ലാറ്റിനമേരിക്കൻ നൊബേൽ സമ്മാനം എന്നറിയപ്പെടുന്ന, സെർവാന്റസ് സാഹിത്യ പുരസ്കാരം നേടിയ മെക്സിക്കൻ എഴുത്തുകാരൻ സെർജിയോ പിറ്റോളിന്റെ (Sergio Pitol) ഫിക്ഷനൽ രൂപത്തിലുള്ള ഓർമക്കുറിപ്പ് ത്രയത്തിന്റെ അവസാന ഭാഗം ‘വിയനയിലെ മാന്ത്രികൻ’ (The Magician of Vienna) വായിച്ചുതീർത്തപ്പോൾ ആഹ്ലാദത്തിന്റെ മാസ്മരികസ്പർശമാണ് മനസ്സിൽ അനുഭവപ്പെട്ടത്. ‘ദ ആർട്ട് ഓഫ് ഫ്ലൈറ്റ്’ (The Art of Flight) ‘സഞ്ചാരം’ (The journey) തുടങ്ങിയ ഈ ത്രയത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ വായിച്ചതിന്റെ അനുഭവം ഇതിനകംതന്നെ വായനക്കാരുമായി പങ്കുെവച്ചിട്ടുണ്ട്. ഫിക്ഷനും ആത്മകഥയും ഇഴചേർത്താണ് സെർജിയോ പിറ്റോൾ മൂന്നു കൃതികളും എഴുതിയത്. ആദ്യത്തെ രണ്ടു ഭാഗങ്ങളും ഇംഗ്ലീഷിലാക്കിയ ജോർജ് ഹെൻസൺ (George Henson) തന്നെയാണ് അവസാന ഭാഗവും പരിഭാഷപ്പെടുത്തിയത്. പുസ്തകം പുറത്തുകൊണ്ടുവന്നത് അമേരിക്കയിലെ, മികച്ച സാഹിത്യം മാത്രം ലോകസാഹിത്യത്തിൽനിന്നും കണ്ടെത്തി പരിഭാഷയിലൂടെ വായനക്കാരിലെത്തിക്കുന്ന ഡീപ് വെല്ലം പബ്ലിഷിങ് (Deep Vellum Publishing) തന്നെയാണ്. ഇതിനെ സാഹിത്യരചനയെന്ന നിലയിലും മനുഷ്യരാശിയുടെ വിഭാവനങ്ങളെ സംരക്ഷിക്കുന്ന മഹത്തായ പുസ്തകമെന്ന നിലയിലും വിലയിരുത്താം. പിറ്റോളിനെ വായിക്കുകയെന്നാൽ ശരിക്കും ഒരേസമയം നിരവധി ലോകഭാഷകളുമായി സമന്വയിക്കുകയെന്ന അത്യപൂർവമായ അനുഭവസാക്ഷ്യവും കൂടിയാണ്. ഇതിനു സമാനമായി ലോകസാഹിത്യത്തിൽ അധികം സാഹിത്യവിസ്മയങ്ങൾ കെണ്ടത്താൻ കഴിയില്ല. മെക്സികോയുടെ പ്രതിനിധിയായി യാത്രചെയ്ത രാജ്യങ്ങളിലെ എഴുത്തുകാരെയും അവരുടെ രചനകളെയും അവരുമായുണ്ടായിരുന്ന വ്യക്തിബന്ധങ്ങളെയും ശക്തമായ രീതിയിൽതന്നെ പുസ്തകത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
മൂന്നാമത്തെ പുസ്തകമായ ‘വിയനയിലെ മാന്ത്രികനി’ലാണ് സെർജിയോയുടെ ഭാവനയുെട ഏറ്റവും ഉദാത്തതലങ്ങൾ അനാവരണം ചെയ്യപ്പെടുന്നത്. ഓർമകളുടെ മായാപ്രവാഹത്തിനുള്ളിൽ വായനക്കാരും അദ്ദേഹത്തിനൊപ്പം ചേരുന്ന നിമിഷങ്ങൾ ഏറെയുണ്ട്. സ്വതഃസിദ്ധമായ ശൈലി, മികച്ച സാഹിത്യം എന്നിവയെല്ലാംകൂടിച്ചേർന്നൊരുക്കുന്ന ഒരു ലോകം മറക്കാനാവാത്ത ഒന്നായി രൂപാന്തരപ്പെടുന്നു. പലപ്പോഴും ഒരു അവധൂതന്റെ ശബ്ദത്തിലാണ് സെർജിയോ സംസാരിക്കുന്നത്. വായിക്കുന്തോറും ആ ശബ്ദം വായനക്കാരുടെ അന്വേഷണതലങ്ങൾക്ക് കൂടുതൽ വ്യാപ്തി പകർന്നുകൊടുക്കും. വായനക്കാരുടെ ഏകാന്തമായ ലോകത്തിനു പുതിയ വർണരാജി പകർന്നുകിട്ടും.
