എം. നന്ദകുമാറിന്റെ അധികം വായിക്കപ്പെടാത്ത 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' എന്ന നോവെല്ല വായിക്കുന്നു. മനുഷ്യജീവിതത്തില്‍ നടത്തുന്ന വേഗങ്ങളുടെ ആഖ്യാനകമായ ഈ രചന വായിക്കുമ്പോൾ അഗദതന്ത്രത്തിലെ വിഷസഞ്ചാരസങ്കൽപങ്ങള് ഓര്ക്കാതിരിക്കാനാവില്ലെന്ന് ചിന്തകനും നിരൂപകനുമായ ലേഖകൻ എഴുതുന്നു.അമൃതിനുമുമ്പ് വിഷം ഉണ്ടായി. വിഷാദം ജനിപ്പിക്കുന്നതുകൊണ്ട് അതിന് വിഷം എന്ന പേരുമുണ്ടായി. ഓജസ്സു നിറഞ്ഞതും രോഗമില്ലാത്തതുമായ...
എം. നന്ദകുമാറിന്റെ അധികം വായിക്കപ്പെടാത്ത 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' എന്ന നോവെല്ല വായിക്കുന്നു. മനുഷ്യജീവിതത്തില്‍ നടത്തുന്ന വേഗങ്ങളുടെ ആഖ്യാനകമായ ഈ രചന വായിക്കുമ്പോൾ അഗദതന്ത്രത്തിലെ വിഷസഞ്ചാരസങ്കൽപങ്ങള് ഓര്ക്കാതിരിക്കാനാവില്ലെന്ന് ചിന്തകനും നിരൂപകനുമായ ലേഖകൻ എഴുതുന്നു.
അമൃതിനുമുമ്പ് വിഷം ഉണ്ടായി. വിഷാദം ജനിപ്പിക്കുന്നതുകൊണ്ട് അതിന് വിഷം എന്ന പേരുമുണ്ടായി. ഓജസ്സു നിറഞ്ഞതും രോഗമില്ലാത്തതുമായ നിത്യജീവനെക്കുറിച്ചുള്ള ഭാവനയാണ് അമൃതെങ്കില് യാഥാര്‍ഥ്യമായ മരണത്തിന്റെ കാരകമാണ് വിഷം. മരണം എന്ന ക്രിയ നടത്തുന്നവനായ കര്‍ത്തൃകാരകം; അനിശ്ചിതമായ സ്വത്വമുള്ള പദാര്‍ഥം. പാലാഴിമഥനസമയത്ത് അമൃതുണ്ടാകുന്നതിനുമുമ്പ് ഭയങ്കരാകൃതിയും ഉജ്ജ്വലതേജസ്വിയും നാലു ദംഷ്ട്രകളും പച്ചനിറത്തിലുള്ള തലമുടിയും തീക്കണ്ണുകളുമുള്ളവനായ ഒരു പുരുഷന് ഉണ്ടായെന്നും അവനെ കണ്ട് ലോകം വിഷാദിച്ചതിനാല് ആ വിഷാദംനിമിത്തം അവന് വിഷം എന്നു പേരുണ്ടായെന്നുമാണ് ആയുര്വേദഭാവന. ചരകസംഹിതയും അഷ്ടാംഗഹൃദയവും അഷ്ടാംഗസംഗ്രഹവും അങ്ങനെ പറയുന്നു. പുരാവൃത്തത്തില്‍നിന്ന് ശാസ്ത്രത്തിലേക്കുനീങ്ങുന്ന ആയുര്‍വേദം വിഷാദജനകമായ വിഷത്തെ സ്ഥാവരജംഗമങ്ങളും കൃത്രിമവുമായി വിഭജിച്ചു. ജഗദ് വിഷാദത്തിന് കാരണമായ വിഷപുരുഷനെ ബ്രഹ്മാവ് സ്ഥാവരങ്ങളായ സസ്യങ്ങളുടെ വേരിലും തൊലിയിലും കിഴങ്ങിലും ഇലയിലുമൊക്കെയായി സ്ഥാപിച്ചു; ഭൂമിയുടെ ഭാരംകുറക്കുന്നതിനുവേണ്ടി വിഷ്ണു വിഷപുരുഷനെ ജംഗമങ്ങളായ പാമ്പ്, ചിലന്തി, തേള് തുടങ്ങിയ ജീവികളിലും കുടിയിരുത്തി. സ്ഥാവരവും ജംഗമവുമായ വിഷങ്ങള്‍ക്കു പുറമെയാണ് ദ്രവ്യങ്ങള്‍ കൂട്ടിക്കലര്‍ത്തി മനുഷ്യനുണ്ടാക്കുന്ന ഗരം എന്ന കൃത്രിമവിഷം. വിഷമില്ലാത്ത വസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന ഗരമെന്നും വിഷവസ്തുക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന കൃത്രിമമെന്നും രണ്ടു വിഭാഗങ്ങള്‍ അതിനുമുണ്ട്. ഔഷധികളില്‍ കുടിയിരുത്തപ്പെട്ട സ്ഥാവരവിഷം ഔഷധമാകാമെന്ന ഭാവനകൂടിയുണ്ട് ഈ വിഷോൽപത്തി കഥയില്‍. പാലാഴിയില്‍നിന്ന് ഉയര്‍ന്നുവന്ന വിഷത്തെ ഔചിത്യത്തോടുകൂടിയ ഉപയോഗംകൊണ്ട് (ജീവന്‍രക്ഷക്ക് എന്നര്‍ഥം) പ്രയോജനകരമായതിനാല്‍ അമൃതമാക്കിത്തീര്ത്തു സസ്യങ്ങളില്‍ കുടിയിരുത്തിയെന്ന അഷ്ടാംഗസംഗ്രഹത്തിലെ കൽപനയില് വിഷത്തെ ഔഷധമായും ഉപയോഗിക്കാമെന്ന വൈദ്യവീക്ഷണവുമുണ്ട്. വിഷത്തിന് പത്തുഗുണ(സ്വഭാവം)ങ്ങളും ഏഴു വേഗങ്ങളുമുണ്ടെന്ന് ആയുര്‍വേദം സങ്കൽപിച്ചു. വിഷം മനുഷ്യശരീരത്തിലെ ഒരു ധാതുവില്‍നിന്നു മറ്റൊന്നിലേക്കു വ്യാപിച്ച് പലതരം ലക്ഷണങ്ങളിലൂടെ അതിന്റെ വീര്യതീക്ഷ്ണത പ്രകടിപ്പിക്കുന്ന വ്യത്യസ്തസന്ദര്ഭങ്ങളാണ് വേഗങ്ങള്‍. ഒന്നാമത്തെ വേഗത്തില്‍ രക്തംദുഷിക്കലും രണ്ടാമത്തെ വേഗത്തില്‍ ശരീരത്തില്‍ നീരും അങ്ങനെയങ്ങനെ ഏഴാംവേഗത്തില് മരണവുമെന്ന് പ്രാചീനരായ ആയുര്‍വേദ സൈദ്ധാന്തികര്‍ വിധിക്കുന്നു. ഔഷധങ്ങളും ശസ്ത്രക്രിയയും വഴിയുള്ള വിഷചികിത്സയാണ് അഗദതന്ത്രമെന്ന ആയുര്‍വേദശാഖയുടെ വിഷയം. സ്ഥാവരവും ജംഗമവും ഗരവുമായ വിഷങ്ങളും അവയിലൊന്നുംപെടാത്ത വികാരവിഷങ്ങളും മനുഷ്യജീവിതത്തില്‍ നടത്തുന്ന വേഗങ്ങളുടെ ആഖ്യാനകമായ എം. നന്ദകുമാറിന്റെ 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' എന്ന നോവെല്ല വായിക്കുമ്പോള്‍ അഗദതന്ത്രത്തിലെ വിഷസഞ്ചാരസങ്കൽപങ്ങള് ഓര്‍ക്കാതിരിക്കാനാവില്ല. ആ പൂര്‍വപാഠങ്ങളുടെ വെളിച്ചത്തില്‍, അവയുമായി നേര്ബന്ധമൊന്നുമില്ലാതെ, അമൃതത്വം മോഹിക്കുന്ന മനുഷ്യപ്രകൃതിയിലെ ഇരുള്ലോകത്തെയും കാമനകളെയും ആണ്-പെണ്ബന്ധത്തെയും കഥാഖ്യാനപ്രക്രിയയെയും കാലഭാവനയെയും വിഷസങ്കൽപത്തിന്റെ നീലവെളിച്ചത്തില്‍ ഈ രചന അപോദ്ധരിക്കുന്നു.
