പുത്തനുടുപ്പും പുതിയ പുസ്തകവും ബാഗും കുടയുമായി എത്തുന്ന കുട്ടികളെ വരവേൽക്കുന്ന തിരക്കിലായിരുന്നു ജൂൺ ആദ്യം കേരളത്തിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും. അവർക്കൊപ്പം പൊതുസമൂഹവും ഈ ഉത്സവത്തിൽ പങ്കാളികളായി. ഇതേക്കുറിച്ച വാർത്തകളും വിശേഷങ്ങളുംകൊണ്ട് പത്രത്താളുകളും ദൃശ്യമാധ്യമങ്ങളും സജീവമാണ്. എന്നാൽ, പശ്ചിമഘട്ട മലനിരകളിലെ കാടകങ്ങളിൽ ഇതൊന്നിലും പങ്കെടുക്കാതെ തന്റെ വിദ്യാലയങ്ങൾ എെന്നന്നേക്കുമായി താഴിടപ്പെട്ടതറിയാതെ ഒരു വലിയകൂട്ടം കുട്ടികളുണ്ട്. സാമ്പത്തികമായും സാമൂഹികമായും ഭൂമിശാസ്ത്രപരമായും അരികുവത്കരിക്കപ്പെട്ടവർ. വനാന്തർഭാഗത്ത് അധിവസിക്കുന്ന ആദിവാസിക്കുട്ടികളുടെ ഏക വിദ്യാഭ്യാസ ആശ്രയമായ ഏകാധ്യാപക വിദ്യാലയങ്ങൾക്ക് താഴുവീണത് 2022 മാർച്ച് 31നാണ്. ജോലിനഷ്ടപ്പെടുന്ന അധ്യാപകരെക്കുറിച്ചും അവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ചും ചില മാധ്യമങ്ങൾ വാർത്ത കൊടുത്തു എന്നത് നേരാണ്. ഏകാധ്യാപക വിദ്യാലയങ്ങളുടെ അടച്ചുപൂട്ടൽ പാർശ്വവത്കൃത വിഭാഗങ്ങളുടെ വിശേഷിച്ചും വനാന്തർഭാഗത്ത് അധിവസിക്കുന്ന പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തെയും സാമൂഹികവത്കരണത്തെയും ഏതെല്ലാം തരത്തിൽ ബാധിക്കുമെന്നതിനെക്കുറിച്ച് ആർക്കും ഏറെ വേവലാതികൾ ഉള്ളതായി കണ്ടില്ല.
ആറു മുതൽ 14 വരെ പ്രായമുള്ള കുട്ടിക്ക് അടിസ്ഥാന വിദ്യാഭ്യാസം, സൗജന്യവും നിർബന്ധവുമാക്കുന്ന വിദ്യാഭ്യാസ അവകാശ നിയമം 2010 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം നിശ്ചിത ദൂരപരിധിക്കകത്ത് വിദ്യാഭ്യാസ സൗകര്യം ലഭിക്കാൻ കുട്ടിക്കുള്ള അവകാശം ഭരണഘടന ഉറപ്പുവരുത്തുന്നു. ഇതോടൊപ്പം ലോവർപ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടിക്ക് രക്ഷിതാക്കളോടൊപ്പം താമസിച്ച് വിദ്യാഭ്യാസം നേടുന്നതിന് അവസരം ലഭ്യമാക്കുകകൂടി ചെയ്യുന്നു. നിശ്ചിത ദൂരപരിധിക്കകത്ത് വിദ്യാലയം ലഭ്യമാക്കുന്നതിന് സാധിക്കാത്തപക്ഷം കുട്ടികളെ അവരുടെ വാസകേന്ദ്രത്തിൽനിന്നും വിദ്യാലയത്തിലെത്തിക്കുന്നതിനും വൈകുന്നേരങ്ങളിൽ തിരികെ എത്തിക്കുന്നതിനും സർക്കാർ ബാധ്യസ്ഥമാണ് (ആർ.ടി. ഇ 2009).
