കരുനാഗപ്പള്ളിയില്‍നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റര്‍ ദൂരത്തുള്ള മത്സ്യത്തൊഴിലാളി ഗ്രാമമാണ് ആലപ്പാട്. സൂനാമി ദുരന്തത്തിന്റെയും കടുത്ത ആഘാതം ഏറ്റുവാങ്ങിയ ഗ്രാമം. ടി.എസ്. കായലിനും അറബിക്കടലിനും നടുവില്‍ ഒരു നീണ്ട വരയാണ് ആലപ്പാട്. ഓരോ വര്‍ഷവും ആ വരയുടെ കനം നേർത്തുവരുന്നു. അവിടെ കടൽതീരം നഷ്ടമാകുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഒരാളാണ് കെ.സി. ശ്രീകുമാർ. അക്കാദമിക് അറിവുകളില്ലാത്ത നാട്ടിൻപുറത്തെ സാധാരണക്കാരനായ മത്സ്യത്തൊഴിലാളി. കടലറിവുകളിൽനിന്ന് തുടങ്ങി അക്കാദമിക് പഠന റിപ്പോർട്ടുകളെക്കുറിച്ചു വരെ സംസാരിക്കുന്ന ജൈവമനുഷ്യൻ.
പ്രീഡിഗ്രി (1982 കാലം) വിദ്യാഭ്യാസം കഴിഞ്ഞതോടെയാണ് ശ്രീകുമാർ പരിസ്ഥിതിയെ കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. ശാസ്ത്ര സാഹിത്യ പരിഷത്താണ് മലിനീകരണം സംബന്ധിച്ച പഠനത്തിനുള്ള വിത്ത് വിതച്ചത്. പിന്നീട് യുവകലാസാഹിതിയിൽ ചേർന്നു. സി.പി.ഐയിലും കുറച്ചുകാലം പ്രവർത്തിച്ചു. ഒടുവിൽ സ്വതന്ത്രനായി പരിസ്ഥിതി പ്രവർത്തകർക്കൊപ്പം സഞ്ചരിച്ചു.
കടലിന്റെ ചലനങ്ങളെല്ലാം അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞ ശ്രീകുമാർ പിന്നീട് ആലപ്പാട് നേരിടുന്ന പ്രശ്നങ്ങളുടെ ചുരുളഴിച്ചു. ഇപ്പോൾ ശ്രീകുമാർ ആലപ്പാടിനെ സംബന്ധിച്ചിടത്തോളം കടലറിവുകളുടെ ശേഖരമാണ്. സൂനാമിക്കുശേഷം കടൽതീരത്തെ റോഡിന്റെ മറുകരയിൽനിന്ന് മത്സ്യത്തൊഴിലാളികളെ കൂട്ടത്തോടെ കുടിയൊഴിപ്പിച്ചപ്പോൾ ശ്രീകുമാർ കുടിയൊഴിയാൻ തയാറായില്ല. സ്വന്തം കുടുംബത്തോടൊപ്പം അവിടെ കുടിവെച്ച് കുടിയൊഴിക്കലിനെ പ്രതിരോധിച്ചു. ഇപ്പോഴും ശ്രീകുമാറിന്റെ വീട് മാത്രമാണ് കടലിനോട് ചേർന്നുള്ളത്. ഏതു നിമിഷവും കടൽ കയറാവുന്ന അവസ്ഥയിൽ. മെറ്റല്ലാവരും സർക്കാറിന്റെ പുനരധിവാസ കേന്ദ്രമായ സൂനാമി കോളനികളിലേക്ക് മാറി. ആലപ്പാട് കടല്‍ വിഴുങ്ങുകയാണ്. അതിന് കാരണം ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ്, കെ.എം.എം.എല്‍ എന്നീ രണ്ട് പൊതുമേഖല കമ്പനികള്‍ വര്‍ഷങ്ങളായി തുടരുന്ന കരിമണല്‍ ഖനനമാണ്. 2019ൽ 'സേവ് ആലപ്പാട്' എന്ന പേരില്‍ സമരം നയിച്ച കെ.സി. ശ്രീകുമാർ കടലും കടൽതീരവും മത്സ്യത്തൊഴിലാളികളും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുന്നു.
മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രധാന പ്രശ്നമെന്താണ്? മത്സ്യമേഖലയിൽ ദീർഘകാലമായി തൊഴിൽചെയ്ത് ജീവിക്കുന്നയാൾ എന്നനിലയിൽ അതിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
തീരദേശ മേഖല നേരിടുന്ന വലിയ പ്രതിസന്ധി പാരിസ്ഥിതിക ആഘാതമാണ്. നദികൾ വഴി സമുദ്രത്തിലേക്ക് വരുന്ന മാലിന്യങ്ങളാണ് ഒന്നാമത്തെ പ്രശ്നം. കരയിൽ എന്തെല്ലാം മാലിന്യമുണ്ടോ അതെല്ലാം നദികളിലൂടെ കടലിൽ എത്തുന്നു. പല നദികളിലൂടെയും രാസവസ്തുക്കൾ അടങ്ങിയ മലിനജലമാണ് കടലിലേക്ക് എത്തുന്നത്. ചാലിയാർ, പെരിയാർ, കായംകുളം പൊഴി തുടങ്ങിയ ഇടങ്ങളിലൂടെ മാലിന്യം എത്തുന്നുണ്ട്. രണ്ടു പ്രധാന വ്യവസായ സ്ഥാപനങ്ങൾ സമുദ്രത്തിൽ മാലിന്യം ഒഴുക്കുന്നുണ്ട്. ടൈറ്റാനിയവും ചവറ കെ.എം.എം.എല്ലുമാണ് മാലിന്യത്തിന്റെ രണ്ട് പ്രഭവകേന്ദ്രങ്ങൾ. കെ.എം.എം.എൽ പരിസരം മുഴുവൻ മലിനീകരിച്ച് കടലിലേക്ക് മലിനജലം നേരിട്ട് പമ്പ് ചെയ്യുന്നു. ഇതിലൂടെ കടലിന്റെ അടിത്തട്ട് മലിനപ്പെടുത്തുന്നുവെന്ന് പഠനം നടത്തിയവർ വ്യക്തമാക്കിയിട്ടുണ്ട്. അത് നിയന്ത്രിക്കാൻ അധികാരികൾക്ക് കഴിയുന്നില്ല. ഈ മലിനീകരണത്തിൽ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുൾപ്പെടെ നിശ്ശബ്ദരാണ്. എല്ലാവർക്കും സത്യമറിയാം. ആരും അത് തുറന്നുപറയുന്നില്ല.
മറ്റൊന്ന് തീരദേശത്തു നടത്തുന്ന ഖനനമാണ്. സ്വാതന്ത്ര്യാനന്തരം കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ കേരള മിനറല്‍ ആന്‍ഡ് മെറ്റല്‍ ലിമിറ്റഡും (കെ.എം.എം.എല്‍), കേന്ദ്ര സര്‍ക്കാറുകളുടെ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡും കരിമണല്‍ ഖനനം ആരംഭിച്ചു. 80ലേറെ വര്‍ഷമായി കേരളതീരത്തെ കരിമണല്‍ ഖനനം ഭൂവിസ്തൃതിക്ക് വരുത്തിയ നഷ്ടം ഇന്നുവരെ ആരും അവലോകനം ചെയ്തിട്ടില്ല.
എവിടെ ഖനനം നടത്തിയാലും അതിന്റെ ആഘാതം ആ പ്രദേശത്ത് മാത്രമായി ചുരുങ്ങിനിൽക്കില്ല. അത് കൂടുതൽ മേഖലകളിൽ ബാധിക്കും. വിഴിഞ്ഞം തുറമുഖംപോലെയുള്ള നിർമാണ പ്രവർത്തനങ്ങൾ തീരദേശത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അത് മത്സ്യത്തൊഴിലാളികളെ നേരിട്ട് ബാധിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലെ തെക്കൻ മേഖലകളിലും മത്സ്യത്തൊഴിലാളികളെ അത് ഗുരുതരമായി ബാധിക്കും. തീരം ചേർന്നുള്ള കടലിലെ ഒഴുക്കിനെ അത് ബാധിക്കും.
