ഞാറക്കടവിലൊരു മഠത്തിനായി വന്നകാലം മുതൽ മാമ്പള്ളിയച്ചൻ ശ്രമിക്കുന്നതാണ്. സ്വത്തിന്റെ പേരിലുള്ള തർക്കങ്ങളായിരുന്നു കോൺവെന്റ് പണിയുന്നതിനുള്ള തടസ്സം. പള്ളിവക സ്ഥലത്ത് മഠം പണിയാൻ സമ്മതമായിരുന്നെങ്കിലും ഭൂമിയുടെ അവകാശം തീറെഴുതാൻ അരമന തയാറല്ല. സിസ്റ്റേഴ്സിനാകട്ടെ മഠത്തിനായി അനുവദിക്കുന്ന സ്ഥലം അവരുടെ പേരിലാക്കണമെന്ന വാശിയും.
ചിത്രീകരണം: കന്നി എം
49
അൾത്താര ഒരുക്കാറുള്ള കൊച്ചുസിസ്റ്ററിന്റെ ചതഞ്ഞരഞ്ഞുപോയ മുഖം മറയ്ക്കാൻ പാടുപെട്ട് ശവപ്പെട്ടിയിലെ പൂക്കൾ വിറങ്ങലിച്ചു നിന്നു. മഞ്ചം അലങ്കരിക്കുന്ന കന്യാസ്ത്രീകളുടെ കണ്ണ് നിറയുന്നത് മാമ്പള്ളിയച്ചൻ കണ്ടു. സ്വർഗത്തിലേക്ക് ഒരാളെ യാത്രയാക്കുന്ന ചടങ്ങാണ്. കരയുന്നവരുടെ കൂടെ നിർവികാരനായി നിന്ന് പ്രാർഥന ചൊല്ലാനുള്ള തന്റെ നിയോഗത്തെക്കുറിച്ച് ഓർത്ത് ജീവിതത്തിലാദ്യമായി അച്ചനൊരു മടുപ്പ് തോന്നി.
ഒപ്പീസു ചൊല്ലുമ്പോൾ സ്വരമിടറി. ലോറിയിടിച്ചെന്ന് കേട്ടപ്പോഴും കർത്താവ് അതിനെ രക്ഷിക്കുമെന്നായിരുന്നു അച്ചന്റെ പ്രതീക്ഷ.
അടക്കംകഴിഞ്ഞ് അമ്പനാപുരത്തുനിന്നും ബസിനു മടങ്ങുമ്പോൾ അച്ചൻ ഒന്നുംമിണ്ടാതെ പുറംകാഴ്ചകളിലേക്ക് നോക്കിയിരുന്നു.
‘‘പെടുമരണമാ. ഇനിയവിടെനിന്നും സിസ്റ്റേഴ്സിനെ അയയ്ക്കുമെന്ന് തോന്നുന്നില്ല...”
“സാരമില്ല കപ്യാരെ, നമുക്കെന്തേലും ഒരു വഴി കർത്താവ് ഒരുക്കും.”
ഞാറക്കടവിലൊരു മഠത്തിനായി വന്നകാലം മുതൽ മാമ്പള്ളിയച്ചൻ ശ്രമിക്കുന്നതാണ്. സ്വത്തിന്റെ പേരിലുള്ള തർക്കങ്ങളായിരുന്നു കോൺവെന്റ് പണിയുന്നതിനുള്ള തടസ്സം. പള്ളിവക സ്ഥലത്ത് മഠം പണിയാൻ സമ്മതമായിരുന്നെങ്കിലും ഭൂമിയുടെ അവകാശം തീറെഴുതാൻ അരമന തയാറല്ല. സിസ്റ്റേഴ്സിനാകട്ടെ മഠത്തിനായി അനുവദിക്കുന്ന സ്ഥലം അവരുടെ പേരിലാക്കണമെന്ന വാശിയും.
