മെക്സിക്കൻ എഴുത്തുകാരൻ സെർജിയോ പിറ്റോളിന്റെ ഓർമക്കുറിപ്പുകളുടെ രണ്ടാംഭാഗം ‘സഞ്ചാരം’ (The Journey) വായിക്കുന്നു. മെക്സിക്കൻ സാഹിത്യകാരൻ സെർജിയോ പിറ്റോളിന്റെ (Sergio Pitol) ഓർമക്കുറിപ്പുകളുടെ ത്രയം (Trilogy of Memoir) ഇതിനകംതന്നെ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ഓർമക്കുറിപ്പുകളിലൊന്നായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സമകാലിക സ്പാനിഷ് സാഹിത്യത്തിൽ തനതായ വഴി തുറക്കാൻ സാധിച്ച മികച്ച എഴുത്തുകാരനെന്ന നിലയിൽ സെർജിയോ പിറ്റോളിന്റെ ഓർമക്കുറിപ്പുകൾ...
മെക്സിക്കൻ എഴുത്തുകാരൻ സെർജിയോ പിറ്റോളിന്റെ ഓർമക്കുറിപ്പുകളുടെ രണ്ടാംഭാഗം ‘സഞ്ചാരം’ (The Journey) വായിക്കുന്നു.
മെക്സിക്കൻ സാഹിത്യകാരൻ സെർജിയോ പിറ്റോളിന്റെ (Sergio Pitol) ഓർമക്കുറിപ്പുകളുടെ ത്രയം (Trilogy of Memoir) ഇതിനകംതന്നെ ലോകസാഹിത്യത്തിലെ ഏറ്റവും മികച്ച ഓർമക്കുറിപ്പുകളിലൊന്നായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. സമകാലിക സ്പാനിഷ് സാഹിത്യത്തിൽ തനതായ വഴി തുറക്കാൻ സാധിച്ച മികച്ച എഴുത്തുകാരനെന്ന നിലയിൽ സെർജിയോ പിറ്റോളിന്റെ ഓർമക്കുറിപ്പുകൾ ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരെ അത്ഭുതപ്പെടുത്തുന്നു. ഇതിനുമുമ്പ് ഓസ്ട്രിയൻ സാഹിത്യകാരൻ എലിയാസ് കനേറ്റിയുടെ (Elias Canetti) മൂന്നു ഭാഗങ്ങളായി വന്ന ഓർമക്കുറിപ്പുകളും റഷ്യൻ മഹാകവി ഒസിപ് മൻദൽസ്തമിന്റെ ഭാര്യ നദിഷ്ദ മൻദുൽസ്തം രചിച്ച ഓർമക്കുറിപ്പുകളുടെ രണ്ടു ഭാഗങ്ങളുമാണ് (Hope Against Hope and Hope abandoned) ഈ ഗണത്തിൽ മികച്ച രചനകളായി പരിഗണിക്കപ്പെടുന്നത്.
സെർജിയോ പിറ്റോളിന്റെ ഓർമക്കുറിപ്പുകളുടെ ഒന്നാം ഭാഗമായ ‘ദ ആർട്ട് ഒാഫ് ഫ്ലൈറ്റി’നെ (The Art of flight) കുറിച്ച് ആഴ്ചപ്പതിപ്പിൽ എഴുതിയിരുന്നു. ഇൗ ത്രയത്തിന്റെ രണ്ടാം ഭാഗം ‘ദ ജേണി’യും (The Journey) മൂന്നാം ഭാഗം ‘വിയനയിലെ മാന്ത്രികനു’മാണ് (The Magician in Vienna). ഈ മൂന്നു രചനകളെക്കുറിച്ചും എടുത്തുപറയാനുള്ളത് സാഹിത്യസ്പർശിയായ രൂപമാണ്. ഈ രൂപത്തിൽ സമാനമായ മറ്റ് ഓർമക്കുറിപ്പുകൾ ഉേണ്ടാ എന്നും സംശയം.