ഒാഖിയും സൂനാമിയും അടക്കമുള്ള ദുരന്തങ്ങൾ ഏറ്റുവാങ്ങിയവരാണ് ആലപ്പാട് അടക്കമുള്ള തീരദേശവാസികൾ. അതിനുശേഷവും പ്രതിസന്ധി നേരിടുകയാണോ?
ഓഖിയും സൂനാമിയും നമ്മുടെ കടലിന്റെ അടിത്തട്ടിലുള്ള മണ്ണിന്റെ അളകളെ തകർത്തു. അതിന്റെ ഉള്ളിലാണ് മത്സ്യങ്ങൾ മുട്ടയിടുന്നത്. മീനുകളുടെ പ്രജനന പ്രവർത്തനങ്ങൾ നടക്കുന്നത് അവിടെയാണ്. അതിനിടയിൽ മഡ്ബാങ്കുകൾ ഉണ്ടായിരുന്നു. അവയും തകർക്കപ്പെട്ടു. കേരളത്തിന്റെ തീരത്തെ പ്രധാനപ്പെട്ട ഒരു സ്വഭാവമാണ് ചവറ പാര്. അതിന്റെ മണ്ടിയിലേക്കാണ് മലിനജലം വന്നുവീണത്. ആസ്ട്രേലിയയുടെ തീരത്ത് ഉണ്ടാകുന്ന പാരിനു സമാനമായിരുന്നു ചവറയിലെ പാരെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിച്ചത്. പവിഴപ്പുറ്റുകൾ നിറഞ്ഞ പ്രദേശമാണ് അവിടം. അതിന്റെ അളകളിൽ മത്സ്യങ്ങൾ മുട്ടയിട്ട് കുഞ്ഞുങ്ങൾ വിരിഞ്ഞു പുറത്തിറങ്ങുന്നു.
കരയിലുള്ള കരിങ്കല്ലിന്റെ പുറത്ത് മലിനജലം വീണ് നിറവ്യത്യാസം വരുന്നതുപോലെ ഇവിടെ മാറ്റം സംഭവിച്ചുവെന്നാണ് വിലയിരുത്തുന്നത്. കടലിന്റെ അടിത്തട്ടിന് നിറവ്യത്യാസം സംഭവിച്ചെന്നാണ് സൂക്ഷ്മപരിശോധന നടത്തിയവർ പറയുന്നത്. ഓഖിക്കും സൂനാമിക്കും ശേഷം കടലിന്റെ അടിത്തട്ടിൽ ഉണ്ടായിരുന്ന പാരുകളും പവിഴപ്പുറ്റുകളും എല്ലാം തകർന്നു കിടക്കുന്നതായും കടലിന്റെ അടിത്തട്ട് തകർന്നതായും പുറത്തുനിന്ന് ഇവിടെ പഠനത്തിനെത്തിയവർ റിപ്പോർട്ട് ചെയ്തു. മത്സ്യങ്ങൾക്ക് മുട്ടയിടാനും വളരാനുമുള്ള സുരക്ഷിത സങ്കേതമാണ് തകർത്തുകളഞ്ഞത്. മത്സ്യത്തൊഴിലാളികൾക്ക് പിന്നീടുള്ളത് ബോട്ടിലെ മീൻപിടിത്തമാണ്. മത്സ്യത്തൊഴിലാളികൾതന്നെ മത്സ്യത്തിന്റെ സ്രോതസ്സുകളെ തകർക്കുന്നുണ്ട്. അത് ഇന്ത്യയിലുടനീളം കാണുന്ന പ്രക്രിയയാണ്. കേരളത്തിലെ മത്സ്യത്തൊഴിലാളി അതിൽനിന്ന് വിട്ടുനിന്നാലും തമിഴ്നാട് അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളെ തൊഴിലാളി ഇത് ചെയ്തിരിക്കും. മംഗളൂരുവിലും തമിഴ്നാട്ടിലുമൊക്കെ പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾ ഈ രീതി മാറ്റാൻ തയാറല്ല.
മത്സ്യമേഖല പ്രതിസന്ധി നേരിടുന്നുവെന്ന് പറയുമ്പോൾ അതിന് കാരണങ്ങളെന്തെല്ലാമാണ്?
ആലപ്പാട് ജനിച്ചു വളർന്ന് ജീവച്ചയാൾ എന്ന നിലയിൽ തെക്കൻ കേരളത്തെക്കുറിച്ചാണ് ഇക്കാര്യത്തിൽ പറയാനുള്ളത്. ചവറ, ചെറിയഴീക്കൽ, ആറാട്ടുപുഴ, ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിലും ചാകര എന്ന പ്രതിഭാസം നേരത്തേ ഉണ്ടായിരുന്നു. കടലിന്റെ തീരത്ത് ഒരു ആവാസവ്യവസ്ഥയായിരുന്നു ചാകര. നദികൾ കൊണ്ടുവരുന്ന എക്കലും മണ്ണും ജൈവസങ്കേതംപോലെ രൂപംകൊള്ളുന്ന പ്രതിഭാസമായിരുന്നു അത്. തീരത്തെ കടലാക്രമണത്തിൽനിന്നും അത് രക്ഷിച്ചിരുന്നു. തീരത്തുനിന്ന് അത് ഒഴുകിപ്പോയിരുന്നില്ല. എന്നാൽ, താഴേക്ക് അടിഞ്ഞുകൂടിയതുമില്ല. കുഴമ്പുരൂപത്തിൽ കടൽത്തീരത്ത് ഉണ്ടായിരുന്നു. അതൊരു മഡ് ബാങ്ക് ആയിരുന്നു. അത് തീരത്തുനിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിന് കാരണം ഖനനമാണ്. മഡ് ബാങ്കിന്റെ അടിത്തട്ടിൽ പ്ലവങ്ങൾ ധാരാളമുണ്ടാകും. അത് സസ്യഭോജികളായ മത്സ്യങ്ങൾക്ക് ആഹാരമായിരുന്നു. മത്തിപോലെയുള്ള സസ്യഭോജികളായ മത്സ്യങ്ങൾ ധാരാളമായി ഉണ്ടാകണമെങ്കിൽ തീരത്ത് ചാകര ഉണ്ടാകണം. മത്തി പൂർണമായും പ്ലവങ്ങളെ ഭക്ഷിക്കുന്ന മത്സ്യമാണ്. മത്തിയായിരുന്നു ഏറ്റവും പോഷകസമൃദ്ധമായ ആഹാരം. കേരളത്തിന്റെ കടൽത്തീരത്ത് ധാരാളമുണ്ടായിരുന്നു. അതിന്ന് കൊല്ലം തീരത്ത് ഇല്ലാത്ത അവസ്ഥയിലാണ്. തമിഴ്നാടിന്റെ തീരത്ത് മത്തിയുള്ളപ്പോഴും കേരളതീരത്ത് മത്തി ഇല്ലാതായി. തൊഴിലാളി എന്ന നിലയിലുള്ള എന്റെ ആശങ്ക കൂടംകുളത്ത് ഉഷ്ണജലപ്രവാഹം കേരളത്തിന്റെ തീരത്തേക്ക് പ്രവഹിക്കുന്നുവെന്നാണ്. കൂടംകുളത്തിന്റെ ആഘാതം ഏറ്റവുമധികം അനുഭവിക്കുന്നത് കേരളത്തിലാണ്.
