13. വിലാസിനിയും സൗമിനിയും
ഒരുദിവസം ഒട്ടും പ്രതീക്ഷിക്കാതെ തന്റെ പോസ്റ്റ്ബോക്സിൽ ഒരു കത്ത് കിടക്കുന്നത് കണ്ടപ്പോൾ സൗമിനി പകച്ചുപോയി. പൊതുവെ ആരും അവർക്ക് കത്തയക്കാറില്ല. ആർക്കും കത്തെഴുതാറുമില്ല. എഴുതാൻ തുടങ്ങുമ്പോൾ മലയാളം അക്ഷരങ്ങൾ മറന്നു പോകുന്നതുപോലെ. മിക്ക പണികളും ലാപ്ടോപ്പും ടാബും ഫോണും ചെയ്യുന്നു. ഇത് വാട്സ്ആപ്പിന്റെയും എസ്സെമ്മസിന്റെയും കാലം. ഒരു കത്ത് കിട്ടിയിട്ടുതന്നെ കാലമേറെയായി. അതുകൊണ്ട് താഴെനിന്ന് കയറിവരുമ്പോൾ ആ എഴുത്തുപെട്ടി തുറന്നുനോക്കാറേയില്ല.
വാച്ച്മാൻ സൂചിപ്പിച്ചപ്പോളാണ് താക്കോൽ തപ്പി കണ്ടുപിടിച്ചത്. ആ പെട്ടി എന്നും തുറന്നുനോക്കുന്നത് ശിവകാമിയുടെ മകൾ കാവേരി മാത്രമാണത്രേ. മെഡിസിൻ എൻട്രൻസ് പരീക്ഷ തുടർച്ചയായി എഴുതുന്ന അവളുടെ വരാത്ത കത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടുപോകുകയാണ്. വാച്ച്മാൻമാർ അവളെ രഹസ്യമായി വിളിക്കുന്നത് ‘ഇംഗ്ലീഷ് മീഡിയം’ എന്നാണ്. ഹിന്ദുസ്ഥാനി വെടിപ്പായ ഇംഗ്ലീഷിൽ പറയുന്ന മദ്രാസി പെണ്ണ്! കാലം ഇത്രയായിട്ടും യാതൊരു മാറ്റവുമില്ലത്രേ.
അത് വിലാസിനിയുടെ കത്താണെന്ന് കണ്ടപ്പോൾ സൗമിനി തുള്ളിച്ചാടി. കാലമിത്രയായിട്ടും ഒട്ടും തളരാത്ത സുന്ദരമായ കൈപ്പട. പതിവുള്ള ഇളം റോസ് കടലാസിൽ ഒരു നീണ്ട കത്ത്. റോസ് ചങ്ങാത്തത്തിന്റെ നിറമാണെന്ന് അവൾ എപ്പോഴും പറയാറുണ്ട്. രണ്ടു താളുകളിലായി വളരെ നീണ്ടൊരു കത്ത്. പലതും ചോദിച്ചറിയാനുള്ള വെപ്രാളം -വിലാസിനി എഴുതിയിരിക്കുന്നു.
“ശരിക്കും എവിടെയാണ് നീ? നീ എവിടെയെങ്കിലും ഉണ്ടോ? നിന്റെ വിലാസവും ഫോൺനമ്പറും കിട്ടാനായി ഞാൻ ആരെയൊക്കെ കോണ്ടാക്ട് ചെയ്തുവെന്നറിയോ? ആർക്കും ഒരു പിടിയുമില്ല. ഒപ്പം, പഠിച്ചിരുന്നവരിൽ മിക്കവരും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമായി ചിതറിക്കിടക്കുന്നു. പിന്നെ കുറെ പേർ ഭർത്താക്കന്മാരുടെ കൂടെ വിദേശത്തും. ഒട്ടുമിക്ക പേരെയും കണ്ടെത്തി ഞങ്ങടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തിട്ടുണ്ട്.
ഞാനാണ് അതിന്റെ അഡ്മിൻ. കഴിഞ്ഞ വെക്കേഷന് ഞങ്ങൾ കുറെ പേര് ഊട്ടിയിൽ ഒത്തുകൂടി. ഭർത്താക്കന്മാരുടെയും മക്കളുടെയും ശല്യമില്ലാതെ അവിടെ രണ്ടുദിവസം ശരിക്കും തകർത്തു. അവിടെ എല്ലാവരും ചോദിച്ചത് നമ്മുടെ പ്രിയപ്പെട്ട സൗമിനി ഇപ്പോൾ എവിടെയാണെന്നാണ്. ഞാൻ ചിലതൊക്കെ കേട്ടിരുന്നെങ്കിലും ഒന്നും വിട്ടുപറഞ്ഞില്ല. നിങ്ങളുടെ നാടല്ലേ. കുസൃതിയും കുന്നായ്മയും ചിലരുടെ ഒരു ഹോബിയാണ് അവിടെ...”
പെട്ടെന്ന് തങ്ങളുടെ കൗമാരക്കാലത്തേക്ക് തിരിച്ചുപോയതുപോലെ തോന്നി സൗമിനിക്ക്. മുടി ഇരുവശത്തേക്കും വകഞ്ഞു പിന്നിയിട്ട ചന്തക്കാരി പെൺകുട്ടിയുടെ ചിത്രം ഉള്ളിൽ തെളിഞ്ഞുവന്നു. അമ്മയുടെ പ്രിയപ്പെട്ട മകൾ. പോസ്റ്റ്മാഷ് സ്ഥലം മാറിപ്പോയ ശേഷം അങ്ങോട്ടുമിങ്ങോട്ടും ചില കത്തുകൾ കൈമാറിയിരുന്നു. സൗമിനി കോളേജിൽ കേറിയതിനുശേഷം അത് എങ്ങനെയോ മുറിഞ്ഞുപോയി. പിന്നീടുള്ള ജീവിതം മുഴുവനും വല്ലാത്തൊരു തിരയിളക്കങ്ങളുടെ കാലമായിരുന്നതുകൊണ്ട് ആരോടും ബന്ധപ്പെടണമെന്നു തോന്നിയതുമില്ല.
വടക്കെവിടെയോ ഒരു സ്റ്റീൽ കമ്പനിയിലെ ജനറൽ മാനേജർ ആണത്രെ അവളുടെ ഭർത്താവ്. രണ്ടു ആൺമക്കൾ. രണ്ടുപേരും പഠിക്കാൻ മിടുക്കന്മാർ. മൂത്തയാൾ എൻജിനീയറിങ് പാസായി ലണ്ടനിൽ. ഇളയവൻ അഹമ്മദാബാദ് ഐ.ഐ.എമ്മിൽ പഠിക്കുന്നു.
