ജപ്പാന്റെ ചരിത്ര വർത്തമാനങ്ങളിലൂടെ സഞ്ചരിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ. ഹിരോഷിമ സന്ദർശിക്കുന്ന ലേഖകൻ ആദ്യ അണുബോംബ് കൂട്ടക്കൊലകളുടെ കഥയും എഴുതുന്നു.
നിന്റെ ചിറകുകളില്‍ ഞാന്‍ സമാധാനം കോറിയിടാം
അങ്ങനെ നീ ലോകം മുഴുവന്‍ പറക്കുമ്പോള്‍
കുഞ്ഞുങ്ങള്‍ക്ക് ഇവ്വിധം മരിക്കേണ്ടിവരില്ല
-തെഷിമ യുസുകെ
ബോംബിങ്ങില്‍ കൊല്ലപ്പെട്ട കുട്ടികളുടെ ഓര്‍മകളുടെ മുന്നില്‍ ഒരു നിമിഷം നിശ്ശബ്ദമാകും ചില്‍ഡ്രന്‍ പീസ് സ്മാരകത്തിനു മുന്നിലെത്തുമ്പോള്‍. സ്നേഹവും സമാധാനവും വരകളിലൂടെയും ചിത്രങ്ങളിലൂടെയും ആശംസിക്കുന്ന കുട്ടികളുടെ ധാരാളം സ്കെച്ചുകള്‍ ഇവിടെ കാണാം. സ്മാരകത്തിനു മുന്നില്‍ നില്ക്കുമ്പോള് ഒരിക്കലും കണ്ടിട്ടില്ലാത്ത സദാകോ സസാകിയെന്ന കൊച്ചു ബാലികയെ സന്ദര്‍ശകര്‍ മറക്കില്ല. രണ്ടു വയസ്സുള്ളപ്പോഴാണ് ബോംബിന്റെ മാരകമായ അണുപ്രസരണം സദാകോയെ ബാധിച്ചത്.
കുട്ടികളുടെ സമാധാന സ്തൂപത്തിനു സംഭവബഹുലമായ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. സ്തൂപത്തിനു മുകളില്‍ ഒരു കൊച്ചുബാലികയുടെ ശില്പം കാണാം. ഹിരോഷിമയുടെ ഓമനയായ സദാകോ സസാകി. അണുബോംബ് വര്ഷിക്കുമ്പോള് അവള്‍ക്ക് രണ്ട് വയസ്സ്. വീട്ടിനകത്തായിരുന്നെങ്കിലും കടുത്ത അണുപ്രസരണം അവളെ ബാധിച്ചിരുന്നു. അത് ലുക്കീമിയയായി അവളുടെ ശരീരത്തെ കാര്‍ന്നുതിന്നാൻ തുടങ്ങി. ജീവിക്കാനുള്ള അതിയായ കൊതിയായിരുന്നു അവള്‍ക്ക്. ആ പ്രതീക്ഷകള്‍ പൂവണിയാന്‍ കൂട്ടുകാരികള്‍ സദാകോക്ക് നല്കിയ ഉപദേശമായിരുന്നു 1000 ഒറിഗാമി കടലാസ് ശില്പങ്ങള് ഉണ്ടാക്കുകയെന്നത്.
കടലാസുകള്‍ മടക്കി വിവിധ കലാരൂപങ്ങള്‍ ഉണ്ടാക്കുന്ന ജാപ്പനീസ് പാരമ്പര്യവിദ്യയാണ് ഒറിഗാമി. ഇതിനായി പ്രത്യേക തരത്തിലുള്ള കടലാസുകള്‍ ലഭ്യമാണ്. ഒറിഗാമി ശില്പങ്ങളില് ഏറ്റവും വ്യാപകമായത് കൊക്കുകളെയും പക്ഷിരൂപങ്ങളെയും നിര്‍മിക്കലാണ്. ഇങ്ങനെ 1000 കടലാസ് രൂപങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം. തന്റെ അന്ത്യനാളിലും ആശുപത്രിക്കിടക്കയില്‍ ഒറിഗാമി കൊക്കുകളെ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്. എന്നാല്‍, ലക്ഷ്യം പൂര്‍ത്തിയാക്കിയെങ്കിലും അവളുടെ അഭിലാഷം പൂവണിഞ്ഞില്ല. മാരകമായ അര്‍ബുദത്തോട് പത്തു വര്‍ഷം പടവെട്ടിയശേഷം അവള് പിന്‍വാങ്ങി. താന്‍തന്നെ ഉണ്ടാക്കിയ ഒറിഗാമി കടലാസ് ശില്പങ്ങളോടൊപ്പമാണ് അവളെ അടക്കംചെയ്തത്.
