ശാസ്ത്രബോധവും പരിസ്ഥിതി ആഭിമുഖ്യവും ഉള്ള കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്. കേരളത്തിന്റെ പ്രകൃതിയുടെ സൗന്ദര്യവും ശക്തിയും പരാധീനതകളും പല പ്രകാരത്തില്‍ വൈലോപ്പിള്ളിയുടെ കാവ്യസംസ്കാരത്തെ തഴുകിയുണര്ത്തുന്നുണ്ട്. മനുഷ്യപ്രകൃതിയും മനുഷ്യേതര പ്രകൃതിയും തമ്മിലുള്ള താരതമ്യം വൈലോപ്പിള്ളിക്കവിതകളില്‍ സാധ്യമാണ്. അതേസമയം, മനുഷ്യപ്രകൃതിയുടെ വിജയം അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യുന്ന സിദ്ധി അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് പറയേണ്ടിവരും. പരിസ്ഥിതിയെയും പ്രകൃതിയെയും മനുഷ്യന് ദുരുപയോഗം ചെയ്യുന്നതിലുള്ള അമര്‍ഷവും നിസ്സഹായതയുമാണ് പ്രശസ്തമായ 'സഹ്യന്റെ മകന്' എന്ന കവിതയില്‍ കാണുന്നതെങ്കില്‍ പ്രകൃതിവിഭവങ്ങളെ മനുഷ്യരാശിക്കുവേണ്ടി പ്രയോജനപ്പെടുത്തുന്നതില്‍ തെറ്റില്ല എന്ന ചിന്തയാണ് 'ജലസേചനം' എന്ന കവിതക്ക് ആധാരം. വൈലോപ്പിള്ളിയുടെ 'കുടിയൊഴിക്കല്‍', 'കണ്ണീര്‍പ്പാടം' തുടങ്ങിയ രചനകള്‍ ഏറെ ചര്‍ച്ചക്കും പഠനത്തിനും വിധേയമായപ്പോള്‍ അത്രയൊന്നും ചര്‍ച്ച ചെയ്യാതെ പോയ കവിതയാണ് 'ജലസേചനം'. ഇതിലാകട്ടെ കവിയുടെ പാരിസ്ഥിതികവാദം പുതിയൊരു അർഥത്തില്‍ തെളിഞ്ഞുനില്ക്കുകയും ചെയ്യുന്നു.
പുരാണത്തില്നിന്നൊരു കവിത
പുരാണ കഥാസന്ദര്‍ഭം ഉപയോഗപ്പെടുത്തിയാണ് വൈലോപ്പിള്ളി 'ജലസേചനം' എന്ന കവിത ആവിഷ്കരിക്കുന്നത്. വൃന്ദാവനത്തിലെ ശക്തമായ വരള്‍ച്ച. ദ്വാരകയില്നിന്നെത്തിയ ബലരാമനോട് യാദവന്മാര് തങ്ങളുടെ സങ്കടാവസ്ഥ വിവരിക്കുകയാണ്.
''കണ്ടിതോ ഭദ്ര, വരണ്ടുപോയി മന്നിടം-
കണ്ണുനീര് മാത്രമേ ബാക്കിയുള്ളൂ.
കൊല്ലുന്ന ചൂടിനാല്‍ മാമരം വേവുന്നു,
പുല്ലിന്റെ കാരിയം എന്തു ചൊല്വൂ?''