ഗ്രാമീണമായ ഒരു സ്ഥലനാമോൽപത്തി കഥയും ജാരസംസര്‍ഗ സംശയത്തില്നിന്നുണ്ടായ കൊലപാതകത്തിന്റെ കഥയും കൂട്ടിയിണക്കുന്ന നിലവിളിക്കുന്നിലേക്കുള്ള കയറ്റം ജീവിതത്തിനും മരണത്തിനുമിടയിലെ സര്പ്പിളസമയത്തില് തൃഷ്ണകളും അഭിലാഷങ്ങളും പാഷാണതുല്യമായ അസൂയയും മദമാത്സര്യങ്ങളുമെല്ലാം പകര്‍ന്നാടുന്ന മനുഷ്യപ്രകൃതിയുടെ ആവിഷ്കാരമായിത്തീരുന്നത് അഗദതന്ത്രത്തെ ആഖ്യാനതന്ത്രമായി സ്വീകരിക്കുന്നതുകൊണ്ടാണ്. വിഷവും അതിന്റെ ഗുണവേഗങ്ങളും ഔഷധവും വിഷബാധിതനും വിഷകാരകനും വിഷഹാരിയും രസായനവാദിയുമെല്ലാം കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഘോരവും മാന്ത്രികവുമായ ഒരു ദുരന്തനാടകവേദിയായി ഈ നോവെല്ല മാറുന്നു. നിലവിളിക്കുന്നിന് ആ പേരുകിട്ടിയ കഥയാണ് ആഖ്യാതാവ് പറയുന്നത്. ഒരുകാലത്ത് അവിടം നിറയെ ഉഗ്രവിഷമുള്ള പാമ്പുകളായിരുന്നു. അമാനുഷാനുഭവങ്ങള് ഉണ്ടാകാന്‍ തുടങ്ങിയതോടെ അവിടെ നടക്കാവും പ്രതിഷ്ഠകളും അന്തിത്തിരി കൊളുത്തലുമുണ്ടായി. അമ്മാവന്റെ മകന് അച്ചുവേട്ടനില്നിന്നാണ് നിലവിളിക്കുന്നിന് ആ പേരുണ്ടാകാന്‍ കാരണമായ ഗോവിന്ദന്റെയും ദാക്ഷായണിയുടെയും കഥ കുട്ടിക്കാലത്ത് ആഖ്യാതാവ് കേട്ടത്. കുറച്ചു വര്‍ഷത്തിനുശേഷം അച്ചുവേട്ടന് നിലവിളിക്കുന്നിന്റെ താഴ്വരയിലൂടെ രാത്രി വീട്ടിലേക്കു മടങ്ങുമ്പോള്‍ വയല്ക്കുറുഞ്ഞി മൂര്‍ഖന്‍ കൊത്തി മരിച്ചെന്ന വിവരമറിയുമ്പോള്‍ അയാള്‍ വിഷനീലിമയുടെ ആ ദുരന്തകഥ ഓര്‍ക്കുന്നു.
