സംസ്ഥാനത്തെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ/എൻജിനീയറിങ്/ഫാർമസി/ആർക്കിടെക്ചർ കോഴ്സ് പ്രവേശനത്തിന് അപേക്ഷ നടപടികൾ ദിവസങ്ങൾക്കകം പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസ് ആരംഭിക്കും. 24 നാണ്എൻജിനീയറിങ്/ഫാർമസി പ്രവേശന പരീക്ഷ. പ്രോസ്പെക്ടസിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴിയായിരിക്കും അപേക്ഷ സമർപ്പണം.
രാവിലെ 10 മുതൽ ഉച്ചക്ക് 12.30 വരെ ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പേപ്പർ ഒന്നിെൻറയും ഉച്ചക്ക് 2.30 മുതൽ അഞ്ചുവരെ പേപ്പർ രണ്ട് മാത്സ് പരീക്ഷയുമാണ് നടക്കുക. പേപ്പർ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) പരീക്ഷ അടിസ്ഥാനപ്പെടുത്തിയാണ് ഫാർമസി (ബി.ഫാം) പ്രവേശന റാങ്ക് പട്ടിക തയാറാക്കുന്നത്. പേപ്പർ ഒന്നിലും രണ്ടിലും ലഭിച്ച സ്കോറും യോഗ്യത പരീക്ഷ (പ്ലസ് ടു/ തത്തുല്യം)യിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിൽ ലഭിച്ച സ്കോറും തുല്യമായി പരിഗണിച്ച നോർമലൈസേഷനിലൂടെയാകും എൻജിനീയറിങ് പ്രവേശന റാങ്ക് പട്ടിക തയാറാക്കുക. കെമിസ്ട്രി പഠിക്കാത്തവർക്ക് കമ്പ്യൂട്ടർ സയൻസിെൻറയും ഇവ രണ്ടും പഠിക്കാത്തവർക്ക് ബയോടെക്നോളജിയുടെയും മൂന്നും പഠിക്കാത്തവർക്ക് ബയോളജിയുടെയും മാർക്ക് എൻജിനീയറിങ് പ്രവേശനത്തിനു പരിഗണിക്കും. പ്രവേശന പരീക്ഷക്കുശേഷം സ്കോർ പ്രസിദ്ധീകരിക്കും. പിന്നീട്, യോഗ്യത പരീക്ഷ മാർക്ക് ഒാൺലൈനായി സമർപ്പിക്കാൻ അവസരം നൽകും. രണ്ട് പേപ്പറിലും 10 വീതം സ്കോർ ആണ് പ്രവേശന യോഗ്യത.
എം.ബി.ബി.എസ്/ ബി.ഡി.എസ് ഉൾപ്പെടെ മെഡിക്കൽ കോഴ്സുകളിേലക്കും അഗ്രികൾചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകളിലേക്കും പ്രവേശനം നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) നടത്തുന്ന നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് -യു.ജി 2021) മെറിറ്റ് പ്രകാരമായിരിക്കും. നീറ്റിന് www.ntaneet.nic.in വഴിയാണ് അപേക്ഷിക്കേണ്ടത്. നീറ്റ് ആഗസ്റ്റ് ഒന്നിന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് വ്യാപനവും സി.ബി.എസ്.ഇ/ െഎ.സി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ വൈകുന്നതും കാരണം തീയതിയിൽ മാറാം.