ശക്തമായ ചൂടുകൊണ്ട് മരങ്ങള്‍പോലും വേവുകയാണ്. അപ്പോള്‍ പിന്നെ പുല്ലിന്റെ കാര്യം പറയാനില്ല. യാദവന്മാര് പശുപാലകരാണ്. പശുക്കളുടെ വിഹാരരംഗമാണ് യമുനാതീരം. അതുകൊണ്ടുതന്നെ പുല്ലിന്റെ കാര്യം പരാമര്‍ശിക്കാതെ വയ്യ. ഗോവര്‍ധന പര്‍വതത്തിന്റെ താഴ്വരപോലും ഗോവര്‍ഗ നൈരാശ്യ ഗര്‍ത്തമായി മാറിയിരിക്കുകയാണ്. ഇന്ദ്രന് ശക്തമായ മഴ പെയ്യിച്ചപ്പോള്‍ ശ്രീകൃഷ്ണന് ഗോവര്‍ധന പർവതത്തെ കുടയാക്കി മാറ്റിയത് പുരാണത്തിലെ മറ്റൊരു സന്ദര്‍ഭമാണ്. അങ്ങനെ ഇന്ദ്രന് പരാജിതനായി. ഇതിന്റെ പ്രതികാരമായാണ് വരള്‍ച്ചയിലൂടെ വൃന്ദാവനത്തെ പൊള്ളിക്കുന്നത്. വൃന്ദാവനത്തിന്റെ അവസ്ഥ ഇങ്ങനെ വിവരിക്കപ്പെടുകയാണ്:
''ഉച്ചക്ക് പാടത്തു മാറ്റൊലിക്കൊള്ളുന്നു
കൊച്ചു കുരുവി തന് പാരവശ്യം
വത്സനും പാലില്ലാതോതുന്നു ധേനുക്കള്
ദുസ്സഹമമംബേയെന്നാവലാതി.''
ഇങ്ങനെ വരള്‍ച്ചയുടെ ദുരിതചിത്രം വൃന്ദാവന നിവാസികള്‍ ബലരാമന്റെ മുന്നില്‍ വരച്ചിടുകയാണ്.
ഈ വരള്‍ച്ചയില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എന്താണ് മാര്‍ഗം?
''വൃന്ദാവനത്തിലിരുന്നു ഹലായുധന്
ചിന്താഭികൃഷ്ടമാം ചിത്തമോടെ,
തന് മനോരാജ്യത്തിലെങ്ങുമേ കണ്ടീല
നന്മരുന്നൂഴിയെ പുഷ്ടയാക്കാന്.''
എന്നാല്‍, ഇളംകള്ളിന്റെ മധുരവും ലഹരിയും ഉള്ളില്‍ ചെന്നപ്പോള്‍ ബലരാമന് ചില ആശയങ്ങള്‍ മുളപൊട്ടുന്നതായി തോന്നി. തൊട്ടടുത്തുകൂടി ജലസമൃദ്ധമായി ഒഴുകുന്ന കാളിന്ദിയുടെ സഹായം തേടാന്‍ തീരുമാനിക്കുന്നു.
''നീയൊന്നു നോക്കൂ കളിന്ദജേ, ചോരയും
നീരും വലിഞ്ഞൊരീ ഗോകുലത്തെ,
സങ്കടം കാണ്കിലും കാണാതെ പോകയോ
മംഗലേ നീയൊരു മങ്കയല്ലേ?''
ഇങ്ങനെ മര്‍മം നോക്കിയാണ് ബലരാമന്റെ പ്രയോഗം. കാരുണ്യശാലിനിയും ഭൂലോകസേവിനിയുമായ കാളിന്ദിയെ കഴിയുന്നത്ര പ്രചോദിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
''വൃന്ദാവനക്കരിംകൂവള മാലികേ,
തന്നാലും നിന് ദാനതൂമരന്ദം''
എന്നിങ്ങനെ വിനീതവും കാര്യമാത്രപ്രസക്തവുമാണ് ആ പരിദേവനം.
എന്നാല്‍, ഇതൊന്നും കാളിന്ദിയുടെ മനസ്സിനെ ഇളക്കിയില്ല.
''ഗണ്യമാക്കീല കളിന്ദമഹര്‍ഷിതന്‍
കന്യയിക്കള്ളിന് തികട്ടലുകള്‍
കാറ്റിനാല്‍ കുന്ദളം ചീകിചിരിച്ചങ്ങു
കാട്ടിലെ സുന്ദരി പാഞ്ഞുപോയാള്.''