മംഗലാംകുന്നിനടുത്തുള്ള ആ ദിക്കില്‍ ആദ്യമായി പെട്ടിക്കടയിട്ട ഗോവിന്ദമൂത്താന്റെ കഥയാണ് തന്റെ കേട്ടറിവില്നിന്ന് അച്ചുവേട്ടന് പറഞ്ഞുകേള്‍പ്പിച്ചത്. ഗോവിന്ദനില്നിന്നുണ്ടായ പേരാണ് നിലവിളിക്കുന്ന്. അകലെയുള്ള ആഴ്ചച്ചന്തയെയും തലച്ചുമടുമായി വന്നുപോകുന്ന കച്ചവടക്കാരെയും മാത്രം ആശ്രയിച്ചിരുന്ന പ്രദേശത്ത് തന്റെ ചെറിയച്ഛന്റെ ഉപദേശപ്രകാരം ഗോവിന്ദന് ആരംഭിച്ച പെട്ടിക്കട അയാളുടെ ജീവിതത്തില്‍ മാത്രമല്ല സ്ഥലത്തും പുരോഗതിയും ആധുനികമായ സാമ്പത്തികക്രമവും സൃഷ്ടിക്കുന്നു. കച്ചവടം പച്ചപിടിച്ചതോടെ കാശ് കളയാതിരിക്കാനായി പെണ്ണുകെട്ടാനും ചെറിയച്ഛന് ഉപദേശിച്ചു; തന്റെ ഭാര്യയുടെ ബന്ധുവായ സുന്ദരി ദാക്ഷായണിയെ ഗോവിന്ദനു ഭാര്യയായി കണ്ടെത്തുകയുംചെയ്തു. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുശേഷം ഗോവിന്ദനും ദാക്ഷായണിയും വിരുന്നുണ്ണാന്‍ ചെറിയച്ഛന്റെ വീട്ടിലെത്തി. ദാക്ഷായണിയുടെ മുറച്ചെറുക്കനും പേരെടുത്ത തിമിലവാദകനും ചെറിയച്ഛന്റെ കൃഷികാര്യസ്ഥനും സുന്ദരനുമായ വേശുക്കുട്ടനും അവിടെയുണ്ടായിരുന്നു. വിരുന്നിനിടയിലെ മദ്യസേവക്കിടയില്‍ ചെറിയച്ഛന് നടത്തിയ, ''ഗോവിന്ദാ നീ പാവമാണ്, നീയെനിക്കു സ്വന്തം മകനാ, പക്ഷേ, നീ തിന്നുന്നത് എച്ചിലാണെടാ... അതെപ്പഴും ഓര്മ വേണം'' എന്ന വാക്കുകൊണ്ടുള്ള വിഷപ്രയോഗം ഗോവിന്ദനെ സംശയത്തിലേക്കു വലിച്ചെറിഞ്ഞു. പുലര്‍ച്ചക്കു യാത്ര പറയുമ്പോള്‍ ചെറിയച്ഛന്റെ കൈമുട്ട് ദാക്ഷായണിയുടെ ദേഹത്ത് ഉരസിയതായി ഗോവിന്ദനു തോന്നി. ഭാര്യയുടെ ചാരിത്ര്യശുദ്ധിയെക്കുറിച്ചുള്ള ദുഃസൂചന ഗോവിന്ദനില്‍ എല്ലാത്തിനോടും അകലമുണ്ടാക്കിയെങ്കിലും അവളിലുള്ള താൽപര്യം ഇല്ലാതാക്കിയില്ല. സാമ്പത്തികമായി വളരാനുള്ള ഗോവിന്ദന്റെ ശ്രമത്തെ കുടുംബം നന്നായി നോക്കി ദാക്ഷായണിയും സഹായിച്ചു. ഫോട്ടോ പിടിച്ചും സിനിമകണ്ടും നാലുപറ കണ്ടംവാങ്ങിയും പുര ഓടിട്ടും കറന്റിന് അപേക്ഷിച്ചും സഹകരണബാങ്കില്‍ നിക്ഷേപം നടത്തിയും ഭാര്യക്ക് സ്വര്ണാഭരണമുണ്ടാക്കിയും മകനെ സ്കൂളില്‍ ചേര്ക്കാനൊരുങ്ങിയും പുരോഗതിയുടെയും ആധുനികത്വത്തിന്റെയും ജീവിതക്രമത്തിലേക്ക് ഗോവിന്ദന് സ്വയംപറിച്ചുനട്ടെങ്കിലും സംശയം വ്യാധിയായി വളര്‍ന്നു. ഒന്നിലും തൃപ്തിയില്ലാതായ ഗോവിന്ദന് ഏകസുഹൃത്തായ ശ്രീധരന് വൈദ്യന് വാറ്റിയെടുക്കുന്ന ദ്രാക്ഷിരാസവം സേവിച്ച് ഉത്കണ്ഠകള്‍ ശമിപ്പിക്കാന്‍ ശ്രമിച്ചു. പേരെടുത്ത വിഷഹാരിയായ ശ്രീധരന് വൈദ്യനില്‍നിന്ന് അൽപം വൈദ്യവും ഏതാനും വിഷക്കൂട്ടുകളും അയാള്‍ ഗ്രഹിക്കുകയും ചെയ്തു. വൈദ്യരുടെ രസായനപരീക്ഷണശാലയിലും ഗോവിന്ദനു പ്രവേശനമുണ്ടായിരുന്നു. ആശങ്കയില്‍നിന്ന് ആധിയും ആധിയില്‍നിന്ന് വ്യാധിയുമുണ്ടാകുമെന്ന് വൈദ്യര് ഉപദേശിച്ചിട്ടും ദാക്ഷായണിയെപ്പറ്റിയുള്ള സംശയം അയാളില്‍ വളര്‍ന്നുമുറ്റി. ദാക്ഷായണിക്കു പല ജാരന്മാരുണ്ടെന്ന സംശയത്തില്‍ രഹസ്യമായി അവളുടെ വസ്ത്രങ്ങള്‍ മണത്തുനോക്കിയും അസൂയ കലര്‍ന്ന സ്നേഹത്തോടെയും അയാള്‍ ഭാര്യക്കൊപ്പം ജീവിച്ചു. വാദ്യക്കാരും ആനക്കാരും വാണിഭക്കാരുമൊക്കെയായി ധാരാളം പുരുഷന്മാര് വന്നുകൂടുന്ന പൂരക്കാലം ഗോവിന്ദന്റെ സംശയരോഗം തീവ്രമാക്കി. പൂരത്തിനു തിമില വായിക്കാനെത്തിയ വേശുക്കുട്ടന്‍ ഇടക്കിടെ വീട്ടിലേക്കു വരുന്നതും ദാക്ഷായണി അയാളുമായി ഇടപഴകുന്നതും അത് ആളിക്കത്തിച്ചു. വേശുക്കുട്ടനും താനും തമ്മിലുള്ള താരതമ്യത്തില്‍ ഗോവിന്ദന് വെന്തുനീറി. പൂരം കൊടിയിറങ്ങിയതിന്റെ പിറ്റേന്നു രാത്രി ദാക്ഷായണിയെ വിഷം തീണ്ടി. വൈദ്യര് സൂക്ഷ്മമായി പരിശോധിച്ചെങ്കിലും എന്തെങ്കിലും കടിച്ചതിന്റെ ലക്ഷണം ശരീരത്തിലുണ്ടായിരുന്നില്ല. വിഷചികിത്സയുടെ എല്ലാ മുറകളും പരാജയപ്പെട്ട് ദാക്ഷായണി മരിച്ചു. ''ഏതു വേന്ദ്രന്റെ വിഷമാണ് നീ ഇത്രകാലം കൂട്ടിയുണ്ടാക്കിയത്. അത് കുത്തിവെച്ചതെങ്ങനെ?'' എന്നുമാത്രമേ ഗോവിന്ദനോട് വൈദ്യര് ചോദിച്ചുള്ളൂ. വീട്ടില്‍നിന്നു കുന്നിന്മുകളിലേക്കോടിയ ഗോവിന്ദന് ആ രാത്രി മുഴുവന്‍ അവിടെ മൃഗത്തിന്റെയോ മനുഷ്യന്റെയോ അല്ലാത്ത അവ്യാഖ്യേയശബ്ദത്തില് നിലവിളിച്ചുകൊണ്ടിരുന്നു. പിറ്റേന്ന് ദാക്ഷായണിയുടെ ശവദാഹം കഴിഞ്ഞതോടെ അവളുടെ അനിയത്തി രമണിയും ഗോവിന്ദനും അപ്രത്യക്ഷരായി. പാമ്പുകളുടെ കുന്ന് നിലവിളിക്കുന്നായി.