കണ്ണടക്കും മുമ്പ് 644 കടലാസ് ശില്പങ്ങളേ സസാക്കിക്ക് ഉണ്ടാക്കാനായുള്ളൂവെന്നും ബാക്കി അവളുടെ കൂട്ടുകാരികളും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്ത്തീകരിക്കുകയായിരുന്നുവെന്നുമുള്ള പ്രചാരണം ശരിയല്ലെന്ന് സഹോദരന് മസാഹിറോ സസാകി സാക്ഷ്യപ്പെടുത്തുന്നു. മരിക്കുന്നതിനു മുമ്പ് അവള് 1400 കടലാസ് ശില്പങ്ങള് പൂര്‍ത്തീകരിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ‘സസാകോയും ആയിരം കടലാസ് ശില്പങ്ങളും’ എന്ന പേരില്‍ കനേഡിയന്‍ അമേരിക്കന്‍ വംശജന് എലീനര്‍ കോര്‍ 1977ല്‍ എഴുതിയ ചരിത്രനോവല്‍ പ്രസിദ്ധമാണ്. വിവിധ പ്രൈമറി സ്കൂളുകളില്‍ സമാധാന സന്ദേശം പ്രചരിപ്പിക്കാന്‍ തയാറാക്കിയ പാഠ്യപദ്ധതിയില്‍ ഈ പുസ്തകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ വിവിധ ലോക ഭാഷകളിലേക്ക് ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുമുണ്ട്.
തങ്ങളുടെ പ്രിയപ്പെട്ട സഹപാഠിക്ക് സമാധാനത്തിന്റെയും ശാന്തിയുടെയും സ്മാരകം പണിയണമെന്ന് അവളുടെ ശവകുടീരത്തില്‍വെച്ച് കൂട്ടുകാര്‍ എടുത്ത പ്രതിജ്ഞയുടെ ഭാഗമായി കുട്ടികളുടെ സമാധാന പ്രസ്ഥാനം (Children’s Peace Movement) 1955ല്‍ രൂപംകൊണ്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പുറംലോകത്തുനിന്നും ഫണ്ടുകള്‍ പ്രവഹിച്ചു. അങ്ങനെ 1958 മേയ് അഞ്ചിന് ഒരു ശിശുദിനത്തില്‍ സ്മാരകം ലോകത്തിനു തുറന്നുകൊടുത്തു. വാഷിങ്ടണിലെ സിയാറ്റ്ല്‍ പീസ് പാര്‍ക്കിലും സദാകോ സസാകിയുടെ ശില്പം സ്ഥാപിച്ചിട്ടുണ്ട്. സദാകോയുടെ ഓര്മ നിലനിര്‍ത്തുന്നതിന് പ്രശസ്ത അമേരിക്കന്‍ ചിത്രകാരനും ശില്പിയുമായ സ്യൂ ഡിസികോ 2013ല്‍ രൂപം നല്കിയ പ്രസ്ഥാനമാണ് ‘പീസ് ക്രെയിന്‍ പ്രോജക്ട്’. സെപ്റ്റംബര്‍ 21ന് ലോക സമാധാന ദിനം ആചരിക്കുന്ന വേളയില്‍ സമാധാനത്തിനുവേണ്ടിയുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് ഉദ്ദേശ്യം.
