കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും നടന്ന മാലിന്യ സംസ്കരണ പരീക്ഷണം കേരളം മുഴുവൻ വ്യാപിക്കും എന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ലെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു. പുതിയൊരു സമീപനം സൃഷ്ടിക്കാനുള്ള അവസരം നമ്മൾ നഷ്ടമാക്കുകയായിരുന്നോ? എന്താണ് കുമിഞ്ഞുകൂടുന്ന മാലിന്യത്തിൽനിന്ന് സംസ്ഥാനത്തെ രക്ഷിക്കാനുള്ള മാർഗം, ബദൽ? - വിശകലനം.
ചിത്രം: ബൈജു കൊടുവള്ളി
‘‘പാതി വലിച്ചുകളഞ്ഞൊരു ബീഡി-
തുണ്ടു പെറുക്കുമ്പോൾ
നീറിപ്പുകയും ജീവിതമവളുടെ
കൈപൊള്ളിക്കുന്നു’’
‘ബസ് സ്റ്റാൻഡിലെ തൂപ്പുകാരി’ എന്നൊരു കവിതയിൽ പി.പി. രാമചന്ദ്രൻ എഴുതുന്നു.
ചുറ്റുപാടുമുള്ള വാഹനഗർജനത്തിന്റെ ഇരമ്പൽ കേൾക്കുന്നില്ലെങ്കിലും താഴെ തരിമണൽ തമ്മിൽ തമ്മിൽ പേശുന്ന കുശലങ്ങൾ അവൾ കേൾക്കുന്നുണ്ടെന്ന് കവി പറയുന്നു.
അവൾ പെറുക്കിയെടുക്കുന്ന ഓരോ ചവറിന്റെ തുണ്ടിലും അവൾ ജീവിതത്തിന്റെ അപാരമായ വൈവിധ്യങ്ങൾ കാണുന്നു.
‘‘കാലിക്കൂടുകൾ വാരുമ്പോൾ അതി-
ലാരോ കരയുന്നു
വീടിനകത്തെ തുണിയൂഞ്ഞാലിൽ
തൂങ്ങും തൻ ജീവൻ
മിന്നും മിഠായിക്കടലാസൊ-
ന്നിളകീ പൊടിമണ്ണിൽ
മുങ്ങിപ്പോയ മഹാബലി തന്നുടെ
പൊൻമുടിയോ കണ്ടൂ’’
ചവറിനെ ജീവിതം ദുഷ്കരമാക്കുന്ന മാലിന്യമായി കാണാം. അല്ലെങ്കിൽ ജീവിതത്തെക്കുറിച്ചു പുതിയ പാഠങ്ങൾ പഠിപ്പിക്കുന്ന അറിവാക്കി മാറ്റാം. ഇതിലൂടെ പുതിയൊരു വികസന പരിപ്രേക്ഷ്യവും വ്യത്യസ്തമായ ജീവിതവീക്ഷണവും നേടാം.
കോവിഡ് കാലമടക്കം അഞ്ചു വർഷം ഞങ്ങൾ ജീവിച്ചിരുന്നത് ഡൽഹിയിലായിരുന്നു. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ കഴിഞ്ഞ ആ രണ്ടു വർഷവും ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വന്നിരുന്നത് പത്തു വയസ്സുള്ള ഒരു പെൺകുട്ടി മാത്രമാണ്. ഞങ്ങൾ താമസിക്കുന്ന ഹൗസിങ് കോംപ്ലക്സിൽനിന്നും വേസ്റ്റ് ശേഖരിക്കാൻ വരുന്നതാണ് ഈ പെൺകുട്ടി. പായൽ എന്നാണ് അവളുടെ പേര്. പായൽ എന്നാൽ ചിലങ്ക എന്നാണർഥം. ഹരിയാനയിലെ ഒരു ഗ്രാമത്തിൽനിന്ന് വന്നു ഡൽഹിയിൽ താമസിക്കുകയാണ് ഈ കുടുംബം. അവളുടെ അച്ഛനാണ് വേസ്റ്റ് സംഭരണത്തിന്റെ ചുമതല. അയാളെ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. ഇടക്ക് അവൾക്കൊപ്പം അവളുടെ അമ്മായി വരും. ചിലപ്പോൾ മുത്തശ്ശിയും. മുത്തശ്ശിയെ കണ്ടാൽ നൂറു വയസ്സെങ്കിലും പ്രായം തോന്നും. തല മുട്ടിൽ തൊടുംവിധം കൂനിയാണ് അവർ നടക്കുന്നത്. ജൈവവും അജൈവവുമായ എല്ലാ മാലിന്യവും ഒരു പ്ലാസ്റ്റിക് കൂടയിൽ പൊതിഞ്ഞാണ് ഇവിടെയുള്ള കുടുംബങ്ങൾ ഇവർക്ക് നൽകുന്നത്. ഏതെങ്കിലും ഒരുദിവസം ഇവർ വേസ്റ്റ് ശേഖരിക്കാൻ വരാതിരുന്നാൽ ഹൗസിങ് കോംപ്ലക്സ് പ്രക്ഷുബ്ധമാകും. തങ്ങൾ സൃഷ്ടിച്ച ഈ വേസ്റ്റ് എന്തുചെയ്യണം എന്ന് ഇവിടെ ജീവിക്കുന്നവർക്ക് ഒരു ധാരണയുമില്ല. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം കുന്നുകൂടി ഡൽഹിയുടെ നഗരാതിർത്തിയിൽ വലിയൊരു മാലിന്യമല രൂപംകൊണ്ടിട്ടുണ്ട്.