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ വെളിച്ചത്തിൽ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ കണക്കു പരിശോധിച്ചു നോക്കിയാൽ നമ്മൾ അന്തിച്ചുപോകും. ആകെയുള്ള പൊതുവിദ്യാലയം സർക്കാർ ട്രൈബൽ ലോവർ പ്രൈമറി സ്കൂൾ ഇടമലക്കുടിയാണ്. ശേഷിക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എട്ട് മൾട്ടിഗ്രേഡ് ലേണിങ് സെന്ററുകളും പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന രണ്ട് ഏകാധ്യാപക വിദ്യാലയങ്ങളുമാണ്. 107 ഹെക്ടർ വിസ്തൃതിയിൽ 27 സെറ്റിൽമെന്റുകളിലായി വ്യാപിച്ചുകിടക്കുന്ന മുതുവാൻ വിഭാഗത്തിലെ കുട്ടികൾക്കായാണ് ഇത്രയും പരിമിതമായ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ. നാലാം ക്ലാസ് പൂർത്തിയാക്കുന്നതോടെ പഠനം തുടരാനായി ഇവർ പഞ്ചായത്തിന് പുറത്തുള്ള വിദ്യാലയങ്ങളെ ആശ്രയിക്കേണ്ടിയിരുന്നു. ആദിവാസിമേഖലകളിലെ വിദ്യാലയ സൗകര്യം സംബന്ധിച്ച് ഇടമലക്കുടി പഞ്ചായത്തിന്റെ കാഴ്ചപ്പാട് വളരെ വിചിത്രമാണ്. ലോവർപ്രൈമറി വിദ്യാഭ്യാസം പൂർത്തീകരിക്കുന്ന കുട്ടികൾക്കായി മൂന്നാറിൽ റെസിഡൻഷ്യൽ വിദ്യാലയം വേണമെന്ന ആവശ്യമാണ് പഞ്ചവത്സരപദ്ധതി രേഖയിൽ ചേർത്തിരിക്കുന്നത്. ഇതാണ് കാഴ്ചപ്പാടെങ്കിൽ അയൽപക്ക വിദ്യാലയമെന്ന കുട്ടിയുടെ അവകാശം പാർശ്വവത്കൃതവിഭാഗത്തിലെ കുട്ടികൾക്ക് കിട്ടാക്കനിയാവുകയാണ്. ഇടമലക്കുടി ഒരു ഉദാഹരണംമാത്രം. ഇത്തരത്തിൽ വനാന്തർഭാഗത്ത് അധിവസിക്കുന്ന ആദിവാസി വിഭാഗങ്ങൾ നമ്മുടെ സംസ്ഥാനത്ത് നിലവിലുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം ഉറപ്പുവരുത്തുന്ന അയൽപക്ക വിദ്യാലയ അവകാശം ഭാഗികമായെങ്കിലും ഉറപ്പുവരുത്താൻ എം.ജി.എൽ.സികൾക്ക് സാധിച്ചിരുന്നു. എന്നാൽ, അവ അടച്ചുപൂട്ടിയതോടെ പ്രാക്തന ഗോത്രവിഭാഗങ്ങളുടെ വാസകേന്ദ്രങ്ങളിൽനിന്ന് തൊട്ടടുത്ത ലോവർ പ്രൈമറി വിദ്യാലയത്തിലേക്കുള്ള ദൂരം 15 (കരുളായി പഞ്ചായത്തിലെ പുലിമുണ്ട ടവറിൽനിന്ന് ഐ.ജി.എം.എം.ആർ നിലമ്പൂരിലേക്കുള്ള ദൂരം) മുതൽ 100 (ഇടമലക്കുടി പഞ്ചായത്തിൽനിന്ന് ചാലക്കുടി സ്കൂളിലേക്കുള്ള ദൂരം) കിലോമീറ്റർ വരെയാകുന്നു. സ്വന്തം വാസകേന്ദ്രത്തിൽനിന്നു വാഹനമെത്തുന്ന റോഡിലേക്കെത്താൻ കുട്ടികൾ മണിക്കൂറുകൾ ദുർഘടമായ, വന്യമൃഗങ്ങൾ നിറഞ്ഞ കാട്ടുവഴികളിലൂടെ നടക്കണം.