കൊച്ചുസിസ്റ്ററിന്റെ മരണത്തോടെ മലമുകളിലെ കോൺവെന്റിലേക്ക് അച്ചൻ നേരിട്ടു ചെന്നു. അമ്പനാപുരത്തെ സിസ്റ്റർ മരിച്ചതും അവിടെനിന്നും ഇനി സിസ്റ്റേഴ്സിനെ അയക്കുന്ന കാര്യം സംശയമാണെന്നും അച്ചൻ മദറിനോടു സൂചിപ്പിച്ചു. സ്വന്തമായി മഠമില്ലാതെ അത്രയും ദൂരേക്ക് സിസ്റ്റേഴ്സിനെ അയക്കാനുള്ള ബുദ്ധിമുട്ട് മദർ ആവർത്തിച്ചു.
“അച്ചൻ പിതാവിനോടു സംസാരിക്കൂ. ഞാറക്കടവിൽ കാശു മുടക്കാൻ ഞങ്ങളിപ്പോഴും തയാറാണ്. പക്ഷേ, സ്ഥലം ഞങ്ങളുടെ പേരിൽ എഴുതണം...”
പ്രീസ്റ്റ് കോൺഫറൻസിന് അരമനയിൽ ചെന്നപ്പോൾ അച്ചൻ ഒരിക്കൽകൂടി മെത്രാന്റെ മുന്നിൽ ഈ വിഷയം അവതരിപ്പിച്ചു. പതിവു ചിരിയോടെ മെത്രാൻ അത് അവഗണിച്ചു.
“അരമനയുടെ മണ്ണേലാ കന്യാസ്ത്രീകളുടെ കണ്ണ്. ആർക്കാണെങ്കിലും നമുക്കിതൊന്നും കൊടുത്തു ശീലമില്ലല്ലോ മാമ്പള്ളിയച്ചാ...”
പിതാവിന്റെ വാക്കുംകേട്ട് ബിഷപ്പ്സ് ഹൗസിൽനിന്നുമിറങ്ങുമ്പോൾ മാമ്പള്ളിയച്ചൻ ചിലതൊക്കെ തീരുമാനിച്ചിരുന്നു.
കൊവേന്തപ്പള്ളിയിലെ സൗഖ്യധ്യാനവും കഴിഞ്ഞെത്തിയ ദിവസം ഫിലിപ്പിന്റെ ബംഗ്ലാവിലേക്ക് ചെന്നു. ലാലമ്മ അച്ചന് അത്താഴമൊരുക്കി. സ്റ്റൂവും കൂട്ടി അപ്പം കഴിക്കുന്നതിനിടയിൽ അച്ചൻ മഠത്തിന്റെ കാര്യം സൂചിപ്പിച്ചു.
“കുറച്ചു സ്ഥലം വേണമല്ലോ ഫിലിപ്പേ. റോഡിനോടു ചേർന്നുള്ള അമ്പതുസെന്റ് മഠത്തിനു തന്നൂടെ. വെറുതെ വേണ്ട. കന്യാസ്ത്രീകള് പണം തരും...”
കണ്ണായ സ്ഥലം വിട്ടുകൊടുക്കാൻ ഫിലിപ്പിനു മടി. സിസ്റ്റേഴ്സിനുവേണ്ടി സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കെട്ടിയവന്റെ വഴക്കു പേടിച്ച് ലാലമ്മ മിണ്ടാതെ നിന്നു. കാര്യം നടക്കില്ലെന്ന് അറിഞ്ഞിട്ടും താനൊന്നൂടെ ആലോചിക്കെന്നും പറഞ്ഞ് അച്ചനിറങ്ങി.
മഠത്തിനുവേണ്ടി ഒന്നുരണ്ടു സ്ഥലങ്ങൾ കണ്ടെങ്കിലും അച്ചനതൊന്നും തൃപ്തിയായില്ല. തെക്കേച്ചിറിയിലെ പെണ്ണമ്മക്ക് അന്ത്യകൂദാശ കൊടുത്തിട്ടു വരുന്നവഴിയാണ് അവിരായുടെ വീടും പറമ്പും വിൽക്കാനിട്ടിരിക്കുന്ന വിവരം കപ്യാര് പറയുന്നത്.
“ഇത്തിരി കുഴപ്പം പിടിച്ച മണ്ണാണ്. എന്നാലും ചുളുവിലയ്ക്കു കിട്ടുമച്ചാ. നമുക്കൊന്നു പോയി നോക്കിയാലോ...”
