1952ൽ ഐക്യരാഷ്ട്ര സഭയും ഇൻഡോ-നോർവീജിയൻ സർക്കാറുകൾ സംയുക്തമായും ഒപ്പിട്ട ത്രികക്ഷി കരാറോടുകൂടിയാണ് കേരളത്തിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ ആധുനിക യന്ത്രവത്കരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. 6.6 മീറ്റർ നീളവും 4 കുതിരശക്തിയുമുള്ള ബോട്ട് കടലിലിറക്കി കൊല്ലം നീണ്ടകരയിൽ ആരംഭിച്ച പദ്ധതി 1961ൽ എറണാകുളത്തേക്ക് വികസിപ്പിച്ചു. ഇൗ സന്ദർഭത്തിൽ 120 മില്യൺ ഡോളർ നോർവീജിയൻ സർക്കാർ നിക്ഷേപം നടത്തി. ബോട്ട് യാർഡുകൾ, വർക്ക് ഷോപ്പുകൾ, ഐസ് പ്ലാന്റുകൾ, വാഹനങ്ങൾ, ഫ്രീസിങ് പ്ലാന്റുകൾ എന്നിവയുടെ നിർമാണം ആരംഭിച്ച് സഹകരണ സംഘങ്ങൾ മുഖാന്തരം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആരംഭിച്ച വിപുലീകരിച്ച പദ്ധതിയുടെ ലക്ഷ്യത്തിൽനിന്ന് സർക്കാർ വ്യതിചലിച്ചു. പകരം സ്വകാര്യവ്യക്തികളുടെ ലാഭതാൽപര്യങ്ങൾക്ക് വിധേയമായി. അതോടെ, മത്സ്യമേഖലയിൽ ബോട്ട് ഉടമകളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുള്ള സംഘർഷത്തിന് തുടക്കം കുറിച്ചു. രണ്ടാൾ തുഴയുന്ന കൊച്ചുവഞ്ചിയിലും അഞ്ചാൾ കൈത്തുഴയെറിഞ്ഞ് നീട്ടുന്ന വട്ടവല ഉപയോഗിച്ചും മത്സ്യബന്ധനം നടത്തിയിരുന്ന തീരക്കടലിൽ യന്ത്രവത്കൃത ട്രോളിങ് ബോട്ടുകൾ ഉഴുതുമറിച്ചപ്പോൾ അതിനെതിരായി അസംഘടിതരായ മത്സ്യത്തൊഴിലാളികൾ കടലിൽ ഏറ്റുമുട്ടുന്ന അവസ്ഥ രൂപപ്പെട്ടു.
അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്ന ട്രോളിങ് ബോട്ടുകൾ നിരോധിക്കണമെന്ന ആവശ്യം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉയർത്തി. 1980കളിൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ, ഈ മുദ്രാവാക്യമുയർത്തി ഇടതുപക്ഷ മത്സ്യത്തൊഴിലാളി സംഘടനകൾ കൊച്ചി അഴിമുഖ സമരത്തിന് നേതൃത്വം നൽകി. പ്രതിപക്ഷത്തോടൊപ്പം ആന്റണി കോൺഗ്രസും ചേർന്നു. അഴിമുഖത്തിന് കുറുകെ വഞ്ചികൾ നിരത്തിയിട്ട് ആരംഭിച്ച ഉപരോധസമരം പൊളിക്കാൻ മുഖ്യമന്ത്രിയും 'ഐ' കോൺഗ്രസ് ലീഡറുമായ കെ. കരുണാകരൻ കൊച്ചിൻ പോർട്ടിന് നിർദേശം നൽകി. തുടർന്ന് ഉപരോധം പൊളിക്കാൻ െഡ്രഡ്ജിങ് കപ്പൽ മുന്നോട്ടു കുതിച്ചു. മരത്തിൽ നിർമിച്ചിട്ടുള്ള മത്സ്യബന്ധന വഞ്ചികളിൽ കപ്പൽ മുട്ടിയാൽ വഞ്ചിതകരുമെന്നതിനാൽ ഭയന്ന മത്സ്യത്തൊഴിലാളികൾ അഴിമുഖത്തിന് കുറുകെ കെട്ടി അതിൽ ബന്ധിച്ചിരുന്ന വഞ്ചികളും അതിലുണ്ടായിരുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെയും സംരക്ഷിക്കാൻ വടം മുറിച്ചുമാറ്റി വൈപ്പിൻ അഴിമുഖക്കരയിലേക്ക് രക്ഷപ്പെട്ടു. കോൺഗ്രസുകാർ മുൻകൂട്ടി ആസൂത്രണംചെയ്ത പദ്ധതിപ്രകാരം അവരുടെ ക്രിമിനൽ ഗുണ്ടാസംഘം കരയിലിറങ്ങിയ മത്സ്യത്തൊഴിലാളികളെ മൃഗീയമായി ആക്രമിച്ചോടിച്ചു. സി.പി.എം നേതൃത്വം നൽകിയ ഈ സമരം പരാജയപ്പെട്ടതോടെ മത്സ്യത്തൊഴിലാളികളുടെ സംഘടിതശക്തി ഛിന്നഭിന്നമായി.