വനവിഭവങ്ങൾ ശേഖരിച്ചും വേട്ടയാടിയും മീൻപിടിച്ചും ജീവിക്കുന്ന ഗോത്രവിഭാഗങ്ങളുടെ ജീവസന്ധാരണം പൂർണമായും കാടിനെ ആശ്രയിച്ചാണ്. ഇക്കൂട്ടത്തിൽപെടുന്ന ചോലനായ്ക്ക വിഭാഗക്കാർ നിത്യഹരിതവനങ്ങളിലാണ് അധിവസിക്കുന്നത്. ചോലക്കാടുകളിലെ ഇവരുടെ വാസസ്ഥാനങ്ങൾ സ്ഥിരതയുള്ളതല്ല. മഴയുടെ ശക്തി കുറയുന്നതോടെ പുഴയോരത്തെ അളകളിൽ പാർപ്പുറപ്പിക്കുന്ന ഇവർ മൺസൂൺ കാലമായാൽ ഉയർന്ന പ്രദേശത്തേക്ക് പാർപ്പിടം മാറ്റും. വനത്തിനുള്ളിലെ ജീവസന്ധാരണ മാർഗങ്ങൾ (വനവിഭവ ശേഖരണവും വേട്ടയാടലും) കുട്ടികൾ സ്വായത്തമാക്കുന്നത് രക്ഷിതാക്കളോടൊപ്പമുള്ള സഞ്ചാരത്തിനിടയിലാണ്. ഈ അറിവു നേടൽ തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണ്. വിദ്യാലയങ്ങളിലേതുപോലെ കൃത്രിമമായ സാഹചര്യത്തിൽ ഇത്തരം പരിശീലനങ്ങളും പഠനവും സാധ്യമല്ല. ഇതുകൊണ്ടുതന്നെ കാടിനുപുറത്ത് കുട്ടികളെ വിദ്യാഭ്യാസത്തിനയക്കുമ്പോൾ അവർക്ക് നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിക്കാനുള്ള അവകാശവുംകൂടിയാണ്. വിദ്യാലയവർഷാരംഭത്തിൽ വാസകേന്ദ്രം വിടുന്ന കുട്ടികൾ തിരികെ എത്തുന്നത് അവധിക്കാലത്തു മാത്രമായിരിക്കും. ഈ കാലങ്ങളിൽ വനങ്ങൾ മിക്കതും വരൾച്ചയിലേക്ക് കടന്നിട്ടുണ്ടാകും. വനവിഭവങ്ങളുടെ ദൗർലഭ്യം അനുഭവിക്കുന്ന സമയം. കാടിനുപുറത്ത് താമസിച്ചു പഠിക്കുന്ന ആദിവാസിക്കുട്ടികൾ വിദ്യാഭ്യാസം പൂർത്തിയാക്കി തിരികെയെത്തുമ്പോൾ വനത്തെ ആശ്രയിച്ചുള്ള ജീവസന്ധാരണമാർഗങ്ങളെക്കുറിച്ച് ഒരു അറിവും, ആ പശ്ചാത്തലത്തിൽ ജീവിക്കാനുള്ള സാമർഥ്യവും ഇല്ലാത്തവരായി മാറിയിരിക്കും.
നഗരകേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന റെസിഡൻഷ്യൽ സ്കൂളുകൾ കാട്ടിനകത്തുനിന്നെത്തുന്നവരെ സംബന്ധിച്ച് കാരാഗൃഹങ്ങൾക്ക് സമാനമാണ്. കാട്ടിനകത്ത് അവർ ജീവിച്ചുപോരുന്ന രീതികൾ പൂർണമായും നിരാകരിക്കുന്നു എന്നതാണ് ഈ താരതമ്യത്തിലേക്ക് എത്തിക്കുന്നത്. ഇത്തരം സ്കൂളുകളിൽ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളിൽ കൊഴിഞ്ഞുപോക്ക് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു (കക്കോട്ട് 2011). കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികൾക്കായി നിലമ്പൂരിൽ പ്രവർത്തിക്കുന്ന മോഡൽ റെസിഡൻഷ്യൽ വിദ്യാലയം നഗരമധ്യത്തിലാണ് പ്രവർത്തിക്കുന്നത്.