ഇന്നലെ കന്യാകുമാരിയിൽ മത്തി ഉണ്ടെന്നറിഞ്ഞാൽ അടുത്ത ദിവസം മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം തീരത്തോ കൊല്ലം തീരത്തോ മത്തി പ്രതീക്ഷിച്ചിരിക്കുന്ന കാലമുണ്ടായിരുന്നു. ആ പ്രതിഭാസം ഇപ്പോൾ സംഭവിക്കുന്നില്ല. കേരളതീരത്ത് ഭക്ഷണമില്ലാത്തതുകൊണ്ട് മത്സ്യങ്ങൾ തീരത്തേക്ക് വരുന്നില്ല. ചെറുമത്സ്യങ്ങൾ ധാരാളമായി മഡ് ബാങ്കിൽ ഉണ്ടാകും. തീരത്തോടടുത്ത് അടിത്തട്ടിൽ ധാരാളം ചെറുമത്സ്യങ്ങൾ ഉണ്ടാകുമായിരുന്നു. ഈ ചെറുമത്സ്യങ്ങൾ ഭക്ഷിക്കാനായി മറ്റു മത്സ്യങ്ങളും കൂട്ടത്തോടെ തീരത്തേക്ക് എത്തും. അതില്ലാതായതോടെയാണ് തീരക്കടലിൽനിന്ന് മത്സ്യങ്ങൾ ഒഴിഞ്ഞുപോയത്. ഭക്ഷണം ഇല്ലാത്ത സ്ഥലത്തേക്ക് മത്സ്യങ്ങൾ വരില്ല. തീരദേശത്തെ നല്ലൊരു ശതമാനം ആളുകൾക്കും വരുമാനം നേടിക്കൊടുക്കുന്ന പരമ്പരാഗത മത്സ്യബന്ധനരീതിയായിരുന്നു കമ്പവലയിടൽ. കടൽത്തീരത്തോട് ചേർന്ന് കിടക്കുന്ന ചെറുമത്സ്യങ്ങളെ കമ്പവലയിട്ടാണ് പിടിച്ചിരുന്നത്. കമ്പവല ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തീരത്തുനിന്ന് പിടിച്ച മത്സ്യമാണ് മത്തി. ഇത്തരം ചെറുമത്സ്യങ്ങളെല്ലാം ഖനനത്തോടെ പൂർണമായും ഇല്ലാതായി. ഇതോടെയാണ് ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോകാൻ തുടങ്ങിയത്.
സ്വകാര്യമേഖലയിലല്ല ഖനനം നടത്തുന്നത്. പൊതുമേഖലയിൽ ഖനനം നടത്തുന്നതിനെ ആലപ്പാട്ടുകാർ എതിർക്കുന്നത് സ്വകാര്യ കമ്പനിക്കുവേണ്ടിയാണെന്ന് ആരോപണമുണ്ടല്ലോ?
തീരദേശത്തെ പാർശ്വവത്കരിക്കപ്പെട്ട ജനതയെ കബളിപ്പിക്കുകയാണ് പൊതുമേഖലാ കമ്പനികൾ ചെയ്യുന്നത്. ഐ.ആർ.ഇയും കെ.എം.എം.എല്ലും കരിമണൽ ഖനനം ചെയത് സ്വകാര്യ കമ്പനികൾക്ക് നൽകുകയാണ്. നിയമപഴുതു ഉപയോഗപ്പെടുത്തിയാണ് ഇതെല്ലാം ചെയ്യുന്നത്. അതിനായി നമ്മുടെ ഭരണസംവിധാനത്തെയും പൊലീസിനെയും ഉപയോഗിക്കുന്നുണ്ട്. തീരദേശത്ത് ജനതയെ പലതരത്തിൽ അടിച്ചമർത്തുന്നു. ഖനനത്തിന്റെ ആഘാതത്തെക്കുറിച്ച് നമ്മോട് പറഞ്ഞത് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ്. 2005ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴാണ് -ഇടതുപക്ഷം ചെയ്യേണ്ടത്- എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ആ മുഖ്യമന്ത്രി തന്നെയാണ് തോട്ടപ്പള്ളിയിൽ മണൽഖനനം നടത്തുന്നത്.
കരിമണൽ ഖനനത്തിന് ആയിരംതെങ്ങിൽ വലിയൊരു പ്രോജക്ടുമായിട്ടാണ് ആസ്ട്രേലിയൻ കമ്പനി നേരത്തേ എത്തിയത്. എന്നാൽ, പദ്ധതി നടന്നില്ല. അവർ ആത്മാവിനെ ഇവിടെ സന്നിവേശിപ്പിച്ചിട്ടാണ് മടങ്ങിപ്പോയത്. ആസ്ട്രേലിയയിലെ കമ്പനിയുമായി ബന്ധമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. വിദേശ കമ്പനി ഖനനം നടത്താൻ എത്തിയപ്പോൾ തീരദേശത്തെ ജനങ്ങളാണ് അതിനെതിരെ പ്രതിരോധം ഉയർത്തിയത്. അന്ന് ചെറുത്തുനിന്നില്ലെങ്കിൽ സൂനാമിയിൽ ഉണ്ടായ ആഘാതം ഇങ്ങനെ ആകുമായിരുന്നില്ല. സൂനാമി നാം കണ്ടതിനെക്കാൾ ഭീകരമാകുമായിരുന്നു. തീരത്തെ നിലവിലുള്ള മണൽ ബണ്ട് വിദേശകമ്പനി ഒറ്റയടിക്ക് ഖനനം ചെയ്തുകൊണ്ടുപോയേനെ. ഖനനം ഇങ്ങനെ മുന്നോട്ടു പോയാൽ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ പുനർഗേഹം പദ്ധതി വഴി തീരത്തുനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. അതേസമയം, സർക്കാർ തീരദേശ ഹൈവേ നിർമിക്കാൻ പോവുകയാണ്. തീരം ഇല്ലാതെ എവിടെയാണ് ഹൈവേ നിർമിക്കുക. തീരദേശ ഹൈവേ സംരക്ഷിക്കാൻ സർക്കാറിന് എങ്ങനെ കഴിയും?
കേന്ദ്രസർക്കാർ പാസാക്കിയ പുതിയ നിയമഭേദഗതി സ്വകാര്യമേഖലയിലും ഖനനം തുടങ്ങാമെന്നല്ലേ?
കേന്ദ്രസർക്കാർ കരിമണൽ ഖനനം പൂർണമായി സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കാൻ നിയമഭേദഗതി പാസാക്കിയെന്ന് കേട്ടിട്ട് തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. കാരണം, ഇപ്പോൾ പൊതുമേഖലാ കമ്പനി ഖനനം ചെയ്യുന്നത് സ്വകാര്യമേഖലക്കു വേണ്ടിയാണ്. സ്വകാര്യ കമ്പനികൾ നേരിട്ട് വരുന്നില്ല എന്ന വ്യത്യാസമേ ഇപ്പോഴുള്ളൂ. സ്വകാര്യ കമ്പനികൾ നിലവിൽ നമ്മുടെ സംവിധാനം ഉപയോഗിച്ചുതന്നെയാണ് കരിമണൽ വാങ്ങിക്കൊണ്ടിരിക്കുന്നത്. ഖനനത്തിനെതിരെ ജീവിക്കാനായി തീരദേശ ജനത സമരം നടത്തിയപ്പോൾ മുൻ മന്ത്രി ഇ.പി. ജയരാജൻ പരുഷമായാണ് സംസാരിച്ചത്. സ്വകാര്യകമ്പനികൾക്ക് മണൽ എത്തിക്കുന്നതിനുള്ള വഴിതടയരുതെന്നാണ് രാഷ്ട്രീയക്കാർ പറഞ്ഞത്.
കേന്ദ്രസർക്കാറിന്റെ നയംതന്നെയാണ് സംസ്ഥാനവും നടപ്പാക്കാൻ ശ്രമിക്കുന്നത്. കേന്ദ്രനയത്തിന് സംസ്ഥാനം എതിരാണെന്ന് പ്രഖ്യാപിക്കുകയും അതേനയംതന്നെ നടപ്പാക്കുന്നതിന് പുതുവഴി വെട്ടുകയും ചെയ്യുന്നു. നയത്തിന്റെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ വ്യത്യാസമില്ല. സ്വകാര്യ കമ്പനിയിൽ ഷെയറുള്ള ഉന്നത ഉദ്യോഗസ്ഥർ പലരുമുണ്ട്. സ്വകാര്യ കമ്പനിയും പൊതുമേഖലാ കമ്പനിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ട്.
കേരളത്തിലെ സി.ആർ.എം.എൽ എന്ന കമ്പനിയിലേക്കും തമിഴ്നാട്ടിൽ വൈകുണ്ഠരാജന്റെ കമ്പനിയിലേക്കും കരിമണൽ ഒഴുകുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികൾ അറിയാതെയല്ല. 1992ലെ യു.ഡി.എഫ് സർക്കാർ കായംകുളം പൊഴിയിൽനിന്നും ആലപ്പാട് പഞ്ചായത്തിലെ തീരത്തുനിന്നും ദിനംപ്രതി 2000 ടൺ മണൽ വീതം കൊണ്ടുപോകാൻ ഉത്തരവിറക്കി. ഇടതുപക്ഷം ആ ഉത്തരവിനെ എതിർത്തിരുന്നു. 1997ൽ ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ അഞ്ചുവർഷത്തേക്ക് അതേ ഉത്തരവ് നീട്ടിക്കൊടുത്തു. ഈ ഉത്തരവിന്റെ പിൻബലത്തിലാണ് സ്വകാര്യ കമ്പനികളിലേക്ക് കരിമണൽ കടത്തിയത്.
2019ൽ നടന്ന സേവ് ആലപ്പാട് സമരം പലതരത്തിൽ കേരളത്തിൽ ചർച്ചചെയ്യപ്പെട്ടു. സർക്കാർ സമരത്തിന് എതിരായിരുന്നു. പ്രദേശത്തെ ജനപ്രതിനിധികൾ എന്ത് നിലപാട് സ്വീകരിച്ചു?
ഇന്നു കേരളം ചർച്ചചെയ്യുന്ന എല്ലാ അഴിമതിയേക്കാളും വലുതാണ് കരിമണൽ അഴിമതി. എന്നാൽ അത് ഇവിടെ ആരും ചർച്ച ചെയ്യില്ല. പ്രതിപക്ഷംപോലും ഇക്കാര്യത്തിൽ നിസ്സംഗത പാലിക്കുകയാണ്. സേവ് ആലപ്പാട് സമരത്തിനെതിരെ പല നേതാക്കളും സംസാരിച്ചിരുന്നു. പ്രേമചന്ദ്രൻ എം.പി ആലപ്പാട് സമരത്തെ ബാലൻസ് ചെയ്താണ് സംസാരിച്ചത്. മുൻ എം.എൽ.എ ഷിബു ബേബി ജോൺ പച്ചയായി സമരത്തെ എതിർത്തു. കരിമണൽ ഖനനത്തിൽ ഷിബു സ്വകാര്യ മുതലാളിമാർക്കൊപ്പമാണ്. സിനിമയിലെ പ്രമുഖന്മാർക്കും പല രാഷ്ട്രീയ നേതാക്കൾക്കും സ്വകാര്യ കരിമണൽ ലോബിയുമായി അടുത്തബന്ധമുണ്ട്.
ഇക്കാര്യത്തിൽ ശക്തമായി എതിർക്കാൻ സാധ്യതയുള്ളവർ കമ്യൂണിസ്റ്റുകാരായിരിക്കുമെന്ന് സ്വകാര്യ കമ്പനികൾ തിരിച്ചറിഞ്ഞു. അതിനാൽ സ്വകാര്യ മുതലാളിമാർ കമ്യൂണിസ്റ്റുകാരെതന്നെ കൈയിലെടുത്തു. സി.പി.എം നേതാക്കൾ കരിമണൽ ഖനനത്തിന് പടയാളികളായി. പല രാജ്യങ്ങളും സ്വന്തം കടൽതീരം സംരക്ഷിക്കാനും അതിനുവേണ്ടി മണൽത്തിട്ടകൾ സൃഷ്ടിക്കാനുമാണ് ശ്രമിക്കുന്നത്. അപ്പോൾ കേരളമാകട്ടെ പ്രകൃതിയുടെ വരദാനമായ മണൽത്തിട്ടകൾ ഖനനംചെയ്തുകൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ -വലതുപക്ഷ -ബി.ജെ.പി രാഷ്ട്രീയമായ കൂട്ടുകെട്ട് ഖനനത്തിന് പിന്നിലുണ്ട്. രാഷ്ട്രീയ നേതാക്കൾക്ക് ലാഭകരമായ കച്ചവടമാണിത്. കുറെ നേതാക്കൾ സമരത്തോടൊപ്പം നിൽക്കും. അതേ കക്ഷികളിൽപെട്ട മറ്റു കുറെ നേതാക്കൾ സമരത്തെ അട്ടിമറിക്കാൻ ശ്രമിക്കും. ഇത് സ്ഥിരം പരിപാടിയായിരുന്നു. ആലപ്പാട് സമരത്തിൽ അത് നടന്നില്ല.
ഇപ്പോഴത്തെ എം.എൽ.എ സി.ആർ. മഹേഷ് ആലപ്പാട് സമരത്തിന്റെ നേതൃത്വമായി നിന്നു. കോൺഗ്രസ് നേതാക്കൾ പലരും സമരപ്പന്തലിൽ വന്നപ്പോൾ നിലപാട് ഉണ്ടെങ്കിൽ ഇരുന്നാൽമതിയെന്ന് സമരസമിതി പറഞ്ഞിരുന്നു. പി.ടി. തോമസിനെ ആരു ബന്ധപ്പെട്ടുവെന്ന് അറിയില്ല. അദ്ദേഹം ഒരുദിവസം നേരിട്ട് ആലപ്പാട് സമരപ്പന്തലിൽ എത്തി. ശ്രീകുമാർ ആരാണെന്ന് ചോദിച്ചു. പിന്നെ വിശദമായി സംസാരിച്ചു. എം.എൽ.എ ഹോസ്റ്റലിൽ എത്തിക്കേണ്ട രേഖകളുടെ ലിസ്റ്റ് അദ്ദേഹം എഴുതിത്തന്നു. പിറ്റേന്ന് രാവിലെ എത്തിക്കണമെന്നാണ് പറഞ്ഞത്. രേഖകൾ എത്തിക്കാമെന്നേറ്റത് സി.പി.എം പ്രവർത്തകനായ ഒരാളാണ്. സർവകലാശാലകളിൽനിന്ന് പഠനത്തിന് എത്തുന്നവർക്കും പത്രക്കാർക്കും ഒക്കെ വിവരങ്ങൾ നൽകുന്ന ആളായിരുന്നു അദ്ദേഹം. ഖനനവുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളുടെയും പകർപ്പ് അദ്ദേഹം സമാഹരിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, പി.ടിക്ക് ആവശ്യമായ രേഖകളുടെ പകർപ്പ് എം.എൽ.എ ക്വാർട്ടേഴ്സിൽ അദ്ദേഹം എത്തിച്ചില്ല.
