10. സൗമിനി മനസ്സ് തുറക്കുമ്പോൾ
‘‘നീയൊക്കെ ഓരോന്ന് ചെയ്യണത് കാണുമ്പോ ഇതിന്റെ പാതി ധൈര്യം എനിക്കുണ്ടായിരുന്നെങ്കിലെന്നു തോന്നാറുണ്ട്...’’
അമ്മ പെട്ടെന്ന് നിറുത്തിയപ്പോൾ ചോദ്യഭാവത്തിൽ നോക്കി പാർവതി.
‘‘അല്ല, ഓരോന്ന് ആലോചിച്ചുപോയതാ… ആയകാലത്ത് ഇത്രക്ക് ചുണയുണ്ടായിരുന്നെങ്കിൽ എനിക്കീ ഗതി വരില്ലായിരുന്നു.’’
‘‘അതിന് പാകത്തിന് എന്താ പറ്റിയത് അമ്മക്ക്?’’
‘‘പലതും പറ്റി… ഒന്നും അറിയാത്ത പ്രായത്തിൽ, എല്ലാവരേം വെറുപ്പിച്ചു രാവുക്ക് രാവ് ഒരാളുടെ കൈയും പിടിച്ചു പിറന്ന നാട്ടിൽനിന്ന് ഒളിച്ചോടേണ്ടി വന്നു. അത്രന്നെ…’’
‘‘അതോണ്ട് കൊഴപ്പൊന്നും ഉണ്ടായില്ലല്ലോ. അമ്മ ഇപ്പോൾ സുഖായിട്ട്, സന്തോഷായിട്ട് ജീവിക്കണില്ലേ?’’
‘‘എന്തു സുഖം? ഇങ്ങനൊരു ജീവിതല്ലല്ലോ അമ്മ മോഹിച്ചത്.’’
നന്നെ പണിപ്പെട്ട് മനസ്സ് തുറക്കാൻ നോക്കുകയാണ് സൗമിനി. ഒന്നും ഉരിയാടാതെ കേട്ടുകൊണ്ടിരുന്നു പാർവതി.
‘‘എങ്ങനെയാ ഈ ശാന്തിനഗറിൽ എത്തിപ്പെട്ടതെന്ന് മോള് ആലോചിക്കണുണ്ടാവും. അങ്ങനെയൊക്കെ ഞാനും ആലോചിക്കാറുണ്ട്. സത്യത്തിൽ അതൊരു നിയോഗായിരുന്നു മോളേ. അന്നത്തെ ചുറ്റുപാടിൽ എങ്ങനെങ്കിലും ആ നശിച്ച നാട്ടിൽനിന്ന് രക്ഷപ്പെടണംന്ന മോഹെ ഉണ്ടായിരുന്നുള്ളൂ. അതും കഴിയുന്നതും വേഗംതന്നെ. എങ്ങനെ, എങ്ങോട്ട് എന്നൊന്നും ഒരു പിടീമുണ്ടായിരുന്നില്ല പുറംലോകം കാണാത്ത രണ്ടുപേർക്ക്. ഇനി എങ്ങനെ ജീവിക്കും എന്നുകൂടി ആലോചിച്ചില്ല. ആദ്യം കിട്ടണ രാത്രി വണ്ടിക്കന്നെ സ്ഥലം വിടണം... ഒരു ഒന്നൊന്നര ദിവസത്തെ യാത്രയെങ്കിലും... അങ്ങനെ എടംവലം നോക്കാതെയൊരു എടുത്തുചാട്ടം.’’
“എന്നിട്ട്?” കേട്ടുകൊണ്ടിരിക്കുകയാണ് മകൾ.
“ബസ് പിടിച്ചു ഒരുവിധത്തിൽ സ്റ്റാൻഡിലെത്തി. വേവുള്ള രാത്രി. കാറ്റിൽ കാറ്റില്ല. വെറും ആവി മാത്രം. കുറ്റാക്കുറ്റിരുട്ട്. വഴിവിളക്കിന്റെ വെട്ടത്തിൽ കൈ കോർത്തുപിടിച്ചു നടന്നു. ഞാൻ സാരികൊണ്ട് തല മൂടിയിരുന്നെന്ന് തോന്നണു. കൈയിൽ ആകെയുള്ളത് ഒരു തോൽബാഗ്. അതിലൊരു ഡപ്പിയിൽ രണ്ടു വളകളും ഒരു മാലയും ഒരു മോതിരവും. ബാക്കീള്ളതൊക്കെ അമ്മേടെ അലമാറീലായിരുന്നു.”
തീവണ്ടിയാപ്പീസ് മയക്കത്തിലായിരുന്നു. കൗണ്ടറിൽ ഇരിക്കുന്ന ആളെ വിളിച്ചുണർത്തി… ആദ്യത്തെ വണ്ടി വടക്കോട്ടായിരുന്നു. അങ്ങനെ ഏതാണ്ടൊരു കണക്ക് കൂട്ടി വടക്കോട്ടന്നെ ടിക്കറ്റെടുത്തു. അതേ വരെ കണ്ടിട്ടില്ലാത്ത വടക്ക്. എന്റെ വിധിയെഴുതിയ വടക്ക്…”
“പക്ഷേ ഈ ശാന്തിനഗർ?”