കൊറോണക്കാലത്ത് പ്രശസ്തമായി മാറിയ ഒരു പ്രസംഗമുണ്ട്. ബ്രിട്ടീഷ് ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ പ്രസംഗം. അതിൽ അദ്ദേഹം ചോദിക്കുന്നു. ഈ കൊറോണക്കാലം നിങ്ങളെ എന്ത് പഠിപ്പിച്ചു? നിങ്ങളുടെ ജീവിതത്തിൽ ആർക്കാണ് ഏറെ പ്രാധാന്യം? നിങ്ങളുടെ ചവറു പെറുക്കാൻ വരുന്ന തൊഴിലാളിയോ അതോ ഹെഡ്ജ് ഫണ്ട് മാനേജർ ആയ കോടീശ്വരനോ? അക്കാലത്താണ് മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ വേർതിരിക്കുകയും ജൈവമാലിന്യം കമ്പോസ്റ്റാക്കി മാറ്റുകയും ചെയ്യുന്ന ആലപ്പുഴ പരീക്ഷണത്തെക്കുറിച്ചു ഞങ്ങൾ കേൾക്കുന്നത്. മാലിന്യം ഉറവിടത്തിൽ വേർതിരിക്കുന്നതോടെ അത് ശേഖരിക്കാൻ വരുന്ന തൊഴിലാളിയുടെ ജീവിതത്തിൽ ചെറിയ ഒരു മാറ്റം വരും. അഴുകിയതും ദുർഗന്ധം വമിക്കുന്നതുമായ മാലിന്യം അവർക്ക് പേറേണ്ടി വരില്ല. ഇതാണല്ലോ ശരിയായ മാർഗം എന്നൊരു തോന്നൽ അന്നുതന്നെ ഞങ്ങൾക്കുണ്ടായി. എന്നാൽ, കേരളത്തിൽ ആലപ്പുഴയിലും തിരുവനന്തപുരത്തും നടന്ന ആ പരീക്ഷണം കേരളം മുഴുവൻ വ്യാപിക്കും എന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. പുതിയൊരു സമീപനം സൃഷ്ടിക്കാനുള്ള അവസരം നമ്മൾ നഷ്ടമാക്കുകയായിരുന്നു.
ബ്രഹ്മപുരം കത്തിപ്പിടിച്ചതോടെ കേരളത്തിൽ മാലിന്യ നിർമാർജനം വീണ്ടും പ്രധാന ചർച്ചയായി മാറി. അന്യോന്യം കുറ്റപ്പെടുത്തുന്ന വാക്ക്പോരുകൾ അന്തരീക്ഷം കൂടുതൽ മലീമസമാക്കി. മാലിന്യനിർമാർജന രംഗത്ത് ഒരു അടിയന്തരമായ ആക്ഷൻ പ്ലാൻ ഉണ്ടാകണം എന്ന് പൊതുവെ ആവശ്യമുയർന്നു. കേരളത്തിലെ മാലിന്യനിർമാർജന രംഗത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ വാദപ്രതിവാദമുണ്ടായി. എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഒരു സമവായം ഉണ്ടാക്കുക എളുപ്പമായിരുന്നില്ല. ഇതിനർഥം ഈ രംഗത്ത് ഇതേവരെ ഒന്നും നടന്നിരുന്നില്ല എന്നല്ല. കഴിഞ്ഞ കുറെ വർഷമായി ഇതേ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സജീവമായ ശ്രമം നടക്കുന്നുണ്ടായിരുന്നു.