ഒടുവിൽ പി.ടി. തോമസ് ഫോണിൽ വിളിച്ചു വിവരങ്ങൾ എഴുതിയെടുത്തു. യു.ഡി.എഫ് ഉന്നതാധികാര സമിതിയിൽ പി.ടി അടിയന്തര പ്രമേയം അവതരിപ്പിക്കാൻ അനുമതി ചോദിച്ചു. രമേശ് ചെന്നിത്തല ആദ്യം എൻഡോസൾഫാൻ അവതരിപ്പിക്കാനാണ് അനുമതി നൽകിയത്. അതോടെ, കരുനാഗപ്പള്ളി മുൻ എം.എൽ.എ രാമചന്ദ്രൻ സബ്മിഷൻ നിയമസഭയിൽ അവതരിപ്പിച്ചു. ഇ.പി. ജയരാജൻ അതിനു മറുപടിയും നൽകി. അതേ വിഷയത്തിൽ മറ്റൊരു അടിയന്തര പ്രമേയം ആവശ്യമില്ലെന്ന് പലരും പറഞ്ഞു. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞാണ് ഖനനവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയം പി.ടി നിയമസഭയിൽ അവതരിപ്പിച്ചത്. അദ്ദേഹം പ്രസംഗം തുടങ്ങിയപ്പോൾതന്നെ ഭരണ ബെഞ്ചിൽനിന്ന് കൂക്കിവിളി തുടങ്ങി. പി.ടി. തോമസ് സംസാരിച്ചു കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവ് ഖനനത്തിന് തങ്ങൾ എതിരല്ല എന്നാണ് പറഞ്ഞത്. അതുകേട്ട് ഐകകണ്ഠ്യേന നിയമസഭ ഖനനത്തിന് അനുകൂലമാണെന്ന് ചില പത്രങ്ങൾ എഴുതി.
സേവ് ആലപ്പാട് സമരങ്ങളിലൊന്ന്
ആഴക്കടൽ മത്സ്യബന്ധനം വലിയ കടഭാരത്തിലേക്ക് നയിക്കുകയാണോ?
ഇന്ധനം ഉപയോഗിക്കാത്ത മത്സ്യബന്ധനത്തിലൂടെ കേരളത്തിന് ആവശ്യമായ മത്സ്യം നേരത്തേ ലഭിച്ചിരുന്നു. ഇപ്പോൾ തീരക്കടലിൽ മത്സ്യം കിട്ടുന്നില്ല. തീരത്ത് മത്സ്യം ലഭിക്കാതായതോടെയാണ് മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്ക് പോകാൻ നിർബന്ധിതരായത്. ഇപ്പോൾ ആഴക്കടലിനെ മാത്രമാണ് ആശ്രയം. നികുതി കൊടുത്ത് ഡീസൽ അടിക്കേണ്ട അവസ്ഥ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. 57 ശതമാനം നികുതിയാണ് സർക്കാറിന് പോകുന്നത്. നികുതി ഇളവ് നൽകി ഡീസലും പെട്രോളും മണ്ണെണ്ണയും മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ടതാണ്. അങ്ങനെ ചെയ്തെങ്കിൽ മാത്രമേ ഈ മേഖലക്ക് നിലനിൽപുള്ളൂ. അശാസ്ത്രീയമായ മത്സ്യബന്ധന രീതികളാണ് പിന്തുടരുന്നത്. സർക്കാർ നിയന്ത്രണങ്ങളെല്ലാം പാളുകയാണ്. കാടടച്ചു പലതിനെയും നിയന്ത്രിക്കുന്നു. നിയന്ത്രണം വേണ്ടിടത്ത് അത് നടപ്പാക്കുന്നില്ല. ഇന്ധനം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ ഭാരിച്ച കടത്തിലാണ്.
ട്രോളിങ് ബോട്ടുകളാണ് ഏറ്റവും കൂടുതൽ ഡീസൽ ഉപയോഗിക്കുന്നത്. മൂന്നും നാലും ദിവസം അത് ആഴക്കലിൽ കിടന്നു മീൻ പിടിക്കുന്നു. ഒരു യാത്രക്ക് ഏതാണ്ട് 2500- 3000 ലിറ്റർ എണ്ണ കത്തിക്കും. ഏകദേശം രണ്ടര മൂന്നു ലക്ഷം രൂപയാണ് എണ്ണക്കു വേണ്ടി ചെലവാക്കുന്നത്. ഒരു യാത്രക്കാണ് ഇത്രയധികം രൂപ ചെലവഴിക്കുന്നത്. മൂന്നുദിവസം പൂർണമായും അവർ മീൻപിടിക്കും. നാലാം ദിവസം ഓടിവരും. ഇവർ കൊണ്ടുപോകുന്ന ഐസും ഭക്ഷണത്തിന് ആവശ്യമായ സംഖ്യയും വേറെയാണ്. കടലിൽ പോകാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് തേയ്മാനം സംഭവിക്കും. പലതും നശിച്ചുപോകും. ചിലത് കേടാകും. അടുത്ത യാത്രക്ക് അതെല്ലാം പുതിയത് വാങ്ങണം. ബോട്ടും എൻജിനുമൊഴികെ ബാക്കി പല സാധനങ്ങളും പുതിയത് വാങ്ങണം. ഇരുമ്പിന്റെ സാധനങ്ങൾക്ക് തേയ്മാനം സംഭവിക്കും.
ബോട്ടുകളിൽ ആഴക്കടലിലേക്ക് പോകുന്നവർക്ക് പഴയതുപോലെ മത്സ്യം ലഭിക്കുന്നുണ്ടോ? ഈ മേഖലയിൽനിന്ന് മുതൽമുടക്കുകാർ ഒഴിഞ്ഞുപോകുകയാണോ?
ഒരു യാത്രയിൽ ശരാശരി അഞ്ചു ലക്ഷം രൂപയുടെ മീൻ കിട്ടിയില്ലെങ്കിൽ പോകുന്നവർക്ക് ഒരു ലക്ഷം രൂപ ലാഭം കിട്ടില്ല. കടലിലെ സമ്പത്ത് തേടിപ്പോയി അതു കരക്കു കൊണ്ടുവന്നു വിൽക്കുകയാണ് മത്സ്യത്തൊഴിലാളികൾ ചെയ്യുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് അവർ നേരിടുന്നത്. പൈസയുള്ളവർ എല്ലാം മറ്റു വ്യവസായ മേഖലകളിലേക്ക് പോവുകയാണ്. തകർച്ച നേരിടുന്ന ഒരു മേഖലയായാണ് പലരും ഇതിനെ കണക്കാക്കുന്നത്. കടലിൽ പോകുന്നവരെ ഷെയർ ചേർത്താണ് പലരും ഇപ്പോൾ ബോട്ട് എടുക്കുന്നത്. ഉത്തരവാദിത്തത്തോടെ നിൽക്കാനാണ് അതെല്ലാം ചെയ്യുന്നത്. ഒരു യാത്രയിൽ മൂന്നുലക്ഷം രൂപയുടെ മീൻ കിട്ടിയില്ലെങ്കിൽ കടബാധ്യത വരും. പുതിയ ഒരു ബോട്ട് കടലിൽ ഇറക്കണമെങ്കിൽ ഒന്നര കോടി രൂപ വേണം. ബോട്ട് ഒരു വർഷം കഴിഞ്ഞ് മറിച്ചുവിറ്റാൽ കിട്ടുന്നത് 65-70 ലക്ഷം രൂപയായിരിക്കും. സ്വന്തം ഭൂമിയോ മറ്റോ ഈട് വെച്ചാൽ ആവശ്യപ്പെടുന്ന തുക ബാങ്ക് വായ്പ തരും. ബാങ്കുകാരെ മത്സ്യത്തൊഴിലാളിക്ക് പേടിയാണ്. കടം കയറിയാൽ ഭൂമി വിറ്റെങ്കിലും വായ്പ അടച്ചു തീർക്കും. ബോട്ട് ദിവസവും മീൻകൊണ്ടുവരുന്നതിനാൽ വായ്പ അടഞ്ഞുതീരുന്ന മേഖലയായതിനാൽ ബാങ്കുകൾ വായ്പ നൽകാൻ തയാറാണ്. കോവിഡ് കാലത്ത് പുറത്തു നിന്നുള്ള മത്സ്യം വരവ് കുറവായിരുന്നു. അപ്പോൾ കേരളത്തിലെ മത്സ്യത്തിന് നല്ല വില കിട്ടി. ഗുജറാത്ത്, തമിഴിനാട്, മംഗലാപുരത്തുനിന്നും മീൻ ധാരാളമായി കേരളത്തിലേക്ക് വരാൻ തുടങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള ധാരാളം ബോട്ടുകൾ കേരളത്തിലെ തീരത്തെത്തി മീൻ പിടിക്കുന്നുണ്ട്. അതൊന്നും നോക്കാൻ ആരുമില്ല.