ഇത് സ്വാഭാവിക പ്രതികരണമാണ്. ബലരാമന് കള്ളിന്റെ പുറത്ത് പറയുന്ന വാക്കുകള്‍ മുഖവിലയ്ക്കെടുക്കേണ്ട ബാധ്യത കാളിന്ദിക്കില്ല. ചുറ്റുമുള്ളവരുടെ ജീവിതക്ലേശം എന്തുതന്നെയായാലും തന്നെ ബാധിക്കാത്ത വിഷയമായതിനാല്‍ ഇടപെടുകയോ ഉപകാരംചെയ്യുകയോ വേണ്ടെന്ന നിലപാട് സമ്പന്നവര്ഗത്തിന്റേതാണ്. ഇവിടെ പ്രകൃതിയും അക്കൂട്ടത്തില്‍പെടുന്നു. വെള്ളത്തിന്റെ നൈസര്‍ഗികമായ കേന്ദ്രമാണ് നദി. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇവിടെ കാളിന്ദി കേവലം ഒരു നദിയല്ല. സമ്പത്ത് കൂട്ടിവെച്ചിരിക്കുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്. പാഞ്ഞുപോകുന്ന കാളിന്ദിയില്‍ ധാര്‍ഷ്ട്യത്തിന്റെ അംശം ഏറിയ തോതില്‍ കാണാന്‍ സാധിക്കുന്നുമുണ്ട്. മനുഷ്യകുലത്തിന് ഉപയോഗപ്പെടാതെ പോകുന്ന പ്രകൃതിസ്രോതസ്സിനെ ഉപയോഗപ്പെടുത്താനുള്ള ധീരമായ ശ്രമമാണ് ബലരാമന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്.
കാളിന്ദിയുടെ ഉപേക്ഷാമനോഭാവം ബലരാമനെ സ്വാഭാവികമായും പ്രകോപിതനാക്കി.
''തന്കരഗ്രസ്തമാം വന്കരി തോളത്തു
കണ്‍കളില്‍ ക്രോധത്തില്‍ ചെമ്പരുത്തി,
നിഷ്ഠനായാവിധം യാദവന്, വാശിയാല്‍
ച്ചുട്ടുപഴുത്തെഴും വീര്യമോടെ.''
ബലരാമന്റെ വാക്കുകള്‍ പിന്നീട് മേഘഗര്‍ജനംപോലെ അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്. കാളിന്ദിയെ ഗുണദോഷിക്കാനാണ് ശ്രമം.
''നീറിടുമുര്വ്വിതന് ജീവനം കൊണ്ടുപോയി
നീ വെറുമുപ്പില് കലക്കുമെന്നോ''
എന്ന ചോദ്യത്തോടെ തന്റെ കലപ്പകൊണ്ട് കാളിന്ദിയെ വലിച്ചിഴക്കുകയാണ്. അതൊരു ബലപ്രയോഗമാണ്. എങ്കിലും നാടിന്റെ വികസനത്തിന് ഇത്തരം ചില അതിക്രമങ്ങള്‍ വേണ്ടിവരും എന്നാണ് പറയുന്നത്.
''തന്ഗതി മുട്ടിയുഴന്നുപോയ് കാളിന്ദി
യങ്കുശമേറ്റ കരിണിപോലെ''
എന്ന പ്രയോഗവും ശ്രദ്ധേയമാണ്. തോട്ടികൊണ്ട് പിടിക്കപ്പെട്ട പിടിയാനയായി കാളിന്ദി മാറി. ഈ മാറ്റത്തിന്റെ സാധൂകരണം കവി നേരത്തേ പറഞ്ഞിട്ടുണ്ട്.
''സുരന് ധൂമമായി വാഴ്വതെക്കാട്ടിലും
പാരിന് പങ്കമായി പോക നല്ലൂ!''
അങ്ങനെ ഒരു പ്രക്രിയക്കാണ് ബലരാമന് ശ്രമിച്ചത്. അങ്ങനെ വിനീതവിധേയയായി കാളിന്ദി ബലരാമന്റെ കലപ്പചാലിലൂടെ ചെറിയൊരു നീരൊഴുക്കായി വരുകയാണ്. ബലരാമന് കാളിന്ദിയെ കുറ്റവിചാരണ നടത്തുകയാണ്.