ഇതിൽ തുടക്കത്തിൽതന്നെ അനുഭവപ്പെട്ട ഒരു പ്രശ്നം മാലിന്യത്തോടുള്ള സമീപനമായിരുന്നു. മാലിന്യ നിർമാർജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന കടമകളിൽ ഒന്നായി അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ, അതിനർഥം വ്യക്തികൾക്ക് ഇതിൽ ഒരു പങ്കുമില്ല എന്നല്ല. എന്നാൽ വ്യക്തികൾക്ക് തുല്യ പ്രാധാന്യമുള്ള വികേന്ദ്രീകൃത സമീപനം വന്നപ്പോൾ ഇതെല്ലാം തദ്ദേശ സ്ഥാപനങ്ങളുടെ മാത്രം ചുമതലയാണ് എന്ന് വാദിക്കാനും ആളുണ്ടായി.
എന്തായാലും തുടക്കത്തിൽ കേന്ദ്രീകൃതമായ പരിഹാരങ്ങളാണ് നിർദേശിക്കപ്പെട്ടത്. അങ്ങനെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരുവനന്തപുരത്തെ വിളപ്പിൽശാലയിലും എറണാകുളത്തെ ബ്രഹ്മപുരത്തും ആലപ്പുഴയിലെ സർവോദയപുരത്തുമെല്ലാം കേന്ദ്രീകൃത സംവിധാനങ്ങളുണ്ടായി. ഇവിടെയൊക്കെ പിൽക്കാലത്ത് മാലിന്യത്തിൽനിന്ന് ഊർജമുണ്ടാക്കുന്ന വലിയ സംവിധാനങ്ങൾ ഉണ്ടാവും എന്ന പ്രതീക്ഷയുമുണ്ടായി. എന്നാൽ, വലിയ താമസമില്ലാതെ വിളപ്പിൽശാലയിലും സർവോദയപുരത്തും വലിയ ജനകീയ പ്രക്ഷോഭങ്ങളുണ്ടായി. നഗരമാലിന്യങ്ങൾ ഇവിടെ നിക്ഷേപിക്കാൻ പാടില്ല എന്ന ആവശ്യവുമായി നാട്ടുകാർ മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങൾ തടഞ്ഞു. നഗരങ്ങൾ വീണ്ടും മാലിന്യ കൂമ്പാരമായി മാറി. മാലിന്യ നിർമാർജന രംഗത്ത് ലോകമെമ്പാടും ഉള്ള ഒരു മനോഭാവമാണ് Not in My Backyard NIMBY എന്നത്. നഗരങ്ങളുടെ മാലിന്യങ്ങൾ തള്ളാനുള്ള കുപ്പത്തൊട്ടിയല്ല എന്റെ വീട്ടുമുറ്റം എന്നൊരാൾ പറഞ്ഞാൽ അതിൽ ഒരു തെറ്റും പറയാനില്ല.
പുതിയൊരു സാങ്കേതിക വിദ്യയായി അവതരിപ്പിക്കപ്പെട്ട ‘വേസ്റ്റ് ടു എനർജി’ സംരംഭങ്ങളും ഇതേവരെ കേരളത്തിൽ വിജയകരമായി യാഥാർഥ്യമായിട്ടില്ല. കൂടുതൽ മാലിന്യമുണ്ടെങ്കിൽമാത്രം വിജയിക്കാൻ കഴിയുന്ന സംരംഭം എന്നനിലക്ക് മാലിന്യത്തിന്റെ അളവ് കുറക്കുക എന്ന അടിസ്ഥാന ആശയത്തിന് വിപരീതമാണ് ഈ മാർഗമെന്ന് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. കേരളത്തിലെ ജലാംശം കൂടുതൽ കലർന്ന മാലിന്യത്തിൽനിന്ന് ലാഭകരമായി ഊർജം ഉണ്ടാക്കാൻ കഴിയില്ല എന്ന് ഈ രംഗത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന കെ.എൻ. ഷിബുവിനെപ്പോലുള്ള വിദഗ്ധർ ചൂണ്ടിക്കാട്ടുകയും ചെയ്തു.
