അമ്പത്തിയഞ്ച് കൊല്ലം മുമ്പ് എഴുതിയ ഒരു നോവൽ വീണ്ടും വായിക്കുമ്പോൾ, ആഖ്യാനസന്ദർഭങ്ങൾ സൂക്ഷ്മമായവിധത്തിൽ ഇന്ന് നേരിട്ട് അനുഭവിക്കുന്നതല്ലേ എന്ന വിഭ്രമം സൃഷ്ടിക്കുന്നു. എങ്ങനെയാണ് ഒരു സമൂഹം അധികാരത്തിന്റെ ഉപജാപങ്ങളുടെയും ഒട്ടനവധിയായ സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും കളിയരങ്ങാവുന്നതെന്ന ചോദ്യത്തെ വിശദീകരിക്കാൻ ആഖ്യാനം സ്വയം ശ്രമിക്കുകയാണ്. പൊതുസമൂഹത്തിന്റെ അസ്തിവാരത്തിൽ ഭരണകൂടം നേരിട്ടും നിഗൂഢമായ രീതിയിലും...
അമ്പത്തിയഞ്ച് കൊല്ലം മുമ്പ് എഴുതിയ ഒരു നോവൽ വീണ്ടും വായിക്കുമ്പോൾ, ആഖ്യാനസന്ദർഭങ്ങൾ സൂക്ഷ്മമായവിധത്തിൽ ഇന്ന് നേരിട്ട് അനുഭവിക്കുന്നതല്ലേ എന്ന വിഭ്രമം സൃഷ്ടിക്കുന്നു. എങ്ങനെയാണ് ഒരു സമൂഹം അധികാരത്തിന്റെ ഉപജാപങ്ങളുടെയും ഒട്ടനവധിയായ സിദ്ധാന്തങ്ങളുടെയും പ്രയോഗങ്ങളുടെയും കളിയരങ്ങാവുന്നതെന്ന ചോദ്യത്തെ വിശദീകരിക്കാൻ ആഖ്യാനം സ്വയം ശ്രമിക്കുകയാണ്. പൊതുസമൂഹത്തിന്റെ അസ്തിവാരത്തിൽ ഭരണകൂടം നേരിട്ടും നിഗൂഢമായ രീതിയിലും ഇടപെടലുകൾ നടത്തുന്നതിന്റെ രീതിക്രിയകളാണ് ഇവിടെ പ്രതിപാദിക്കുന്നത്. 1967ൽ പ്രസിദ്ധീകരിച്ച 'ഹിരണ്യകശിപു' എന്ന നോവൽ എത്രകണ്ട് പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്. ഒരുപേക്ഷ, അന്നത്തെക്കാളും സമകാലത്തിന്റെ സാമൂഹികാടരുകളിൽ ലയിച്ചുചേരുന്ന ആഖ്യാനസ്വരൂപത്തിന്റെ ആർജവം രാഷ്ട്രീയത്തിന്റെ അപചയത്തെ ആക്ഷേപഹാസ്യത്തിന്റെ രൂപത്തിൽ അതിശക്തമായി അപലപിക്കുന്നു. പ്രവചനസാന്ദ്രമായ ആഖ്യാനം സമകാലികമായ കാലുഷ്യങ്ങളുടെ പര്യാലോചനയായിത്തീരുന്ന വിസ്മയച്ചേർച്ചയാണ് എൻ.പി. മുഹമ്മദിന്റെ നോവൽ. പുരാണത്തിലെ ഹിരണ്യകശിപു എന്ന അസുരനെ പ്രഫസർ ജയൻ എന്ന കേന്ദ്രകഥാപാത്രമാക്കി പുനരവതരിപ്പിച്ചുകൊണ്ട് കേരളത്തിന്റെ ചുറ്റുപാടിൽ അവതരിപ്പിക്കുകയാണ് നോവലിൽ. വിവിധ രാഷ്ട്രീയകക്ഷികൾ വ്യത്യസ്തമായ ആശയങ്ങളും കുടിലമായ തന്ത്രങ്ങളുംകൊണ്ട് സ്വന്തം പരിഗണനകളെ മാത്രം പരിചരിക്കുന്നതിന്റെ രാഷ്ട്രീയചിത്രം രൂപപ്പെടുന്ന കേരളത്തിൽ ഭരണപരമായ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നു. മുമ്മൂന്നു മാസം കൂടുമ്പോൾ പുതിയ ഭരണസംവിധാനങ്ങളും ഒരു ലക്ഷ്യബോധവും ഇല്ലാത്ത നയങ്ങളും കേരളത്തെ 'പരീക്ഷണ'ങ്ങളുടെ കൂത്തരങ്ങാക്കിത്തീർത്തു. അരാജകത്വം തൊട്ടുതീണ്ടാത്ത ഒരു വ്യവസ്ഥയും അവശേഷിക്കുന്നില്ല എന്ന നിലയിലേക്ക് സ്ഥിതിഗതികൾ അധഃപതിക്കുന്നു. ഭരണസ്ഥിരത ഒട്ടുമേ ഇല്ലാതെയാകുകയും മനുഷ്യരുടെ സാമൂഹികദൃശ്യതക്ക് പ്രതിബന്ധങ്ങൾ ഉരുവംകൊള്ളുകയും ചെയ്തതോടെ ദേവലോകത്തിന് ഇടപെടലുകൾ നടത്താതെയിരിക്കാൻ നിർവാഹമില്ലാതായി. ഇത്തരമൊരവസ്ഥയിൽ കേരളത്തിലെ അവസ്ഥകളെ സാകൂതം വീക്ഷിക്കുന്ന ദേവലോകം അസ്വസ്ഥത പ്രകടമാക്കുകയാണ്. ഈ ഘട്ടത്തിൽ ദേവലോകം കേരളത്തിന്റെ ഭരണസംവിധാനത്തിൽ ക്രയവിക്രയം നടത്താൻ തീരുമാനിക്കുകയും അതിനുള്ള ചർച്ചകൾ ആരംഭിക്കുകയും ചെയ്യുന്നു.
കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയപരീക്ഷണം തങ്ങളുടെ മധ്യസ്ഥതയിൽ നടപ്പിലാക്കാൻ ദേവേന്ദ്രനും നാരദമഹർഷിയും ചേർന്ന് തീരുമാനിക്കുകയും ശുക്രാചാര്യരും സുനന്ദയും മറ്റും അതിൽ അണിചേരുകയും ശ്രീഹരിയുടെ അനുഗ്രഹാശിസ്സുകൾ പ്രസ്തുത സംരംഭത്തിന് ഉണ്ടാവുകയും ചെയ്യുന്നു. മാത്രമല്ല, മേൽപറഞ്ഞ കർമത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ഹിരണ്യകശിപു നിയോഗിക്കപ്പെടുകയാണ്. അങ്ങനെ അയാളുടെ അവതാരമായ ജയനിൽ ഈ കർത്തവ്യം അവരോധിതമാവുകയും അയാൾ ഇതിലേക്കായി ശ്രീഹരിയിൽനിന്നു പുതിയ വരം നേടുകയുംചെയ്തു. ഹിരണ്യകശിപുവിന്റെ മകനായ പ്രഹ്ലാദൻ നാരായൺ ദാസ് എന്ന പേരിലും ശുക്രമുനിയുടെ മകൻ ഭാസ്കരൻ എന്ന പേരിലും കൂടാതെ ദേവലോകത്തെ മറ്റുചിലരും കേരളത്തിലെ പുതിയ ഉത്തരവാദിത്തത്തിലേക്ക് നിയുക്തരാവുകയാണ്. ജനഗുണഗണം എന്ന രാഷ്ട്രീയസംഘടന നിലവിൽ വരുന്നതോടനുബന്ധിച്ച് ബ്ലാക്ക്ഗാർഡ് എന്ന പേരിൽ സമാന്തരമായ ഒരു സൈന്യത്തെ കാലനാദനെ തലവനാക്കി പ്രഫസർ ജയൻ സജ്ജമാക്കുന്നു. ഒരു കോഴിയെ പോറ്റാൻ തയാറാവുന്നവരെയാണ് പാർട്ടിയുടെ അംഗമാക്കുന്നത്. അഞ്ചു കോഴികളായി വർധിപ്പിക്കുന്നവർക്ക് ഇഫക്ടിവ് മെംബർഷിപ് നൽകുന്നതാണ്. വരിസംഖ്യ കോഴിമുട്ടയായി നൽകിയാൽ മതി. അങ്ങനെയാണ് സംഘടനയുടെ മൂലധനം ഒരുക്കേണ്ടത് എന്ന് സാരം. മുൻകൂട്ടി നിശ്ചയിച്ച അതിഗൂഢമായ കൗശലത്തിന് അനുസൃതമായി തിരഞ്ഞെടുപ്പിൽ ജനഗുണഗണം വിജയിക്കുകയും പ്രഫസർ ജയൻ മുഖ്യമന്ത്രിയാവുകയും ചെയ്യുന്നു.
രാഷ്ട്രീയതന്ത്രജ്ഞതയും രാഷ്ട്രീയം നിർമിച്ചെടുക്കുന്ന കൃത്യതയാർന്ന അടിപ്പടവുകളും 'ഹിരണ്യകശിപു'വിൽ സുവർണാനുപാതത്തിൽ വിന്യസിക്കുന്നു എന്നത് അതിശയോക്തിപരമായ പ്രസ്താവനയല്ല. സവിശേഷാധികാരം സൃഷ്ടിക്കുകയും അതിനെ വികസിപ്പിക്കാനായി ജനങ്ങൾക്ക് മേൽ എല്ലാവിധത്തിലുമുള്ള കൂച്ചുവിലങ്ങിടാൻ ശ്രമിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂടത്തെയാണ് ദേവലോകത്തുനിന്നു തീട്ടൂരം ലഭിച്ച ജയൻ കേരളത്തിൽ സ്ഥാപിക്കുന്നത്. ജാതി, വർഗ വേർതിരിവുകളില്ലാതെ നിക്ഷിപ്ത താൽപര്യങ്ങൾക്കായി അധികാരത്തെ കരുവാക്കുന്ന ജനാധിപത്യഭരണകൂടം ഏകാധിപത്യത്തിലേക്ക് അതിവേഗം കുതിച്ചെത്തുന്ന കാഴ്ചയാണ് നോവലിലെ പ്രമേയപരിസരം. അധികാരശൃംഖലയുടെ ഇരകളായി ജനങ്ങൾ മാറുന്ന ദൃശ്യമാണ് നോവലിൽ പരക്കെയുള്ളത്. ഹിരണ്യകശിപുവിന്റെ പൂർവകാല ഐതിഹ്യം മൈത്തികഭൂതകാലത്തെ കുറിച്ചുള്ള പ്രമാണത്തെ ആഖ്യാനഭൂപടത്തിലേക്ക് സജീവമായി കൊണ്ടുവരുകയാണ്. സമകാല സാഹചര്യത്തിൽ അയാളുടെ സ്വഭാവരീതികളും പൊതുവെയുള്ള പ്രകൃതവും അധികാരവും ഹിംസയുമായി ചേർന്നുനിൽക്കുന്നു. സ്വാർഥതയുടെ ചുട്ടി കുത്തിയ അധികാരമുഖങ്ങൾ ക്രൂരതയുടെ പ്രത്യക്ഷചിഹ്നങ്ങളെ ആവാഹിച്ചുകൊണ്ടാണ് ആടുന്നത് എന്ന് ജയനിലൂടെയും കാലനാദനിലൂടെയും ഉറപ്പിക്കുന്ന വിധത്തിലാണ് സന്ദർഭങ്ങൾ പുരോഗമിക്കുന്നത്. ദേവലോകം ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന 'സത്യം' എന്ന പത്രം ജയനെക്കുറിച്ചുള്ള അപദാനങ്ങൾ വാഴ്ത്തിപ്പാടുന്നത് പ്രതിച്ഛായാ നിർമാണത്തിനു അങ്ങേയറ്റം സഹായകമായി. രാഷ്ട്രീയ അസ്ഥിരത്വത്തിന്റെ നാളുകളിൽ പ്രഫസർ ജയന്റെ ലേഖനങ്ങളും പ്രസ്താവനകളും ജനങ്ങൾക്ക് പ്രതീക്ഷയേകി. അധികം വൈകാതെ അയാളുടെ വാക്കുകൾക്കായി അവർ കാതോർത്തു. തങ്ങളെ സമാധാനത്തിന്റെയും വികസനത്തിന്റെയും തീരങ്ങളിലേക്ക് ആനയിക്കുന്ന പ്രകാശമായി അവർ അയാളെ കാണാൻ തുടങ്ങി. എന്നാൽ, ജയനിൽ ഒളിച്ചിരുന്ന ഏകാധിപതിയുടെ രൂപഭാവങ്ങൾ പൊതുമധ്യത്തിലേക്ക് എത്തിയത് തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷമാണ്. ശരിയായ തരത്തിലുള്ള നയവും തന്ത്രവും പ്രയോഗത്തിൽ വരുത്താൻ ക്രമേണ അയാൾക്ക് സാധിക്കുന്നു.
അധികാരം കരിമഷിയാൽ ചാലിച്ചെഴുതുന്ന കഥാരൂപത്തിൽ, ഈയാംപാറ്റകളെ പോലെയുള്ള അവസ്ഥയിലേക്ക് കൂപ്പുകുത്തുന്ന പൗരവർഗം, 'ജനാധിപത്യ-ഏകാധിപത്യം' പിന്തുടരുന്ന ഏതൊരു ഭരണകൂടത്തിന്റെയും പരിണിതഫലമാണ്. ജനാധിപത്യത്തിന്റെ സ്ഥിരത നിലനിർത്തുന്ന ഘടകങ്ങളെ മറന്നുകൊണ്ട്, ഭരണഘടന മാറ്റിയോ തിരുത്തിയോ എഴുതി ജനങ്ങളുടെ അവകാശങ്ങളെ പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമം സ്ഥാപിതേച്ഛകളുള്ള ഭരണകൂടത്തിന്റെ ഏറ്റവും ചെറിയ നടപടിക്രമമായി കരുതണം. രാഷ്ട്രീയ തീരുമാനങ്ങളിൽ ജനങ്ങളുടെ ചെറിയ പക്ഷത്തിനു നേരിട്ട് വിജയകരമായി സ്വാധീനം ചെലുത്താൻ കഴിയുകയെന്നത് ലളിതമല്ല. ജനാധിപത്യ-ഏകാധിപത്യത്തിൽ ഭരണനേതൃത്വത്തിന്റെ പ്രതിപത്തിക്കാണ് പ്രാധാന്യം. ഭരണകൂടം അനുശാസിക്കുന്നത് അനുസരിക്കാനേ അവിടെ ജനതക്ക് സാധിക്കുന്നുള്ളൂ. ജയന്റെ ജനദ്രോഹനീക്കങ്ങൾക്ക് ഊർജമേകുന്നത് ഈ ധാരണയാണ്. ക്രൂരതയുടെ പ്രഭവകേന്ദ്രമായി ഭരണകൂടഭൂമിക വ്യവസ്ഥാപിതമാവുകയും ജനങ്ങളുടെ വ്യവഹാരങ്ങളുടെ അടിസ്ഥാനസിദ്ധാന്തം ഭീതിയെ ആശ്രയിക്കാനും തുടങ്ങി. ജനാധിപത്യത്തിന് വിള്ളൽ സംഭവിക്കുകയും ഏകാധിപത്യം പ്രച്ഛന്ന ജനാധിപത്യമായി വേഷം കെട്ടുകയും ചെയ്യുന്ന രംഗങ്ങളാണ് നോവലിൽ നടമാടുന്നത്. പഴയ ജന്മത്തിൽ അനുഭവിച്ച പരാജയം തിരുത്തിയെഴുതാൻ, ആവനാഴിയിൽ ലക്ഷ്യവേധികളായ അമ്പുകൾ ശേഖരിച്ചു മുന്നേറുന്ന ജയൻ സമഗ്രാധിപതിയാകുന്നതിൽ ആശ്ചര്യമില്ല. അയാൾ സ്വയം ആർജിക്കുന്ന അതിരുകടന്ന ആത്മവിശ്വാസവും സ്വപക്ഷാന്ധതയും ഏകാധിപതികളിൽ പൊതുവെ പ്രകടമാകുന്ന ലക്ഷണങ്ങളാണ്. ഭാവനാന്തരീക്ഷം എന്ന നിലക്കുമാത്രം ആഖ്യാനത്തിലെ സംഭവവികാസങ്ങളെ പരിശോധിക്കാനാവില്ല എന്ന് തീർച്ചയാണ്. സമ്പൂർണമായ ജനാധിപത്യം കേരളത്തിന്റെ മണ്ണിനു പറ്റിയതല്ലെന്ന ചരിത്രസത്യം മനസ്സിലാക്കുന്ന നയരേഖ ശുക്രാചാര്യർ മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ, അധികാരത്തിന്റെ ശീതളച്ഛായയിൽ വിരാജിക്കുന്ന ജയൻ എന്ന ഹിരണ്യകശിപുവിൽ സമഗ്രാധിപത്യപ്രവണത വരുന്നത് അംഗീകരിക്കാൻ പ്രയാസമാണ്. ശ്രീഹരിയുടെ പ്രതിനിധിയായി ഭരണം കൈയാളുന്ന ജയൻ ധർമമാർഗത്തിൽനിന്നു വ്യതിചലിക്കുന്നതോടെ ദേവലോകത്തിനു അയാളുമായി ആശയസംഘർഷമുണ്ടാവുന്നു. ഒടുവിൽ മഹാവിഷ്ണുതന്നെ പ്രത്യക്ഷപ്പെട്ട് കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്.