‘‘നിനക്ക് ഒരു മോള് മാത്രമല്ലേ ഉള്ളൂ? അവൾ എന്തുചെയ്യുന്നു? നിന്റെ ഹസ്ബൻഡ്? അച്ഛൻ പലയിടത്തും ജോലിചെയ്തിട്ടുള്ളതുകൊണ്ട് ഞങ്ങൾ പല നാടുകളിലും കഴിഞ്ഞിട്ടുണ്ട്. എന്നാലും കൂട്ടത്തിൽ ഏറ്റവും ഇഷ്ടം നിങ്ങളുടെ നാടിനോടാണ്. ഒരുപക്ഷേ, നിന്റെ കുടുംബവുമായുള്ള ബന്ധമാവാം ഒരു കാരണം. എന്തായാലും, ആ സ്ഥലം ഇഷ്ടപ്പെട്ടതുകൊണ്ട് അവിടെനിന്നുള്ള ഒരു മാറ്റം ആവുന്നത്ര വൈകിക്കാൻ അച്ഛൻ നോക്കിയിട്ടുണ്ട്. സത്യത്തിൽ ജനിച്ചുവളർന്ന പെരിന്തൽമണ്ണയുമായി എനിക്ക് കാര്യമായ അടുപ്പമൊന്നുമില്ല. അച്ഛനും അമ്മയും മരിച്ചതിനുശേഷം ഞാൻ അവിടെ പോയിട്ടില്ല.
ആകെക്കൂടിയുള്ളത് ചില ബന്ധുക്കളാണ്. അവരുടെ ചടങ്ങുകൾക്കെല്ലാം ക്ഷണം വരാറുണ്ട്. അതിനൊക്കെ കൃത്യമായി സന്ദേശങ്ങളും അയക്കാറുണ്ട്. ഇത്രയും ദൂരെനിന്ന് എനിക്ക് ചെല്ലാൻ പറ്റില്ലെന്ന് എല്ലാവർക്കുമറിയാം. നോക്കാനായി ആരുമില്ലാത്തതുകൊണ്ട് കുറച്ചു കവുങ്ങിൻ തോട്ടങ്ങളുണ്ടായിരുന്നതെല്ലാം കിട്ടിയ വിലക്ക് വിറ്റുകളഞ്ഞു. ഏതാണ്ട് അതുപോലെതന്നെയാണ് അദ്ദേഹത്തിന്റെ കാര്യവും. മുംബൈയിൽ ജനിച്ചുവളർന്ന ആ പാലക്കാട്ടുകാരന് നാട്ടിൽ വേരുകളില്ല...”
കാലത്തെ കടന്നുപോകാൻ താൽപര്യമുള്ള വിലാസിനിക്ക് പലതും പറയാനുണ്ട്, കേൾക്കാനും...
അവളുടെ കുടുംബവിശേഷങ്ങൾ വായിച്ചപ്പോൾ സൗമിനിയുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ വാക്കിന് മറുവാക്കില്ലാത്ത വീട്. സ്നേഹസമ്പന്നനായ ഭർത്താവ്. അവൾ അയാളെ കളിയാക്കിവിളിക്കുന്നത് ‘ബോസ്’ എന്നാണത്രെ. സ്വന്തമായ ഇടങ്ങൾ കണ്ടെത്തിക്കഴിഞ്ഞ ആൺമക്കൾ. കമ്പനിയിൽതന്നെ പിടിപ്പത് പണിയുള്ളതുകൊണ്ട് ഭർത്താവ് പലപ്പോഴും വൈകിയാണ് മടങ്ങിയെത്തുക. എന്നാലും ഓഫീസിൽനിന്നു തന്നെ ഇടക്കൊക്കെ അവളെ വിളിക്കാറുണ്ട്. അതുപോലെ മക്കളും.
അഹമ്മദാബാദിൽനിന്ന് മിക്കവാറും എല്ലാ രാത്രികളിലും. അമേരിക്കയിൽനിന്ന് ആഴ്ചയിലൊരിക്കൽ വീഡിയോകാളിൽ. ഓഫീസിൽനിന്ന് മടങ്ങിയെത്തിയാൽ പൂർണമായും ‘ഫാമിലി ടൈം’ ആണ്. അവർക്കിടയിൽ രഹസ്യങ്ങളില്ല. എല്ലാ കാര്യങ്ങളും തമ്മിൽ പറയാറുണ്ട്. അതിനിടക്ക് ഫോൺ പൊതുവെ സൈലന്റ് ആയി വെക്കാൻ ശ്രമിക്കാറുണ്ട് ഭർത്താവ്. അവൾക്ക് മൂപ്പര് ബോസ് ആണെങ്കിലും വീട്ടിലെ ബോസ് താൻ ആണെന്ന് പറയാറുണ്ട്.
വിലാസിനി എഴുതിയിരിക്കുന്നു:
“സാധാരണ വേനൽക്കാലത്ത് ഞങ്ങൾ ഏതെങ്കിലും ഹിൽസ്റ്റേഷനിൽ പോകാറാണ് പതിവ്. യൂറോപ്പ് മുഴുവനും ഏതാണ്ട് കണ്ടുകഴിഞ്ഞു. ഇനി പോകാൻ പ്ലാനുള്ളത് സ്കാൻഡിനേവിയൻ രാജ്യങ്ങളിലും സ്പെയിനിലും. അത് അടുത്ത തവണ. പിന്നത്തെ കൊല്ലം രണ്ടു മക്കളോടൊപ്പം ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും. ഇങ്ങനെയൊക്കെ പരിപാടി ഇട്ടുകഴിഞ്ഞു, എന്തൊക്കെ നടപ്പിലാകുമെന്നു ആർക്കറിയാം, മനുഷ്യന്റെ കാര്യമല്ലേ? എന്തായാലും ഇത്തവണ രണ്ടു മൂന്നു മാസം മുമ്പ് എന്റെ നിർബന്ധം കാരണം നിന്റെ നാട്ടിൽ പോയി. അത്രയേറെ പറഞ്ഞിരിക്കുന്നു ഞാൻ ആ ഗ്രാമത്തെപ്പറ്റി.
അടുത്ത ടൗണിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. അവിടന്ന് ടാക്സിയിലാണ് പോയത്. കുന്നിൻമുകളിൽ നമ്മളിരുന്നു സ്വപ്നംകാണാറുള്ള ആ പാറയെപ്പറ്റി ഞാൻ ഒരുപാട് പറഞ്ഞിട്ടുള്ളതുകൊണ്ട് അത് കാണാൻ മൂപ്പർക്കും വലിയ താൽപര്യമായിരുന്നു. സന്ധ്യയാകുന്നതുവരെ ആ പുഴയെ നോക്കി ഇരുന്നെങ്കിലും ഒരു സ്വപ്നവും കാണാൻ പറ്റിയില്ലല്ലോന്ന് പറഞ്ഞു എന്നെ ഒരുപാട് കളിയാക്കി. പ്രായത്തിന്റെ വ്യത്യാസമാണ് കാരണമെന്ന് പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചതുമില്ല.
പിറ്റേന്നാണ് നിന്റെ അമ്മയെ കാണാൻ പോയത്. അങ്ങേർക്കു വിശ്വസിക്കാൻ പറ്റിയില്ല. ഇപ്പോഴും എന്തു സ്നേഹമാണവർക്ക്. ഇത്രയും വലിയ വീട് ഒഴിഞ്ഞുകിടക്കുമ്പോൾ എന്തിനാണ് ഹോട്ടലിൽ താമസിച്ചതെന്ന് ചോദിച്ചു കുറച്ചു ശകാരിച്ചു. എന്റെ മുടി കൊറേ കൊഴിഞ്ഞുപോയത് ശരിക്ക് താളിതേച്ചു കുളിക്കാഞ്ഞിട്ടാണത്രെ. എന്നാൽ, മുടിയിൽ നരയും വീഴില്ലത്രേ. നഗരങ്ങളിൽ നമ്മൾക്കൊക്കെ കിട്ടുന്നത് ഏതുതരം വെള്ളമാണെന്ന് അവർക്കൊരു പിടിയുമില്ലല്ലോ.”
