സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യസംസ്കരണത്തിന് ബദൽവഴികൾ മുന്നോട്ടുവെക്കുകയാണ് പരിസ്ഥിതിപ്രവർത്തകനും വന്യജീവി ശാസ്ത്രജ്ഞനുമായ ഡോ. വി.എസ്. വിജയൻ.എഴുത്ത്: ആർ. സുനിൽബ്രഹ്മപുരം കേരളത്തിന് നൽകുന്ന വലിയ പാഠമുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിന് പോകാതെ കേരളത്തിന് ഇനി രക്ഷയില്ല എന്നതാണ് അത്. മാലിന്യത്തിന്റെ അടിസ്ഥാന പ്രശ്നം മനുഷ്യനാണ് ^മാലിന്യത്തിന്റെ ഉൽപാദകർ. പ്ലാസ്റ്റിക് നമ്മൾ ഉപേക്ഷിക്കാൻ തയാറല്ല....
സംസ്ഥാനം നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നായ മാലിന്യസംസ്കരണത്തിന് ബദൽവഴികൾ മുന്നോട്ടുവെക്കുകയാണ് പരിസ്ഥിതിപ്രവർത്തകനും വന്യജീവി ശാസ്ത്രജ്ഞനുമായ ഡോ. വി.എസ്. വിജയൻ.
എഴുത്ത്: ആർ. സുനിൽ
ബ്രഹ്മപുരം കേരളത്തിന് നൽകുന്ന വലിയ പാഠമുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിന് പോകാതെ കേരളത്തിന് ഇനി രക്ഷയില്ല എന്നതാണ് അത്. മാലിന്യത്തിന്റെ അടിസ്ഥാന പ്രശ്നം മനുഷ്യനാണ് ^മാലിന്യത്തിന്റെ ഉൽപാദകർ. പ്ലാസ്റ്റിക് നമ്മൾ ഉപേക്ഷിക്കാൻ തയാറല്ല. പ്ലാസ്റ്റിക് സാധനങ്ങൾ നമ്മൾ വാങ്ങിക്കൊണ്ടിരിക്കുന്നു. അതൊരു അപകടമാണെന്ന് നമ്മൾ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ കാണുന്ന കാഴ്ച നഗരത്തിലെ മനുഷ്യർ കാറുകളിൽ വന്ന് ഒഴിഞ്ഞ സ്ഥലങ്ങൾ നോക്കി മാലിന്യം വലിച്ചെറിഞ്ഞിട്ട് പോകുന്നതാണ്. ഇവർ നിരക്ഷരരല്ല. മികച്ച അക്കാദമിക് പഠനം ലഭിച്ചവരാണ്; സമൂഹത്തെക്കുറിച്ച് നല്ല ബോധ്യമുള്ള മനുഷ്യരാണ്. പേക്ഷ, മനോഭാവം മാറിയിട്ടില്ല. അത് ഉണ്ടാകണം. ശക്തമായ നിയമങ്ങൾ കൊണ്ടുവരാതെ ഇതിൽ മാറ്റം ഉണ്ടാകില്ല. നിയമങ്ങൾ മാത്രം പോരാ അത് നടപ്പാക്കാൻ സർക്കാർ സംവിധാനത്തിന് കഴിയണം. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ അറസ്റ്റ് ചെയ്യാൻ കഴിയണം. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്നവരിൽനിന്ന് വലിയ പിഴ ഈടാക്കണം. സ്വന്തം വീട്ടിലെ മാലിന്യം സംസ്കരിക്കേണ്ടത് സ്വന്തം ചുമതലയാണെന്ന ബോധം നമുക്കില്ല. അതിനാലാണ് പൊതു ഇടങ്ങളിലേക്ക് വലിച്ചെറിയുന്നത്. മാലിന്യം വലിച്ചെറിയുന്നത് സാമൂഹികമായ കുറ്റമാണെന്ന ബോധം ജനത്തിന് ഉണ്ടാകണം.
നഗരത്തിലെ മാലിന്യത്തിന്റെ 75- 80 ശതമാനം ജൈവമാലിന്യമാണെന്ന് പഠനങ്ങൾ പറയുന്നു. വീടുകളിലെ ജൈവമാലിന്യം ദിവസവും അവിടെ വെച്ചുതന്നെ സംസ്കരിച്ചാൽ മാലിന്യ പ്രശ്നം വലിയൊരു അളവിൽ പരിഹരിക്കപ്പെടും. അതുപോലെതന്നെ മാലിന്യ ഉറവിടങ്ങളായ വ്യാപാര സ്ഥാപനങ്ങൾ, ചന്തകൾ, ഓഫിസുകൾ തുടങ്ങിയ ഇടങ്ങളിലും അനുയോജ്യമായ ഉറവിട സംസ്കരണ സംവിധാനം ഏർപ്പെടുത്താൻ കഴിയും. ഉറവിടമാലിന്യ സംസ്കരണം സംസ്ഥാനത്ത് പലയിടത്തും വിജയകരമാണ്. എല്ലാ വീടുകളിലും രണ്ട് ബക്കറ്റുകൾ വെക്കണം. ഒന്നിൽ പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവവും മറ്റൊന്നിൽ ജൈവ മാലിന്യവും നിറക്കണം. അങ്ങനെ വേർതിരിച്ചു മാത്രമേ കുടുംബശ്രീ പ്രവർത്തകർക്കോ ഹരിത കർമസേനക്കോ മാലിന്യം നൽകാവൂ. പ്ലാസ്റ്റിക് മാലിന്യം മാത്രമായി കുടുംബശ്രീ കലക്ട് ചെയ്യുന്നുണ്ട്. മാലിന്യങ്ങൾക്ക് അവയുടെ തരവും സ്വഭാവവും അനുസരിച്ച് സംസ്കരിക്കുന്ന രീതി കേരളം വേണ്ടത്ര ഉപയോഗിച്ചിട്ടില്ല. ജൈവ-അജൈവ മാലിന്യങ്ങളെ വീടുകളിൽതന്നെ വേർതിരിക്കണം. ജൈവമാലിന്യം സ്വീകരിക്കുന്ന ദിവസംതന്നെ സംസ്കരിക്കാൻ സംവിധാനം വേണം. അതിന് പലയിടത്തും കമ്പോസ്റ്റിങ്ങോ ബയോഗ്യാസ് പ്ലാന്റുകളോ ആണ് ഉപയോഗിക്കുന്നത്. വികേന്ദ്രീകൃതമായ സംസ്കരണ സംവിധാനങ്ങളാണ് പ്രായോഗികം. മാലിന്യം അവയുടെ ഉറവിടത്തിൽതന്നെ സംസ്കരിക്കുന്ന രീതി സ്വീകരിക്കണം. നമ്മുടെ മാലിന്യങ്ങളിൽ ഏതാണ്ട് പകുതിയോളം ഗാർഹിക മാലിന്യങ്ങളാണ്.
