വീണ്ടുമൊരു വിദ്യാലയ വർഷം തുടങ്ങി. പക്ഷേ, കോവിഡ് വ്യാപനം വിദ്യാഭ്യാസരീതികളെ പാടെ മാറ്റിമറിച്ചിട്ടുണ്ട്. ഒാൺലൈനിലേക്ക് പഠനം മാറി. എന്താണ് ഇൗ പുതിയ വിദ്യാഭ്യാസ രീതിയുടെ പ്രശ്നങ്ങൾ? ആരാണ് പഠനത്തിൽനിന്ന് പുറത്താക്കപ്പെടുന്നത്? സാമൂഹികമായി എന്ത് പ്രത്യാഘാതങ്ങളാണ് ഇൗ പഠനരീതികൾ ഉണ്ടാക്കുക? -അധ്യാപകനും ചിന്തകനുമായ ഡോ. എം.ബി. മനോജ് പങ്കുവെക്കുന്ന ചിന്തകൾ.
ഇന്ന് ഒരാളെ പുറത്താക്കണമെങ്കിൽ അത് വളരെ എളുപ്പമാണ്. സാങ്കേതികമായി ചിലത് കൂട്ടിച്ചേർത്താൽ മാത്രം മതി. അതാണ് ഏറ്റവും പുതിയ അവസ്ഥ. ആധുനിക ലോകക്രമത്തിൽനിന്നും സംഭവിച്ച വ്യതിയാനം അങ്ങേയറ്റം അപകടകരമാംവിധം മനുഷ്യനിഷേധമായിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇലക്ട്രോണിക് സാങ്കേതികതകൾ മനുഷ്യരെ ഭയപ്പെടുത്തുംവിധം ഭരിക്കുന്നു എന്നു വിലയിരുത്തുന്നതാവും ഉചിതം. സാങ്കേതിക അറിവുള്ളവർ മാത്രം വിജയിക്കുകയും അല്ലാത്തവർ പുറത്താവുകയും ചെയ്യുന്ന പുറന്തള്ളലിെൻറ ഒരു ലോകം നമുക്കു മുന്നിലുണ്ട്. ഇലക്ട്രോണിക് യന്ത്രങ്ങളുടെ സഹായം ലഭ്യമാവാതെ വന്നാൽ അപേക്ഷിക്കാൻ കഴിയാത്ത അവസ്ഥ, അപേക്ഷിച്ചവയിൽത്തന്നെ തെറ്റുകൾ തിരുത്താൻ യഥാസമയം കഴിയാതെവന്നാൽ സംഭവിച്ചേക്കാവുന്ന പ്രവേശന നഷ്ടങ്ങളുടെ അവസ്ഥ, ഡാറ്റാബാങ്കുകളുടെയും വിവരസാങ്കേതികതയുടെയും ലോകം നിരവധി പാർശ്വഫലങ്ങളുള്ള മരുന്നുകൾക്ക് സമാനമായിത്തീരുന്നു.
ഇങ്ങനെയൊരു സന്ദർഭത്തിലാണ് ഇന്ന് കേരളം നേരിടുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിെൻറ പ്രതിസന്ധികളെയും പരിഹാരങ്ങളെയും കുറിച്ച് ചിന്തിക്കേണ്ടതായിവരുന്നത്. പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉപരിവിദ്യാഭ്യാസം വരെയുള്ള ഓരോ ഘടകത്തിലും അതിെൻറ പ്രശ്നങ്ങൾ ദർശിക്കാനാവുന്നു. സ്വത്തും അറിവും പരമ്പരാഗതമായി കൈവശപ്പെടുത്താൻ കഴിഞ്ഞവർക്കല്ലാതെ ഇത്തരം മാറിവരുന്ന സാങ്കേതിക കുതിച്ചുചാട്ടത്തിൽ മുന്നേറാൻ സാധിക്കുന്നില്ല എന്നത് പകൽപോലെ വ്യക്തമാണ്. മധ്യവർഗസമൂഹവും ഉപരിവർഗവിഭാഗവും പുതിയ യന്ത്രസാമഗ്രികൾ യഥേഷ്ടം കൈകാര്യം ചെയ്തു തുടങ്ങിയ ഒരു സാഹചര്യത്തിലാണ് കേരളം ലോക്ഡൗണിനു വിധേയമായത്.