വേറെ ചിലതുകൂടി പറയാനുണ്ട് വിലാസിനിക്ക്.
“നിന്റെ മകളെപ്പറ്റി പറഞ്ഞപ്പോഴൊക്കെ അമ്മയുടെ മുഖത്തു കാണാനായ ആ വാത്സല്യം കുറച്ചൊക്കെ മനസ്സിലാക്കാം. എപ്പോഴും പേരക്കുട്ടികളോട് ആയിരിക്കുമല്ലോ മുൻ തലമുറക്ക് കൂടുതൽ ഇഷ്ടം. പക്ഷേ നിന്റെ കാര്യം ചോദിച്ചപ്പോഴൊക്കെ അവരുടെ മുഖത്തു കണ്ട താൽപര്യക്കുറവ് ഞങ്ങളെ വല്ലാതെ അലട്ടി. എന്താണിങ്ങനെ എന്ന് ഭർത്താവ് പലതവണ ചോദിച്ചിട്ടും ഞാനൊന്നും വിട്ടുപറഞ്ഞില്ല. അമ്മയുമായുള്ള ബന്ധം കൂടുതൽ വഷളാകാതെ നോക്കേണ്ടത് നിന്റെ ചുമതലയാണ്.
എന്നേക്കാൾ ഏറെ ബുദ്ധിയുള്ള നിന്നെ അതൊക്കെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലല്ലോ. എന്തായാലും, അതുകണ്ടപ്പോൾ വല്ലാതെ തോന്നിയതുകൊണ്ട് ഞാൻ അപേക്ഷിക്കുകയാണ്. ഉപദേശിക്കുകയല്ല. ഈ അകലം കുറച്ചേ പറ്റൂ. അവരൊക്കെ പ്രായമായവരല്ലേ, അപ്പോൾ അവരുടെ സ്വഭാവത്തിലും ചില ഏങ്കോണിപ്പുകൾ കണ്ടേക്കും. അതൊക്കെ ക്ഷമിക്കേണ്ടത് നമ്മളല്ലേ?”
അവളുടെ വലിയ അത്ഭുതം അമ്മയും മകളും തമ്മിൽ ഫോണിൽപോലും ബന്ധപ്പെടാറില്ലെന്നതാണ്. ആകെക്കൂടിയുള്ള പാലം പേരക്കുട്ടിയാണ്. സൗമിനിയുടെ ഫോൺനമ്പർ അവർക്കറിയില്ല. വിലാസം ചോദിച്ചപ്പോൾ അതുമറിയില്ല. പിന്നീട് അച്ചുവേട്ടനാണ് ഒരു കുത്തിക്കുറിപ്പ് തന്നത്. അങ്ങേര്ടെ ഭാര്യ ഒരു ഡയറിയിൽ കുറിച്ചിട്ടിരുന്നു. അത് ഇംഗ്ലീഷിലാക്കിയെടുത്തു. അതുകൊണ്ട് ഈ കത്ത് ശരിക്ക് കിട്ടുമോയെന്നുതന്നെ ഉറപ്പില്ല...
അങ്ങനെ പോകുന്നു ആ കത്ത്. കൂട്ടത്തിൽ ഒന്നുകൂടി. എന്തായാലും സൗമിനി ഏറെക്കാലമായി വേറൊരു സ്ഥലം താവളമാക്കിക്കഴിഞ്ഞല്ലോ. ഇനിയൊരിക്കൽ അവിടന്ന് നാട്ടിലേക്കു മടങ്ങുമെന്ന പ്രതീക്ഷയും എനിക്കില്ല. അതുകൊണ്ട് ചെന്നുപെട്ട സ്ഥലത്ത് അവനവന്റെ സാന്നിധ്യം തെളിയിക്കാൻ ആവുന്നത്ര ശ്രമിക്കുക. ഒരു പഴയ കൂട്ടുകാരിയെന്ന നിലയിൽ അത്ര മാത്രമേ എനിക്ക് പറയാനുള്ളൂ...
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ലാലാജി ട്രസ്റ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന സ്കൂളിന്റെ ഗവേണിങ് കൗൺസിലിന്റെ ആദ്യയോഗം സൗമിനിയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമായി മാറി. നഗരത്തിലെ പല രംഗങ്ങളിലും പ്രവർത്തിക്കുന്ന കുറെ സ്ത്രീകളായിരുന്നു അതിലെ മറ്റു അംഗങ്ങൾ. പലരും സൗമിനിയെക്കാൾ പ്രായക്കൂടുതലും ലോകപരിചയവും ഉള്ളവർ. ലാലാജി ട്രസ്റ്റിന്റെ ക്ഷണം തള്ളിക്കളയാൻ മടിയുള്ളവർ. ഇവരുടെയെല്ലാം നടുവിൽ കൗൺസിലിന്റെ ചെയർപേഴ്സൺ എന്ന നിലയിൽ ഒരു വശത്തുള്ള ഒരു പ്രധാനപ്പെട്ട കസേരയിൽ ഇരുന്നത് തന്നെ ചെറിയൊരു പരുങ്ങലോടെയാണ്.
അർഹിക്കാത്ത എവിടെയോ ചെന്നുപെട്ടതുപോലെ. അപ്പോഴും സൗമിനിയുടെ മനസ്സിൽ പൊങ്ങിവന്ന ഒരേയൊരു സംശയം എന്തിനു ഞാൻ എന്ന പഴയ ചോദ്യംതന്നെ. ഉടൻതന്നെ അവർതന്നെ ഉത്തരം കണ്ടെത്തുകയും ചെയ്തു. ഇവരൊക്കെ നഗരത്തിലെ ഹെവിവെയിറ്റുകൾ ആണെങ്കിലും ട്രസ്റ്റിന് വേണ്ടത് ‘പ്രവർത്തിക്കുന്ന ഒരു തലവനെ’യാണ്. മറ്റുള്ളവരൊക്കെ ഈ സ്ഥാപനത്തിന് ഒരു ആധികാരികത കൊടുക്കാൻ ആ കസേരകളിൽ ഇരിക്കുന്നുവെന്ന് മാത്രം. സുഷമാജി പറഞ്ഞതുപോലെ അവരൊക്കെ വല്ലപ്പോഴും വന്നുകയറുന്ന അതിഥികൾ മാത്രം.