കപ്യാരെയും കൂട്ടി അച്ചൻ അവിരായുടെ പറമ്പിലെത്തി. കാടുപിടിച്ചു കിടന്നയിടം രണ്ടാളും കൂടി ചുറ്റിനടന്നു കണ്ടു. പറവകളുടെ ചിലയ്ക്കലൊഴികെ ആ പ്രദേശം മുഴുവൻ അനക്കമറ്റു കിടന്നു. ഇടക്ക് പൊന്തക്കാടൊന്നിളകി.
“അച്ചോ... സൂക്ഷിക്കണേ. നിറയെ പാമ്പാ.”
കറവക്കാരൻ എഴുന്നേറ്റ് പുല്ലുകെട്ടുമായി അയ്യമിറങ്ങി.
മാസാദ്യ വെള്ളിയാഴ്ച അച്ചനും മദറുംകൂടി അവിരായുടെ മലമുകളിലെ വീട്ടിലേക്ക് ചെന്നു. നാട്ടുമരുന്നും പുരട്ടി വെയിലു കാഞ്ഞുകൊണ്ടിരുന്ന അയാൾ രണ്ടാൾക്കും സ്തുതി പറഞ്ഞു.
പാമ്പിന്റെ ശൽക്കങ്ങൾപോലെ ചെതുമ്പലു നിറഞ്ഞ അയാളുടെ ശരീരം കണ്ട് ദീനാമ്മ മദർ സ്തുതി മടക്കാൻ മറന്നു. രണ്ടുപേരെയും അവിരാ അകത്തേക്കു ക്ഷണിച്ചു.
“സർപ്പശാപമുള്ള മണ്ണാണ്. എനിക്കച്ചനെ ചതിക്കാൻ വയ്യ.”
‘‘എന്തു ശാപം, കുതികാലീ കടിച്ചാ തല ചതക്കണമെന്നല്ലേ വേദപുസ്തകത്തില്. ആലോചിക്കാനൊന്നുമില്ല. ഞാൻ പറയുന്ന വിലയ്ക്കാണേ കച്ചവടം ഉറപ്പിക്കാം.”
വില തീരെ കുറഞ്ഞുപോയിട്ടും തർക്കമൊന്നും പറയാതെ അയാൾ മലമുകളിലെ സിസ്റ്റേഴ്സിനു പ്രമാണം എഴുതാമെന്നു സമ്മതിച്ചു.
കച്ചവടം ഉറച്ച വാർത്തയറിഞ്ഞ് കാവനാട്ടുനിന്നും രണ്ടുപേർ അവിരായെ കാണാനെത്തി. പണം കൂട്ടിത്തരാമെന്നു വരത്തർ.
‘‘പുതിയ ബൈപ്പാസ് അവിരാന്റെ തെക്കതിരിലൂടെയാ. അപ്പോൾ ഭൂമീന്റെ വില എത്രയാകൂന്ന് അവിരാക്ക് നിശ്ചയമുണ്ടോ.’’
‘‘കൂടുമായിരിക്കും...’’
‘‘അതുംകൂടി കണക്കിലെടുത്തൊരു തുക ഞങ്ങളങ്ങ് തരും.’’
‘‘പള്ളിക്കാ... വാക്ക് മാറ്റിപ്പറയാൻ വയ്യ.’’
കച്ചവടം കൈവിട്ട നിരാശയിൽ വരത്തർ മടങ്ങി.
ആധാരമെഴുത്തിനു മുന്നേ ദീനാമ്മ മദറും രണ്ട് സിസ്റ്റർമാരും കൂടി ഞാറക്കടവിലെ വീടും പുരയിടവും കാണാനെത്തി. കാടുപിടിച്ച പറമ്പ് കണ്ടതോടെ മദറിനു വീണ്ടും ആശങ്കയായി.
‘‘മാമ്പള്ളിയച്ചാ ഇത് വെട്ടിത്തെളിച്ചെടുക്കാൻതന്നെ നല്ലൊരു തുകയാകുമല്ലോ.’’
റോഡരികിനോടു ചേർന്നായിരുന്നു പറമ്പ്. കാടുംപടലുമായി മൂടിപ്പോയെങ്കിലും കുറച്ചുള്ളിലേക്ക് കയറിയുള്ള വീടിന് പഴക്കമൊന്നുമില്ലായിരുന്നു.