കാടകങ്ങളിൽനിന്നും പുതിയ വിദ്യാലയങ്ങളിലേക്ക് പറിച്ചുനടപ്പെടുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ആശയവിനിമയം സാധ്യമാവുക അവരുടെ ഗോത്രഭാഷയിലൂടെ മാത്രമാണ്. എം.ജി.എൽ.സികളിലെ അധ്യാപകർക്ക് മിക്കവർക്കും ഗോത്രഭാഷയിൽ കുട്ടികളോട് ആശയവിനിമയം ചെയ്യുന്നതിന് പ്രാപ്തിയുണ്ട്. ദീർഘകാലമായി ഗോത്രവിഭാഗങ്ങളുമായുള്ള നിരന്തര സമ്പർക്കം അവർക്ക് ഗോത്രഭാഷ സ്വായത്തമാക്കുന്നതിന് വഴിയൊരുക്കി. എന്നാൽ, റെസിഡൻഷ്യൽ സൗകര്യമുള്ള വിദ്യാലയങ്ങളിലെയും ഹോസ്റ്റൽ സൗകര്യം ലഭ്യമായ വിദ്യാലയങ്ങളിലെയും അധ്യാപകർക്കും ജീവനക്കാർക്കും ഗോത്രഭാഷ അന്യമാണ്. വനാന്തർഭാഗത്ത് ഒറ്റപ്പെട്ട് കഴിയുന്ന ആദിവാസി വിഭാഗത്തിലെ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ ഉപയോഗിക്കുന്ന ഭാഷ തീർത്തും അപരിചിതമാണ്. ഇതുമൂലം സ്കൂൾ ജീവിതത്തിന്റെ ആദ്യവർഷങ്ങളിൽ അനുഭവിക്കേണ്ടിവരുന്ന വെല്ലുവിളികൾ പല ആദിവാസി സുഹൃത്തുക്കളും പങ്കുവെക്കുന്നുണ്ട്.
ചോലനായ്ക്ക കുട്ടികൾ വിദ്യാലയത്തിലെത്തുന്നതുവരെ ബാഹ്യലോകത്തുള്ളവരുമായി ഒരുവിധ സമ്പർക്കവും ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ സ്കൂളുകളിലെ വിനിമയഭാഷ ആദ്യമായി കേൾക്കുന്നതുപോലും വിദ്യാലയത്തിലെത്തിയശേഷമായിരിക്കും. ഇതുമൂലം വിദ്യാലയത്തിൽ ആദ്യമായി എത്തുന്ന കുട്ടികൾക്ക് തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അധ്യാപകരെ അറിയിക്കാൻപോലും കഴിയാറില്ല. പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതിന് ഭാഷാപരമായ പരിമിതികൾ വലിയ തടസ്സം സൃഷ്ടിക്കുന്നു.
ഹോസ്റ്റലുകൾ തടവറയാകുന്നു
ആദിവാസി കുട്ടികൾ അവരവരുടെ വാസകേന്ദ്രങ്ങളിൽ പൂർണസ്വതന്ത്രരാണ്. അവരുടെ പ്രവർത്തനങ്ങളെ അത്യപൂർവമായി മാത്രമേ മുതിർന്നവർ നിയന്ത്രിക്കാറുള്ളൂ. ആവാസകേന്ദ്രങ്ങൾവിട്ട് കുട്ടികൾ വിദ്യാലയത്തിന്റെ പടികടക്കുന്നതോടെ എത്തിപ്പെടുന്നത് നിയന്ത്രണങ്ങളുടെ തടവറയിലേക്കാണ്. രാവിലെ ഉണരുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ കടുത്ത നിയന്ത്രണങ്ങൾക്ക് ഇവർ വിധേയരാണ്. രാവിലെ അഞ്ചു മണിക്ക് ഉണരുന്ന കുട്ടികൾ ഉറങ്ങുന്നത് രാത്രി പത്തു മണിക്കാണ് (കക്കോട്ട് 2012). ക്ലാസ് സമയത്ത് ഉറങ്ങുന്ന കുട്ടികളെ കണ്ടതായി ഗവേഷണ പ്രബന്ധങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ചോലനായ്ക്കരുടെ കാര്യത്തിലാണെങ്കിലും മുതുവാന്മാരുടെ കാര്യത്തിലാണെങ്കിലും അവരുടെ പ്രവർത്തനങ്ങൾ സൂര്യോദയത്തിലാരംഭിച്ച് സൂര്യാസ്തമയത്തോടെ അവസാനിക്കുന്നതാണ്. വനാന്തർ ഭാഗത്ത് അധിവസിക്കുന്ന ആദിവാസികളുടെ ജീവിതചര്യ നിജപ്പെടുത്തുന്നത് സൂര്യപ്രകാശമാണ്. ഈ ജീവിതശൈലിയിൽനിന്നും ഒന്നാംക്ലാസിലേക്ക് എത്തിച്ചേരുന്ന കുട്ടികളെ എന്തിനാണ് ഇത്ര ചിട്ടയുള്ള സമയക്രമത്തിലേക്ക് എടുത്തെറിയപ്പെടുന്നത്? മുതിർന്ന കുട്ടികൾക്കായുള്ള സമയക്രമം എന്തിനാണ് ചെറിയ കുട്ടികൾ കൂടി പഠിക്കുന്ന വിദ്യാലയങ്ങളിലും ഹോസ്റ്റലുകളിലും സാർവത്രികമാക്കുന്നത്? എം.ജി.എൽ.സികളിൽ പഠിക്കുന്ന ഗോത്രവർഗ കുട്ടികളെ സംബന്ധിച്ച് ഇത്തരത്തിലുള്ള വെല്ലുവിളികൾ ഒട്ടുംതന്നെ നേരിടേണ്ടിവരാറില്ല എന്നത് വസ്തുതയാണ്.