എന്തായാലും, സുഷമാജി പറഞ്ഞതുപോലെ, പുതുതായി തുടങ്ങുന്ന സ്ഥാപനത്തിനായി ചില വ്യക്തമായ മാർഗനിർദേശങ്ങൾ കൊടുക്കാനായി സൗമിനിക്ക്. ഭാവിയിലേക്ക് ഉറ്റുനോക്കിക്കൊണ്ടാണ് ഇങ്ങനെ ഒരു പദ്ധതിയെപ്പറ്റി ലാലാജി ഗ്രൂപ്പ് ആലോചിക്കുന്നത്. സെറിബ്രൽ പാൾസി മറ്റുരാജ്യങ്ങളിൽ കൂടുതലായി കാണപ്പെടു ന്നത് ആൺകുട്ടികളിൽ ആണെന്നത് പലരെയും വല്ലാതെ അലട്ടുന്നു. ഒരുപക്ഷേ നമ്മുടെ രാജ്യത്തും അങ്ങനെതന്നെയായിരിക്കും. അത്തരം കുട്ടികളെ വേണ്ടപോലെ പരിപാലിക്കാനും അവരിൽ മറഞ്ഞുകിടക്കുന്ന കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാനുമായി ഒരു സ്ഥാപനം. ഭാവിയിൽ ശാന്തിനഗറിനുതന്നെ അഭിമാനമായി മാറിയേക്കാവുന്ന ഒരു സ്ഥാപനം... അതൊക്കെയാണ് അവരുടെ മനസ്സിൽ...
സൗമിനിയുടെ ആമുഖം നന്നായി സ്വീകരിക്കപ്പെട്ടു എന്നത് മറ്റു മുഖങ്ങളിലെ പ്രതികരണങ്ങളിൽനിന്ന് വ്യക്തമായി. കൂട്ടത്തിൽ ചെറുപ്പക്കാരിയായ പത്രപ്രവർത്തകയുടെ മുഖത്തെ ചെറിയൊരു ആരാധനാഭാവവും. ആ യോഗം ഉദ്ദേശിച്ചതിലും കൂടുതൽ നീണ്ടുപോയെങ്കിലും ആരും പോകാനായി എണീറ്റില്ല. മൊബൈൽ തുറന്നതുമില്ല. യോഗം തുടങ്ങുന്നതിനു മുമ്പ് തന്നെ മൊബൈൽ സൈലന്റിൽ ഇടണമെന്ന് അപേക്ഷിച്ചിരുന്നു. എല്ലാവരും പുറത്തിറങ്ങിയ ശേഷം ആ പത്രക്കാരി അടുത്തുകൂടി.
‘‘ഞാൻ പൂർണിമ. ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഇവിടത്തെ പ്രതിനിധിയാണ്. മാഡത്തിന്റെ ഹിന്ദി കേട്ടപ്പോൾ ഒരു മദ്രാസിയാണെന്ന് തോന്നിയതേയില്ല.’’
‘‘മദ്രാസിയല്ല, മലയാളി.’’ സൗമിനി ഒരു ചെറുചിരിയോടെ തിരുത്തി. ‘‘മദ്രാസ് ഞങ്ങളുടെ അയൽ സംസ്ഥാനമാണെങ്കിലും ഞങ്ങൾ അവിടത്തുകാരല്ല. പിന്നെ പഴയ മദ്രാസ് സംസ്ഥാനം ഇന്നില്ല. അതിന്നു തമിഴ്നാടാണ്.’’
‘‘സോറി, പറഞ്ഞുപറഞ്ഞു ശീലമായിപ്പോയി. പിന്നെ ഇവിടെ നിങ്ങളുടെ നാട്ടുകാർ അധികം ഇല്ലതാനും...’’
‘‘ഞാൻ പണ്ടുതന്നെ പഠിച്ചു ഹിന്ദി പരീക്ഷകൾ പാസായിട്ടുണ്ട്. പിന്നെ ഇവിടെ വന്നശേഷം ഒഴുക്കോടെ സംസാരിക്കാനും പഠിച്ചു. ഇപ്പോൾ അത്യാവശ്യം പ്രസംഗിക്കാനും കഴിയും.’’
‘‘നന്നായി. ഇനി ഈ സിറ്റിയിലെ ചില ചടങ്ങുകളിൽ പ്രസംഗിക്കാനുള്ള ക്ഷണം കിട്ടിയേക്കും...’’
‘‘പക്ഷേ, എനിക്ക് തീരെ സമയമില്ല. ഒരുപാട് ബദ്ധപ്പാടുണ്ട്.’’
‘‘അറിയാം. ഇവിടത്തെ ഒരു അറിയപ്പെടുന്ന കണക്ക് ടീച്ചർ ആണല്ലോ. പിന്നൊരു കാര്യം. മാഡത്തിന്റെ ഹിന്ദിയേക്കാൾ കേൾക്കാൻ രസം ഇംഗ്ലീഷാണ്. എന്റെ ഒരു ബന്ധുവിന്റെ മകൾ മാഡത്തിന്റെ ക്ലാസിൽ പഠിക്കുന്നുണ്ട്. അവളാണ് പറഞ്ഞത് മാഡം ഷേക്സ്പിയറിനെയും ഷെല്ലിയെയുമൊക്കെ പറ്റി ക്ലാസിൽ പറയാറുണ്ടെന്ന്. ഒരു കണക്ക് ടീച്ചർ അതൊക്കെ പറയുന്നതിൽ അവർക്ക് വലിയ അത്ഭുതം തോന്നി.’’
‘‘സത്യത്തിൽ ഇംഗ്ലീഷ് പ്രധാന വിഷയമായി പഠിച്ച് പിഎച്ച്.ഡി എടുക്കാനൊക്കെ ആയിരുന്നു മോഹം. പക്ഷേ, എങ്ങനെയോ വഴിതെറ്റി മാത് സിൽ എത്തിയെന്ന് മാത്രം.’’
വീട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും സുഷമാജിയുടെ വിളിവന്നു.
‘‘കൺഗ്രാറ്റ്സ് സൗമിനിജി. ഇന്നത്തെ തുടക്കം ഗംഭീരമായെന്ന് ആ പത്രക്കാരി പൂർണിമ പറഞ്ഞു. മിടുക്കത്തിയാണ് അവൾ.’’
‘‘കുറച്ചു പരിചയക്കുറവുണ്ടായിരുന്നെങ്കിലും പൊതുവെ കുഴപ്പമില്ലായിരുന്നുവെന്ന് തോന്നണു.’’
‘‘അത്രയൊക്കെ മതിയെന്നേ. ഇതൊരു പൊതുയോഗമല്ലല്ലോ. മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ആത്മാർഥതയോടെ സംസാരിച്ചാൽ മതിയല്ലോ. കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാവും അതൊക്കെ. ആത്മാർഥതയുടെ കുറവാണല്ലോ ഇന്നത്തെ പൊതുരംഗത്തെ പ്രധാന പ്രശ്നം. പറയുന്നതൊന്ന്, ചെയ്യുന്നത് മറ്റൊന്നും. ഇതൊക്കെ പൊതുജനം കാണുന്നുണ്ടെന്ന കാര്യം അവർ മറക്കുന്നു. നമ്മളൊന്നും സാധാരണ രാഷ്ട്രീയക്കാരല്ലല്ലോ. അൽപം സത്യസന്ധതയൊക്കെ ആവാം. പിന്നെ ആ പൂർണിമയുമായി പരിചയംവെക്കുന്നത് നല്ലതാണ്.