“സുപ്പീരിയർ വരുന്നതിനു മുന്നേ ഇതെല്ലാം ഭംഗിയാക്കാം മദറേ...”
വലിയ ചെലവൊന്നുമില്ലാതെ ചില മാറ്റങ്ങളൊക്കെ വരുത്തി വീട് മഠമാക്കിയെടുക്കാമെന്ന് അച്ചൻ സമാധാനിപ്പിച്ചു.
സിസ്റ്റേഴ്സിനെ യാത്രയാക്കിയിട്ട് തിരിച്ചെത്തിയ ഉടനെ മാമ്പള്ളിയച്ചൻ കൂട്ടുകാരനായ കാരയ്ക്കാപറമ്പിലച്ചനെ വിളിച്ചു. രണ്ടാളും സെമിനാരിയിൽ ഒന്നിച്ചുണ്ടായിരുന്നതാണ്. അച്ചൻ ആവശ്യപ്പെട്ടതുപോലെ അതിരാവിലെതന്നെ കാരയ്ക്കാപറമ്പന്റെ പണിക്കാർ അവിരായുടെ പറമ്പിലെത്തി. കാടുംപടലും വെട്ടിയിട്ടു കത്തിച്ച ആഴി തല്ലിമരത്തോളം ഉയർന്നു... തീച്ചൂടേറ്റു പുറത്തേക്ക് ചാടിയ പാമ്പ് പണിക്കാരിലൊരുവന്റെ കൈയിലാണ് ചുറ്റിപ്പിണഞ്ഞത്.
50
‘‘കർത്താവു ഭവനം കാക്കാതെ പോയാൽ നിന്റെ കാവലൊക്കെ വെറുതെയാകും.’’ കാരയ്ക്കാപറമ്പൻ അങ്ങനെ പറയുമ്പോൾ തന്റെ ജീവിതത്തിലേക്ക് കടന്നുവരാനിരിക്കുന്ന ദുരന്തങ്ങളെക്കുറിച്ച് പാലമേൽ ബർത്തലോക്ക് വലിയ നിശ്ചയമൊന്നുമില്ലായിരുന്നു.
ബർത്തലോ ആയിരുന്നു മലയിലെ കൺസ്ട്രക്ഷൻ മുതലാളി. കാരയ്ക്കാപറമ്പൻ ആദ്യമായി ഒരു ധ്യാനകേന്ദ്രം തുടങ്ങുന്നതും ബർത്തലോയുടെ നാട്ടിലാണ്. മലമുകളിലെ ധ്യാനകേന്ദ്രത്തിൽവെച്ചാണ് കാരയ്ക്കാപറമ്പൻ കൺസ്ട്രക്ഷനിൽ ആദ്യമായി കൈവെക്കുന്നത്. അതിന്റെ രസകരമായ ചരിത്രം ധ്യാനിപ്പിക്കാൻ പോകുന്നിടത്തെല്ലാം പൊലിപ്പിക്കും.
വത്തിക്കാനിലെ ഉപരിപഠനം കഴിഞ്ഞ് നാട്ടിലെത്തിയ കാലം. മലമുകളിലെ ചെറിയ ഷെഡിലായിരുന്നു കാരയ്ക്കാപറമ്പന്റെ വചനപ്പുര. പത്തമ്പത് ആളുകൾ ആഴ്ചയവസാനമുള്ള ഏകദിന ധ്യാനത്തിനു വരും. ഉപവാസപ്രാർഥന ആയതുകൊണ്ട് വലിയ ചെലവൊന്നുമില്ല. പിരിയാൻനേരം രണ്ടുകഷണം ബ്രഡും കട്ടൻകാപ്പിയും കൊടുക്കും. ധ്യാനകേന്ദ്രത്തിനുവേണ്ടി ഒരു നാലുനില പണിയുന്ന കാര്യം സംസാരിക്കാൻ കാരയ്ക്കാപറമ്പൻ ബർത്തലോയുടെ ബംഗ്ലാവിലേക്ക് ചെന്നു. പൈസ കിട്ടുമെന്ന ഉറപ്പില്ലാത്തതിനാൽ ബർത്തലോ തയാറായില്ല. മുതലാളിയെ ധ്യാനത്തിനു ക്ഷണിച്ചിട്ട് അച്ചൻ വെറുംകൈയോടെ ഇറങ്ങി. ഗേറ്റ് കടക്കുമ്പോൾ പാതിരിയൊരു നെടുവീർപ്പോടെ ബംഗ്ലാവിലേക്ക് തിരിഞ്ഞുനോക്കി.
