ബിലു പത്മിനി നാരായണന്റെ ‘പുലപ്പങ്ക്’ ഉൾെപ്പടെയുള്ള കവിതകൾ എങ്ങനെയൊക്കെ സമകാലിക കവിതയിൽ വേറിട്ടുനിൽക്കുന്നുവെന്ന് അന്വേഷിക്കുന്നു. ഏറ്റവും ആധുനികമായ പെൺവാഴ്‌വിനെ അലങ്കാരങ്ങളില്ലാതെ കവിതയുടെകുമ്പിളിൽ കവി നിറക്കുന്നുവെന്ന് ലേഖിക.
ഉപ്പിട്ട കഞ്ഞിവെള്ളംകൊണ്ടുമാത്രം ശമിപ്പിക്കാൻ സാധിക്കുന്ന ചില ദാഹങ്ങളുണ്ട്. ഹൃദയംകൊണ്ടുമാത്രം വിനിമയം സാധ്യമാകുന്ന ബന്ധങ്ങളും. ‘‘രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയേറും’’ എന്നൊരു ഇംഗ്ലീഷ് പഴമൊഴിയുണ്ടല്ലോ. അതിനുമപ്പുറം നിൽക്കുന്ന ബന്ധങ്ങളെ, മരണശേഷംപോലും വീട്ടാൻ സാധിക്കാത്ത പുലബന്ധങ്ങളെ സാമാന്യവ്യവഹാരഭാഷയിൽ വിനിമയം ചെയ്യുക എളുപ്പമല്ല. അത്തരം തീവ്രാനുഭവങ്ങളെ കവിതയുടെ പ്രിസത്തിലൂടെ (കെ.ജി.എസിനോട് കടപ്പാട് ) കടത്തിവിടുമ്പോൾ അതിന് കൈവരുന്ന മാനങ്ങൾ അനന്യമാണ്. ബിലു പത്മിനി നാരായണന്റെ ‘പുലപ്പങ്ക്’ ഉൾെപ്പടെയുള്ള കവിതകളുടെ വായന നൽകുന്ന അനുഭൂതി അതിനുദാഹരണമാണ്.
തൊണ്ണൂറുകളിൽ യൗവനം തുടങ്ങിയ സ്ത്രീ പലപ്പോഴും തന്റെ ജീവിതത്തെയും അതിന്റെ അസ്തിത്വത്തെയും കുറിച്ച് ചിന്തിച്ചു തുടങ്ങുക അവളുടെ നാൽപതുകളിലാണ് (ഇപ്പോൾ അതിന് മാറ്റം വന്നിട്ടുണ്ട്). അതിനുമുമ്പ് തികച്ചും സാമ്പ്രദായികവും കാൽപനികവുമായ ഒരു ഒഴുക്കിലങ്ങനെ സ്വയം മറന്നുള്ള ഒരു യാത്രയാണ്. തന്റെ മൂന്നു മക്കൾക്കൊപ്പം പിച്ചവെച്ചും ഉരുണ്ടുമറിഞ്ഞും വളർന്ന തന്റെതന്നെ മുതിർച്ചയാണ് ‘പുലപ്പങ്കും’ സമാനവുമായ കവിതകളെന്ന് കവി പറയുന്നു. ഈ ‘മുതിർച്ച’ തന്നെയാണ് കവിതയുടെ അസ്തിത്വവും. അമ്മയാകുന്ന അനുഭവത്തെ ഇവിടെ ആദർശവത്കരിക്കുകയല്ല, അവിടം മുതൽ രണ്ടായി പിളരപ്പെട്ട തന്റെ ജീവിതത്തെ കൂട്ടിയിണക്കി നോക്കാനുള്ള ഒരു ശ്രമംകൂടിയാണ്. കേവല വർത്തമാനാവസ്ഥയുടെ ആഖ്യാനഭേദങ്ങളല്ല പകരം ഇന്നലെയിൽനിന്ന് ഇന്നിലേക്കും അവിടെന്ന് നാളെയിലേക്കും തന്റെ ജീവിതത്തെ തുന്നിച്ചേർത്തുവെക്കുകയാണ്.
ഭാഷയുടെ ജൈവികത
വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളെ പകർത്താൻ കവി തിരഞ്ഞെടുക്കുന്ന വാക്കുകൾ അതിസാധാരണവും തികച്ചും പ്രാദേശികവുമായവയാണ്. പഴഞ്ചൊല്ലുകളുടെയും നാടൻ പ്രയോഗങ്ങളുടെയും പഴങ്കഥകളുടെയും ആധുനികമായ അപനിർമാണം കവിതയുടെ ആസ്വാദനത്തെ കൂടുതൽ നൈസർഗികമാക്കുകയായിരുന്നു.
ഇന്ദ്രിയാനുഭൂതികളെ ഏറ്റവും പരിചിതമായ ജീവിതപരിസരങ്ങളിലൂടെ ആവിഷ്കരിക്കുന്നതിന് വാക്കുകളുടെ തിരഞ്ഞെടുപ്പിന് മുഖ്യപങ്കുണ്ട്. ‘‘ഇടയിൽ എതയില്ലാത്ത/ നിന്റെ അൻപിലേയ്ക്ക്/ എപ്പോഴും തുറക്കുന്ന തായ്കുലത്തറവാട്.’’ ‘എത’ എന്ന വാക്ക് തികച്ചും പ്രാദേശികമാണ്. ‘വേലി’യെന്നോ ‘അതിര്’ എന്നോ പറയുന്നതിനപ്പുറം വൈകാരികവും സവിശേഷവുമായ ഒരർഥം ആ വാക്ക് നൽകുന്നുണ്ട്.
പള്ളിക്കൂടമണങ്ങൾ എന്ന് പറഞ്ഞുകൊണ്ട് കവിതയിൽ പരാമർശിക്കുന്ന, ക്യാമൽ ബോക്സിലിട്ട് രണ്ടുനാൾ പഴക്കംചെന്ന ചോപ്പ ചെമ്പകമണം, മുട്ട കൂട്ടിയുണ്ട കുട്ടികളുടെ ഉച്ചക്കഞ്ചാം പീരിയഡിലെ മണം, ലൂസി സിസ്റ്ററിന്റെ വെള്ളയുടുപ്പിലെ കഞ്ഞിപ്പശമണം. ഇങ്ങനെ ഗതകാലത്തെ അതിപരിചിതങ്ങളായ നാനാതരം മണങ്ങളിലൂടെ ആവിഷ്കരിക്കുന്നു. രുചിയും മണവുംകൊണ്ട് തീർക്കുന്ന ഓർമകളായിത്തീർന്ന അനുഭവങ്ങൾ കവിതയിലുടനീളമുണ്ട്. കൂർക്കയിട്ടുവെച്ച നെയ്ച്ചാളയും റേഷനരിച്ചോറും അച്ചു റൊട്ടിയും അരി വറുത്തതും ചായവെള്ളവും ചോറിനുള്ളിൽ പൂഴ്ത്തിയ മീൻ കഷണവും എല്ലാമെല്ലാം കാലത്തെയും ദേശത്തെയും സമൂഹത്തെയുമെല്ലാം ഒരേസമയം തുറക്കാൻ സാധിക്കുന്ന ഒറ്റത്താക്കോലാകുന്നു.
ഇത്തരം മണങ്ങളിലും രുചികളിലും ആവിഷ്കരിക്കപ്പെടുന്ന രാഷ്ട്രീയവും സാമൂഹികവുമായ അനുഭവലോകങ്ങളിലാണ് ബിലുവിന്റെ പല കവിതകളും പ്രതിഷ്ഠാപിതമായിട്ടുള്ളത്. നിറങ്ങളെ ആവിഷ്കരിക്കുന്നതിലും കവി സൂക്ഷ്മത കാണിക്കുന്നുണ്ട്. ചാരത്തിൽ നിലാവുവീണ നിറത്തിലാണ് പേറ്റുകിടക്കയിൽ മകളെ ആദ്യമായി കാണുന്നത്. അമ്മത്തം എന്നത് ഒരാദർശവും ആഘോഷവുമായിരുന്ന അവസ്ഥയെ കവി നിരാകരിക്കുന്നത് ഇതുവരെ നമ്മൾ സങ്കൽപിച്ചിട്ടില്ലാത്ത തികച്ചും അനാർഭാടമായ ഈ ‘അവർണ’ത്തിന്റെ ഈ നിറക്കൂട്ട്. ഓമനത്തിങ്കൾക്കിടാവിന്റെ കാൽപനികതയിൽ പിച്ചവെച്ചു നടന്ന മലയാളിയെ തീർത്തും അപരിചിതമായേക്കാവുന്ന ഭാവുകത്വത്തിലേക്കാണ് കവി കൂട്ടിക്കൊണ്ടുപോകുന്നത്.
മാതൃത്വം, പ്രണയം/ ദാമ്പത്യം/ പുരുഷൻ/ കുടുംബം
നാൽപതുകളിൽ എത്തിനിൽക്കുന്ന പെൺവാഴ്‌വിൽ മേൽപറഞ്ഞ സംഗതികളെല്ലാം വരുത്തിവെച്ച പരിക്കുകളിൽനിന്ന് കിനിഞ്ഞ രക്തമാണ് കവിതകളായി മാറിയത്. തന്നിലേക്ക് തന്നെ തിരിച്ചതിറങ്ങിപ്പോവാനും തന്റെ മൂല്യം സ്വയം തിരിച്ചറിയാനും തുടങ്ങുന്നത് ഈ മധ്യഘട്ടത്തിലാണ്. ഒരു കണ്ണാടിപോലെ താൻ പലതായി ചിതറിപ്പോയിടങ്ങളിൽനിന്ന് സ്വയം പെറുക്കിയെടുത്തു കൂട്ടിച്ചേർത്തു സ്വന്തം അസ്തിത്വത്തെ അപനിർമിക്കാൻ എഴുത്താൾ കവിതകളിലൂടെ ശ്രമിക്കുന്നു. ചിതറിയ, ചില്ലുപൊട്ടിയ കണ്ണാടിയിലൂടെ കാണുന്ന കാഴ്ചകളിൽനിന്ന് ലഭിക്കുന്ന പുതിയ ദർശനങ്ങളും രാഷ്ട്രീയ സാമൂഹിക ബോധ്യങ്ങളും കവിതയിൽ ഉപ്പായിമാറുകയാണ്.