സസാകിയുടെ ജീവിതത്തിലേക്ക് വെളിച്ചം വിതറുന്ന ഒരു പുസ്തകവും സസാകിയുടെ സഹോദരനുമൊത്ത് രചിച്ചിട്ടുണ്ട് ഡിസികോ. സസാകിയുടെ ജീവിതത്തെ അനുസ്മരിച്ച് ക്രെയിന്‍സ് ഓവര്‍ ഹിരോഷിമ എന്ന പേരില്‍ ഒരു ഗാനം അമേരിക്കന്‍ ഗായകനും രചയിതാവുമായ ഫ്രെഡ് സ്മോള്‍ കമ്പോസ് ചെയ്തിട്ടുണ്ട്. സസാകിയുടെ ദുരന്തത്തില്‍ അനുശോചിച്ച് ഹിരോഷിമ സന്ദര്‍ശന വേളയില്‍ ദാഗിസ്ഥാനി-റഷ്യന്‍ കവി റസൂല്‍ ഗംസാതോവ് രചിച്ച കവിത റഷ്യയില്‍ ഏറെ പ്രചാരം നേടുകയുണ്ടായി.
എല്ലാ വര്‍ഷവും ആഗസ്റ്റ് ആറിന് രാവിലെ കൃത്യം 8.15ന് ഹിരോഷിമയിലെ പള്ളികളില്‍ മണിയടിയുയരും. 1947 മുതല്‍ ഇത് മുടങ്ങാതെ നടക്കുന്നു. മരിച്ചുപോയവരുടെ ആത്മാക്കള്‍ക്ക് സമാധാനം ആശംസിച്ച് നദികളില്‍ ആയിരക്കണക്കിന് റാന്തല്‍ വിളക്കുകള്‍ ഒഴുക്കുന്ന തോറോ നഗാഷി (ജപ്പാന് ഭാഷയില്‍ ഒഴുകുന്ന വിളക്കുകള്‍ എന്നര്‍ഥം) ജപ്പാനിലെ ശ്രദ്ധേയമായ ഉത്സവമാണ്. ഓ ബോണ്‍ എന്ന ബുദ്ധമത ഉത്സവത്തിന്റെ അവസാനത്തിലാണ് തോറോ നഗാഷി ആചരിക്കാറുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ ആചാരം ദുരന്തങ്ങളുമായി ബന്ധപ്പെട്ടും പില്ക്കാലത്ത് ആചരിച്ചുപോന്നു. 1923ലെ കാന്റോ ഭൂകമ്പത്തില്‍ മരിച്ചവരുടെ ഓര്‍മക്കായി ടോക്യോയിലെ സുമിദ നദിയില്‍ റാന്തലുകള്‍ ഒഴുക്കുന്ന ആചാരം നിലവിലുണ്ടായിരുന്നു.
ടോക്യോക്ക് പിന്നാലെ 1946 മുതല്‍ ഹിരോഷിമയിലും തോറോ നഗാഷി ആചരിച്ചു തുടങ്ങി. ഹിരോഷിമയില്‍ ആഗസ്റ്റ് ആറിനാണ് ചടങ്ങ് നടക്കാറുള്ളത്. നല്ല തിരക്ക് അനുഭവപ്പെടുന്നതിനാല്‍ അതിരാവിലെതന്നെ നദിക്കരയില്‍ എത്തിയാല്‍ സന്ദര്‍ശകര്‍ക്കും ചടങ്ങ് കാണാം. സ്വന്തമായി റാന്തല്‍ വാങ്ങാനും ഒഴുക്കാനുമുള്ള അവസരവുമുണ്ട്. എന്നാല്‍, ചിലപ്പോള്‍ ഒരു മണിക്കൂറിലേറെ കാത്തുനില്‍ക്കേണ്ടിവരും. മനോഹരമായി രൂപകല്പന ചെയ്ത ഒരു റാന്തലിന് ഏതാണ്ട് 1500 ജാപ്പനീസ് യെന്‍ നല്‍കണം. ഏത് ഉത്സവ വേദികളിലും കാണപ്പെടുന്നതുപോലെ റാന്തലുകളും മറ്റും വസ്തുക്കളും വില്‍ക്കുന്ന സ്റ്റാളുകളും യഥേഷ്ടമുണ്ടാകും.