1982ൽ വൈപ്പിൻ വിഷമദ്യ കൂട്ടക്കൊലയിൽ അബ്കാരി കോൺട്രാക്ടർമാർക്കെതിരെ നടത്തിയ ജനകീയ പ്രക്ഷോഭത്തിന്റെ ഊർജത്തിൽ സമരത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച യുവാക്കളായ മത്സ്യത്തൊഴിലാളികൾ തൊഴിലാളികൾക്കിടയിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി പ്രവർത്തനം ആരംഭിച്ചു. അവർ സംഘർഷഭരിതമായ, ട്രോളിങ് ബോട്ടുകാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലുള്ള പോരാട്ടത്തിൽ ഇടപെട്ടു. ഇക്കാലത്ത് പേഴ്സീൻ ബോട്ട് അടക്കം കൊല്ലിവലകൾ ഉപയോഗിച്ചുള്ള പുത്തൻ മുതലാളിമാരുടെ നിയന്ത്രണത്തിലുള്ള ബോട്ടുകൾ കടലിലെ മത്സ്യം മുഴുവൻ പിടിച്ചെടുക്കാൻ തുടങ്ങിയിരുന്നു. അതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലായി. അതിനാൽ പേഴ്സീൻ ബോട്ട് നിരോധിക്കണമെന്ന ആവശ്യം ശക്തമായി. കടലിൽ നടന്ന സംഘർഷത്തെ തുടർന്ന് ഒരു പേഴ്സീൻ ബോട്ട് കടലിൽ കത്തിച്ച് സമരത്തിന്റെ കാഠിന്യം വർധിപ്പിച്ചു. തുടർന്ന് രണ്ട് ട്രോളിങ് ബോട്ടുകൾകൂടി അഗ്നിക്കിരയാക്കി. കടലിൽ തൊഴിലാളികൾ തമ്മിലുള്ള കായിക ഏറ്റുമുട്ടൽ നിയന്ത്രണാതീതമായി. ഈ സന്ദർഭത്തിൽ നായരമ്പലം വെളിയത്താംപറമ്പിൽ നക്സലൈറ്റ് അനുഭാവികളായ മത്സ്യത്തൊഴിലാളികൾ ചേർന്ന് 'കേരള മത്സ്യത്തൊഴിലാളി ഐക്യവേദി' എന്ന സംഘടന രൂപവത്കരിച്ചു. നായരമ്പലം ഭഗവതിവിലാസം സ്കൂളിൽ നടന്ന സമ്മേളനത്തിൽ ലവൻ സെക്രട്ടറിയും രാജൻ പ്രസിഡന്റുമായി സംഘടന നിലവിൽ വന്നു. ബോട്ട് തൊഴിലാളികളും പരമ്പരാഗത മത്സ്യത്തൊഴിലാളികളും തമ്മിലടിച്ച് ശത്രുക്കളാകേണ്ടവരല്ലെന്നും സർക്കാറിനെതിരായ സമരമാക്കി വികസിപ്പിക്കണമെന്നും സംഘടന തീരുമാനിച്ചു. അതിന്റെ ഭാഗമായി വള്ളമടുപ്പിക്കുന്ന കേരളത്തിലെ പ്രധാന കടവുകളിൽ തൊഴിലാളികളെ സംഘടിപ്പിച്ചു. ഫാദർ കേച്ചേരിയുടെ നേതൃത്വത്തിലുള്ള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഈ സന്ദർഭത്തിൽ സിസ്റ്റർ ആലീസിനെ മുന്നിൽനിർത്തി നിരാഹാരസമരം പ്രഖ്യാപിച്ചു. ഐക്യവേദിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ പങ്കായമുൾപ്പെടെയുള്ള പണിയായുധങ്ങളുമേന്തി തോപ്പുംപടിയിലും കൊച്ചിയിലും വൻ മാർച്ചുകൾ സംഘടിപ്പിച്ചു. ഔട്ട് ബോർഡ് എൻജിൻ ഘടിപ്പിച്ച പരീക്ഷണം എന്ന വള്ളം ഐക്യവേദിയിലെ 20 തൊഴിലാളികൾ ചേർന്ന് നീറ്റിലിറക്കി, മനുഷ്യാധ്വാനം ലഘൂകരിക്കുന്ന മെക്കനൈസേഷന് സ്വയം വിധേയരായി. അങ്ങനെ അതുവരെ കാറ്റിനൊത്ത് കടലിൽ പോകുന്ന പായ് വള്ളങ്ങളിൽ മത്സ്യബന്ധനം നടത്തിയിരുന്ന പാരമ്പര്യത്തിന്റെ വേരറുത്തു. ഐക്യവേദിയും ഫെഡറേഷനും യോജിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ആരംഭിച്ചതിന്റെ ഭാഗമായി സിസ്റ്റർ ആലീസ് തോപ്പുംപടിയിലും ലവൻ ഇടമുട്ടത്തും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. തീരമേഖല സംഘർഷഭരിതമായി. കൊല്ലി, വട്ടവല, നീട്ടുവല എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനമായിരുന്നു പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ രീതി. കേന്ദ്രസർക്കാറിനല്ല തീരക്കടലിന്റെ അവകാശം, അത് സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരുന്നതാണെന്നും സംസ്ഥാന സർക്കാറാണ് ട്രോളിങ് നിരോധനം നടപ്പാക്കേണ്ടതെന്നും കെ. കരുണാകരൻ പ്രഖ്യാപിച്ചു. മൺസൂൺകാല ട്രോളിങ് നിരോധനത്തെക്കുറിച്ച് പഠിക്കാൻ CMFRIയെ സർക്കാർ ചുമതലപ്പെടുത്തി. മൺസൂൺ കാലത്താണ് ചെറുമത്സ്യങ്ങൾ അഴിമുഖത്തോടടുത്ത തീരക്കടലിൽ പ്രജനനം നടത്തി ജീവിതചക്രം പൂർത്തീകരിക്കുന്നത് എന്നതുകൊണ്ട് ഈ കാലയളവിൽ കടലിന്റെ അടിത്തട്ട് ഇളക്കിമറിക്കുന്ന ട്രോളിങ് നിരോധിക്കണമെന്ന മത്സ്യത്തൊഴിലാളികളുടെ വാദഗതി സമുദ്ര ഗവേഷണ ശാസ്ത്രജ്ഞരടങ്ങിയ വിദഗ്ധ സമിതി അംഗീകരിച്ചു. മൺസൂൺ കാലത്ത് അഴിമുഖത്തെ തീരക്കടലിൽ കാണുന്ന ചാള, അയല തുടങ്ങിയ മത്സ്യവർഗങ്ങളുടെ 'പെലപ്പ്' എന്ന പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രീയ സത്യങ്ങൾ വെളിപ്പെട്ടു. അതോടെ, ഇക്കാലത്ത് ലഭിക്കുന്ന ഈ മത്സ്യക്കൊയ്ത്തിനെ ആശ്രയിച്ച് മറ്റ് സീസണുകളിൽ ഉപജീവനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും മത്സ്യവർഗത്തെയും സംരക്ഷിക്കാൻ മൺസൂൺകാല ട്രോളിങ് നിരോധനം അനിവാര്യമാണെന്ന് സർക്കാറിന് ബോധ്യമായി. കടൽപോലെ ഇരമ്പിയാർത്ത് സമരമുഖത്ത് കൊടുങ്കാറ്റുയർത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പാരമ്പര്യ അറിവുകൾക്കു മുന്നിൽ സംസ്ഥാന സർക്കാർ മുട്ടുമടക്കി, ട്രോളിങ് നിരോധനം നടപ്പാക്കാൻ നിർബന്ധിതമായി.