‘പിറവി’യാണ് ഒരു കവിത. കടിഞ്ഞൂൽ പ്രസവം ഒരു സ്ത്രീയെ പൊക്കിൾക്കൊടിക്കൊപ്പം (ഒരുമ വള്ളി) രണ്ടായി പകുക്കുന്നു. തികച്ചും രണ്ടു കാലങ്ങളിലേക്ക് അവൾ ഒരേസമയം വകഞ്ഞു മാറ്റപ്പെടുകയാണ്. നിറഞ്ഞൊഴിഞ്ഞ പാനീയപാത്രംപോലെ തൃപ്തിയുടെ മുഷിവും അഴുക്കുമായ തന്റെ ദാഹംതീർക്കാൻ കടൽ നിറയെ ഉപ്പിട്ട കഞ്ഞിവെള്ളത്തിനായി അപേക്ഷിക്കുകയാണ് കവി. ആന്തരികവും ഭൗതികവുമായ സംഘർഷങ്ങളാൽ പരിക്കേറ്റ് തികച്ചും പരിക്ഷീണമായ ആത്മാവിന്റെ അന്തർദാഹത്തെ ജൈവികമായ സ്നേഹത്തിന്റെ ഉപ്പിട്ട കഞ്ഞിവെള്ളംകൊണ്ട് ശമിപ്പിക്കാൻ ആഗ്രഹിക്കുന്നു. ‘ഉപ്പ്’ എന്നത് തികച്ചും സാമൂഹികവും രാഷ്ട്രീയവും ചരിത്രപരവുമായ ആദിമമായ ചോദനയെ ഓർമിപ്പിക്കുന്നു. രാജവീഥിയും നഗരവും ആണധികാര സാമൂഹികവ്യവസ്ഥിതിയും മുറിവേൽപിച്ച തന്റെ അസ്തിത്വത്തെ ഭൂമാതാവിന്റെ മടിത്തട്ടിലേക്ക് അന്തർധാനം ചെയ്യിച്ച ഒരു പുരാവൃത്തം പരൽരൂപംകൊണ്ട് ഉപ്പായി കവിതയിൽ രുചിക്കുന്നു.
‘‘ഒന്നിനും വളമാകാതെ
തനിയെയുള്ള ചീയലിൽ
പതുക്കെച്ചുറ്റുമെന്നെ’’ എന്നാണ് അമ്മയാകുന്ന അനുഭവത്തെ ഒരു അതിശയോക്തിയും കൂടാതെ വിശേഷിപ്പിക്കുന്നത്.
മാതൃത്വമെന്ന തീർത്തും ജൈവികമായ അവസ്ഥ, ആധുനിക സ്ത്രീയുടെ ജീവിതത്തെ എത്രമേൽ സങ്കീർണമാക്കുന്നുവെന്ന് വെളിപ്പെടുത്തുകയാണ്. ഉപ്പിട്ട കഞ്ഞിവെള്ളവും അതിനാൽ മാത്രം ശമിക്കപ്പെടുന്ന ദാഹവും ഏറ്റവും സംഗതമാവുന്നത് അവിടെയാണ്. ശാരീരികവും മാനസികവുമായി ഏറെ പരിക്ഷീണമാവുന്ന ഒരു ഘട്ടത്തെ കാവ്യാത്മകമായി സന്നിവേശിപ്പിക്കാൻ ഇതിലും മെച്ചപ്പെട്ട രൂപകം വേറെയില്ല.
വാ കീറിയ ദൈവം
ആദ്യം തരുന്ന അപ്പമായി കുഞ്ഞിന് സ്വയം പരിചയപ്പെടുത്തുന്നതിലും വാഴ്ത്തുപാട്ടുകൾക്കപ്പുറം അമ്മയാകലിന്റെ ഏറ്റവും ഭൗതികമായതും പ്രാഥമികമായതുമായ ദൗത്യത്തെയാണ് കവി ഇവിടെ അടയാളപ്പെടുത്തുന്നത്. ‘അമ്മ’ എന്ന കവിതയിലും കാൽപനികമായതും ഉദാത്തവത്കരിക്കപ്പെട്ടതുമായ മാതൃസങ്കൽപങ്ങളെ തിരസ്കരിച്ചുകൊണ്ട്, സ്ത്രീയുടെ സ്വത്വത്തിൽ അവൾക്ക് ഏറ്റവും വില കൊടുക്കേണ്ടിവരുന്ന ഒരവസ്ഥയെ പൊലിമയൊന്നുമില്ലാതെ ഏറ്റവും യഥാതഥമായി അവതരിപ്പിക്കുകയാണ്.
ഉപ്പു പോരാഞ്ഞ കൂട്ടാൻ അപ്പൻ ചട്ടിയോടെ നിലത്തു കുത്തുമ്പോൾ പകച്ചുനിന്ന അമ്മ, പിതൃകേന്ദ്ര കുടുംബവ്യവസ്ഥയിലെ നിസ്സഹായരായ അനേകം സ്ത്രീകളുടെ പ്രതിനിധിയാവുന്നു.
‘‘പെറ്റെന്നേയൊഴിഞ്ഞിട്ടും
ഒഴിയാത്ത വയറായി, അമ്മ.’’
അമ്മത്തം എന്നത് ഒരവസ്ഥയാണെന്ന് അലങ്കാരങ്ങളില്ലാത്ത ഭാഷയിൽ തീർത്തും പരുക്കനായി കവിത അടിവരയിടുന്നുണ്ട്.
പെറ്റവളെച്ചേർത്തു പണിത കവിയുടെ പുതുക്കപ്പേരിനു പിന്നിലും ഈ യാഥാർഥ്യബോധ്യമുണ്ട്.
