ഇറ്റാലിയൻ എഴുത്തുകാരനായ അന്തോണിയോ തബൂച്ചി എഴുതിയ Pereira Maintains എന്ന നോവൽ കഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ്കുമാർ വായിക്കുന്നു.പെരേര: കൃത്യമായി പറഞ്ഞാൽ ഡോ. പെരേര. ദീർഘകാലം മുഖ്യധാരാ പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നതിനുശേഷം ലിസ്ബോവ എന്ന ഒരു രണ്ടാംകിട സായാഹ്നപത്രത്തിന്റെ സാംസ്കാരിക പേജ് കൈകാര്യം ചെയ്യുന്ന എഡിറ്ററാണ് അദ്ദേഹം. മധ്യവയസ്സു പിന്നിട്ടിരിക്കുന്നു. കുടവയറുണ്ട്; ഹൃേദ്രാഗവും രക്തസമ്മർദവും ബുദ്ധിമുട്ടിക്കുന്നു. മദ്യപിക്കുകയില്ല; പക്ഷേ, മധുരമുള്ള നാരങ്ങാവെള്ളം നിരന്തരം കുടിക്കുന്ന ദുശ്ശീലമുണ്ടായിരുന്നു. ഒറ്റക്കാണ് ജീവിതം. തുണയുണ്ടായിരുന്ന പ്രിയപ്പെട്ട ഭാര്യ കുറച്ചുകാലം...
ഇറ്റാലിയൻ എഴുത്തുകാരനായ അന്തോണിയോ തബൂച്ചി എഴുതിയ Pereira Maintains എന്ന നോവൽ കഥാകൃത്തും നോവലിസ്റ്റുമായ ഇ. സന്തോഷ്കുമാർ വായിക്കുന്നു.
പെരേര: കൃത്യമായി പറഞ്ഞാൽ ഡോ. പെരേര. ദീർഘകാലം മുഖ്യധാരാ പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നതിനുശേഷം ലിസ്ബോവ എന്ന ഒരു രണ്ടാംകിട സായാഹ്നപത്രത്തിന്റെ സാംസ്കാരിക പേജ് കൈകാര്യം ചെയ്യുന്ന എഡിറ്ററാണ് അദ്ദേഹം. മധ്യവയസ്സു പിന്നിട്ടിരിക്കുന്നു. കുടവയറുണ്ട്; ഹൃേദ്രാഗവും രക്തസമ്മർദവും ബുദ്ധിമുട്ടിക്കുന്നു. മദ്യപിക്കുകയില്ല; പക്ഷേ, മധുരമുള്ള നാരങ്ങാവെള്ളം നിരന്തരം കുടിക്കുന്ന ദുശ്ശീലമുണ്ടായിരുന്നു. ഒറ്റക്കാണ് ജീവിതം. തുണയുണ്ടായിരുന്ന പ്രിയപ്പെട്ട ഭാര്യ കുറച്ചുകാലം മുമ്പ് ക്ഷയരോഗംവന്നു മരിച്ചുപോയി. വർഷങ്ങളോളം സാനറ്റോറിയത്തിലെ ചികിത്സയിലായിരുന്നു അവർ. പെരേര ദമ്പതിമാർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു.
ലിസ്ബണിൽ കാലപ്പഴക്കമുള്ള മുഷിപ്പൻ ഫ്ലാറ്റിലാണ് അയാൾ താമസിക്കുന്നത്. മുറിക്കുള്ളിൽ െവച്ചിരിക്കുന്ന ഭാര്യയുടെ ഫോട്ടോഗ്രാഫിനു നേരേ നോക്കി അന്നന്നത്തെ വിശേഷങ്ങൾ പറയുക പെരേരയുടെ പതിവായിരുന്നു. ഇന്ന് ഓഫിസിൽ ഇങ്ങനെ ചില സംഗതികളുണ്ടായി. അല്ലെങ്കിൽ ഇന്ന് അപ്രതീക്ഷിതമായി ഒരാളെന്നെ കാണാൻ വന്നു. ഇങ്ങനെ പോയിരുന്നു ആ വിശേഷങ്ങൾ. നമുക്കൊരു ആൺകുഞ്ഞുണ്ടായിരുന്നുവെങ്കിൽ, ഇതിനകം അവൻ വളർന്നു വലുതായേനേ; അപ്പോൾ ഞാൻ ഒറ്റക്കാവുകയില്ലായിരുന്നു. ഊണുമേശക്ക് അഭിമുഖമായിരുന്ന് ഞങ്ങൾക്കു തമ്മിൽ സംസാരിക്കാമായിരുന്നു: മറ്റൊരിക്കൽ അയാൾ ഭാര്യയുടെ ചിത്രത്തോട് സങ്കടപ്പെട്ടു. ഭാര്യ പോയതിനുശേഷം താനും മരിച്ച ഒരാളെപ്പോലെത്തന്നെയാണ് കഴിഞ്ഞുകൂടുന്നതെന്ന് അയാൾ വിചാരിക്കുന്നു.