പിന്നീട് പ്രകൃതിയിലും പരിസരത്തും ഉണ്ടാവുന്ന മാറ്റങ്ങള്‍ വിശദമാക്കുകയാണ് കവി. കാളിന്ദി ഇവിടെ കീഴടങ്ങിയോ എന്ന് സംശയിക്കേണ്ട. ഈ തോല്‍വി വലിയൊരു ജയത്തിന്റെ നാന്ദിയായാണ് വിലയിരുത്തപ്പെടുന്നത്.
''പാരിന്റെ ദാസിച്ചെറുമിയായ്പ്പോകയാല്
സൂരജേ നീയെന്തുയര്ച്ച നേടി!''
എന്നാണ് കവിയുടെ ആശംസ.
അടിസ്ഥാനവര്‍ഗത്തിന്റെ പ്രതിനിധിയായി കാളിന്ദി മാറ്റപ്പെടുകയാണ്. അങ്ങനെയുള്ള കാളിന്ദി ദാസിച്ചെറുമിയായി പരിണമിച്ചു എന്നാണ് കണ്ടെത്തല്‍. ചീത്തകള്‍ കൊത്തി വലിച്ചു പരിസരം വൃത്തിയാക്കുന്ന കാക്കയെ നീലപുലക്കള്ളിയായി വൈലോപ്പിള്ളി ചിത്രീകരിച്ചതും ഇവിടെ ഓര്‍ക്കാവുന്നതാണ്. സമ്പന്നവര്ഗത്തില്നിന്ന് നിസ്വജീവിതത്തിലേക്കുള്ള തിരിച്ചൊഴുക്കാണ് കാളിന്ദിയുടെ പുതിയ അവസ്ഥ കാണിച്ചുതരുന്നത്.
അങ്ങനെ കാളിന്ദിയെ ചൊൽപടിക്ക് നിര്‍ത്തുകയാണ് ബലരാമന്.
''ആമട്ടു ശൂരയാം സൂരജഗോവിനെ
രാമന് കറന്നു കൊടുന്തൊഴുത്തില്...''
ഇവിടെ പ്രകൃതിയെ വരുതിയിലാക്കുന്ന മനുഷ്യനെയാണ് ബലരാമനിലൂടെ കാണാന്‍ സാധിക്കുന്നത്. പ്രകൃതിയിലെ വിഭവങ്ങള്‍ ധാരാളമാണ്. സമ്പത്തിന്റെ വെള്ളപ്പട്ടു കിടക്ക സ്വന്തമാക്കിവെച്ച കാളിന്ദിയെയാണ് നിസ്വവര്‍ഗത്തിന്റെ ഇടയിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നത്. പ്രകൃതിയെ മിതമായ വിധത്തില്‍ ചൂഷണം ചെയ്യാമെന്നാണ് കവി നല്കുന്ന സന്ദേശം. പ്രകൃതിയെ മനുഷ്യന് സ്വന്തം വഴിക്ക് കൊണ്ടുവരുന്നതിന്റെ ദൃശ്യമാണ് കാളിന്ദി ബലരാമന്റെ കലപ്പ ചാലിലൂടെ ഒഴുകുമ്പോള്‍ തെളിഞ്ഞു കാണുന്നത്. ഇത്തരം പ്രവൃത്തികള്‍ ഭൂമിക്ക് ദോഷം ചെയ്യില്ലേ എന്ന ചോദ്യം ഉയരുന്നുണ്ട്. അത് നേരത്തേമുതലുള്ള ചോദ്യമാണ്. അതിനുള്ള ഉത്തരവും ഇവിടെയുണ്ട്.
''ആ ഹലാഘാതം സഹിച്ചു ധരിത്രിയാള്
ആസന്ന സല്‍ഫല ഭാവനയാല്‍...''
ഭാവിയില്‍ ഉണ്ടാവാനിടയുള്ള സല്ഫലത്തിനുവേണ്ടി ഈ ചെറിയ ആഘാതം താങ്ങാന്‍ ഭൂമി തയാറാവുകയാണ്. ഇങ്ങനെ ചില പ്രത്യാഘാതങ്ങള്‍ ഏതൊരു വിജയത്തിന് പിന്നിലും ഉണ്ടാവും എന്നാണ് കവി പറയുന്നത്. ഇങ്ങനെ പ്രകൃതിയും പരിസ്ഥിതിയും മനുഷ്യനും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാവുകയാണ്. ഈ മൂന്നു ഘടകങ്ങളും ഒരേ പാതയിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം തെളിഞ്ഞുവരുന്നു.