പരിചയത്താൽ പതം വന്നടങ്ങിയ പ്രണയം പച്ചകുത്തൽ പോലെ, പാടുവീണു നീറുമ്പോൾ പ്രിയം തോന്നിച്ചതും കാലം കടക്കുമ്പോൾ കണ്ടും കാണിച്ചും മടുത്ത് കലികേറുന്നവയാണ്. അകം പുറം പിളർക്കുന്ന പേടിയിലേക്കു കൂപ്പുകുത്തുകയാണ് ജനിതകമാറ്റം സംഭവിച്ച പ്രണയം. ഒരാൾക്കു മാത്രമായ് ജനിച്ച് ജീവിക്കുകയും പിന്നീട് അയാൾക്ക് മാത്രമായി മരിച്ചു പോകുകയും ചെയ്യുന്ന പ്രണയത്തിന്റെ അവസ്ഥാന്തരങ്ങളെ പല കവിതകളിലായി ആവിഷ്കരിക്കുന്നുണ്ട്. വ്യതിയാനം വന്ന് തിന്മയുടെ തീവ്രവ്യാപനത്താൽ അതിമാരകമായിപ്പോകുന്ന ഹിംസാത്മകമായ സ്നേഹം.
ഏറെ ആദർശവത്കരിക്കപ്പെട്ട പുരുഷ ഏകാന്തതയുടെ പ്രതീകമായ കേണൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അൽ പചീനോ എന്ന നടനോടുള്ള സ്വഗതാഖ്യാനമായി എഴുതപ്പെട്ട ‘അൽപചീനോക്ക് ഒരു ഗീതം’, ‘ആമ്പഴം’, ‘ചുരം’, ‘വായില്ലാക്കുന്ന്’, ‘ഗ്രിഗ്ലിയാട്ടോ’ തുടങ്ങിയ കവിതകളിൽ പുരുഷ കേന്ദ്രീകൃത കുടുംബ വ്യവസ്ഥിതിയിൽ ഇരയാക്കപ്പെടുന്ന പെണ്ണവസ്ഥകൾ അവതരിപ്പിക്കുന്നു. പൗരാണികതയെ ആധുനിക കാലത്തിലേക്കു കൊളുത്തിവെക്കുമ്പോൾ തികച്ചും സ്വത്വബോധ്യങ്ങളിലേക്ക് ജ്ഞാനസ്നാനം ചെയ്യപ്പെട്ട പെൺമയെയാണ് ആവിഷ്കരിക്കുന്നത്. വാ കീറിയതിനൊക്കെ ഇരയും കിട്ടും എന്ന വേട്ടവന്റെ അധികാരത്തിനു മുന്നിൽ അള്ളാ പത്തോയെന്ന് അലമുറയിട്ട പഞ്ചമിയിൽനിന്ന് കവിത കാലങ്ങൾ താണ്ടി ‘വായില്ലാക്കുന്ന്’ എന്ന കവിതയിൽ എത്തുമ്പോൾ ആധുനിക സാങ്കേതികവിദ്യ ഗാർഹിക പരിസരത്തെ വിപ്ലവകരമായി മാറ്റിമറിച്ച ജീവിതപരിസരവും ആധുനിക വിദ്യാഭ്യാസവും കാഴ്ചപ്പാടുകളും സ്വായത്തമാക്കിയ ആധുനിക പഞ്ചമിയിലേക്ക് കൂടുമാറുന്നത് ഉപഹാസത്തിന്റെ മേമ്പൊടിചേർത്ത് അവതരിപ്പിക്കുന്നു. പിതൃകേന്ദ്രീകൃത കുടുംബ വ്യവസ്ഥിതിയിലെ അധികാര ധാർഷ്ട്യങ്ങളോട് എങ്ങനെയാണ് ആധുനിക സ്ത്രീ ഇടപെടുന്നതെന്ന സംഗതിയാണ് കവിത പറയുന്നത്. സവർണ ഫാഷിസ്റ്റ് അധികാരം തന്റെ നെറുകയിൽ തറച്ചുവെച്ച അടിമത്തത്തിന്റെ നാരായത്തെ തികച്ചും ആധുനികമായി, ഒരു തൂവൽ പറിച്ചു മാറ്റുംപോലെ എടുത്തുമാറ്റിയ കവിതയിലെ പഞ്ചമി വിദ്യാസമ്പന്നയായ ആധുനിക സ്ത്രീയുടെ എക്കാലത്തെയും പ്രതീകമാവുന്നു.
ദൃശ്യാത്മക സങ്കേതങ്ങളിലെ ആവിഷ്കാര സാധ്യത
കാഴ്ചകളുടെ കാലമാണിത്. ഭാവനക്ക് കാമറയുടെ ധർമംകൂടി നിർവഹിക്കാനുണ്ട്. സിനിമ, കൊളാഷ് തുടങ്ങിയ ആധുനിക സാങ്കേതികത കവിതയിലും സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. വാക്കുകൾകൊണ്ട് തീർക്കുന്ന ഫ്രെയിമുകളും സിനിമ എന്ന കലാരൂപംതന്നെ പ്രമേയവും ആവിഷ്കാരശൈലിയുമാകുന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് ‘ചുരം’, ‘ബാംഗ്ലൂർ’, ‘അൽ പച്ചീനോക്ക് ഒരു ഗീതം’ തുടങ്ങിയവ. ദൃശ്യാത്മകത ബിലുവിന്റെ എല്ലാ കവിതകൾക്കുമുണ്ടെങ്കിലും മേൽപറഞ്ഞ കവിതകൾ അവയെ ആവിഷ്കരണോപാധി എന്നനിലയിൽ ഏറ്റവും അധികം ഉപയോഗപ്പെടുത്തിയിരിക്കുന്നു.
