ഏഴാം ഖണ്ഡവും മാത്യു ആർനോൾഡിന്റെ കാവ്യസിദ്ധാന്തവും
ഒന്നു മുതൽ ആറാം ഖണ്ഡം വരെ നെഞ്ചുകീറി നേരിനെ കാട്ടിയും ചോര ചിന്നിത്തുറന്നു കാട്ടിയും ജീവശോണിതം വീഴ്ത്തിയും നിങ്ങളെ സ്നേഹിക്കുന്നുവെന്ന് തൊഴിലാളി വർഗത്തോട് വിളിച്ചുപറഞ്ഞും പലമാതിരി അനുനയശ്രമങ്ങൾ നടത്തിയിട്ടും വിപ്ലവം ഒഴിവാക്കാൻ കഴിയാതെ ജന്മി വീണുപോകുന്നു. എന്നിട്ടും, ചീവീടുകളുടെ പാട്ടിലൂടെ മാറിയ സമൂഹത്തെ ഉദ്ബോധിപ്പിക്കാൻ ഉയിർക്കുമ്പോൾ വിപ്ലവത്തെയും ജയിക്കുന്ന മാനവസ്നേഹത്തെ ദർശിക്കാനാകുന്നു.
ഇവിടെ പാശ്ചാത്യ സാഹിത്യ സൈദ്ധാന്തികനായ മാത്യു ആർനോൾഡിന്റെ രണ്ടാമത്തെ കാവ്യസിദ്ധാന്തം ഓർത്തുപോകുന്നു:
‘‘സാഹിത്യം ആഴത്തിൽ ജീവിതവിമർശനമാകുന്നു. കാവ്യ സത്യ നിയമങ്ങൾക്കും കാവ്യസൗന്ദര്യ നിയമങ്ങൾക്കും വിധേയമായി സാഹിത്യം ജീവിതത്തെ വിമർശിക്കുകയാണ്. കേവല സത്യ സൗന്ദര്യങ്ങൾ ആയിരിക്കുന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു. കാവ്യ സത്യ സൗന്ദര്യങ്ങൾ ആയിരിക്കേണ്ടതിനെ കൂടി കണക്കിലെടുക്കുന്നു. (Essay in Criticism. പാശ്ചാത്യ സാഹിത്യ തത്ത്വശാസ്ത്രം, കെ.എം. തരകൻ)
ഈയൊരാശയത്തിന്റെ സാധ്യതയാണ് ‘ചീവീടുകളുടെ പാട്ട് ’ പ്രദർശിപ്പിക്കുന്നത്: ഉൽകൃഷ്ട മാത്രകൾ ഉമ്മവെക്കുക, അന്തഃരംഗത്തെ സ്നേഹമാക്കി ദ്രവീകരിക്കുക, ലോകം സമത്വ പൊൻവനിയായ് പുനർവിരചിക്കുക, ഒറ്റ ശുദ്ര പുഷ്പത്തിന്റെ നീഹാരനീരിൽ ഊഴിയെ ശുദ്ധമാക്കുക, ഏകതാരകത്തീയാൽ ലോകത്തിൽ വെട്ടം പരത്തുക – ഇങ്ങനെ ആയിരിക്കേണ്ടതിനെ കുറിച്ചുള്ള സ്വപ്നങ്ങളും കാലകാഹളം കേൾക്കാതെ അലസരായിപ്പോയതിലെ വിപത്തും ഈ ഖണ്ഡം കൈകാര്യംചെയ്യുന്നു.
‘‘പോക ഞങ്ങൾ കിനവു കണ്ടോരാ
സ്നേഹമാർഗം വഴിയിനി നിങ്ങൾ’’
വിപ്ലവത്താൽ എല്ലാം തകർത്തെറിഞ്ഞവരോട് വീണുപോയവർ, സ്നേഹമാർഗം ചൂണ്ടിക്കൊടുക്കുന്ന മാനവസ്നേഹത്തിന്റെ പൊരുളുറയുന്നതാണ് ഏഴാം ഖണ്ഡം. വൈലോപ്പിള്ളി രക്തരൂഷിത വിപ്ലവത്തെ ഈ കാവ്യത്തിൽ ശക്തിയായി അപലപിക്കുന്നുണ്ട്.
വൈലോപ്പിള്ളി ശ്രീധരമേനോൻ
‘‘ഓരോ ഖണ്ഡത്തിലും ജന്മി തന്റെ സ്നേഹം തൊഴിലാളിയെ ബോധിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട്. ആ ശ്രമത്തിൽ ഓരോ തവണയും പരാജയപ്പെട്ട് നിസ്സഹായനായി നിൽക്കുന്ന ജന്മിയോടും കാലങ്ങളായി പീഡിതരായ തൊഴിലാളിയോടും ചേരിതിരിവില്ലാതെ ഒരുപോലെ മമത പുലർത്തുന്ന മനോഭാവം കവിത പ്രകടിപ്പിക്കുന്നു...’’ ഒരു കാലഘട്ടത്തിന്റെ ജനജീവിതത്തിന്റെ സവിശേഷതകൾ സത്യസന്ധമായി ദർശിക്കുകയും ആത്മാർഥമായി ആവിഷ്കരിക്കുകയും ചെയ്യുന്ന ഒരു സാഹിത്യകാരന് ഏതെങ്കിലും പ്രത്യേക ചേരിക്കുവേണ്ടി വാദിക്കാൻ സാധ്യമല്ല. എന്നാൽ, അയാൾ എപ്പോഴും മനുഷ്യസ്നേഹത്തിന്റെ പ്രവാചകനും ജീവിതമൂല്യങ്ങളുടെ പ്രചാരകനുമാണ്. ‘‘വൈലോപ്പിള്ളി മാർക്സിയൻ പ്രത്യയശാസ്ത്രത്തിന്റെ വക്താവല്ല. എങ്കിലും അദ്ദേഹം മനുഷ്യത്വത്തിന്റെ ഗായകനാണ്. മാർക്സിസം മനുഷ്യന്റെ പൂർണവികാസത്തിന്റെ മഹത്തായ തത്ത്വശാസ്ത്രവുമാണ്’’ എന്ന് ‘കുടിയൊഴിക്കലി’ന്റെ മാനവദർശനത്തെ കുറിച്ച് പ്രഫ. ആർ. വിശ്വനാഥൻ നായർ പറയുന്നു (വൈലോപ്പിള്ളി കവിതാ സമീക്ഷ).