ബലരാമന് വെട്ടിയ ചാലിന്റെ വക്കത്തുള്ള മണ്‍കട്ടകള്‍ ദാഹം പൊറുക്കാനാവാതെ വെള്ളത്തിലേക്ക് ഉരുണ്ടുവീണു. അത് ഇങ്ങനെ വര്‍ണിക്കുന്നു:
''ദാഹം കെടുത്തുവാന്‍ മോഹം പൊറുക്കാതെ
യാഹന്ത ചാല്വക്കില് മണ്‍കട്ടകള്‍
നീറ്റിലിടിഞ്ഞു കുതിര്‍ന്നു കുമിളയായി
നീട്ടിയ നിശ്വാസത്തോടുംകൂടെ.''
ഇവിടെ കവിയുടെ ശാസ്ത്രബോധം കാണാം. വരണ്ടുകിടക്കുന്ന പാടത്തെ മണ്കട്ടകള്ക്കുള്ളില് വായുവിന്റെ അറകള്‍ ഉണ്ടാവും. വെള്ളത്തില്‍ വീഴുമ്പോള്‍ വായു കുമിളകളായി പുറത്തേക്ക് വരുകയാണ്. അതിനെ ആശ്വാസത്തിന്റെ നിശ്വാസമായി പരിവര്‍ത്തിപ്പിക്കുകയാണ് കവി.
ഊഷരതയില്‍നിന്ന് ഉർവരതയിലേക്ക്
പിന്നീട് യമുനാതീരത്തെ ആഘോഷഹര്ഷമാണ് നാം കാണുന്നത്. ഊഷരതയില്‍നിന്ന് ഉർവരതയിലേക്കുള്ള മാറ്റം പെട്ടെന്ന് സംഭവിക്കുന്നു.
''വെട്ടിയ വെട്ടിനാല് കാളിന്ദിയാറ്റിന്‍
പൊട്ടിയ ശാഖോപശാഖ തോറും
പച്ചപിടിച്ചു തഴച്ചിതു പുഞ്ചകള്‍,
പുല്‍ച്ചെടി മേടുകള്‍ പൂവനങ്ങള്‍...''
വീര്‍ത്ത അകിടുമായി പശുക്കള്‍ യമുനയെ നോക്കി അയവെട്ടി കിടക്കുന്ന കാഴ്ച. പൊരുതി നേടിയ ഒന്നിന്റെ ആശ്വാസം നിറഞ്ഞ വിശ്രമം ഇവിടെ സംഭവിക്കുകയാണ്. എന്നാല്‍ ഈ ആഘോഷതിമര്‍പ്പ് അതിരുകവിയുന്നതും കാണാന്‍ സാധിക്കുന്നുണ്ട്.
''അമ്മാനമാടി പഴങ്ങളാലമ്പാടി-
തെമ്മാടിക്കുട്ടികള്‍ വാടിതോറും.''
ഇവിടെ സമരത്തിന് നേതൃത്വം നല്‍കിയത് ബലരാമനാണെങ്കിലും അദ്ദേഹം തനിച്ചായിരുന്നില്ല. കര്‍ഷകര്‍ മുഴുവന്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നിരിക്കണം. അതുകൊണ്ടാണ് വെള്ളം എമ്പാടും ഒഴുകിയെത്തിയപ്പോള്‍ ആഘോഷപ്രഹര്ഷം അണപൊട്ടിയത്.
ആദ്യത്തെ കര്‍ഷകരാജാവായി ബലരാമന് വാഴിക്കപ്പെട്ടു എന്നാണ് കവിതയുടെ അന്ത്യത്തില്‍ പറയുന്നത്. പാര്ത്തട്ടിന് നന്മക്കായി സീരമാര്ന്നോന് എന്ന വിശേഷണവും ബലരാമന് സ്വന്തമാകുന്നു.