1938 ആണ് നോവലിലെ കഥ നടക്കുന്ന കാലം. രണ്ടാം ലോകയുദ്ധത്തിന് തൊട്ടുമുമ്പുള്ള വർഷം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ സ്പാനിഷ് ആഭ്യന്തരയുദ്ധകാലം (1936-39). ഇടതുപക്ഷക്കാരായ റിപ്പബ്ലിക്കൻ ഭരണകൂടത്തെ അട്ടിമറിച്ച് പിൽക്കാലത്ത് മൂന്നര ദശകത്തോളം സ്പെയിൻ അടക്കിവാണ സ്വേച്ഛാധിപതിയായ ജനറൽ ഫ്രാങ്കോ അധികാരം പിടിച്ചെടുക്കുന്ന സമയം.
നോവലിന്റെ കഥാഭൂമിക ലിസ്ബൺ ആണ്. പോർചുഗലിന്റെ തലസ്ഥാനനഗരം. 1932 മുതൽ പോർചുഗലിൽ അധികാരമേറ്റ, മൂന്നരദശകം അധികാരത്തിൽ തുടർന്ന അന്തോണിയോ ദെ ഒലീവിറാ സാലസാറിന്റെ ഭരണകാലം. ഹിറ്റ്ലറെപ്പോലെയോ മുസോളിനിയെപ്പോലെയോ ഒരു ഫാഷിസ്റ്റ് ഉച്ചഭാഷിണിയായിരുന്നില്ലെങ്കിലും സാലസാർ ജനാധിപത്യത്തിന് എതിരായിരുന്നു. കമ്യൂണിസ്റ്റുകളെ അയാൾ വെറുത്തു, വേട്ടയാടി. ഫ്രാങ്കോയുടെ വിജയത്തിനായി സ്െപയിനിലേക്ക് തെന്റ പട്ടാളത്തെ അയച്ചു.
പെരേര ലിസ്ബോവ പത്രത്തിെന്റ സാംസ്കാരിക പേജിൽ പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് സാഹിത്യം വിവർത്തനംചെയ്ത് തന്റെ പേരു വെക്കാതെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. മോപ്പസാങ്ങിന്റെയും ബൽസാക്കിന്റെയുമൊക്കെ കഥകളുടെ വിവർത്തനത്തിന് അയാൾക്ക് വലിയ അഭിനന്ദനമാണ് വായനക്കാരിൽനിന്നും ലഭിക്കുന്നത്. ലിസ്ബോവ ഒരു 'നിഷ്പക്ഷ' സാംസ്കാരിക പ്രസിദ്ധീകരണമാണ്. രാഷ്ട്രീയത്തിൽ ഇടപെടാൻ അതിനു താൽപര്യമില്ല. ലിസ്ബണിലെ ചന്തയിൽ ഒരു വണ്ടിക്കാരനെ പൊലീസ് വധിച്ചതിന്റെ പിറ്റേന്ന് ലിസ്ബോവയിൽ ആ വാർത്ത വന്നതേയില്ല. ന്യൂയോർക്കിൽനിന്നും ഒരു ആഡംബരക്കപ്പൽ യാത്രയാരംഭിച്ചു എന്നതായിരുന്നു അതിലെ അന്നത്തെ മുഖ്യ ഇനം. വയ്ക്കോൽത്തൊപ്പികൾ ധരിച്ച്, ഷാംപെയിൻ രുചിച്ച് ഉല്ലാസയാത്രയിൽ ഏർപ്പെടുന്നവരുടെ ചിത്രമായിരുന്നു ആദ്യപേജിൽ. അങ്ങനെ ലിസ്ബോവ സമകാലിക യാഥാർഥ്യങ്ങളിൽനിന്നും ഒഴിഞ്ഞുമാറി തികച്ചും 'സാംസ്കാരികമായ' കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകുകയാണ്.
