അർഥഭേദങ്ങളുണ്ടാകുന്നു, അനുഭവവ്യതിയാനങ്ങളുണ്ടാകുന്നു. എല്ലാം ഉണ്ടെന്ന പ്രതീതിയില്‍ എല്ലാ ഇല്ലായ്മകളും മൂടിവെക്കപ്പെടുന്നു. വെളിച്ചം കെട്ടതിനാല്‍ നാം പൊട്ടിയാട്ടി പുറത്താക്കിയ ആശയങ്ങള്‍ (ഇടശ്ശേരി - പൊട്ടി പുറത്ത്, ശീവോതി അകത്ത്) കൂടുതല്‍ ഇരുട്ടുമായി തിരിച്ചുകേറുന്നു. അധികാരത്തിന്റെ അന്ധതക്കു മുമ്പില്‍ ഒരു കൂപ്പുകൈയും ഭാഷയാകാത്ത (കൂപ്പുകൈ-ഒരു ഉടല്നിലയല്ല - പ്രാർഥനകള്‍ മുറിയുന്നിടം) ജീവിതാവസ്ഥകളെ അതിനേക്കാള്‍ ഭീഷണമായ സാഹചര്യങ്ങളില്‍ ഈ കവിതകള്‍ അഭിമുഖീകരിക്കുന്നു. തവളകള്‍ കുടിയേറിപ്പാര്‍ത്ത കുട്ടകംതന്നെ ഇന്ത്യയുടെ ഒരു നേര്‍ക്കാഴ്ചയാണ്. അതിന്റെ ചരിവുകളിലൂെടയും വക്കുകളിലൂടെയും നുഴഞ്ഞുകയറിയും വെള്ളത്തിലൊലിച്ചും പലതരം തവളകള്‍ വന്ന് ഒരുമിച്ചു പാര്‍ത്തു. കിണര്ത്തവള, കടല്‍ത്തവള, വയല്‍ത്തവള, കുളത്തവള. അതൊരു രാഷ്ട്രമായി വളര്‍ന്നു. വംശസങ്കരം വന്നു. വംശബോധവും അന്തഃഛിദ്രവും. തന്നിലേക്കു തന്നിലേക്ക് നോക്കി ഛിദ്രം പെരുകി. എത്ര കപടമായ ഒരു നിർമിതിയാണ് ഈ സുരക്ഷിതത്വം എന്ന് തവളകള്‍ അറിയുന്നില്ല. എരിയുന്ന അടുപ്പിലാണ് കുട്ടകം.
''ഉയര്‍ന്നൊരു ശിരമില്ലാ കാണാന്‍
ഉയരുന്ന മുഷ്ടിയുമില്ല, തീ ചിതറും മിഴിയുമില്ല
ഉയിരുള്ളൊരു വാക്യമുദ്രയുമില്ല
ഉടലോരോന്നുമാടിയാടി/ശാസകനുടയോന്റെ
അപദാനപ്പലകകളായി
ഒന്നേ വാക്ക്/ഒന്നേ വചനം/ഒന്നേ കുരല്/ഒന്നേ മെയ്''
(വാല് വര്‍ത്തമാനങ്ങള്‍).
ചിന്തയും ചര്‍ച്ചയും ചോദ്യംചെയ്യലുമായി തീ പിടിച്ച ഒരു കാലം മറഞ്ഞു. ഇപ്പോള്‍ സമരസപ്പെടലിന്റെയും ഒഴിഞ്ഞുമാറലിന്റെയും കാലമാണ്. വന്ദികളുടെയും രചകന്മാരുടെയും കാലം. സ്തുതിവാക്കില് എല്ലാ വാലുകളും ആടുന്നു. എതിര്വാക്കുകൊണ്ട് ഒന്നു വിക്കിപ്പോയാല് അത് തുന്നിച്ചേര്‍ക്കപ്പെടുന്നു.