ഈ നഗരത്തിൽ ചുവടുറപ്പിക്കാൻ ഇത്തരം ബന്ധങ്ങൾ അത്യാവശ്യമാണ്. സംസ്ഥാനത്തെ ഏറ്റവും പ്രചാരവും വിശ്വാസ്യതയുമുള്ള ഇംഗ്ലീഷ് പത്രത്തിന്റെ ഇവിടത്തെ സീനിയർ കറസ്പോണ്ടന്റ് ആണവൾ. ജനങ്ങളുടെ പൾസ് ശരിക്കും അറിയാവുന്നവൾ. രണ്ടു മൂന്നു കൊല്ലത്തിനുള്ളിൽ അവൾ ബ്യൂറോ ചീഫ് ആയേക്കുമെന്നാണ് കേൾക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവർ അവളെ ഉപദേശക സമിതിയിൽ കൊണ്ടുവന്നതും.’’
ചുവടുറപ്പിക്കൽ... അതോ വേരിറക്കലോ? ഇത് അതിന് പറ്റിയ വളക്കൂറുള്ള മണ്ണാണോ എന്നൊന്നും ഒരിക്കലും ചിന്തിച്ചിട്ടില്ല. എന്തായാലും, വിലാസിനിയുടെ കത്തിലെ വാക്കുകൾക്ക് ഇപ്പോൾ ഒരുപാട് അർഥങ്ങൾ കാണാൻ കഴിയുന്നു. ‘‘ചെന്നുപെട്ട സ്ഥലത്തു സാന്നിധ്യം അറിയിക്കാൻ ശ്രമിക്കുക’’ എന്നാണ് അവൾ പറഞ്ഞത്. അല്ലെങ്കിലും അവളുടെ വാക്കുകളുടെ അർഥം ശരിക്ക് മനസ്സിലാക്കാൻ കുറച്ചുസമയം എടുക്കാറുണ്ട്.
“പിന്നെ, അധികം വൈകാതെ ഇതിന്റെ ഔപചാരിക ഉദ്ഘാടനം നടത്താനാണ് അവരുടെ പരിപാടി. ഒരു സീനിയർ മന്ത്രിയുടെ തീയതി കിട്ടാൻ കാത്തിരിക്കുകയാണ് ട്രസ്റ്റ്. അയാൾ വെറുമൊരു വാചകമടിക്കാരൻ ആണെങ്കിലും ഈ പ്രദേശത്ത് നല്ല സ്വാധീനമുള്ളയാളാണ്. മാത്രമല്ല, ഇവിടത്തെ ജാതിരാഷ്ട്രീയത്തിന്റെ പിൻബലംകൊണ്ട് അടുത്തതവണയും അയാൾ ജയിക്കുകയും മന്ത്രിയാകുകയും ചെയ്യും. അതുകൊണ്ട് ലാലാജി ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം അയാൾ ‘കാം കാ ആദ്മി’ (പ്രയോജനം ഉള്ള ആൾ) ആണ്.”
ചുവടുറപ്പിക്കലോ വേരിറക്കലോ? സുഷമാജി ഫോൺ വെച്ചതിനുശേഷവും അവരുടെ വാക്കുകൾ കാതിൽ മുഴങ്ങുന്നതായി സൗമിനിക്ക് തോന്നി. ദൂരെ ഏതോ നാട്ടിൽനിന്ന് ഏതോ കാലത്ത് ഇവിടെ അഭയം തേടുമ്പോൾ ഈ സ്ഥലം ഏതെന്നോ ഒരുകാലത്ത് തനിക്കിവിടെ വേരിറക്കാൻ കഴിയുമെന്നോ എന്നൊന്നും ആലോചിച്ചിട്ടില്ല ഒരിക്കലും. എന്നും ഇതൊരു കുടിയേറ്റക്കാരന്റെ ഇടത്താവളം മാത്രമായിരുന്നു. ഈ മണ്ണ് തനിക്ക് യോജിക്കുന്നതാണോയെന്നും ഇതേവരെ ആലോചിച്ചിട്ടില്ല.
പിന്നീട് ഈ നാടിനെയും അവിടത്തെ ആളുകളെ സ്നേഹിക്കാനും അവരോട് സൗമ്യമായി ഇടപെടാനും കഴിഞ്ഞത് സ്കൂളിലെ അധ്യാപന ജോലിയിൽനിന്നാണ്. സൗമിനി എന്ന പേരുതന്നെ പലരും സൗമ്യമായി ഇടപെടുന്ന ഒരാൾ എന്നനിലയിലാണ് കണ്ടത്. ഇപ്പോൾ പുതിയ ആശയങ്ങളും ആവശ്യങ്ങളും പൊങ്ങിവരുമ്പോൾ ഈ നാടുമായുള്ള ഇഴയടുപ്പം താനറിയാതെ മുറുകുന്നതുപോലെ. അതിൽ ഇവിടെത്തന്നെ ജനിച്ചുവളർന്ന മോളുടെ പങ്ക് വളരെ വലുതാണ്. അവളെ സംബന്ധിച്ചിടത്തോളം ഇത് അവളുടെ ജന്മനാട് തന്നെയാണ്. തന്റെ നാട് അവൾക്കൊരു വിദൂര സ്വപ്നവും. വല്ലപ്പോഴും പോയിവരാനുള്ള നാട്. അമ്മാമ്മയുടെ നാട്. അച്ചുവേട്ടന്റെയും ഇന്ദിരയുടെയും നാട്.
അൽപം കഴിഞ്ഞു തളർന്ന് അവശയായാണ് പാർവതി വന്നുകയറിയത്. വന്നപാടെ പങ്കയുടെ വേഗം കൂട്ടി അവൾ സോഫയിൽ വീണു.
“എന്താ മോളേ, എന്തേ ഇത്ര വൈകിയത്?”
“ഒന്നും പറയണ്ടാന്റെ അമ്മേ. കുട്ട്യോള് കൂടിവരുമ്പൊ ലേറ്റ് ആയിട്ടും ക്ലാസ് എടുക്കേണ്ടിവരും.’’
“സ്വാഭാവികം. ഓട്ടോവിലല്ലേ വന്നത്?”
“അല്ലാമ്മേ. ഞാൻ പഠിപ്പിക്കണ ഒരു കുട്ടീടെ ബൈക്കിന്റെ പൊറകിൽ കേറി. ഞാൻ വേണ്ടാന്ന് പറഞ്ഞിട്ടും അവള് നിർബന്ധിച്ചപ്പോൾ കേറാൻ തോന്നി. അവള് പോണതും ഈ വഴിതന്നെ. സെക്ടർ വണ്ണിൽ ആണെന്ന് മാത്രം.”
“ഞാൻ അന്നേ പറഞ്ഞതാ ലോൺ എടുത്തു ഒരു ബൈക്ക് വാങ്ങാന്ന്. അപ്പൊ കുട്ട്യന്നാണ് ഇപ്പൊ വേണ്ടാന്ന് പറഞ്ഞത്.”
“അതിനൊരു കാരണംണ്ട്. എന്തായാലും ഇനീള്ള പഠിപ്പിന് വേറൊരു സ്ഥലത്തു പോണല്ലോ. അതിനിടയിൽ ഇവടെ ഒരു ബൈക്കിന് പണം മുടക്കണ്ടാന്ന് കരുതി.”