വൈലോപ്പിള്ളിയുടെ മനുഷ്യദർശനത്തിന്റെ ആഴക്കാഴ്ചകൾ അടയാളപ്പെടുത്താനാണ് ‘കുടിയൊഴിക്കലി’ലെ നായകനെ ജന്മിവർഗ പ്രതിനിധിയും ഒപ്പം കവിയുമാക്കുന്നത്.
ആരോപിതരായി നിൽക്കുന്ന സമൂഹത്തെ (ജന്മിവർഗം) വിമർശിക്കുന്നത് അക്കൂട്ടത്തിൽനിന്ന് ഒരാളാകുന്നതിന്റെ മേന്മ കവിത പുലർത്തുന്നു. മന്ദമന്ദം നുണയുക, മെയ്യനങ്ങാതെ വേല ചെയ്യുക, അൽപമാത്രം വിയർക്കുക, വേല ചെയ്യിച്ചു നിൽക്കുക, ഇങ്ങനെ സ്വയം വെളിപ്പെടുന്നതിലെ ആത്മപരിശോധനാംശം പ്രശംസനീയമാണ്.
ജന്മി വേല ചെയ്യിച്ചു നിൽക്കുകയും കുടിയാൻ നീചജീവിതം നീറ്റിയിരിക്കുകയും ചെയ്യുന്നു. ജന്മി ചിന്താലോല ധൂമിക നിർമിക്കുകയും കുടിയാന്റെ മകൻ വിപത്തു കത്തിക്കുകയുമാണ്. ഒരേ കാര്യം സമൂഹത്തിലെ രണ്ടുതട്ടിലുള്ളവർ ചെയ്യുമ്പോൾ രണ്ടുതരത്തിൽ വിലയിരുത്തപ്പെടുന്നതിനെ അടയാളപ്പെടുത്തുന്നുണ്ടിവിടെ:
‘‘വെയ്ലിലെണ്ണയൊലിക്കരിങ്കലിൻ കോലാർന്ന’’ പണിക്കാർ എന്ന് തൊഴിലാളിയുടെ കഷ്ടപ്പാട് കാണാൻ ജന്മി തുടങ്ങുന്നുണ്ട്. മാറ്റം ഭൗതികമായോ നിയമപരമായോ കൊണ്ടുവരേണ്ടതു മാത്രമല്ല, ശരി തെറ്റുകൾ വ്യവേച്ഛദിച്ചറിഞ്ഞ് മാനസികമായി മാറ്റത്തിന് തയാറാകുമ്പോഴേ സാമൂഹിക പരിവർത്തനം മാനവികമാകൂ എന്ന ആശയമാണ് വൈലോപ്പിള്ളി ‘കുടിയൊഴിക്കലി’ൽ അവതരിപ്പിക്കുന്നത്. നീതിയുടെ കൊടിപ്പടം വാഴാൻ കുറ്റക്കാരിൽനിന്നുതന്നെ ഒരാൾ ആഹ്വാനം ചെയ്യുന്നതിന്റെ മഹിമ പുലർത്തുന്ന കാവ്യം.
കേൾവി –മാനവികതയുടെ ആദ്യപടി
‘‘അപ്പനെന്നൊച്ചയങ്ങു കേൾക്കാമോ
……….
അപ്പനേ, യെനിയ്ക്കസ്സലായ് കേൾക്കാം’’
(മലതുരക്കൽ)
‘മലതുരക്കൽ’ എന്ന കവിതയിൽ പുതുതലമുറയുടെ പുരോഗമനത്തിലേക്കുള്ള വഴി കേൾവിയിലൂടെയാണ് കാരണവർ അംഗീകരിക്കുന്നത്.
കേൾക്കുക എന്നത് പറയുന്നവനോട് അനുഭാവം പ്രകടമാകുന്ന പ്രക്രിയയാണ്. കേൾക്കുക എന്നതിന് അനുസരിക്കുക എന്നുകൂടി ചിലയിടങ്ങളിൽ അർഥവ്യാപ്തിയുണ്ടാകും. കേൾക്കുവാൻ മനസ്സു വേണം. സഹതാപത്തിൽ തുടങ്ങി അനുതാപത്തിലേക്ക് വളരാനുള്ള ഒരു സാധ്യത ഉൾക്കൊള്ളുന്ന പ്രക്രിയയാണ് കേൾവി. ‘കുടിയൊഴിക്കലി’ൽ ‘കേൾവി’, ശക്തമായ ഒരനുഭവമായി കവിതയുടെ ക്രിയാംശത്തെ മുന്നോട്ടുകൊണ്ടുപോകുന്നതായി കാണാം. കുടിയാനെ കേൾക്കുക, പ്രകൃതിയെ കേൾക്കുക, കാലത്തെ കേൾക്കുക, എല്ലാറ്റിനുമുപരിയായി തന്നിലെതന്നെ അപരവ്യക്തിത്വത്തെ അഥവാ മനസ്സാക്ഷിയെ കേൾക്കുക ഇങ്ങനെ കേൾവി എന്ന വിവേകപൂർവമായ ഒരു പ്രക്രിയയിൽ വ്യക്തിയെ സ്ഫുടംചെയ്തെടുത്ത് പ്രത്യാശയുടെ സാമൂഹിക പരിസരത്ത് പ്രതിഷ്ഠിക്കുമ്പോൾ കുടിയൊഴിക്കൽ ഇടത്തരക്കാരന്റെ ട്രാജഡിയാകുന്നില്ല. ആർദ്രതക്കു മുന്നിൽ ആയുധംവെച്ചു കീഴടങ്ങുന്ന വിപ്ലവത്തിന്റെ വിജയമാകുന്നു. തോൽവിയുടെ നോവില്ലാതെ പിടിച്ചുവാങ്ങലില്ലാതെ വിട്ടുകൊടുക്കലിന്റെ അനുതാപത്തിലേക്ക് വളരാനുള്ള ക്രിയാംശമായി കേൾവിക്ക് നിലകൊള്ളാൻ കഴിയുമെന്ന് കുടിയൊഴിക്കൽ വിളംബരം ചെയ്യുന്നു.