എതിര്‍വാക്കിലാളുന്ന നീതിയുടെ കലയാണ് കവിത (കെ.ജി.എസ്) എന്ന് മനോജ് കുമാറിന്റെ കവിതകള്‍ സ്വയം തിരിച്ചറിയുന്നുണ്ട്. ഒരുപക്ഷേ, ഒരു കിളിയിലേക്ക് പരകായ പ്രവേശം നടത്തിയെങ്കിലും കവി കാലത്തോട് കണക്കുചോദിക്കും. പ്രതിമകളെക്കൊണ്ട് പാറപോലെയായ ഭൂമിയിലിരുന്ന് കിളികള്‍ ആ പ്രതിമകളുണ്ടായ ചരിത്രം പറയുന്നു. മനുഷ്യന്റെ ആര്‍ത്തനാദം ഉയരുമ്പോഴും ചിരിച്ചു നിന്നവര്‍, പരപീഡനത്തില്നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് വളര്‍ന്നവര്‍. വെയിലേറ്റും വൈദ്യുതിയേറ്റും വീഴുന്ന കിളിക്കുഞ്ഞുങ്ങളെപ്പോലെ തെരുവില്‍ വീണുമരിക്കുന്ന തരുണര്‍. അവര്‍ക്കു ചുറ്റുമുയരുന്ന വിലാപമോര്ത്ത് വ്യസനിക്കുന്ന കിളിക്കുഞ്ഞിനോട് തള്ളക്കിളി പറയുന്നു:
''പക്ഷേ, നമ്മള് കിളികള്‍ തിരിച്ചറിയും
ഉരുക്കുമനുഷ്യരുടെ യഥാർഥ മൂല്യം
ശിലയായിത്തീര്ന്നവരുടെ ശിരസ്സില്‍ കാഷ്ഠിച്ച്
ഉരുക്കുമനുഷ്യരോട് നമ്മള്
കാലത്തിന്റെ കണക്കുകള്‍ ചോദിക്കുന്നു
നമ്മളത് ചോദിച്ചുകൊണ്ടേയിരിക്കും''
(കിളിമൊഴികള്‍).
ലഘുഗണിതങ്ങള്, പൗരം - പരം, കണ്ണാടി ഉടയുമ്പോള്‍, ഭയോപനിഷത്ത്, ഞെരിയാണിയിലേക്ക് തൊടുത്ത അമ്പുകള്‍, ഒരേപോലെ മരിച്ച പലരില്‍ ചിലര്‍ മരണത്തെ എഴുതിയാല്‍ തുടങ്ങിയ കവിതകളിലൊക്കെ ഇങ്ങനെ കണക്കുചോദിക്കുന്ന കലഹമൊഴികളുണ്ട്.
ചാവാനാളുണ്ടെങ്കില് കൊല്ലാനെന്തിനു നാം മടിക്കണം എന്ന് അർഥശാസ്ത്രങ്ങള്‍ വളരെ ലഘുവായി രാഷ്ട്രതന്ത്രത്തിന്റെ പാഠങ്ങള്‍ എഴുതുന്നു-ദണ്ഡനീതിയാല്‍ തെഴുക്കപ്പെട്ട രാഷ്ട്രതന്ത്രം. ബലിയിലും ചോരയിലും തന്നെയാണ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കേണ്ടത്. ഭയപ്പെടുത്തി നിശ്ശബ്ദരാക്കണം, നിര്വീര്യരാക്കണം. എതിര്‍ത്ത നാവും ചുരുട്ടിയ മുഷ്ടിയും അരിഞ്ഞുതള്ളണം. നാലാള് കൂടുന്നിടത്തൊക്കെ ചോരയൊലിക്കുന്ന ശവങ്ങള് കൊണ്ടുവന്നിടണം. ശവവൃത്താന്തങ്ങള് പാടി നടക്കാന്‍ വായാടിക്കൂട്ടങ്ങളെ ഏര്‍പ്പെടുത്തണം. ഭയന്ന ജനത നിശ്ശബ്ദരാകും. കലാപങ്ങളടങ്ങും. ചുരുട്ടിയ മുഷ്ടികള്‍ നിവരും. പ്രാണഭയത്തില്‍ ഉത്കണ്ഠകളില്ലാതാവും. നീതിബോധത്തിന്റെ ചിറകുകളറ്റു വീഴും. ''രാഷ്ട്രഗണിതമിത്, അർഥശാസ്ത്രത്തില്‍ ദണ്ഡനീതിയിലെ ഒരോല'' (ലഘുഗണിതങ്ങള്).