എ.കെ. ആന്റണി ഇടതുപക്ഷ മുഖ്യമന്ത്രിയായിരിക്കെ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റി 45 ദിവസ ട്രോളിങ് നിരോധന കാലഘട്ടം എന്നതിൽ ഒരാഴ്ചത്തെ ഇളവ് പ്രഖ്യാപിച്ചു. ഈ ഹൈകോടതി ഉത്തരവിനെതിരെ ട്രെയിൻ തടയൽ സമരം സംഘടിപ്പിച്ചു. സർക്കാർ വിളിച്ച ചർച്ചയിൽ ഫാദർ കേച്ചേരിയുടെ സമ്മതപ്രകാരമാണ് ഒരാഴ്ചത്തെ ഇളവ് അനുവദിച്ചതെന്ന രേഖ ആന്റണി സർക്കാർ പുറത്തുവിട്ടു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ വഞ്ചനാപരമായ നിലപാടിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുമായുള്ള ബന്ധം 'കേരള മത്സ്യത്തൊഴിലാളി ഐക്യവേദി' അവസാനിപ്പിച്ചു. തുടർന്ന് ഐക്യവേദിയുടെ നേതൃത്വത്തിൽ ജസ്റ്റിസ് സുബ്രഹ്മണ്യൻ പോറ്റിയുടെ ചേംബറിൽ കടന്ന് ലവൻ, ബുൾഗാനി, ധനഞ്ജയൻ സെബാസ്റ്റ്യൻ, ജോൺ വാച്ചാക്കൽ എന്നിവർ ''പോറ്റിയുടെ കോടതിയിൽനിന്ന് മത്സ്യത്തൊഴിലാളികൾക്ക് നീതി ലഭിക്കില്ല. മൺസൂൺകാല ട്രോളിങ് നിരോധനം മൂന്നു മാസമാക്കുക'' എന്ന് മുദ്രാവാക്യം വിളിച്ചു. അത് ചെയ്തവരെ റിമാൻഡ് ചെയ്തു. ആറുമാസത്തെ തടവിന് വിധിക്കുകയും ചെയ്തു. പിന്നീട് കോടതി ശിക്ഷാവിധി തള്ളി. ട്രോളിങ് നിരോധനത്തെ തുടർന്ന് മത്സ്യലഭ്യതയിൽ വൻവർധനയുണ്ടായെന്നു മാത്രമല്ല മൺസൂൺ കാലത്തുമാത്രം നടന്നിരുന്ന മത്സ്യക്കൊയ്ത്ത് വർഷം മുഴുവൻ നീണ്ടുനിന്നു.
എന്നാൽ, 90കളിലേക്കെത്തുമ്പോഴേക്കും ആഗോളീകരണ നയങ്ങൾക്ക് കീഴിൽ നടപ്പാക്കിത്തുടങ്ങിയ ഘടനാക്രമീകരണം, സ്വകാര്യവത്കരണം തുടങ്ങിയ നയസമീപനങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതിന്റെ ഭാഗമായി ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകൾ, മത്സ്യബന്ധന സംസ്കരണ വിതരണ ഫാക്ടറി കപ്പലുകളായ മദർഷിപ് എന്നിവക്ക് കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവു ഇന്ത്യൻ സമുദ്രമേഖല തുറന്നുകൊടുത്തു. അതോടെ, മത്സ്യലഭ്യതയിൽ വലിയതോതിൽ ശോഷണമാരംഭിച്ചു. ഇതിന്റെ തുടർച്ചയെന്നോണം ട്രോളിങ്, പേഴ്സീൻ ബോട്ടുകൾ രണ്ടെണ്ണം ചേർന്ന് ഒരു പ്രദേശം ഒട്ടാകെ വളഞ്ഞ് മത്സ്യപറ്റങ്ങളെ ഒന്നാകെ കോരിയെടുക്കുന്ന പെലാജിക് ട്രോളിങ് ആരംഭിച്ചു. കടലിന്റെ അടിത്തട്ടുവരെ കലക്കിമറിച്ച് കോരിയെടുക്കാനാരംഭിച്ചതോടെ മത്സ്യമേഖല വീണ്ടും സംഘർഷഭരിതമായി. മൂടുവെട്ടി വള്ളങ്ങൾ ഈ രീതി അവലംബിച്ച് തീരത്ത് മത്സ്യവേട്ട ആരംഭിച്ചതോടുകൂടി തീരമേഖലയിലും കടലിലും സംഘർഷം പതിവായി. പെലാജിക് ട്രോളിങ് നിരോധിക്കുക, മദർഷിപ്പുകൾക്ക് നൽകിയ ലൈസൻസ് റദ്ദ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തുറമുഖ ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമരങ്ങൾ നടന്നു. ഒടുവിൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ വിദേശ ട്രോളറുകൾക്കും മദർഷിപ്പുകൾക്കും നൽകിയ ലൈസൻസ് റദ്ദാക്കേണ്ടിവന്നു.