നദിയില്‍ ഒഴുക്കുന്ന റാന്തല്‍ വിളക്കുകളെ കേന്ദ്രമാക്കി ഹിരോഷിമ ദുരന്തത്തെ സമീപിക്കുന്ന നോവലാണ് ഷോ കുസ്കിയുടെ ‘സോള്‍ ലാന്റേണ്‍സ്’. അണുബോംബിനെ അതിജീവിച്ചവരുടെ രണ്ടാം തലമുറയില്‍പെട്ട എഴുത്തുകാരിയാണ് ഷോ കുസ്കി. ഹിരോഷിമയില്‍ ജനിച്ച കുസ്കി നിരവധി പുസ്തകങ്ങളുടെ രചയിതാവു കൂടിയാണ്. സോഫിയ സർവകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയ കുസ്കിയുടെ നോവല്‍ എമിലി ബാലിസ്ട്രിയറിയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത്.
ഹിരോഷിമയില്‍ ബോംബ് സ്ഫോടനമുണ്ടായി കാല് നൂറ്റാണ്ടിനുശേഷം ജനിച്ച നോസോമിയാണ് നോവലിലെ കഥാപാത്രം. പന്ത്രണ്ടു വയസ്സ് മുതല്‍ താന്‍ ജനിച്ച നഗരം അണുബോംബ് സ്ഫോടനത്തിന്റെ വാര്‍ഷികം ആചരിക്കുമ്പോള്‍ സജീവമായി പങ്കെടുക്കുന്നു. കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി അവരുടെ പേരുകള്‍ എഴുതിയ റാന്തല്‍ വിളക്കുകള്‍ നദിയില്‍ ഒഴുക്കുന്ന ചടങ്ങിലും അവള് സംബന്ധിക്കാറുണ്ടെങ്കിലും അത് എന്തിനാണെന്നു മാത്രം അവള്‍ക്കറിയില്ല. എന്നാല്‍, വാര്‍ഷിക റാന്തല്‍ ഒഴുക്കല്‍ ചടങ്ങില്‍ പേരെഴുതാത്ത ഒരു വിളക്ക് അമ്മ സ്ഥിരമായി ഒഴുക്കുന്നത് അവളുടെ ശ്രദ്ധയില്പെടുന്നു.
മഹാദുരന്തം സംഭവിച്ച മണ്ണിലാണ് താന്‍ ജനിച്ചതെന്ന യാഥാര്‍ഥ്യം അറിയുന്നതോടെ നഷ്ടദുഃഖങ്ങളുടെയും ഒറ്റപ്പെടലിന്റെയും തീവ്രത നോസോമിയുടെ മനസ്സിനെ വേട്ടയാടുന്നു. സ്നേഹിക്കുന്നവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ക്രിയാത്മകമായ പരിപാടികള്‍ കൂട്ടുകാരോടൊപ്പം ആസൂത്രണം ചെയ്യുന്ന നോസോമി അതിലൂടെ മുന്‍ഗാമികളുടെ കഷ്ടപ്പാടുകളിലേക്ക് പുതിയ തലമുറയുടെ കണ്ണ് തുറപ്പിക്കുകയാണ്. അണുബോംബിങ്ങില് ഹിരോഷിമയിലും നാഗസാക്കിയിലും അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം ആറായിരത്തോളം വരും. ചിലര്‍ ഉടന്‍ പുനരധിവസിക്കപ്പെട്ടെങ്കിലും കുറേപ്പേര് തെരുവുകളിലും മറ്റുമാണ് ഏറെക്കാലം കഴിഞ്ഞത്. സമ്പൂര്‍ണ പുനരധിവാസ പദ്ധതി യാഥാര്‍ഥ്യമാകുന്നതു വരെ ഇവരുടെ കഷ്ടപ്പാടുകള്‍ തുടര്‍ന്നു.