ശുദ്ധീകരണത്തിന്റെ രാഷ്ട്രീയം: പൗരം-പരം
അപരങ്ങളെ തമസ്കരിച്ചാണ് ഏകാധിപതികളും ഫാഷിസവും ഭീമാകാരങ്ങളായി വളരുന്നത്. അപരങ്ങള്‍ കലരുമ്പോഴാണ് ജനാധിപത്യവും മാനവികതയും ബലപ്പെടുന്നതും അത് പുതിയ തുറസ്സുകളിലേക്ക് വികസിക്കുന്നതും. നീ ശത്രുവായെങ്കിലും എന്നിലുണ്ടെന്നത് എന്റെ ശ്രദ്ധയും ജാഗ്രതയുമാണ്. ബഹുത്വത്തെ, അപരങ്ങളെ ഒഴിവാക്കി എന്നില്‍നിന്ന് ഞാനല്ലാത്തതെല്ലാം അരിച്ചു മാറ്റി ശുദ്ധീകരിക്കുക. എന്നെ സത്താപുരുഷനാക്കുക. അശുദ്ധികളെയെല്ലാം ഇല്ലാതാക്കുക.
''എന്റെ മണ്ണിത്-ഇവിടെ/എനിക്ക് ഞാനായ് നിറഞ്ഞാടണം
ബലി കൊടുത്തീടണം/അതിനായ് ഇന്നു കാണും
കലക്കങ്ങളുള്ളോരെന്നെ.''
ഈ പൗര-പരബോധ നിർമിതിയാണ് ആധുനിക രാഷ്ട്രതന്ത്രത്തിന്റെ അടിത്തറ. എന്നെ വേര്‍തിരിച്ചെടുക്കുമ്പോള്‍ ഞാന്‍ ഒഴിച്ചുകളയുന്നതെന്തൊക്കെയാണ്? മണ്ണിന് അടരുകള്‍- ഒപ്പം എന്റെ മണ്ണെന്ന വാദം. ജലപാളികള്‍, അതോടൊപ്പം ഞാന്‍ തീര്‍ത്ത പാരമ്പര്യത്തിന്റെ നീര്ധാരകള്, സ്വാതന്ത്ര്യത്തിന്റെ മഹാവിഹായസ്സുകളിലേക്കുള്ള വായു പ്രവേഗങ്ങള്‍. അരിച്ചരിച്ച് ബാക്കിയാകുന്ന ആ മഹാവിരാട് പുരുഷസത്ത ഇത്രയുമേയുള്ളൂ:
''മണ്ണിന് ബാക്കിയാം മലം/
ജലത്തിന്നോർമപോലും വറ്റിയ ചലം
വായു മുട്ടിയ കിതപ്പുകള്‍/ചുമയില്‍ കുരുങ്ങിയ കഫം
ഇതോ ഞാന്‍?''
(പൗരം - പരം)
ഒരു ജനതയെ, ദേശത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് ഓരോ ആളും. അന്നഭേദങ്ങള്ക്കും ഉടുപ്പുനടപ്പുഭേദങ്ങള്ക്കും വംശദേശ ഭാഷാഭേദങ്ങള്‍ക്കും അതീതമായി എല്ലാ ചിതറലുകളെയും ആ കണ്ണാടി ഒന്നിപ്പിക്കുന്നു. വൈവിധ്യങ്ങളുടെ ആ പൂത്തുലയലില്‍ ജനത ഒരു കാടാകും. അതില്‍ വന്മരങ്ങള്ക്കും ചെറുചെടികള്‍ക്കും പുല്‍ക്കൊടികള്‍ക്കും ഇടമുണ്ടാകും. സർവ പ്രാണങ്ങളും അതില്‍ സഞ്ചരിക്കും. സർവ ശബ്ദങ്ങള്‍ക്കും അതില്‍ ആകാശമുണ്ടാകും. അതിന്റെ അറ്റമില്ലാത്ത ജൈവസമൃദ്ധിയെ, വൈവിധ്യത്തെ സഹിക്കാന്‍ വയ്യാതെ പകയും വിദ്വേഷവുമായി ശവഗണങ്ങള് മണ്ണിനടിയില്നിന്നുവരും.