വലിയ ചുറ്റുമതിലും ഗേറ്റുമാണ് റെസിഡൻഷ്യൽ വിദ്യാലയങ്ങളുടെ മുഖമുദ്ര (ഐ.ജി.എം.എം.ആർ, നിലമ്പൂർ). ബഹുനിലകെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളും വിദ്യാലയങ്ങളും ആദിവാസി കുട്ടികൾക്ക് സുഖകരമായ ഒരു അന്തരീക്ഷമല്ല പ്രദാനം ചെയ്യുന്നത്. അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതാണ് അവിടത്തെ ഭൗതികസാഹചര്യങ്ങൾ. സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാകട്ടെ കുട്ടിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്തവരും കുട്ടിയോട് അവരുടെ ഭാഷയിൽ ആശയവിനിമയം നടത്താനാകാത്തവരുമാണ്. അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ കേരള പബ്ലിക് സർവിസ് കമീഷൻ തെരഞ്ഞെടുത്ത് നിയമിക്കപ്പെടുന്നവരാണ്. വനാന്തർഭാഗത്ത് അധിവസിക്കുന്ന കുട്ടികളുടെ ജീവിതസാഹചര്യത്തെക്കുറിച്ച് ഈ അധ്യാപകർ തീർത്തും അജ്ഞരാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള അധ്യാപകരാണ് ഇത്തരം സ്ഥാപനങ്ങളിൽ നിയമിക്കപ്പെടുന്നത്. ഹോസ്റ്റൽ നടത്തിപ്പുകാരായി വരുന്നവരുടെ അവസ്ഥയും ഭിന്നമല്ല.
ഗോത്രവിഭാഗങ്ങളിൽനിന്നും ഏറെ വെല്ലുവിളികളെ അതിജീവിച്ച് പ്ലസ് ടു പൂർത്തിയാക്കിയ യുവാക്കളുടെ സേവനം ഉപയോഗിച്ച് വനാന്തർഭാഗത്തു വെച്ചുതന്നെ കുട്ടികളുടെ പഠനത്തിനുവേണ്ട അവസരം അനൗപചാരികമായി ഒരുക്കാവുന്നതാണ്. അതത് വിഭാഗത്തിൽനിന്നുള്ള അധ്യാപകരായതിനാൽ കുട്ടികൾക്ക് അവരുടെ പഠനം സ്വന്തം ഭാഷയിൽതന്നെ നേടാനും അവസരം ലഭിക്കും. പഠനത്തിന്റെ രീതിശാസ്ത്രത്തിലും സാഹചര്യങ്ങൾക്കനുസരിച്ച് വൈവിധ്യമുളവാക്കാം. കുട്ടിയുടെ പരിസരത്തെതന്നെ പാഠപുസ്തകമാക്കി മാറ്റുന്നതിലൂടെ കുട്ടികൾക്ക് കൈമുതലായുള്ള സാംസ്കാരിക മൂലധനം ഫലപ്രദമായി ഉപയോഗിക്കുന്നതിനും സാധിക്കുന്നു. കാട്ടിലെ അതിജീവന പാഠങ്ങൾ സ്വായത്തമാക്കുന്നതിന് സമാനമായ രീതിയിൽ വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടവും ലഭ്യമാക്കുകയും ക്രമേണ ഔപചാരിക രീതിയിലേക്ക് മാറ്റുകയും ചെയ്യാം. ഇതിനാവശ്യമായ പാഠ്യപദ്ധതിയും വിനിമയ പാഠങ്ങളും പ്രാദേശികമായി വികസിപ്പിക്കേണ്ടതാണ്.