ചില വൈകുന്നേരങ്ങളിൽ ബർത്തലോയുടെ ഭാര്യ അയാളെയും കൂട്ടി ധ്യാനപ്പുരയുടെ മുന്നിലെ കുരിശടിയിൽ മെഴുതിരി കത്തിക്കാൻ എത്തും. പത്തോ നൂറോ നേർച്ചക്കുറ്റീലിടുകയും ചെയ്യും. ഒരിക്കലങ്ങനെ തിരി കത്തിക്കുമ്പോഴാണ് ചാഞ്ഞിറങ്ങുന്ന അന്തിവെട്ടത്തിൽ കാരയ്ക്കാപറമ്പൻ കേറ്റംകേറി വന്നത്. ഭാര്യ കേൾക്കെ ബർത്തലോയെ പാതിരി ഉപദേശിച്ചു. ഞായറാഴ്ച കർത്താവിന്റെ ദിവസമാണ്. സകുടുംബം ധ്യാനം കൂടണം. അയാൾ തിരക്കു ഭാവിച്ചു.
‘‘അച്ചനതൊക്കെ പറയാം. എന്റെ കാര്യം കർത്താവിനേ അറിയൂ.’’
മറുപടി പാതിരിക്ക് പിടിച്ചില്ല.
പിറ്റേ ഞായറാഴ്ച ബർത്തലോയുടെ വൈക്കോൽതുറുവിനു തീ പിടിച്ച് അയാളുടെ സിന്ധിപ്പശുക്കൾ ചത്തു. തീയണയ്ക്കാൻ ചെന്ന ഭാര്യക്കും പൊള്ളലേറ്റു. മരുന്നും വാങ്ങി വാർഡിലേക്ക് മടങ്ങുമ്പോൾ ചെന്തീപോലെ മുന്നിൽ കാരയ്ക്കാപറമ്പൻ.
‘‘സാത്താൻതന്നെ അടങ്ങലം പിടിച്ചല്ലോ ബർത്തലോ. ഇനിയെങ്കിലും ധ്യാനത്തിനു വന്നൂടെ.’’
ബർത്തലോ അതു കാര്യമായെടുത്തില്ല. എല്ലാം ശരിയാകുമെന്നുതന്നെ അയാൾ കരുതി. പൊള്ളലേറ്റ ഭാര്യ മരിച്ചതോടെ അയാളുടെ കരുത്തു ചോർന്നുപോയി. ഇളയമകൾക്ക് പെട്ടെന്നായിരുന്നു ഒരു മാറാവ്യാധി. ബർത്തലോ കാരയ്ക്കാപറമ്പന്റെ കാലേ വീണു.
‘‘മുടങ്ങാതെ ഞാൻ വരാം. എങ്ങനെയെങ്കിലും വിടുതൽ വാങ്ങിത്തരണം.’’
പെൺമക്കളുമായി ബർത്തലോ ധ്യാനം കൂടാനെത്തി. ദശാംശം ചോദിച്ച കാരയ്ക്കാപറമ്പന് അതിന്റെ നൂറിരട്ടി മടികൂടാതെ കൊടുത്തു. അധികം വൈകാതെ ധ്യാനകേന്ദ്രത്തിന്റെ നാലുനില കൺസ്ട്രക്ഷന്റെ ചുമതല ബർത്തലോ ഏറ്റെടുത്തു. പിന്നീടയാൾ സകലതും ഉപേക്ഷിച്ച് വചനം പറഞ്ഞുതുടങ്ങി.