''മൊഴിപ്പലത് മായ്ക്ക് - ഒരേ മൊഴി പൊഴിക്ക്
അന്നപ്പകയേറ്റ്/ഒരേ ചിട്ടയില്‍ നടക്ക്
ഒരേ നടനമാട്/ഒരേ ഒരേ ഒരേകള്
കാതില്‍/നാവില്‍/ഉടുപ്പില്‍/നടപ്പില്‍.''
കഴിഞ്ഞ കാലത്തുനിന്നും ത്രിശൂലങ്ങളും കരവാളും കഠാരയും ഉയരുന്നു. ജനതയെന്ന കണ്ണാടി ഉടഞ്ഞുചിതറുന്നു. അതില്‍ അംഗഭംഗം വന്ന് ഓരോ ജനതയും ചിതറിപ്പോകുന്നു. ഞങ്ങള്‍ തോറ്റ ജനതയാകുന്നു. ജനം തോൽക്കുന്നിടത്ത് നീതിയില്ലാനിയമങ്ങളും ഉടലിനെ ചന്തയാക്കുന്ന കാമനകളും കടന്നുവരുന്നു. ഓരോ നിരയില്‍ തോക്കുകളും ലാത്തികളും ലിംഗങ്ങളും അവിടെ ആക്രോശിച്ച് എത്തുന്നു.
സമകാലിക ഇന്ത്യയുടെ ഭൂപടം ഇത്തരത്തില്‍ പലതരത്തില്‍ ഈ കവിതകളില്‍ വരയ്ക്കപ്പെടുന്നുണ്ട്.
വിഭജനത്തിന്റെയും പലായനങ്ങളുടെയും ദുരിതക്കാഴ്ചകളുടെ ഓർമയും ചരിത്രവും കൂടിയാണ് നമ്മുടെ ചരിത്രം. നടന്നു നടന്ന് ഭൂപടങ്ങളുടെ അതിരുകള്‍ മായുകയും പുതിയ ദൂരങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്ന അനന്തമായ അലച്ചില്‍. പൗരത്വബില്‍ ചര്‍ച്ചയായ കാലത്ത് നാം കടന്നുപോന്നതാണ് അശരണമായ ഈ അലച്ചില്‍. ഞെരിയാണിയിലേക്ക് തൊടുത്തുവിട്ട അമ്പുകള്‍ എന്ന കവിതയില്‍ ഇത്തരമൊരു പലായനത്തിനിടക്ക് തെരുവോരത്തെ അനാഥത്വത്തില്‍ പൂട്ടിയിടപ്പെട്ട ജീവിതങ്ങളെക്കുറിച്ച് പറയുന്നു. രോഗാതുരമായ, മഹാമാരി ബാധിച്ച കാലത്ത് പ്രാണനും വാരിപ്പിടിച്ച് പിറപ്പൂരിലേക്ക് പാഞ്ഞ അതിഥിത്തൊഴിലാളികളെ നിങ്ങള്‍ നിന്നേടത്തു തുടരുക എന്ന് മരവിപ്പിച്ച അധികാര ഗർവിനെ ചോദ്യംചെയ്യുകയാണ് ഞെരിയാണിയിലേക്ക് തൊടുത്ത അമ്പുകള്‍ എന്ന കവിതയില്‍. ചൈത്ര - വൈശാഖ മാസത്തെ തീയാഴി പോലുള്ള വേനലില്‍ അന്നമില്ലാതെ, കുടിനീരില്ലാതെ, തലചായ്ക്കാനിടമില്ലാതെ, അവര്‍ വഴിയോരത്ത് തറഞ്ഞുനിന്നു. മുന്നില്‍ നീണ്ടു നീണ്ട് പോകുന്ന പാതകള്‍ മാത്രം. പൊട്ടിയ ചുണ്ട് നനയ്ക്കാന്‍ ഉമിനീരുപോലുമില്ലാതെ പരവശരായ കുഞ്ഞുങ്ങള്‍, വിണ്ടു കീറിയ കാലുകളുമായി പാതകളില്‍ വീണുപോയ സ്ത്രീകള്‍, വലിയ ഭാണ്ഡങ്ങളേറ്റുന്നവര് - പിറന്ന ഊരില്‍ ഒരു തുള്ളി വെള്ളമെങ്കിലും കാണും എന്ന പ്രതീക്ഷയില്‍ നീങ്ങുന്ന ഈ അനാഥരുടെ ദൃശ്യം കൊണ്ടുചെന്ന് അവസാനിപ്പിക്കുന്നത് ശീതീകരിച്ച മുറിയില്‍, രാമനെ അമ്പാക്കി വില്ലേറ്റാന് മുറുക്കുന്ന ഒരു മത്സരരംഗത്തിലാണ്. അയോധ്യയിലേക്കും രാമനിലേക്കും അവസാനം ഒരു അമ്പിലേക്കും വില്ലിലേക്കും ചുരുങ്ങുന്ന ഭാരതത്തിന്റെ ദൃശ്യം കൂടിയാണത്.