അങ്ങനെ കേന്ദ്രീകൃത സംവിധാനങ്ങൾ മുന്നോട്ടുപോകാത്ത സമയത്താണ് ആലപ്പുഴ നഗരം അന്ന് ധനമന്ത്രി ആയിരുന്ന ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ ‘നിർമല നഗരം നിർമല ഭവനം’ എന്നൊരു പരിപാടിക്ക് നേതൃത്വം നൽകിയത്. അതേവരെ നിലനിന്നിരുന്ന കേന്ദ്രീകൃത മാലിന്യ നിർമാർജനത്തിന് പകരം വികേന്ദ്രീകൃത സംവിധാനങ്ങൾക്ക് മുൻതൂക്കം നൽകുന്ന ഒരു രീതിയാണ് ഇവിടെ പ്രയോഗിക്കാൻ ശ്രമിച്ചത്. ഇതേ പരീക്ഷണം പിന്നീട് തിരുവനന്തപുരം നഗരത്തിൽ വി.കെ. പ്രശാന്ത് മേയർ ആയിരിക്കുമ്പോഴും ആരംഭിച്ചു. ഇപ്പോൾ നമ്മുടെ മുന്നിൽ ഈ രണ്ടു പരീക്ഷണങ്ങളുണ്ട്. ഇവയുടെ സാധ്യതകളും പരിമിതികളും നമുക്ക് ഇവിടെനിന്ന് പഠിച്ചെടുക്കാം. ഇതേക്കുറിച്ച് തോമസ് ഐസക്കും എം. ഗോപകുമാറും എഴുതിയ ‘മാറുന്ന മനസ്സുകൾ മാലിന്യമകലുന്ന തെരുവുകൾ’ എന്ന പുസ്തകം ഈ രംഗത്തെ വിശദമായി വിശകലനംചെയ്യുന്നതാണ്.
എന്നാൽ, വികേന്ദ്രീകൃതം, കേന്ദ്രീകൃതം എന്നീ ദ്വന്ദ്വങ്ങളിൽ മാത്രമായി മാലിന്യ നിർമാർജനത്തെ കാണുന്നത് ശരിയല്ല. വികേന്ദ്രീകൃതം എന്നത് ഒരു ബദൽ വികസന ആശയമായി കരുതാം. എന്താണ് ഈ ആശയത്തിന്റെ കാതൽ?
വികേന്ദ്രീകൃതം എന്നുപറഞ്ഞാൽ എല്ലാ മാലിന്യവും ഉറവിടത്തിൽതന്നെ സംസ്കരിക്കാം എന്നല്ല അർഥം. വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചർച്ചകളിൽ എന്നെ ഏറ്റവും ആകർഷിക്കുന്നത് Principle of Subsidiarity എന്ന ആശയമാണ്. അതായത് ഒരു തലത്തിൽ ചെയ്യാവുന്നത് മുഴുവനും അവിടെ ചെയ്യുക, വ്യക്തിക്ക് ചെയ്യാവുന്നത് വ്യക്തി , കുടുംബത്തിൽ ചെയ്യാവുന്നത് അവിടെ, തുടർന്ന് വാർഡിലും പഞ്ചായത്തിലും േബ്ലാക്കിലും ജില്ലയിലും ചെയ്യുന്നത് അവിടെതന്നെ. അത് കഴിഞ്ഞുള്ളത് മാത്രം സംസ്ഥാന തലത്തിൽ. ഉറവിടത്തിൽതന്നെ തരംതിരിക്കുകയും കഴിയുന്നത്ര അവിടെ തന്നെ സംസ്കരിക്കുകയും ചെയ്താൽ കേന്ദ്രീകൃതമായി സംസ്കരിക്കേണ്ട മാലിന്യത്തിന്റെ അളവ് നന്നായി കുറയുന്നു, ഓരോ തലത്തിലും കൃത്യമായ ശ്രദ്ധയും പ്രവർത്തനവും വേണ്ടിവരും എന്നുമാത്രം.
ഏത് തലത്തിൽ എന്തൊക്കെ ചെയ്യണം എന്ന് തീരുമാനിക്കുന്നതാണ് വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ഫിലോസഫി. ഇവിടെ ഒരു തലത്തെയും നിരാകരിക്കുന്നില്ല. ഇത് എങ്ങനെയാണ് പ്രാവർത്തികമാക്കുന്നത്?
വീട്ടിലും സ്ഥാപനങ്ങളിലും ഉണ്ടാവുന്ന മാലിന്യത്തെ ജൈവം-അജൈവം എന്ന് തരംതിരിക്കുന്നു. വീടുകളിൽ സ്ഥലമില്ലാത്തവർക്ക് പൊതുസ്ഥലങ്ങളിൽ തുമ്പൂർമുഴി മാതൃകയിലുള്ള ജൈവ സംസ്കരണ സംവിധാനങ്ങൾ ഉണ്ടാക്കണം. അങ്ങനെ തരംതിരിച്ച ജൈവമാലിന്യത്തെ കഴിയുന്നത്ര സ്ഥലങ്ങളിൽ കമ്പോസ്റ്റാക്കി മാറ്റുന്നു. ഇതിന് സഹായകരമായ സാങ്കേതികവിദ്യകൾ ഇപ്പോൾ ലഭ്യമാണ്. ഇപ്പോൾ വികസിപ്പിച്ചെടുത്തിരിക്കുന്ന കിച്ചൻ ബിൻ വളരെ കുറച്ചു സ്ഥലം മാത്രം ആവശ്യമുള്ള ലളിതമായ ഒരു സാങ്കേതികവിദ്യയാണ്. ഇതിൽ ഉപയോഗിക്കാവുന്ന ഇനോകുലം ഇപ്പോൾ ലഭ്യമാണ്. ഈ രീതിയിൽ ലഭിക്കുന്ന കമ്പോസ്റ്റ് കിച്ചൻ ഗാർഡനിൽ ഉപയോഗിക്കുന്നു, ഇങ്ങനെ കിട്ടുന്ന കമ്പോസ്റ്റ് മണ്ണിന്റെ പോഷണം സംരക്ഷിക്കുന്നതിന് വലിയ സഹായമാകും. അജൈവ മാലിന്യങ്ങൾ തരംതിരിച്ചു കഴിഞ്ഞാൽ വിവിധ തലങ്ങളിൽ വിവിധ രീതികളിൽ സംസ്കരിക്കുന്നു.