തച്ചുടയ്ക്കാനും പണിതുയർത്താനുമുള്ള ആത്മീയകൃപയോടൊപ്പം ബർത്തലോയുടെ പണിക്കാരും വാർക്കസെറ്റും കൂടി കൈപ്പിടിയിലായതോടെ വചനപ്പുരയ്ക്കൊപ്പം കാരയ്ക്കാപറമ്പന്റെ കൺസ്ട്രക്ഷൻ മേഖലയും വളർന്നു. ഏകദിന ധ്യാനമെന്നത് മുഴുനീള ധ്യാനമായി. ഉപവാസപ്രാർഥനക്കു പകരം മൂന്നുനേരം ഭക്ഷണം വിളമ്പി. സാക്ഷ്യം പറഞ്ഞു തുടങ്ങിയ പാലമേൽ ബർത്തലോ കുറച്ചു കാലംകൊണ്ട് അച്ചൻമാരേക്കാൾ മുന്തിയ ധ്യാനപ്രസംഗക്കാരനാവുകയും കാരയ്ക്കാപറമ്പൻ അതിരൂപതയിലെ അറിയപ്പെടുന്ന കൺസ്ട്രക്ഷനച്ചനായി മാറുകയും ചെയ്തു.
51
അവിരായുടെ തൊടിയിലേക്കിറങ്ങിയ കാരയ്ക്കാപറമ്പന്റെ പണിക്കാർ ആലിൻവേരിറങ്ങിയ വീടിന്റെ ഭിത്തിയൊക്കെ വെടിപ്പാക്കി വെള്ള പൂശിത്തുടങ്ങി. മഠത്തിന്റെ പണികൾ വേഗം പൂർത്തിയായതിന്റെ സന്തോഷത്തിൽ സഹദായുടെ രൂപമാണ് മദർ സുപ്പീരിയർ സമ്മാനമായി നൽകിയത്.
അൾത്താരമുറി ഒരുക്കിയതോടെ വീട് മഠമായി മാറി. വെള്ളതേച്ചിട്ടും മായാത്ത അടുക്കളച്ചുമരിലെ മെഴുക്കുപോലെ അവിടത്തെ ഒച്ചയില്ലായ്മ മാത്രം കുറെക്കൂടി ആഴത്തിൽ വേരിറങ്ങിനിന്നു. പണികളെല്ലാം പൂർത്തിയായിട്ടും എന്തോ ഒരു കുറവുള്ളതുപോലെ മാമ്പള്ളിയച്ചനു തോന്നി. ധ്യാനപ്പട്ടക്കാരനായിട്ടും അച്ചനതിന്റെ പൊരുൾ കണ്ടെത്താനായില്ല.
52
ഞാറക്കടവിലെ സ്വർണക്കച്ചവടക്കാരനായിരുന്നു അവിരാ. അയാളുടെ മൂത്തമകൻ ജിബിന് കെനിയയിൽ വജ്രത്തിന്റെ ബിസിനസ്. ഭാര്യയും ഇളയമകൾ ക്ലെറിയുമായിരുന്നു അപ്പന്റെ കൂടെ. വീടിനു പുറത്തേക്കൊന്നും ഭാര്യ ഇറങ്ങാറില്ല. ഒച്ച കേൾക്കുന്നതായിരുന്നു അവരുടെ പ്രശ്നം. കാറ്റിലിളകുന്ന ജനൽകർട്ടന്റെ അനക്കം മതി പേടിച്ചു നിലവിളിക്കാൻ. റോഡിലെ ബഹളമൊന്നും കേൾക്കാതിരിക്കാനാണ് അയാൾ ഒരേക്കറ് ഭൂമി വാങ്ങി ഉള്ളിലേക്ക് കേറ്റി വീടു പണിതത്. അനക്കമില്ലാതെ കിടക്കുന്ന വീട്ടിൽനിന്ന് ഇടക്കെല്ലാം കരച്ചിൽ ഉയരും.
എട്ടിൽ പഠിക്കുമ്പോൾ മകളും അമ്മയെപ്പോലെ ചില രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ഒരു തുലാമഴയത്ത് ക്ലെറിയെ ടീച്ചർമാര് വീട്ടിൽകൊണ്ടാക്കി. അവൾ കടിച്ചുകീറിയ ചെരിപ്പും ബാഗും കണക്കുമാഷാണ് അവിരായെ ഏൽപിച്ചത്. കൊച്ചിന്റെ കൈകൾ കൂട്ടിക്കെട്ടിയ ചരട് അഴിക്കുമ്പോൾ മലയാളം ടീച്ചർ കരഞ്ഞു. സുഖപ്പെട്ടിട്ട് ഇനി അയച്ചാ മതിയെന്നും പറഞ്ഞാണ് സ്കൂളിൽനിന്നെത്തിയവർ അന്ന് മഴ നനഞ്ഞ് മടങ്ങിയത്...