ഭയരൂപിയായ കാലത്തിന്റെ ഉപനിഷത്ത്
ഭയം എന്നാല്‍ എന്താണ്? നമ്മെ ഭയപ്പെടുത്തുന്നതെന്തൊക്കെയാണ്? നാം രൂപമെടുത്ത ഭയമായി മാറുന്നതെങ്ങനെയാണ്? ഈ ചോദ്യങ്ങള്‍ക്ക് ഗുരു പറയുന്ന ഉത്തരങ്ങളില്‍നിന്ന് ഒരു ഭയോപനിഷത്ത് തന്നെ രൂപം കൊള്ളുന്നു. നമുക്കും ലോകത്തിനും ഇടയില്‍ നാം തന്നെ തീര്‍ക്കുന്ന ഒരു ഇരുമ്പുമറ. അത് കാഴ്ചകളെ മറയ്ക്കും. മറയ്ക്കകത്ത് ഉണ്ടെന്നു നമ്മള് വിചാരിക്കുന്നതും അൽപായുസ്സുമായ സുരക്ഷിതത്വം. അപ്പുറം ചീറ്റുന്ന ചോരയുടെ തുള്ളികള്‍ ഇങ്ങോട്ട് തെറിക്കുന്നേയില്ല. അപ്പുറം പ്രാണന് പിടയുന്നതും ഞരങ്ങുന്നതും ഇങ്ങോട്ട് കേള്‍ക്കുന്നില്ല. പക്ഷേ, ആ ഞരക്കങ്ങള്‍ നമ്മുടെ പ്രാണന്റേതുകൂടിയാണെന്ന മുന്നറിയിപ്പ് വിരല്‍ചൂണ്ടി നിൽക്കുമ്പോള് ഭയം നമ്മെ അപ്പാടെ വിഴുങ്ങുന്നു. കാലുകള്‍ വേരുകളാകുന്നു. പേടിച്ചവര്‍ക്ക് ഇന്നലെകളില്ല. അവരുടെ ചരിത്രം നിർമിക്കപ്പെട്ടതാണ്. പേടി പലമകളെ നിരസിച്ച് നമ്മള് - അവര്‍ ദ്വന്ദ്വനിർമിതി എളുപ്പമാക്കും. നാളെ എന്നാല്‍ ഭയോത്കണ്ഠകള് മാത്രം. ഇന്ന് ക്രൂരവും അഹന്ത നിറഞ്ഞതും. നമ്മുടെ വാസനകള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍ എല്ലാം ആട്ടിയോടിക്കപ്പെടും. എങ്കിലും, സുഖകരമായ ഒരു സ്വാസ്ഥ്യത്തില്‍ എല്ലാറ്റിനോടും സമരസപ്പെട്ട് നാം വാലാട്ടി നിൽക്കും. ഭീരുക്കളായി പലവട്ടം മരിക്കുന്നവരായി മറയ്ക്കുള്ളില്‍ നമ്മള്.
''നമ്മള് അവരെന്നുള്ള ദ്വന്ദ്വം വളരുമ്പോള്‍
നമ്മുടെ ഓരോ വിരലും ഓരോ
കൊടിമരവും കൊടിക്കൂറയുമായ് തീരുമ്പോള്‍
അതിന് ചലനങ്ങളോരോന്നും/മറുവിരലിന് ജീവനെ
ചോദിക്കുമ്പോള്‍
ഭയക്കാതെങ്ങനെ? ഭയരൂപികളാകാതെങ്ങനെ?''