പൊതുവിദ്യാഭ്യാസം ഓൺലൈൻ സംവിധാനത്തെ സ്വീകരിക്കാൻ തയാറാകുന്നതിനും വളരെ മുമ്പുതന്നെ സ്വകാര്യ വിദ്യാഭ്യാസലോകം ഓൺലൈൻ മാധ്യമങ്ങളെ സ്വീകരിച്ചുകഴിഞ്ഞിരുന്നു. ഓൺലൈൻ വിദ്യാഭ്യാസത്തിന് നിലവിലുള്ള വിദ്യാഭ്യാസ രീതിയെത്തന്നെയും നവീകരിക്കാൻ കഴിയുമെന്നും, അധ്യാപക അനുപാതംപോലും കുറച്ചുകൊണ്ടുവരാൻ കഴിയുമെന്നുമുള്ള ചർച്ച മുന്നോട്ടുവന്നത് കോവിഡിനു മുമ്പുള്ള സമയത്തായിരുന്നു. അതിന് അനുസൃതമായ നിരവധി ആപ്പുകൾ രൂപപ്പെട്ടുവന്നിരുന്നു. ഇനിയുള്ള കാലം അധ്യാപകർ ഇല്ലാതെ, അധ്യയനം സാധ്യമാക്കാം എന്ന ചർച്ചക്ക് വലിയ പ്രാധാന്യം ലഭിച്ച സന്ദർഭത്തിലാണ് രാജ്യം ലോക്ഡൗണിലേക്ക് എത്തിപ്പെട്ടത്. ഒരു വലിയ വിജയവും കുതിച്ചുചാട്ടവുമാകുമെന്നു വിലയിരുത്തിയിരുന്ന ഓൺലൈൻ അധ്യയന സമ്പ്രദായത്തിെൻറ പരിമിതി പൊതുസമൂഹത്തിനു തന്നെയും വ്യക്തമാക്കിക്കൊടുക്കാൻ സാധിച്ചു എന്നതാണ് ഇതിലൂടെ സംഭവിച്ച പ്രധാനപ്പെട്ട കാര്യം. ആധുനികമായ അധ്യയന രീതികൾക്ക് സഹായകമാകുംവിധമല്ലാതെ, ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്വന്തമായ ഒരു അധ്യയന ലോകം നിർമിക്കാനാവില്ല എന്ന് പൊതുജനങ്ങൾ തിരിച്ചറിഞ്ഞു. ടി.വിക്കും മൊബൈൽ ഫോണിനു മുന്നിലും കുട്ടികളെ പിടിച്ചിരുത്താൻ ശ്രമിക്കുമ്പോഴും കുട്ടികൾ, അവരുടെ വീടിനെ ഒരു ജയിലിനു സമാനമായി കണ്ടുതുടങ്ങി എന്നത് ഇന്ന് ഏറക്കുറെ യാഥാർഥ്യമാണ്.