എം. ലീലാവതി, ബാലാമണിയമ്മ
കേൾവിയിൽതന്നെ മനസ്സാക്ഷീ ശ്രവണമാണ് ഏറെ ശ്രദ്ധേയം. ആദ്യമാദ്യം വാസരത്തൊഴിലാളികൾ വന്ന് മുട്ടിയിട്ടും കേൾക്കാതിരുന്നതാണ്. എന്നാൽ ‘‘നന്നു നന്നു നീ വൻ തറവാടി’’ എന്ന മൂകശാസനപോലും കേൾക്കാവുന്ന നിലയിലെത്തുന്നു. ആത്മവിമർശനം അവിടെ തുടങ്ങുകയായി. പിന്നീട് തൊഴിലാളിയുടെ തേട്ടിവരുന്ന പ്രതിഷേധങ്ങൾ ചെവിക്കൊള്ളുന്നുണ്ട്.
‘‘ദുഷ്പ്രഭുപ്പുലയാടികൾ പാർക്കു
മിപ്പുരയ്ക്കിടി വെട്ടുകൊള്ളട്ടെ’’
എന്ന തൊഴിലാളിയുടെ പ്രതിഷേധത്തിൽ ആന്തിക്കത്തുന്ന തൂനിലവിളക്ക് അണയാൻ പോകുന്നതിന്റെ ലക്ഷണമാണെന്നറിഞ്ഞ് ദണ്ഡനമുറ മാറ്റുന്നുണ്ട്.
‘‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’’
എന്നു ചോദിക്കുന്നവർക്ക്
‘‘ഇന്നൊരോണ മഞ്ഞക്കിളിയെ ഞാൻ കണ്ടു’’
എന്ന് പ്രതീക്ഷ കൊടുക്കുന്നു. സ്വയം വിശ്വസിക്കുകയും ചെയ്യുന്നു. കാമുകിയുടെ കണ്ണുകളുടെ ദുഃഖഭാവ നിഴൽപോലും നായകനിൽ ചില ശബ്ദം കേൾപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ജന്മിയുടെ മുൻഗാമികളുടെ പീഡനകഥകളുറങ്ങുന്ന അവളുടെ മിഴികളെ ജന്മി ഭയക്കുന്നത്.
‘‘പൊൻപണത്തിനു മാനത്തെ വിറ്റു
നിൻ വയർ നീ നിറയ്ക്കയോ ബാലേ...’’
ജന്മിയുടെ ഇഷ്ടത്തിൽ കഷ്ടം ചാർത്താൻ എത്തിയ തൊഴിലാളിയെ കേൾക്കുകയും ലോകമെങ്ങും തൊഴിലാളിയുടെ ശബ്ദം കാതോർക്കുന്നതുകൊണ്ട് വിവേകപൂർവം പ്രതികരിക്കുകയും ചെയ്യുന്നു.
അടുത്ത നിമിഷം തൊഴിലാളിയുടെ വാക്കുകളെ മനനം ചെയ്യുമ്പോൾ ജന്മി വ്യഷ്ടിയിൽനിന്നും സമഷ്ടിയിലേക്ക് വളരുന്ന കാഴ്ച കാണും. ഈറയിൽനിന്ന് മാറി മനം ചേറിയപ്പോൾ കാര്യങ്ങൾ തരംതിരിഞ്ഞു കിട്ടുന്നു.
‘‘മൂർഖനാണവൻ, പക്ഷേയക്കൊള്ളി
വാക്കിലില്ലയോ വാസ്തവ നാളം’’
ചഞ്ചല മാനസം വഞ്ചനക്ക് യുക്തി തേടുന്നതിനിടയിൽ
‘‘എങ്കിലെന്തേ കെടുത്തി നീ ചെന്നു
പ്പെൺകിടാവിനെ യാദർശവാനേ’’
എന്ന മനസ്സാക്ഷിയുടെ ചോദ്യം എല്ലാ മനുഷ്യരിലും സ്വയം ശുദ്ധീകരിക്കാനുള്ള ഒരു സാധ്യത നിലനിൽക്കുന്നുവെന്നും അത് കേൾക്കുകയാണ് മാനുഷികമായ കർമമെന്നും കവി പറയാതെ പറയുന്നു.