വികേന്ദ്രീകൃതം എന്നത് ഒരു തുടക്കം മാത്രമാണ്
മൊത്തം ചവറിന്റെ അളവുകുറഞ്ഞാൽ ബാക്കിവരുന്ന ചവറുകൾ സംസ്കരിക്കാൻ എളുപ്പമാവും എന്നതാണ് ഇതിൽനിന്ന് ലഭിക്കുന്ന ഏറ്റവും പ്രധാന നേട്ടം. ഇവിടെയാണ് പലതലങ്ങളിൽ പലതരം മാലിന്യങ്ങൾ സംസ്കരിക്കാനുള്ള സജ്ജീകരണങ്ങൾ ഉണ്ടാക്കാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം വരുന്നത്. ഇപ്പോൾതന്നെ മെഡിക്കൽ വേസ്റ്റ് മാനേജ് ചെയ്യാൻ IMAGE എന്ന കേന്ദ്രീകൃത സംവിധാനമുണ്ട്. ഇലക്ട്രോണിക് hazardous വേസ്റ്റ് പ്രത്യേകം സംഭരിക്കാനുള്ള സംവിധാനം തിരുവനന്തപുരത്തു ചില പ്രത്യേക ദിവസങ്ങളിൽ ലഭ്യമാണ്.
മാലിന്യം ഇരുപത്തിയഞ്ചോളം തരത്തിലണ്ട് എന്നാണ് കണക്ക്. ഇതിനൊക്കെ പ്രത്യേകതരം സജ്ജീകരണങ്ങൾ ഉണ്ടാവണം. ഇതൊക്കെ എപ്പോൾ നടക്കുമെന്ന് ചോദിക്കുന്നവരുണ്ട്. സീറോ വേസ്റ്റ് എന്ന ആശയം ഏറെക്കാലമായി നടപ്പാക്കാൻ ശ്രമിക്കുന്ന ധാരാളം തദ്ദേശ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. കേരളത്തിൽ 60 ലക്ഷത്തോളം വീടുകളും അഞ്ചു ലക്ഷത്തോളം കടകളും ഉണ്ട് എന്നിരിക്കട്ടെ. കേരളത്തിലുണ്ടാവുന്ന മാലിന്യത്തിന്റെ 70 ശതമാനത്തോളം ജൈവമാലിന്യമാണ്. ഒരു പരിധിവരെ ഇതിനെ മാനേജ് ചെയ്യാൻ കഴിഞ്ഞാൽ പിന്നീടുള്ള അജൈവ മാലിന്യങ്ങളുടെ സംസ്കരണം കൂടുതൽ എളുപ്പവും പ്രായോഗികവുമാകും. ഒരു മാസം ഏകദേശം 600 ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ടാവുന്നു എന്നും കണക്കുണ്ട്.