വിദ്യാലയത്തിൽ പോകാനും കൂട്ടുകാരെ കാണാനുമുള്ള ആഗ്രഹത്തെ മുറിച്ചുമാറ്റാൻ ഓൺലൈൻ സാങ്കേതികതക്ക് സാധിക്കുന്നില്ല. പൊതുസമൂഹമാണ് മനുഷ്യൻ എന്ന ചിന്തയെ പൂർണമായി പരാജയപ്പെടുത്താൻ ഇലക്ട്രോണിക്സ് യന്ത്രങ്ങൾക്ക് സാധിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായം കുറച്ചുകാലം കൂടി തുടരും എന്നു കരുതുന്നവർ കുറവല്ല. അതേസമയം തൊഴിലാളിയെ കുറച്ചുകൊണ്ടുവരുകയും കൂടുതൽ ലാഭം നേടുകയും ചെയ്യുക എന്ന ലക്ഷ്യം മാത്രമുള്ളവർക്ക് ഈ അവസ്ഥയെ നിലനിർത്തുന്നതിനോട് താൽപര്യമില്ല. അതിനാൽ യന്ത്രലോകത്തെ കൂടുതൽ പരിചിതമാക്കി വിദ്യാഭ്യാസക്രമത്തെ തകിടംമറിക്കുകയും അതിലൂടെ ഉപരിവർഗ താൽപര്യങ്ങൾ വിജയിപ്പിച്ചെടുക്കാമെന്നും ഇവർ കരുതുന്നു.
യന്ത്രാധിഷ്ഠിത വിദ്യാഭ്യാസപദ്ധതിക്ക് മുൻഗണന കൊടുക്കാൻ സർക്കാറുകളെ േപ്രരിപ്പിച്ചതുതന്നെയും ഇത്തരത്തിലുള്ള ഉപരിവർഗ ഇടപെടലുകളാണ് എന്നു വ്യക്തമാണ്. കോവിഡിെൻറ ഒന്നാം തരംഗത്തിൽ ചില വിദ്യാഭ്യാസ വിചക്ഷണന്മാർ ഉയർത്തിക്കൊണ്ടുവന്ന നിർദേശങ്ങളിലൊന്ന്, ഒരു വർഷത്തെ അധ്യയനത്തെ നമ്മുടെ അധ്യയന കലണ്ടറുകളിൽനിന്ന് ഒഴിവാക്കി നിർത്തുക എന്നതായിരുന്നു. ഡിവൈസുകളുടെ അഭാവം, അവയെ കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്ന സാഹചര്യങ്ങൾ, ആധുനിക സമൂഹത്തിലേക്കുപോലും പ്രവേശിക്കാനാവാതെപോയിട്ടുള്ള ഇന്ത്യൻ ഗ്രാമങ്ങൾ...അങ്ങനെ പലതുമാണ് ഇത്തരമൊരു അഭിപ്രായത്തിനു േപ്രരണയായിത്തീർന്നത്. എന്നാൽ, ഇത്തരമൊരു ചർച്ചയിൽനിന്നു വ്യതിചലിപ്പിച്ചത് ഉപരിവർഗ വിഭാഗങ്ങളുടെ ദുഃശാഠ്യങ്ങളും വൈജ്ഞാനികാധികാരത്തെ കൈയടക്കാൻ അവർ പുലർത്തിയ ശ്രമങ്ങളുമായിരുന്നു. നഗരകേന്ദ്രിതവും ലഭ്യതാപ്രദേശങ്ങളിലുള്ള ജീവിതവും കൈമുതലാക്കിയ ഇക്കൂട്ടർ കോവിഡിെൻറ ഒന്നാം തരംഗത്തിെൻറ ആരംഭത്തിൽതന്നെ ഓൺലൈൻ പഠനരീതികൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ലോകത്തെ ഗ്രസിച്ച മഹാമാരിയെക്കുറിച്ചായിരുന്നില്ല, മറിച്ച് അങ്ങനെയൊരു ദുരന്തകാലത്ത് വിജ്ഞാനസമ്പാദനത്തിനെ, എത്രമാത്രം തങ്ങളുടേതാക്കിമാറ്റാം എന്നായിരുന്നു ഇവർ ചിന്തിച്ചത്. അച്ചടി പ്രസിദ്ധീകരണങ്ങൾപോലും നിലച്ചുപോയ കാലത്തും, തൊഴിലും വേലയും അപകടകരമാംവിധം ലഭ്യമല്ലാതിരുന്ന കോവിഡിെൻറ ഒന്നാംതരംഗകാലത്തും, ഒരു തത്ത്വദീക്ഷയുമില്ലാതെ ഉപരിവർഗ സമൂഹം അവരുടെ കുട്ടികളെ വിദ്യാഭ്യാസ പ്രവർത്തനത്തിൽ കേന്ദ്രീകരിപ്പിക്കുകയായിരുന്നു. ലോകത്ത് എക്കാലത്തും സംഭവിച്ചിട്ടുള്ള വൈജ്ഞാനികാധികാരത്തിെൻറ കേന്ദ്രീകരണവും പിടിച്ചെടുക്കലും മാത്രമായിരുന്നു ഒന്നാം തരംഗ കോവിഡ് കാലഘട്ടത്തിലും സംഭവിച്ചത്. സാധാരണക്കാരായ വിദ്യാർഥികളെ വൈജ്ഞാനികമായി പരാജയപ്പെടുത്താനുള്ള ഒരു അവസരമായാണ് സ്വകാര്യ സമ്പന്ന വിദ്യാഭ്യാസ ലോകം ഈ സന്ദർഭത്തെ കണ്ടത്. അവർ അതിൽ വിജയിക്കുകയും ചെയ്തു.