(ഭയോപനിഷത്ത്)
കാലം അതിന്റെ അനിവാര്യതയില്നിന്നുകൊണ്ട് എഴുതിച്ച നിര്ഭയോപനിഷത്തുകളാണ് ഇതിലെ കവിതകള്‍. അത് പ്രകൃതിയായാലും പരിസ്ഥിതിയായാലും രാഷ്ട്രീയമോ നിലവു ജീവിതത്തിന്റെ കഠിനാവസ്ഥകളോ ആയാലും ഭയമൊഴിഞ്ഞ് വാക്കുകള്‍ നെഞ്ചുകാട്ടി നിൽക്കുകയാണ്. ഒരേപോലെ മരിച്ച പലരില്‍ ചിലര്‍ മരണത്തെക്കുറിച്ചു പറയുമ്പോള്‍ വാക്കുകളില്‍ വെടിമരുന്നിന്റെ മണമുണ്ട്. അതിന് സ്ഫോടനശേഷിയുണ്ട്. ഏറ്റുമുട്ടലിന്റെയും കൊലയുടെയും വ്യാജരേഖകള്‍, തെളിവുകള്‍, വിചാരണ, കോടതി, തീര്‍പ്പ് - ജനിച്ചു, ജീവിച്ചു എന്നതു മാത്രമാണ് ഇതിലെ ഇരകള്‍ ചെയ്ത കുറ്റം. വേട്ടക്കാരന് അനഭിമതമായ ജനനവും ജീവിതവുമാണെന്ന ഒറ്റക്കാരണം ഉണ്ട്. സ്കൂളിലേക്ക് പുറപ്പെട്ട കുഞ്ഞുങ്ങള്‍, കാട്ടില്‍ വിറകൊടിക്കാന്‍ പോയ പെണ്ണ്, സ്കൂള്‍ പടിക്കല്‍ കുല്‍ഫി വിൽക്കുന്ന സ്ത്രീയുടെ മകന്- ഓരോരുത്തരും ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ ശക്തിയില്‍ ഈ കവിതകളില്‍ തിരിച്ചുവരുന്നു. ലെനിന്‍ഗ്രാഡിലെ വിചാരണക്കോടതിയുടെ മുമ്പില്‍ മകന് ലെവിന്റെ ജീവനുവേണ്ടി ക്യൂ നിന്ന അന്നാ അഖ്മത്തോവയുടെ പിന്നിലായി ഇതിലെ കുല്‍ഫി വിൽപനക്കാരി നിൽക്കുന്നുണ്ട്. (കെ.ജി.എസിന്റെ കവിത - ക്യൂവില്‍ മുന്നൂറാമത്തേവള് അന്നാ അഖ്മത്തോവ)
''ഇവരെവിടേക്കാണ്/ഈ രാത്രിയിലെന്നെ
കൊണ്ടുപോകുന്നത്?
വേറെയും ആരൊക്കെയോ കൂടെയുണ്ടല്ലോ
അവരെന്തിനാണിവിടെ വണ്ടി നിറുത്തിയത് ?
അവരെന്തിനാണെന്നെ ഇറക്കുന്നത്?
എന്നെ മാത്രമല്ലല്ലോ
പുറം തകര്‍ത്ത്/നെഞ്ചു തുളച്ച്/എന്താണ്
പാഞ്ഞുപോയത്?
കേട്ടത് വെടിയൊച്ചയാണല്ലോ
നാളെ തീര്‍പ്പല്ലേ?
കോടതിക്ക് മനസ്സിലായിട്ടുണ്ടല്ലോ?''
ഓരോ മരണവും ചരിത്രത്തിന്റെ മുഖത്തേക്ക് ഉത്തരമില്ലാത്ത ചോദ്യങ്ങളായി വലിച്ചെറിയപ്പെടുന്നു.
നീ വിയര്‍ത്തു പൂക്കുന്ന പാല ; ഞാന്‍ എരിവുള്ള കാറ്റായ് പടരുന്ന ശിവന്: പ്രണയം ഒരു താണ്ഡവച്ചുവട്.