ട്രോളിങ് ബോട്ടുകളെ മാതൃകയാക്കി പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ ഒരുവിഭാഗം രണ്ട് മൂടുവെട്ടി വള്ളങ്ങൾ ചേർത്ത്, സുലഭമായി മത്സ്യംലഭിക്കുന്ന കൊച്ചി അഴിമുഖത്തോട് ചേർന്ന് കൊച്ചു വഞ്ചികളും അഞ്ചാൾ പെയ്ത്തു വള്ളങ്ങളും മീൻപിടിക്കുന്ന തീരക്കടലിൽ പെലാജിക് ട്രോളിങ് ആരംഭിച്ചു. അവർ മത്സ്യക്കുഞ്ഞുങ്ങളെയും പ്രജനനത്തിനുള്ള മത്സ്യപാരടക്കം കോരിയെടുക്കുകയും ചെയ്തപ്പോൾ ലേഖകന്റെ നേതൃത്വത്തിൽ പ്രകാശൻ എന്ന മത്സ്യത്തൊഴിലാളി കൺവീനറായി പെലാജിക് വിരുദ്ധ മത്സ്യത്തൊഴിലാളി സംഘടന രൂപവത്കരിച്ച് നിരന്തരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. അഴിമുഖത്തിന്റെ വടക്കേ ഭാഗത്തുള്ള എളങ്കുന്നപ്പുഴ പഞ്ചായത്തിലാണ് അമ്പലക്കടവ് എന്ന പരമ്പരാഗത മത്സ്യബന്ധന കടവ്. മത്സ്യബന്ധന സംസ്കാരം പടുത്തുയർത്തുന്നതിൽ അമ്പലക്കടവിൽ സമരചരിത്രമുണ്ട്. ട്രോളിങ് വിരുദ്ധ സമരത്തിൽ പങ്കുചേർന്ന് ആദ്യമായി ബോട്ട് കത്തിച്ചതും അതിനു നേതൃത്വം നൽകിയതും ഇവിടത്തെ മത്സ്യത്തൊഴിലാളികളായിരുന്നു. 200 വഞ്ചികളിലധികം മത്സ്യബന്ധനത്തിലേർപ്പെടുന്ന കടവാണ് അമ്പലക്കടവ്. ഡിസംബർ-മേയ് മാസത്തിൽ കുളച്ചലിൽനിന്ന് 400ഓളം പേർ ഫൈബർ കട്ടമരങ്ങളിൽ ചൂണ്ടക്കെത്തും. 15 മാറ് ആഴത്തിൽ വലയിടുമ്പോൾ, ചൂണ്ടക്കാർ കടലിന്റെ പാടുകളിൽ ചൂണ്ടയിടുന്നു. ചെറുവഞ്ചി, വള്ളം, കെട്ടുവള്ളം, മുറിവഞ്ചി, പ്ലൈവുഡ്, കട്ടമരം എന്നിവയാണ് പ്രധാന ഇനങ്ങൾ. ചാള വല (36 മി.മീ.), അയല വല (2 മി.മീ.), ഡിസ്കോ വല (48 മി.മീ.), സിൽക്ക് വല, ടെണ്ടൂസ് വല എന്നിവയാണ് പ്രധാന വലകൾ. നെയ്ചാള, പല്ലിമീൻ, അയല, മത്തി, വേലൂരി, നത്തോലി, ഇക്കൂറ എന്നിവയാണ് പ്രധാനപ്പെട്ട മത്സ്യ ഇനങ്ങൾ.
തീരക്കടലിൽ നിരോധിക്കപ്പെട്ട പെലാജിക് വല ഉപയോഗിച്ചുള്ള വൻകിട വള്ളങ്ങളുടെ മത്സ്യബന്ധനം തടയണമെന്ന് മത്സ്യത്തൊഴിലാളി സംഘടന ആവശ്യപ്പെട്ടതോടെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കിടയിൽ സംഘർഷത്തിന് സംഘടിതരൂപം വന്നു. വൻകിട വള്ളങ്ങൾ രണ്ടെണ്ണം ചേർത്ത് പെലാജിക് വല ഉപയോഗിക്കുന്നതോടെ സാധാരണ മാനവശേഷി മാത്രമുപയോഗിച്ച് പരമ്പരാഗത മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളങ്ങൾക്ക് ഒന്നും ലഭിക്കാത്ത സ്ഥിതിയായിരുന്നു. മാത്രമല്ല, പെലാജിക് വല ഉപയോഗിക്കുമ്പോൾ കടലിലെ മുകൾപ്പരപ്പിലെ എല്ലാത്തരം മീനുകളും നശിച്ചുപോകുമെന്ന് പെലാജിക് വിരുദ്ധ സമിതി ചൂണ്ടിക്കാണിച്ചു. ഇത് പുതിയ മൂലധന നിക്ഷേപത്തിനെ തുടർന്ന് ഉന്മൂലനം ചെയ്യപ്പെടുന്നവരുടെ ഉപജീവനത്തിനുള്ള അവകാശസമരം ഇവിടെ തുടങ്ങി.
നിരന്തര സമരതന്ത്രത്തെ തുടർന്ന് എല്ലാ പെലാജിക് ട്രോളിങ്ങിനെതിരെയും ഫിഷറീസ് വകുപ്പ് നടപടി തുടങ്ങി. ഇതിനെത്തുടർന്ന് സംഘടിതശക്തിയല്ലാതിരുന്ന മുറിവഞ്ചി തൊഴിലാളികൾ കൂട്ടംചേർന്ന് ഒരു സ്വതന്ത്ര മുറിവഞ്ചി മത്സ്യത്തൊഴിലാളി യൂനിയൻ രൂപവത്കരിച്ചു. നേരത്തേ മത്സ്യത്തൊഴിലാളികൾ ഉപയോഗിച്ചിരുന്ന കെട്ടിത്താങ്ങുവല ചില മാറ്റങ്ങൾ വരുത്തി വീ കട്ട് വല എന്ന പേരിലാണ് യന്ത്രവത്കൃത മുറിവള്ളങ്ങൾ ഉപയോഗിക്കുന്നതെന്നും 12 കിലോഗ്രാം മാത്രം ഭാരമുള്ള ഈ വല കടലിൽ മധ്യഭാഗം വരെ എത്തുകയുള്ളൂവെന്നും അവർ വാദിച്ചിരുന്നു. പെലാജിക് വല, അടിത്തട്ടോളം എത്തുന്നതാണെന്നും, അഞ്ചുപേർ വീതമുള്ള രണ്ടു വള്ളങ്ങൾ ചേർന്നാണ് ഈ വല കൊണ്ട് മത്സ്യബന്ധനം നടത്തുന്നതെന്നും വൈപ്പിനിൽ മാത്രമല്ല, ആലപ്പുഴ, കൊല്ലം, തൃശൂർ ജില്ലകളിലും ഈ മത്സ്യബന്ധന രീതി വ്യാപകമാണെന്നുമായിരുന്നു വാദം.
ഫിഷറീസ് ഡിപ്പാർട്മെന്റ് നടപടിയെടുത്തില്ല. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വൈപ്പിൻ ഫിഷറീസ് ഓഫിസ് ഉപരോധിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, മറൈൻ എൻഫോഴ്സ്മെന്റ് ഓഫിസർ, സമരസമിതി നേതാക്കൾ എന്നിവർ നടത്തിയ ചർച്ചയിൽ പട്രോളിങ് ഊർജിതപ്പെടുത്താനും, നിരോധിക്കപ്പെട്ട വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയവർക്കെതിരെ നിയമനടപടികൾ വേഗത്തിലാക്കാനും ചർച്ചകളിൽ ധാരണയായി. കടലിൽ മത്സ്യം പിടിക്കാനുള്ള അവകാശമുന്നയിച്ച്, കടലിൽ മത്സ്യബന്ധനം നടത്തുന്നതിൽനിന്നും മുറിവഞ്ചികൾ എന്ന് വിളിക്കുന്ന മൂടുവെട്ടി വള്ളങ്ങളെ തടയുന്നതിൽ പ്രതിഷേധിച്ച് വൈപ്പിൻ പരമ്പരാഗത മുറിവഞ്ചി തൊഴിലാളി (സ്വതന്ത്ര) യൂനിയൻ വൈപ്പിൻ ഫിഷറീസ് ഓഫിസ് മത്സ്യത്തൊഴിലാളികളും കുടുംബാംഗങ്ങളും ഉപരോധിച്ചു.