കേട്ട കഥയുടെ തനിയാവര്‍ത്തനമല്ല നിലവിളിക്കുന്നിലെ കഥാഖ്യാനം. യഥാതഥസാഹിത്യം പലതരത്തില്‍ ഉപയോഗിച്ചു പരിചിതമാക്കിയിട്ടുള്ളതാണ് കേട്ടകഥയുടെ പുനരാഖ്യാനരീതി. ഭൂതകാലസംഭവത്തെ വര്‍ത്തമാനകാല യാഥാര്‍ഥ്യവുമായി ബന്ധിപ്പിച്ച് രണ്ടുകാലങ്ങള്‍ തമ്മിലുള്ള അന്തരത്തിന്റെ അനുഭവസാക്ഷ്യമോ അനുസ്മരണമോ ആയി രേഖപ്പെടുത്തുന്ന യഥാതഥരീതി എം. നന്ദകുമാര്‍ പിന്തുടരുന്നില്ല. ഭൂതകാലസംഭവാഖ്യാനത്തിന്റെയും കേട്ട കഥയുടെയും പുറംപാളിക്കുള്ളില് 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' യാഥാര്‍ഥ്യവും അയാഥാര്ഥ്യവും തമ്മിലുള്ള അതിരുകള്‍ മായ്ച്ചുകളയുകയും ആഖ്യാതൃസ്ഥാനം, ആഖ്യാനകാലം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗതസങ്കൽപങ്ങള് അസ്ഥിരമാക്കുകയും ചെയ്യുന്നു. സംഭവങ്ങളുടെ ഭൂതലോകത്തേക്കല്ല ഭൂതാത്മകമായ പദാര്‍ഥങ്ങളുടെയും മനുഷ്യന്റെയും ഇരുണ്ട ഹൃദയങ്ങളിലേക്കാണ് 'നിലവിളിക്കുന്നി'ലെ ആഖ്യാനകം നോക്കുന്നത്. സംശയവും അസൂയയും മൂത്തു നടത്തിയ ഒരു കൊലപാതകത്തിന്റെ ഭൂതകഥയെ ദുരന്തനാടകത്തിന്റെയും ആയുര്‍വേദത്തിലെ വിഷചികിത്സാസിദ്ധാന്തത്തിന്റെയും വിഷസങ്കൽപത്തിന്റെയും ഭൂതവും വര്‍ത്തമാനവും തമ്മിലുള്ള ഏറ്റുമുട്ടലിന്റെയും പാഠങ്ങളുമായി ചേര്‍ത്ത് അപോദ്ധരിക്കുകയാണ് ഈ നോവെല്ല. അച്ചുവേട്ടന് എന്ന ആഖ്യാതാവ് കേട്ടറിഞ്ഞ കഥ കേട്ട ആഖ്യാതാവ് ആ കഥയിലെ ഗോവിന്ദന്റെ നിലവിളിയെ ഇഴപിരിക്കുന്നതാണ് 'നിലവിളിക്കുന്നി'ലെ ആഖ്യാനകം. അതുകൊണ്ടുതന്നെ കഥയിലെ ആഖ്യാനം യഥാതഥവും വിശ്വസ്തവുമായ സംഭവാഖ്യാനമല്ല, ഒരുതരം മാറ്റിയെഴുത്തോ വ്യാഖ്യാനമോ ഭാഷാന്തരീകരണമോ ആണ്. ''ഞങ്ങള്‍ ജനിക്കുംമുമ്പ് അലയടിച്ച ഭാഷാരഹിതമായ ഒരു നിലവിളിയുടെ പര്യായങ്ങളാണ് ഞാന്‍ ഇഴപിരിക്കുന്നത്'' എന്നും ''ഈ രാത്രിയില്‍ ഞാന്‍ ഓര്മിച്ചെടുക്കുന്നതെല്ലാം അന്നുകേട്ട അതേ വാക്കുകളാണോ? തീര്‍ച്ചയില്ല. കാരണം, ശരീരവും മനസ്സും സൂക്ഷിക്കുന്ന സ്മരണകള്‍ വെവ്വേറെയാണ്'' എന്നും ആഖ്യാതാവ് പറയുന്നുണ്ട്. അച്ചുവേട്ടന് കഥ പറഞ്ഞ ആ ഉച്ചനേരം 'പദാര്‍ഥങ്ങളുടെ ഇരുണ്ടഹൃദയങ്ങളിലേക്കുള്ള നൊടിനേരത്തെ ദര്‍ശന'മായാണ് ആഖ്യാതാവിന്റെ സ്മൃതിപഥത്തിലേക്കു മടങ്ങിവരുന്നത്.
കേട്ട ദുരന്തകഥയും കഥ പറഞ്ഞയാളിന്റെ ദുരന്തകഥയും തമ്മിലുള്ള സാദൃശ്യം പദാര്‍ഥങ്ങളുടെ ഇരുണ്ട ഹൃദയങ്ങള്‍ ഇഴപിരിച്ചുണ്ടാക്കിയ ആഖ്യാനച്ചരടിലേക്കു നയിക്കുന്നു. വിഷവും മനസ്സുമാണ് ആ പദാര്‍ഥങ്ങള്‍. അല്ലെങ്കില്‍, സംശയത്തിന്റെ വിഷംതീണ്ടിയ മനസ്സും അതിന്റെ ഫലമായി വിഷബാധയേറ്റ ശരീരവും. ആയുര്‍വേദത്തിലെ വിഷസങ്കൽപത്തില്നിന്നു വ്യത്യസ്തമായ ശങ്കാവിഷമാണ് ഗോവിന്ദനെ ബാധിച്ചതെന്നു പറയാം. ഭാര്യയുടെ സ്വഭാവശുദ്ധിയെപ്പറ്റിയുള്ള ശങ്ക അയാളില്‍ വിഷംപോലെ പടരുകയും അവളെ വിഷം കൊടുത്തു കൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. വിഷബാധയുണ്ടായെന്ന സംശയംകൊണ്ട് ഒരാള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതാണ് അഗദതന്ത്രത്തിലെ ശങ്കാവിഷം. ഇരുട്ടത്ത് വിഷമില്ലാത്ത ജന്തുക്കളുടെ കടിയേല്‍ക്കുകയോ മുള്ളു കൊള്ളുകയോ ചെയ്യുന്നയാള്‍ വിഷംതീണ്ടിയെന്ന സംശയത്തില്‍ ജ്വരം, ഛർദി, അതിസാരം, മോഹാലസ്യം, മാനസികവിഭ്രമം തുടങ്ങിയവ പ്രകടിപ്പിക്കുന്നതിനെ ചരകനും വാഗ്ഭടനും ശങ്കാവിഷമെന്നു വിളിച്ചു. ദാക്ഷായണിയെപ്പറ്റി ചെറിയച്ഛന് പറഞ്ഞ വാക്കുകള്‍ ഗോവിന്ദനില്‍ സംശയത്തിന്റെ വിഷോദ്വേഗമുണ്ടാക്കി മനസ്സിലെ അസൂയയും ശരീരത്തിലെ ചെന്നിക്കുത്തുമായി മാറ്റുന്നു. ശങ്കയുടെ വിഷം അയാളില്‍ മാനസികവിക്ഷോഭമുണ്ടാക്കി ഒരുതരം ഉന്മാദത്തിലേക്കു നയിച്ചതിന്റെ ഫലമാണ് കൊലപാതകം. മാനസികവിക്ഷോഭവും വിഷബാധയും ഉന്മാദത്തിന്റെ കാരണങ്ങളായി സുശ്രുതനും വാഗ്ഭടനും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിഷയസുഖത്തെക്കുറിച്ചുള്ള അസാധ്യസ്വപ്നങ്ങള്മൂലം മാനസികവിക്ഷോഭം തീവ്രമായി മനസ്സ് നിയന്ത്രണാതീതമാകുന്ന ഉന്മാദരോഗി അസ്വാഭാവികമായ രീതിയില്‍ പാടിയോ ചിരിച്ചോ കരഞ്ഞോ വിചിത്രമായ തരത്തില്‍ സ്വന്തം വികാരം പ്രകടിപ്പിക്കുന്നതിനെപ്പറ്റിയുള്ള സുശ്രുതന്റെയും ഓടക്കുഴലിന്റെയും വീണയുടെയും ശബ്ദം പരുഷമായി ഉണ്ടാക്കുന്ന ഉന്മാദിയെക്കുറിച്ചുള്ള വാഗ്ഭടന്റെയും വിവരണങ്ങള്‍ കൊലപാതകത്തിനുശേഷം കുന്നിന്മുകളില്നിന്ന് 'മൃഗത്തിന്റെയോ മനുഷ്യന്റെയോ അല്ലാത്ത അവ്യാഖ്യേയശബ്ദ'ത്തില്‍ നിലവിളിക്കുന്ന ഗോവിന്ദന് ഓര്‍മിപ്പിക്കുന്നു. ഭാഷാരഹിതമായ ആ നിലവിളി ഇഴപിരിച്ച് ആഖ്യാതാവ് ഭാഷയില്‍ നിര്‍മിക്കുന്ന ആഖ്യാനകമായ കഥയുടെ പൂര്വപാഠം അല്ലെങ്കില്‍ അന്തര്പാഠമായി അഗദതന്ത്രഗ്രന്ഥങ്ങള് നിലകൊള്ളുന്നു.
സാഹിത്യകൃതികളെ പൂര്‍ണമായും മൗലികവും അനന്യവും സമഗ്രവുമായ സൃഷ്ടികളായി കണക്കാക്കാനാവില്ല. ഒരു സാംസ്കാരിക-സാഹിത്യവ്യവസ്ഥയുടെ സവിശേഷമായ പ്രകാശനങ്ങള്‍, തെരഞ്ഞെടുപ്പുകളും കൂട്ടിച്ചേര്ക്കലുകളുമാണവ. ആ വ്യവസ്ഥയുമായുള്ള ബന്ധം അവ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നില്ലെന്നു മാത്രം. വായനയും നിരൂപണവും അതിനെ പുനഃക്രമീകരിച്ച് കൃതികളിലെ പാഠങ്ങളും പാഠാന്തരബന്ധങ്ങളും പുറത്തുകൊണ്ടുവരുന്നു. സാഹിത്യവ്യവസ്ഥയില്നിന്നുള്ള അംശങ്ങള്‍ സ്വീകരിച്ച് സവിശേഷമായി ക്രമപ്പെടുത്തുകയാണ് സാഹിത്യരചനയില്‍ എഴുത്തുകാര്‍ ചെയ്യുന്നത്. നിരൂപകന് കൃതിയില്‍നിന്ന് സാഹിത്യവ്യവസ്ഥയിലേക്കു പോവുകയും എഴുത്തുകാരന് അവ്യക്തമാക്കിയ കൃതി-സാഹിത്യവ്യവസ്ഥ ബന്ധം വ്യക്തമാക്കുകയുംചെയ്യുന്നു. കൃതിയിലെ സൂചനാബന്ധങ്ങളുടെ ആ വെളിപ്പെടുത്തല്‍ കാലവും പാരായണരീതിഭേദവും പ്രത്യയശാസ്ത്രങ്ങളുമനുസരിച്ച് വ്യത്യസ്തമായിരിക്കുകയുംചെയ്യും. 'നിലവിളിക്കുന്നി'ലും സാഹിത്യവ്യവസ്ഥയുടെ ആ ഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ സാഹിത്യഘടനയെ അന്തര്പാഠമെന്നോ പൂര്വപാഠമെന്നോ 'ഹൈപ്പോടെക്സ്റ്റ്' എന്നോ ഇന്റര്ടെക്സ്റ്റ് എന്നോ വിളിക്കാം. രൂപത്തിലോ ഉള്ളടക്കത്തിലോ ഒരു പില്ക്കാലകൃതിയെ പ്രത്യക്ഷമോ പരോക്ഷമോ ആയി പ്രചോദിപ്പിക്കുന്ന പൂര്വകൃതിയാണ് ഹൈപ്പോടെക്സ്റ്റ്. പ്രചോദിതമായ പില്ക്കാലകൃതിയെ ഹൈപ്പര്‍ടെക്സ്റ്റ് എന്നും വിളിക്കാം. കേവലാനുകരണമോ ചോരണമോ അല്ല ഇവിടെയുള്ളത്. ഒരേ കാര്യം വ്യത്യസ്തമായോ വ്യത്യസ്തമായ കാര്യം ഒരുപോലെയോ പറഞ്ഞുകൊണ്ടാണ് മികച്ച കൃതികള്‍ ബോധപൂര്‍വം ആ പാഠാന്തരബന്ധം പുലര്‍ത്തുന്നത്. നേരിട്ടുള്ളതല്ലാത്ത അനുകരണപ്രക്രിയയിലൂടെ അന്തര്പാഠത്തെ അവ പുതിയ ദര്‍ശനമായി മാറ്റിയെഴുതുകയോ ആ മാതൃകയില്‍ പുതിയ ദര്‍ശനം അവതരിപ്പിക്കുകയോ ചെയ്യുന്നു. സാഹിതീയതയുടെ സാര്‍വജനീന സ്വഭാവംകൂടിയാണ് ഇത്തരം പാഠാന്തരബന്ധങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ അര്‍ഥത്തില്‍ എല്ലാ സാഹിത്യകൃതികളും പാഠാന്തരത്വം പുലര്‍ത്തുന്നവയാണെന്നു പറയാം. 'നിലവിളിക്കുന്നി'ലെ അത്തരം അന്തര്‍/പൂര്‍വപാഠങ്ങളില്‍ മുഖ്യമാണ് അഗദതന്ത്രം. ഷേക്സ്പിയറുടെ 'ഒഥല്ലോ'യും ഒരു അന്തര്പാഠമായി ഈ നോവെല്ലയെ പ്രചോദിപ്പിക്കുന്നുണ്ട്.
