കേരളത്തിലെ വിദ്യാഭ്യാസ രീതികൾ ഗൗരവമായ ചർച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്താണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സംഭവിക്കുന്നത്? എങ്ങോട്ടാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടുകളും സർക്കാർ തീരുമാനങ്ങളും നയിക്കുക?
നമ്മുടെ പഠനനിലവാരത്തെക്കുറിച്ച് ഇന്നേറെ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസ പണ്ഡിതരും ഭാഷാസ്നേഹികളുമായ പലരും വിദ്യാഭ്യാസ നിലവാരത്തകർച്ചയുടെ കാരണങ്ങൾ ഇഴകീറി പരിശോധിക്കുകയും വിവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ചാക്കീരി അഹമ്മദ്കുട്ടി വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ നടപ്പാക്കിയ ഫുൾപ്രമോഷനും ആഗോളീകരണകാലത്ത് ലോകബാങ്ക് വായ്പയോടെ നടപ്പാക്കിയ ഡി.പി.ഇ.പി പരിഷ്കരണവും നിലവാരത്തകർച്ചയുടെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു. പത്താം ക്ലാസ് വിജയിച്ച് വലിയൊരു ശതമാനം കുട്ടികൾക്കും അക്ഷരമെഴുതാനും വായിക്കാനുമറിയില്ലെന്ന സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ (ഡി.പി.ഐ) എസ്. ഷാനവാസിന്റെ അഭിപ്രായം സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെയും ഇടതുപക്ഷ സംഘടനകളെയും ഏറെ ചൊടിപ്പിക്കുകയുണ്ടായി.
ലോകബാങ്കിന്റെ ഭീമമായ ഫണ്ടു വാങ്ങി വിദ്യാഭ്യാസ പരിഷ്കരണം ആരംഭിച്ചതു മുതലാണ് കേരളത്തിൽ വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാരംഭിച്ചതെന്ന് സർക്കാർതന്നെ ഇപ്പോൾ സമ്മതിച്ച് തുടങ്ങിയിരിക്കുന്നു. ദേശീയതലത്തിൽ നടക്കുന്ന മത്സരപരീക്ഷകളിൽ കേരളത്തിലെ കുട്ടികൾ ദയനീയ പരാജയം ഏറ്റുവാങ്ങുന്നതായും സർക്കാർ മനസ്സിലാക്കിയതായി അറിയിക്കുന്നു.
1994ലാണ് ലോകബാങ്ക് സഹായത്തോടെ ഡി.പി.ഇ.പി വിദ്യാഭ്യാസരീതി ആരംഭിക്കുന്നത്. ഈ രീതിയുമായി സർക്കാർ മുന്നോട്ടു പോയാൽ അത് ഭാവിയിൽ വിദ്യാഭ്യാസത്തിന്റെ തകർച്ചക്ക് കാരണമാവുമെന്ന് പ്രസംഗിച്ചും ലഘുലേഖകളിറക്കിയും പ്രചാരണം നടത്തിയ ശാസ്ത്രസാഹിത്യ പരിഷത്ത് 1996ൽ നായനാരുടെ നേതൃത്വത്തിൽ ഇടതു സർക്കാർ ഭരണത്തിൽ വന്ന മുതൽ ഡി.പി.ഇ.പി വിദ്യാഭ്യാസത്തെ മഹത്ത്വവത്കരിക്കാൻ തുടങ്ങി.
വിദ്യാഭ്യാസ നിലവാരം തകർന്ന് തരിപ്പണമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തും, മൂന്ന് പതിറ്റാണ്ടുകൾക്കുശേഷവും ആ വിദ്യാഭ്യാസരീതി മഹത്തരമാണെന്നവർ പറയുന്നു. നിലവാരത്തകർച്ച ചർച്ചയായതിനാലും ബോധ്യമായതിനാലും അവ പരിപോഷിപ്പിച്ച് ഉന്നതിയിലെത്തിക്കാൻ സർക്കാർ ചില തീരുമാനങ്ങളുമായി മുന്നോട്ടു വന്നപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തും ഇടതുപക്ഷ അധ്യാപക-വിദ്യാർഥി സംഘടനകളും ശക്തമായ എതിർപ്പുകളുമായി മുന്നോട്ടുവരുന്നതാണ് കണ്ടത്.