അവിരാ ഒരുപാട് നേർച്ചകൾ നേർന്നു. ലീവിനു വന്ന മകൻ അമ്മയെയും പെങ്ങളെയും മൈനാങ്കുളത്തെ ഭ്രാന്താശുപത്രിയിൽ അഡ്മിറ്റു ചെയ്തു. അവിരാക്ക് അവരുടെ മനസ്സു മരവിപ്പിക്കുന്ന ചികിത്സയോട് എതിർപ്പായിരുന്നു.
അപ്പനും മകനും തമ്മിൽ കച്ചറയിട്ട സന്ധ്യക്കാണ് ഞാറക്കടവു മഹാദേവക്ഷേത്രത്തിലെ പൂജാരി അവിരായുടെ വീട്ടിലേക്ക് ചെല്ലുന്നത്. രണ്ടാളും ഒന്നിച്ചാണ് ചാക്യാത്തെ ബോർഡിങ് സ്കൂളിൽ പഠിച്ചിരുന്നത്. മകളുടെ കല്യാണം വിളിക്കാനെത്തിയ പൂജാരിയെ തടഞ്ഞ് പത്തിവിരിച്ച സർപ്പങ്ങൾ വഴിമുടക്കി നിന്നു. ശ്ലോകം ചൊല്ലി തുടങ്ങിയതും അതുങ്ങൾ തലതാഴ്ത്തി തെക്കതിരിലേക്ക് ഇഴഞ്ഞു.
വീട്ടുമുറ്റത്ത് പഴയ ചങ്ങാതിയെ കണ്ട് അവിരാ അയാളെ അകത്തേക്ക് ക്ഷണിച്ചു.
‘‘പോയിട്ടിത്തിരി തിരക്കുണ്ട്. മകളുടെ വിവാഹം ക്ഷണിക്കാൻ വന്നതാടോ. എന്താ അകത്തൊരു ബഹളം.’’
പൂജാരി അകത്തേക്ക് കയറാതെ മുറ്റത്തുനിന്ന് കാര്യം അന്വേഷിച്ചു. അയാളുടെ ചോദ്യം കേട്ടതും അവിരായുടെ ദുഃഖം ഇരട്ടിച്ചു.
‘‘ഏയ് ഒന്നൂല്ല. ഇതൊക്കെ ഇവിടെ പതിവാ.’’
അവിരായുടെ വീട് നിന്നിരുന്നയിടം വെച്ചു പൂജയുള്ള കാവായിരുന്നു. അയാളതു വാങ്ങുന്നതുവരെ സർപ്പംപാട്ടിനും കുരുതിക്കുമൊന്നും മുടക്കമുണ്ടായിട്ടില്ല. ശീമക്കാരുമായുള്ള യുദ്ധത്തിൽ വാരിക്കോടു മാടമ്പിയെ സഹായിച്ചതിനു കരമൊഴിവായി ആലത്തൂർ തറവാടുകാർക്ക് കിട്ടിയ സ്ഥലമായിരുന്നു അത്. പിൽക്കാലത്ത് തറവാടു ക്ഷയിച്ചപ്പോൾ അവരതു വിറ്റു. പലരും കൈമാറി വന്ന സ്ഥലം ഒടുക്കം വാങ്ങിയത് അവിരാ ആയിരുന്നു. കാവിന്റെ ഗൗരവമറിയാതെ ഏഴിലംപാലയുൾപ്പെടെ സകല മരങ്ങളും വെട്ടിനശിപ്പിച്ചാണ് അവിരാ വീടു പണിതത്. പാലച്ചുവടു മാന്തിയപ്പോൾ മാളത്തിൽ അടയിരുന്ന പാമ്പുകളെ അയാൾ തീയിട്ടാണ് കൊന്നത്.