‘‘ചെറ്റയാം വിടൻ ഞാനിനി മേലിൽ
കഷ്ടമെങ്ങനെ കണ്ണാടി നോക്കും’’
എന്ന ആത്മബോധത്തിലേക്ക് എത്തുന്നു. കുടിയാന്റെ പുര കത്തിനശിച്ചു. കത്തിച്ചത് ജന്മിയാണെന്ന് കുടിയാൻ. സത്യം മറ്റൊന്നായിട്ടും
‘‘നീ യെരിച്ചതിൻ ശേഷമാണല്ലോ’’
എന്ന മനസ്സാക്ഷിയുടെ ചോദ്യം കേൾക്കുന്നു. പത്തു വെള്ളി കൊടുത്തത് വാങ്ങി, കുടിയൊഴിഞ്ഞോ ഒഴിച്ചോ വിടുമ്പോൾ
‘‘ഹാ! കിഴക്കേതാണെന്ന് കരഞ്ഞ പക്ഷിയെ കേൾക്കുന്ന ജന്മിയുടെ മനസ്സ് പശ്ചാത്താപവിവശമാണ്. വിമലീകരണത്തിന്റെ അവസ്ഥയോളം എത്തുന്നുണ്ടിവിടെ. ‘‘ഈ പശ്ചാത്താപമേ പ്രായശ്ചിത്തം’’ എന്നു വള്ളത്തോൾ ‘മഗ്ദലനമറിയ’ത്തെ കുറിച്ച് പറയുന്നതുപോലെ, പൂർവികരിൽനിന്നു കിട്ടിയ അധികാരബാധ ആത്മവിശകലനത്താൽ അൽപാൽപം ഒഴുക്കിക്കളഞ്ഞ് കറകളഞ്ഞ മനുഷ്യനാകാൻ ആഗ്രഹിക്കുന്ന ജന്മിയായ നായകന്റെ പല ഘട്ടങ്ങളിലൂടെയുള്ള ജ്ഞാനസ്നാനമാണ് ‘കുടിയൊഴിക്കൽ’. കേൾവി അതിനുപകരിക്കുന്ന മോഹനവും സ്നിഗ്ധവുമായ ഉപാധിയാകുന്നു ഞാൻ.
ആർദ്രതയും സഹനവും
ആർദ്രത, സഹനം എന്നീ മാനുഷിക ഗുണങ്ങളെ മാറ്റങ്ങളെ വിരചിക്കാനുള്ള ഉപാധികളായി വൈലോപ്പിള്ളി സ്വീകരിക്കുന്നു. പല കവിതകളിലും ഇത് പ്രത്യക്ഷമായ് കാണുന്നു.
‘‘കണ്ടിതോ ഭദ്രാ, വരണ്ടു പോയ് മന്നിടം
കണ്ണുനീർ മാത്രമേ വറ്റാതുള്ളൂ.’’
(ജലസേചനം),
മനുഷ്യന്റെ കണ്ണീരിന്റെ കഥ കേട്ട ബലഭദ്രൻ
‘‘ആശ്രിതവത്സലൻ മാധവ സോദര -
നാർദ്രത പൂണ്ടിതു കേട്ടു നിൽക്കെ’’
ബലഭദ്രനാണ് ആർദ്രത പൂണ്ട് നിൽക്കുന്നത് എന്നോർക്കണം.
‘‘പറിച്ചു നട്ടു നീ കൃഷ്ണാ-
പടരുന്നൊരു വല്ലിയെ
നിനക്കാണിനിയും ഭാരം
പന്തലിട്ടു കൊടുക്കുവാൻ’’
(കുബ്ജാമോക്ഷം)
(വിരൂപയായിരിക്കെ ദാസ്യവേല ചെയ്ത് കഴിഞ്ഞിരുന്നവളെ സുന്ദരിയാക്കിയ കൃഷ്ണാ നിനക്ക് കുബ്ജയെ ഏറ്റെടുക്കേണ്ടിവരും)
എന്നിങ്ങനെ ബലഭദ്രൻ അനാവശ്യഭാരം എടുത്ത് തലയിൽ വെക്കേണ്ടെന്ന് അനുജനെ ഓർമിപ്പിക്കുന്ന വീണ്ടുവിചാരക്കാരനാണ്. എന്നാൽ, വൈലോപ്പിള്ളിയുടെ ബലഭദ്രൻ പട്ടിണിപ്പാവങ്ങളുടെ രക്ഷിതാവാണ്.
‘‘പട്ടിണി പാരിനെ തിന്നവേ, നീ വെള്ള
പ്പട്ടു കിടക്ക വിടില്ലയെന്നോ?’’
എന്നു ചൊല്ലി കാളിന്ദിയെ വലിച്ചിഴച്ച് പാരിനെ നനച്ച് കർഷകരുടെ കണ്ണീരൊപ്പാൻ കൊണ്ടുപോകുന്നു. ദേവനായാലും ദേവിയായാലും മറ്റുള്ളവരുടെ ദുഃഖം കാണണമെന്ന നിലപാടാണ് വൈലോപ്പിള്ളിക്കുള്ളത്.
വെർജീനിയ വൂൾഫ്
കഷ്ടപ്പെടുന്നവന്റെ കണ്ണീരു തുടക്കലാണ്, അവനെ മനസ്സിലാക്കലാണ് മാനവികതയുടെ മർമമെന്ന് കരുതുന്ന കവിയാണ് വൈലോപ്പിള്ളി.
ഇനി പട്ടിണിപ്പാവങ്ങൾക്കു വേണ്ടി നടത്തിയ ഈ പ്രവൃത്തിയിൽ കാളിന്ദിക്ക് ഉണ്ടാകാവുന്ന ആത്മരോഷവും സങ്കടവും ബലഭദ്രൻ പരിഗണിക്കുന്നുണ്ട്.
‘‘പാരിന്റെ ദാസിച്ചെറുമിയായ് പ്പോകയാൽ
സൂരജേ നീയെന്തുയർച്ച നേടി!’’
എന്ന് കാളിന്ദിയെ അഭിനന്ദിക്കുന്നു.
കഥാപാത്രങ്ങളിലൂടെ നടത്തുന്ന മനോവ്യാപാരത്തിൽ പുലർത്തുന്ന മനഃശാസ്ത്ര വൈദഗ്ധ്യം അഭിലഷണീയവും ഗുണാത്മകവുമാണ്. മാനവികത കൈവിടാതെ പ്രവർത്തിക്കുന്ന കഥാപാത്രങ്ങളിലൂടെ അത് വൈലോപ്പിള്ളി പ്രകടമാക്കുന്നു.