ജൂലൈ 25, 1938. പത്രമാപ്പീസിലിരുന്ന് പെരേര മരണത്തെക്കുറിച്ചു ചിന്തിക്കുന്നു. അച്ഛന് ശവസംസ്കാര ചടങ്ങുകൾ നടത്താനുള്ള ഒരു സ്ഥാപനം ഉണ്ടായിരുന്നതുകൊണ്ടാവുമോ താൻ മരണത്തെക്കുറിച്ചു ചിന്തിക്കുന്നത്? അതോ, വളരെക്കാലത്തെ ചികിത്സക്കു ശേഷം ഭാര്യ മരിച്ചുപോയതോ? ജന്മംകൊണ്ട് ഒരു റോമൻ കാത്തലിക്കാണ് അയാൾ. പക്ഷേ, ഉയിർത്തെഴുന്നേൽപ് എന്ന സങ്കൽപവുമായി പെരേര പൊരുത്തപ്പെടുന്നില്ല. അതേസമയം, ആത്മാവ് എന്ന സങ്കൽപത്തിൽ ഉറച്ചു വിശ്വസിക്കുന്നുണ്ടുതാനും. അന്നേദിവസം ഒരു മാസിക മറിച്ചുനോക്കുമ്പോൾ പെരേര ലിസ്ബൺ സർവകലാശാലയിൽനിന്നും ബിരുദം നേടിയ ഫ്രാൻസിസ്കോ മൊണ്ടേനോ റോസി എന്ന ഒരാൾ മരണത്തെക്കുറിച്ചെഴുതിയ ഒരു പ്രബന്ധത്തിന്റെ ഭാഗങ്ങൾ കാണുന്നു. സായാഹ്നപത്രത്തിൽ തന്നെ സഹായിക്കാൻ ഒരാൾ വേണം എന്ന് കുറച്ചുനാളായി പെരേര വിചാരിക്കുന്നുണ്ടായിരുന്നു. വരുംകാലത്ത് ഒരുപാട് എഴുത്തുകാർ മരിച്ചുപോകുമല്ലോ. അപ്പോഴെല്ലാം അവരെക്കുറിച്ച് അനുസ്മരണങ്ങൾ (obituaries) പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അവസാന മണിക്കൂറിൽ അതു ചെയ്യുന്നതിനു പകരം, മുന്നേക്കൂട്ടി അനുസ്മരണങ്ങൾ എഴുതിവെക്കുക എന്നത് പത്രസ്ഥാപനങ്ങളിൽ പതിവുള്ള രീതിയാണ്. അത്തരം അനുസ്മരണങ്ങൾ എഴുതാനായി ഈ പ്രബന്ധകാരനെ പത്രത്തിലെടുത്താലോ എന്നാണ് പെരേരയുടെ ആലോചന. മരണത്തെക്കുറിച്ച് എഴുതിയ റോസിയെ അയാൾ ഫോണിൽ വിളിക്കുകയാണ്. റോസിയാകട്ടെ, പെരേരയുടേതെന്നല്ല ഏതു പത്രത്തിലും, എവിടെയും എന്തെങ്കിലും ഒരു ജോലി ചെയ്യാൻ സന്നദ്ധനായി നിൽപാണ്. അത്രയധികം സാമ്പത്തിക പരാധീനതകൾ അയാൾക്കുണ്ട്. അങ്ങനെ, മുൻകൂട്ടി നിശ്ചയിച്ചതനുസരിച്ച് പ്രാക്കാ ദെ അലെഗ്രിയായിലെ ഒരു ഹോട്ടലിൽ അന്നു വൈകീട്ട് റോസികൂടി പങ്കെടുക്കുന്ന ഒരു സംഗീതപരിപാടിക്കിടക്കു െവച്ച് അവർ തമ്മിൽ കണ്ടുമുട്ടുന്നു.