രണ്ടാം ഭാഗമായ ‘ദ ജേണി’യെക്കുറിച്ച വായനാനുഭവം പങ്കുവെക്കാനുള്ള ശ്രമമാണിവിടെ. അദ്ദേഹത്തിന്റെ ശബ്ദം പുസ്തകങ്ങളുടെ മായിക അന്തരീക്ഷത്തിനപ്പുറം മാറ്റൊലികൊള്ളുന്നു. ചെക്കോേസ്ലാവാക്യയിൽ മെക്സിക്കൻ അംബാസഡറായിരുന്ന കാലത്തെ പ്രാഗ് നഗരത്തിലെ അനുഭവങ്ങളും 1986ൽ സോവിയറ്റ് യൂനിയനിൽ നടത്തിയ രണ്ടാഴ്ചക്കാലത്തെ യാത്രാനുഭവങ്ങളുമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. ഇവിടെ പ്രാഗ് നഗരം, അവിടത്തെ എഴുത്തുകാർ, രചനകളുടെ മായികലോകം, റഷ്യയിലെ മോസ്കോ, ലെനിൻഗ്രാഡ്, ബ്ലാക്ക് സീക്കും കാസ്പിയൻ കടലിനുമിടയിലെ കൗക്കേസിയയിലെ യാത്ര എന്നിവ ഓർമകളിലൂടെ പുറത്തെടുക്കുന്നത് മഹത്തായ വായനാനുഭവം തന്നെയാണ്.
‘ദ ആർട്ട് ഓഫ് ഫ്ലൈറ്റി’ൽ (The Art of Flight) സ്വീകരിച്ച അതേരീതിയിലുള്ള രേഖപ്പെടുത്തലുകളാണിവിടെയും യോജിപ്പിച്ചുനിർത്തിയിരിക്കുന്നത്. 80കളുടെ ആരംഭത്തിൽ അദ്ദേഹം മെക്സികോ നഗരത്തിൽ രണ്ടുമാസം ഒഴിവുദിനങ്ങൾ കഴിച്ചുകൂട്ടി. അത് ബാഴ്സലോണയിലെയും വാർസൊയിലെയും ബുഡാപെസ്റ്റിലെയും മോസ്കോയിലെയും വർഷങ്ങളുടെ താമസത്തിനുശേഷമാണ്. ഇൗ പുസ്തകത്തിൽ യാത്രാനുഭവങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഡയറിക്കുറിപ്പുകളും െകട്ടുകഥകളും ഉപകഥകളുമൊക്കെ ഉൾപ്പെടുത്തിയിട്ടുണ്ട്. സാഹിത്യപരമായ വിഭാവനങ്ങളുെട മായികലോകം സെർജിയോ ഇതിലൂടെ അനാവരണം ചെയ്യുന്നു. ഭാവനയുടെ ശരിക്കും വിചിത്രവും സങ്കീർണവുമായ പശ്ചാത്തലം അനിവാര്യമായ ഒന്നാണെന്ന് സെർജിയോ സൂചിപ്പിക്കുന്നു. ഒരു നോവലിനോ ചെറുകഥക്കോ ലേഖനത്തിനോ ഉൾക്കൊള്ളാനാവാത്ത തലങ്ങൾ ഇവിടെ കൂടുതൽ പ്രാധാന്യത്തോടെ കടന്നുവരുന്നു. ഓർമക്കുറിപ്പുകളുടെ വീണ്ടെടുത്ത വലിയ ലോകം ഇതിന്റെ പിന്നിൽ സജീവമായി നിലനിൽക്കുന്നുമുണ്ട്.
പ്രാഗ് തനിക്കേറ്റവും പ്രിയപ്പെട്ട നഗരമാണെങ്കിൽപോലും കൂടുതലൊന്നും രേഖപ്പെടുത്താൻ കഴിയാത്തതിലുള്ള ദുഃഖം ഗ്രന്ഥകാരൻ പങ്കുവെക്കുന്നുണ്ട്. തന്റെ ഡയറിക്കുറിപ്പുകളിൽ തിരിച്ചറിഞ്ഞ വലിെയാരു ശൂന്യതയുടെ പൊരുൾ തേടി അദ്ദേഹം പോകുന്നു. നഗരവീഥികളിലൂടെയുള്ള ഒരിക്കലും അവസാനിക്കാൻ സാധ്യതയില്ലാത്ത സഞ്ചാരങ്ങളോ വിഖ്യാതമായ മ്യൂസിയങ്ങൾ കണ്ട അനുഭവങ്ങളോ ഒന്നും അതിലുണ്ടായിരുന്നില്ല. അവ അവഗണിക്കാനുള്ള മാനസികാവസ്ഥയാണ് അന്നുണ്ടായിരുന്നത്. പിന്നീട് സോവിയറ്റ് റഷ്യയിലേക്കുള്ള യാത്രാനുഭവങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം കൊടുത്തു. പ്രാഗ് നഗരത്തിന്റെ വശ്യതകളിൽ അവിടത്തെ എഴുത്തുകാരുടെ രചനകളും അവരുമായുള്ള ഒത്തുചേരലുകളുമൊക്കെ പ്രാധാന്യത്തോടെ വരേണ്ടതായിരുന്നു.