‘വിയനയിലെ മാന്ത്രികന്റെ’ സർഗാത്മകമായ ഭാവനകൾ വെറുമൊരു സാഹിത്യത്തിന്റെ പരിമിതികൾക്കുള്ളിൽ ഒതുക്കിനിർത്താൻ കഴിയില്ല. മാനവരാശിയുടെ ഭാവനയെ നിഗൂഢമായി ഉള്ളിലൊതുക്കി സൂക്ഷിക്കുന്ന ഒരു വിശുദ്ധ ഗ്രന്ഥംപോലെയിത് നമ്മെ താങ്ങിനിർത്തും.
അമ്പതുകളുടെ മധ്യത്തിൽ എഴുതിത്തുടങ്ങുമ്പോൾ, ആദ്യ കഥകളുടെ രൂപരേഖകളുമായി മല്ലിടുമ്പോൾ തന്റെ ഭാവനയെ വല്ലാതെ സ്വാധീനിച്ചത് രണ്ടു ഭാഷകളുടെ മായിക നിയന്ത്രണവലയമായിരുന്നു എന്ന് ഈ ഭാഗത്തിന്റെ ആദ്യംതന്നെ സെർജിയോ സൂചിപ്പിക്കുന്നുണ്ട്. സ്പാനിഷ് ഭാഷയിൽ രചനകൾ നടത്തിയ ബോർഹസും അമേരിക്കൻ സാഹിത്യപ്രതിഭ വില്യം ഫോക്നറുമായിരുന്നു അവർ. കുറച്ചുകാലത്തേക്കെങ്കിലും ഇവർ രണ്ടുപേരും മറ്റുള്ള പലരെയും അപ്രസക്തമാക്കുകയും ചെയ്തിരുന്നു. അവരുടെ രചനകളിലൂടെയുള്ള യാത്ര പുതിയ എഴുത്തുകാരനെ സംബന്ധിച്ച് തീർഥാടനംതന്നെയായിരുന്നു. ഇതിനുശേഷമാണ് യൂറോപ്പിൽനിന്നുള്ള പ്രതിഭകളുടെ എഴുത്തിന്റെ തീരങ്ങളിലൂടെ സഞ്ചരിക്കാനും അവരെ അടുത്തറിയാനും സാധിച്ചത്. പതിനേഴാം വയസ്സിലാണ് ആദ്യമായി ബോർഹസിനെ വായിച്ചത്. പക്ഷേ, അടുത്തകാലത്ത് സംഭവിച്ച ഒന്നായി മാത്രമേ ഇതിനെ കാണാൻ കഴിയുന്നുള്ളൂ. പെറൂവിയൻ എഴുത്തുകാരൻ ഹോസെദുറാസിന്റെ കഥകളും തുറന്നുതന്നത് പുതിയ ലോകത്തിലേക്കുള്ള ജാലകങ്ങളാണ്. ബോർഹസിന്റെ ദി ഹൗസ് ഓഫ് അസ്റ്റരിയോണും പങ്കുവെച്ചുതന്നത് വല്ലാത്ത അനുഭവമായിരുന്നു.
ഒരുതരം വല്ലാത്ത വശീകരണശക്തി ‘വിയനയിലെ മാന്ത്രികന്റെ’ തലങ്ങൾക്കുണ്ട്. എത്രയെത്ര കഥാപാത്രങ്ങളുടെ നിയോഗങ്ങളെയാണ് നാം അനുധാവനം ചെയ്യേണ്ടതായിവരുന്നത്. വൈകാരികമായ തീവ്രതക്കുള്ളിലെ അനുഭവങ്ങൾക്കൊപ്പം നമുക്ക് വായനയുടെ തലങ്ങളിലൂടെ അലഞ്ഞുതിരിയേണ്ടതായും വരും.