ലിസ്ബണിൽ നിറച്ചും പൊലീസുകാരുടെ സാന്നിധ്യമുണ്ട്. നഗരം മുഴുവൻ മരണം മണക്കുന്നുണ്ടെന്ന് പെരേരക്ക് തോന്നുന്നു. പോരാ, യൂറോപ്പ് മുഴുവൻ മരണം മണക്കുകയാണ്. ''ശ്രദ്ധ കൈവിടരുത്, ഇവിടെ ഒരു ബോൾഷെവിക്കിനെ കണ്ടെത്തിയെന്നു വരാം'' എന്ന് ഒരു പൊലീസുകാരൻ തന്റെ സഹപ്രവർത്തകനെ അറിയിക്കുന്നത് പെരേര കേൾക്കുന്നുണ്ട്. അങ്ങനെ അത്രയും ജാഗ്രത പാലിക്കുന്നൊരിടത്ത് എങ്ങനെയാണ് ഒരു വലിയ സംഗീതവിരുന്നു നടക്കുന്നത്? പെരേര സംശയിക്കുന്നു. ആ ആഘോഷം സലാസറിനെ പ്രകീർത്തിക്കുന്ന സംഘത്തിന്റേതാണെന്ന് അയാൾ തിരിച്ചറിയുകയാണ്. സലാസറിസ്റ്റുകൾ ഉല്ലാസഭരിതരായി ചടങ്ങുകൾ നടത്തുന്നു, ആവേശംകൊള്ളുന്നു. താൻ തന്റെ പത്രത്തിലേക്കു ക്ഷണിക്കുന്ന റോസി ഒരു സലാസറിസ്റ്റ് ആയിരിക്കുമോ?
സ്വതന്ത്രനിലപാടുകളാണ് തന്റെ പത്രത്തിനുള്ളതെന്നും അരാഷ്ട്രീയതയാണ് അതിന്റെ മുഖമുദ്രയെന്നും പറയുന്നുണ്ടെങ്കിലും പെരേര ഒരു തീവ്രദേശീയവാദിയോ സലാസറിസ്റ്റോ ഫാഷിസ്റ്റോ അല്ല. പക്ഷേ, അയാൾ സ്വയം നിയന്ത്രണം പാലിക്കുന്നു എന്നു മാത്രം. സോഷ്യലിസം, കമ്യൂണിസം തുടങ്ങിയ പദങ്ങളൊക്കെ വരുന്ന ഖണ്ഡികകൾ സാധാരണയായി സെൻസർമാർ വെട്ടിമാറ്റും. അതേസമയം ആ പദങ്ങൾ ഉപയോഗിക്കാതെ ഉന്നയിക്കപ്പെടുന്ന അത്തരം ആശയങ്ങൾ അവർ കണ്ടെത്തിയെന്നു വരില്ല. അതുകൊണ്ട് വിവേകമുള്ള പത്രപ്രവർത്തകർ അത്തരത്തിലുള്ള ആശയങ്ങളെ സ്വയം സെൻസർ ചെയ്ത് അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് ലെസ്ബോവയുടെ മുഖ്യപത്രാധിപർ ഇടക്കു പറയും. അയാൾ സലാസറിന്റെ കങ്കാണിയും പോർചുഗലിന്റെ ദേശീയതയിൽ വലിയ അഭിമാനം സൂക്ഷിക്കുന്നയാളുമാണ്. പോർചുഗീസുകാരാണ് ലോകം കണ്ടുപിടിച്ചതെന്നു വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് അയാൾ.