കാളിന്ദിയുടെ കരയില്‍ നില്ക്കുമ്പോള് നമുക്ക് ഓര്മ വരുന്ന മറ്റൊരു ചിത്രമുണ്ട്. അത് കാളീയമർദനത്തിന്റെ സന്ദര്‍ഭമാണ്. കൃഷ്ണനാണ് അതിലെ നായകന്. എന്നാല്‍ വൈലോപ്പിള്ളി കൃഷ്ണന് പകരം ബലരാമനെ നായകനാക്കിയിരിക്കുന്നു. ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതീകമായി ബലരാമന് മാറുകയാണ്. ഭരണാധികാരിയുടെയും രാഷ്ട്രീയനേതാവിന്റെയും ശരീരഭാഷ ബലരാമനില് സമ്മേളിച്ചിരിക്കുന്നു. വൃന്ദാവനത്തിലെ ജനങ്ങള്‍ക്കുവേണ്ടി കൃഷ്ണന് നടത്തിയ ചില ശ്രമങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.
ഗോവര്‍ധന പർവതം എടുത്തുയര്‍ത്തിയ കൃഷ്ണന്റെ താരപരിവേഷത്തിന് പകരം ബലരാമന്റെ തികച്ചും സാധാരണ പ്രവൃത്തിയാണ് ഇവിടെ സംഭവമായി മാറുന്നത്.
''ഗോവർധനാദ്രിതന് താഴ് വര കൂടിയും
ഗോവര്‍ഗ നൈരാശ്യ ഗര്‍ത്തമായി.''
ഈ നിരാശയില്‍നിന്ന് ജനങ്ങള്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രവൃത്തിയാണ് ബലരാമന് ചെയ്യുന്നത്. അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഒരു നേതാവിന് വേണ്ട എല്ലാ ലക്ഷണങ്ങളും ബലരാമനില് പ്രവര്‍ത്തിക്കുന്നു.
ജനങ്ങളുടെ വാക്കുകള്‍ ശ്രദ്ധയോടെ വികാരവായ്പോടെയാണ് ബലരാമന് കേള്‍ക്കുന്നത്.
''ആശ്രിതവത്സലന് മാധവസോദര-
നാര്ദ്രത പൂണ്ടിതു കേട്ടുനില്ക്കേ
ഫാലത്തില്‍ ചൂട്ടെഴും കാലിക്കിടാവു തല്‍-
പാലൊത്ത തൃക്കരം നക്കിനിന്നു.''
യാദവവിഭാഗവുമായി ഇഴുകിച്ചേര്‍ന്ന് നില്ക്കുന്ന നേതാവാണ് ബലരാമന്. എന്നാല്‍ ബലരാമനില് ദൈവിക പരിവേഷം ഒട്ടുമില്ല എന്നാണ് മനസ്സിലാക്കേണ്ട വസ്തുത. മാനുഷികഭാവങ്ങളും ചിന്തകളും വികാരങ്ങളുമാണ് മുന്നിട്ടുനില്‍ക്കുന്നത്.
അതുകൊണ്ടുതന്നെ അത്ഭുതങ്ങളൊന്നും ബലരാമന് കാണിക്കുന്നില്ല. തികച്ചും മനുഷ്യസഹജമായ പ്രവൃത്തികള്‍ മാത്രം. കള്ള് കുടിക്കുന്നതും ആ ലഹരിയില്‍ ആശയങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതും ജനകീയതയുടെ ഭാഗമാണ്. അനീതിയോടുള്ള പ്രതികരണമാണ് ബലരാമന്റെ കണ്ണുകളില്‍ ക്രോധത്തിന്റെയും ധാര്മികരോഷത്തിന്റെയും ചെമ്പരത്തി പൂവായി വിരിയുന്നത്.