ലിറ്റില്‍ ബോയിയും ഫാറ്റ് ബോയിയും
‘‘മനുഷ്യര്‍ ഇന്നോളം ചിന്തിച്ചിട്ടില്ലാത്ത അനുഭവമാണ് ദൗത്യസംഘത്തിലെ മുഴുവനാളുകളും നേരിട്ടിരിക്കുകയെന്ന് എനിക്കുറപ്പുണ്ട്. എത്ര ജപ്പാന്‍കാരെ ഞങ്ങള്‍ കൊന്നൊടുക്കിയെന്ന് ഊഹിക്കാന്‍പോലുമാവില്ല. ഇത് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല... ദൈവമേ, എന്താണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്.’’ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ച ബി-29 ബോംബര്‍ വിമാനത്തിലെ സഹ പൈലറ്റ് റോബര്‍ട്ട് ലൂയിസ് ലോഗ് ബുക്കില്‍ എഴുതിയത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചത്. 1945 ജൂലൈ 25നാണ് ഹിരോഷിമയും കോകുറ, നിഗാത അല്ലെങ്കില്‍ നാഗസാക്കി എന്നീ നഗരങ്ങളിലൊന്നും ബോംബിങ്ങിന് തിരഞ്ഞെടുത്തത്. കാര്യമായ ജനവാസമുള്ള നഗരങ്ങളാണ് ഇവയെന്നതും മൂന്ന് മൈല്‍ ഡയമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടങ്ങള്‍ ഏല്പിക്കാന് കഴിയുമെന്നതുമാണ് ഈ നഗരങ്ങള്‍ ലക്ഷ്യമിടാന്‍ കാരണം. ആദ്യ അണുബോംബ് ഹിരോഷിമയിലാക്കാനുള്ള തീരുമാനം എടുത്തത് ആഗസ്റ്റ് രണ്ടിനായിരുന്നു. എന്തുകൊണ്ട് ഹിരോഷിമ എന്നതിന് മറ്റൊരു കാരണവുമുണ്ടായിരുന്നു. അമേരിക്കന്‍ യുദ്ധത്തടവുകാര്‍ നഗരത്തില്‍ ഉണ്ടായിരുന്നില്ലെന്ന കണക്കുകൂട്ടലിലായിരുന്നു ഇത്.
രണ്ടാം ലോകയുദ്ധത്തില്‍ കീഴടങ്ങാന്‍ ജാപ്പനീസ് സൈന്യത്തിന് അന്ത്യശാസനം നല്കുന്ന പോട്സ്ഡാം സമ്മേളനത്തിലെ തീരുമാനം യു.എസ് പ്രസിഡന്റ് ഹാരി എസ്. ട്രൂമാന്, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റൺ ചര്‍ച്ചില്‍, ചൈനയുടെ ചിയാങ് കൈഷക് എന്നിവര്‍ അടുത്ത ദിവസം (ജൂലൈ 26) ഔദ്യോഗികമായി പ്രഖ്യാപിച്ചു. കീഴടങ്ങിയില്ലെങ്കില്‍ ജപ്പാന് സർവനാശം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ജൂലൈ 17ന് ആരംഭിച്ച പോട്സ്ഡാം സമ്മേളനം മുന്നോട്ടുവെച്ചത്. അതിനും ഒമ്പതാഴ്ച മുമ്പ് വ്യവസ്ഥകളൊന്നും ഇല്ലാതെ കീഴടങ്ങുമെന്ന് പ്രഖ്യാപിച്ച ജര്‍മനിയുടെ ഭാവി നിശ്ചയിക്കാനാണ് ജര്‍മന്‍ നഗരമായ പോട്സ്ഡാമില്‍ സഖ്യകക്ഷികള്‍ പ്രത്യേക സമ്മേളനം ചേര്‍ന്നത്. ട്രൂമാനും ചര്‍ച്ചിലിനും പുറമെ സോവിയറ്റ് യൂനിയന്റെ നേതാവ് ജോസഫ് സ്റ്റാലിനും ഈ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
1945ല്‍ മൂന്നു ലക്ഷത്തിനും നാലേ കാല് ലക്ഷത്തിനുമിടയില്‍ ജനങ്ങള്‍ ഹിരോഷിമ നഗരത്തില്‍ വസിച്ചിരുന്നു. 2010ലെ സെന്‍സസ് അനുസരിച്ച് നഗരത്തിലെ ജനസംഖ്യ 12 ലക്ഷത്തോളമാണ്. അണുബോംബ് വിതച്ച ദുരിതത്തിന് പിന്നാലെ സെപ്റ്റംബര്‍ 17ന് ഒരു പ്രകൃതിദുരന്തം കൂടി ഹിരോഷിമ അനുഭവിച്ചു. മാകുറസാകിയെന്ന് വിളിക്കപ്പെടുന്ന ഇദാ കൊടുങ്കാറ്റില്‍ ഹിരോഷിമ സംസ്ഥാനത്ത് 3000ത്തിലേറെ ആളുകള്‍ക്ക് ജീവന് നഷ്ടപ്പെടുകയുണ്ടായി.