മൂന്ന്, നാല് ക്ലാസുകളിലേക്ക് കടക്കുന്നതോടെ ഔപചാരികരീതിയിൽതന്നെ പഠനം ആരംഭിക്കാം. ഇതിനായി കാടിനകത്തുതന്നെ ദൂരപരിധി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാലയങ്ങൾ സ്ഥാപിക്കാം. യു.പി ക്ലാസുകളിലെ വിദ്യാഭ്യാസവും കാടിനുള്ളിലെ വിദ്യാലയത്തിന്റെ സഹായത്തോടെ പൂർത്തിയാക്കാം. തുടർന്ന് ഹൈസ്കൂൾ-ഹയർ സെക്കൻഡറി വിദ്യാഭ്യാസം കാടിനുപുറത്തുള്ള വിദ്യാലയത്തിൽ മറ്റു കുട്ടികളോടൊപ്പം പൂർത്തിയാക്കാൻ അവസരമൊരുക്കാം. ഇങ്ങനെ ക്രമീകരിക്കുന്നതിലൂടെ ഗോത്രവിഭാഗത്തിലെ കുട്ടികൾക്ക് പൊതുസമൂഹവുമായി ആശയവിനിമയം നടത്തുന്നതിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കും. രക്ഷിതാക്കളുടെ സഹായത്തോടെ ആർജിക്കുന്ന കാട്ടറിവുകൾ തടസ്സമില്ലാതെ നേടുന്നതിനും അവസരം ലഭിക്കും.
ആദിവാസി വിദ്യാർഥികളെ വിദ്യാഭ്യാസ കച്ചവടക്കാരും സർക്കാർ സ്ഥാപനങ്ങളും പലവിധത്തിൽ ചൂഷണം ചെയ്യുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങിയ ജില്ലകളിൽനിന്നുള്ള കുട്ടികളെ അതതു ജില്ലകൾക്ക് പുറത്തു പ്രവർത്തിക്കുന്ന ഹോസ്റ്റലുകളിൽ ചേർത്തു പഠിപ്പിക്കുന്നത്. നിലമ്പൂരിലെ പൂച്ചപ്പാറ കോളനിയിലെ രണ്ടു കുട്ടികൾ പഠിക്കുന്നത് പട്ടികവർഗ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.ഇ വിദ്യാലയത്തിലാണ്. ഈ കുട്ടികൾക്ക് അവരുടെ വിദ്യാലയത്തിലെത്തുന്നതിന് ജീപ്പുവാടകയായി ചെലവഴിക്കേണ്ടിവരുന്നത് 16,000 രൂപയാണ്. മറ്റുതരത്തിലുള്ള വാഹനങ്ങളിൽ സഞ്ചരിക്കാൻ ഇവർക്ക് അറിയില്ല. എന്നാൽ, കുട്ടിക്ക് യാത്രാ ചെലവായി ലഭിക്കുന്നത് രക്ഷിതാക്കളുടെയും കുട്ടിയുടെയും തീവണ്ടിക്കൂലി മാത്രമാണ്. എന്നുവെച്ചാൽ ആ രക്ഷിതാവ് തന്റെ വരുമാനത്തിന്റെ വലിയൊരുഭാഗം ചെലവഴിച്ചാൽ മാത്രമേ കുട്ടിയെ വിദ്യാലയത്തിലെത്തിക്കാനാവൂ.