പരമാധികാരത്തിന്റെ സാധ്യതകളിലേക്ക് അടുപ്പിക്കുന്നതിൽ ഹിംസാത്മക വൃത്തികൾക്ക് സ്ഥാനമുണ്ട്. സ്വന്തം അണികളുടെ മേൽ അക്രമം അഴിച്ചുവിട്ട് രക്തസാക്ഷികൾക്ക് ജന്മംകൊടുക്കാൻ സമഗ്രാധിപതികൾക്ക് മടിയില്ലെന്ന് നോവലിൽ വ്യക്തമാക്കുന്നുണ്ട്. ആശയസമരങ്ങൾക്കുപരിയായി സായുധസംഘട്ടനങ്ങൾക്കും വഞ്ചനാപ്രയോഗങ്ങൾക്കുമാണ് ജയൻ മുൻഗണന നൽകിയത്. സംശയം തോന്നുന്നവരെ സ്വകാര്യമായി നിരീക്ഷിക്കാനുള്ള ഏർപ്പാടുകളും അയാൾ രഹസ്യമായി ചെയ്തു. എന്നാൽ, സമഗ്രാധിപത്യത്തിന്റെ ആധാരം ഉറപ്പിച്ചിരിക്കുന്നത്, കൈമെയ് മറന്നു നേതൃത്വത്തിൽ തീവ്രാഭിമുഖ്യം പുലർത്തുന്ന അനുയായികളിലാണ്. നിർവചിക്കപ്പെട്ട ആദര്ശവാദം മുഴുവൻ കാറ്റിൽ പറത്തിക്കൊണ്ട് അനുയായികളെ കൈവിടുന്ന നിമിഷം പ്രസ്ഥാനം ശിഥിലമാവുമെന്നു ഹനാ ആറന്റ് 'The Origins of Totalitarianism' എന്ന പുസ്തകത്തിൽ നിരീക്ഷിക്കുന്നത് ഇവിടെ പ്രസക്തമാണ്. ഹനായുടെ കാഴ്ചപ്പാടിൽ സർവാധിപത്യത്തിന്റെ പ്രത്യയശാസ്ത്രം ജനാധിപത്യത്തിലൂടെ ലഭ്യമാവുന്ന സ്വാതന്ത്ര്യത്തെ മുതലെടുത്തുകൊണ്ടോ അധിക്ഷേപിച്ചുകൊണ്ടോ അതിനെ ഇല്ലാതാക്കാനാണ് നോക്കുന്നത്. ഇതേ രീതിശാസ്ത്രമാണ് ജയനും കൂട്ടരും പയറ്റുന്നത് എന്നത് എടുത്തുപറയണം. ജനാധിപത്യ സ്വാതന്ത്ര്യം എല്ലാ ജനങ്ങൾക്കും ഒരേപോലെയാണ്. പേക്ഷ, എട്ടുലക്ഷം കുഞ്ഞുങ്ങളെ കൊന്നൊടുക്കിയ ജനഗുണഗണം, ഹിതകരമായ കാരണങ്ങൾ കണ്ടെത്തി മനുഷ്യരെ വിഭജിക്കുകയാണ്. ഭാഗ്യഹീനരായ മനുഷ്യരെ കൊല്ലുന്നവർക്ക് പുരസ്കാരങ്ങൾ സമ്മാനിക്കാനും ഭരണകക്ഷി തീരുമാനിക്കുന്നതുവഴി ജനാധിപത്യത്തെ അവഹേളിക്കുന്നതിന് ഏതറ്റത്തേക്കും പോകുന്നവരാണ് അവർ എന്ന് തെളിയിക്കുന്നു.