“ആയിക്കോട്ടെ. അമ്മ ചായയെടുക്കാം.”
“ഇന്നത്തെ മീറ്റിങ്?”
“അസ്സലായി. ഒക്കെ വിശദായിട്ട് പറയാം. ആദ്യം നീ ചായ കുടിക്ക്.”
സൗമിനി തിടുക്കത്തിൽ അടുക്കളയിലേക്ക് നടന്നു. പാർവതി ഒരു പ്രത്യേകതരം ഹെർബൽ ചായ മാത്രമേ കുടിക്കൂ. അതും കടുപ്പത്തിലുള്ള കട്ടൻ. പാലും പഞ്ചസാരയും വേണ്ട. ചില കാര്യങ്ങളിൽ നിർബന്ധബുദ്ധിയാണവൾ. ഒരു വീടായാൽ ഒരു ജിം കൂടാതെ വയ്യെന്ന് അവൾ ആവർത്തിക്കാറുണ്ട്. പക്ഷേ, ഇന്നത്തെ ചുറ്റുപാടുകൾ അതിനു അനുവദിക്കുന്നില്ലെന്നുമാത്രം.
അൽപം കഴിഞ്ഞു ചുടുചായ മൊത്തിക്കുടിച്ചുകൊണ്ട് പാർവതി തെല്ലൊരു ആവേശത്തോടെ ചോദിച്ചു:
‘‘ഇന്നത്തെ പരിപാടി എങ്ങനെയിരുന്നുവെന്ന് പറഞ്ഞില്ലല്ലോ.’’
‘‘നന്നായെന്നാണ് പലരും പറഞ്ഞത്. പിന്നെ എന്റെ പ്രകൃതം വെച്ച് ഞാൻ ആരോടും ചോയ്ക്കാനും പോയില്ല. സത്യത്തിൽ എനിക്ക് വല്ല്യ തൃപ്തിയൊന്നും തോന്നിയില്ല. നമ്മളൊന്നും പ്രസംഗകരല്ലല്ലൊ. ഉള്ളിലുള്ള കാര്യങ്ങൾ ആത്മാർഥമായി പറഞ്ഞെന്ന് മാത്രം. ആ പത്രക്കാരി പൂർണിമ അതിഗംഭീരം എന്നാണ് പറഞ്ഞത്. സത്യത്തിൽ ഞാൻ അവളെ ആദ്യായിട്ടാണ് കാണണത്. പക്ഷേ, സുഷമാജി പറഞ്ഞത് അവൾ ഈ രംഗത്തെ ഒരു സൂപ്പർസ്റ്റാർ ആണെന്നാണ്.’’
‘‘ശര്യാ. സത്യത്തിൽ അവളെക്കൊണ്ട് ഒരു ഇന്റർവ്യൂ ചെയ്യിക്കാൻ പലരും പാടുപെടാറുണ്ട്. ആരെയും കൂട്ടാക്കാത്ത പ്രകൃതമായതുകൊണ്ട് മുകളിലുള്ളവരും ശുപാർശ ചെയ്യാറില്ല.’’
‘‘പിന്നെ ഈ സ്ഥാപനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഉടനെതന്നെ നടത്താനാണ് അവരുടെ പ്ലാൻ. ഒരു സീനിയർ മന്ത്രിയുടെ ഡേറ്റിന് വേണ്ടി കാത്തിരിക്കുകയാണ് അവർ.’’
‘‘അമ്മക്ക് കയറിപ്പോകാനുള്ള അടുത്ത ചവിട്ടുപടി.’’
‘‘ഒന്ന് ചുമ്മാതിരിക്കൂ മോളേ.’’
‘‘സത്യമാണ്. അമ്മക്ക് അമ്മയുടെ ഉള്ളിൽ മറഞ്ഞുകിടക്കണ കഴിവും ശക്തിയും പുറത്തുകാണിക്കാനുള്ള ശരിയായ അവസരം. ആദ്യത്തെ പബ്ലിക് അപ്പിയറൻസ്. ശാന്തിനഗറിലെ സാധാരണ ജനങ്ങളെ നേരിടാനുള്ള ഒരവസരം... ടേക്കിറ്റ് ഫ്രം മി, യൂ ആർ ഷുവർ ടു ഗോ പ്ലേസസ്.’’
‘‘എന്നെ വല്ലാതെയങ്ങു പൊക്കല്ലേ മോളേ. ഒടുവിൽ താഴേയിടേണ്ടിവരും.’’
‘‘ടീച്ചറമ്മ സ്വയമങ്ങു താഴാൻ നോക്കുവാണ്. അത്രക്ക് വിനയമൊന്നും പാടില്ല ഇന്നത്തെ കാലത്തു കഴിഞ്ഞുകൂടാൻ...’’
പിന്നീട് സ്വപ്നത്തിലെന്നോണം എന്തൊക്കെയോ പറഞ്ഞുപോകുകയായിരുന്നു സൗമിനി.
‘‘വെളുപ്പിന് ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഇടവേളകളിൽ അങ്ങനെ സഞ്ചരിക്കുകയായിരുന്നു ഞാൻ. പുലരിക്ക് മുമ്പുള്ള അരണ്ട വെട്ടത്തിലൂടെ... വഴുക്കലുള്ള വരമ്പത്തൂടെ. എങ്ങോട്ടെന്നറിയാതെയുള്ള യാത്ര. അതിശയാണ്, ആ വഴിയിലൊന്നും ഒരു കയറ്റവും കണ്ടില്ല. ഇറക്കവും. അറ്റം കാണാനാവാത്ത സമതലം. എനിക്കന്നെ അതിശയം തോന്നാറുണ്ട്. കിളികളും മരഞ്ചാടികളുമൊക്കെ മുകളിലെ കൊമ്പുകളിലാണ് നോട്ടമിടാറ്. അവരങ്ങനെ ചാടിച്ചാടി പോകും. പറന്നുപറന്നു പോകും. ഞാൻ മാത്രം എന്തേ ഇങ്ങനെ?”
“ഇറക്കങ്ങൾ മാത്രം കണ്ടയാളെ മോഹിപ്പിക്കണത് സമതലങ്ങളാവാം. പക്ഷേ, ഏതു ഇറക്കത്തിനും ഒരു കയറ്റം കൂടാതെ വയ്യല്ലോ.” പരന്ന ചിരിയാണ് പാർവതിയുടെ മുഖത്ത്.
“ഇത്ര നല്ല മലയാളം പറയാൻ നീ എന്നു പഠിച്ചു?”
“അമ്മേടെ ചോരയിലുണ്ടല്ലോ നമ്മടെ ഭാഷ.”
അവർ തമ്മിലുള്ള തർക്കം അങ്ങനെ നീണ്ടുപോയി. ഒടുവിൽ, തോറ്റ മട്ടിൽ സൗമിനി പിൻവാങ്ങിയതോടെ അന്നത്തെ നാടകം അവിടെ അവസാനിച്ചു.