എങ്ങനെയുള്ള രാജാവ് അഥവാ ഭരണാധികാരിയാണ് നമുക്ക് വേണ്ടത് എന്ന രാഷ്ട്രീയം ഈ കവിത ചര്‍ച്ചചെയ്യുന്നു. ശ്രീകൃഷ്ണനെ പറ്റിയും അദ്ദേഹത്തിന്റെ രാഷ്ട്രീയ നീക്കങ്ങളെപ്പറ്റിയും യുദ്ധതന്ത്രങ്ങളെ സംബന്ധിച്ചും മഹാഭാരതത്തിലും മറ്റും ധാരാളം ഉദാഹരണങ്ങളുണ്ട്. തികഞ്ഞ തന്ത്രശാലിയാണ് കൃഷ്ണന്. ബലരാമനാകട്ടെ പ്രായോഗികവാദിയും ജനകീയനുമാണ്. കാളിന്ദിയെ ഒരു ജലസ്രോതസ്സായി മാത്രം കാണാന്‍ ബലരാമന് സാധിക്കുന്നു. നദിയുടെ ദൈവിക പരിവേഷം ഇവിടെ പ്രസക്തമല്ല. നദിയിലെ വെള്ളം ആര്‍ക്കും ഉപകാരപ്പെടാതെ പോവരുത് എന്ന ചിന്തയാണ് കവിതയുടെ ഉൗർജമായി മാറുന്നത്. ഇത് ബലരാമന് എന്ന ഭരണാധികാരിയുടെ രാഷ്ട്രീയമായ പ്രായോഗികതയുടെ ലക്ഷണമായി മാറുന്നു. ഇത്തരം മേന്മയുള്ള ഭരണാധികാരികള്‍ ഇനിയും ഉണ്ടാവട്ടെ എന്നാണ് കവിയുടെ ആശംസ.
അണക്കെട്ടുകള്‍ രാജ്യത്തിന്റെ കാര്‍ഷികാഭിവൃദ്ധിയുടെ ചാലകശക്തിയായി മാറിയത് ഇന്ത്യയുടെ ചരിത്രമാണ്. ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മാണത്തിലേക്ക് നയിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ ശാസ്ത്രീയ സോഷ്യലിസം എന്ന ദര്ശനവ്യവസ്ഥ തീര്‍ച്ചയായും ഇവിടെ ഓര്‍ക്കേണ്ടതാണ്. പഞ്ചവത്സര പദ്ധതിയും അണക്കെട്ടുകളുടെ നിര്‍മാണവും അന്നത്തെ വികസന മാതൃകകളായിരുന്നു. ഈ ചിന്താധാരക്ക് പിന്തുണ നല്കുന്ന ഒരു മനസ്സ് വൈലോപ്പിള്ളിയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് കാളിന്ദിതടത്തില് വെള്ളമെത്തിച്ച സാഹസികത 'ജലസേചനം' എന്ന കവിതയായി അദ്ദേഹം മാറ്റുന്നത്. വരള്‍ച്ചയെ നേരിടാനുള്ള ഉപായം ജലത്തെ ശാസ്ത്രീയമായ രീതിയില്‍ സംഭരിച്ചുവെക്കുകയാണെന്ന് കവി അറിഞ്ഞിട്ടുണ്ട്. ഈ ആശയത്തെ പുരാണ കഥാസന്ദര്‍ഭവുമായി വിളക്കി ചേർക്കുകയാണ് വൈലോപ്പിള്ളി 'ജലസേചന'ത്തില്‍.