സമഗ്രാധിപത്യത്തിന്റെ ഉളിമൂർച്ച ഓരോ പ്രതലത്തിലും ആഴ്ന്നിറങ്ങണമെന്നു വാശിയുള്ള നേതാവ് വമിക്കുന്നത് ദോഷത്തിന്റെ വാതകമാണ്. അത് നിസ്സഹായതയോടെ ശ്വസിക്കേണ്ടിവരുന്ന ജനത്തിന്റെ 'ആധിപത്യം' പൂർണമായി റദ്ദുചെയ്യുകയാണ്. സർവാധിപത്യപരമായ പെരുമാറ്റം എല്ലാ തുറയിലും പ്രകടമാക്കിയ ഹിറ്റ്ലറിനെയും സ്റ്റാലിനെയും പോലെയുള്ളവരെ ആരാധിക്കാനും ഒരുപറ്റം അനുയായികൾ ഉണ്ടാകുമെന്നത് ലോകനിയമമാണ്. വംശഹത്യക്ക് മടിയില്ലാത്ത വിധമുള്ള പ്രവർത്തനങ്ങൾ സ്വന്തം ഉദ്ദേശ്യങ്ങൾക്കായി അവർ നിറവേറ്റുന്നു. മനുഷ്യരെ കൂട്ടത്തോടെ ഇല്ലാതാക്കി ജനസംഖ്യ കുറക്കാനുള്ള പരിപാടിക്ക് ആക്കം കൂട്ടുന്ന ജയനും സംഘവും ഒരു ഡിസ്റ്റോപിയൻ യുഗത്തിനെയാണ് വിഭാവനംചെയ്യുന്നത്. വിഭവസമാഹരണത്തിനും തൊഴിലവസരങ്ങളുടെ സൃഷ്ടിക്കും ഉൽപാദനമേഖലയിലെ ചലനത്തിനും ശ്രമിക്കാതെ ജനസംഖ്യ നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള ഗുളികകൾ നിർമിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം. ജനപ്പെരുപ്പം തടയുന്നതിനായി ഭ്രൂണഹത്യ, ശിശുഹത്യ, വൃദ്ധവധം തുടങ്ങിയ 'കർമപദ്ധതികൾ' പ്രയോഗത്തില് കൊണ്ടുവരുന്ന ജയൻ അത് പരോക്ഷമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ രാഷ്ട്രീയമുതലെടുപ്പ് ഏതൊക്കെ വിധത്തിൽ തനിക്ക് അനുകൂലമായിത്തീരും എന്നാണ് അയാളുടെ ചിന്ത. ഏതൊരു ഏകാധിപതിയെയുംപോലെ, പത്രങ്ങളും റേഡിയോയും തന്ത്രപരമായി ഉപയോഗിച്ച് കെട്ടിയുയർത്തിയ വ്യാജവ്യക്തിത്വ നിർമിതിയുടെ മകുടോദാഹരണമാണ് പ്രഫസർ ജയൻ. വിശ്വസനീയമെന്നു തോന്നാവുന്ന അസംബന്ധചരിതത്തിലൂടെ ജനങ്ങളെ ബുദ്ധിപരമായി കബളിപ്പിക്കുന്ന ഏകാധിപത്യത്തിന്റെ (സമഗ്രാധിപത്യത്തിന്റെയും) അടിസ്ഥാനശിലകൾ അയാളുടെ വ്യക്തിത്വത്തിൽ തുന്നിവെച്ചിരിക്കുന്നു. ''ദൈവസാമീപ്യം ഉണ്ടാക്കിക്കൊടുക്കുന്നു, നാം ഭാഗ്യവാന്മാരായ മനുഷ്യർക്ക്. അതോടെ ദൈവഹിതത്തിനനുസരിച്ചുണ്ടായ പാർട്ടി വളരുകയും ചെയ്യുന്നു'' എന്ന ആപ്തവാക്യത്തിലാണ് ജയൻ പാർട്ടിയെ വളർത്തുന്നത്. അരാജകത്വത്തിന്റെ നെടുംപാതയിലൂടെ നീങ്ങിയിരുന്ന ദേശത്തിന്റെ രാഷ്ട്രീയ/ജനാധിപത്യ സമുച്ചയത്തിന് നവീനമായ ലോകക്രമം പ്രദാനംചെയ്യാൻ ബാധ്യസ്ഥനാണ് താനെന്ന പ്രതീതി അയാൾ ജനങ്ങളിലേക്ക് ആവാഹിച്ചു. ''അധികാരമാണ് പ്രശ്നങ്ങളുടെ ഗർഭപാത്രം'' എന്ന തത്ത്വം ഏറ്റവും നന്നായി അറിയാവുന്നത് അയാൾക്കാണ്. സ്വയം തീരുമാനമെടുത്ത് സമ്മതിദാനാവകാശം വിനിയോഗിക്കാൻ ജനാധിപത്യവ്യവസ്ഥയിൽ സ്വാതന്ത്ര്യമുണ്ട്. മനസ്സിനിണങ്ങിയ തരത്തിൽ ജനങ്ങൾക്ക് അവരുടെ ശബ്ദവും വാക്കും ഉപയോഗിക്കാനും സാധിക്കണം. ഏതുവിധമായാലും വോട്ടുകൾ ലഭിക്കണമെന്ന വാശിയിൽ അരുതാത്ത നിശ്ചയങ്ങളിലേക്ക് പോകുന്ന രാഷ്ട്രീയകക്ഷിയായാണ് ഇവിടെ ജനഗുണഗണം നടിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യവസായനഗരങ്ങളിൽ വിഷവാതകപ്രയോഗം ആസൂത്രണംചെയ്തു നടപ്പാക്കുകയും അതിന്റെ ഉത്തരവാദിത്തം മറ്റു കക്ഷികൾക്കാണെന്നുള്ള ആരോപണം ഉയർത്തുകയും അയാൾ ചെയ്യുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ബുദ്ധി സമഗ്രാധിപത്യത്തിന്റെ കുടിലതയാണെന്നതിൽ തർക്കമില്ല. നീതിപൂർവമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തുരങ്കംവെക്കാനായി ജനഗുണഗണം നടത്തിയ ചതി ജനങ്ങൾക്ക് ബോധ്യപ്പെട്ടിരുന്നില്ല. അതിനാൽതന്നെ പൊയ് മുഖമണിഞ്ഞവരുടെ യഥാർഥ മുഖം പതുക്കെയാണ് തെളിഞ്ഞു കത്തിയത്. സുസ്ഥിരഭരണം എന്ന തീവ്രമായ അഭിവാഞ്ഛയുടെ സാക്ഷാത്കാരമാണ് ജനഗുണഗണം കൊടുക്കുന്ന ഉറപ്പ്. ആ മോഹവലയത്തിൽ ജനങ്ങൾ ആകൃഷ്ടരാവുകയാണ് എന്നതാണ് ഇവിടത്തെ ലളിതയുക്തി. തെരഞ്ഞെടുപ്പിൽ ജയിക്കാനായി അധമകർമങ്ങൾ ചെയ്യുന്ന കക്ഷി ജനങ്ങളുടെ മനോഗതിയെ കവർന്നെടുക്കാൻ ഇറങ്ങിപ്പുറപ്പെടുന്നതിന്റെ വിനാശകരമായ ചിത്രമാണ് തലവനും പിണിയാളുകളും വരക്കുന്നത്. പരസ്പരം അധിക്ഷേപങ്ങള് ചൊരിഞ്ഞുകൊണ്ടുള്ള വാക്സമരങ്ങളും ജനങ്ങളുടെ അതുവരെയുള്ള ഭരണകൂടങ്ങളോടുള്ള താൽപര്യക്കുറവും രാഷ്ട്രീയത്തോട് ഉദാസീനത പ്രകടിപ്പിക്കാൻ സമൂഹത്തിനെ പ്രേരിപ്പിച്ചു എന്ന മുദ്രകുത്തലിൽ തെറ്റില്ല.