‘കുടിയൊഴിക്കലി’ലെ നായകനിലും മാനുഷികതയുടെ നറുനിലാവ് ദർശിക്കാം. തൊഴിലാളിവർഗത്തിനുവേണ്ടി, മാഴ്കുന്ന കരളിന്റെ മന്ത്രണമാണ് ‘കുടിയൊഴിക്കൽ’. നവ്യ ലോകവ്യവസ്ഥിതി വാഴാൻ സഹനപർവം പിന്നിടുന്ന ജന്മിയും കവിയുമായ നായകനിലൂടെ തന്റെ മനുഷ്യദർശനം വൈലോപ്പിള്ളി അടയാളപ്പെടുത്തുന്നു.
പതനഭയം
‘‘ആവതെന്തിനി? യ്ക്കേറുകൾ കൊണ്ടെൻ
ദേവഭാവനാ ദർപ്പണം പൊട്ടി’’
1935കളിൽ കേരളത്തിൽ കാർഷിക സമരങ്ങളുടെ അലയൊലി കേൾക്കാൻ തുടങ്ങി. അതിനു ദശാബ്ദങ്ങൾക്കു മുമ്പ് തന്നെ ലോകത്തിന്റെ പലയിടങ്ങളിലും തൊഴിലാളി സമരത്തിന്റെ പടപ്പുറപ്പാട് തുടങ്ങിയിരിക്കുന്നു. കേരളത്തിലത് ജന്മി-കുടിയാൻ വ്യവസ്ഥിതിക്ക് നേരെയുള്ള പ്രക്ഷോഭമായിരുന്നു. ഈ സമയം ബൂർഷ്വാസിയുടെ താഴത്തെ പടിയിൽ നിൽക്കുന്ന ഇടത്തരക്കാരൻ എപ്പോൾ വേണമെങ്കിലും ‘കുടിയറ്റു പോകുന്ന അവസ്ഥയി’ലായിരിക്കുന്നു. അത്തരം സാഹചര്യം മുന്നിൽ കണ്ട ഇടത്തരക്കാരന്റെ പതനഭയത്തിന്റെ കാവ്യാവിഷ്കാരമാണ് ‘കുടിയൊഴിക്കൽ’. ആധുനിക നാഗരികതയെ ചായുന്ന ഗോപുരത്തോടുപമിച്ച വെർജീനിയ വൂൾഫിനെ ചൂണ്ടിക്കൊണ്ടാണ് എം.എൻ. വിജയൻ കുടിയൊഴിക്കലിൽ കവി പ്രദർശിപ്പിക്കുന്ന പതനഭയത്തെ സൂചിപ്പിക്കുന്നത്. തൊഴിലാളിയുടെ ഉയിർത്തെഴുന്നേൽപിൽ ആദ്യം വീണുപോകുന്ന കണ്ണി ഇടത്തരക്കാരനാണെന്ന അറിവ് അവനിൽ പതന ഭയമായ് രൂപപ്പെടുന്നു. ആ ഭയത്തിൽനിന്ന് ഉരുത്തിരിയുന്ന ചാഞ്ചല്യം കുടിയൊഴിക്കലിലെ നായകൻ പ്രദർശിപ്പിക്കുന്നത് കവിതയുടെ രണ്ടാം ഖണ്ഡത്തിൽ കാണാം. മാതൃസഹോദരിമാരെ വീടുകയറി കുത്തുന്ന കടന്നൽ, തരിച്ചു വിറക്കുന്ന ഗേഹഭിത്തി, ആന്തികത്തുന്ന തൂനിലവിളക്ക്... ഇവയെല്ലാം പതനഭയത്തെ സൂചിപ്പിക്കുന്നു. കുറ്റബോധം, സമവായ ശ്രമം, പരാജയം, വിപ്ലവം, വീരവാദം ന്യായീകരണം, മുന്നറിയിപ്പ്... ഇങ്ങനെ നീളുകയാണ് കാവ്യം. ആസന്നമായ പതനം മുന്നിൽ കാണുന്നവന്റെ മാനസിക വിഭ്രാന്തി, രണ്ടു വഞ്ചിയിലും കാലിട്ട് നായകനെ വശക്കേടിലാക്കുന്നു.
‘‘മാനുഷ്യകത്തിന്റെ ഒരു ദശാസന്ധിയിൽ മനനശീലർക്കുണ്ടാകുന്ന പരമോൽക്കണ്ഠയുടെ നിറവുകൊണ്ട് കനപ്പെട്ട കവിത’’ എന്ന് എം. ലീലാവതി ഈ കവിതയെ വിശേഷിപ്പിച്ചിട്ടുണ്ട്. ദാർശനികവ്യഥയും ദാർശനിക പ്രത്യാശയും കവിതയെ ഗൗരവമുള്ള രചനയാക്കുന്നു.
സങ്കൽപവും യാഥാർഥ്യവും
സങ്കൽപത്തോടും യാഥാർഥ്യത്തോടും മാറി മാറി കൂറുപുലർത്തുന്ന മനോഭാവം വൈലോപ്പിള്ളിയിൽ കാണാം.
‘‘തുടുവെള്ളാമ്പൽപ്പൊയ്കയല്ല, ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം’’
എന്ന് റൊമാന്റിസിസത്തോട് വിട പറഞ്ഞും മറ്റൊരിടത്ത് ‘‘ഞാനൊരു സൗന്ദര്യാത്മക കവിമാത്രം’’ എന്ന് കലക്ക് വേണ്ടി വാദിച്ചും പലമാതിരി പ്രത്യക്ഷപ്പെടും.
‘‘എങ്ങനെ രഞ്ജിക്കാനാ-
ണെന്നുടെ സങ്കല്പവും
നിന്നുടെ യാഥാർഥ്യവും’’ (കണ്ണീർപാടം)
കഥാസന്ദർഭത്തിലായാലും കവി സങ്കൽപത്തോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു.