നീറ്റിന് എൻ.ടി.എക്ക് അപേക്ഷ നൽകുന്ന വിദ്യാർഥികൾ കേരളത്തിലെ മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നുവെങ്കിൽ പ്രവേശന പരീക്ഷ കമീഷണർക്കുകൂടി അപേക്ഷ നൽകണം. എൻ.ടി.എ അപേക്ഷ മെഡിക്കൽ പ്രവേശന പരീക്ഷ (നീറ്റ് -യു.ജി)ക്കും പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകുന്നത് കേരളത്തിലെ പ്രവേശന നടപടികളിൽ പെങ്കടുക്കുന്നതിനുമാണ്. നീറ്റിൽ യോഗ്യത നേടിയവർേക്ക പ്രവേശന നടപടികളിൽ പെങ്കടുക്കാനാകൂ. എൻജിനീയറിങ്/ ഫാർമസി കോഴ്സുകളിലെ പ്രവേശന നടപടികൾക്കൊപ്പം തന്നെ മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശന അപേക്ഷയും പ്രവേശന പരീക്ഷ കമീഷണർ സ്വീകരിച്ചുതുടങ്ങും. നീറ്റിന് അപേക്ഷിക്കുകയും പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകാതിരിക്കുകയും ചെയ്യുന്നവരെ കേരളത്തിലെ പ്രവേശന നടപടികളിൽ പരിഗണിക്കില്ല.
നീറ്റിൽ യോഗ്യത നേടുകയും പ്രവേശന പരീക്ഷ കമീഷണർക്ക് അപേക്ഷ നൽകുകയും ചെയ്ത വിദ്യാർഥികളുടെ സ്കോർ പരിശോധിച്ച് സംസ്ഥാനതലത്തിൽ മെഡിക്കൽ, അനുബന്ധ കോഴ്സ് പ്രവേശനത്തിന് റാങ്ക് പട്ടിക തയാറാക്കും. ഇതിൽ ഉൾപ്പെട്ടവരെയേ സംസ്ഥാനത്തെ കോളജുകളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകളിൽ പരിഗണിക്കൂ. നീറ്റിൽ യോഗ്യത നേടിയവരുടെ പട്ടിക എൻ.ടി.എ പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസിന് പ്രത്യേകമായി ലഭ്യമാക്കും.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ 15 ശതമാനം സീറ്റ് അഖിലേന്ത്യ ക്വോട്ടയിലാണ്. മുഴുവൻ സംസ്ഥാനങ്ങളിലെയും സർക്കാർ മെഡിക്കൽ, ഡെൻറൽ കോളജുകളിലും ഇതേ മാതൃകയിൽ അഖിലേന്ത്യ ക്വോട്ട സീറ്റുകളുണ്ട്. ഇൗ സീറ്റുകളിലേക്ക് ഡയറക്ടറേറ്റ് ജനറൽ ഒാഫ് ഹെൽത്ത് സർവിസസിലെ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (www.mcc.nic.in) യാണ് വിജ്ഞാപനമിറക്കുന്നതും അലോട്ട്മെൻറ് നടത്തുന്നതും. നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്ന ഘട്ടത്തിലാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുക.
*എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകൾക്ക് കേരള ഹയർസെക്കൻഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നിവക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നിവക്ക് ഒാരോന്നിനും പ്രത്യേകം മിനിമം പാസ് മാർക്കും നേടണം. എസ്.സി/എസ്.ടി/എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് വിഷയങ്ങൾക്ക് മൊത്തത്തിൽ 40 ശതമാനം മാർക്ക് മതി.
*ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്- ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് ഒാരോന്നിനും പ്രത്യേകം മിനിമം പാസ് മാർക്കും. എസ്.സി/എസ്.ടി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ മൊത്തത്തിൽ 40 ശതമാനം മാർക്ക് മതി. ശാരീരിക വൈകല്യമുള്ളവർക്ക് 45 ശതമാനം മാർക്ക് മതി.
*ബി.യു.എം.എസ് (യുനാനി)- മറ്റ് കോഴ്സുകളിലേക്കുള്ള ഹയർ സെക്കൻഡറി യോഗ്യതക്ക് പുറമെ വിദ്യാർഥി 10ാം ക്ലാസിൽ ഉർദു, അറബിക്, പേർഷ്യൻ എന്നിവയിൽ ഏതെങ്കിലും ഒരു വിഷയം പഠിച്ച് ജയിച്ചവരോ അല്ലെങ്കിൽ സർക്കാർ അംഗീകൃത സൊസൈറ്റി/ ബോർഡ്/ യൂനിവേഴ്സിറ്റി നടത്തുന്ന ഉർദു പ്രവേശന പരീക്ഷ ജയിച്ചവരോ അല്ലെങ്കിൽ ഒരു വർഷം ദൈർഘ്യമുള്ള പ്രീ -ടിബ് കോഴ്സ് ജയിച്ചവരോ ആകണം.