ഒഥെല്ലോയുടെ ബോധപൂര്‍വമായ അനുകരണമോ ആ ദുരന്തനാടകത്തിലെ ഇതിവൃത്തത്തിന്റെ മാറ്റിയെഴുത്തോ അല്ല 'നിലവിളിക്കുന്ന്'. ഇതിവൃത്തപരമായി അവ തമ്മില്‍ ബന്ധമൊന്നുമില്ല. ഏഷണി കേട്ട് ജാരസംസര്‍ഗം സംശയിച്ച നായകന് നടത്തുന്ന ഭാര്യാഹത്യ എന്ന പ്രമേയത്തിന്റെ സാര്‍വലൗകികതയാണ് ഒഥെല്ലോയുമായി നിലവിളിക്കുന്നിനുള്ള നേര്‍ബന്ധം. ഇയാഗോ നടത്തുന്ന ഏഷണിയെയും ഒഥെല്ലോയില് ഉണ്ടാകുന്ന സംശയരോഗത്തെയും വിഷത്തോടും വിഷപ്രയോഗത്തോടും ബന്ധപ്പെടുത്തുന്ന ഒഥെല്ലോയിലെ രീതി അതിനെ നിലവിളിക്കുന്നിന്റെ പരോക്ഷമായ അന്തര്പാഠമായി മാറ്റുന്നു. കരുതിക്കൂട്ടിയുള്ള അനുകരണമോ ആശയസ്വീകരണമോ അല്ല, സാഹിത്യവ്യവസ്ഥക്കുള്ളില് നടക്കുന്ന നേരിട്ടു ബന്ധമൊന്നുമില്ലാത്ത പാഠാന്തരബന്ധം മാത്രമാണത്; വ്യത്യസ്തമായ സാംസ്കാരികസന്ദര്ഭങ്ങളില് ഒരു സാര്‍വലൗകിക പ്രമേയത്തിന്റെ വ്യത്യസ്തമായ ആവിഷ്കരണം. ഇയാഗോ എന്ന പതാകവാഹകനായ കീഴ്ജീവനക്കാരന്റെ ഏഷണികേട്ട് അസൂയയും ജാരസംസര്ഗസംശയവും മൂത്താണ് വെനീസിലെ കറുത്തവര്‍ഗക്കാരനായ പടനായകന് ഒഥല്ലോ ഭാര്യ ഡെസ്ഡിമോണയെ കൊന്നത്. തനിക്കു കീഴില്‍ ജോലിചെയ്യുന്ന സൈനികനായ കാസിയോയുമായി ഡെസ്ഡിമോണക്കു ജാരബന്ധമുണ്ടെന്ന ഏഷണി അയാളെ സംശയരോഗിയും കൊലയാളിയുമാക്കി. സത്യം വെളിപ്പെട്ടപ്പോള്‍ ആത്മഹത്യയിലുമെത്തിച്ചു. ഒഥെല്ലോക്കില്ലാത്തതെല്ലാം കാസിയോക്കുണ്ട്; വെളുത്തനിറം, യൂറോപ്യന്‍ സൗന്ദര്യം, യുവത്വം, പ്രഭുത്വം. ഇയാഗോ പ്രയോഗിച്ച ശങ്കാവിഷം മാത്രമല്ല, കാസിയോയുടെ യോഗ്യതകളുമായി തട്ടിച്ചുനോക്കുമ്പോള്‍ തന്റെ സ്ഥാനത്തെപ്പറ്റി ഒഥെല്ലോക്കുണ്ടാകുന്ന സംശയവും അതില്‍നിന്നുണ്ടാകുന്ന അസൂയയും ആ അറുകൊലക്കു പിന്നിലുണ്ട്. ഭാര്യയുടെ ചാരിത്ര്യത്തെക്കുറിച്ചുള്ള ആരോപണംമൂലം ഒഥെല്ലോക്ക് അവളിലുള്ള തൃഷ്ണ നഷ്ടപ്പെടുന്നില്ല, പക്ഷേ, അതിന്റെ സ്വഭാവം മാറുന്നു. ഈ അവസ്ഥാന്തരങ്ങളെല്ലാം ഗോവിന്ദനിലുമുണ്ട്. താന്‍ കറുത്ത നിറമുള്ളവനും പ്രായം കൂടിയവനും സല്ലാപചാതുര്യമില്ലാത്തവനുമാണെന്നു വിചാരിക്കുന്ന ഒഥെല്ലോയെപ്പോലെ ഗോവിന്ദനും തന്റെ സ്ഥാനത്തെപ്പറ്റി സംശയാലുവാണ്. വേശുക്കുട്ടനെ സാക്ഷിനിര്‍ത്തി ചെറിയച്ഛന് എറിഞ്ഞ സംശയവിത്ത് മുളച്ചുവരുമ്പോള്‍ തന്റെ സാമൂഹികസ്ഥാനത്തെപ്പറ്റിയുള്ള സംശയം അയാളില്‍ വര്‍ധിക്കുന്നു. ''വേശുക്കുട്ടന്റെ അലക്കിവെളുപ്പിച്ച ഇല്ലിക്കുന്നുമുണ്ടിലും സ്വര്‍ണം കെട്ടിച്ച രുദ്രാക്ഷമാലയിലും ഗോവിന്ദന് കണ്ണോടിച്ചു. പൊടിപറ്റിയ സ്വന്തം ദേഹവും ഏകതാനമായ പലചരക്കുകച്ചവടവും പുറത്തേക്കു വഴികളില്ലാത്ത മൂടിക്കെട്ടിയ മൗനവും അയാള്‍ക്കു മനംപുരട്ടലുണ്ടാക്കി''യെന്ന് നന്ദകുമാര്‍ എഴുതുന്നു. ഇയാഗോ-ഒഥല്ലോ-കാസിയോ-ഡെസ്ഡിമോണ ചതുഷ്ടയത്തെയാണ് ചെറിയച്ഛന്-ഗോവിന്ദന്-വേശുക്കുട്ടന്‍-ദാക്ഷായണി ചതുഷ്ടയത്തില്‍ കാണുന്നതെന്ന് പ്രത്യക്ഷസമാനതകളില് കൗതുകമുള്ളവര്ക്കു തോന്നാനിടയുണ്ടെങ്കിലും ഒഥെല്ലോയിലെ ഏഷണി, അസൂയ, വംശീയത തുടങ്ങിയ പ്രമേയങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായ സാംസ്കാരികസന്ദര്ഭങ്ങളിലും സൂചകങ്ങളിലുമാണ് നിലവിളിക്കുന്നില്‍ പരിചരണവിധേയമാകുന്നത്. ആ പ്രമേയ സാര്‍വലൗകികതയെ സാഹിത്യവുമായി ബന്ധമൊന്നുമില്ലാത്ത ഭാരതീയ വിഷചികിത്സയുടെയും രസായനവിദ്യയുടെയും അന്തര്പാഠങ്ങളുമായും ഉത്സവത്തിന്റെയും വാദ്യകലയുടെയും സാംസ്കാരികസൂചനകളുമായും കൂട്ടിയിണക്കുന്നതാണ് 'നിലവിളിക്കുന്നി'ലെ ആഖ്യാനകം.