‘ഞാൻ വരില്ല’ എന്ന കവിതയിൽ ഭൂമിയിലെ മുള്ളും ദുഃഖങ്ങളും കളഞ്ഞ് വിണ്ണിലേക്ക് വരാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു. അമ്മയും അച്ഛനുമുള്ള മണ്ണിൽ നിന്നാ മതിയെന്ന് പറയുന്ന കുട്ടി ധ്വന്യാത്മകമായി കാൽപനികതയെ നിരസിക്കുകയാണ് ഈ കവിതയിൽ.
എന്നാൽ, എന്തുകൊണ്ട് ഒരു കവി റിയലിസ്റ്റിക്കായി മാറുന്നു. അതിനുള്ള കാരണങ്ങൾ വെളിപ്പെടുത്തുന്ന കവിതയാണ് ‘കുടിയൊഴിക്കൽ’. കണ്ണുതെറ്റിയാൽ ഭാവനാ ലോകത്തേക്ക് ചേക്കേറുന്ന കവിയെ യാഥാർഥ്യത്തിലേക്ക് വലിച്ചിടുന്നത് സങ്കടങ്ങളുടെ കാഴ്ചകളാണ് എന്നത് ശ്രദ്ധേയം. പഴങ്ങളുടെ മാംസം നുണഞ്ഞ് നാലും കൂട്ടിമുറുക്കി മേളം കൂട്ടി സുഭിക്ഷതയുടെ അരങ്ങിൽ വാഴുകയാണ് കവിയായ ജന്മി. സത്യ സൗന്ദര്യ ഗോപുരം കയറിയ കവി യാഥാർഥ്യത്തിലേക്ക് വീഴുന്നത് കുടിയാന്റെ പെണ്ണിന്റെയും കുട്ടികളുടെയും കരച്ചിൽ കേട്ടാണ്. കാവ്യരീതിയുടെ സന്ദിഗ്ധതക്ക് പ്രേരകമായി വർത്തിക്കുന്ന അഥവാ റിയലിസത്തിലേക്ക് നിർബന്ധിക്കുന്ന സാമൂഹികാവസ്ഥയെ കവി ചൂണ്ടിക്കാട്ടുന്നു. കിനാവിന്റെ പൊട്ടിയ ചില്ലുകൾ നോക്കി സങ്കടപ്പെടുന്ന ജന്മിയെ കന്നിമഞ്ഞ് നീരൂറിയ മണ്ണും പഞ്ഞമറ്റ കുടിയാന്റെ കൂരയും ശാസിക്കുന്നുണ്ട്. എപ്പോഴെപ്പോൾ കവി ഭാവനാ ലോകത്തേക്ക് രക്ഷപ്പെടാൻ നോക്കുന്നോ അപ്പോഴെല്ലാം ജീവിതയാഥാർഥ്യത്തിലേക്ക് ഇറക്കി കൊണ്ടുവരാൻ പ്രേരിപ്പിക്കുന്നത് കവിയിൽ അടിയുറച്ചിരിക്കുന്ന മനുഷ്യസ്നേഹമാണ്.
ആദിശാഖി തൊട്ടുള്ള കോകിലങ്ങളെല്ലാം ഉള്ളിൽ പാടാൻ തുടങ്ങിയ പ്രണയത്തെ വിവരിക്കുമ്പോഴേക്കും
‘‘പെൺ പണത്തിനു മാനത്തെ വിറ്റു
നിൻ വയർ നീ നിറയ്ക്കയോ ബാലേ’’
എന്ന പഴങ്കഥയുടെ നൂറ് തേച്ച് പൊളിക്കുന്നു.
എന്നിട്ടും മാനുഷ മണിവീണയിൽ ആനന്ദത്തിന്റെ കൈവിരൽ ചേർത്ത് ഗാനം തുടരാൻ ശ്രമിക്കുന്നു.
‘‘പാടലേ ദേവ പാതയിൽ പാടി-
പ്പാടിയങ്ങനെ പാറലേ കാമ്യം’’
എന്ന് മോഹം വെളിവാക്കി നിവരുമ്പോൾ
കള്ളകത്താക്കിയ തൊഴിലാളി
‘‘കനിവിന്റെ കണ്ണുനീർ കലരാത്ത കരളിന്റെ
കവിതയിതൊക്കെയും കപടമല്ലേ’’ എന്ന തൊഴിലാളിയുടെ വചനം കേൾക്കുന്നു.
റൊമാന്റിസിസത്തിൽനിന്ന് റിയലിസത്തിലേക്ക് കവിയെ ആനയിക്കുന്നത് മനുഷ്യന്റെ നിത്യജീവിത പ്രശ്നങ്ങളുടെ കാഴ്ചയും അതിലൂടെ സംജാതമാകുന്ന അനുകമ്പയുമാണെന്ന് കുടിയൊഴിക്കലിലെ ഇതിവൃത്താംശത്തിൽതന്നെ കവി ചേർത്തുവെക്കുന്നു.
അന്തഃസംഘർഷത്തിന്റെ അകമഴക്
അന്തഃസംഘർഷത്തിന്റെ അഴകിനാൽ സങ്കീർണമാകുന്ന കൃതിയാണ് ‘കുടിയൊഴിക്കൽ’. വർഗസമരംപോലെ മൂർത്തമായ വിഷയത്തെ ദ്വന്ദ്വവ്യക്തിത്വം പുലർത്തുന്ന നായകനിലിട്ട് അതിസങ്കീർണമാക്കി, കവികൂടിയായ നായകന്റെ ഭാവനയിൽ കാൽപനികമാക്കി എത്രയറിഞ്ഞാലും പിന്നെയും അറിയാനുണ്ടെന്ന തോന്നൽ വായനക്കാരിൽ ഉളവാക്കുന്ന കാവ്യശിൽപമായ് ‘കുടിയൊഴിക്കൽ’ മാറുന്നു. സുഖഭോഗങ്ങളോടുള്ള അഭിനിവേശം, ഫ്യൂഡൽ പാരമ്പര്യം എന്നിവ മുതലാളിത്തത്തോടും, മാനുഷികമൂല്യങ്ങളോടുള്ള ആദരവ് തൊഴിലാളി വർഗത്തോടും ചേർന്നുനിൽക്കാൻ ഇടത്തട്ടുകാരനായ ഭൂവുടമയെ പ്രേരിപ്പിക്കുന്നു. ഉൽകൃഷ്ട മാത്രകൾ ഉമ്മവെക്കുമ്പോൾ ജന്മി പുരോഗമന വാദിയും പ്രവൃത്തിയിൽ യാഥാസ്ഥിതികവാദിയും ആകുന്നു.