പാർവതി പറഞ്ഞതുപോലെ ആ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഗംഭീരമായൊരു ചടങ്ങായിരുന്നു. പതിവിന് വിപരീതമായി മന്ത്രി മഹോദയനും പരിവാരങ്ങളും പറഞ്ഞ സമയത്തുതന്നെ പൊടിപരത്തുന്ന കാറുകളിൽ പാഞ്ഞെത്തി. ശിങ്കിടികളുടെ നിലക്കാത്ത ആരവം. നേതാവിനുള്ള ജയ് വിളികൾ. പടക്കങ്ങൾ. ഈ പ്രദേശത്ത് അദ്ദേഹത്തിനുള്ള സ്വാധീനം തെളിയിക്കുന്ന തരത്തിലൊരു ശക്തിപ്രകടനം. പന്തൽ നിറഞ്ഞുകവിഞ്ഞിരുന്നു. അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് വിശാലമായൊരു പന്തൽ ഒരുക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു സംഘാടകർ. പന്തലിന് പുറത്ത് അദ്ദേഹത്തെ സ്വാഗതംചെയ്യുന്ന ഒരു കൂറ്റൻ കട്ട്ഔട്ടും സ്ഥാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരുന്നതിനാലാവാം കഴിയുന്നത്ര ജനത്തെ അവിടെയെത്തിക്കാൻ അണികൾ ശ്രദ്ധിച്ചിരുന്നു.
ചുരുക്കത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇങ്ങനെയൊരു വലിയ സംരംഭം ഒരുക്കിയ ലാലാജി ട്രസ്റ്റിന്റെ സംഭാവന പുറകിലേക്ക് പോയി, എല്ലാം മന്ത്രിയുടെ പല നേട്ടങ്ങളിൽ ഒന്നായിമാത്രം വാഴ്ത്തപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞ കൈയടികളായിരുന്നു. സ്വന്തം തട്ടകം. അണികളുടെ പ്രോത്സാഹനം... അങ്ങനെ പ്രസംഗം നീണ്ടുപോയി. പതിവ് വാചകമടികളും പൊള്ളയായ വാഗ്ദാനങ്ങളും. ചിലർ കോട്ടുവായിട്ടു. ചിലയിടങ്ങളിൽ മൊബൈലുകൾ മിന്നി...
നീണ്ടകാലം രാജ്യത്തിനുവേണ്ടി പോരാടിയ കേണൽ വേദിയുടെ ഒരറ്റത്തിരുന്നു മീശ പിരിച്ചു ഈ തമാശകളൊക്കെ ആസ്വദിച്ചുകൊണ്ടിരുന്നു. അധ്യക്ഷയായി നടുവിലിരുന്ന ചെയർപേഴ്സൺ സുഷമക്ക് ഇതൊരു പതിവ് കോമഡി ഷോയാണെങ്കിൽ തെല്ലൊരു പരിഭ്രമത്തോടെ വേദിയുടെ അറ്റത്തിരിക്കുന്ന സൗമിനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു. തങ്ങളുടെ നേട്ടങ്ങൾക്കൊക്കെ പുതിയൊരു അവകാശി അരങ്ങത്തെത്തുന്ന കാഴ്ച അവർക്കും നന്നെ രസിച്ചു.
സദസ്സിൽനിന്ന് പാർവതി അമ്മയുടെ നേർക്ക് തള്ളവിരൽ ഉയർത്തിക്കാട്ടി. അടുത്തിരിക്കുന്ന നീലിമയുടെ മുഖത്ത് നിറഞ്ഞ ചിരി. പൂർണിമക്കാണെങ്കിൽ ഇതുപോലത്തെ തമാശകൾ എത്രയോ കണ്ടിരിക്കുന്നുവെന്ന മട്ട്.
പതിവ് പെർഫോമൻസിനു ശേഷം കൊടിവെച്ച കാറുമായി പൊടിപറത്തിക്കൊണ്ട് മന്ത്രിയും അനുചരന്മാരും പാഞ്ഞുപോയതോടെ പന്തൽ പാതിയും കാലിയായി.
‘‘ഇനി നമുക്കൽപം സീരിയസ് കാര്യങ്ങൾ കേൾക്കാം.’’ കേണൽ സുഷമയുടെ കാതിൽ പിറുപിറുത്തു. അതേവരെ ചിരിയടക്കാൻ പാടുപെട്ടിരുന്ന അവർക്കും ഒന്ന് ഉള്ളു തുറന്ന് ചിരിക്കാനായി. ശേഷിച്ച സദസ്സിനും ഇതേ അഭിപ്രായമായിരിക്കുമെന്ന കാര്യത്തിൽ അവർക്കും സംശയമുണ്ടായിരുന്നില്ല.
സുഷമാജിക്ക് ഔപചാരികതക്കപ്പുറമായി കാര്യമായൊന്നും പറയാനുണ്ടായിരുന്നില്ല. ജനം കാത്തിരുന്നത് സൗമിനി ടീച്ചറുടെ അവതരണത്തിനായിരുന്നു. പൊതുവേദിയിൽനിന്ന് അധികം കേൾക്കാത്ത ശബ്ദം. അവരാകട്ടെ ആരെയും നിരാശപ്പെടുത്തിയതുമില്ല. ഈ സ്ഥാപനം ഭാവിയിൽ എന്തൊക്കെയാണ് ചെയ്യാൻ പോകുന്നത് എന്നതിനെപ്പറ്റി അവർക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. ഈ കുട്ടികളിൽ പലരും അപകർഷതാബോധത്തോടെ മറ്റുള്ളവരിൽനിന്ന് അകന്നുനിൽക്കാൻ ശ്രമിക്കുന്നവരാണ്.
പ്രത്യേകിച്ചും ഇടത്തരക്കാരുടെ കുട്ടികൾ. അവരെ എങ്ങനെ നമ്മുടെ പൊതുസമൂഹവുമായി കൂട്ടിയിണക്കാൻ കഴിയും എന്നതാണ് പ്രശ്നം. തങ്ങൾക്ക് കിട്ടുന്ന വിവരംവെച്ച് അവരിൽ പലരും ഒരുപാട് കഴിവുകൾ ഉള്ളവരാണ്. മറഞ്ഞു കിടക്കുന്ന അത്തരം കഴിവുകൾ കണ്ടെത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അവർക്ക് വേണ്ടത് സിമ്പതിയല്ല എമ്പതിയാണ്, സൗമിനി ആവർത്തിച്ചു. അവരുടെ വികാരവിചാരങ്ങൾ അവരുടെതന്നെ കണ്ണിലൂടെ കാണാനുള്ള ശ്രമം.
അത്തരമൊരു താദാത്മ്യംകൊണ്ടേ ഉദ്ദേശിച്ച ഫലംകിട്ടാൻ സാധ്യതയുള്ളൂ... ഞങ്ങളുടെ പ്രവർത്തനത്തിന്റെ പുരോഗതിയനുസരിച്ചു രണ്ടാം ഘട്ടത്തിൽ വിദേശത്തുനിന്ന് ചില വിദഗ്ധന്മാരെ കൊണ്ടുവന്നു പരിശീലനം നടത്തിക്കാനും ആലോചിക്കുന്നുണ്ട്. ചുരുക്കത്തിൽ ഭാവിയിൽ ഒരു മാതൃകാ സ്ഥാപനമായി മാറി സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ളവരെയും ഇതുമായി ബന്ധപ്പെടുത്താൻ കഴിയണം...