വിഷംകൊടുത്തുള്ള പ്രച്ഛന്നമായ കൊലയല്ല കഴുത്തു ഞെരിച്ചുള്ള പ്രത്യക്ഷമായ കൊലയാണ് ഒഥെല്ലോ നടത്തുന്നത്. ശങ്കാവിഷത്തില്നിന്നുണ്ടായ അസൂയാവിഷം അതിന്റെ പ്രേരണയായതിനാല് ഷേക്സ്പിയര് പല സന്ദര്‍ഭങ്ങളിലും വിഷകൽപനകള് പ്രയോഗിക്കുന്നു. ഡെസ്ഡിമോണയുടെ പിതാവായ ബ്രബാന്റിയോയുടെ ആഹ്ലാദത്തില്‍ വിഷം കലര്‍ത്തണമെന്നും ചെവിയില്‍ താന്‍ വിഷമൊഴിക്കുമെന്നും സ്വയം പ്രഖ്യാപിക്കുന്ന ഇയാഗോ സൃഷ്ടിച്ച ശങ്കാവിഷം അതിവേഗത്തില്‍ ഫലം കാണുന്നു. തന്റെ വിഷത്തിനൊത്ത് ഒഥെല്ലോ മാറിത്തുടങ്ങിയെന്നും രക്തത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങുമ്പോള്‍ അത് ഗന്ധകഖനിപോലെ ആളിക്കത്തുമെന്നും പറയുന്ന ഇയാഗോ കൊലക്ക് വിഷം ചോദിക്കുന്ന ഒഥെല്ലോക്ക് കഴുത്തുഞെരിച്ചുകൊല്ലാനുള്ള ഉപദേശവും നല്കുന്നു. ഡെസ്ഡിമോണയെപ്പറ്റി അപവാദം പറയുന്നവനെ ദൈവം സര്പ്പശാപംകൊണ്ടു ശിക്ഷിക്കട്ടെയെന്ന് എമീലിയ ശപിക്കുന്നു. സത്യം തിരിച്ചറിഞ്ഞ ഒഥെല്ലോ ഇയാഗോയെ അണലിയെന്നു വിളിക്കുന്നു. ഒഥെല്ലോയുടെയും ഡെസ്ഡിമോണയുടെയും മൃതദേഹങ്ങള്‍ കാഴ്ചയില്‍ വിഷം കലര്‍ത്തുന്നതിനാല്‍ മറയ്ക്കാനായി ലൊഡോവിക്കോ നിർദേശിക്കുന്നിടത്താണ് നാടകം അവസാനിക്കുന്നത്. വിനാശത്തിന്റെയും മലിനീകരണത്തിന്റെയും വ്യാധിയുടെയും പ്രതീകമാണ് ഒഥെല്ലോയില് വിഷം. ആ രൂപകധര്മത്തിനപ്പുറം വിഷം എന്ന ഭൗതികവസ്തുവിന് അവിടെ സ്ഥാനമില്ല. സത്യം മനസ്സിലാക്കിയ ഒഥെല്ലോ ആത്മഹത്യയിലൂടെ ശങ്കാവിഷംകൊണ്ട് താന്‍ ചെയ്ത പാതകത്തിന്റെ പാപമേറ്റു പറയുന്നത് അവതരിപ്പിച്ച് കാണികള്‍ക്കു സമാശ്വാസംനല്കുന്ന വികാരവിമലീകരണമെന്ന ദുരന്തനാടകലക്ഷ്യം നിവര്‍ത്തിച്ച് ഷേക്സ്പിയര് പിന്മാറുന്നു. ഒരുതരം വിഷശമനമാണത്.
ശമിക്കാതെ തുടരുന്ന വിഷത്തിന്റെയും അതിന്റെ വേഗങ്ങളുടെയും ലോകമാണ് നിലവിളിക്കുന്ന്. വിഷം നിര്‍വഹിക്കുന്ന മലിനീകരണം, ദുരന്തദുഃശങ്ക ഇവിടെ കഥാസമാപ്തിയുടെ വികാരവിമലീകരണംകൊണ്ടു നിവര്‍ത്തിക്കപ്പെടുന്നില്ല. ഏഷണിയും അസൂയയും സംശയവും വിഷംതന്നെയെന്ന സാര്വലൗകികഭാവന നിലവിളിക്കുന്നില്‍ അഗദതന്ത്രത്തിന്റെ അന്തര്പാഠവുമായി കൂട്ടിയിണക്കപ്പെട്ട് വിഷം എന്ന ഭൗതികവസ്തുവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ഗഹനതലങ്ങളിലേക്കു നീങ്ങുന്നു. ശങ്കാവിഷം ബാധിച്ച ഗോവിന്ദനില്‍ അത് അഗദതന്ത്രത്തിലെ ദൂഷീവിഷസങ്കൽപത്തോടു ചേര്‍ന്നുപോകുന്ന അസൂയാവിഷമായി മാറുകയും വിഷബാധയാലുള്ള ഉന്മാദാവസ്ഥയിലെത്തിച്ച് ഒടുവില്‍ അയാളെ യഥാര്‍ഥമായ കൃത്രിമവിഷപ്രയോഗത്തിലൂടെയുള്ള ഭാര്യാഹത്യക്കു പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് നിലവിളിക്കുന്നില്‍ നാം കാണുന്നത്. സ്ഥാവരവും ജംഗമവും കൃത്രിമവുമായ വിഷങ്ങള്‍ ശരീരത്തില്‍ ദീര്‍ഘകാലം തങ്ങിനിന്ന് പലതരം രോഗങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥാവിശേഷത്തെയാണ് ആയുര്‍വേദം ദൂഷീവിഷമെന്നു വിശേഷിപ്പിക്കുന്നത്. പ്രത്യേകതരം വിഷമല്ലാത്ത ദൂഷീവിഷത്തിന്റെ കാരണങ്ങള്‍ വേണ്ടവിധം ശുചിയാക്കാത്ത മൂലികകളും ദോഷദൂഷ്യവിചാരവും പഥ്യവും കൂടാതെ ഉപയോഗിക്കുന്ന ഔഷധങ്ങളും വിരുദ്ധാഹാരവുമൊക്കെയാണെന്നാണു വൈദ്യവിധി. അസ്വസ്ഥതയമര്ത്താനുള്ള നിരന്തരമായ ദ്രാക്ഷിരാസവപാനവും വൈദ്യരുടെ രാസപരീക്ഷണശാലയിലെ ഇടപഴകലും വിഷക്കൂട്ടുകള്‍ ഗ്രഹിക്കലും ഗോവിന്ദനില്‍ ശങ്കാവിഷം മാത്രമല്ല ദൂഷീവിഷവും നിറച്ചുവെന്നു മനസ്സിലാക്കാവുന്നതേയുള്ളൂ.