റിപ്പെലിനോയുടെ ‘മാന്ത്രിക പ്രാഗ്’ (Magic Prague) എന്ന വിഖ്യാത പുസ്തകം ഏതൊരെഴുത്തുകാരനും വലിയ ഓർമയായി ഒപ്പമുണ്ടാകേണ്ട ഒന്നായിരുന്നു. റഷ്യയിലാകെ അലഞ്ഞുതിരിഞ്ഞു നടന്ന വ്യക്തിഗത അനുഭവങ്ങൾക്കൊപ്പം അവിടത്തെ സാഹിത്യത്തെയും സാഹിത്യകാരന്മാരെയും അവരുടെ രചനകളെയും കുറിപ്പുകളിൽ മികച്ചരീതിയിൽ ഉൾക്കൊള്ളിക്കാൻ സെർജിയോക്കു കഴിഞ്ഞു. അവിടത്തെ ജനത ഗോർബച്ചേവിന്റെ പെരിസ്ട്രോയ്ക്കയെ ഏതുരീതിയിലാണ് ഉൾക്കൊള്ളുന്നതെന്ന് ഒരു എഴുത്തുകാരന്റെ സൂക്ഷ്മനിരീക്ഷണത്തിലും അദ്ദേഹത്തിന് കണ്ടെഴുതാനായി. പ്രത്യാശയോടെയും അതേസമയം, ഒരുതരം സംശയദൃഷ്ടിയോടെയുമാണവർ അതിനെ അംഗീകരിക്കാൻ തയാറായത്. ഇവിടെ ഓർമക്കുറിപ്പുകളുടെ സംവിധാനത്തിനുള്ളിൽനിന്ന് എഴുത്തിന്റെ നിഗൂഢതകളുടെ സ്പർശം അനുഭവിപ്പിക്കാൻ സെർജിയോക്കാകുന്നു. റഷ്യൻ ചരിത്രത്തിന്റെ നിഗൂഢതകൾക്കൊപ്പം സഞ്ചരിക്കാനുള്ള നിരീക്ഷണബോധവും അദ്ദേഹത്തിനുണ്ട്.
റഷ്യൻ സാഹിത്യത്തിലെ അന്ന അകമത്തോലയും മാരിനസ്വെറ്റയേവയും മിഖായേൽ ബുൾഗാക്കോവും ആന്ദ്രെ പ്ലാറ്റിനോവും ഇസാക് ബാബലും ഒസിപ് മൻദൽസ്തമും പാസ്റ്റർനാക്കുമൊക്കെ ഇവിടെ കടന്നുവരുന്നുണ്ട്. സ്റ്റാലിനിസത്തിന്റെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഈ എഴുത്തുകാരുടെ ദുരന്തപൂർണമായ ജീവിതത്തിന്റെ ഓർമകൾക്കൊപ്പം സഞ്ചരിക്കാനും സെർജിയോ തയാറാകുന്നുണ്ട്. മാരിനസ്വെറ്റയേവയുടെയും അവരുടെ വിദേശത്തു ഒളിതാമസമാക്കേണ്ടിവന്ന ഭർത്താവിന്റെയും അനുഭവങ്ങൾ വായിക്കുമ്പോൾ നാമാകെ അസ്വസ്ഥരാകും. ഗുലാഗിന്റെ നിഗൂഢതകൾക്കുള്ളിലെ മരണം കാത്തുകിടക്കുന്നവരുടെ ഇരുണ്ട ലോകം ആർക്കാണ് മറക്കാൻ കഴിയുക.