ഇവയുടെ സംസ്കരണത്തിനായി ഇപ്പോൾതന്നെ 173 Resource Recovery Facility, 1152 Material Conversion Facility (MCF), 7722 മിനി MCF, 3810 കമ്യൂണിറ്റി കമ്പോസ്റ്റിങ് യൂനിറ്റ് എന്നിവ സംസ്ഥാനത്തുെണ്ടന്ന് ഈ രംഗത്ത് ഏറെക്കാലമായി പ്രവർത്തിക്കുന്ന എൻ. ജഗജീവൻ ചൂണ്ടിക്കാണിക്കുന്നു. 12 ലക്ഷം വീടുകളിൽ ഗാർഹിക കമ്പോസ്റ്റിങ് സംവിധാനമുണ്ട്. ചിക്കൻ വേസ്റ്റ് സംസ്കരിക്കാനുള്ള സംവിധാനങ്ങളുണ്ട്. 1750 ബദൽ ഉൽപന്ന യൂനിറ്റുകളുണ്ട്. 30,000 അംഗങ്ങളുള്ള ഹരിത കർമസേനയും ഈ രംഗത്തുണ്ട്. എന്നാൽ, ഇതൊന്നും പോരാ. കൂടുതൽ സംവിധാനങ്ങൾ ഉണ്ടാവണം. സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകണം. അതിനു സഹായകരമായ വിധത്തിൽ വലിയ ജനകീയ മാലിന്യ സാക്ഷരതാ യജ്ഞം ഉണ്ടാവണം. ഒരു പ്രധാനപ്പെട്ട കാര്യം ചൂണ്ടിക്കാട്ടാം. ഉറവിടത്തിൽ വേർതിരിക്കുമ്പോൾ അത് ഹരിത കർമസേനക്ക് കൈമാറുന്നതിന് മുമ്പ് പ്ലാസ്റ്റിക് നന്നായി കഴുകി ഉണക്കി മാത്രമേ കൊടുക്കാവൂ. ഇതിന് കുറച്ചു സമയം ഉപഭോക്താവ് ചിലവിടേണ്ടി വരും. താനുണ്ടാക്കുന്ന മാലിന്യം തന്റെ കൂടി ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവിൽനിന്നേ ഈ മനോഭാവം സൃഷ്ടിക്കപ്പെടൂ.
ഒരുകാലത്ത് നമ്മുടെ കക്കൂസ് മാലിന്യങ്ങൾ കോരിക്കളയുന്നത് തോട്ടികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിലരായിരുന്നു. ഇവരുടെ ദാരുണമായ അവസ്ഥയെക്കുറിച്ചാണ് തകഴി ‘തോട്ടിയുടെ മകൻ’ എന്ന നോവൽ എഴുതിയത്. ഇപ്പോൾ കക്കൂസ് മാലിന്യം നമ്മൾ ഉറവിടത്തിൽ സംസ്കരിക്കുകയാണല്ലോ. അതേപോലെ തന്നെ നമ്മൾ സൃഷ്ടിക്കുന്ന ജൈവമാലിന്യവും കഴിയുന്നത്ര ഉറവിടത്തിൽ സംസ്കരിക്കുന്നതിനുള്ള സംവിധാനവും സംസ്കാരവും നമുക്ക് സൃഷ്ടിക്കാവുന്നതല്ലേ.
വിവാഹമടക്കമുള്ള വലിയ ചടങ്ങുകൾക്ക് ഗ്രീൻ പ്രോട്ടോകോൾ നിർബന്ധമാക്കണം. ഉത്സവങ്ങൾക്കും വലിയ ആൾക്കൂട്ടമുണ്ടാവുന്ന ഏതു സംരംഭത്തിനും ഗ്രീൻ പ്രോട്ടോകോൾ കൊണ്ടുവരണം. തിരുവനന്തപുരം പൊങ്കാല ഉത്സവം ഇതിനൊരു മാതൃക എപ്പോഴേ സൃഷ്ടിച്ചുകഴിഞ്ഞു.
ഇതോടൊപ്പം നടപ്പാക്കേണ്ട ചില നിയമനടപടികളുമുണ്ട്. പ്ലാസ്റ്റിക് കുപ്പികളിലും മറ്റും വരുന്ന ഉൽപന്നങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉൽപാദകർതന്നെ തിരിച്ചുവാങ്ങുന്നതിനുള്ള പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി. ഒരു പ്രത്യേക കനത്തിൽ കുറവുള്ള പ്ലാസ്റ്റിക്കിന്റെ നിരോധനം. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ പ്രശ്നത്തിന് നമ്മൾ നമ്മുടേതായ ഉത്തരം കണ്ടെത്തിയേ പറ്റൂ. എന്തൊക്കെയാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ? ഒന്ന്, നമ്മുടെ ഉയർന്ന ജനസാന്ദ്രതയാണ്. പശ്ചിമഘട്ടം മാറ്റിനിർത്തിയാൽ ഒരു ചതുരശ്ര കിലോമീറ്ററിൽ ആയിരത്തിലേറെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. രണ്ട്, ഇവിടത്തെ ഉയർന്ന മഴയുടെ അളവാണ്. മൂന്നാമത്, ഉയർന്ന നഗരവത്കരണം. ഇപ്പോൾ 60 ശതമാനത്തിലേറെ ജനങ്ങൾ നാഗരിക പശ്ചാത്തലത്തിലാണ് താമസിക്കുന്നത്. ഇതോടൊപ്പംതന്നെ നമ്മൾ വലിയൊരു ഉപഭോക്തൃ സമൂഹമായി വളരുന്ന സാഹചര്യവും പരിഗണിക്കണം. ഇത്തരത്തിൽ വലിയ മധ്യവർഗ സംസ്കാരമുള്ള ഒരു സമൂഹത്തിൽ മാലിന്യനിർമാർജനത്തിന് നമ്മുടേതായ പ്രതിവിധി കണ്ടെത്തിയേ തീരൂ.