മനുഷ്യന്റെ വിജയം
പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്ത് ജനജീവിതത്തെ ദുസ്സഹമാക്കുന്ന സാമൂഹികാന്തരീക്ഷത്തെപ്പറ്റി വൈലോപ്പിള്ളി പാടിയിട്ടുണ്ട്. പ്രശസ്തമായ 'സഹ്യന്റെ മകനി'ല്‍ ഇതു കാണാം. കാനനങ്ങളില്‍ സ്വൈരവിഹാരം നടത്തുന്ന ആനയെ ഉത്സവത്തിന് എഴുന്നള്ളിക്കുന്ന കാഴ്ചവസ്തുവായി മാറ്റുന്നതിന്റെ ദുരന്തം മാത്രമല്ല, ഇന്നും ചര്‍ച്ചയാവുന്ന പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവിഷയം കൂടിയാണ് സഹ്യന്റെ മകന്. 'കന്നിക്കൊയ്ത്ത്' എന്ന സമാഹാരത്തിലാണ് ആ കവിത. അതില്‍നിന്ന് ഭിന്നമായി പ്രകൃതിയെ മനുഷ്യന് ആവശ്യമായ തോതില്‍ ഉപയോഗപ്പെടുത്താം എന്ന പ്രായോഗികവാദത്തിലേക്കാണ് 'ജലസേചന'ത്തില്‍ കവി ഇറങ്ങിവരുന്നത്. യാഥാർഥ്യബോധത്തിന്റെ തിരിച്ചറിവും ഇവിടെയുണ്ട്. ഇത്തരത്തില്‍ കര്‍ഷകരുടെ മിത്രമായി മാറുന്ന ഞാഞ്ഞൂൽപുറ്റുകളെപ്പറ്റി സര്‍പ്പക്കാട് എന്ന കവിതയിലും പറയുന്നുണ്ട്. വീടിനോട് ചേര്‍ന്നുള്ള സര്‍പ്പക്കാട് ഭീതിയുടെയും ദുരൂഹതയുടെയും കേന്ദ്രമായിരുന്നു. എന്നാല്‍ പിന്നീട് അതെല്ലാം വെട്ടിവെളുപ്പിച്ചു. ഇപ്പോള്‍ മുറ്റത്ത് ഞാഞ്ഞൂൽപുറ്റുകള് കാണാം. അവയാകട്ടെ കര്‍ഷകന്റെ മിത്രങ്ങളാണ്. പാമ്പുകള്‍ കുടിപാര്‍ത്തിരുന്ന മണ്പുറ്റുകള്ക്ക് പകരം ഞാഞ്ഞൂൽപുറ്റുകള് കര്‍ഷക ബന്ധുത്വത്തിന്റെ പുതിയ കഥ പറയുകയാണ്.
''ഒട്ടും പേടിക്കേണ്ടെന്‍ മകനേ,
മണ്ണറ പൂകിയ ഞാഞ്ഞൂലുകള് തന്
പുറ്റുകളാണിവയല്ലോ നമ്മുടെ
പുതിയ യുഗത്തിലെ നാഗത്താന്മാര്'' (സര്‍പ്പക്കാട്).
പ്രകൃതിയുമായുള്ള സഹവര്‍ത്തിത്വം ഉറപ്പിക്കുകയാണിവിടെ. 'മലതുരക്കല്‍' എന്ന കവിതയിലും പ്രകൃതിയുടെ കടുത്ത ഭിത്തികളെ തുരന്നു മുന്നോട്ടുപോകുന്ന മനുഷ്യപ്രകൃതിയുടെ വിജയം കാണാം. മലതുരക്കല്‍ കഠിനപ്രയത്നം ആവശ്യപ്പെടുന്നതാണ്. നിരാശയും നിഷ്ഫലബോധവും ഇവിടെ വഴിമുടക്കും. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ മലതുരക്കല്‍, മാല കോര്‍ക്കുന്നതുപോലെ എളുപ്പമായിത്തീരുന്നു. മലയുടെ മറുപുറത്തുനിന്ന് അച്ഛന് മകന്റെ ശബ്ദം കേൾക്കുകയാണ്. മലയുടെ ഭിത്തി അത്രമാത്രം നേര്‍ത്തതായി മാറി. മനുഷ്യന്റെ ഇച്ഛാശക്തിയിലുള്ള വിശ്വാസപ്രഖ്യാപനമായി കവിത മാറുകയാണ്. ഇപ്രകാരം ജലസേചനം വഴി തലപ്പ് നീട്ടിയ പല കവിതകളും വൈലോപ്പിള്ളിയുടെ കാവ്യഭൂമികയില്‍ കാണാന്‍ കഴിയും. സംഘര്‍ഷത്തിന്റെയും സംവാദത്തിന്റെയും കവിതയായി വൈലോപ്പിള്ളി ഇന്നും വായിക്കപ്പെടുന്നുണ്ട്. ഭരണകൂടത്തിന്റെ കോര്‍പറേറ്റ് വാഴ്ചക്കെതിരെ ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ പട നയിക്കുന്ന ഇക്കാലത്ത് ബലരാമന്റെ ജൈത്രയാത്രക്ക് പ്രസക്തിയും പ്രാധാന്യവും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.