‘അന്ന കരെനീന’യും ‘ചാർട്ടർ ഹൗസ് ഓഫ് പാർമ’യും ‘മാദം ബോവറി’യും ‘ഗ്രേറ്റ് എക്സ്പറ്റേഷനും’ ‘യുളീസസും’ ഹുവാൻ റൂൾഫൊയുടെ ‘പെഡ്രോപരാമ’യും കടന്നുവരുന്ന ഓർമക്കുറിപ്പുകളുടെ നിഴൽപ്പാടുകൾക്കുള്ളിൽ നാം സർഗാത്മകമായ തുടിപ്പുകൾ അനുഭവിക്കും. ഓർമകളുടെ തീരത്തേക്ക് യാത്രചെയ്യുേമ്പാൾ ലോകസാഹിത്യത്തെ മെരുക്കിയെടുത്ത സെർജിയോ എന്ന മാന്ത്രികനെയാണ് നാമടുത്തറിയുന്നത്. ലാറ്റിനമേരിക്കൻ എഴുത്തിന്റെ പഴയതും പുതിയതുമായ തലങ്ങളെ ഓർമിച്ചെടുക്കുമ്പോൾ അതിനുള്ളിലെ പ്രതിഭാശാലികളായ, നാമിതുവരെ തിരിച്ചറിയാത്ത എഴുത്തുകാരുടെ സാന്നിധ്യം ഉൾക്കൊള്ളാനും കഴിയും. സ്പാനിഷ് ക്ലാസിക്കുകൾ അടുത്തറിഞ്ഞ തലമുറയുടെ പ്രതിനിധിയാണ് താനെന്ന് ഉറക്കെ വിളിച്ചുപറയാൻ ഒരു മടിയും അദ്ദേഹത്തിനില്ല. ഈ പുസ്തകത്തിലൊരിടത്ത് സെർജിയോ പറയുന്നു: ‘‘ഈ ലോകത്തെക്കുറിച്ച് നമുക്കറിയാവുന്നതെല്ലാംതന്നെ അപൂർണമാണ്. അത് ശരിയുമല്ല. ഓരോ ദിനവും പുതിയ പുതിയ അറിവുകളാണ് നമ്മിലേക്കെത്തിച്ചേരുന്നത്. അത് നമ്മുടെ അറിവിനെ വീണ്ടുമുയർത്തുന്നു. പഴയ അറിവിന്റെ സാധ്യതകൾക്കിത് മങ്ങലേൽപിക്കുന്നു. ഇതിനൊക്കെയുള്ള കാരണം അറിവ് എപ്പോഴും അപൂർണമാണ്. നമുക്കൊന്നുംതന്നെ അറിഞ്ഞുകൂടാ എന്ന ധാരണയിലാണ് നാമെത്തിച്ചേരുന്നത്.’’
പുതിയ അറിവിന്റെ രൂപത്തിൽ ജർമൻ സൗന്ദര്യശാസ്ത്രകാരനും നിരൂപകനുമായ വാൾട്ടർ ബെഞ്ചമിന്റെ (Walter Benjamin) ‘മോസ്കോ ഡയറി’ (Moscow Diary) എന്ന പുസ്തകത്തിന്റെ മാഹാത്മ്യത്തെ സെർജിയോ പങ്കുെവക്കുന്നുണ്ട്. മോസ്കോയിലെ തിയറ്ററിൽ പങ്കെടുക്കാനാണ് ബെഞ്ചമിൻ പോയത്. 1924ൽ അദ്ദേഹം അസയാ ലാസിസ് (Asja Lacis) എന്ന ലാത്വിയൻ വിപ്ലവകാരിയെ കാപ്രിയിൽ െവച്ചു കണ്ടുമുട്ടി. ആദ്യ നിമിഷത്തിൽതന്നെ അനുരാഗത്തിലായി? ലാസിസ് നിർണായക സ്വാധീനമാണ് അദ്ദേഹത്തിൽ ചെലുത്തിയത്. അതേ വർഷംതന്നെ അവർ വീണ്ടും ബർലിനിൽ െവച്ച് കണ്ടുമുട്ടി. അതിനടുത്ത വർഷം ബെഞ്ചമിൻ കുറച്ചുദിവസത്തേക്ക് അവർക്കൊപ്പം റിഗയിലേക്ക് യാത്രചെയ്തു. 1926ൽ അദ്ദേഹം മോസ്കോയിലേക്ക് വീണ്ടുമൊരു യാത്രക്ക് തയാറായി. അന്ന് രണ്ടുമാസക്കാലം അവിടെ താമസിച്ചു. അതോടെ, അസ്യായുമായുള്ള കത്തിടപാടുകൾ അവഗണിക്കാനാവാത്തവിധം തകർച്ചയെ നേരിട്ടു. മോസ്കോ ഡയറിയിൽ ആ കഥ വിശദമായി പറയുന്നുണ്ട്. സെർജിയോയിലൂടെ ഞാൻ ബെഞ്ചമിനിലേക്ക് എത്തി. ആ പുസ്തകം തപ്പിപ്പിടിച്ച് വായിച്ചു. മോസ്കോവിൽ അന്നത്തെ പല പ്രമുഖ എഴുത്തുകാരെയും സെർജിയോ അടുത്ത് പരിചയപ്പെട്ടു. ഇവരിൽ ബുൾഗാക്കോവ് ഏറെ പ്രിയപ്പെട്ടതായിരുന്നു. മോസ്കോ ആർട്ട് തിയറ്ററിന്റെ നിഗൂഢമായ ചലനങ്ങൾക്കൊപ്പം വ്യാപരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സ്റ്റാലിൻ അധികാരത്തിന്റെ പടവുകൾ കയറുന്ന സമയവുമായിരുന്നു അത്.