“ടിക്കറ്റെടുത്തത് വേറെ ഏതോ വല്ല്യ സ്റ്റേഷനിലേക്കായിരുന്നു. പക്ഷേ ഇവടെയെത്തിയപ്പോൾ വണ്ടി കുറെ നേരം പിടിച്ചിട്ടു. വെള്ളം നിറക്കാനോ മറ്റോ ആയിരുന്നെന്നാ തോന്നണത്. താമസണ്ടാവും, കഴിക്കാൻ വല്ലതും വേണെങ്കിൽ ഇറങ്ങിക്കോളാൻ മുറീലുള്ളവര് പറയണുണ്ടായിരുന്നു. പലരും എറങ്ങിപ്പോണത് കണ്ടിട്ടും ധൈര്യല്ല്യായിരുന്നു. വിശപ്പൂല്ല്യായിരുന്നു. വഴീന്ന് കണ്ണീക്കണ്ടതൊക്കെ വാങ്ങിക്കഴിച്ചു വയറ് വല്ലാണ്ടായിരുന്നു... എനിക്ക് വിശപ്പില്ലെന്നു പറഞ്ഞപ്പോ അങ്ങോർക്കും ഒന്നും വേണ്ടാന്നായി… എന്നിട്ടും വണ്ടി വിടണേന്നു മുമ്പ് ഞങ്ങളവടെ എറങ്ങീന്നു പറഞ്ഞാ മതീല്ലോ. ഇറങ്ങല്ലേന്നു പലരും വിളിച്ചു പറഞ്ഞപ്പോഴേക്കും ഞാൻ പ്ലാറ്റ്ഫോമിലായി കഴിഞ്ഞിരുന്നു. പൊറകേ പെട്ടീം എടുത്തോണ്ട് അങ്ങോരും.”
“ഹാവൂ, എന്റമ്മേ... എന്തുപറ്റി?”
“ഛർദ്ദി!”
“അതിനു വണ്ടീല് സൗകര്യണ്ടായിരുന്നല്ലോ…”
“നോക്കാനുള്ള നേരണ്ടായിരുന്നില്ല. വല്ലാണ്ട് തള്ളിവരണ്ടായിരുന്നു. പ്ലാറ്റ്ഫോമില് നേരെയൊരു പൈപ്പ് കണ്ടപ്പോൾ എറങ്ങാൻ തോന്നി. അത്രന്നെ. പരിചയമില്ലാത്തത് കഴിച്ചതിന്റെ ദഹനക്കേടാന്ന് പറഞ്ഞു അങ്ങോര് പുറം തലോടണുണ്ടായിരുന്നു...”
“പിന്നെ?”
“അപ്പഴേക്കും വണ്ടി പോയിക്കഴിഞ്ഞിരുന്നല്ലോ. എന്തായാലും, ഒടുവിൽ ഒരു കര പറ്റീല്ലോന്ന ആശ്വാസായി പിന്നീട്. അപ്പഴാ സ്റ്റേഷന്റെ ബോർഡ് കാണണത്. ശാന്തിനഗർ! കണ്ടപ്പഴേ ഇഷ്ടായി. ഉള്ളിലെ അഴുക്കെല്ലാം കഴുകിക്കളയാൻ പറ്റിയ ഇടം - ശാന്തിനഗർ. ചെറിയ സ്റ്റേഷനായിരുന്നെങ്കിലും വെയ്റ്റിങ് റൂമുണ്ടായിരുന്നു. കൊറച്ചു നേരം അവടെ അങ്ങനെ കണ്ണടച്ചിരുന്നു. നല്ല ഉറക്കക്ഷീണംണ്ടായിരുന്നു രണ്ടുപേർക്കും. ഇരുന്നിരുന്നു അങ്ങനെ ഉറങ്ങിപ്പോയി. കൊറേ കഴിഞ്ഞു ജനലിലൂടെ നോക്കിയപ്പൊ ദൂരെ ചില പുകക്കുഴലുകൾ കണ്ടു. കറുത്ത പുക പൊങ്ങണ കുഴലുകൾ...’’
ഓർമകളിൽ ചികഞ്ഞുകൊണ്ട് എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു സൗമിനി.
“അത് കണ്ടപ്പൊ സന്തോഷായി മൂപ്പർക്കും. ആ ഫാക്ടറീല് എന്തെങ്കിലും പണി കിട്ടാതിരിക്കില്ല. കൈയിൽ ഐ.ടി.ഐയുടെ സർട്ടിഫിക്കറ്റ് മാത്രേ ഉള്ളൂവെങ്കിലും ഏതുതരം ഇലക്ട്രിക്ക് പണീം അസ്സലായിട്ട് അറിയാവുന്നതുകൊണ്ട് പിടിച്ചു നിൽക്കാമെന്ന ധൈര്യണ്ടായിരുന്നു… അങ്ങനെ ഒരു അറിയാമണ്ണിൽ പൊറുതി തുടങ്ങി…”
“ചുരുക്കത്തിൽ നിങ്ങളെ ശാന്തിനഗറുമായി ഇണക്കിയത് വെറുമൊരു ദഹനക്കേട് അല്ലെ?” ചിരിയടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല പാർവതിക്ക്.