എഴുത്ത് പരീക്ഷക്ക് ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കണം എന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇപ്പോഴുള്ള 10 മാർക്ക് 30 മാർക്കായി വർധിപ്പിക്കുകയെന്ന തീരുമാനം വന്നാൽ പാർശ്വവത്കരിക്കപ്പെട്ട കുട്ടികൾ പരാജയപ്പെടുമെന്നാണ് ഇവരുടെ വാദം. മുൻകാലങ്ങളിൽ ഓരോ വിഷയത്തിനും ചുരുങ്ങിയത് 40ഉം 35ഉം മാർക്ക് ലഭിച്ചാലേ കുട്ടി വിജയിച്ചിരുന്നുള്ളൂവെന്ന കാര്യം മറന്നുപോകരുത്. എല്ലാ കുട്ടികൾക്കും സ്ഥാനക്കയറ്റം നൽകി എല്ലാവരെയും ഒന്നിനും കൊള്ളാത്തവരാക്കണമെന്നാണോ ഇവരുടെ വാദം. അവസാനം മുഖ്യമന്ത്രി ഇടപെട്ടാണ് എതിർപ്പുകാരെ സമാധാനിപ്പിച്ചത്.
ഏതായാലും ഈ ശിപാർശ നടപ്പാക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവിങ്ങനെ: സംസ്ഥാന പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർധിപ്പിക്കാനായി ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള പരിപാടി രൂപവത്കരിക്കുന്നതിനും 2024-25 അക്കാദമിക വർഷം 8ാം ക്ലാസിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസുകളിലും പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനും നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കുന്നതിനും അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1994ൽ അന്നത്തെ സർക്കാർ ഡി.പി.ഇ.പി പദ്ധതി നടപ്പാക്കിയത് കേരളത്തിലെ അഞ്ച് ജില്ലകളിലെ സർക്കാർ-എയ്ഡഡ് സ്കൂളുകളിലായിരുന്നു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ. ബാക്കി ഒമ്പത് ജില്ലകളിലോ മേൽപറഞ്ഞ ജില്ലകളിലെ അൺ എയ്ഡഡ് സ്കൂളുകളിലോ ഈ പദ്ധതി നടപ്പാക്കിയതുമില്ല. ഇത് വിദ്യാർഥികളെ രണ്ട് തട്ടുകളിലാക്കി. കളികളിലൂടെയും പ്രകൃതിവിഭവങ്ങളിലൂടെയും പഠനം നടത്തി കുട്ടികളുടെ സർഗാത്മകശേഷി വളർത്തുകയെന്ന തത്ത്വമായിരുന്നു, ഡി.പി.ഇ.പി പദ്ധതികൊണ്ടുദ്ദേശിച്ചത്. അക്ഷരങ്ങൾ എഴുതാനും വായിക്കാനും പഠിക്കാതെ കുട്ടികൾ വളർന്നുവരുകയും അങ്ങനെ പഠിച്ച് വളർന്നവർ ഇന്ന് അധ്യാപകരായി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയുംചെയ്യുന്നു.
ഡി.പി.ഇ.പി പദ്ധതി നടപ്പാക്കിയത് എൽ.പി ക്ലാസുകളിലായതിനാൽ ഈ കുട്ടികൾ യു.പിയിലെത്തുന്നതോടെ 1998-99 അധ്യയന വർഷത്തിൽ യു.പി പാഠപുസ്തകങ്ങൾ ഇതിനനുസൃതമായി പരിഷ്കരിക്കേണ്ടി വന്നു. ഇതും ഡി.പി.ഇ.പിയുടെ ചുവടുപിടിച്ചായതുകൊണ്ട് അക്ഷരങ്ങൾ അന്യമായിരുന്നു. എന്നാൽ, 2001ൽ അധികാരത്തിൽ വന്ന പുതിയ സർക്കാർ ഡി.പി.ഇ.പി സമ്പ്രദായം നിർത്തലാക്കി. 1998-99ൽ അഞ്ചാം ക്ലാസുകാരായ കുട്ടികൾ 2001ൽ എട്ടാം ക്ലാസിലായതോടെയായിരുന്നു, പുതിയ പരിഷ്കാരം. ഇതോടെ, അക്ഷരം പഠിക്കാതെ വന്ന കുട്ടികൾക്ക് മറ്റ് ജില്ലകളിൽ അക്ഷരം പഠിച്ചവരോട് മത്സരിക്കേണ്ടിവന്നു.