കലുഷിതമായ സാഹചര്യത്തിൽ ഇരുവിഭാഗവും മാരകായുധങ്ങളുമായാണ് കടലിൽ പോയിരുന്നത്. ഉപജീവനത്തിനുവേണ്ടി അമ്പലക്കടവിൽ പെലാജിക് വള്ളക്കാർ സംഘടിതമായി കടന്നുകയറി ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടിക്കാൻ സാഹചര്യമൊരുക്കി. എന്നാൽ, നേതൃത്വത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് ഏറ്റുമുട്ടൽ ഒഴിവാക്കി. പെലാജിക് വിരുദ്ധ സമിതി വൈപ്പിൻ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലേക്ക് മാർച്ച് ചെയ്ത് പെലാജിക് വല അവിടെയിട്ട് തീ കൊളുത്തി. ഇരുവിഭാഗവും പരസ്പരം വലകൾ പിടിച്ചെടുത്തു. പുതുവൈപ്പ് ലൈറ്റ് ഹൗസ് അമ്പലക്കടവ് തീരക്കടലിൽ മത്സ്യം പിടിച്ചുകൊണ്ടിരുന്ന പെലാജിക് വിരുദ്ധ മത്സ്യത്തൊഴിലാളികൾക്ക് നേരെ എഴുപതിൽപരം മുറിവഞ്ചിക്കാർ തിരിഞ്ഞു. അവർ തൊഴിലാളികളുടെ വലക്കു മീതെ ഓടിച്ചുകയറ്റി ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചു. തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിൽനിന്നെത്തിയ മുറിവഞ്ചി തൊഴിലാളികളാണ് അക്രമം കാട്ടിയത്. ഫിഷറീസ് ഓഫിസിൽ തടിച്ചുകൂടിയ തൊഴിലാളികൾ ബസ് സ്റ്റാൻഡ് ഉപരോധിച്ചു. ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മൂന്ന് ബോട്ടുകൾ കടലിൽ പെട്രോൾ നടത്താമെന്നും കരയിൽ പൊലീസിനെ വിന്യസിക്കുമെന്നും തട്ടിക്കൊണ്ടുപോയ വഞ്ചി കണ്ടെത്തി തിരിച്ചു നൽകാമെന്നും ധാരണയായി. ആക്രമണത്തിൽ മുറിവഞ്ചി തൊഴിലാളി യൂനിയൻ പ്രതിഷേധിച്ചു. മത്സ്യബന്ധനം നടത്താൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ടു പരമ്പരാഗത മുറിവഞ്ചി തൊഴിലാളികൾ കൊച്ചിക്കായലിൽ നേർരേഖയിൽ മുറിവഞ്ചി നിരത്തി മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. ഈ സമരത്തെ തുടർന്ന് വർധിതവീര്യത്തോടെ മുറിവഞ്ചിക്കാർ വീണ്ടും മത്സ്യബന്ധനം പ്രകോപനപരമായി തുടങ്ങി. ഇത് പരമ്പരാഗത തൊഴിലാളികളെ ചൊടിപ്പിച്ചു. തൊഴിലാളികൾ ആങ്കർ ഉപയോഗിച്ച് കെണിയൊരുക്കി വലകൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വല നടുറോഡിൽ കത്തിച്ചു.
പെലാജിക് വലകൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് പെലാജിക് വിരുദ്ധ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വൈപ്പിൻ ദ്വീപിൽ ആഹ്വാനംചെയ്ത ഹർത്താൽ സാധാരണ ജനജീവിതം സ്തംഭിപ്പിച്ചു. സ്വകാര്യ ബസ് സർവിസും ദ്വീപിൽനിന്ന് നഗരത്തിലേക്കുള്ള ബോട്ട്, ജങ്കാർ സർവിസുകളും മുടങ്ങി. ജലഗതാഗതം മുടക്കാൻ ബോട്ട് ജെട്ടിക്ക് സമീപം കായലിൽ സമരസമിതി പ്രവർത്തകർ മത്സ്യബന്ധന വലകൾ നീട്ടി, പുതുവൈപ്പിനിൽ ഹർത്താൽ അനുകൂലികൾ റോഡിനു കുറുകെ കമ്പക്കയർ വലിച്ചുകെട്ടി, റോഡ് ഗതാഗതം ഉപരോധിച്ചു. പെലാജിക് വലക്കാരെ സഹായിക്കാൻ സർക്കാർ കെ.എസ്.ആർ.ടി.സി ബസ് സർവിസിനിറക്കിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ സമരവീര്യത്തിന് മുന്നിൽ സർവിസ് നിർത്തിവെക്കാൻ നിർബന്ധിതമായി. കടകമ്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഫിഷറീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സജീവ പ്രവർത്തനത്തിന്റെ ഫലമായി ഇത് ചർച്ചചെയ്ത് തീരുമാനിക്കാൻ തയാറായി. പുതുവൈപ്പ് തീരക്കടലിൽ മത്സ്യബന്ധനത്തിന് അതിർത്തി നിശ്ചയിച്ച് കടലിലെ സംഘർഷത്തിന് താൽക്കാലിക അയവുവന്നു. മുറിവഞ്ചി തൊഴിലാളികൾ പുതുവൈപ്പ് മുതൽ തെക്കോട്ട് മത്സ്യബന്ധനം നടത്തില്ലെന്ന് ധാരണയായി.