സാഹിത്യവും സംഗീതവും ചിത്രകലയും ഒത്തുചേരുന്ന വിയനയിലെ 1961ലെ അന്തരീക്ഷത്തെ കുറിച്ച് സെർജിയോ സംവേദിക്കുന്നുണ്ട്. ബെർനാഡിന്റെ വിയനയെന്നാണ് സെർജിയോ പറയുന്നത്. അതോടൊപ്പം വാഗ്നറും മൊസാർട്ടും റിച്ചാർഡ് സ്ട്രോസും തിളങ്ങിനിന്ന ഓപറയുടെ ലോകവും പുസ്തകത്തിൽ നിറഞ്ഞുനിൽക്കുന്നു. ബ്രൂണോ ഷൂർസിന്റെ ‘ദി സിനാമൊൺ ഷോപ്സ് (The Cinnamon Shops) എന്ന പുസ്തകത്തിന്റെ ഓർമകളിലൂടെയും അദ്ദേഹം വ്യാപരിക്കുന്നുണ്ട്. സാമുവൽ ബക്കറ്റിന്റെ ‘ഗോഥോയെ കാത്ത്’ എന്ന നാടകത്തിന്റെ വലയത്തിൽപ്പെട്ട് ചിന്താധീനനാകുന്ന സെർജിയോയുടെ രൂപം അത്ര പെെട്ടന്നൊന്നും മറക്കാൻ കഴിയില്ല. ചൈനയിലേക്ക് സഞ്ചരിക്കാനും അവിടത്തെ സാംസ്കാരികതലങ്ങളിൽ മുഴുകുവാനും എഴുത്തുകാരുമായി അടുത്ത് സംവേദിക്കാനും കഴിഞ്ഞതിന്റെ ചിത്രവും ഈ പുസ്തകത്തിലുണ്ട്. ഗാവൊസിങ്ജിയാൻ എന്ന നൊേബൽ ജേതാവായ എഴുത്തുകാരന് നേരിടേണ്ടിവന്ന യാതനനിറഞ്ഞ അനുഭവങ്ങളെയും സെർജിയോ വീണ്ടെടുക്കുന്നുണ്ട്. വെറുമൊരു വിമത എഴുത്തുകാരനായി ഗാവോയെ മാറ്റിനിർത്താനും സെർജിയോ തയാറാകുന്നില്ല.
1980കളിൽ ഒരസാധാരണ പുസ്തകം കണ്ടെത്തിയതിനെ കുറിച്ച് സെർജിയോ സൂചിപ്പിക്കുന്നു. റഷ്യൻ സാഹിത്യകാരൻ മിഖാേയൽ ബാഖ്തീനിന്റെ ‘റബെലിയസും അയാളുടെ ലോക’വും (Rabelais and His World) എന്ന പുസ്തകമായിരുന്നു അത്. അതിന്റെ ഓരോ പേജും വലിയ ആശ്വാസമാണ് പകർന്നുതന്നത്. ‘‘അദ്ദേഹത്തിന്റെ ‘ഉത്സവത്തിന്റെ സിദ്ധാന്തം’ (Theory of Festival) എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിപരമായ ഒന്നായിരുന്നു. കുറെ ആഴ്ചകളോളം ബാഖ്തീനിന്റെ പുനർവായനകളല്ലാതെ മറ്റൊന്നിനും സാധിച്ചില്ല.’’ പിന്നീട് സെർജിയോ പോയത് ഗൊഗോളിന്റെ തിയറ്ററിലേക്കും ഗദ്യത്തിലേക്കുമായിരുന്നു.