‘‘ഈ കാവ്യത്തിന്റെ ആദർശപരമായ സവിശേഷത ഇതൊരു സമ്പൂർണ സത്യം ആവിഷ്കരിക്കാൻ ശ്രമിക്കുന്നു എന്നതത്രെ. എന്താണീ സമ്പൂർണ സത്യം. കവി ഹൃദയത്തിലെ വികാര വൈരുധ്യമാണ്. ഈ വൈരുധ്യ വിപ്ലവത്തിന്റെയോ അതു തകർക്കുവാനുദ്ദേശിക്കുന്ന സാമൂഹ്യ നീതിയുടെയോ നന്മ തിന്മകളിൽനിന്നുണ്ടാകുന്നതു മാത്രമല്ല. അഭിജാതനായ കവിക്ക് തന്റെ ഉയർന്ന സംസ്കാരത്തോടുള്ള പ്രണയവും നിസ്വവർഗത്തോടുള്ള ഹാർദവ സ്നേഹവും തമ്മിലുള്ള പൊരുത്തക്കേടാണ് മർമം. ആത്മാവിലെ ഈ വിരുദ്ധ പ്രവണതകളുടെ സംഘർഷമാണ് ‘കുടിയൊഴിക്കലി’ലെ സംഘർഷം. അതാണ് ഈ കാവ്യത്തിന്റെ ജീവൻ’’ (പ്രഫ. എം.എൻ. വിജയൻ -വൈലോപ്പിള്ളി).
എവിടെയും മാറ്റങ്ങളുടെ കാറ്റ് ആദ്യം ബാധിക്കുക ഇടത്തരക്കാരനെയാണ്. മനസ്സാക്ഷി എല്ലായ്പോഴും നന്മയാണ് ആദ്യം ചിന്തിക്കുക. അതുകൊണ്ട് മാറ്റത്തിന്റെ നാളുകളിൽ ഇടത്തരക്കാരന്റെ മനസ്സാക്ഷി ബാഹ്യ യാഥാർഥ്യങ്ങളോട് തികഞ്ഞ മത്സരത്തിലായിരിക്കും. അങ്ങനെയൊരു സംഘർഷം വ്യക്തിയിൽ തീർക്കുന്ന അസ്വസ്ഥത അപാരമാണ്. ഓരോ ഖണ്ഡത്തിലും മനസ്സാക്ഷിയുടെ മന്ത്രണങ്ങൾ നമുക്ക് വായിച്ചെടുക്കാം.
‘‘നന്നു നന്നു നീ വൻ തറവാടി’’
‘‘ഹാ, വിഷാദ മതേതു വിദൂര
പൂർവജന്മ പുനഃ സ്മൃതിയാവോ!’’
‘‘ചെറ്റയാം വിടൻ ഞാനിനി മേലിൽ
കഷ്ടമെങ്ങനെ കണ്ണാടി നോക്കും...’’
ഇങ്ങനെ പോകുന്നുണ്ടത്. ആത്മസംഘർഷത്തിന്റെ ആ പ്രതിധ്വനികളിൽ ആത്മനിന്ദയും ഭയവും തൽഫലമായ ഭീരുത്വവും തുടിച്ചുനിൽക്കുന്നുണ്ട്. ആരോഗ്യപരമായ സാമൂഹികജീവിതം ഭൂതകാലമർദനത്താൽ നിഷേധിക്കപ്പെടുന്ന സഹതാപാർഹനായി ‘കുടിയൊഴിക്കലി’ലെ ജന്മി മാറുന്നു.