വരണ്ട കാലത്തെയും ജീവിതത്തെയും ഉർവരമാക്കിക്കൊണ്ട് പ്രണയത്തിന്റെ ഒരു സമാന്തര സഞ്ചാരംകൂടി ഈ കവിതകളിലുണ്ട്. ഭൂമിയുടെ അകങ്ങളില്‍ കിനിഞ്ഞ ഒരു ഉറവ, ആകാശത്തുനിന്നുതിര്ന്ന ഒരൊറ്റത്തുള്ളി ഇലയില്‍ പച്ചയും വിത്തില്‍ മുളയും ഉണ്ടാക്കുന്നതുപോലെ പ്രണയം അതിന്റെ നനവുകള്‍ കൊണ്ട് ജീവിതത്തോട് ഇടപെടുന്നു. കാട്ടാറിലെ ജലമായി വളര്‍ന്ന് ഉറഞ്ഞുപോയ ഉയിരുടലുകളെ ഉടച്ചുവാര്‍ക്കുന്നു. (നീയല്ലാതേതു ദൈവം) പ്രണയത്തെ പറയുമ്പോള്‍ ജലംതന്നെയാണ് ഈ കവിതകളിലെ തെളിച്ചമുള്ള രൂപകം. മരുഭൂമിയില്‍ കിളിര്‍ത്ത ചെടിയുടെ വേരുകള്‍ ആഴങ്ങളിലേക്കോടിയോടി കണ്ടെത്തുന്ന ഉറവ. അതിന്റെ സ്പര്‍ശമാത്രയില്‍ ചെടിയില്‍ അടിമുടി പായുന്ന ജീവതരംഗം-ജലമെന്നപോലെ പ്രണയവും സർവചരാചരങ്ങള്‍ക്കും ഭൂമിക്കും പ്രാണദായകമാകുന്നു.
''നീ ഭൂമിയായ് താങ്ങുന്നെന്നെ
നിന്നില്‍നിന്നു കുതിക്കുന്നെന്/വേരിലേക്ക്/ജലം
ലവണങ്ങളത്രയും
എന്നില്‍ തൂങ്ങും വള്ളിയല്ലെനിക്കു നീ
ഉയിരായുടലായ്/പ്രവൃത്തിചേതനയായെന്നെ നിലനിര്‍ത്തും ഭൂമിയും ജീവസത്തയും''
(നിന്നില്‍ നിന്ന്)
''വേനലില്‍ വിണ്ട മണ്ബന്ധങ്ങള്
വര്‍ഷത്തിന് ജീവപാതത്താല് / കൂടിയൊന്നാകുംപോല്
ജീവനില്‍ പെയ്തൊരീ ഋതുവില്‍
വിണ്ടു വിങ്ങിയ കാലങ്ങള്‍/പച്ചപൊട്ടിത്തുടിക്കുന്നു.''
(ഉയിര്)
പ്രണയത്തെ എപ്പോഴും ഒരു വിത്തിന്റെ ധ്യാനത്തോടു ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.
''ഒറ്റ നിമിഷംകൊണ്ടു ഞാന്‍ പൂത്തുലയും
ജലം ഭൂമിയുടെ ഉർവരതയോടു ചെയ്യുന്നത്
നിന്റെ പ്രണയം എന്നോടു ചെയ്യും
ഞാന്‍ വിത്തുകളുടെ വളര്ക്കാലമുള്ളിലേറ്റുന്ന
ഒരുടലുമുയിരുമായി തിളച്ചുമറിയും.''
(മാറാട്ടം)
മണ്ണ്, ജലം, വിത്ത്, അന്നം എന്നു വളർന്നുപടര്‍ന്ന് ജീവനാധാരമാകുംപോലെ പ്രണയവും പെയ്ത്തുമേഘങ്ങള്പോലും ഒഴിഞ്ഞുപോകുന്ന വറുതിക്കാലത്ത് ഊഷരമായ ഭൂമിയിലേക്ക്, ഒറ്റ മഞ്ഞക്കിളിക്കൂട്ടങ്ങള്പോലെ വേര്തിരിഞ്ഞുപോയവരിലേക്ക് ഓര്‍ക്കാപ്പുറത്ത് പതിക്കുന്ന മഴത്തുള്ളികളാകുന്നു. ഇത്തരം ജീവിതങ്ങളില്‍നിന്നാണ് മനോജ്കുമാറിന്റെ കാവ്യഭാഷതന്നെ രൂപംകൊള്ളുന്നത്.