ഒരേസമയം വിഷബാധിതനും വിഷകാരകനുമാണ് ഗോവിന്ദന്; ദംശിതനും ദംശകനും. പൊടുന്നനെയുണ്ടായ വിഷബാധയല്ല അയാളുടേത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ദാക്ഷായണിയെപ്പറ്റി ചെറിയച്ഛന് പറഞ്ഞ മുനവെച്ച വാക്കുകേട്ട് സംശയാലുവും അസൂയാലുവുമായ ഗോവിന്ദന് പൊടുന്നനെ ഭാര്യാഹത്യക്ക് ചാടിപ്പുറപ്പെടുന്നില്ല. സര്‍വാംഗം ഒരു മരവിപ്പു ബാധിച്ചെങ്കിലും ദാക്ഷായണിയോടുള്ള അയാളുടെ തൃഷ്ണ കുറയുന്നുമില്ല. തൃഷ്ണാരാഹിത്യത്തില്നിന്നല്ല തൃഷ്ണയില്നിന്നാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ പഴക്കംചെന്ന ദൂഷീവിഷത്തെപ്പോലെ സംശയവും അസൂയയും കൊലപാതകവാസനയും അയാളില്‍ രൂപപ്പെടുന്നത്. ചെറിയച്ഛന്റെ ഏഷണിയെക്കാള് വേശുക്കുട്ടന്റെ സാന്നിധ്യമാണ് അതിനു കാരണം. ഒടുവില്‍ വൈരത്തിലേക്കും ഹത്യയിലേക്കും ഗോവിന്ദനെ കൊണ്ടുചെന്നെത്തിക്കുന്ന ഈ മനോനിലയെ അനുകരണാത്മകതൃഷ്ണ എന്നുവിളിക്കാം. മനുഷ്യര്‍ തമ്മിലുള്ള കലഹത്തിനും വൈരത്തിനും കാരണം അവരുടെ പരസ്പരവ്യത്യാസങ്ങളല്ല, മറിച്ച് അവര്‍ സമാനരും സമാനവസ്തുക്കള്‍ ആഗ്രഹിക്കുന്നവരുമായിരിക്കുന്നതാണ്. ഭക്ഷണവും രതിയും അപൂര്വവസ്തുക്കളുമൊക്കെ എല്ലാ മനുഷ്യരും ഒരുപോലെ ആഗ്രഹിക്കുന്നു. അപരന് അസൂയയുണ്ടാക്കുന്നതു സ്വന്തമാക്കാനാണ് മനുഷ്യന്റെ ആഗ്രഹം. മറ്റു ജീവികളില്‍നിന്നു വ്യത്യസ്തമായി അനുകരണശേഷിയും ആസൂത്രണശേഷിയും തിരഞ്ഞെടുപ്പിനുള്ള സ്വതന്ത്രതയും മനുഷ്യനുണ്ട്. ഇതിലെല്ലാം തൃഷ്ണയുടെ നിര്‍ണായകമായ ഒരംശമുണ്ട്. ക്രിയകള്‍ അനുകരിക്കുകയും ആന്തരികയാഥാര്ഥ്യങ്ങള് പ്രതിനിധാനം ചെയ്യുകയും മാത്രമല്ല, മറ്റു മനുഷ്യരുടെ തൃഷ്ണകള്‍ അനുകരിക്കുകയുംകൂടി ചെയ്യുന്നതാണ് മനുഷ്യസ്വഭാവം. സ്വന്തം തിരഞ്ഞെടുപ്പിനുള്ള മനുഷ്യന്റെ സ്വതന്ത്രത ഇച്ഛാനുസാരിത്വത്തിനൊപ്പം അപകടസാധ്യതയും അനിശ്ചിതത്വവുംകൂടി സൃഷ്ടിക്കുന്നു. എന്താണു തിരഞ്ഞെടുക്കേണ്ടതെന്നു മുന്‍കൂട്ടി അറിയാത്തതിനാല്‍ മനുഷ്യന് അപരരിലേക്കു നോക്കുന്നു; അപരര്‍ ആഗ്രഹിക്കുന്നത് അവനും ആഗ്രഹിക്കുന്നു. മനുഷ്യപ്രകൃതിയുടെ ഈ സ്വഭാവത്തെ അനുകരണാത്മകതൃഷ്ണയെന്നു വിളിച്ചത് ഫ്രഞ്ച് ചരിത്രകാരനും സാമൂഹികശാസ്ത്രചിന്തകനും നിരൂപകനുമൊക്കെയായ റെനെ ഷിരാറാണ്. ഉൽപത്തി മിത്തുകളും യൂറോപ്യന്‍ ക്ലാസിക് നോവലുകളും ഷേക്സ്പിയര് നാടകങ്ങളുമെല്ലാം വിശകലനം ചെയ്തുകൊണ്ടാണ് അനുകരണതൃഷ്ണയെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ഷിരാര് രൂപപ്പെടുത്തിയിട്ടുള്ളത്. ഒരേ വസ്തുവിനോട് ഒട്ടേറെപ്പേര്‍ക്കു തൃഷ്ണയുണ്ടാവുമ്പോള് സ്വാഭാവികമായും അസൂയയും മത്സരവും ശത്രുതയുമുണ്ടാകും. അവ സാമൂഹികസംഘര്‍ഷത്തിന്റെ സ്രോതസ്സുപോലുമായിത്തീരും. ഇതിഹാസങ്ങളിലും മഹത്തായ നോവലുകളിലും അതിന്റെ ആവിഷ്കാരങ്ങള്‍ കാണാം. ശരിതെറ്റുകളൊന്നും നോക്കാതെ ഒരു ബലിയാടിനെ കണ്ടെത്തി നശിപ്പിച്ചുകൊണ്ട് അനുകരണാത്മകതൃഷ്ണ നിയന്ത്രിച്ച് പ്രാചീനജനവിഭാഗങ്ങള് സമൂഹത്തിലെ ഐക്യവും സമാധാനവും നിലനിര്‍ത്തിയത് ഉൽപത്തിപുരാണങ്ങള് വിശകലനം ചെയ്തുകൊണ്ട് ഷിരാര് വിശദീകരിച്ചിട്ടുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.