സർക്കാറാകട്ടെ, ഈ സന്ദർഭത്തിൽ രാജ്യത്തെ വിദ്യാലയങ്ങൾക്ക് അവധികൊടുക്കുകയായിരുന്നില്ല, മറിച്ച് ഈ ഉന്നതവർഗത്തിെൻറ പ്രവർത്തനങ്ങളെ മാതൃകയാക്കിക്കൊണ്ട് സാധാരണ വിദ്യാലയങ്ങൾക്കും അതേ മാതൃക പിന്തുടരാൻ ശ്രമിക്കുകയായിരുന്നു. ഇതാവട്ടെ ഒരുവിധത്തിലുമുള്ള മുന്നൊരുക്കങ്ങളും നടത്താത്തതും വേണ്ടവിധത്തിലുള്ള ശ്രമങ്ങളില്ലാത്തതുമായിരുന്നു. വിദ്യാഭ്യാസ വിചക്ഷണരുടെ പ്രാഥമിക ധാരണതന്നെയും തെറ്റായിരുന്നു എന്ന് ഇതിെൻറ നടത്തിപ്പിെൻറ ആരംഭത്തിൽതന്നെ വ്യക്തമാവുകയും ചെയ്തു. എല്ലാ വീട്ടിലും ടെലിവിഷൻ ഉണ്ടാവും എന്ന ധാരണതന്നെയും തെറ്റായ ഒന്നായിരുന്നു എന്നു തെളിയിക്കാൻ രണ്ടുകുട്ടികൾക്ക് ആത്മഹത്യ ചെയ്യേണ്ടിവന്നു.
അപ്പോഴും ടെലിവിഷൻ ഇല്ലാത്ത കുടുംബം എന്നുപറഞ്ഞ് പരിഹസിക്കപ്പെട്ടതല്ലാതെ രാജ്യം നേരിടുന്ന സാമ്പത്തികരാഹിത്യത്തിെൻറ ഭാഗമായിട്ട് അതിനെ വിലയിരുത്താൻ പലർക്കും സാധിച്ചില്ല. ഒരാൾക്ക് സമ്പന്നനാകാൻ കഴിയാത്തത് അയാളുടെ മാത്രം കുറ്റംകൊണ്ടാണെന്നു കരുതുന്ന ഒരു മനോഭാവത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നതിൽ നമ്മുടെ മുതലാളിത്തബോധം വിജയംവരിച്ചു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ക്ഷേമരാഷ്ട്രത്തിെൻറ ഉത്തരവാദിത്തങ്ങളിൽനിന്നും വിടുതൽനേടാൻ ശ്രമിക്കുന്ന നമ്മുടെ സംവിധാനങ്ങൾ ഈ ഘട്ടത്തിലും നിശ്ശബ്ദരായി. ഭരണസംവിധാനങ്ങളുടെ ഈ നിശ്ശബ്ദതയെ പിന്തുണക്കുന്നതായിരുന്നു തുടർന്നുള്ള പല പ്രവർത്തനങ്ങളും. സന്നദ്ധ സംഘടനകളും സമയോചിതമായി ഇടപെട്ടു. ടി.വിയും സ്മാർട്ട് ഫോണും മറ്റും നൽകിക്കൊണ്ട് അവർക്കു കഴിയുന്ന സേവനം അനുഷ്ഠിച്ചു. അത് എത്രമാത്രം വിജയകരമായി, എല്ലായിടത്തും എത്തിക്കാൻ സാധിച്ചുവോ, അതിെൻറ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടോ എന്നിങ്ങനെയുള്ള ശരിയായ ചോദ്യങ്ങൾ പലരും കേട്ടതായി നടിച്ചില്ല.