നിഷ്പക്ഷരും പ്രതിപക്ഷകക്ഷികളിൽ വിശ്വാസം അർപ്പിച്ചവരുമായ ജനസമൂഹത്തെ കണക്കിലെടുക്കാതെ, ജനാധിപത്യത്തിന്റെ ഏറ്റവും മൗലികമായ അളവുകോലുകളെ പോലും ബഹുമാനിക്കാതെയുള്ള പ്രവർത്തനത്തിലാണ് അധികാരാർജനത്തിനു ശേഷം ജയനും സംഘവും സജീവമായത്. ചോദ്യങ്ങളൊന്നും പുറത്തുകാണിക്കാതെ, ഏതു നിർദേശവും ശിരസ്സാവഹിക്കുന്ന അണികളും സംശയദൃഷ്ടിയോടെയും യുക്തിബോധത്തോടെയും നിലപാടുകളെ വീക്ഷിക്കുന്ന ന്യൂനപക്ഷവുമാണ് പൗരസമൂഹത്തെ പ്രതിനിധാനംചെയ്യുന്ന വിഭാഗങ്ങൾ. ഈ ചുറ്റുപാടിൽ സമഗ്രാധിപത്യത്തിന്റെ ചുക്കാൻ പിടിക്കുന്നവർക്ക് സ്ഥാപിതലക്ഷ്യങ്ങളെ നിറവേറ്റാൻ നിർബാധം കഴിയുന്നു. എന്നാൽ, ജനഗുണഗണത്തിന്റെ അധികാരഭൂമികയിൽ, ഇത്തരത്തിലുള്ള ധ്രുവീകരണം സംഭവിക്കാത്തത് ഒരു തത്ത്വദീക്ഷയുമില്ലാതെ ഹിംസയുടെ മാർഗം സ്വീകരിച്ചതുകൊണ്ടാണ്. എതിർസ്വരം ഉയർത്തുന്നവരെ ശാരീരികമായി ഭേദ്യംചെയ്യുക എന്നുകൂടി വരുന്നതോടെ ആളുകൾ സംഭീതരാവുന്ന സാഹചര്യം ഉരുണ്ടുകൂടുകയാണ്. പൗരവർഗത്തിന്റെ സ്വകാര്യതക്ക് ഭംഗമുണ്ടാവുകയും ഭരണകൂടം നടപ്പാക്കിയ നിരീക്ഷണവലയത്തിന്റെ അരം വർധിക്കുകയും ചെയ്യുന്നതോടെ ഭരണകൂടം – പൊതുസമൂഹം എന്ന തരംതിരിക്കല് വേട്ടക്കാർ – ഇരകൾ എന്ന സംജ്ഞയിലേക്ക് പരിണമിക്കുന്നു. സംഘർഷങ്ങളെ ഉചിതമായ സമയത്ത് തടയുന്നതിൽ ജനാധിപത്യത്തിന് സാധിച്ചില്ലെങ്കിൽ അത്യന്തം ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഇന്ത്യയുടെയും ശ്രീലങ്കയുടെയും ജനാധിപത്യത്തിന്റെയും ഹിംസയുടെയും നാൾവഴികളെ വിശകലനം ചെയ്യുന്നതിനിടയിൽ ('Democracy and Violence in India, Srilanka and Beyond' എന്ന ലേഖനം) രാമചന്ദ്ര ഗുഹ ഉന്നയിക്കുന്ന ചില വാദമുഖങ്ങൾ ശ്രദ്ധേയമാണ്. ജനാധിപത്യത്തിന്റെ ഹാർഡ്വെയറും സോഫ്റ്റ്വെയറും എന്ന വിഭജനത്തെ മുൻനിർത്തിയാണ് ഗുഹയുടെ നിരീക്ഷണം രൂപപ്പെടുന്നത്. ഹാർഡ്വെയറിൽ പൗരവർഗത്തിന്റെയും മാധ്യമങ്ങളുടെയും അവകാശങ്ങളും നീതിയുക്തമായ തെരഞ്ഞെടുപ്പും മറ്റുമാണ് അണിചേരുന്നത്. സോഫ്റ്റ്വെയറിലാകട്ടെ വിശ്വാസത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ബഹുസ്വരഭാവവും ആവിഷ്കാരസ്വാതന്ത്ര്യവും ഒക്കെ ചേർന്നുനിൽക്കുന്നതാണ് മാതൃകാപരം. ഈ രണ്ടു വിഭാഗത്തിന്റെ ഗുണഗണങ്ങളെയും കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യ സംവിധാനത്തിനു വിജയം കുറിക്കാനാവൂ. എന്നാൽ ആധിപത്യത്തിന്റെയും പക്ഷപാതിത്വത്തിന്റെയും അധ്യായങ്ങൾ അഭംഗുരം അനാവൃതമാവുകയും എതിർകക്ഷികളെ ഭേദ്യംചെയ്യൽ ഒരു 'കല'യായി തന്നെ മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പരിതഃസ്ഥിതി നോവലിന്റെ പരിസരത്തെ ജനാധിപത്യധ്വംസനത്തിന്റേതാക്കി മാറ്റുന്നു. പകൽപ്രകാശത്തെയും ഇരുട്ടാക്കി പരിവർത്തനം ചെയ്യുന്ന വക്രത ജനാധിപത്യത്തിന്റെ പരിശുദ്ധിയെ നശിപ്പിക്കുകയാണ്. മനുഷ്യനന്മയെ കരുതി ആവിഷ്കരിക്കുന്ന വിലോഭനീയപദ്ധതികളെന്ന പ്രതീതിയുണർത്തി ഭരണകൂടം പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്ന കാര്യപരിപാടികൾക്ക് ഹീനച്ഛായ കൈവരുന്നു. ആശയങ്ങളെ ഒളിച്ചുവെക്കുന്ന ഇടങ്ങളുടെ കാണാവിതാനങ്ങളിൽ ഭരണകൂടം മറ്റുപലതും ചെയ്യുന്നു. ദേശത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പിക്കുമ്പോഴും ആന്തരികധമനികൾ വ്യാജനിർമിതികളായി തിടംവെക്കുന്ന വ്യാമിശ്രാവസ്ഥയാണിത്.