ഈ പ്രശ്നത്തിന്റെ രൂക്ഷത അറിയുന്നവർ എല്ലാവരുംതന്നെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ഞാൻ ഇക്കാര്യത്തിൽ എന്താണ് ചെയ്യുന്നത്. ഇതിന് എന്റെ ഉത്തരംകൂടി പറയാം.
തിരുവനന്തപുരത്തുള്ള ഞങ്ങളുടെ വീട്ടിൽ ഒരു കിച്ചൻ ബിൻ ഉണ്ട്. തിരുവനന്തപുരം കോർപറേഷനിൽനിന്ന് ഞങ്ങൾക്ക് കിട്ടിയതാണിത്. വീട്ടിൽ ഉണ്ടാവുന്ന എല്ലാ ജൈവമാലിന്യവും ഞങ്ങൾ ഇതിലൂടെ കമ്പോസ്റ്റ് ആക്കി മാറ്റുന്നു. ബാക്കിവരുന്ന അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ മാസത്തിൽ രണ്ടുതവണ ഹരിത കർമസേനയുടെ അംഗങ്ങൾ വരും. അവർക്ക് മാസം നൂറു രൂപയാണ് കൊടുക്കേണ്ടത്. ഇങ്ങനെ ഹരിത കർമസേനക്ക് ഫീസ് കൊടുക്കുന്നതിനെതിരെ ചിലയാളുകൾ വലിയ എതിർപ്പുയർത്തിയതായി കണ്ടിട്ടുണ്ട്. എന്നാൽ, ഇതൊരു പ്രാഥമിക കടമയാണ് എന്ന കാര്യം പലരും വിസ്മരിക്കുകയും ചെയ്യുന്നു.
ഇവർ ഇങ്ങനെ കലക്ട് ചെയ്യുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യത്തിന് എന്ത് സംഭവിക്കുന്നു എന്നൊരു ചോദ്യം സ്വാഭാവികമായും ഉയരും. ഇത് സംഭരിക്കാനായാണ് ക്ലീൻ കേരള കമ്പനിക്ക് രൂപംനൽകിയിരിക്കുന്നത്. എന്നാൽ, കേരളത്തിൽ ഉണ്ടാവുന്ന എല്ലാ പ്ലാസ്റ്റിക് വേസ്റ്റും സംസ്കരിക്കാൻ സാധിക്കുന്ന തരത്തിൽ സംവിധാനങ്ങൾ വികസിച്ചിട്ടില്ല. കേരളത്തിൽ ഇതിനു പറ്റിയ ലാൻഡ് ഫില്ലുകൾക്ക് ലഭ്യതയും കുറവാണ്. ഇതൊരു സാങ്കേതിക വെല്ലുവിളിയായി തുടരുമെന്ന് തീർച്ച.
മാലിന്യനിർമാർജനം വലിയൊരു രാഷ്ട്രീയ വിദ്യാഭ്യാസ സാധ്യതകൂടിയാണ്. നാം പെറുക്കിയെടുക്കുന്ന ഓരോ ചവറിലും വലിയൊരു രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ സാധ്യത ഒളിഞ്ഞു കിടപ്പുണ്ട്. പൗരൻ എന്നനിലക്കും ഉപഭോക്താവ് എന്നനിലക്കും വ്യക്തിയുടെ സ്ഥാനം അടയാളപ്പെടുത്താൻ നാം സൃഷ്ടിക്കുന്ന ചവറുകളെക്കുറിച്ചുള്ള അറിവ് നമ്മെ സഹായിക്കും, പ്രകൃതിയിൽ ചവറുകൾ സൃഷ്ടിക്കുന്ന ഏകജീവി മനുഷ്യനാണ് എന്ന യാഥാർഥ്യം നമ്മെ അമ്പരപ്പിക്കും. നമ്മുടെ ഉപഭോഗത്തിനായി നാം ചെലവഴിക്കുന്ന അഞ്ചു മിനിറ്റിനായി നാം സൃഷ്ടിക്കുന്ന ചവറുകൾ അഞ്ഞൂറ് വർഷം ഈ പ്രകൃതിയിൽ ഉണ്ടാവും എന്ന അറിവ് നമ്മെ ഞെട്ടിക്കും.