യുദ്ധവിമാനങ്ങളെ പരാമര്‍ശിക്കുമ്പോള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഒരു പദമാണ് പ്രസിദ്ധമെന്നത്. അതിനാല്‍, ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ യുദ്ധവിമാനം ഏതെന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ. യു.എസ് വ്യോമസേനയുടെ ബി 29 ബോംബര്‍ വിമാനമായ ഇനോള ഗേ. ഹിരോഷിമയില്‍ പതിനായിരങ്ങളെ കൊന്നൊടുക്കിയ ഭീകര വിമാനമാണത്. ദിവസങ്ങള്‍ക്കുശേഷം നാഗസാക്കിയില്‍ ബോംബിട്ടത് ബി 29 ഇനത്തില്‍പെട്ട മറ്റൊരു വിമാനമായ ബോക്സ്കാര്‍ ആയിരുന്നെങ്കിലും ആള്‍നാശത്തിന്റെ കാര്യത്തില്‍ ഇനോള ഗേയോളം എത്തില്ല ബോക്സ്കാര്‍. ഹിരോഷിമയില്‍ മാത്രമല്ല, നാഗസാക്കിയിലെ ഭീകര ദൗത്യത്തിലും ഇനോള ഗേ പങ്കെടുക്കുകയുണ്ടായി കാലാവസ്ഥ നിരീക്ഷണ വിമാനത്തിന്റെ റോളില്‍.
ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ മരിയാന ദ്വീപുകളില്‍നിന്നാണ് ഇനോള ഗേ ആഗസ്റ്റ് ആറിന് യാത്ര ആരംഭിച്ചത്. അകമ്പടിയായി മറ്റു രണ്ട് ബി 29 ബോംബറുകളുമുണ്ടായിരുന്നു. ജപ്പാനിലെ ഐവോ ജിമ ദ്വീപുകളിലെത്തിയ ശേഷമാണ് ഹിരോഷിമ ലക്ഷ്യമിട്ട് വിമാനങ്ങള്‍ പറന്നത്. രാവിലെ എട്ടേ കാലിന് നഗരമധ്യത്തില്‍ ‘ലിറ്റില്‍ ബോയ്’ എന്നു പേരിട്ട മാരക ബോംബ് വിമാനത്തില്‍നിന്ന് പുറന്തള്ളുമ്പോള്‍ നല്ല തിരക്കിലായിരുന്നു നഗരം. വിദ്യാലയങ്ങളിലേക്കും ഓഫിസുകളിലേക്കും പോകുന്നവര്‍, തൊഴില്‍ശാലകളിലേക്ക് പണിക്ക് പോകുന്നവര്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ തങ്ങളുടെ വീടുകളില്‍നിന്ന് പുറപ്പെട്ടു തുടങ്ങിയ സമയമായിരുന്നു അത്.