പ്രാഥമികമായ വായനയിൽ രാഷ്ട്രീ യാക്ഷേപഹാസ്യത്തിന്റെ ചട്ടക്കൂടിൽ വികസിക്കുന്ന ആഖ്യാനത്തിൽ അധികാരത്തിന്റെയും ഫാഷിസത്തിന്റെയും ബീജാവാപം നടക്കുന്നതിന്റെ ഉള്ളുകളികൾ കൂടെ പരാമർശിക്കുന്നു. റേഷൻഷോപ്പുകളിൽനിന്നു അരിക്കുപകരം നെല്ല് വിതരണം ചെയ്തുകൊണ്ട് എല്ലാവർക്കും തൊഴിലവസരം നൽകാൻ ശ്രമിക്കുന്ന പഴയ ഭരണകൂടത്തിനെക്കുറിച്ച് നോവലിൽ വിവരിക്കുന്നുണ്ട്. ഇങ്ങനെയുള്ള ആശയങ്ങൾ വഴി പൊളിറ്റിക്കൽ സറ്റയറിന്റെ ഊടും പാവും ഭാവനാപൂർവം ഇടാനാണ് നോവലിസ്റ്റിന്റെ ഉദ്യമം. തലതിരിഞ്ഞുള്ള സങ്കല്പങ്ങളിൽ അഭിരമിക്കുന്ന ഭരണകൂടങ്ങളുടെ കാര്ക്കശ്യമുള്ള ദൃഷ്ടികോണ് ജനജീവിതം വഴിമുട്ടിക്കുകയാണ് ചെയ്തിരുന്നത്. സ്വാഭാവികമായും ജീവിതചുറ്റുവട്ടങ്ങളിൽ അനിശ്ചിതാവസ്ഥയുടെ പ്രതിഫലനം നിത്യേനയെന്നോണം വെളിപ്പെട്ടുതുടങ്ങി. അപരിഹാര്യമായ പ്രതിസന്ധികളിൽപെട്ട് ഉഴറുന്ന സാധാരണക്കാരുടെ അന്തരീക്ഷം കാഫ്ക മുന്നോട്ടുവെച്ച സാങ്കൽപിക പ്രപഞ്ചത്തിലെ കഥാപാത്രങ്ങളുടേത് പോലെയായി. Kafkaesque എന്ന നിലയിലുള്ള പരികൽപന യാഥാർഥ്യമാകുന്ന മനുഷ്യരെയാണ് നോവലിൽ കാണുന്നത്. ഇത്തരം ചുറ്റുപാടിൽ പരവശരായ ജനങ്ങൾക്ക് പ്രത്യാശയേകിയാണ് ജനഗുണഗണം ആവിർഭവിക്കുന്നത്. നിർഭാഗ്യവശാൽ, ഏറെ വൈകാതെ ഒരു രാഷ്ട്രീയകക്ഷി എന്ന തലത്തിൽനിന്നു സമഗ്രാധിപത്യം കാംക്ഷിക്കുന്ന അധികാരശക്തിയായി അത് മാറി. ജനങ്ങളെ ഭീതിയുടെ മുനമ്പിൽ നിർത്തി സ്വേച്ഛാധിപത്യത്തിന്റെ പാഠങ്ങൾ ഉരുവിടുന്ന പ്രതിലോമകക്ഷിയായി ജനഗുണഗണം തനിനിറം അറിയിക്കുകയാണ്. ജോർജ് ഓർവെലിന്റെ '1984'ന്റെ പരിസരം ഓർമിപ്പിക്കുന്ന 'ഹിരണ്യകശിപു' , 'നിങ്ങൾ സദാ നിരീക്ഷിക്കപ്പെടുകയാണെ'ന്ന തോന്നലിനെ അടിവരയിട്ട് ഉറപ്പിക്കുന്നു. മനുഷ്യരുടെ സ്വത്വബോധം ഹനിക്കപ്പെടുകയും യാഥാർഥ്യങ്ങൾ മൂടിവെക്കപ്പെടുകയും ചെയ്യുന്ന സാമൂഹികവ്യവസ്ഥയിൽ അതിജീവനം ചെയ്യുന്നതിന്റെ ദുഷ്കരത്വങ്ങളാണ് ഈ രണ്ടു നോവലുകളുടെ ഇഴകളെയും കൂട്ടിച്ചേർക്കുന്നത്. '1984'ന് സമാനമായി, വരുംകാലത്ത് നടക്കാൻ സാധ്യതയുള്ള രംഗങ്ങൾ നിറഞ്ഞ നോവൽ എന്ന രീതിയിലാണ് 'ഹിരണ്യകശിപു'വും രചിച്ചിട്ടുള്ളത്. സുസ്ഥിരവും സ്വൈരമുള്ളതുമായ ഭരണത്തിന് പകരം ഏകാധിപത്യത്തിന്റെ തീപ്പന്തം കത്തിക്കാനാണ് ജനഗുണഗണം യത്നിക്കുന്നത്. അത് ഓർവെലിന്റെ നോവലിൽ, ശാന്തിയുടെ ആസ്ഥാനയിടം യുദ്ധങ്ങളുമായും സ്നേഹത്തിന്റെ ഔദ്യോഗിക ഇരിപ്പിടം പീഡനവുമായും സത്യത്തിന്റേത് നുണയുമായും സമൃദ്ധിയുടേത് പട്ടിണിയുമായും ഇഴുകിച്ചേർന്നിരിക്കുന്നതുപോലെയാണ്.