ആറാട്ടുപുഴ, ആലപ്പാട് പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ നേരത്തേ തൊഴിലാളികളായാണ് ബോട്ടുകളിൽ പോയിരുന്നത്. ഇപ്പോഴത്തെ നില അതല്ല. കടലിലെ മത്സ്യസമ്പത്ത് കുറയാൻ തുടങ്ങിയപ്പോൾ മുതലാളിമാർ പലരും ഈ രംഗത്തുനിന്ന് പിൻവാങ്ങി. അവർക്ക് മുതൽമുടക്കാൻ താൽപര്യമില്ല. തൊഴിലാളികൾ അവരുടെ കൂട്ടായ്മയിലൂടെ പ്രസ്ഥാനങ്ങൾ ഉണ്ടാക്കി. അവരിപ്പോൾ ഭാരിച്ച കടത്തിലാണ്. മത്സ്യഫെഡ് വലിയൊരു ബ്ലേഡ് കമ്പനിയാണ്. അവരുമായി തൊഴിലാളികൾക്ക് യോജിച്ചുപോകാൻ കഴിയില്ല. സൊസൈറ്റി ചെയ്തത് ജീവനക്കാർക്ക് കൊടുക്കാനുള്ള ശമ്പളം മത്സ്യത്തൊഴിലാളികൾ വഴി സംഘടിപ്പിക്കാൻ ശ്രമിക്കുന്നു. മത്സ്യഫെഡുകൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനമൊന്നും ഉണ്ടായില്ല. മത്സ്യത്തൊഴിലാളികളുടെ പ്രമാണങ്ങൾ എല്ലാം മത്സ്യ ഫെഡിന്റെ കസ്റ്റഡിയിലായി.
ഇക്കാര്യത്തിൽ സർക്കാർ വിവിധ ഇടപെടലുകൾ നടത്തുന്നില്ലേ? മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞത് ഇടനിലക്കാരുടെ ചൂഷണത്തിൽനിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കുമെന്നല്ലേ..?
മത്സ്യമേഖലയിൽ സർക്കാറിന്റെ ഭരണമുണ്ട്. എന്നാൽ, സർക്കാറിന്റെ കൈയിൽ മത്സ്യത്തൊഴിലാളികളെ സഹായിക്കാനുള്ള പദ്ധതികൾ ഇല്ല. നടപ്പാക്കുന്ന പദ്ധതികൾ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്നതാണ്. സർക്കാറിന്റെ സഹായമില്ലാതെ മത്സ്യത്തൊഴിലാളികൾ പരസ്പരം സഹകരിച്ചുനിന്നിട്ടാണ് അതിനെയെല്ലാം അതിജീവിക്കാൻ ശ്രമിക്കുന്നത്. സർക്കാർ തലത്തിൽ ഭരണം നടക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ല. മത്സ്യമേഖലയിൽ പ്രവർത്തിക്കാൻ അറിയാത്തവർക്കും പാർട്ടിക്കാരാണെങ്കിൽ വായ്പ കൊടുക്കും. അതുകൊണ്ട് പ്രയോജനമില്ല. മത്സ്യത്തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കാനുള്ള മഹാപ്രസ്ഥാനം എന്നനിലയിലാണ് മത്സ്യഫെഡിന് രൂപംനൽകിയത്. എന്നാൽ, ആ സ്ഥാപനം വലിയ ചൂഷകകേന്ദ്രമായി മാറി. സംഘങ്ങളുടെ പ്രവർത്തനത്തിനുള്ള ഫണ്ട് പോലും കണ്ടെത്തിയത് മത്സ്യത്തൊഴിലാളികളിൽനിന്നാണ്. മത്സ്യമേഖല ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതും മത്സ്യത്തൊഴിലാളികളാണ്. മത്സ്യത്തൊഴിലാളികൾക്ക് വായ്പ നൽകി പലിശയും കൂട്ടുപലിശയുമായി വലിയ തുക അവർ ഈടാക്കുന്നു.
സി.ആർ.ഇസെഡിനെ (Coastal Regulation Zone -തീരദേശ നിയന്ത്രണ മേഖല) മത്സ്യത്തൊഴിലാളികൾ വിലയിരുത്തുന്നത് എങ്ങനെയാണ്? തീരം സംരക്ഷിക്കാനാണോ തകർക്കാനാണോ നിയമം സഹായകമായത്?
സി.ആർ.ഇസെഡ് നിയമം ആദ്യം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലായിരുന്നില്ല. മത്സ്യത്തൊഴിലാളിയെ തീരപ്രദേശങ്ങളിൽനിന്ന് കുടിയിറക്കാൻവേണ്ടി ഉണ്ടാക്കിയതല്ല സി.ആർ. ഇസെഡ്. അത് പരിസ്ഥിതി സംരക്ഷണത്തിനായി ഉണ്ടാക്കിയ നിയമമായിരുന്നു. പിന്നീട് നിയമത്തിൽ ധാരാളം (ഏതാണ്ട് -25) ഭേദഗതികൾ വരുത്തി. ഓരോ ഭേദഗതിയിലും മത്സ്യത്തൊഴിലാളിയെയും അവരുടെ ജീവിതത്തെയും ഒഴിവാക്കി. ഖനനംപോലുള്ള വ്യവസായങ്ങൾക്ക് ഇളവുകൾ നൽകി സഹായിച്ചു. ഭേദഗതി വന്നപ്പോൾ ഖനനത്തിൽ 500 മീറ്ററിന് അകത്ത് ഇല്ലാത്തത് പുറത്തുനിന്ന് എടുക്കാമെന്ന് ആയി. നിയമം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഉണ്ടാക്കിയതാണ്. എന്നാൽ, മത്സ്യത്തൊഴിലാളിയെ കടൽതീരത്തുനിന്ന് ആട്ടിപ്പായിക്കാനാണ് നിയമം പ്രയോഗിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്കെതിരെയാണ് ഭരണകൂടം നിയമം ഉപയോഗിക്കുന്നത്. തീരത്ത് ഖനനം ആവശ്യംപോലെ നടക്കുന്നു. നിർമാണങ്ങളടക്കം എല്ലാ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും അരങ്ങേറുന്നു. ഭരണകൂട സംവിധാനം എതിർക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും സംസ്കാരത്തെയുമാണ്. സാമൂഹികമായ നിലനിൽപിനെയും സാംസ്കാരിക ജീവിതത്തെയും കൂട്ടായ്മയെയും തകർക്കാനാണ് നിയമം ഉപയോഗിക്കുന്നത്.
സി.ആർ.ഇസെഡ് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടപ്പോൾ സംസ്ഥാനം സമയബന്ധിതമായി അത് നൽകിയില്ല. സംസ്ഥാനം അത് നൽകാൻ തയാറായില്ല. അതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായില്ല. അതേസമയം, ബഫർസോണിന്റെ കാര്യത്തിൽ സുപ്രീംകോടതി നിർദേശം നൽകിയപ്പോൾ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുഴുവൻ സമരരംഗത്തിറങ്ങി. വിദ്യാർഥി പ്രസ്ഥാനങ്ങൾപോലും ബഫർസോണിനെതിരെ സമരത്തിന് രംഗത്തിറങ്ങി. രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് വരെ തല്ലിത്തകർത്തു. സി.ആർ.ഇസെഡ് വന്നപ്പോൾ റിപ്പോർട്ട് സമർപ്പിക്കേണ്ട സമയത്തുപോലും അത് ചെയ്തില്ലെന്ന് ആരും പറഞ്ഞില്ല. അന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം പരസ്പരം കുറ്റം പറയുകയായിരുന്നു. അധികാരം കൈയിലുള്ളവരെല്ലാം തീരദേശ ജനതയെ പറഞ്ഞുപറ്റിക്കാൻ ശ്രമിച്ചു.