റോസി എന്ന ചെറുപ്പക്കാരനും മാർത്ത എന്ന അയാളുടെ സുന്ദരിയായ സ്േനഹിതയും ഇടതുപക്ഷ പ്രവർത്തകരാണെന്ന് വൈകാതെ പെരേരക്കു മനസ്സിലാകുന്നു. പത്രത്തിലേക്ക് റോസി എഴുതിക്കൊടുക്കുന്ന അനുസ്മരണങ്ങൾ ഒന്നുംതന്നെ പ്രസിദ്ധീകരണയോഗ്യമായി പെരേര കാണുന്നില്ല. എല്ലാ ലേഖനങ്ങളും ഒന്നുകിൽ ഇടതുപക്ഷ എഴുത്തുകാരെക്കുറിച്ചുള്ള സ്തുതികളും (ഉദാ: ലോർക, നിന്ദ്യമായി വധിക്കപ്പെട്ട മഹാനായ വിപ്ലവകാരി എന്നാണ് പ്രകീർത്തനം) അല്ലെങ്കിൽ ഭരണകൂടത്തോടൊപ്പം നിൽക്കുന്ന എഴുത്തുകാരെക്കുറിച്ചുള്ള (ഫിലിപോ തോമാസോ മാരിനെറ്റി, യുദ്ധക്കൊതിയൻ) അധിക്ഷേപങ്ങളുംകൊണ്ടു നിറഞ്ഞതായിരുന്നു. എങ്കിലും റോസിയെ സാമ്പത്തികമായി സഹായിക്കുകയാണ് പെരേര. റോസി അയാൾക്ക് ജനിക്കാതെ പോയ മകനാണ്. മാത്രമല്ല, തന്റെ സ്വന്തം മനസ്സാക്ഷിയുടെ മൊഴിയാണ് യഥാർഥത്തിൽ റോസി എന്ന യുവാവ് എഴുതുന്നത് എന്ന് അയാൾ തിരിച്ചറിയുന്നു. നിഷ്പക്ഷത എന്നത് വാസ്തവത്തിൽ ഫാഷിസത്തോടുള്ള ഒത്തുതീർപ്പുമാത്രമാണെന്ന് അയാൾക്കറിയാം. ഒരു ഘട്ടത്തിൽ റോസിയുടെ വിപ്ലവകാരിയായ സുഹൃത്തിന് സ്വന്തം മുറിയിൽ അഭയം കൊടുക്കാൻപോലും പെരേര തയാറാവുന്നു.
താൻ ഇടക്കെല്ലാം കുമ്പസാരിക്കാൻ പോകുന്ന വന്ദ്യവയോധികനായ പുരോഹിതൻ ഫാദർ അന്തോണിയോ ഭരണകൂടത്തിന് എതിരായ നിലപാടുകളുള്ള വ്യക്തിയാണ്. വത്തിക്കാൻ ഫാഷിസത്തെ പ്രതിരോധിക്കുന്നതിൽ അദ്ദേഹം തന്റെ ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സ്പെയിനിൽ ബാസ്ക്കിലെ ഗർണിക്ക എന്ന പ്രദേശത്ത് നാസികളും ഫാഷിസ്റ്റുകളും ബോംബു വർഷിച്ചപ്പോൾ (പിക്കാസോയുടെ വിശ്രുതമായ പെയിന്റിങ്ങിന്റെ പശ്ചാത്തലം ഈ സംഭവമായിരുന്നു) അതിനെ അനുകൂലിച്ച പുരോഹിതരെ ഫാ. അന്തോണിയോ നിശിതമായി വിമർശിക്കുന്നു. വണ്ടിക്കാരന്റെ കൊലപാതകം പെരേര അറിഞ്ഞില്ലെന്നു കേട്ടപ്പോൾ നിങ്ങൾ എന്തു പത്രക്കാരനാണ്, ഏതു ലോകത്താണ് ജീവിക്കുന്നത് എന്ന് അദ്ദേഹം കയർക്കുന്നു. അതുപോലെത്തന്നെ പെരേര പൊണ്ണത്തടി മാറ്റാൻ ചികിത്സക്കു പോകുന്ന ക്ലിനിക്കിലെ ഡോ. കർദോസയും ഫാഷിസത്തെക്കുറിച്ച് മറിച്ചു ചിന്തിക്കാൻ അയാളെ േപ്രരിപ്പിക്കുന്നുണ്ട്.