ആഖ്യാനം രൂപപ്പെടുന്ന കാലത്തുള്ള സമൂഹത്തിന്റെ ഉള്ളെഴുത്തിനേക്കാൾ ഭാവിയിലെ അസ്ഥിരതയിൽ ഊന്നുന്ന സ്പെക്കുലേറ്റിവ് ഫിക്ഷന്റെ വകഭേദമായി ഈ നോവലിനെ കാണാം. ജാതിരാഷ്ട്രീയവും മതവെറിയും തീവ്രദേശീയവികാരവും ഈ നൂറ്റാണ്ടാവുമ്പോഴേക്ക് ഇത്രകണ്ട് വളരുമെന്ന് നോവൽ എഴുതുമ്പോൾ എഴുത്തുകാരൻ കരുതിക്കാണില്ല. നോവലിസ്റ്റ് ആലോചിക്കാത്ത മണ്ഡലങ്ങളിലും തീക്ഷ്ണമായ വൈകാരികത പടർന്നുവെന്നു വ്യക്തം. അരനൂറ്റാണ്ടിനു പിറകിൽനിന്നുകൊണ്ട് പ്രായോഗികമായ തലത്തിൽ ഭാവിയെ മനനംചെയ്യുന്ന ആഖ്യാനത്തിന്റെ പ്രാധാന്യം വലുതാണ്. ഈ കാലയളവിലെ രാഷ്ട്രീയചരിത്രം, ദേശ/രാഷ്ട്ര ഭൂപടത്തിന്റെ നിറത്തെയും മാതൃകയെയും കൂടുതൽ കടുത്തതും സങ്കീർണവുമാക്കുന്നു. ആഖ്യാനതന്ത്രത്തിന്റെ പഴയതും സങ്കുചിതവുമായ പാതകളിലെ രീതികളെയല്ല എഴുത്തുകാരൻ ഇവിടെ പിന്തുടരുന്നത്.അനീതിയും അനൈതികതയും തീണ്ടിയ ഇരുണ്ട കാലത്തിന്റെ സ്പന്ദനങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നു. ഫിക്ഷൻ എന്ന ഭാവത്തിൽനിന്നു രാജ്യത്തിന്റെ വർത്തമാനകാല അടയാളപ്പെടുത്തലായിത്തീരുന്ന എൻ.പി. മുഹമ്മദിന്റെ നോവൽ, നാം ഇന്ന് ഭയക്കുന്ന നിയമക്രമത്തിന്റെ ചിത്രീകരണമാണ്. ഒരുപക്ഷേ നോവലിസ്റ്റ് സങ്കൽപിച്ചതിലും ഭീകരമായ തലത്തിൽ രാജ്യത്തിന്റെ സമവാക്യങ്ങൾ മാറിക്കഴിഞ്ഞുവെന്നു പറയണം. ഭരണകൂടത്തിന്റെ അധികാരബലതന്ത്രത്തോടൊപ്പം രഹസ്യമിഴികൾ ഒപ്പിയെടുക്കുന്ന വ്യക്തിപരമായ കാഴ്ചകളും മനുഷ്യരെ നഗ്നരാക്കുകയേത്ര. അതിഭാവുകത്വത്തിലേക്ക് വഴുതിപ്പോകാതെ, അധികാരത്തിന്റെ വിനിമയങ്ങൾക്ക് വെള്ളവും വളവും പകരുന്ന ഘടകങ്ങളെ കൃത്യമായ ചായ്വുകളോടെ അനാവരണം ചെയ്യുകയാണ് നോവലിൽ. അധികാരമെന്ന ഏകവിളത്തോട്ടം നട്ടുവളർത്തി വിളവെടുക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന പ്രച്ഛന്നവേഷധാരികൾ ഒരുവശത്തും നിരായുധരും നിസ്സഹായരുമായ ജനങ്ങൾ മറുവശത്തുമായി നിലയുറപ്പിക്കുന്ന ഗൂഢപ്രശ്നത്തിന്റെ കുരുക്കാണ് 'ഹിരണ്യകശിപു'വിൽ അഴിഞ്ഞുവീഴുന്നത്. ചുരുക്കത്തിൽ, അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ് 'ഹിരണ്യകശിപു'.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.