മാത്രമല്ല, ഇവർ 10ാം ക്ലാസിലെത്തിയപ്പോൾ അവരുടെ അവസ്ഥ ഏറെ പരിതാപകരമായി. കളിച്ച് പഠിച്ചവർ കാര്യമായി പഠിച്ചവരോടൊപ്പം പരീക്ഷയെഴുതേണ്ടിവന്നു. ഇതിന് പരിഹാരമായി മാർക്ക്ദാനം ആരംഭിച്ചു. 2000ാമാണ്ടിൽ എസ്.എസ്.എൽ.സിക്ക് യഥാർഥ വിജയശതമാനം 42.89 ശതമാനമായിരുന്നു. എന്നാൽ, പിന്നീടത് 97, 98, 99 ശതമാനത്തിലേക്ക് കുതിച്ചുയരുന്ന കാഴ്ചയാണ് കാണാനായത്. ഇതിന്റെയൊക്കെ ഫലമായി വിദ്യാഭ്യാസനിലവാരം മൂക്കുകുത്തി വീഴുകയും മലയാള അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്ത മലയാളികൾ കുമിഞ്ഞുകൂടുകയുംചെയ്തു.
വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും നിലവാരമുയർത്താനുമായി ഇടത്-വലത് സർക്കാറുകളുടെ കാലത്ത് നിരവധി കമീഷനുകൾക്കും കമ്മിറ്റികൾക്കും രൂപംനൽകുകയും അവയിൽ മഹാഭൂരിപക്ഷവും വെളിച്ചം കാണാതെ പൊടിപിടിച്ച് കിടക്കുകയുംചെയ്തു. നിലവിലുള്ള സർക്കാർ പുതിയൊരു കമ്മിറ്റിക്ക് രൂപം നൽകുകയും (ഖാദർ കമ്മറ്റി) അവർ രണ്ട് ഭാഗങ്ങളിലായി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുകയുംചെയ്തു. സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടിട്ടില്ലെങ്കിലും റിപ്പോർട്ടിലെ ഉള്ളടക്കങ്ങളിൽ പലതും പുറത്ത് വന്നുതുടങ്ങി.
2009ലെ വിദ്യാഭ്യാസാവകാശ നിയമത്തിന്റെ പശ്ചാത്തലത്തിൽ ഗുണമേന്മാ വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടിലൂന്നി ജനകീയ വിദ്യാഭ്യാസക്രമം നടപ്പാക്കാനുള്ള ശിപാർശകൾക്കായി നിയോഗിക്കപ്പെട്ടതാണ് ഖാദർ കമ്മിറ്റിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. മികവിനായുള്ള സ്കൂൾ വിദ്യാഭ്യാസം എന്ന ഉദ്ദേശ്യത്തോടെ സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ് ഖാദർ കമ്മിറ്റി റിപ്പോർട്ടെന്നും നീതിയും തുല്യതയും ഗുണവുമുള്ള വിദ്യാഭ്യാസമാണ് കുട്ടികൾക്കുറപ്പാക്കേണ്ടതെന്നും കഴിവുകളെ പരിഗണിച്ചുള്ള വിദ്യാഭ്യാസത്തിലേക്ക് മുന്നേറണമെന്നും അത് നടപ്പാക്കണമെങ്കിൽ വിപുലമായ തയാറെടുപ്പുകൾ അനിവാര്യമാണെന്നും കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു. റിപ്പോർട്ട് സമർപ്പിക്കുകയെന്നത് മാത്രമാണ് ഞങ്ങളുടെ കടമ; അത് നടപ്പാക്കേണ്ടത് സർക്കാറാണ് എന്ന അഭിപ്രായവും കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
പഠനദിനം 220 ദിനമാക്കുന്നതിന്റെ ഫലമായി ചില ശനിയാഴ്ചകളിൽ ക്ലാസ് നടത്താനുള്ള ശിപാർശയുടെ അടിസ്ഥാനത്തിൽ അതുമായി മുന്നോട്ടു പോയ സർക്കാർ തീരുമാനത്തെ ചോദ്യംചെയ്തുകൊണ്ട് അധ്യാപക സംഘടനകൾ സമർപ്പിച്ച ഹരജി അംഗീകരിച്ച് ഹൈകോടതി, ശനിയാഴ്ച പ്രവൃത്തിദിനം റദ്ദാക്കുകയാണുണ്ടായത്. പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര സമയം അനുവദിക്കാത്ത വിദ്യാഭ്യാസ കലണ്ടറാണ് സർക്കാർ അടിച്ചേൽപിക്കുന്നതെന്നായിരുന്നു സംഘടനകളുടെ ആക്ഷേപം. ഹൈകോടതിതന്നെയാണ് മുമ്പ് 220 പ്രവൃത്തിദിനം ഉറപ്പാക്കണമെന്ന് സർക്കാറിനോട് നിർദേശിച്ച് ഉത്തരവിറക്കിയതെന്നത് മറ്റൊരു കാര്യം.