“അല്ല, പ്ലാറ്റ്ഫോമിലെ ഛർദി.” അമ്മ തിരുത്തി. “അത് മോൾടെ വരവായിരുന്നു.”
പാർവതി അറിയാതെ ഞെട്ടിപ്പോയി. അതായത്… അതായത്...
“അതാണ് മോളെ, ഞാൻ ആദ്യമേ പറഞ്ഞ നിയോഗം. നമ്മുടെ വിധി നമ്മളെ ഇങ്ങോട്ട് എത്തിക്കുകയായിരുന്നു.”
പെട്ടെന്ന് എന്തോ അബദ്ധം പറ്റിയപോലെ സൗമിനി ചുണ്ട് അമർത്തിക്കടിച്ചു.
“അല്ലാട്ടോ, തെറ്റിപ്പോയി. ഓർമപ്പെശക്. അത് ദഹനക്കേടന്നെ. മാറാൻ രണ്ടു ദിവസമെടുത്തു.”
കുറെ നേരത്തേക്ക് രണ്ടുപേരും നിശ്ശബ്ദരായിരുന്നു.
കാത്തിരിക്കുകയാണ് പാർവതി.
ഓർത്തിരിക്കുകയാണ് സൗമിനി.
പിന്നീട് അമ്മ മെല്ലെ പറയാൻ തുടങ്ങി. ഒരു അറിയാമണ്ണിൽ വേരിറക്കാനുള്ള പങ്കപ്പാടിന്റെ കഥ.
പിന്നീടങ്ങോട്ട് ഒരു നീണ്ട പോരാട്ടത്തിന്റെ കാലമായിരുന്നു.
വണ്ടിയിറങ്ങി രണ്ടു ദിവസം സ്റ്റേഷനോട് അടുത്തൊരു ലോഡ്ജ് മുറിയിൽ. അവിടെ െവച്ചാണല്ലോ ബാഗിലുണ്ടായിരുന്ന ഒരു വള വിറ്റത്. ബാക്കിയുള്ള വളയും മാലയും മോതിരവും നാളത്തേക്ക് കരുതിെവച്ചു. വിവാഹത്തിന്റെ അടയാളമായി മോതിരം വിരലിലിട്ടു. അച്ഛന്റെ കാലിക്കീശയെപ്പറ്റി നല്ല ബോധ്യമുണ്ടായിരുന്നതുകൊണ്ട് ഒരു അമ്പലത്തോട് ചേർന്ന ധർമശാലയിലാണ് ആദ്യം അഭയംതേടിയത്. സൗമിനിയുടെ വീർത്തുവരുന്ന വയറാണ് തുണച്ചതത്രെ. സാധാരണയിൽ കൂടുതൽ വയറുണ്ടായിരുന്നു അവൾക്ക്.
പിന്നീട് ഒരു ലാലാജിയുടെ ആതുരാലയത്തിൽ. ധർമശാലക്കാർതന്നെ ഏർപ്പാട് ചെയ്തത്. ഒരു ഗർഭിണിയുടെ ചുമതല ഏറ്റെടുക്കാൻ അവർ തയാറായിരുന്നില്ലല്ലോ. അത് കഴിഞ്ഞാണ് അച്ഛൻ ഫാക്ടറിയിലെ ഇലക്ട്രിക് വകുപ്പിലെ യൂപിക്കാരൻ ഫോർമാന്റെ വീടിനു മുന്നിൽ കവാത്തു തുടങ്ങിയത്. നിലക്കാത്ത കാവൽ. ഒടുവിൽ ഗേറ്റ് തുറന്നു കിട്ടിയപ്പോൾ കൈയും കാലും പിടിച്ച് ഒരു താൽക്കാലിക ജോലി തരപ്പെടുത്തി. ഒരിക്കൽ അകത്തു കയറിക്കൂടിയാൽ തന്റെ മിടുക്ക് കാട്ടാമെന്നു നല്ല ഉറപ്പുണ്ടായിരുന്നു അയാൾക്ക്. ജീവിതം പതുക്കെ പച്ചപിടിച്ചു വരികയായിരുന്നു.
സ്കൂൾ കാലം തൊട്ടേ ഹിന്ദി വിദ്യാലയത്തിൽ പഠിച്ചു പരീക്ഷകൾ പാസായത് ഒരുപാട് ഗുണം ചെയ്തു സൗമിനിക്ക്. പ്രാഥമിക്, മധ്യമ, പ്രവേശിക, രാഷ്ട്രഭാഷ വിശാരദ് വരെ. എല്ലാം അമ്മാമ്മയുടെ നിർബന്ധം. മഹാത്മജിയുടെ നിർബന്ധം. ഒരു താൽപര്യവുമില്ലാതെയുള്ള ആ പഠിത്തം ഭാവിയിലേക്കുള്ള ഏണിപ്പടിയാവുമെന്ന് അന്നറിഞ്ഞില്ല. കിരാനാ കടകളിൽ തൊട്ട് അങ്ങാടിയിൽവരെ അവൾ ഓരോന്നും വില പേശി വാങ്ങുന്നത് മിഴിച്ചുനോക്കിനിന്നു ഭർത്താവ്.