അന്നത്തെ റഷ്യൻ ജനതയുടെ ജീവിതസമസ്യകളെ നന്നായി ഉൾക്കൊള്ളാൻ സെർജിയോക്കു കഴിഞ്ഞിരിക്കുന്നു. അവിടെ ജീവിക്കുന്നതിനിടയിൽ നിശ്ശബ്ദരായി കഴിയേണ്ടിവന്ന ചെക്ക് സുഹൃത്തുക്കളെക്കുറിച്ചുള്ള ഓർമകൾ രേഖപ്പെടുത്തുമ്പോൾ സെർജിയോയുടെ മാനസികാവസ്ഥ ഏതു രീതിയിലായിരുന്നുവെന്ന് ഇത് വായിക്കുമ്പോൾ നമുക്കു തിരിച്ചറിയാം. റഷ്യൻ അധികാരികൾ തന്റെ യാത്രാപദ്ധതികൾ നിയന്ത്രിക്കാൻ തയാറാകുന്നത് സെർജിയോയെ അസ്വസ്ഥനാക്കുന്നുണ്ട്. ജോർജിയക്കു പകരം യുെക്രയ്നിലേക്ക് പോകണമെന്നാണവർ ശഠിച്ചത്. കിയവ് നഗരത്തിന്റെ ദൃശ്യങ്ങളും അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. അവിടത്തെ രാഷ്ട്രീയ പശ്ചാത്തലങ്ങൾ ഇന്നത്തെ അവസ്ഥകൾക്കുള്ളിൽനിന്ന് നാം വിലയിരുത്താൻ ശ്രമിക്കരുത്. യുെക്രയ്നിന്റെ തലസ്ഥാനമായ കിയവ് സുന്ദരമായ നഗരമായിരുന്നു. സോവിയറ്റ് സാഹിത്യത്തെ സ്റ്റാലിന്റെ കാലത്തെ അധികാരവർഗത്തിനും കീഴടക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സെർജിയോ സൂചിപ്പിക്കുന്നുണ്ട്.
1933നും 1939നുമിടയിൽ ആയിരക്കണക്കിന് നഗരവാസികളെയും സാധാരണ മനുഷ്യരെയും സംശയത്തിന്റെ നിഴലിൽ സ്റ്റാലിന്റെ ഭരണകൂടം റഷ്യയിൽ അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇവരിൽ പ്രധാനികളായിരുന്ന മെയർഹോൾഡ് ശരിക്കും സിനിമയിലെ ഐസൻസ്റ്റീനിനെ പോലെ തിയറ്ററിൽ നിറഞ്ഞുനിന്ന വ്യക്തിയാണ്. കെ.ജി.ബി മുന്നോട്ടുവെച്ച ഗ്രേറ്റ്പർജിന്റെ കരിനിഴൽ കാലം സെർജിയോ വെളിപ്പെടുത്തുന്നു. ശത്രുവിന് അനുകമ്പയുടെ ഒരു തരിപോലും അനുവദിച്ചുകൊടുക്കരുതെന്ന പ്രമാണം മനുഷ്യാവകാശ ധ്വംസനങ്ങളുടെ പ്രവൃത്തികളെയും സാധൂകരിച്ചിരുന്നു.
പിൽക്കാലത്ത് അധികാരത്തിലേറിയ ഗോർബച്ചേവിന് റഷ്യയുെട യാഥാർഥ്യങ്ങളെക്കുറിച്ച് അറിയാമായിരുന്നു. പെരിസ്ട്രോയ്ക്ക വിജയിക്കാതെപോയത് സ്വാതന്ത്ര്യത്തെക്കുറിച്ച് റഷ്യക്കാർക്ക് വേണ്ടത്ര വിദ്യാഭ്യാസം ലഭിക്കാതെപോയതുകൊണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പ്രകൃതി അന്നത്തെ ഏറ്റവും വലിയ ദൈവസങ്കൽപവുമായിരുന്നു. ഗോർബച്ചേവ് ഇതിനെക്കുറിച്ച് നന്നായി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, ദേശീയമായ പ്രക്ഷുബ്ധതകൊണ്ട് തന്റെ എതിരാളികളെ ഒഴിവാക്കാനുള്ള ശ്രമവും അന്നുണ്ടായി. അത്രക്കൊന്നും പുറത്ത് അറിയപ്പെടാത്ത അന്നത്തെ കാലത്തിന്റെ നിഗൂഢതകൾ സെർജിയോ സൂക്ഷ്മമായി പഠിക്കുകയും വിശകലനംചെയ്യുന്നുമുണ്ട്.