2011 മാർച്ച് 21ന് ജപ്പാൻ ഐലൻഡിൽ രൂപപ്പെട്ട സൂനാമി സമുദ്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സൃഷ്ടിച്ച തിരമാലകൾ സമുദ്രഘടനയെ പാടെ മാറ്റിമറിച്ചു. ഇതേതുടർന്ന് മത്സ്യലഭ്യത നേർപകുതിയായി. ചിലയിനം മത്സ്യവർഗങ്ങൾ അപ്രത്യക്ഷമായി. ചെറുമത്സ്യങ്ങളെപ്പോലും കോരിയെടുക്കുന്ന 'അടക്കംകൊല്ലി വലകൾ' നിരോധിക്കാൻപോലും ഫിഷറീസ് ഡിപ്പാർട്മെന്റ് നടപടി സ്വീകരിച്ചില്ല. വലയുടെ അനിയന്ത്രിതമായ വലുപ്പം, 470 കുതിരശക്തിയുള്ള എൻജിനും 130 അടി നീളമുള്ള ബോട്ടിൽ രാത്രിയും പകലും ഒരുപോലെ മത്സ്യബന്ധനം നടത്തി. കൂടാതെ കടലിന്റെ അടിത്തട്ട്, മധ്യഭാഗം, ഉപരിതല ട്രോളിങ്ങും നടത്തി. ഇതുമൂലം ടൺ കണക്കിന് ചെറുമത്സ്യങ്ങൾ കോരിയെടുത്തു നശിപ്പിക്കപ്പെട്ടു. ഇതുവഴി സമീപഭാവിയിൽ മത്സ്യസമ്പത്ത് തന്നെ അപ്രത്യക്ഷമാകും. ഇതിനൊക്കെ എതിരായി രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ പി. മുരാരി കമ്മിറ്റിയെ പഠിക്കാൻ ചുമതലപ്പെടുത്തി. 21 നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ചു. ഈ നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു. വിദേശ മീൻപിടിത്ത കപ്പലുകൾക്ക് തുടർന്ന് ലൈസൻസ് നൽകരുത്, നിലവിലുള്ള ലൈസൻസ് കാലാവധി തീരുന്നമുറക്ക് അത് പുതുക്കാൻ പാടില്ലെന്നും, ആഴക്കടൽ മത്സ്യബന്ധനത്തിനായി പരമ്പരാഗത ചെറുകിട മീൻപിടിത്തക്കാരെ പ്രാപ്തരാക്കണമെന്നും മുരാരി കമ്മിറ്റി നിർദേശിച്ചു. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാൻ ഡോ. മീനാകുമാരിയുടെ നേതൃത്വത്തിൽ വീണ്ടുമൊരു കമ്മിറ്റിക്ക് രൂപംനൽകി. മത്സ്യത്തൊഴിലാളികളോടോ സംഘടനകളോടോ ചർച്ചചെയ്യാതെ മുരാരി കമ്മിറ്റിക്ക് കടകവിരുദ്ധമായ നിർദേശങ്ങളാണ് സമർപ്പിച്ചത്. വിദേശ മീൻപിടിത്ത മദർഷിപ്പുകൾ ഉൾപ്പെടെ 1178 വൻകിട ട്രോളറുകൾക്ക് ലൈസൻസ് നൽകാമെന്നും 200 മുതൽ 500 വരെ മീറ്റർ ആഴമുള്ള കടൽ ഒരു കരുതൽ മേഖല (Buffer zone) ആക്കാമെന്നും പ്രതിവർഷം 2500 ഡോളർ വരെ ശമ്പളം നൽകി വിദഗ്ധരായ വിദേശ തൊഴിലാളികളെ ഇന്ത്യൻ മത്സ്യബന്ധന യാനങ്ങളിൽ നിയമിക്കാമെന്നും മീനാകുമാരി റിപ്പോർട്ടിൽ എടുത്തുപറഞ്ഞിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ വിദേശ മീൻപിടിത്ത കപ്പലുകൾക്ക് മീൻപിടിത്തമാകാമെന്നും പറഞ്ഞു. ഇതിനെതിരെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിയോജനകുറിപ്പ് കേന്ദ്രസർക്കാരിന് സമർപ്പിച്ചു. ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾക്ക് അനുമതി നൽകുന്ന 'ലെറ്റർ ഓഫ് പെർമിറ്റ്' തള്ളണമെന്ന് CM FRI ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ പോരാട്ടങ്ങളാണ് അതിന് പ്രേരണയായത്.
590 കി.മീ. ദൈർഘ്യമുള്ള കടൽത്തീരം, 39,139 ചതുരശ്ര കി.മീ. കോണ്ടിനെന്റൽ ഷെൽഫ്, 2,18,536 ചതുരശ്ര കി.മീ. പ്രത്യേക സാമ്പത്തിക മേഖല, 53 കായൽ, 44 നദികൾ, നിരവധി തണ്ണീർത്തടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് കേരളം. ഇവിടെ പോഷകപ്രധാനമായ ഭക്ഷണം സംഭാവനചെയ്യുന്ന മത്സ്യമേഖല ജനങ്ങളുടെ ഭക്ഷണത്തിൽ 70-75 ശതമാനം വരെ ജന്തുജന്യ പ്രോട്ടീൻ ലഭ്യമാക്കുന്നത് മത്സ്യാഹാരത്തിൽനിന്നാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന ആഗോളീകരണ നയങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും തൊഴിലിടത്തെയും തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്നു.
കടലിന്റെ ആവാസവ്യവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് ചൂട് വർധിക്കുകയും ഓക്സിജന്റെ അളവ് കുറഞ്ഞ്, തീരദേശം പ്ലാസ്റ്റിക് മാലിന്യകൂമ്പാരമായതോടെ കാലങ്ങളായി കേരളീയരുടെ ഇഷ്ടമത്സ്യമായ ചാള, അയല എന്നിവ ബംഗാൾ ഉൾക്കടലിലെ തണുത്ത ഭാഗങ്ങളിലേക്ക് പോവുകയും കേരളതീരം വറുതിയിലാവുകയും ചെയ്തു. ഡീസൽ, പെട്രോൾ, മണ്ണെണ്ണ ചാർജ് ഇരട്ടിയായതോടെ മത്സ്യബന്ധന ചെലവ് താങ്ങാനാവാതെ ഈ മേഖല ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം അനുദിനം വർധിക്കുന്നു. പ്രതിദിനം 40-50 പേർ തൊഴിൽ ചെയ്യുന്ന വള്ളം കടലിൽ ഇറക്കണമെങ്കിൽ 50,000 രൂപ ചെലവു വരും. 150 രൂപയായി മണ്ണെണ്ണ വില ഉയർന്നതോടെ സബ്സിഡി നൽകാതെ പിടിച്ചുനിൽക്കാനാവാത്തതിനാൽ മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ, അനുബന്ധ തൊഴിലാളികൾ ഉൾപ്പെട്ട മത്സ്യസംരക്ഷണ സമിതി നിരന്തരമായ സമരങ്ങളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിട്ടുണ്ട്. സമരം മാത്രമാണ് മുന്നിലെ ഏക വഴി.