പെൺവാഴ്‌വിന്റെ സങ്കീർണതയെ ‘ചുരം’ എന്ന കവിത കൃത്യമായി ഉൾക്കൊള്ളുന്നുണ്ട്. പുരുഷൻ ഡിസൈൻ ചെയ്തുവെച്ച ലോകം കവിതയിലുടനീളം പശ്ചാത്തലമാവുന്നു. ചുരമിറങ്ങി വരുന്ന രാത്രിവണ്ടിയുടെ പരിസരത്തുനിന്ന് ആരംഭിക്കുന്ന കവിതയിലെ ഓരോ വരിയും ഒാരോ െഫ്രയിമിന്റെ ധർമമാണ് നിർവഹിക്കുന്നത്. വീശിയെടുത്ത വളവിൽ ഒരു കുപ്പിച്ചിമ്മിണി വിളക്ക്, ഉയരത്തിൽ പള്ളിഗോപുരത്തിലെ നക്ഷത്രം, അങ്ങനെ ഒരു ചലച്ചിത്രത്തിലെന്നപോലെ കവിത കടന്നുപോവുന്നു. രാത്രിവണ്ടിയിലെ യാത്രികയുടെ സംഘർഷ സങ്കീർണമായ കുടുംബത്തെ തികച്ചും അനാർഭാടമായി കവി അവതരിപ്പിക്കുന്നു. കുടുംബം എന്ന സ്ഥാപനം അവളില്ലെങ്കിൽ എത്രമാത്രം നിസ്സാരമാണ്. പ്രകൃതിയുടെയും സ്ത്രീ സ്വത്വത്തിന്റെയും പുരാതനമായ ഒരു സങ്കലനം കവിത നടത്തുന്നുണ്ട്.
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘മുയലുറക്കം’ എന്ന കവിത
താനുൾക്കൊള്ളുന്ന പരിസരങ്ങളെ വാക്കുകൾകൊണ്ടുള്ള ഒരു കൊളാഷ് എന്നപോലെ ദൃശ്യാത്മകമായി അവതരിപ്പിക്കുന്നു. ബാംഗ്ലൂർ നഗരത്തെയും അവിടേക്കുള്ള യാത്രയെയും അടയാളപ്പെടുത്താൻ കവി ഈ സങ്കേതം കൃത്യമായി ഉപയോഗിക്കുന്നു. കടൽമത്സ്യംപോലെ കൊഴുത്ത ബസുകൾ, ഒരു രാത്രി നീളുന്ന ഗർഭകാലം, മജസ്റ്റിക്കിൽ ചെന്ന് പെറ്റുവീഴുന്ന പുലരികൾ എന്നിങ്ങനെ യാത്രയെ അവതരിപ്പിക്കുന്നു. ആധുനികവും നാഗരികവുമായി ബാംഗ്ലൂർ നഗരത്തിൽ എത്തിപ്പെടുന്ന ജീവിതങ്ങളുടെ പലമയെ, ആവിഷ്കരിക്കാൻ ഇതിലും മെച്ചപ്പെട്ട ടൂൾ മറ്റൊന്നില്ല. ഉണ്ണിയെ കണ്ടാലും ഊര് മനസ്സിലാകാത്ത വിധം ആധുനികത നഗരജീവിതങ്ങളെ ഒരേ ചായത്തിൽ വരയുന്നു. ചെന്നു പറ്റുന്നിടത്തേക്ക് തന്റെ ദേശത്തെയും സംസ്കാരത്തെയും പറിച്ചുനടാൻ ശ്രമിക്കുന്ന പ്രവാസികളുടെ നിഷ്കളങ്കതയും ദിനാചരണങ്ങളിൽ പാരഡിയാക്കുന്ന ചരിത്രത്തെയും വിപ്ലവബോധങ്ങളുടെ ‘ഉപരിപ്ലവ’ കാപട്യത്തെയും ഒരേസമയംതന്നെ കവിത കൃത്യമായി വരഞ്ഞിടുന്നു.
നഗരത്തിന്റെ ഭൂമിശാസ്ത്രപരമായ അവതരണത്തോടൊപ്പം മലയാളിയുടെ മാറിയ ആധുനിക ഭൗതികജീവിതത്തെയും മാറ്റമേശാത്ത ജാതി ബോധ്യങ്ങളെയും സർക്കാസ്റ്റിക്കായി ആവിഷ്കരിക്കുന്നു. പ്രവാസികളുടെ സാമൂഹികജീവിതത്തെ പെെട്ടന്ന് മൂത്തുപഴുക്കുന്ന സങ്കരസ്വാദുള്ള കുരുവും മധുരിച്ച കനികളുമായി കവിത അവതരിപ്പിക്കുന്നു.