ചരിത്രപരമായിത്തന്നെയും വിദ്യാഭ്യാസാവകാശത്തിൽനിന്നും പുറത്താക്കപ്പെട്ട സമൂഹങ്ങളായ ദലിത് ആദിവാസി സമൂഹങ്ങളും മത്സ്യത്തൊഴിലാളികളും തോട്ടംതൊഴിലാളികളും ദ്വീപ് നിവാസികളും ഈ ഘട്ടത്തിലും പുറത്താക്കപ്പെട്ടു. ഇവയെ സംബന്ധിച്ച ചില കണക്കുകൾ ഇന്നു ലഭ്യമാണ്. ശാസ്ത്രസാഹിത്യപരിഷത്തിെൻറ പഠനങ്ങൾ തന്നെയും ഇത് വ്യക്തമാക്കുന്നുണ്ട്. പന്ത്രണ്ടു ശതമാനത്തിെൻറ വീടുകളിൽ ഇന്ന് ടി.വി സൗകര്യങ്ങളില്ല. എട്ടു ശതമാനം കുട്ടികൾക്കെങ്കിലും സ്മാർട്ട്ഫോൺ സൗകര്യം ഇല്ല. 39.5 പ്രദേശങ്ങളിലും ശരിയാംവിധം ഇൻറർനെറ്റ് സംവിധാനം ലഭ്യമല്ല. വൈദ്യുതി ഇല്ലായ്മ ഇന്നും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത യാഥാർഥ്യമാണ്. പരിഷത്തിെൻറ ഈ പഠനത്തിൽനിന്നുതന്നെയും കഴിഞ്ഞ അക്കാദമിക് വർഷം യഥാർഥത്തിൽ വിദ്യാഭ്യാസാവകാശം ലഭ്യമാക്കേണ്ട സമൂഹങ്ങൾക്ക് അത് ലഭിച്ചിട്ടില്ല എന്നു വ്യക്തമാക്കുന്നുണ്ട്.
ആദിവാസി സമൂഹത്തിൽതന്നെയും കോളനിവാസികൾ എന്നും നൊമാഡിക്കുകൾ എന്നു വിളിക്കുന്ന പ്രാക്തന ഗോത്രങ്ങൾ എന്നും രണ്ടു വർഗങ്ങളെ കാണാം എന്നാണ് ഉത്തമൻ ളാഹ വിലയിരുത്തുന്നത്. ഇതിൽ നൊമാഡിക് ആദിവാസികൾക്ക് ഓൺലൈൻ വിദ്യാഭ്യാസമെന്ന പദ്ധതിതന്നെയും അവരുടെ ജീവിതത്തിെൻറ ഭാഗമല്ല എന്നാണ്. ആധുനിക വിദ്യാഭ്യാസത്തിൽ എത്തിപ്പിടിക്കാൻകൂടിയും കഴിയാതെപോയ സമൂഹങ്ങളാണിവർ. ഇവർക്കുമുന്നിൽ ഓൺലൈൻ വിദ്യാഭ്യാസത്തെക്കുറിച്ചു പറയുമ്പോൾ അതിെൻറ സാങ്കേതിക ഭാരത്തെക്കുറിച്ച് നമ്മൾ സ്വയം അജ്ഞരായിപ്പോവുകയാണ്. ടി.വിയുടെയോ സ്മാർട്ട്ഫോണിെൻറയോ വൈദ്യുതിയുടെയോ നെറ്റ് ലഭ്യതയുടെയോ മാത്രം പ്രശ്നമല്ല അത്. മറിച്ച്, അറിവ് പകർന്നുകൊടുക്കാൻ അടുത്തിരിക്കുന്ന ഗുരുനാഥന്മാരുടെ അഭാവംതന്നെയാണ് പ്രധാനം. ഒരുപക്ഷേ പ്രാഥമിക പാഠങ്ങൾപോലും പഠിപ്പിക്കാൻ കഴിയാതെ പോകുന്ന രക്ഷിതാക്കളുടെ ഈ കുഞ്ഞുങ്ങൾക്ക് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം തന്നെയാവും കുറേക്കൂടി മെച്ചം.