ബ്ലൂ ഇക്കോണമി കാലത്തെ തീരങ്ങളും മീനും
കടലിന്റെ ആവാസവ്യവസ്ഥതന്നെ ഇല്ലാതാക്കും രാജ്യദ്രോഹകരമായ ബ്ലൂ ഇക്കോണമിപോലുള്ള പുത്തൻ ആഴക്കടൽ നയം. കാർഷികമേഖലയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷകമാരണ നിയമത്തേക്കാൾ അപകടം നിറഞ്ഞതാണ് ഇൗ നയം.
കടലിൽ 65 ദശലക്ഷം ടൺ കണവ പിടിക്കപ്പെടാതെ കിടക്കുന്നുണ്ട്. അതിനുള്ള സാങ്കേതികവിദ്യ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്കില്ല. അതിനാൽ, വിദേശരാജ്യങ്ങൾക്ക് ഈ മേഖലയിൽ ഇടപെടാൻ അനുവദിക്കാം എന്ന തെറ്റായ സന്ദേശം നൽകി, ആഴക്കടൽ പതിച്ചുനൽകാനും ഖനനാനുമതി അനുവദിക്കാനുമുള്ള പുത്തൻ നയമാണ് ചുരുക്കിപ്പറഞ്ഞാൽ ബ്ലൂ ഇക്കോണമി.
രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും 40 ലക്ഷത്തിൽപരം വരുന്ന മത്സ്യത്തൊഴിലാളികളുടെ ശാക്തീകരണത്തിനും ഉതകുന്നത് എന്ന പ്രഖ്യാപനത്തോടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ നീല സമ്പദ്ഘടനയുടെ (ബ്ലൂ ഇക്കോണമി) കരടുനയം ആഗോളീകരണ നയങ്ങളുടെ ഘടനാപരമായ ക്രമീകരണത്തിന്റെ പുത്തൻപതിപ്പ് മാത്രമാണ്. 7517 കി.മീ. ദൈർഘ്യമുള്ളതാണ് ഇന്ത്യയുടെ കടലോരം. 20 ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക സാമ്പത്തികമേഖലയിൽ (EEZ) ജൈവസമ്പത്തുകളുമായി ബന്ധപ്പെട്ട ഉൽപാദന, വികസന പ്രക്രിയയാകെ പുതിയ സാമ്പത്തികനയത്തിന്റെ അടിസ്ഥാനത്തിൽ പുനർക്രമീകരിക്കപ്പെടും. പുതിയ ഉൽപന്നങ്ങൾ ലക്ഷ്യമാക്കി വ്യവസായങ്ങൾ തുടങ്ങുക, പുറംകടലിൽനിന്ന് വ്യവസായികമായി ഊർജോൽപാദനം നടത്തുക, വിനോദസഞ്ചാരം വിപുലീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്നിവ ഈ നയത്തിന്റെ ഭാഗമാണ്.
ജനസംഖ്യാ വർധനക്കനുസൃതമായി ഭക്ഷ്യാവശ്യം, ശുദ്ധജലം, ഊർജം, ധാതുക്കൾ എന്നിവക്കുവേണ്ടി കടലിനെ കൂടുതൽ ആശ്രയിക്കേണ്ടിവരുമെന്നത് യാഥാർഥ്യമാണ്. തീരദേശവാസികളുടെ ജീവിതനിലവാരം ഉയർത്തുക, സമുദ്ര ജൈവവൈവിധ്യം നിലനിർത്തുക, തീരപ്രദേശങ്ങൾക്കും സമുദ്രസമ്പത്തിനും സുരക്ഷ വർധിപ്പിക്കുക എന്നീ മൂന്ന് കാര്യങ്ങളാണ് ബ്ലൂ ഇക്കോണമി എന്ന ആശയത്തിന്റെ കാതൽ. ബ്ലൂ ഇക്കോണമി പരിധിയിൽപെടുത്തിയിട്ടുള്ള മേഖലകൾ എല്ലാം വലിയ മുതൽമുടക്ക് ആവശ്യമായ ബഹുരാഷ്ട്ര കമ്പനികൾക്കുമാത്രം സാധ്യമായ സാങ്കേതികവിദ്യയും സാമ്പത്തികശേഷിയും ആവശ്യമാണ്. ഇത് മത്സ്യമേഖലയിൽ നിലവിലുള്ളവർക്ക് അപ്രാപ്യമാണ്. ബ്ലൂ ഇക്കോണമിയിൽ വിഭാവനംചെയ്ത പദ്ധതികളുടെ നടത്തിപ്പ് സമുദ്ര ആവാസവ്യവസ്ഥയുടെ തകർച്ച പൂർണമാക്കും. നാശോന്മുഖമായ സമുദ്രമേഖലയിലെ മലിനീകരണം വർധിക്കാനും കടൽ ജൈവവൈവിധ്യം ശോഷിക്കുന്നതിനും മാനവരാശിക്ക് സമുദ്രം നൽകിവരുന്ന സേവനങ്ങൾ അപ്രാപ്യമാക്കുന്നതിനും കാരണമാകും.
മത്സ്യകൃഷി, സംസ്കരണം, മത്സ്യബന്ധനം, വ്യവസായം, കയറ്റുമതി, അനുബന്ധ മേഖലകളിലടക്കം ഒന്നരക്കോടി തൊഴിലാളികളുടെ ഉപജീവനമാർഗമാണ് മത്സ്യമേഖല.