മർത്ത്യ മഹത്ത്വമഹിമ
പാടിയ കവി
‘‘ഉയിരിൻ കൊലക്കുടുക്കാവും കയറിനെ
ഉൗഞ്ഞാലാക്കിത്തീർപ്പാൻ കഴിഞ്ഞതല്ലേ ജയം’’
(ഊഞ്ഞാലിൽ)
മനുഷ്യശേഷിയിലെ വിശ്വാസവും മനുഷ്യവിജയങ്ങളുടെ ആഘോഷവും വൈലോപ്പിള്ളിക്കവിതയിൽ പലേടത്തും പ്രകടമാവുന്നുണ്ട്. പ്രത്യാശയുടെ കാര്യത്തിൽ ഇരട്ടിമധുരം കൈകാര്യംചെയ്യുന്ന കൃതിയാണ് ‘കുടിയൊഴിക്കൽ’. വർഗസമര വിപ്ലവത്തിന്റെ കാവ്യാവിഷ്കാരത്തിനിടയിലും രണ്ടുയിർത്തെഴുന്നേൽപുകളിലൂടെ കവി പ്രതീക്ഷയുടെ സാധ്യത വരച്ചുകാട്ടുന്നു. വിപ്ലവത്തിൽ കാവ്യം അവസാനിക്കാതെ, ‘ചീവീടുകളുടെ പാട്ട്’ എന്ന ഖണ്ഡത്തിലേക്ക് കവിത നീളുന്നു. അടിമത്തത്തിൽനിന്ന് രക്തരൂഷിത വിപ്ലവത്തിലേക്ക് ഉയിർത്തെഴുന്നേറ്റ് നവ്യലോകവ്യവസ്ഥിതി തീർക്കുന്ന കുടിയാൻ, അപരാധബോധവും ആത്മവിശകലനവും വഴി മനോജ്ഞമായ ഒരു ഉയിർത്തെഴുന്നേൽപിന് മാനസികമായി വിധേയമാകുന്ന ജന്മിവർഗം ഇങ്ങനെ രണ്ടിടങ്ങളിലും പ്രതീക്ഷ പൂവിടുന്നുണ്ട്. പരാജിതരായിട്ടും മരണം വരിച്ചിട്ടും പറയേണ്ടതു പറയാൻ ചീവീടുകളായ് ഉയിർത്തെഴുന്നേൽക്കുന്ന ജന്മിവർഗം വിപ്ലവത്തിന്റെ സമ്മോഹനവും കൽപനാ നിർഭരവുമായ തുടർച്ചയാകുന്നു. ഓരോ വിപ്ലവത്തിനു ശേഷവും തോറ്റവനും ജയിച്ചവനും അടങ്ങുന്ന സമൂല ജനത നടത്തേണ്ടുന്ന ഒരു വിശകലന വീക്ഷണത്തിന്റെ ആവശ്യകത ‘ചീവീടുകളുടെ പാട്ടി’ലൂടെ കേൾക്കുന്നു. യുദ്ധകവിതകളധികവും പശ്ചാത്താപത്തിലോ കുമ്പസാരത്തിലോ ഒതുങ്ങുന്ന ഒരു നിർവാണധ്വനിയുണർത്തുന്ന മുന്നനുഭവങ്ങളാണല്ലോ ഉള്ളത്. ഇവിടെ ‘കുടിയൊഴിക്കലി’ന്റെ കവിതാന്ത്യം വ്യത്യസ്തമാകുന്നു.
‘‘മർദക നിണസ്വാദിനെയോർക്കും
കത്തിയാലാത്മഹത്യ ചെയ്യാതെ’’
എന്ന് വിജയികൾക്ക് മുന്നറിയിപ്പു കൊടുക്കുന്നു. ഭൗതിക തൃപ്തിയുടെ മധ്യമേഖലയിൽ മയങ്ങിപ്പോകാതെ സ്നേഹമാർഗത്തിലൂടെ പോകാൻ വിശ്വസംസ്കാരപാലകരായ വിജ്ഞരെ പോലെ ആശംസിച്ചുകൊണ്ടാണ് കവി പിന്മാറുന്നത്.
‘‘സാമൂഹ്യ വ്യവസ്ഥിതിയിലെ ഭവിഷ്യത് പ്രകമ്പനങ്ങളെ മുൻ കണ്ട ക്രാന്തദർശിയായി’’ കുടിയൊഴിക്കലിലെ വൈലോപ്പിള്ളിയെ എം. ലീലാവതി കാണുന്നു (എം. ലീലാവതി -വർണരാജി).
സ്വനാശത്തിനുള്ള വിത്തൊളിപ്പിച്ചുകൊണ്ടാണ് ഓരോ വ്യവസ്ഥിതിയും ജന്മമെടുക്കുന്നത്. ഉൾക്കാഴ്ചയോടെ മുന്നേറിയാൽ അസ്തിത്വം നീട്ടിക്കിട്ടും.
രക്തരൂഷിത വിപ്ലവത്തിലൂടെ കെട്ടറുത്ത് നേടിയ മാർഗം മാറ്റേണ്ടിയിരിക്കുന്നു.
‘‘കേവലം മൺതുരുമ്പിൽ കിടപ്പൂ
ദേവലോകം തുറന്നിടും താക്കോൽ
പൂവിടർത്തും പ്രകൃതി മനുഷ്യ-
പൂർണതയിൽ പുളകമേലട്ടേ!’’
നിസ്വമല്ലാത്ത ശക്തിയും (ദരിദ്രനല്ലാത്ത പുരുഷൻ) സുസ്വതന്ത്രമാം ചാരുതയും (സ്വതന്ത്രയായ സ്ത്രീ) വാഴാൻ
‘‘ഉച്ചനീചത്വമ,റ്റഭിമാന-
മുച്ഛ്വസിക്കുമുരുക്കു മനുഷ്യർ’’
സംഘടിക്കണമെന്നും എന്നാൽ സാമൂഹിക മാറ്റങ്ങൾക്ക് മർത്ത്യമഹിമ കൊണ്ടാടുന്ന പാതയായിരിക്കണം തിരഞ്ഞെടുക്കേണ്ടത് എന്നും ഉദ്ഘോഷിക്കുന്ന കാവ്യമാണ് ‘കുടിയൊഴിക്കൽ’.
‘‘തെറ്റുകൾ തിരുത്തുവാൻ നീതിയെപ്പുലർത്താനും
മറ്റൊരു വഴിയെന്തേ മാനുഷർ കണ്ടെത്താഞ്ഞൂ’’
(വിഭീഷണൻ -ബാലാമണിയമ്മ)
എന്ന് ബാലാമണിയമ്മയിലെ മനുഷ്യസ്നേഹി വിലപിക്കുന്നുണ്ട്. എന്നാൽ, മറ്റൊരു വഴി ‘‘സ്നേഹസുന്ദര പാത’’ വൈലോപ്പിള്ളിയിലെ മനുഷ്യസ്നേഹി ചൂണ്ടിക്കാട്ടിക്കൊടുക്കുന്നു. അറ്റമില്ലാത്ത മനുഷ്യസ്നേഹമായിരിക്കണം എല്ലാ മാറ്റങ്ങൾക്കും അടിസ്ഥാനമെന്ന് ‘കുടിയൊഴിക്കലി’ലെ കവി പറഞ്ഞുവെക്കുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.