സൗമിനിയുടെ വയർ അച്ഛനെ അലട്ടാൻ തുടങ്ങിയത് പിന്നീടാണത്രെ. ഇതേ വരെ കൈവീശി ആയാസമായി നടന്നയാൾക്ക് തലയിൽ വലിയൊരു ഭാരം വന്നു വീണതിന്റെ അങ്കലാപ്പ്. നാട്ടിലെ തല്ലുകൊള്ളിക്ക് തന്റെ പോയകാലം മറുനാട്ടിലെ വേനലിൽ കഴുകിയുണക്കാനുള്ള വെമ്പൽ. ചാഞ്ചാടുന്ന മനസ്സിനെ മാടിപ്പിടിക്കാനുള്ള വെപ്രാളത്തിൽ അയാൾ വല്ലാതെ പിടഞ്ഞു. മാരകമായ ഊർജപ്രവാഹം കൈകാര്യം ചെയ്യേണ്ട വകുപ്പിൽ മനസ്സ് പതറാൻ പാടില്ലെന്ന് സൗമിനി ഓർമിപ്പിക്കാറുണ്ട്. കമ്പനിയിലെ സ്ഥിരം ജീവനക്കാരുടെ കാക്കി യൂനിഫോം വളരെ വേഗം കിട്ടിയപ്പോൾ അവൾ അക്കാര്യം ഒന്നുകൂടി ഓർമിപ്പിച്ചു.
ആയിടക്ക് അയാൾ ഒരു ഒറ്റമുറി വീട് കണ്ടുപിടിച്ചു. കമ്പനി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ചാളിന്റെ മൂലയിൽ ഒരു ഒറ്റമുറി വീട്. ഒരു മുറിയും അടുക്കളയും അതിനോട് ചേർന്ന കുളിമുറിയും. വലിയ തറവാട്ടിൽ ജനിച്ചുവളർന്ന സൗമിനി പുതിയ അന്തരീക്ഷവുമായി പതിയെ പൊരുത്തപ്പെട്ടുവരികയായിരുന്നു.
“നല്ല കാലം വരണത് പോലെ.” ഒരുദിവസം അവൾ ഓർമിപ്പിച്ചു. “ഇനിയങ്ങോട്ട് ഒരുപാട് സൂക്ഷിക്കണം. വീട്ടിൽ ഒരാള് കൂടി വരണൂന്ന ഓർമ വേണം.’’
പക്ഷേ, അതാണ് അയാളെ കൂടുതലായി അലട്ടുന്നതെന്ന് സൗമിനി തിരിച്ചറിയാൻ ഏറെ വൈകി. ഒരുപാട് അറിയായ്കകൾ. ഉറക്കം കളയുന്ന തോന്നലുകൾ. ഉറക്കത്തിൽ തേടിയെത്തുന്ന കുറെ വേണ്ടാത്ത സ്വപ്നങ്ങൾ.
പറഞ്ഞുപോവുകയാണ് സൗമിനി. ഇടയിൽ നീണ്ട ഇടവേളകളുമായി കുറെ അർധവിരാമങ്ങൾ. പുറത്ത് ശരത് കാലത്തിന്റെ വരവറിയിക്കുന്ന ഒരു പൊടിക്കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു. ആ ഇരമ്പം കേട്ട് ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്നപോലെ സൗമിനി ഓടിപ്പോയി ജാലകങ്ങളടച്ചു. ഈ നനുത്ത പൊടിപടലങ്ങൾ അകത്തു വീണാൽ വെടിപ്പാക്കാൻ പാടാണ്. അല്ലെങ്കിലും ഇത് പതിവാണ്. ഗ്രീഷ്മത്തിൽനിന്ന് രക്ഷപ്പെട്ടു ശരത്തിനെ പുണരാനുള്ള പ്രകൃതിയുടെ ആവേശം.
സൗമിനി ഒന്ന് ഇളകിയിരുന്നു.
“കുരുതിയെ പറ്റി കേട്ടിട്ടുണ്ടോ മോള്?” അവർ പെട്ടെന്ന് ചോദിച്ചു.
“ഏകാധിപതികളുടെ കാലത്തെ മനുഷ്യക്കുരുതികളെപ്പറ്റി വായിച്ചിട്ടുണ്ട് ചരിത്രത്തിൽ.”
“അതല്ല. ദൈവങ്ങളെ പ്രീതിപ്പെടുത്താനായി ചിലർ നടത്തിയിരുന്ന മൃഗബലികൾ. മൃഗങ്ങളുടെ ചോരയോട് വലിയ കൊതിയാണത്രെ ചില ദേവിമാർക്ക്! അങ്ങനെ ആടിനെയും കോഴിയെയുമൊക്കെ കൊന്നു ചോരയൊഴുക്കുന്നത് ദേവിയുടെ നടയ്ക്കൽതന്നെ.”
“ക്രൂരം.”