ഖാദർ കമ്മിറ്റിയുടെ, അറിവായ റിപ്പോർട്ടിലൂടെ പോകുമ്പോൾ ഒരു കാര്യം വ്യക്തമാണ്. വിദ്യാഭ്യാസ മികവിനിണങ്ങുന്ന നിരവധി ശിപാർശകൾ അതിലടങ്ങിയിട്ടുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ കഴിവും അഭിരുചിയും നോക്കി മാത്രമേ സ്ഥാനക്കയറ്റം നൽകാവൂവെന്നതാണ് ഒരു ശിപാർശ. സേവനകാലം കണക്കാക്കി സ്ഥാനക്കയറ്റം നൽകുന്നതാണ് ഇപ്പോഴത്തെ രീതി. കൂട്ടത്തിൽ അധ്യാപകരുടെ സ്ഥലം മാറ്റം, ഓഫിസ് സംവിധാനം എന്നിവകൂടി മാറണമെന്ന് കമ്മിറ്റി അഭിപ്രായപ്പെടുന്നു.
ഇന്ന് സർക്കാർ അധ്യാപകരുടെ സ്ഥലംമാറ്റം നിയന്ത്രിക്കുന്നത് ഭരണകക്ഷിയുടെ അധ്യാപക സംഘടനകളാണ്. സംഘടന നൽകുന്ന ലിസ്റ്റ് അനുസരിച്ച് മാത്രമാണ് വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റവും മറ്റും നടത്തുന്നത്. പ്രഥമാധ്യാപകരായി സ്ഥലം മാറ്റപ്പെട്ടവർ സൗകര്യത്തിനായി വീണ്ടും വീണ്ടും സ്ഥലം മാറുമ്പോൾ ഒരു വിദ്യാലയത്തിൽ ഒരു വർഷം രണ്ടും മൂന്നും പ്രഥമാധ്യാപകർ വന്നുപോയുമിരിക്കുന്നു. ഇത് സ്കൂളിന്റെയും ഓഫിസിന്റെയും മറ്റ് അധ്യാപകരുടെയും പ്രത്യേകിച്ച്, വിദ്യാർഥികളുടെയും ശരിയായ ചര്യകൾക്ക് വിഘ്നമുണ്ടാക്കുന്നു. ഓരോ അധ്യാപകനും സ്ഥലം മാറ്റം കിട്ടിയ വിദ്യാലയത്തിൽ ചുരുങ്ങിയത് മൂന്നു വർഷം സേവനമനുഷ്ഠിക്കണമെന്ന നിബന്ധനയുണ്ടാക്കണം.