സിനിമ എന്ന കലാരൂപത്തെ തന്നെ കവിതയുടെ ആവിഷ്കരണത്തിനുള്ള സങ്കേതമായി ഉപയോഗിക്കുക എന്ന പരീക്ഷണം ഏറെ വിജയകരമായി ‘അൽപചീനോക്ക് ഒരു ഗീതം’ എന്ന കവിതയിൽ ആവിഷ്കരിച്ചിട്ടുണ്ട്. കവിതയിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ബൃഹദാഖ്യാനരീതി കൃത്യമായി ഈ കവിത ഉപയോഗപ്പെടുത്തിയിരിക്കുന്നു.
ആദർശത്തിന്റെയും വിപ്ലവത്തിന്റെയും കസവു നെയ്തുകൊണ്ട് പെണ്മയെ അഭിലഷിക്കുന്നതോടൊപ്പം തന്റെ ചുറ്റുമുള്ള പെൺസാന്നിധ്യങ്ങളെ അവഗണിക്കുകയും നിരന്തരം അവഹേളിക്കുകയും ചെയ്യുന്ന പുരുഷത്വത്തെ അൽപച്ചീനോ എന്ന നടനിലൂടെ ആവിഷ്കരിക്കുന്ന കവിത പുതിയൊരു ഭാവുകത്വത്തെ തന്നെ നിർമിക്കുകയാണ്. സിനിമയെന്ന ജനപ്രിയ മാധ്യമത്തെ സങ്കേതമാക്കി ഒരു കവിത അവതരിപ്പിക്കുക എന്ന നൂതനത്വം ഈ കാവ്യത്തിനുണ്ട്. ആ സിനിമ കണ്ടില്ലെങ്കിൽതന്നെയും ആസ്വദിക്കാൻ പാകത്തിന് ഭദ്രമായ ഒരു ശിൽപഘടന ആ കവിതക്കുണ്ട്. വ്യത്യസ്തങ്ങളായ അനേകം ശീർഷകങ്ങളാൽ ആധുനിക പ്രണയ ദാമ്പത്യങ്ങളിലെ ആണധികാരത്തെയും കാപട്യങ്ങളെയും കവിത കൃത്യമായി അഡ്രസ് ചെയ്യുന്നു.
സ്വത്വബോധത്തിന്റെ രാഷ്ട്രീയം
അരക്കിട്ടുറപ്പിച്ചുവെച്ച പൊതുബോധങ്ങളെ, കാവ്യാനുശീലനങ്ങളെ ശീർഷാസനത്തിൽ നിർത്തുന്നുണ്ട് കവി. ‘ആമ്പഴം’ ‘പുലപ്പങ്ക്’ തുടങ്ങിയ കവിതകളിൽ പൂർവസൂരികൾ പടർത്തി വെച്ച കാവ്യസംസ്കാരത്തിന് സമാന്തരമായി അരികുവത്കരിക്കപ്പെട്ട ജീവിതങ്ങളുടെ സംസ്കാരധാരയെ ‘പുലപ്പങ്ക്’ എന്ന കവിത കാണിച്ചുതരുന്നുണ്ട്.
‘‘വെയിലുദിക്കും മുൻപ്
മഞ്ഞക്കതിര് പൊങ്ങും മുൻപ്
വെളിക്കിരിക്കാൻ പോയ കിടാവാണ്...’’
ദലിത് ജീവിതയാഥാർഥ്യങ്ങളെ പരുഷമായി കവിത അഭിസംബോധന ചെയ്യുന്നു.
നമ്മുടെ പഴങ്കഥകളിലും ചൊല്ലുകളിലും പൂഴ്ത്തിവെക്കപ്പെടുന്ന ജാതി ചരിത്രങ്ങളെ മുയലുറക്കം എന്ന കവിത വെളിപ്പെടുത്തുന്നുണ്ട്. പൊതുബോധങ്ങളിൽ വേരുറച്ചുപോയ ആമ, മുയൽ ഓട്ടപ്പന്തയക്കഥയെ ബിലു അപനിർമിക്കുകയാണ്. ഇവിടെ ജന്തുസ്വത്വങ്ങളിൽ ഒളിപ്പിച്ചുവെക്കുന്ന ജാതി, വർഗ, വർണ ലിംഗസ്വത്വങ്ങളെയും അവയുടെ ഇഹലോക വിനിമയങ്ങളെയും കവിത സമർഥമായി പങ്കുവെക്കുന്നു. ഉറങ്ങിയ മുയലിന്റെ ഔദാര്യംകൊണ്ട് പന്തയം ജയിച്ച ആമയെന്ന പഴങ്കഥയെ കവി ശീർഷാസനത്തിൽ നിർത്തുകയാണ്.
മുയലിന്റെ വെളുപ്പും ആഭിജാത്യവും ഉടൽവേഗവും ഒരുപക്ഷത്തും ആമയുടെ ചാരനിറം കലർന്ന കറുപ്പും കാലങ്ങളായി മുതുകിൽ തളഞ്ഞ ഭാരവും ഇഴഞ്ഞുനീങ്ങുന്ന പ്രകൃതവും തമ്മിലുള്ള പന്തയക്കഥ.
ജാതീയവും ലിംഗപരവുമായ അസമത്വവും അപകർഷവുമനുഭവിച്ചു പോന്നിരുന്ന ഒരു ജനതയെയും അവരെ നിരന്തര ചൂഷണത്തിനു വിധേയമാക്കിക്കൊണ്ടിരുന്ന മേലാള/പുരുഷാധിപത്യവർഗത്തെയും ആമ, മുയൽ ദ്വന്ദ്വത്തിൽ കൃത്യമായി കൊരുത്തിരിക്കുന്നു. ഒരു ദലിത്/ സ്ത്രീ പക്ഷ പരിപ്രേക്ഷ്യത്തിൽ നിന്നുകൊണ്ട് ഈ കവിത വായിക്കാനാകും.