അൽഫോൻസ ദോദോറ്റിന്റെ ലാസ്റ്റ് ക്ലാസ് എന്ന കഥ പെരേര വിവർത്തനം ചെയ്തപ്പോൾ അവസാനം ''ഫ്രാൻസ് നീണാൾ വാഴട്ടെ'' എന്ന വാചകം നിലനിർത്തിയിരുന്നു. പോർചുഗലിന്റെ രാഷ്ട്രീയനിലപാടുകൾക്ക് എതിരായ അത്തരമൊരു വാചകം കഥയിൽ വന്നത് മുഖ്യപത്രാധിപരെ ചൊടിപ്പിക്കുന്നുണ്ട്. അതിനുശേഷം നിങ്ങൾ ജോലിയിൽ കൂടുതൽ കരുതൽ വെക്കണമെന്ന് പെരേരയെ അയാൾ ചട്ടംകെട്ടുന്നു. മൊണ്ടേന റോസിയേയും അയാളുടെ സുഹൃത്തുക്കളേയും അപ്പോഴെല്ലാം പൊലീസ് നിരീക്ഷിക്കുകയായിരുന്നു.
പെരേരയുടെ വീട്ടിൽ ഒളിവിൽ താമസിക്കുമ്പോൾ മൊണ്ടേന റോസിയെ നിഷ്കരുണം പൊലീസ് വധിച്ചു. പെരേരയെ അവർ വെറുതെ വിട്ടു. അയാൾക്ക് റോസിയുമായി സ്വവർഗലൈംഗികതയുണ്ടെന്നായിരുന്നു പൊലീസിന്റെ നിഗമനം. മുതിർന്ന പത്രപ്രവർത്തകനായ പെരേര ഒരു ഇടതുപക്ഷ തീവ്രവാദിയാവും എന്ന് അവർ വിചാരിക്കുന്നില്ല. ഈ നിഷ്ഠുരമായ കൊലപാതകത്തെക്കുറിച്ച് വളരെ സത്യസന്ധമായ ഒരു റിപ്പോർട്ട് എഴുതി പ്രസിദ്ധീകരണത്തിനു വിട്ടശേഷം ഒരു വ്യാജ പാസ്പോർട്ടിന്റെ മറവിൽ പെരേര ഫ്രാൻസിലേക്കു നാടുവിടുന്നതോടെയാണ് നോവൽ അവസാനിക്കുന്നത്. വളരെ ആപൽക്കരവും അതേസമയം ബുദ്ധിപരവുമായൊരു നീക്കത്തിലൂടെയാണ് പെരേരക്ക് അത്തരമൊരു വാർത്ത പത്രത്തിൽ കൊടുക്കാൻ സാധിക്കുന്നത്. യാത്ര പോകുമ്പോൾ അയാൾ ഭാര്യയുടെ ചിത്രം മാത്രമേ കൈയിലെടുക്കുന്നുള്ളൂ.
പെരേര ഏറക്കുറെ നിസ്സഹായനായ, നിസ്സംഗനായ ഒരു എളിയ മനുഷ്യനാണ്. കഥാപാത്രത്തിന്റെ ജീവിതത്തെ സാധൂകരിക്കാനെന്നോണം തികച്ചും മിനിമലിസ്റ്റിക്കായൊരു ശൈലിയാണ് നോവൽ പിന്തുടരുന്നതും. സ്വന്തം നിലപാടുകൾ വ്യക്തമാക്കുന്നു (Pereira maintains) എന്ന വാചകം ഇടക്കിടെ ഈ നോവലിൽ ഉപയോഗിക്കുന്നത് അയാളുടെ നിസ്സഹായതയെ പ്രതീകവത്കരിക്കുന്നതായി തോന്നും. എന്നാൽ ഏറ്റവും നിർണായകമായൊരു ഘട്ടത്തിൽ ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ തനിക്കു നിർവഹിക്കാനുള്ള വലിയൊരു ഉത്തരവാദിത്തം ഏറ്റെടുത്തതിനുശേഷം മാത്രമാണ് അയാൾ രംഗത്തുനിന്നും ഒഴിഞ്ഞുപോകുന്നത് എന്നു കാണാം. ഒരു നൂറ്റാണ്ടിനു ശേഷം യുദ്ധവെറിയും ഭ്രാന്തൻ ദേശീയതകളും ഹിംസാത്മകമായ മതമൗലികവാദങ്ങളുമെല്ലാം കുഴച്ചു മറിച്ചിടുന്ന നമ്മുടെ ലോകത്ത് പെരേരയുടെ സാക്ഷ്യം കൂടുതൽ പ്രസക്തമാവുകയാണ്. ഒരു ജനതയെ സാവധാനം സ്വേച്ഛാധികാരം കീഴടക്കുന്നതും അരാഷ്ട്രീയത അതിനു കുടപിടിക്കുന്നതും ഈ നോവലിൽ നമ്മൾ വായിക്കുന്നു.