തീരദേശ റോഡ് നിർമിക്കുമ്പോൾ നാഷനൽ ഹൈവേ കൊടുത്ത അതേ നഷ്ടപരിഹാരം നൽകാൻ തയാറല്ല. തീരദേശത്തെ മത്സ്യത്തൊഴിലാളികൾക്ക് അതേ നഷ്ടപരിഹാരത്തിന് അവകാശമില്ലെന്നാണ് സർക്കാറിന്റെ വിചാരം. അത്രയും ഭയങ്കരമായ ഒരു അവസ്ഥയിലേക്ക് തീരദേശ ജനതയെ തള്ളിവിടുകയാണ്. മത്സ്യത്തൊഴിലാളികൾ കടലോരം വിട്ടുപോയാൽ വീട് വെക്കാനുള്ള ഭൂമിപോലും കിട്ടില്ല. കടലോരത്ത് കിട്ടുന്ന സ്വാതന്ത്ര്യം മറ്റെവിടെപ്പോയി ജീവിച്ചാലും അവർക്ക് ലഭിക്കില്ല. ജീവിതസാതന്ത്ര്യം നഷ്ടപ്പെടുന്ന ഇടങ്ങളിലേക്ക് മാറി താമസിക്കാൻ മത്സ്യത്തൊഴിലാളികൾ തയാറല്ല. അധികാരമുള്ളവർക്ക് അനധികൃതമായി മല (പശ്ചിമഘട്ടം) കൈയേറാനുള്ള സ്വാതന്ത്ര്യം നിലവിലുണ്ട്. കൈയേറിക്കഴിഞ്ഞാൽ ക്രമേണ പട്ടയം നൽകാൻ രാഷ്ട്രീയ സമ്മർദം ഉണ്ടാകും. ഒടുവിൽ സർക്കാർ പട്ടയം വിതരണം ചെയ്യും. എന്നാൽ, മത്സ്യത്തൊഴിലാളികൾക്ക് കടൽത്തീരത്ത് താമസിക്കാൻ അവകാശമില്ലെന്നാണ് സർക്കാറിന്റെ നിലപാട്. ബഫർസോണിനെതിരായി നടക്കുന്ന സമരം കൈയേറ്റക്കാരനുവേണ്ടിയുള്ള സമരമാണ്. കടൽത്തീരത്ത് താമസിക്കുന്നത് ഭൂ നികുതിയടച്ച് ജീവിക്കുന്ന മനുഷ്യരല്ലേ? ഈ ചോദ്യത്തിന് ആര് ഉത്തരം പറയും.
യു.ഡി.എഫ് നേതാക്കൾ ഖനനപ്രശ്നം ഉന്നയിക്കുന്നതിൽ മുന്നോട്ട് വന്നിട്ടുണ്ടോ?
മുൻ മന്ത്രി ഷിബു ബേബി ജോൺ ആലപ്പാട് സമരത്തെ എതിർത്തിരുന്നു. അതിനാൽ അദ്ദേഹം ജയിക്കരുതെന്ന് ആലപ്പാട്ടെ ജനത ആഗ്രഹിച്ചു. സീ വാഷിങ്ങിന് അനുകൂലമായി നിയമസഭയിൽ സംസാരിച്ച ഷിബു ബേബി ജോൺ നിയമസഭ കാണരുതെന്ന് തീരദേശ ജനത ആഗ്രഹിച്ചു. അത് ഷിബുവിന്റെ പരാജയത്തിനും കാരണമായിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ ആദ്യം ആലപ്പാട് സമരത്തിനെതിരെ മുഖം തിരിച്ചുനിന്നു. വിദേശഫണ്ടിന്റെ പിൻബലത്തിലാണ് സമരം നടത്തുന്നതെന്നുവരെ ആരോപിച്ചു. സമരം ജനകീയമായി മാറിയപ്പോൾ അദ്ദേഹം വെട്ടിലായി. അദ്ദേഹവുമായി ചാനലിൽ മുഖാമുഖം സംസാരിക്കേണ്ടി വന്നു. പിന്നെ അദ്ദേഹം മധ്യസ്ഥതക്ക് തയാറായി. കരുനാഗപ്പള്ളി റെസ്റ്റ് ഹൗസിൽ യോഗം വിളിച്ചു. അവിടെ ചാനലുകാർ വന്നു. അവരോട് ബന്ധുക്കൾ തമ്മിലുള്ള സംഭാഷണം എന്നാണ് എം.എൽ.എ പറഞ്ഞത്. പിന്നീട് അയനിവേലിക്കര പഞ്ചായത്തിൽ ഖനനം വേണ്ടെന്ന് പറഞ്ഞ് എം.എൽ.എ സമരവും നടത്തി.
കോൺഗ്രസും ബി.ജെ.പിയും സി.പി.എമ്മും അടക്കം അയനിവേലിക്കരയിലെ യോഗത്തിൽ പങ്കെടുത്തു. പുത്തൻതുറയിലും ആലപ്പാട്ടും ഖനനം നടത്തി പൂന്തോട്ടം ഉണ്ടാക്കാമെന്ന് പറഞ്ഞവർ അയനിവേലിക്കരയിൽ ഖനനം വേണ്ട എന്നാണ് പറഞ്ഞത്. അയനിവേലിക്കര സമൂഹത്തിൽ പ്രിവിലേജുള്ളവരുടെ നാടാണ്. അതിനാൽ അവിടെ ഖനനം പാടില്ലെന്ന് അവർ തീരുമാനിച്ചു. രാജ്യത്തിന്റെ ആവശ്യമാണ് ഖനനമെങ്കിൽ അയനിവേലിക്കരയിൽ ഖനനം ചെയ്യേണ്ട. രാമചന്ദ്രന് ഒടുവിൽ ജനങ്ങൾക്ക് ഒപ്പമാണെന്ന് പറയേണ്ടിവന്നു. അത് ജനങ്ങൾക്ക് ബോധ്യമായില്ല. ഇപ്പോഴത്തെ എം.എൽ.എ സി.ആർ. മഹേഷ് തെരഞ്ഞെടുപ്പിൽ വിജയിച്ചശേഷം തിരിച്ചറിഞ്ഞ കാര്യം തീരദേശത്തെ മനുഷ്യരോടൊപ്പം നിന്നിട്ട് നേട്ടമൊന്നുമില്ലെന്നാണ്. കെ.എം.എം.എല്ലിന്റെ പി.ആർ.ഒ അനിൽ മുഹമ്മദ് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന ആളാണ്. അദ്ദേഹവുമായി ചേർന്നുനിൽക്കുന്നതാണ് നല്ലതെന്ന് മഹേഷിനു തോന്നി. മഹേഷിന് ഇപ്പോൾ ഖനനത്തിൽ നിലപാടില്ല. ജെ.സി.ബിക്ക് പകരം തൂമ്പക്ക് (മമ്മട്ടിക്ക്) മണ്ണ് വെട്ടിയെടുക്കാൻ തുടങ്ങി. അതിനു നിയമമുണ്ടെന്ന് കമ്പനി പറഞ്ഞു. ആലപ്പാട് പഞ്ചായത്ത് അതിനെതിരെ രംഗത്തിറങ്ങി. സർവകക്ഷിയോഗം വിളിച്ച് പഞ്ചായത്ത് ഒന്നടങ്കം ഒറ്റക്കെട്ടായി നിന്നു. അപ്പോഴും പഞ്ചായത്തിന്റെ സ്റ്റാൻഡിങ് കൗൺസലർ സർക്കാർ നിയോഗിക്കുന്ന ആളാണ്. അയാളെ മാറ്റാൻ കഴിയില്ല. സ്റ്റാൻഡിങ് കൗൺസലറായി ഇരിക്കാൻ വക്കീലന്മാരെ കിട്ടാനില്ല. കരിമണലിന്റെ കാര്യം വരുമ്പോൾ വക്കീലന്മാർക്ക് ജീവനിൽ ഭയമാണ്.