ചിരപ്രസിദ്ധമായ പഴങ്കഥയിൽനിന്ന് അനേകം അടരുകളിലേക്ക് പടരുന്ന സങ്കീർണമായ ഒരു കാവ്യാനുഭവമാണിത്. ദലിത്, സ്ത്രീ സ്വത്വങ്ങൾ, ആമ എന്ന ഇമേജറിയിൽ കവി കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു. ഭൗതികവും ആന്തരികവുമായി അവരനുഭവിച്ചിരുന്ന സംഘർഷങ്ങൾ മുഴുവനും ആ പരികൽപനയിൽ വായിച്ചെടുക്കാനാവുന്നുണ്ട്. മുയലിന്റെ സഹജമായ കുതിപ്പുകളിൽനിന്ന് വ്യത്യസ്തമായി ആമ നേടിയെടുത്ത കരുത്തിന്റെ കുതിപ്പിനെ കെണിവെച്ചുപിടിക്കുന്ന കൗശലത്തെ കാലവും ചരിത്രവും ഒളിപ്പിച്ചുവെച്ചാലും കവിതയിൽ അവ നിരുപാധികം വെളിപ്പെട്ടുകൊണ്ടേയിരിക്കുന്നു. നിലനിൽക്കുന്ന ചരിത്രവും സംസ്കാരവും പലതവണ ഹൈജാക്ക് ചെയ്യപ്പെട്ടുകൊണ്ട് അവതരിപ്പിക്കപ്പെട്ടവയാണെന്ന രാഷ്ട്രീയബോധ്യം ഉളവാക്കുകയാണ് ഈ കവിത.
‘കൊല, പാതകം’ എന്ന കവിത മൂന്നു കാലങ്ങളിലേക്കും വേര് പടർത്തുന്ന ഒരു മഹാവൃക്ഷമാണ്. ഹിംസയെ അടയാളപ്പെടുത്തുന്ന ഒറ്റ വാക്കിനെ വേർതിരിക്കുന്ന കോമകൊണ്ട് അതിന്റെ വ്യത്യസ്ത മാനങ്ങളിലേക്ക് കവിത നമ്മെ നയിക്കുന്നു.
‘‘നാളെ
ഇനിയുമുള്ള നാളെ
ബാക്കിയായൊരാൾ
മീൻപിടിക്കാൻ പോകും’’
എന്നു കവിത വർത്തമാനത്തിൽ തുടങ്ങുന്നു. ഭൂതമായി തീർന്നുകൊണ്ടിരിക്കുന്ന വർത്തമാനത്തിൽനിന്ന് ഭാവിയിലേക്ക് കവിതയുടെ ജനൽ തുറന്നുകൊടുക്കുകയാണ്. അവിടെ കരുണയുടെ, മാനവികതയുടെ പടർച്ചയിലേക്ക് കവിത വായനക്കാരെ ക്ഷണിക്കുന്നു. ‘‘ചൂണ്ടയിൽ കോർത്ത് കരയിലേക്കിട്ട മീനിന്റെ ചെകിളച്ചുവപ്പുകൾ ആശുപത്രിവരാന്തയിൽ വീർപ്പു കിട്ടാതെ മരിച്ച പെൺകുരലിലേക്ക് ഓർമ പിൻപായുന്നു...’’
ഹിംസയുടെ രണ്ടു മുഖങ്ങൾ കവിത ചേരുംപടി ചേർക്കുന്നുണ്ട്. അതിജീവനത്തിനുവേണ്ടി പ്രകൃതിയെ ആശ്രയിക്കേണ്ടിവരുമ്പോൾ സംഭവിക്കുന്ന സ്വാഭാവികമായ ഹിംസ. തികച്ചും സൃഷ്ട്യുന്മുഖമായ ഹിംസ, പരമമായ കാരുണ്യത്തെ ചേർത്തുപിടിക്കുന്നു. മീൻപിടിത്തത്തിനിടയിലും മുങ്ങിത്താഴുന്ന ഉറുമ്പിന് ഇലപാറ്റിക്കൊടുത്തും പൊടിമീനിനെ തിരികെയിട്ടും അയാൾ ജീവന്റെ വിത്തുകൾ കാത്തുസൂക്ഷിക്കുന്നു.
കെട്ടുപോയ നാടിന്റെ കൊലയാളിയെ വീട്ടുമുറ്റത്തു കോലമായി മെഴുകിയുറപ്പിച്ചുകൊണ്ട് അതിനെ നിത്യവും ചവിട്ടിമെതിക്കുന്ന പ്രവൃത്തിയിലൂടെ കാലാതിവർത്തിയായ ബ്രാഹ്മണിക്കൽ അനുഷ്ഠാനത്തിലൂടെതന്നെ അടിച്ചമർത്തപ്പെട്ട ജനത പകരംവീട്ടുകയാണ്. കാലത്തിന്റെ കേടുകളെ തലമുറകൾ അതിജീവിക്കുമെന്നും തന്റെ ജീർണതകളെ കുടഞ്ഞുകളഞ്ഞ് ഭൂമി തന്റെ സന്തുലിതത്വം വീണ്ടെടുക്കുമെന്നും കവിതയിൽ പ്രകാശിതമാകുന്നു.
മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ബിലു പത്മിനി നാരായണന്റെ ‘അൽ പചീനോക്ക് ഒരു ഗീതം’ കവിത
‘സ്നാനം’ (മാധ്യമം ആഴ്ചപ്പതിപ്പ്) ഒളിവ് നോട്ടത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് പറയുന്നതോടൊപ്പം ആത്മാവിന്റെയും ശരീരത്തിന്റെയും നഗ്നതയെക്കൂടി ധ്വനിപ്പിക്കുകയാണ്. ജലമിറ്റു വീഴുന്ന മേനിയിലേക്ക് നീളുന്ന കാമറക്കണ്ണിനെ പ്രതിരോധിക്കാൻ പെണ്മ നേടുന്ന ആർജവത്തെ കവിത അടയാളപ്പെടുത്തുന്നു. തന്റെ ശരീരത്തിനും മനസ്സിനും മേൽ മറ്റൊരാളെക്കാൾ തന്റെ തന്നെ അവകാശത്തെ അടിവരയിടാൻ ശക്തയാകുന്ന ആധുനിക സ്ത്രീ സ്വത്വം കവിതയിൽ സ്നാനപ്പെടുന്നു.
സ്നാനമുറിയുടെ സുരക്ഷിതത്വം ഭേദിച്ച് തന്റെ ശരീരത്തിലിഴഞ്ഞു വരുന്ന കാമറക്കണ്ണുകളിൽ ചകിതയാകുന്ന അതേ നിമിഷംതന്നെ മനസ്സിന്റെ തിരശ്ശീലയിൽ തെളിഞ്ഞു കണ്ട ഫ്ലാഷ് ബാക്കിന്റെ ഫ്രെയിമുകൾ.
തെങ്ങിൻമണ്ടയിലെ വിസ്താരനോട്ടത്തിൽ അറിയാതെ ഉടക്കിയ പെണ്ണുടലിനെ കണ്ട് തളപ്പു തിരിച്ചിട്ട് ഇറങ്ങിപ്പോന്ന വേലായുധൻ വേട്ടുവന്റെ അന്തസ്സ്, പ്രണയിയുമൊത്തുള്ള മായികമായ കുളികളുടെ മാസ്മരികമായ ചലനമുദ്രകൾ, അങ്ങനെ തന്റെ നഗ്നതയിൽ അറിഞ്ഞും അറിയാതെയും കൂട്ടുചേർന്നവർ...
അവർക്കും മീതെ തന്റെയുടലിനെ /സ്വകാര്യതയെ ഒറ്റുകൊടുക്കുന്ന ഒളിനോട്ടങ്ങളെ പ്രതിരോധിക്കാൻ വേണ്ടുന്ന ജ്ഞാനത്തിലേക്ക് അവൾ സ്വയം സ്നാനപ്പെടുകയാണ്.
‘‘നോട്ടമല്ല
കാഴ്ചയുടെ പ്രാകൃതത്വമാണ്
ഒളിനോട്ടങ്ങളുടെ യഥാർഥ വില്ലൻ.’’
പെണ്ണുടലിന്റെ/ നഗ്നതയുടെ മേൽ സമൂഹം നടത്തുന്ന അധിനിവേശത്തെ കവിതകൊണ്ട് പ്രതിരോധിക്കാൻ ബിലുവിന്റെ പ്രതിഭക്ക് കഴിഞ്ഞിട്ടുണ്ടെന്ന് നിസ്സംശയം പറയാം. അതിസാധാരണ പദങ്ങൾകൊണ്ടുള്ള വാക്കുകളുടെ ഫ്രെയിമുകളിൽ പ്രമേയത്തെ ധ്വന്യാത്മകമായി കവി പ്രദർശിപ്പിച്ചിരിക്കുകയാണ്. കവിത ദൃശ്യസമ്പന്നമാവുകയാൽ ഒരേസമയം അത് വായനാനുഭവവും കാഴ്ചയനുഭവവുമാകുകയാണ്. ആത്മാവിഷ്കാരത്തിന്റെ പുതിയ ഭാവുകത്വങ്ങളിലേക്ക് കവിത വായനക്കാരെ സ്നാനപ്പെടുത്തുന്നു… ഉടലും ഉയിരുമായി പകുക്കപ്പെടുന്ന പെൺവാഴ്‌വിനെ, അതിന്റെ പ്രതിരോധങ്ങളെ, പോരാട്ടങ്ങളെ, അതിജീവനങ്ങളെ എല്ലാമെല്ലാം അക്ഷരങ്ങളിലേക്ക് ജ്വലിപ്പിക്കുമ്പോൾ കവിത പിറക്കുന്നു. അത് കാലങ്ങളിലേക്ക് പകർന്നുപടർന്ന് വീട്ടിത്തീരാനാവാത്ത പുലബന്ധമായി കവിയിൽനിന്ന് വായനക്കാരിലേക്ക് അറുത്തെടുക്കാനാവാത്ത ഒരുമവള്ളിയാവുകയാണ്. ഏറ്റവും ആധുനികമായ പെൺവാഴ്‌വിനെ അലങ്കാരങ്ങളില്ലാതെ ‘പുലപ്പങ്ക്’ േപാലുള്ള കവിതകൾ വായനക്കാർക്ക് മുന്നിൽ കവിതയുടെ കുമ്പിളിൽ നിറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.