“ഞാൻ ഓർക്കാറുള്ളത് ആ ബലിമൃഗത്തിന്റെ കണ്ണുകളിലെ സങ്കടമാണ്. ആരാച്ചാരുടെ ചോര മണക്കുന്ന കൈകൾ കണ്ടാൽതന്നെ അവറ്റകൾക്കറിയാം തങ്ങളുടെ വിധി എഴുതിക്കഴിഞ്ഞുവെന്ന്. അതുപോലെ തന്നെയല്ലേ വേട്ടക്കാരന്റെ കണ്ണിൽപെടുന്ന പെണ്ണിന്റെ കാര്യവും?”
എന്തോ ഓർത്തു അമ്മ വീണ്ടും നിറുത്തിയപ്പോൾ ഇതൊക്കെ തന്നോട് എന്തിന് പറയുന്നുവെന്ന് അതിശയിക്കുകയായിരുന്നു മകൾ. അമ്മയുടെ ചിന്തകൾ പതറുന്നത് പോലെ. ആരാണ് ഇവിടെ വേട്ടക്കാരൻ? ആരാണ് ബലിമൃഗം?
ഇടക്കിടക്ക് തൊണ്ട നനക്കാനായി കുടിനീർ മൊത്തുന്നുണ്ട് അവർ. കൃത്യമായ നിർദേശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട് റോസ് നിറത്തിലുള്ള അളവുകുപ്പിയിൽ. ‘‘കുടിച്ചുകൊണ്ടിരിക്കുക’’, ‘‘വിട്ടുകളയരുത്’’, ‘‘അടുത്തെത്താറായി’’, ‘‘എത്തിക്കഴിഞ്ഞു’’ തുടങ്ങിയ അടയാളവാക്യങ്ങൾ. ഒരുദിവസം എത്ര ലിറ്റർ വെള്ളം അകത്താക്കണമെന്ന കണിശമായ കണക്കുണ്ട് അമ്മക്ക്.
വീണുടഞ്ഞ വളപ്പൊട്ടുകൾപോലെ പോയ കാലത്തിന്റെ ഓർമത്തുണ്ടുകൾ പെറുക്കിയെടുക്കുകയാണ് അമ്മ. ഉത്സവപ്പറമ്പിൽ തലേന്നത്തെ പൊട്ടാത്ത പടക്കങ്ങൾ തിരയുന്ന കുട്ടിയെപ്പോലെ.
‘‘അപ്പോൾ ഞാനെന്താ പറഞ്ഞു നിർത്തിയത്?’’
മയക്കത്തിൽനിന്നുണർന്നത് പോലെ അമ്മ ചോദിച്ചു. ഓർമയില്ലായിരുന്നു മകൾക്കും.
‘‘ആവോ’’
‘‘പൊടിക്കാറ്റ്?’’
‘‘അല്ല. ശരത്കാലത്തിന്റെ വരവ്.’’
‘‘ഓ’’
‘‘ശാന്തിനഗറിലേ തീരാത്ത വേവുകാലം.’’
‘‘ഓ.’’
വീണ്ടുമൊരു അർധവിരാമം… അൽപം കഴിഞ്ഞു സൗമിനി തുടരുകയായി.
‘‘ഒരു കൊച്ചു സർക്കാർ ആസ്പത്രിയിലാ നിന്നെ പെറ്റിട്ടത്. യാതൊരു സൗകര്യവുമില്ലാത്ത വൃത്തികെട്ട ആസ്പത്രി. ഓർക്കുമ്പൊ ഇപ്പഴും ഓക്കാനം വരും. നോർമൽ ഡെലിവറി ആയതോണ്ട് അധികം ദിവസം അവിടെ വേണ്ടിവന്നില്ലാന്ന് മാത്രം. ആ ആസ്പത്രി ഇന്നവിടെയില്ല. ഇന്നത്തെ ശാന്തിനഗർ എത്രയോ വലുതായിക്കഴിഞ്ഞു. പണ്ട് കണ്ടവർക്ക് വിശ്വസിക്കാനാവില്ല.’’ അമ്മ തുടർന്നു: ‘‘ഒരു കുട്ടിയുടെ വരവോടെ കാര്യങ്ങൾ കുറച്ചു നന്നാവുംന്നാ കരുതീരുന്നത്. പക്ഷേ അതുണ്ടായില്ല. ഇരുപത്തെട്ടാം നാളിലെ പേരിടലിന് അഭിപ്രായം ചോദിച്ചപ്പോൾ ഒരക്ഷരം മിണ്ടാതെ ഇറങ്ങിപ്പോയി. ഒടുവിൽ ഞാൻ മനസ്സിൽ കണ്ടു െവച്ചിരുന്ന പേരുകളിലൊന്ന് ചാർത്തിക്കിട്ടി കൊതിച്ചു പെറ്റ സന്തതിക്ക്. എനിക്ക് ഏറ്റവും ഇഷ്ടം ശിവപാർവതിമാരോടായിരുന്നു. അങ്ങനെ പെണ്ണാണെങ്കിൽ പാർവതി. ആണാണെങ്കിൽ ശിവന്റെ പര്യായം.