ലാറ്റിനമേരിക്കൻ കവിതയിലെ മികച്ച പ്രതിഭയെ സെർജിയോ കാട്ടിത്തരുമ്പോൾ നെരൂദയെയും വിൻസെന്റെ ഹുയിദൊബ്രൊയേയും ഗബ്രിയല മിസ്ട്രാളിനെയും ഹോസെമർട്ടിയെയും ദുൾസെമാരിയ ലായ്നസിനെയും ബോർഹസിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന നമുക്ക് ഈ കവിയെ അടുത്തറിയാനാവാതെ പോയതിൽ ദുഃഖം തോന്നും. കൊളംബിയയിൽനിന്നുള്ള ദാരിയോ യാറാമില്ലൊ (Dario Jaramillo) എന്ന ഈ കവിയുടെ കവിതകളിൽനിന്നും തിരഞ്ഞെടുത്ത ചില ഭാഗങ്ങൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ദാരിയോ യാറാമില്ലൊയുമായുള്ള സെർജിയോയുടെ ബന്ധം 1992ൽ കൊളറാഡോ യൂനിവേഴ്സിറ്റിയിൽവെച്ചാണ് തുടങ്ങിയത്. ‘ഹിസ്റ്ററി ഓഫ് പാഷന്റെ’ പുസ്തകരൂപത്തിനു കൊടുക്കേണ്ടിവരുന്ന വില താങ്ങാനാവാത്ത ഒന്നാണ്. ദാരിയോയുടെ അസാധ്യമായ പ്രണയം (Impossible love) എന്ന ഒരു പുതിയ നീണ്ട കവിതയെക്കുറിച്ചും നെറ്റിൽ തിരഞ്ഞപ്പോൾ കണ്ടു. ദാരിയോയുമായി കണ്ടുമുട്ടിയ അവസരങ്ങളിൽ അദ്ദേഹത്തെ അടുത്തറിയാനും കവിതകളിലൂടെ വീണ്ടും വീണ്ടും കടന്നുപോകാനും കൊളംബിയൻ കവിതയുടെ സ്പർശം അനുഭവിക്കാനും കഴിഞ്ഞതിനെ കുറിച്ച് സെർജിയോ ഓർമിക്കുന്നു. അതെ, ഇത്തരം പ്രതിഭകളിലൂടെ കടന്നുപോകുമ്പോൾ സെർജിയോയുടെ ഓർമകൾക്ക് പരിമിതികളില്ലാതാവുന്നു. ‘ഗാനം’ (Song) എന്ന ദാരിയോയുടെ ഒരു കവിത പൂർണമായും സെർജിയോ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
11ാമത്തെ വയസ്സിൽ നിശ്ശബ്ദ സിനിമക്ക് പിയാനോ വായിച്ച ഉറുഗ്വൻ സാഹിത്യകാരൻ ഫെലിസ്ബർത്തൊ ഹെർനാൻഡസിന്റെ (Felisberto Hernandez) ‘പിയാനോ കഥ’കളും (Piano Stories) ‘ഓർമയുടെ ഭൂമികകളും’ (Lands of Memory) ലാറ്റിനമേരിക്കൻ കഥകളിലെ സമാനതകളില്ലാത്ത മാസ്റ്റർപീസുകളാണെന്ന് സെർജിയോ നമ്മെ ഓർമിപ്പിക്കുമ്പോൾ ഇവ രണ്ടും വായിക്കാൻ ഭാഗ്യം സിദ്ധിച്ച ഈ ലേഖകനും ഇതിനോട് യോജിക്കുന്നു.
‘വിയനയിലെ മാന്ത്രികനി’ലൂടെ ജീവിതത്തിന്റെ അത്രക്കൊന്നും അറിയപ്പെടാതെ കിടക്കുന്ന ഒരു തലമാണ് മാന്ത്രികന്റെ വേഷത്തിൽ സെർജിയോ നമുക്കു മുന്നിൽ അവതരിപ്പിക്കുന്നത്. ഈ മാന്ത്രികന്റെ കരങ്ങളിൽ, ഭാവനകളിൽ, സംവേദനങ്ങളിൽ ലോകസാഹിത്യം നിറഞ്ഞുനിൽക്കുന്നു. സാഹിത്യസ്പർശിയായ ഈ ഓർമത്രയത്തിനെ പ്രിയപ്പെട്ട വായനക്കാരേ, വിട്ടുകളയാതെ മനസ്സിൽ ചേർത്തുവെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.