കുട്ടികളെ ജില്ലക്ക് പുറത്തുള്ള വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നത് കർശനമായി വിലക്കേണ്ടതാണ്. ഒാരോ ആദിവാസി വിഭാഗങ്ങൾക്കും അവരവരുടെ ആവാസകേന്ദ്രത്തിനോടു ചേർന്നുതന്നെ ആവശ്യമായ വിദ്യാലയ സൗകര്യങ്ങൾ ഒരുക്കേണ്ടതാണ്. എം.ജി.എൽ.സികൾ അടച്ചുപൂട്ടപ്പെട്ടതോടെ മതിമറന്നാഹ്ലാദിക്കുന്നത് ഇത്തരത്തിലുള്ള വിദ്യാഭ്യാസ കച്ചവടക്കാരാണ്. ആദിവാസിക്കുട്ടികളെ വിദ്യാഭ്യാസ കച്ചവടക്കാരുടെ ചൂഷണത്തിൽനിന്നും രക്ഷിക്കണമെങ്കിൽ ആദിവാസി ആവാസകേന്ദ്രങ്ങളോട് ചേർന്ന് ആവശ്യമായത്ര വിദ്യാലയങ്ങൾ ഉറപ്പുവരുത്തുകയെന്ന കടമ സർക്കാർ നിറവേറ്റണം.
അടച്ചുപൂട്ടിയിട്ടും അടയാത്ത വിദ്യാലയം
നെടുങ്കയത്തെ ആനപ്പന്തി സന്ദർശിക്കുന്നവരുടെ കാഴ്ച കവർന്നെടുക്കുന്ന ഒരു കെട്ടിടമുണ്ട്, തീവണ്ടി ബോഗിയുടെ മാതൃകയിൽ ഭംഗിയായി ചായം തേച്ചുമിനുക്കിയ ഒന്ന്. ഗവ. ട്രൈബൽ ബദൽ സ്കൂൾ കെട്ടിടം നെടുങ്കയം എന്ന ബോർഡിനു വിശാലമായ വരാന്തയും നാലു ക്ലാസ് മുറികളും ഓഫിസ് മുറിയും അടുക്കളയും എല്ലാമുള്ള സ്കൂൾ കെട്ടിടം. മുൻവശത്ത് വിശാലമായ കളിസ്ഥലം. വലതുഭാഗത്തായി കുട്ടികളുടെ കളിയുപകരണങ്ങൾ. നിലവിൽ 16 കുട്ടികൾ പഠിക്കാനെത്തുന്നുണ്ട്. 22 കൊല്ലമായി വിജയൻ മാഷ് അത്യധ്വാനംചെയ്ത് നിലനിർത്തുന്ന ബദൽ സ്കൂൾ തൊട്ടടുത്ത ആദിവാസി കോളനിയിലെ കുട്ടികളുടെ ഏക ആശ്രയം. പിച്ചവെച്ചു തുടങ്ങിയ നാൾമുതൽ അവർ കണ്ടുപരിചയിച്ചതാണിത്. സ്കൂൾ ഉെണ്ടങ്കിലും ഇെല്ലങ്കിലും മുതിർന്നവരുൾപ്പടെ എല്ലാവരും ഈ സ്കൂൾ മുറ്റത്തുകൂടെയാണ് കടന്നുപോകുന്നത്.
ബദൽ സ്കൂൾ അടച്ചുപൂട്ടുന്നതോടെ കുട്ടികൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കേണ്ടിവരുന്നത് ഗവ. എൽ.പി സ്കൂൾ വാരിക്കൽ ആണ്. കോളനിയിൽനിന്നും അഞ്ച് കി.മീ. ദൂരം. ഇതിൽ 2 കി.മീ. വനത്തിലൂടെ നടന്നും ശേഷിക്കുന്നത് ബസിലും. രാവിലെ നേരത്തേ ജോലിക്കുപോകുന്ന രക്ഷിതാക്കൾക്ക് കുട്ടികളെ വിദ്യാലയത്തിലെത്തിക്കാനാകില്ല. ചുരുക്കത്തിൽ നിലവിൽ ഈ വിദ്യാലയത്തിലെ കുട്ടികളുടെ പഠനം നിലക്കാനാണ് സാധ്യത. മനോഹരമായ ഈ വിദ്യാലയ കെട്ടിടത്തിന് ആവശ്യക്കാർ ഏറെയാണ്. പലരും തുന്നൽക്ലാസും മറ്റുമായി അവരുടെ അവകാശം ഉറപ്പിച്ചുകഴിഞ്ഞു.
എങ്കിലും വിജയൻ മാഷും കുട്ടികളും തോറ്റുകൊടുക്കാൻ തയാറല്ല. മാഷും കുട്ടികളും പതിവുപോലെ വിദ്യാലയത്തിലെത്തി പഠനം തുടരുന്നു. എത്രകാലം തുടരാനാകും എന്നതറിയാതെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.