‘‘അങ്ങനെയിരിക്കെ ആ ചാളിൽ തന്നെ താമസിക്കുന്ന, ഒപ്പം പണിയെടുക്കുന്ന ആൾ മുന്നറിയിപ്പ് തരാനായി വന്നു. അങ്ങോർക്ക് പണീല് പഴയ ശ്രദ്ധയില്ലത്രേ. ഇടക്കിടക്ക് ചില കൈയബദ്ധങ്ങൾ. അതോടെ കൂടെയുള്ളവർക്ക് പേടിയായിത്തുടങ്ങി. വൈദ്യുതി സെക്ഷനാണ്, ചെറിയൊരു തെറ്റ് മതി, എല്ലാം തീരാൻ. അതോടെ കരുതിെവച്ചിരുന്ന പ്രമോഷനും തടഞ്ഞു. അതുകൊണ്ട് പ്രത്യേകം സൂക്ഷിക്കാൻ. മോളിലുള്ളവര് പറഞ്ഞു വിട്ടിരിക്കയാണത്രെ.
‘‘എന്തുപറ്റി പെട്ടെന്ന്.’’
‘‘എനിക്കറിയില്ല. കൊറെ നാളായി ഇത് തൊടങ്ങീട്ട്. മിണ്ടാട്ടം കുറവ്. എപ്പോഴും ഓരോന്ന് ആലോചിച്ചുകൊണ്ടിരിക്കണത് കാണാം. ഡ്യൂട്ടി കഴിഞ്ഞുവന്നാൽ ഒരു മൂലയിൽ കുനിഞ്ഞിരിപ്പാണ്. വല്ലതും ചോദിക്കാൻ ചെന്നാൽ കാരണമില്ലാതെ തട്ടിക്കയറും. പിന്നെ വേണ്ടാത്ത കുറെ തർക്കങ്ങൾ. എന്ത് കാര്യത്തിലും തർക്കം. അത് മൂത്തുവന്നതുകൊണ്ട് ഞാനും അധികം മിണ്ടാൻ പോകാറില്ല. അങ്ങനെ ഞങ്ങൾക്കിടയിലെ വിടവ് വലുതാകുകയായിരുന്നു. വേണ്ടത്ര പരിചയമില്ലാത്തയാളുടെ കൈയും പിടിച്ചു നട്ടപ്പാതിരക്ക് ഇറങ്ങിപ്പോരാൻ തോന്നിയ നിമിഷത്തെക്കൂടി ഞാൻ ശപിക്കാൻ തുടങ്ങി…’’
വിശ്വസിക്കാൻ പറ്റുന്നില്ല പാർവതിക്ക്.
‘‘തമ്മിലുള്ള മിണ്ടാട്ടം മുടങ്ങിയതോടെയാ കുടി തുടങ്ങിയതെന്ന് തോന്നണു. അന്തംവിട്ട കുടി. എന്തിലും അങ്ങേയറ്റം തന്നെ… പിന്നെ വഴക്കും ഒച്ചപ്പാടും. കമ്പനി വിട്ടുവരണതന്നെ വല്ലാത്തൊരു കോലത്തിലായിരിക്കും.’’
‘‘ഹെന്റമ്മേ.’’
‘‘സെറ്റു കൂടീള്ള കുട്യന്നെ. അതോടെ ആളുടെ പ്രകൃതമാകെ മാറും. ചെകുത്താൻ കേറിയത് പോലെ.’’
‘‘ഇതൊക്കെ എനിക്കറിയില്ലായിരുന്നു.’’
‘‘നാട്ടിലെ തെമ്മാടിക്കൂട്ടത്തിലായിരുന്നപ്പോൾപോലും കുടിയില്ലായിരുന്നു. ഇവിടെ എത്തിയതിനു ശേഷമാണ് ഇങ്ങനെ വഷളായത്. വൈകുന്നേരം ആടിയാടി വരണത് കണ്ടാ സങ്കടം തോന്നും. ചെലപ്പോ കീശേലും കാണും ചെറിയൊരു കുപ്പി. ഒരൂസം ആ യു.പിക്കാരൻ ഫോർമാൻതന്നെ വീട്ടിൽ കയറിവന്നു.
അന്ന് ജോലി കൊടുത്ത നല്ല മനുഷ്യൻ. മിടുക്കനായിരുന്ന അയാൾക്ക് പെട്ടെന്ന് എന്തുപറ്റിയെന്ന് അയാൾ വീണ്ടും വീണ്ടും ചോദിച്ചു. അയാളുടെ മുമ്പിൽ ഒന്നും ഉരിയാടാനാകാതെ ഞാൻ തല താഴ്ത്തി നിന്നു. ഇറങ്ങണതിനു മുമ്പ് പതിഞ്ഞ ശബ്ദത്തിൽ അയാൾ ഒരു സൂചനയും തന്നു. ഇങ്ങനെ പോയാൽ ചെലപ്പൊ ജോലീടെ കാര്യംതന്നെ ഇടങ്ങേറിലാവുംന്ന്. കൊറേ പരാതികൾ മോളിലേക്ക് പോയിട്ടുണ്ടെന്ന്… വേറൊരു ദിവസം ബഹളം കേട്ട് അടുത്ത വീട്ടുകാർ വരെ ചോദിക്കാൻ തൊടങ്ങിയപ്പോൾ…’’
‘‘അപ്പോൾ പാർവതി?’’