നാം ഭക്ഷിക്കുന്ന ഓരോ വസ്തുവും എത്ര കലോറി മൈൽ സൃഷ്ടിക്കുന്നു എന്ന് നോക്കുന്നതുപോലെ നാമുണ്ടാക്കുന്ന ഓരോ പാഴ് വസ്തുവും എത്ര കാർബൺ ഫുട്പ്രിന്റ് സൃഷ്ടിക്കുമെന്ന ആലോചന കാലാവസ്ഥാ മാറ്റത്തിന്റെ ആഗോള രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും. ഉറവിടത്തിൽ മാലിന്യത്തെ വേർതിരിക്കണമെന്ന് പറയുമ്പോൾ ഉപഭോക്താവിനും ഉത്തരവാദിത്തമുണ്ട് എന്ന പാഠം നമ്മൾ പഠിക്കും. അലക്ഷ്യമായി എറിയുന്ന മാലിന്യങ്ങളിൽനിന്നാണ് ഡെങ്കിയും ചികുൻഗുനിയയും കോളറയുമടക്കമുള്ള രോഗങ്ങൾ വരുന്നത് എന്നറിയുമ്പോൾ നാം ആരോഗ്യത്തിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കും.
ജൈവമാലിന്യത്തിൽനിന്ന് ബയോഗ്യാസ് ഉണ്ടാക്കുമ്പോൾ ഊർജ ആസൂത്രണത്തെക്കുറിച്ച് പഠിക്കും. കമ്പോസ്റ്റിങ് ചെയ്തു കിട്ടുന്ന വളം അടുക്കളത്തോട്ടത്തിലെ ഗ്രോ ബാഗുകളിൽ നിക്ഷേപിക്കുമ്പോൾ നാം കൃഷിരീതികൾ പരിശീലിക്കും. സ്കൂളുകളിൽ കമ്പോസ്റ്റ് പിറ്റ് ഉണ്ടാക്കുമ്പോൾ വിദ്യാഭ്യാസ പ്രക്രിയയിൽ നാം ഈ അറിവിനെ സന്നിവേശിപ്പിക്കും. റെഡ്യൂസ് അഥവാ ഉപയോഗം കുറക്കുക എന്ന പാഠത്തിലൂടെ നമ്മൾ ഷുമാക്കറിന്റെ Small is Beautiful എന്ന സിദ്ധാന്തം കേൾക്കും. ഗാന്ധിയെക്കുറിച്ചും മാർക്സിനെക്കുറിച്ചും ഓർക്കും. Reuse അഥവാ പുനരുപയോഗിക്കൂ എന്ന പാഠത്തിലൂടെ വളർച്ചയുടെ പരിമിതി കണ്ടെത്തും.
റീസൈക്കിൾ അഥവാ പുനഃചംക്രമണം നടത്തുമ്പോൾ പ്രകൃതിയുടെ ഭക്ഷ്യശൃംഖലയെക്കുറിച്ചു മനസ്സിലാക്കും. ഒരു മനുഷ്യൻ സൃഷ്ടിക്കുന്ന മാലിന്യം മറ്റൊരു മനുഷ്യൻ തന്റെ വെറും കൈകൾകൊണ്ട് വാരുന്ന മാന്വൽ scavengingന്റെ തുടക്കം വായിക്കുമ്പോൾ മനുഷ്യബന്ധങ്ങളുടെ ചരിത്രം പഠിക്കും. അങ്ങനെ മാലിന്യ നിർമാർജനത്തിലൂടെ നമ്മൾ ആരോഗ്യം, വിദ്യാഭ്യാസം, ഊർജസംരക്ഷണം, പരിസ്ഥിതി, പൗരധർമം, ചരിത്രം, സാമ്പത്തിക ശാസ്ത്രം എന്നിവയെക്കുറിച്ചെല്ലാം വ്യത്യസ്തമായി ചിന്തിക്കാൻ ശീലിക്കും. ഈ പാഠങ്ങളെ സ്കൂൾ സിലബസുമായി സന്നിവേശിപ്പിക്കണം. അങ്ങനെ പുതിയ തലമുറയെ പുതിയൊരു ഉപഭോക്തൃ സംസ്കാരത്തിന്റെ തുടക്കക്കാരാക്കണം. എത്ര കാലമായി നമ്മൾ ഈ പ്രശ്നം കേൾക്കുന്നു. പരിഹാരം ഇനിയും ഏറെ അകലെയാണ്. എന്നാൽ, ഇന്നെടുക്കുന്ന ആദ്യ ചുവട് എങ്ങോട്ടാണ് എന്നതായിരിക്കും ഭാവിയെ നിയന്ത്രിക്കാൻ പോകുന്ന പ്രധാന ചോദ്യം.
♦
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.