ഗോത്രമേഖലയിലെ വിദ്യാർഥികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാൻ നല്ലത് എം.ആർ.എസ് സംവിധാനങ്ങളാണ് എന്ന് ഏവർക്കും അറിയാം. ഭക്ഷണം, വൈദ്യുതി, ലൈബ്രറി ഉൾപ്പെടെയുള്ളവ ലഭ്യമാക്കാൻ കഴിയുക റെസിഡൻഷ്യൽ സംവിധാനങ്ങൾക്കാണ്. അവ അതേസമയം കോവിഡ്കാലത്ത് സുരക്ഷിതരായി ഇവർ വീടുകളിലേക്ക് പോവുകയും ഫലത്തിൽ ഇത് ഇവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു എന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ചിത്ര നിലമ്പൂരിനെയും മണിക്കുട്ടൻ സി. വയനാടിനെയുംപോലെയുള്ളവരുടെ അഭിപ്രായം. എഴുപതു ശതമാനം കുടുംബങ്ങളിലും മൊബൈൽ സംവിധാനം ഇല്ല. അറുപതു ശതമാനത്തിനും ടി.വി ഇല്ല. മാത്രവുമല്ല, ഉൗരിൽ ചെന്നെത്തിയ കുട്ടികൾക്ക് ബാലവേലക്ക് പോകേണ്ടിവരുന്നു. ബാലവിവാഹം റിപ്പോർട്ടുചെയ്യുന്നു. മാത്രവുമല്ല 85 ആദിവാസികളും കഴിഞ്ഞ അധ്യയന വർഷത്തിൽ പഠിച്ചിട്ടില്ല എന്നാണ് ഇവർ വിലയിരുത്തുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹോസ്റ്റലുകൾ തുറന്നുപ്രവർത്തിക്കുകയാണ് വേണ്ടത് എന്നാണ് ഇവരുടെ നിർദേശം. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്ക് ഈ രൂപത്തിൽ വിദ്യാഭ്യാസം നൽകിയിരുന്നു. അത് വിജയകരമാവുമായിരുന്നു എന്നും ഇവർ അഭിപ്രായപ്പെടുന്നു.