മോസ്കോയിലെ അവസാനകാലത്ത് ബുൾശാക്കോമിന്റെ ‘ഒരു നായുടെ ഹൃദയം’ (Heart of a Dog) വായിച്ചുകഴിഞ്ഞപ്പോൾ സെർജിയോക്ക് ഈ ലോകത്ത് താനൊരു അനാഥനാണെന്ന തോന്നലുണ്ടായി. മോസ്കോയിൽ വാൾട്ടർ ബെഞ്ചമിന് ഒരു ഭൗതികമണ്ഡലത്തിലുണ്ടായ പ്രണയബന്ധത്തെക്കുറിച്ച് എഴുതിയതിനെ കുറിച്ചും ഓർമകൾ നിറഞ്ഞു. ഒരു മതിഭ്രമത്തിനുള്ളിൽപെട്ടതുപോലെയുണ്ടായിരുന്നു. തിരിച്ച് സ്വന്തം ഭൂമികയിൽ മടങ്ങിയെത്തിയപ്പോഴാണ് അദ്ദേഹം സ്വതന്ത്രനായത്.
ഡയറിയിലിങ്ങനെ കുറിച്ചുവെച്ചു: ‘‘മോസ്കോയിൽനിന്ന് മടങ്ങിവരുന്ന ഒരുവന് ബർലിൻ ഒരു മൃതനഗരമായിട്ടേ അനുഭവപ്പെടുകയുള്ളൂ.’’ കനത്ത ചൂടിലാണ് സെർജിയോ ജൂൺ മാസത്തിലാദ്യം മോസ്കോ വിടുന്നത്. പോകേണ്ട പ്രാഗ് നഗരത്തിൽ ചൂട് അമ്പത്തിനാല് ഡിഗ്രിയായിരുന്നു. പക്ഷേ, അപ്പോഴും മഴപെയ്യുന്നുണ്ടായിരുന്നു. റഷ്യ വിടുമ്പോൾ അദ്ദേഹമൊരു റഷ്യൻ കിടാവായി രൂപാന്തരപ്പെടുകയും ചെയ്തിരുന്നു.
ഒരു രാഷ്ട്രീയ സ്വഭാവമുള്ള പുസ്തകമല്ല. അതിനൊക്കെയപ്പുറമുള്ള ഒന്നാണിത്. സെർജിയോയുടെ സാഹിത്യപരമായ, സഞ്ചരിച്ചയിടങ്ങളിലെ എഴുത്തുകാരെ തേടിയുള്ള ഒരു തീർഥാടനമായും നാമിതിനെ കാണണം. തകർച്ചയുടെ ചരിത്രം ഇത് നമ്മെ പലപ്പോഴും ഓർമിപ്പിക്കുന്നു. ഒരെഴുത്തുകാരൻ ഏതൊക്കെ രീതിയിലാണ് സൃഷ്ടിപരമാെയല്ലാം ഏകോപിപ്പിക്കുന്നതെന്നും ഇത് കാട്ടിത്തരുന്നു. മനുഷ്യസ്വാതന്ത്ര്യത്തിന്റെ കാലങ്ങളിലൂടെയുള്ള സ്വത്വവും ഇതിന്റെ അന്തർധാരയാണ്. റഷ്യൻ എഴുത്തുകൾ നേരിട്ട ദുരനുഭവങ്ങളുടെ രേഖപ്പെടുത്തൽ നമ്മെ പലതിനെയും ഓർമിപ്പിക്കുന്നു. ഒരു റഷ്യൻ കൗമാരക്കാരനാകാൻ മോഹിച്ച സെർജിയോ ഒന്നു സൂചിപ്പിക്കുന്നു, തന്നെ സംബന്ധിച്ചിടത്തോളം എല്ലാം എല്ലാറ്റിലും ഉൾക്കൊണ്ടിരിക്കുന്നു. എഴുത്തിലൂെടയേ സ്വതന്ത്രമായി അനാവരണം ചെയ്യാൻ കഴിയൂ.
യാഥാർഥ്യങ്ങളുടെ പൊരുളും അതോടൊപ്പം പുറത്തുള്ളവരും ഇനി ഈ ഓർമക്കുറിപ്പുകളുടെ മൂന്നാം ഭാഗമായ ‘വിയനയിലെ മാന്ത്രിക’ത്തിൽ വീണ്ടും ഒത്തുചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.