‘‘സർപ്പശാപമാ. താനിവിടം വിട്ടുപോകാൻ നോക്ക്.’’
കൂട്ടുകാരനായ നമ്പൂതിരിയുടെ വാക്കു കേട്ടാണ് അവിരാ ഞാറക്കടവ് ഉപേക്ഷിക്കുന്നത്. വീടു വിൽക്കാൻ നോക്കിയെങ്കിലും കാവനാട്ടെ വരത്തരല്ലാതെ മറ്റാരും വാങ്ങാൻ തയാറായില്ല. വിജാതീയർക്ക് മണ്ണ് കൊടുക്കാനൊരു മടി. മലമുകളിൽ ഭൂമി വാങ്ങി, പുത്തൻ ബംഗ്ലാവ് പണിതു. കുന്നിടിച്ച് മൂന്നാലു മൈൽ വളഞ്ഞുചുറ്റി വീട്ടിലേക്ക് കയറാൻ വഴിയും വെട്ടി.
മകൻ കെനിയയിലേക്ക് മടങ്ങിയതോടെ മൈനാങ്കുളത്തെ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയ ഭാര്യയെയും മകളെയും അയാൾ പുത്തൻവീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു. മുടങ്ങിപ്പോയ തൃപ്പയാറ്റൂർ മനയിലെ തളംവെച്ചുള്ള ചികിത്സ വീണ്ടും തുടങ്ങി. ഒരുദിവസം അയാളെ അത്ഭുതപ്പെടുത്തി അമ്മയും മകളും ഉടുത്തൊരുങ്ങി കാറെടുത്തു.
‘‘രണ്ടാളും രാവിലെ എങ്ങോട്ടാ..?’’
‘‘ഞാറക്കടവിലെ വീട്ടിലേക്ക് പോണം.’’
‘‘നിൽക്ക് ഞാനും വരാം.’’
പോകുന്നവഴി നായരുകവലയിൽ വണ്ടി നിർത്തി അവർ തേക്കിലയിൽ പൊതിഞ്ഞ പോത്തിറച്ചി വാങ്ങി. കാറിനുള്ളിൽ ചോരയിറ്റുന്നത് കണ്ടിട്ടും അവിരാ വഴക്കൊന്നും പറഞ്ഞില്ല. ചലനമറ്റു കിടന്നിരുന്ന വീടൊന്നു അനങ്ങിത്തുടങ്ങിയ ആശ്വാസത്തിലായിരുന്നു അയാൾ.
ഞാറക്കടവിലെത്തിയതും പൊടിപിടിച്ചു കിടന്ന മുറികൾ അയാൾ തുടച്ചു മെനയാക്കി. ഉച്ചവെയിൽ മൂത്തതോടെ കുരുമുളകു ചേർത്ത പോത്തിറച്ചിയുടെ മണം. കൈകഴുകി വരുമ്പോഴേക്കും അവിരായുടെ പാത്രത്തിലേക്ക് ഭാര്യ എല്ലിറച്ചി വിളമ്പി. പരിക്കേറ്റ പക്ഷി ചിറകൊതുക്കുന്നപോലെ അത്രയുംനാൾ മിണ്ടാതിരുന്ന മകൾ അടുത്തുവന്ന് അയാളുടെ തോളിലേക്ക് തല ചായ്ച്ചിരുന്നു. അവിരാ വെന്തുടഞ്ഞ മരച്ചീനി ഇറച്ചിച്ചാറുമായി കുഴച്ച് മകൾക്കു നീട്ടി.
ഏറെക്കാലത്തിനുശേഷം അന്നയാൾ ഭാര്യയോടൊപ്പം സ്വസ്ഥമായി ഉറങ്ങി. വെട്ടംവീണ് എഴുേന്നൽക്കുമ്പോൾ ജനൽക്കമ്പിയേൽ തൂങ്ങിനിൽക്കുന്ന ഭാര്യയെയാണ് കണ്ടത്. വാക്കത്തിക്ക് അവർ വെട്ടിപ്പിളർന്ന മകളുടെ ചതഞ്ഞ മുഖത്ത് ഉറുമ്പ് അരിക്കുന്നുണ്ടായിരുന്നു.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.