തീരദേശ മേഖലയിൽ സ്മാർട്ട്ഫോൺ ഇല്ലാത്തവർ 25 ശതമാനമാണ്. ടെലിവിഷൻ ഇല്ലാത്തവർ 10 ശതമാനവും ആകുന്നു എന്നാണ് ഈ മേഖലയെ പഠിച്ചിട്ടുള്ള ജോൺസൺ ജെനെറ്റ് വ്യക്തമാക്കുന്നത്. അതുപോലെതന്നെ മുഖരിതമായ കുടുംബാന്തരീക്ഷമാണ് പൊതുവെ മത്സ്യത്തൊഴിലാളികളുടേത്. ഇതാകട്ടെ പലപ്പോഴും കുട്ടികൾക്ക് വീട്ടിലിരുന്നുള്ള പഠനത്തിന് സഹായകമാവുന്നില്ല. പാഠപുസ്തകങ്ങളിലെ മുഴുവൻ ഭാഗവും പഠിപ്പിക്കുന്നതിനു പകരം ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങൾ പഠിപ്പിക്കുന്നവിധത്തിൽ അധ്യയന വർഷത്തെ ക്രമപ്പെടുത്തുകയാണ് വേണ്ടത് എന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
കൂലിത്തൊഴിലാളികളുടെയും തോട്ടംതൊഴിലാളികളുടെയും കുട്ടികളുടെ അവസ്ഥയാണ് മറ്റൊന്ന്. ഇൻറർനെറ്റ് സൗകര്യം ലഭിക്കുന്നതിനായി കിലോമീറ്റർ നടന്ന്, വഴിയരികിൽ കലുങ്കിൽ വന്നിരുന്നു പഠിക്കുന്ന കുട്ടികളെക്കുറിച്ച് നാം കണ്ടുകഴിഞ്ഞതാണ്. ഉയർന്ന ക്ലാസുകളിലേക്ക് ചെല്ലുന്തോറും പാഠഭാഗവും പഠിതാവും തമ്മിൽ അകലം വർധിക്കുന്നു. പഠനസഹായിയാകാൻ രക്ഷിതാക്കളെ സജ്ജരാക്കുകയാണ് ഓൺലൈൻ സംവിധാനം. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോകാൻ കഴിയാത്ത രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളെ സഹായിക്കാൻ കഴിയുന്നില്ല. കൂലിത്തൊഴിലിനു പോകുന്ന അച്ഛനെ കാത്തിരിക്കുന്ന കുട്ടികളുണ്ട്, അച്ഛൻ വന്നിട്ടുവേണം കൈയിലെ ഫോൺ വാങ്ങിയിട്ട് മക്കൾക്കു പഠിക്കാൻ.
പഠനവും പരീക്ഷയും മൂല്യനിർണയവും അപേക്ഷാസമർപ്പണവും അഭിമുഖവും അങ്ങനെ എല്ലാം ഓൺലൈനിലേക്ക് ഒതുങ്ങുമ്പോൾ രാജ്യത്തെ സാധാരണക്കാരായ വിദ്യാർഥികൾ യഥാർഥത്തിൽ അടച്ചിട്ട വിദ്യാലയത്തിനു സമാനമായി അവരുടെ ഒരു വർഷത്തെ വിദ്യാഭ്യാസ കാലത്തെ വിലയിരുത്തുന്നു. ഈയവസ്ഥയെ പരിഹരിക്കാൻ സന്നദ്ധ സംഘടനകൾക്കും ചാരിറ്റി പ്രവർത്തകർക്കും കഴിയുമെന്ന് വിചാരിച്ചിടത്താണ് നമ്മുടെ വിദ്യാഭ്യാസ വിചക്ഷണർ ഉപരിവർഗബോധത്തിൽ സ്വയം നിപതിച്ചത് എന്നു വ്യക്തം. രഘു ഇരവിപേരൂർ എന്ന മനുഷ്യാവകാശ പ്രവർത്തകൻ പറഞ്ഞതുപോലെ, പുറത്ത് മലയാളം മീഡിയത്തിൽ പഠിക്കുകയും വീട് ഇംഗ്ലീഷ് മീഡിയം ആയിരിക്കുകയും ചെയ്യുന്ന ഉപരിവർഗ കൗശലം സാധാരണക്കാർ പലപ്പോഴും കാണാതെ പോവുന്നു. സാധാരണക്കാരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭ്യമാവുംവിധം വീണ്ടുവിചാരങ്ങളും നവീകരണങ്ങളും കോവിഡിെൻറ രണ്ടാം തരംഗത്തിലും ഒരുപക്ഷേ തുടർന്നുള്ള കാലത്തും ഉണ്ടാകട്ടെ എന്ന പ്രത്യാശ മാത്രമാണ് ഇനിയും ബാക്കിയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.