നീണ്ടുനിന്ന കൈയടികളോടെയാണ് പന്തലിലുള്ളവർ ആ അവതരണത്തെ സ്വീകരിച്ചത്. യോഗത്തിനുശേഷം സൗമിനിയെ മാറ്റിനിർത്തി അഭിനന്ദിച്ചശേഷം കേണൽ ലേശം വികാരഭരിതനായാണ് സംസാരിച്ചത്.
“എന്റെ മനസ്സിലുള്ള കാര്യങ്ങൾതന്നെ അടുക്കും ചിട്ടയുമായി ടീച്ചർ വിവരിക്കുന്നതു കേട്ടപ്പോൾ സത്യത്തിൽ കണ്ണുകൾ നിറഞ്ഞുപോയി. നിങ്ങൾ ആവർത്തിച്ച എമ്പതി തന്നെയാണ് ഇവിടത്തെ പ്രധാന പ്രശ്നം. പലർക്കും അവരോട് അനുകമ്പയുണ്ട്. പക്ഷേ, അവരുടെ മനസ്സുമായി താദാത്മ്യം സ്ഥാപിക്കാൻ ശ്രമിക്കുന്നില്ല. ടീച്ചർക്കറിയാമല്ലോ. ഞങ്ങളുടേത് വലിയൊരു കൂട്ടുകുടുംബമാണ്. കുടുംബത്തിലെ ഒരു ആൺകുട്ടിക്ക് ജന്മനാ ഇത്തരം വൈകല്യങ്ങൾ കണ്ടതോടെ അവന്റെ അച്ഛനമ്മമാർ വല്ലാതെ തളർന്നുപോയി.
വളരെ വൈകി പിറന്ന ഏക സന്താനം. കാണാനും മിടുക്കൻ. മറ്റുള്ളവരുടെ കൂട്ടത്തിൽ ഓടിനടന്നു കളിക്കുകയും ചെയ്യും. പക്ഷേ, ബുദ്ധി വേണ്ട രീതിയിൽ വളർന്നിട്ടില്ലെന്നു മാത്രം. ആകാവുന്ന ചികിത്സകളൊക്കെ ചെയ്തെങ്കിലും യാതൊരു ഫലവും കണ്ടില്ല. അവരവനെ മാറ്റിയിരുത്തി ലാളിക്കുകയും ഭക്ഷണം കൊടുക്കുകയുമൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ എനിക്കൊരു ഉപായം തോന്നി. പിന്നീട് അവനെ ഞങ്ങളുടെ തീൻമേശയിൽ അടുത്തിരുത്താൻ തുടങ്ങി. പതിയെ തനിക്ക് വേണ്ട വിഭവങ്ങൾ അവൻതന്നെ തെരഞ്ഞെടുത്തു കഴിക്കുന്നത് കണ്ടപ്പോൾ ഉണ്ടായ സന്തോഷം...” കേണൽ കണ്ണ് തുടച്ചു. അൽപം കഴിഞ്ഞേ അദ്ദേഹത്തിന് തുടരാനായുള്ളൂ.
“അവനു നന്നായി സിത്താർ വായിക്കാൻ കഴിയുമെന്ന് ഞങ്ങൾ മനസ്സിലാക്കിയത് പിന്നീടാണ്. അവന്റെ ഒരു അമ്മായി സിത്താർ വായിക്കുന്നതു കേട്ട് അടുത്തു ചെന്നിരുന്നതാണത്രേ. അവനെ പരിശീലിപ്പിക്കാൻ ഏർപ്പാട് ചെയ്ത ഗുരു അതിശയത്തോടെ പറഞ്ഞത് താൻ പറഞ്ഞുകൊടുക്കുന്ന പാഠങ്ങൾ വളരെ എളുപ്പത്തിൽ അവന് മനസ്സിലാക്കാൻ കഴിയുന്നു എന്നാണ്. അങ്ങനെ ഭാവിയിൽ അവൻ വലിയൊരു സിത്താറിസ്റ്റ് ആയാൽ അത്ഭുതപ്പെടേണ്ടതില്ലെന്ന്.”
“അതാണ് ഞാൻ സൂചിപ്പിച്ചത്, ഇത്തരം പരിമിതികളുള്ള പല കുട്ടികളുടെയും ഉള്ളിൽ മറഞ്ഞുകിടക്കുന്ന ഒരുപാട് കഴിവുകൾ കണ്ടേക്കുമെന്ന്. അവരുടെ ഉള്ളിൽ താളമുണ്ട്, ലയമുണ്ട്. ചിലർക്ക് ഫ്ലൂട്ട് വായിക്കാൻ പറ്റും, മറ്റു ചിലർക്ക് തബലയും. പക്ഷേ തക്ക സമയത്തുതന്നെ അതൊക്കെ കണ്ടെത്തി വളർത്തിയെടുക്കലാണ് പ്രധാന കാര്യം. താങ്കളെപ്പോലെ ചുറ്റുപാടുള്ളവർക്ക് അത് എളുപ്പത്തിൽ സാധിച്ചേക്കും. പക്ഷേ, പാവങ്ങളുടെ കാര്യത്തിലോ?”
“സത്യമാണ്, ടീച്ചർതന്നെ ഇക്കാര്യത്തിൽ മുൻകൈയെടുത്താൽ എന്തുവേണമെങ്കിലും ചെയ്യാൻ ലാലാജി കുടുംബം തയാറാണ്. ഒരുപക്ഷേ ലാലാജിയുടെ ആത്മാവായിരിക്കും അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുക.”
“എനിക്ക് മാർഗനിർദേശം കൊടുക്കാനേ കഴിയൂ...”
“കുഴപ്പമില്ല, അതിനുവേണ്ട സപ്പോർട്ട് സിസ്റ്റം ഞങ്ങൾതന്നെ ഒരുക്കിത്തരാം. വാസ്തവത്തിൽ, ടീച്ചർ അന്ന് സ്കൂളിൽനിന്നുപോന്നത് നന്നായെന്ന് തോന്നുന്നു. ഇത്തരം കാര്യങ്ങളിലാണ് സമൂഹം ടീച്ചറുടെ നേതൃത്വം ആഗ്രഹിക്കുക.”
“അയ്യോ, ടീച്ചിങ് എന്റെ പ്രധാന കർമമേഖലയാണ്. അതെനിക്ക് മറക്കാനാവില്ല.”
“ആയിക്കോട്ടെ. പക്ഷേ, ശാന്തിനഗർ സൗമിനി ടീച്ചറെപ്പോലെ ഒരു അപൂർവ വ്യക്തിയിൽനിന്ന് ഇതിൽ കൂടുതൽ ആഗ്രഹിക്കുന്നു. പിന്നെ ഞങ്ങളുടെ ട്രസ്റ്റ് ടീച്ചറെ വേറെ ചില ഉത്തരവാദിത്തങ്ങൾകൂടി ഏൽപിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. അതൊക്കെ വഴിയെ പറയാം.”
പിന്നീട് കേണലിന്റെ മുഖത്തു കാണാനായ കള്ളച്ചിരിയുടെ പൊരുൾ തേടുകയായിരുന്നു സൗമിനി.
(തുടരും)
(ചിത്രീകരണം: സതീഷ് ചളിപ്പാടം)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.