കമ്മിറ്റിയുടെ പല ശിപാർശകളും അഭിപ്രായങ്ങളും അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ സമയം രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണിവരെയാക്കണമെന്നും തുടർന്നുള്ള സമയത്ത് കുട്ടികൾക്ക് സർഗാത്മക പ്രവർത്തനങ്ങളിലോ കായികപ്രവർത്തനങ്ങളിലോ തൊഴിൽമേഖലകളിലോ വിദ്യാഭ്യാസാനുബന്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടാമെന്നാണ് ശിപാർശയിൽ അഭിപ്രായപ്പെട്ടിട്ടുള്ളത്. മറ്റൊന്ന്, എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് (അല്ലെങ്കിൽ ഒരു സർക്കാർ ഏജൻസിക്ക്) വിടണമെന്നുള്ളതാണ്. ഈ രണ്ട് അടിസ്ഥാനാവശ്യങ്ങളോടും സർക്കാർ മുഖംതിരിച്ചിരിക്കയാണ്. മുസ്‍ലിം സമുദായത്തിലെ വിദ്യാർഥികൾക്ക് സ്കൂൾ സമയമാറ്റം മതപഠനം മുടക്കുമെന്നാണ് അവരുടെ വാദം. കേരളത്തിലെ സാഹചര്യമനുസരിച്ചേ ആ കാര്യം നടപ്പാക്കാനാവൂവെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വെളിപ്പെടുത്തൽ.
എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന ശിപാർശയോട് വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം, അത് നടപ്പാക്കാൻ പോകുന്നില്ല എന്നുതന്നെയാണ്. എയ്ഡഡ് മാനേജ്മെന്റുകൾക്ക് കേരളത്തിൽ പ്രമുഖ സ്ഥാനമുണ്ടെന്നും സർക്കാർ സ്കൂളിലേതിനേക്കാൾ കുട്ടികൾ എയ്ഡഡ് മേഖലയിലാണ് പഠിക്കുന്നതെന്നും അതുകൊണ്ട് ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപക നിയമനം സാഹചര്യം നോക്കിയേ നടപ്പാക്കാനാവൂവെന്നാണ് മന്ത്രി പറഞ്ഞത്. എഴുത്തുപരീക്ഷകളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും അറിവും അഭിരുചിയും നൈപുണ്യവുമുള്ള അധ്യാപകരെ നിയമിക്കാതെ സ്വാധീനത്തിന്റെയും സമുദായത്തിന്റെയും പണത്തിന്റെയും മറവിൽ നിയമിക്കുന്ന പതിവ് അവസാനിപ്പിക്കുമ്പോൾ അർഹതയുള്ളവർക്ക് അംഗീകാരം കിട്ടുകയും അവർ കുട്ടികളുടെ ഭാവിക്ക് സുരക്ഷ നൽകുകയും ചെയ്യുമെന്നതിൽ സംശയമില്ല.
യുവജനക്ഷേമവും യുവജനകാര്യവും 2017ൽ സമർപ്പിച്ച റിപ്പോർട്ടിൽ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ വൻ അഴിമതി നടക്കുന്നതായി പറഞ്ഞിട്ടുണ്ട്. എയ്ഡഡ് വിദ്യാലയങ്ങൾ സമുദായങ്ങൾക്കായി സർക്കാർ വീതിച്ചുനൽകുമ്പോൾ ആ സമുദായത്തിൽപെട്ടവരെ മാത്രം നിയമിക്കാൻ അവർ സംവരണത്തിന് യോഗ്യതയുള്ളവരെ തഴയുക സ്വാഭാവികമാണ്.
ഇത്തരക്കാരെ ലഭിച്ചില്ലെന്നതാണ് അവരുടെ ഭാഷ്യം. സംസ്ഥാനത്തെ 8128 എയ്ഡഡ് വിദ്യാലയങ്ങളിൽ 1,29,653 അധ്യാപകരും 14,760 അനധ്യാപകരുമാണുള്ളതെന്ന് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 560 പേർ മാത്രമാണ് പട്ടികജാതി-പട്ടികവർഗത്തിൽപെട്ടവർ. വെറും 0.38 ശതമാനം മാത്രം! 180 ആർട്സ്-സയൻസ് എയ്ഡഡ് സ്ഥാപനങ്ങളിൽ അധ്യാപകർ 8238ഉം അനധ്യാപകർ 3725ഉം ആണ്. ഇതിൽ പട്ടികജാതി-പട്ടികവർഗം 66 മാത്രം. ശതമാനം നോക്കുമ്പോൾ 0.54 ശതമാനം! ഇത്തരത്തിൽ അർഹതയുള്ളവരെ തഴയുന്ന രീതി തടയാൻ പ്രവേശനം ഒരു സർക്കാർ ഏജൻസിയെ ഏൽപിക്കുകയാണ് അഭികാമ്യം.