‘‘ഒരു വയസ്സ് തികഞ്ഞിട്ടില്ലാന്ന് തോന്നണു. നിന്നെ ഒന്നെടുത്തു ഓമനിക്കല് പോയിട്ട് തന്റെ പിഞ്ചുകുഞ്ഞിന്റെ മുഖത്തേക്കൊന്ന് നോക്കാറ് കൂടീല്ല്യായിരുന്നു ദുഷ്ടൻ! ഒടുവിൽ സഹിക്ക വയ്യാണ്ടായപ്പോൾ ഞാൻ പറഞ്ഞു, ഇങ്ങനെയാണെങ്കിൽ ഒരൂസം ഞാൻ മോളേംകൊണ്ട് ഏതെങ്കിലും അനാഥാശ്രമത്തിലും പോവുംന്ന്. അതോടെ കൊറച്ചൂസത്തേക്ക് ഇത്തിരി സ്വൈര്യണ്ടായിരുന്നു. കൊറേ കഴിഞ്ഞപ്പോൾ പിന്നേം തൊടങ്ങി.’’
‘‘ഒടുവിൽ?’’
‘‘പ്രതീക്ഷിച്ചതന്നെ.’’
അവിടെ സൗമിനിയുടെ തൊണ്ടയിടറി. ഒരക്ഷരം ഉരിയാടാനാകാതെ മൗനത്തിന്റെ പുറ്റിലേക്ക് ഒതുങ്ങുമ്പോൾ അവർ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.
കൂടുതലൊന്നും ചോദിക്കണമെന്ന് തോന്നിയില്ല പാർവതിക്ക്. മുഴുവൻ പറയാതെ ചിലതൊക്കെ ഊഹിക്കാൻ വിടണമെന്ന് അമ്മതന്നെ പറയാറുണ്ട്. ഒരാളുടെ ബുദ്ധിയും അറിവും വികസിക്കാൻ അതൊക്കെ ആവശ്യമാണത്രെ.
എന്തായാലും, ഒരു പെരുമഴ പെയ്തൊടുങ്ങിയതിന്റെ ആശ്വാസമുണ്ട് സൗമിനിയുടെ മുഖത്ത്. അങ്ങനെ അവരെ തനിച്ചിരിക്കാൻ വിട്ട് അവൾ പതുക്കെ തന്റെ മുറിയിലേക്ക് കടന്നു.
ഉറങ്ങാൻ കിടക്കുമ്പോൾ പാർവതിയുടെ മനസ്സും ഏതൊക്കെയോ അറിയാത്ത വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. എന്തൊക്കെയോ കേട്ടു. അതൊക്കെ നേരോ കിനാവോ എന്ന് അറിഞ്ഞൂടാ. അറിയണമെന്ന് താൽപര്യവുമില്ല. എന്തായാലും മനസ്സിന്റെ ഈ സ്വച്ഛന്ദസഞ്ചാരങ്ങൾ അമ്മക്ക് കൊടുക്കുന്ന അയവും കുളിർമയും ചെറുതാവില്ല. ആരും കാണാത്ത ആകാശവിതാനങ്ങളിൽ ചിറക് വിടർത്തി പറക്കുന്നതുപോലെ. പക്ഷേ അമ്മ പറഞ്ഞതിൽ എവിടെയോ ഒക്കെ കുറെ വിടവുകൾപോലെ. വലിയ വിടവുകൾ.
അക്കാലത്തു ശാന്തിനഗർ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നെങ്കിൽതന്നെ ഇവിടെ ദീർഘദൂര വണ്ടികൾ നിറുത്തുമായിരുന്നോ? അമ്മ എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുന്നതുപോലെ. ഇതൊക്കെ ശരിക്കും നടന്നതാണോ? അതോ അവരുടെ തോന്നലുകളോ? കള്ളം മറയ്ക്കാൻ കഴിവില്ലാത്ത അവരുടെ മുഖം അപ്പോഴും കാറ് കെട്ടി നിൽപ്പാണ്. ഇനിയും പെയ്തൊഴിയാത്ത ഇരുണ്ട ആകാശം…
ഒരിക്കൽ അച്ഛൻ പണിയെടുത്തിരുന്ന ഫാക്ടറി കാണണമെന്ന് അവൾ പറഞ്ഞപ്പോൾ അമ്മ തെല്ലൊന്ന് പരുങ്ങുന്നതുപോലെ.
‘‘എന്തിനാ ഇപ്പൊ അതൊക്കെ കാണണേ?’’
‘‘മൊബൈലിൽ ഒരു ഫോട്ടോ എടുത്തുവയ്ക്കാല്ലോ.’’
‘‘അതൊക്കെ ഇപ്പഴും അവടെ ഉണ്ടോന്നു ആർക്കറിയാം?’’
‘‘ഫാക്ടറിയൊക്കെ ആര് ഇളക്കിക്കൊണ്ട് പോകാൻ?’’
‘‘ആ…’’
“അമ്മ കണ്ടിട്ടില്ലേ?’’