''നോക്കൂ മിസ്സ് മാർത്ത; ചരിത്രം എന്നത് വലിയൊരു വാക്കാണ്. മെരുക്കിയെടുക്കാവുന്ന ഒരു മൃഗമാണ് അതെന്നു നിങ്ങൾ വിചാരിക്കരുത്'' -ഈ നോവലിലൊരിടത്തുെവച്ച് യുവവിപ്ലവകാരികളോട് പെരേര സമർഥിക്കുന്നു. ഒരിക്കലും ഇണങ്ങിക്കിട്ടാത്ത ചരിത്രം ഇരുപത്തൊന്നാം നൂറ്റാണ്ടിലും അധികാരക്കൊതിയുടെയും അധിനിവേശങ്ങളുടെയും തേരോട്ടങ്ങളുമായി മുന്നോട്ടുപോകുന്നു എന്നതാണ് ഈ നോവലിനെ പ്രവചനാത്മകമാക്കുന്നത്. ഒരുപക്ഷേ, കൂടുതൽ സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട്; കൂടുതൽ ഹിംസാത്മകമായ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടും.
പെരേരയുടെ നിലപാടുകളും സാക്ഷ്യങ്ങളും നിറഞ്ഞ ഈ നോവൽ വലുപ്പത്തിൽ ചെറുതെങ്കിലും ആശയങ്ങൾകൊണ്ടും അവ വിനിമയം ചെയ്യുന്ന രാഷ്ട്രീയംകൊണ്ടും ഉജ്ജ്വലമായൊരു കൃതിയായി അനുഭവപ്പെടും.
അന്തോണിയോ തബൂച്ചി പോർചുഗീസ് സാഹിത്യത്തിൽ അവഗാഹമുണ്ടായിരുന്ന പ്രശസ്ത ഇറ്റാലിയൻ എഴുത്തുകാരനാണ്. അധ്യാപകനായും വിവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു. 1943ൽ ഇറ്റലിയിലെ പിസയിൽ ജനിച്ച അദ്ദേഹം 2012ൽ പോർചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ അന്തരിച്ചു. ഫെർണാണ്ടോ പെസ്സോവയുടെ രചനകളോടുള്ള പ്രണയം അദ്ദേഹത്തെ പോർചുഗീസ് സാഹിത്യത്തിന്റെ ആരാധകനാക്കി മാറ്റി. ഫെർണാണ്ടോ പെസ്സോവയുടെ കൃതികളെ കൂടുതൽ അടുത്തറിയുന്നതിനായിട്ടാണ് അദ്ദേഹം ഭാഷ പഠിച്ചത്. സർവകലാശാലയിൽ അദ്ദേഹം പോർചുഗീസ് സാഹിത്യമാണ് പഠിപ്പിച്ചിരുന്നത്. ഏറെ പ്രശസ്തമായ കഥാസമാഹാരം Little misunderstandings of no importance (ഈ സമാഹാരത്തിൽ 'മദ്രാസിലേക്കു പോകുന്ന തീവണ്ടികൾ' എന്ന ഇന്ത്യൻ പശ്ചാത്തലത്തിലുള്ള ഒരു കഥയുണ്ട്), Requiem: a hallucination എന്നിവയാണ് പ്രധാന കൃതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.