*അഗ്രികൾചർ, ഫിഷറീസ്- ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർേക്കാടെ വിജയം. എസ്.ഇ.ബി.സി/ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അഞ്ച് ശതമാനം ഇളവുണ്ട്. എസ്.സി/എസ്.ടി വിഭാഗത്തിന് മിനിമം പാസ്.
*വെറ്ററിനറി (ബി.വി.എസ്സി ആൻഡ് എ.എച്ച്) - ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ മൊത്തം 50 ശതമാനത്തിൽ കുറയാതെ വിജയം. എസ്.ഇ.ബി.സി/ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അഞ്ച് ശതമാനം ഇളവ്. എസ്.സി/ എസ്.ടി വിഭാഗത്തിന് മിനിമം പാസ്.
ഫിസിക്സ്, കെമിസ്ട്രി/ബയോളജിയും െഎച്ഛിക വിഷയമായി ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷകൾ വിജയിക്കണമെന്ന നിബന്ധനക്ക് വിധേയമായി മുഖ്യവിഷയത്തിനും ഉപവിഷയങ്ങൾക്കും മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി അല്ലെങ്കിൽ ബയോടെക്നോളജി മുഖ്യവിഷയമായും ഇവയിൽ ഒന്നോ രണ്ടോ എണ്ണം ഉപവിഷയമായും പഠിച്ച് ത്രിവത്സര ബി.എസ്സി പാസായവർക്കും എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ് കോഴ്സുകൾക്ക് പ്രവേശനത്തിന് അർഹതയുണ്ടാകും.
*എൻജിനീയറിങ് യോഗ്യത: ഹയർസെക്കൻഡറി/ തത്തുല്യ പരീക്ഷകൾ ഫിസിക്സ്, മാത്തമറ്റിക്സ് എന്നിവ നിർബന്ധിത വിഷയങ്ങളായും കെമിസ്ട്രി െഎച്ഛിക വിഷയമായും പഠിച്ച് ഇൗ വിഷയങ്ങൾക്ക് മൊത്തത്തിൽ 45 ശതമാനം മാർേക്കാടെ വിജയം. കെമിസ്ട്രി പഠിച്ചിട്ടില്ലാത്തവർക്ക് കമ്പ്യൂട്ടർ സയൻസ്/ ബയോടെക്േനാളജി/ ബയോളജി മാർക്ക് പരിഗണിക്കും. എസ്.സി/ എസ്.ടി/ എസ്.ഇ.ബി.സി/ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് ചുരുങ്ങിയ യോഗ്യതയിൽ അഞ്ച് ശതമാനം ഇളവുണ്ട്.
*ആർക്കിടെക്ചർ: 10+2 സ്കീം പരീക്ഷയിൽ മൊത്തമായി 50 ശതമാനത്തിൽ കുറയാത്ത മാർക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമറ്റിക്സ് എന്നിവയിൽ മൊത്തത്തിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെയും വിജയം. അല്ലെങ്കിൽ 10+3 സ്കീമിലുള്ള ഡിേപ്ലാമ പരീക്ഷയിൽ മാത്തമറ്റിക്സ് നിർബന്ധ വിഷയമായെടുത്ത് മൊത്തം 50 ശതമാനത്തിൽ കുറയാതെ മാർക്ക് നേടണം. എസ്.സി/ എസ്.ടി/ എസ്.ഇ.ബി.സി/ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് ചുരുങ്ങിയ യോഗ്യതയിൽ അഞ്ച് ശതമാനം ഇളവുണ്ടാകും. ഇതിനു പുറമെ കൗൺസിൽ ഫോർ ആർക്കിടെക്ചർ നടത്തുന്ന നാഷനൽ ആപ്റ്റിറ്റ്യൂട്ട് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ പരീക്ഷയിൽ നിശ്ചിത േയാഗ്യത നേടണം. www.nata.in വഴിയാണ് നാറ്റ പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.