കടൽ മത്സ്യമേഖലയിൽ പരമാവധി ഉൽപാദനശേഷി 5.31 ദശലക്ഷം ടണ്ണാണ്. ആവശ്യമായതിന്റെ ഇരട്ടിയോളം യന്ത്രവത്കൃത യാനങ്ങൾ നിലവിൽ മീൻപിടിത്തത്തിൽ ഏർപ്പെടുന്നുണ്ട്. എന്നിട്ടും ചൂര, കണവ, കൂന്തൾ എന്നീ മത്സ്യങ്ങളുടെ ലഭ്യത വർധിക്കാനുള്ള സാധ്യത ലക്ഷ്യംവെച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനു പകരം വിദേശരാഷ്ട്രങ്ങൾക്ക് ആഴക്കടൽ പതിച്ചുനൽകുന്നതിനുള്ള നിയമങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ചൂണ്ട, പ്രത്യേക സംവിധാനമുള്ള ബോട്ടുകൾ എന്നിവ നൽകി രാജ്യത്തിന്റെ സമുദ്രവിഭവങ്ങൾ ശാസ്ത്രീയമായി കണ്ടെത്തി സമ്പദ്ഘടനയെയും ഭക്ഷ്യാവശ്യങ്ങളെയും പരിപോഷിപ്പിക്കുകയാണ് വേണ്ടത്. അതിനുപകരം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ തൊഴിലിടത്തിൽനിന്ന് തിരസ്കരിക്കാനുള്ള നിഗൂഢ പദ്ധതിയാണ് ബ്ലൂ ഇക്കോണമി. ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്ത് മത്സ്യബന്ധനത്തിനുള്ള വൻസാധ്യത ഉപയോഗിക്കാൻ നിയമം അനുവദിക്കാത്തതിനാൽ പുതിയ നിയമനിർമാണം നടത്തി ആഴക്കടൽ മത്സ്യബന്ധന മേഖല വിപുലീകരിക്കാതെ ഇന്ത്യൻ സമുദ്രാതിർത്തിയിലേക്കുള്ള കടന്നുവരവിന് വിദേശ ട്രോളറുകൾ, വെസലുകൾ, മദർഷിപ്പുകൾ എന്നിവക്ക് എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിക്കൊടുക്കുന്നു.
വർധിച്ച ചെലവ് വരുന്ന സമുദ്ര മത്സ്യകൃഷി മത്സ്യത്തൊഴിലാളികൾക്ക് താങ്ങാനാവില്ല. സാങ്കേതികവിദ്യ വികസിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ഈ മേഖലയിൽ ബഹുദൂരം പിന്നിലാണ്. 1995 കാലയളവിൽ ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുകയറ്റം മൂലം ചെമ്മീൻ കൃഷിമേഖലക്ക് സംഭവിച്ച ദുരന്തം നമുക്കുമുന്നിലുണ്ട്. യൂറോപ്പിൽ സാൽമൺ മത്സ്യത്തിന്റെ കൂടുകൃഷിയുടെ ദുരനുഭവം അനുഭവപാഠമായിട്ടും കേന്ദ്രസർക്കാർ ഈ നയവുമായി മുന്നോട്ടുപോകുന്നു.
തീരദേശ ജനതയുടെ പലായനം
ബ്ലൂ ഇക്കോണമി നയം നടപ്പാക്കുന്നതോടെ തീരദേശ മേഖല വലിയ പരിവർത്തനങ്ങൾക്ക് വിധേയമാകും. തുറമുഖങ്ങളുടെ എണ്ണത്തിലെ വർധന, അശാസ്ത്രീയ നിർമാണം (ഉദാഹരണം, അദാനിയുടെ വിഴിഞ്ഞം പോർട്ട്) എന്നിവ മൂലം കടലാക്രമണം രൂക്ഷമാകും. തീരം കടലെടുക്കുന്നതോടുകൂടി വീടും വാസസ്ഥലങ്ങളും വസ്തുവകകളും അടിക്കടി നഷ്ടമാകും. മൺസൂൺ കാലത്ത് കടലാക്രമണത്തിന്റെ കെടുതികളിൽപെട്ടുഴലുന്ന കേരളതീരത്ത് ഇതു സൃഷ്ടിക്കാൻ പോകുന്ന ദുരന്തങ്ങളുടെ കണക്കെടുപ്പുപോലും അസാധ്യമാണ്.
തീരദേശ ജനത കൂടുതൽ പാർശ്വവത്കരിക്കപ്പെടുന്നതിനു പുറമെ, ഭൂരിഭാഗം പരിസ്ഥിതിലോല പ്രദേശങ്ങളും അപ്രത്യക്ഷമാകും. മത്സ്യസമ്പത്ത് ശോഷിക്കും. മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം നഷ്ടപ്പെടും. വിനോദസഞ്ചാര മേഖലക്കുവേണ്ടി കോസ്റ്റൽ സോൺ റെഗുലേഷനിൽ വരുത്തിയ മാറ്റങ്ങൾ തീരപ്രദേശങ്ങളിലെ റിയൽ എസ്റ്റേറ്റ് ലോബിയുടെ കടന്നുവരവിനെ ഗതിവേഗം വർധിപ്പിച്ച കാര്യം വിസ്മരിക്കാനാവില്ല.
കടൽനിരപ്പ് ഉയർന്നതുമൂലം തീരദേശവാസികൾ വൻ സമ്മർദത്തിലാണ്. ഇതിനൊപ്പം ബ്ലൂ ഇക്കോണമി മൂലമുള്ള അശാസ്ത്രീയ വികസനവും കൂടിയാകുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ വിനാശകരമാവും. കടലിൽ വിഭാവനചെയ്യുന്ന വിവിധ ഊർജ ഉൽപാദന മാർഗങ്ങളിൽ സാങ്കേതികവിദ്യയുടെ പരിമിതികൾ, പരിസ്ഥിതി പ്രത്യാഘാതങ്ങൾ, വ്യവസായ അടിസ്ഥാനത്തിൽ സമുദ്രവിഭവങ്ങൾ ഉൽപാദിപ്പിക്കുമ്പോൾ സമുദ്രത്തിന്റെ ആരോഗ്യത്തിനും ആവാസവ്യവസ്ഥക്കും സംഭവിക്കുന്ന നാശങ്ങൾ എന്നിവയുടെ ആഘാതങ്ങൾ സൃഷ്ടിക്കാൻ പോകുന്നത് നിലവിലുള്ള മത്സ്യത്തൊഴിലാളികളെ മാത്രമല്ല, ജൈവ ആവാസവ്യവസ്ഥയെയും വരുംതലമുറയുടെ അതിജീവന സാധ്യതകളെകൂടിയാണ്. ഇതിനെതിരെ മാരക പ്രഹരശേഷിയുള്ള സമരങ്ങൾ നടത്തുകയല്ലാതെ മത്സ്യമേഖല സംരക്ഷിക്കാൻ മറ്റ് കുറുക്കുവഴികളില്ല എന്ന തിരിച്ചറിവിലാണ് മത്സ്യത്തൊഴിലാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.