ബ്രഹ്മപുരത്ത് നിയമം പാലിച്ചല്ല ഒന്നും നടന്നത്. ജൈവ-അജൈവ മാലിന്യം വേർതിരിക്കാതെയാണ് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടുവന്നത്. പുനരുപയോഗത്തിനായി വേർതിരിച്ചു നൽകേണ്ട പ്ലാസ്റ്റിക്കും ബ്രഹ്മപുരത്തെത്തി. നമ്മൾ ഉണ്ടാക്കിയ പ്രശ്നങ്ങളാണ് നമുക്ക് വിനയായിത്തീർന്നത്. ബ്രഹ്മപുരത്ത് സർക്കാറിന് ഗുരുതരമായ വീഴ്ച സംഭവിച്ചു. എന്ത് നടക്കുന്നു എന്ന് ആരും കൃത്യമായി മോണിറ്റർ ചെയ്തില്ല. അതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പൗരന്മാർ സ്വയം നിയമം പാലിക്കുന്നവരല്ല. പഴുതുണ്ടെങ്കിൽ അവർ നിയമം ലംഘിക്കും. പ്രത്യേകിച്ചും സമ്പന്നന്മാരെ സംബന്ധിച്ചിടത്തോളം. അവർക്ക് നിയമം വിലയ്ക്കു വാങ്ങാം.
ബ്രഹ്മപുരത്തുനിന്ന് മാലിന്യമലക്കാണ് തീപിടിത്തം ഉണ്ടായത്. ഈ മാലിന്യമലയുടെ ഉത്തരവാദികൾ ജനങ്ങളും സർക്കാറുംതന്നെയാണ്. ഇപ്പോഴത്തെ മാലിന്യം പൂർണമായും നീക്കിയാലും വീണ്ടും വന്മലയുണ്ടാകും. സമൂഹമാണ് ഇക്കാര്യത്തിൽ ശക്തമായ തീരുമാനമെടുക്കേണ്ടത്.
എല്ലാ ജില്ലയിലും കലക്ടർമാർ മാലിന്യസംസ്കരണത്തിന് മുൻകൈയെടുക്കണം. കലക്ടർമാർ വിചാരിച്ചാലേ മാലിന്യസംസ്കരണത്തിൽ മാറ്റം വരുത്താനാവൂ. ജില്ലയുടെ അധികാരി എന്ന നിലയിൽ കലക്ടർമാർക്ക് ഇതിൽ ഇടപെടാൻ കഴിയണം. മാലിന്യപ്രശ്നത്തിന് മറുപടി കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്തം കലക്ടർമാർക്കുമുണ്ട്. കലക്ടർമാർ ഇത് ഗൗരവമായി തദ്ദേശ സ്ഥാപനങ്ങളുമായി ചർച്ചചെയ്യേണ്ടതുണ്ട്. ബ്രഹ്മപുരത്തിന്റെ കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. സർക്കാർതലത്തിൽ തീരുമാനമെടുക്കുകയും അത് കലക്ടർക്ക് മേൽ അടിച്ചേൽപിക്കുകയും ചെയ്തു എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളിൽ ഉറവിടമാലിന്യ സംസ്കരണമാണ് ശരിയായ വഴിയെന്ന് കലക്ടർമാർ ചൂണ്ടിക്കാണിക്കണമായിരുന്നു. രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് തീരുമാനമെടുക്കുമ്പോൾ അത് ജനവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിക്കാനുള്ള ഉത്തരവാദിത്തവും കലക്ടർമാർക്കുണ്ട്. തെറ്റായ രീതിയിൽ കരാർ കൊടുക്കുമ്പോൾ അത് പറ്റില്ല എന്ന് പറയാൻ കലക്ടർമാർക്ക് കഴിയണം. രാഷ്ട്രീയ തീരുമാനങ്ങൾ നടപ്പാക്കാൻ വേണ്ടിയല്ല കലക്ടർമാർ ആ സ്ഥാനത്ത് ഇരിക്കേണ്ടത്. രാഷ്ട്രീയ തീരുമാനം നാടിനും പരിസ്ഥിതിക്കും നല്ലതിനല്ലെങ്കിൽ അത് കലക്ടർമാർ തുറന്നുപറയണം. ശാശ്വതമായ പരിഹാരം ഉറവിടമാലിന്യ സംസ്കരണംതന്നെയാെണന്ന് അവരും തിരിച്ചറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.