അധ്യാപക വിദ്യാഭ്യാസ കോഴ്സുകൾ അടിമുടി പരിഷ്കരിക്കേണ്ട കാലം അതിക്രമിച്ചതായും റിപ്പോർട്ടിലുണ്ട്. കേരളത്തിൽ അധ്യാപക വിദ്യാഭ്യാസ കോഴ്സുകൾക്ക് നല്ല കൊയ്ത്താണിന്ന്. ചുറ്റുപാടുമുള്ള ഏതെങ്കിലും വിദ്യാലയങ്ങളിൽ വിരമിക്കൽ തസ്തികയോ അഡീഷനൽ തസ്തികയോ ഉണ്ടെന്നറിഞ്ഞാൽ മാനേജ്മെന്റ് ചോദിക്കുന്ന സംഖ്യ മുൻകൂറായി നൽകി (4-5 വർഷം കഴിഞ്ഞുണ്ടാവാൻ പോകുന്ന തസ്തികക്ക് കൂടി) മക്കളെ ഒരു സ്വാശ്രയ ബി.എഡ് കോളജിൽ ചേർക്കുന്ന രീതിയാണിന്ന്.
പണമുണ്ടെങ്കിൽ എളുപ്പം കിട്ടാവുന്ന ഒരു ജോലിയാണ് അധ്യാപക ജോലി. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പ്രാധാന്യത്തോടെയോ അതിൽ കൂടുതൽ പ്രാധാന്യത്തോടെയോ അഭിരുചിയുടെയും അറിവിന്റെയും നൈപുണിയുടെയും അടിസ്ഥാനത്തിൽ വേണം അധ്യാപക പരിശീലന കോഴ്സിന് കുട്ടികളെ തിരഞ്ഞെടുക്കാൻ. അധ്യാപക നിയമനത്തിലെ പ്രധാന മാനദണ്ഡം അഭിരുചിയായിരിക്കണമെന്ന് എത്രയോ കാലമായി പലരും മുറവിളി കൂട്ടുന്നു.
ഇതോടൊപ്പം പ്രാവർത്തികമാക്കേണ്ട മറ്റൊരു കാര്യമാണ് എയ്ഡഡ് സ്ഥാപനങ്ങളിലെ അധ്യാപക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും അധികാരം കൈയാളി ഭരണസിരാകേന്ദ്രങ്ങളിൽ അടഞ്ഞിരിക്കുന്നതിൽനിന്നും നിർബന്ധപൂർവം ഒഴിവാക്കുകയെന്നത്. ഇടത്-വലത് സർക്കാറുകൾ ഇതിന് മുമ്പ് നിയമിച്ച പല കമ്മിറ്റികളും ഈ ആവശ്യം മുന്നോട്ടുവെച്ചതുമാണ്. ഒരു പഞ്ചായത്ത്-മുനിസിപ്പൽ അംഗത്തിന് ജനസേവനത്തിനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന വാർഡിനും ഡിവിഷനും വേണ്ടി പ്രവർത്തിക്കാൻതന്നെ നിരവധി സമയം വേണമെന്നിരിക്കേ, ഇവർക്കെങ്ങനെ കുട്ടികളെ പഠിപ്പിക്കാൻ സമയം ലഭിക്കും?
തൊഴിൽ വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന കമ്മിറ്റിയുടെ ശിപാർശ കാര്യമായിട്ടുൾക്കൊള്ളേണ്ടതാണ്. ഇന്ത്യയിൽ വിദഗ്ധ തൊഴിലാളിക്ഷാമം കാരണം നിക്ഷേപമിറക്കാൻ വിദേശ സ്വകാര്യ മേഖല മടിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യൻ ജനതയിൽ 54 ശതമാനവും 25ന് താഴെ പ്രായമുള്ളവരാണ്. ഇവരിൽ മഹാഭൂരിപക്ഷവും നൈപുണിയിൽ പിറകിലാണ് (സ്കിൽ). നമ്മുടെ തൊഴിൽ സേനയിൽ വെറും 5 ശതമാനത്തിന് മാത്രമേ ഏതെങ്കിലും ഒരു തൊഴിലിൽ വൈദഗ്ധ്യമുള്ളൂ. ഇംഗ്ലണ്ടിൽ ഇത് 65 ശതമാനവും ജർമനിയിൽ 75 ശതമാനവും അമേരിക്കയിൽ 52ഉം ജപ്പാനിൽ 80ഉം ദക്ഷിണ കൊറിയയിൽ 96 ശതമാനവുമാണെത്ര! 2022നുള്ളിൽ രാജ്യത്ത് അടിസ്ഥാന മേഖലയിൽ വിദഗ്ധരായ 15 കോടി തൊഴിലാളികളുടെ അഭാവമുണ്ടായിട്ടുള്ളതായി കേന്ദ്ര സർക്കാർ കണക്കാക്കുന്നു.