സർക്കാർ ഇപ്പോഴും തീരദേശജനതക്കെതിരാണെന്നാണോ പറയുന്നത്?
പുറക്കാട് പഞ്ചായത്ത് കോൺഗ്രസ് ഭരിക്കുമ്പോഴാണ് തോട്ടപ്പള്ളിയിലെ ഖനനത്തിനെതിരായി പ്രമേയം പാസാക്കിയത്. ഹൈകോടതിയിൽ അത് നൽകി. ഒറ്റരാത്രികൊണ്ട് സർക്കാർ സെക്രട്ടറിയെ മാറ്റി. പുതിയ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതി വേറൊരു പ്രമേയം ഹൈകോടതിയിൽ നൽകി. ജനങ്ങളെ പരാജയപ്പെടുത്താനാണ് അത് ചെയ്തത്. വളരെ മൃഗീയമായിട്ടാണ് സർക്കാർ തീരമേഖലയെ കൈകാര്യം ചെയ്യുന്നത്.
കുട്ടനാടിനെ പ്രളയത്തിൽനിന്ന് രക്ഷിക്കാനാണ് തോട്ടപ്പള്ളിയിൽ മണ്ണുവാരിയത്. കുട്ടനാട്ടിൽ വെള്ളം കൂടിയതല്ലാതെ കുറഞ്ഞില്ല. കടൽവെള്ളം അങ്ങോട്ട് കയറി എം.എസ്. സാമിനാഥന്റെ വീടിന്റെ പടിവരെ എത്തി. സ്വാമിനാഥന്റെ വീട് സാധാരണ അവിടത്തെ പുരയിടങ്ങളിൽനിന്നും ഉയർന്നുനിൽക്കുന്ന സ്ഥലമാണ്. വെള്ളപ്പൊക്കം വന്നാൽ വീട്ടിൽ വെള്ളം എത്താത്തനിലയിൽ ഉയരത്തിലാണ് ആ കെട്ടിടം. 32,000 പറ നെല്ല് ഉണക്കുന്ന സ്ഥലമാണ്. വെള്ളം വരാന്തവരെ എത്തിയ ഫോട്ടോയാണ് പത്രങ്ങൾ നൽകിയത്. എന്നാൽ, തോട്ടപ്പള്ളിയുടെ ആഘാതമാണെന്ന് ആരും പറയില്ല.
നാലു പതിറ്റാണ്ടിലേറെയായല്ലോ തീരം സംരക്ഷണ പ്രവർത്തനം തുടങ്ങിയിട്ട്. ഒറ്റയാൾ പോരാട്ടത്തിൽ പ്രതീക്ഷയുണ്ടോ..?
ജനിച്ചപ്പോൾ മുതൽ താമസിക്കുന്നത് കടൽത്തീരത്താണ്. കടലാണ് എല്ലാം. കുട്ടിക്കാലത്ത് കടൽത്തിരകൾ ഇങ്ങനെ കയറി ഒഴുകിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു. തിരയെ തടുക്കാൻ മണൽതിട്ട വെട്ടുകയായിരുന്നു കുട്ടിക്കാലത്ത് ചെയ്തത്. അച്ഛന് ചായക്കടയുണ്ടായിരുന്നു. അതുകൊണ്ട് ജീവിതം മുന്നോട്ട് പോകില്ല. സാമ്പത്തികപ്രയാസം ഏറെയായിരുന്നു. അതിനാൽ പഠനം മുന്നോട്ടു കൊണ്ടുപോകാനായില്ല. പ്രീഡിഗ്രിയോടെ പഠനം അവസാനിപ്പിച്ചു. അക്കാലത്ത് കമ്പവലയും ചീനവലയും ഒക്കെ വലിച്ചാണ് പഠനത്തിന് പണം തേടിയത്. പ്രീഡിഗ്രി തോറ്റപ്പോൾ വീണ്ടും പരീക്ഷ എഴുതണമെങ്കിൽ ഫീസ് അടക്കണം. അതിനു മാർഗമില്ലാത്തതിനാൽ പഠനം അവസാനിപ്പിച്ച് ഫിഷിങ് ബോട്ടിലേക്ക് പോയി. തലശ്ശേരിയിൽ ബോട്ടുകാർക്ക് അന്ന് നല്ല പണിയുള്ള കാലമാണ്. 17 വയസ്സു മുതൽ 45 വരെ ബോട്ടിൽതന്നെയായിരുന്നു ജോലി.
സംസ്ഥാനത്ത് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിൻ 2022 സർക്കാർ നടത്തുന്നു. അപ്പോഴും മത്സ്യമേഖലയെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്?
നമ്മുടെ നാട്ടിലെ പ്രധാനഭക്ഷണമാണ് മത്സ്യം. അത് പോഷകാഹാരമാണ്. രാജ്യത്തെ കയറ്റുമതിയിൽ വലിയ സമ്പത്ത് നേടി ത്തരുന്ന മേഖലയാണത്. അതിനാൽ കടൽ സമ്പത്ത് നിലനിന്നാൽ മാത്രമേ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനാവൂ. അക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരിഗണിക്കണം. കടലിലെ ഖനിജസമ്പത്തിനെക്കുറിച്ച് പറയാനാണ് സർക്കാറിന് ഇപ്പോൾ താൽപര്യം. കാർഷിക രാജ്യം എന്നനിലയിൽ നമ്മുടെ രാജ്യത്തെ ഭക്ഷണത്തിന്റെ കാര്യത്തിനാണ് ഏറ്റവും പ്രാധാന്യം നൽകേണ്ടത്. കടൽ സുരക്ഷിതമായിരിക്കണം. നമ്മുടെ മത്സ്യസമ്പത്ത് സംരക്ഷിക്കപ്പെടണം. അത് രാജ്യത്തിന്റെ ആവശ്യമാണ്. തീരദേശത്ത് അശാസ്ത്രീയമായ നിർമാണങ്ങൾ നടത്തി മത്സ്യസമ്പത്ത് തകർത്താൽ അത് രാജ്യത്തിന്റെ തകർച്ചക്കു വഴിവെക്കും. രാജ്യത്ത് ഉണ്ടാകേണ്ട സൗഭാഗ്യങ്ങൾ ഇല്ലാതാകും. വലിയ പദ്ധതികൾ വരുമ്പോൾ സംഭവിക്കാൻ പോകുന്ന ദുരന്തം മത്സ്യത്തൊഴിലാളികൾക്ക് മാത്രമായിരിക്കില്ല. ഈ രംഗത്തേക്ക് കടന്നുവരുന്ന പുതിയ ശക്തികൾ പറയുന്നത് നമ്മുടെ മത്സ്യത്തൊഴിലാളികൾക്ക് മീൻപിടിക്കാൻ ശേഷിയില്ലെന്നാണ്. മത്സ്യത്തിന്റെ സങ്കേതങ്ങൾ കണ്ടെത്തുന്നതിൽ തൊഴിലാളികൾ പരാജയപ്പെടുന്നുവെന്നാണ് ഇവരുടെ വ്യാഖ്യാനം. ഇത്തരം പ്രചാരണത്തിനു പിന്നിൽ മത്സ്യമേഖല കൈയടക്കലാണ് ലക്ഷ്യം. അപ്പോഴും മത്സ്യത്തൊഴിലാളികൾ നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ജനതയാണ്. കടലിലും കരയിലും ഭരണരംഗത്തും തോറ്റ ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.