കാടുവിട്ട മൃഗത്തെ നാട്ടുവഴിയില്‍ കാണുമ്പോള്‍
ഒരിലയായി സൂര്യനെതിരെ നിൽക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം-വൈരിയെ വളമാക്കി അന്നം കണ്ടെത്തുന്ന വിദ്യ (പ്രതിരോധം). സ്വന്തം ശരീരത്തെത്തന്നെ ഇങ്ങനെ ജീവജാലങ്ങള്‍ക്ക് അന്നമാക്കുകയാണ് കവി. താനൊടുങ്ങുമ്പോള് മണ്ണില്‍ നഗ്നനായി കിടത്തണം, ഉറുമ്പുകള്‍, പക്ഷികള്‍, മൃഗങ്ങള്‍ തന്നെ പൊതിഞ്ഞു വിശപ്പാറ്റണം, അവസാന തുള്ളി രക്തംവരെ ഉറുമ്പുകള്‍ നക്കിയെടുക്കണം. ഹൃദയം പൂക്കളില്‍ പൊതിഞ്ഞ് അത്തിമരപ്പൊത്തില്‍ വെക്കണം. ഒരു മുതലയോടുപോലും അസത്യം പറഞ്ഞെന്നാകരുത്.
(സത്യജീവിതം)
ഓർമയുടെ ഒരു വന്‍കാട് ഉള്ളിലുള്ള, കാടുവിട്ട് പോന്ന മൃഗം മനോജ്കുമാറിലെ കവിയെ സാക്ഷാത്കരിക്കുന്നുണ്ട്. നാട്ടിടവഴിയില്‍ അയാള്‍ പലപ്പോഴും ആ മൃഗത്തിനു മുമ്പില്‍ ചെന്നുപെടുന്നുണ്ട്. മഹാമരങ്ങളുടെ കരിന്തണല്‍, പൊന്തകളിലുരഞ്ഞ നീറ്റം എല്ലാം ഓർമകളിലുണ്ട്. ഇപ്പോള്‍ നാട്ടില്‍ വെളിപ്പെട്ടും (അ)സ്വസ്ഥമായും കാട്ടില്‍നിന്ന് അറുത്തെറിഞ്ഞ ഒരു കഷണമാകുന്നു. (കാടുവിട്ട മൃഗത്തെ നാട്ടുവഴിയില്‍ കാണുമ്പോള്‍/പ്രാർഥനകള്‍ മുറിയുന്നിടം) ഇപ്പോള്‍ ഒന്നും അപരിചിതമല്ല. വഴക്കങ്ങള്‍, മെരുക്കങ്ങള്, സന്ധിചെയ്യലുകള്‍. ഇതില്‍നിന്ന് കുതറാനുള്ള ശ്രമങ്ങളാണ് ഇയാളുടെ കവിത. അതിജീവനത്തിനുള്ള ശ്രമങ്ങള്‍.
രണ്ടുതരം ഭാഷകള്‍ ഈ കവിതകള്‍
അനുഭവിപ്പിക്കുന്നുണ്ട്.
''ഇല കൊഴിയുന്നതറിയില്ലെങ്കിലും
കിളിത്തൊടല് അറ്റുപോകുന്നത്/മരമറിയും.
ചിറകടി ഓരോന്നും/അകലേക്കകലേക്ക്
പാഞ്ഞുപോകുന്നത്
ഒരു കാത്തിരിപ്പിലേക്കുള്ള/ഈടുവെപ്പാണ്/മരത്തിന്''- എന്ന് ആത്മഭാഷണങ്ങളില്‍ അത് ഉള്ളിലേക്കൊതുങ്ങി ആത്മാവിനെ തൊടുന്നു. നാം കടന്നുപോകുന്ന പീഡനകാലത്തെക്കുറിച്ചാകുമ്പോള് അത് ചുരമാന്തിയും കുതറിയും മുക്രയിട്ടും പുറത്തേക്ക് തെറിക്കുന്ന അമര്‍ഷത്തിന്റെ ഭാഷയാകുന്നു. രണ്ടും ചേര്‍ന്ന് കാലത്തെ, ജീവിതത്തെ പല കോണുകളില്‍നിന്ന് ഈ കവിത അടുപ്പിച്ചും അകറ്റിയും നമ്മെ കാണിച്ചുതരുന്നു, ഒട്ടും ഭയക്കാതെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.