ശരിയായ ദിശയിലുള്ള വിദ്യാഭ്യാസത്തിന്റെ അഭാവവും തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന അങ്കലാപ്പും കാരണം വിദ്യാർഥികൾ കൂട്ടത്തോടെ വിദേശപഠനത്തിന് പോകുന്നു. മുമ്പൊക്കെ ബിരുദധാരികളാണ് പോയിരുന്നതെങ്കിൽ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞവരും വിദേശത്തേക്കാകർഷിക്കപ്പെടുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പത്തെ കണക്കനുസരിച്ച് ഒരു വർഷം 56,000 കോടി രൂപയാണ് പഠനത്തിനായി ഇന്ത്യയിൽനിന്നും വിദേശത്തേക്കൊഴുകുന്നത്. ഇപ്പോഴത് എത്ര കൂടിയിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
രാജ്യത്ത് ബിരുദധാരികളായ തൊഴിൽരഹിതരുടെ എണ്ണം അക്ഷരാഭ്യാസമില്ലാത്തവരുടേതിനേക്കാൾ 9 ഇരട്ടി വർധിച്ചെന്ന് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്യുന്നു. 2022ൽ രാജ്യത്തെ മൊത്തം തൊഴിൽരഹിതരിൽ 82.9 ശതമാനം പേരും യുവാക്കളാണ്. ഇവരെല്ലാം തൊഴിൽ തേടി വിദേശത്ത് പോവുകയും അവിടെ പൗരത്വമെടുത്ത് ജീവിക്കാനാരംഭിക്കുകയുംചെയ്യുന്നു. മൂന്ന് വർഷത്തിനിടയിൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വം സ്വീകരിച്ചവർ 6,05,209 പേരാണെന്ന് കേന്ദ്ര വിദേശ സഹമന്ത്രിതന്നെ ലോക്സഭയിൽ സമ്മതിച്ച കാര്യമാണ്.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മെച്ചപ്പെട്ട ഒരു സമൂഹത്തെ നിർമിച്ചെടുക്കലായിരിക്കണം. ഇന്ന് നാം ജീവിക്കുന്ന സമൂഹത്തോട് അസംതൃപ്തിയുള്ളതുകൊണ്ടാണല്ലോ ഇതിലും മെച്ചപ്പെട്ട ഒരു സമൂഹം എന്ന ചിന്ത വന്നണയുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ കൂടുതൽ മികച്ച ഒരു സമൂഹത്തെ നിർമിക്കണമെങ്കിൽ നിലവിലുള്ള സമൂഹത്തോട് വിമർശനാത്മകമായ ഒരു സമീപനം നാം വളർത്തിയെടുക്കണം.
എന്നാൽ, ചോദ്യംചെയ്യാൻ കഴിയാത്ത, അനുസരണയും വഴങ്ങിക്കൊടുക്കലും പേഴ്സനാലിറ്റിയായ ഒരു സമൂഹം വളരുകയെന്നതാണ് ഭരണകൂട അജണ്ട. കാമ്പസ് രാഷ്ട്രീയം നിരോധിച്ചതിലൂടെ അത് കൂടുതൽ വ്യാപകമായി. ഖാദർ കമ്മിറ്റി റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. എന്നാലും അറിഞ്ഞിടത്തോളം മിക്ക ശിപാർശയും സ്വീകരിക്കാവുന്നതും വിദ്യാഭ്യാസത്തെ പൊളിച്ചെഴുതാൻ പര്യാപ്തമായതുമാണ്. രാഷ്ട്രീയ-സമുദായ സംഘടനകളെ ഭയക്കാതെ അവരുമായി ആലോചിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ മേന്മക്കായി സർക്കാർ ഉയർന്നു ചിന്തിക്കുമെന്ന് പ്രത്യാശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.