‘‘ഞാനൊന്നും കണ്ടിട്ടില്ല. അല്ലെങ്കിൽ ആ പഴയ കാലത്തിന്റെ പടങ്ങളൊക്കെ ആർക്ക് വേണം?’’ അലസമായ ശബ്ദം.
അതോടെ ഒരു കാര്യം ഉറപ്പായി പാർവതിക്ക്. അമ്മ എന്തൊക്കെയോ കാര്യമായി ഒളിക്കുന്നുണ്ട്. ഈ താൽപര്യക്കുറവ് കാണുമ്പോൾ അച്ഛൻ എന്ന ഒരാൾ ഉണ്ടായിരുന്നോയെന്നുപോലും തോന്നിപ്പോകുന്നു. ഒരു പെൺകുട്ടിക്ക് ഒരിക്കലും സങ്കൽപിക്കാനാവാത്ത ഒരു കാര്യം.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കിനാവിൽ വന്നത് അമ്മാമ്മയുടെ അമ്മ വലിയ മുത്തശ്ശിയായിരുന്നു. അതേ മുഖച്ഛായ. അതേ പഞ്ഞിക്കെട്ട് മുടി. വെള്ള റൗക്ക. കഴുത്തിൽ സ്വർണം കെട്ടിയ രുദ്രാക്ഷമാല. വെള്ളക്കല്ല് പതിച്ച കമ്മൽ. അതേ നിറത്തിലുള്ള മൂക്കുത്തിയും. നെടുമ്പുരയിലെ ചുമരിൽ തൂങ്ങിക്കിടന്നിരുന്ന പല ചിത്രങ്ങളിൽ ഒന്ന്. അടുത്തായിട്ട് തനിക്ക് ഇത്തിരി സ്ഥലം ഒഴിച്ചിട്ടിട്ടുണ്ടെന്ന് അമ്മാമ്മ തമാശയായി പറയാറുണ്ട്. അല്ലെങ്കിലും ഒരു പ്രായം കഴിഞ്ഞാൽ ചുമരിലെ ചിത്രമായി തൂങ്ങേണ്ടവരാണ് മുൻ തലമുറക്കാർ. പക്ഷേ അമ്മാമ്മയുടെ കാലം കഴിഞ്ഞാൽ ആ ചുവർ ഒഴിഞ്ഞുതന്നെ കിടക്കും, പാർവതി ഓർത്തു. ആ നാടിനോട് ഒട്ടും അടുപ്പമില്ലല്ലോ സൗമിനിക്ക്.
‘‘നിന്നെ കണ്ടിട്ട് ഒരുപാട് നാളായി. ഇപ്പോൾ അവടെ നടക്കണതൊക്കെ കാണുമ്പൊ ചെലതൊക്കെ പറയണംന്ന് തോന്നാറുണ്ട്. ഇന്നാ ഇത്തിരി സമയം കിട്ടിയത്.’’
മുത്തശ്ശിയുടെ ചിലമ്പിയ ശബ്ദം കേട്ടപ്പോൾ പാർവതി ഞെട്ടി. കേൾക്കാത്ത ശബ്ദം. നേരിൽ കാണാത്ത മുത്തശ്ശി. അമ്മപോലും കണ്ടിട്ടുണ്ടോയെന്ന് സംശയം. എന്താണ് മുത്തശ്ശിക്ക് തന്നോട് മാത്രമായി പറയാനുള്ളത്? ചിത്രത്തിൽ കണ്ടു മറന്ന മുത്തശ്ശി.
‘‘നിന്റെ അമ്മേടെം അമ്മാമ്മേടെം ഇപ്പഴത്തെ പോക്ക് അത്രക്ക് ശരിയല്ലാട്ടോ. എന്തോ ഒരു പന്തികേട്. അമ്മ പറയണതൊക്കെ നീ വിശ്വസിക്കണുണ്ടോ?’’
ഇല്ലെന്ന് പറയണമെന്ന് തോന്നി. പക്ഷേ തൊണ്ട വരണ്ടിരിക്കുകയാണ്. ഒരക്ഷരംപോലും പുറത്തുവരുന്നില്ല.
‘‘ചുറ്റും കാണണതും കേക്കണതും മുഴുവൻ വിശ്വസിക്കരുത്, കുട്ടീ. കാലം പെശകാണ്. ഞങ്ങടെ കാലം പോലല്ല.’’ വല്ലാതെ മുഴക്കമുള്ള ശബ്ദം. മറുലോകത്തിന്റെ ശബ്ദം…
പെട്ടെന്ന് ഞെട്ടിയുണരുമ്പോൾ ആകെ വിയർത്തു കുളിച്ചിരുന്നു. ഫ്രിഡ്ജിൽനിന്ന് കുറെ തണുത്ത വെള്ളം കുടിച്ചിട്ടും ദാഹം മാറുന്നില്ല.
എന്തിന് ഇതൊക്കെ പറയാൻ മുത്തശ്ശി എന്റെ സ്വപ്നത്തിൽ കടന്നുവന്നു? അമ്പരക്കുകയാണ് പാർവതി.
(തുടരും)
ചിത്രീകരണം: സതീഷ് ചളിപ്പാടം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.