വെറും 53 സെക്കൻഡിലാണ് ലിറ്റില്‍ ബോയ് നഗരത്തെ ചുട്ടുചാമ്പലാക്കിയത്. ഹിരോഷിമയില്‍ മാത്രം 48,000ത്തോളം കെട്ടിടങ്ങളാണ് തകര്‍ന്നു തരിപ്പണമായത്. ബോംബിങ്ങിനുശേഷം ഏതാണ്ട് 18 കിലോമീറ്റര്‍ അകലെ പറന്നുയര്‍ന്നിരുന്നു ഇനോള ഗേ. എന്നിട്ടും സ്ഫോടനത്തിന്റെ അനുരണനങ്ങള്‍ ആ യുദ്ധവിമാനത്തില്പോലും പ്രകമ്പനമുണ്ടാക്കി. അത്രക്കും മാരകമായിരുന്നു സ്ഫോടനം.
പ്രശസ്ത അമേരിക്കന്‍ വിമാനനിര്‍മാണ കമ്പനിയായ ബോയിങ്ങാണ് ഇനോള ഗേ ഉള്‍പ്പെടുന്ന ബി 29 വിമാനങ്ങള്‍ നിര്‍മിച്ചത്. ഉയരത്തില്‍നിന്ന് മാത്രമല്ല, താഴ്ന്ന് പറന്ന് ബോംബ് വര്‍ഷിക്കാനും മൈനുകള്‍ വിതറാനും കെല്പുള്ള സൂപ്പര്‍ ഫോര്‍ട്രസ് ഗണത്തില്‍പെടുന്നതാണ് ഈ വിമാനങ്ങള്‍. യു.എസ് എയര്‍ഫോഴ്സിന്റെ 509 കോംപസിറ്റ് ഗ്രൂപ്പിനായിരുന്നു ഹിരോഷിമയിലും നാഗസാക്കിയിലും ബോംബ് വര്‍ഷിക്കാനുള്ള ചുമതല. ഗ്രൂപ്പിന്റെ കമാന്‍ഡര്‍ കേണല്‍ പോള്‍ ഡബ്ല്യു. ടിബെറ്റ്സ് ജൂനിയറാണ് സ്വന്തം വിമാനമെന്നപോലെ ദൗത്യനിര്‍വഹണത്തിന് ഇത് തിരഞ്ഞെടുത്തത്.
ഇനോള ഗേ ടിെബറ്റ്സ് എന്നത് അദ്ദേഹത്തിന്റെ മാതാവിന്റെ പേരാണ്. നിരപരാധരായ മനുഷ്യരെ കൊല്ലാനായി തയാറാക്കിയ വിമാനത്തിന് അവരുടെ പേരുതന്നെ നല്കാന് ടിബെറ്റ്സ് ആവശ്യപ്പെട്ടത് പലരെയും അത്ഭുതപ്പെടുത്തി. മാത്രമല്ല, ഇനോള ഗേ എന്ന് വിമാനത്തില്‍ വലുതായി എഴുതിവെക്കുകയും ചെയ്തു. ദൗത്യ നിര്‍വഹണത്തിനുശേഷം നോര്‍തേണ്‍ മരിയാന ദ്വീപിലെ ടിനിയന് വ്യോമ താവളത്തിലെത്തിയ ഇനോള ഗേക്ക് വമ്പിച്ച സ്വീകരണം ലഭിച്ചു.
കേണല്‍ ടിബെറ്റ്സിനെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ നല്‍കിയാണ് ആദരിച്ചത്. ചരിത്രത്തിലെ പ്രഥമ അണുബോംബ് ഹിരോഷിമ നഗരത്തില്‍ വര്‍ഷിച്ച ഇനോള ഗേ ബി-29 ബോംബര്‍ വിമാനത്തിന്റെ സഹ പൈലറ്റ് റോബര്‍ട്ട് ലൂയിസ് ദൗത്യത്തിനുശേഷം ലോഗ് പുസ്തകത്തില്‍ കുറിച്ചു:‘‘മനുഷ്യര്‍ ഇന്നോളം ചിന്തിച്ചിട്ടില്ലാത്ത അനുഭവമാണ് ദൗത്യസംഘത്തിലെ മുഴുവനാളുകളും നേരിട്ടിരിക്കുകയെന്ന് എനിക്കുറപ്പുണ്ട്. എത്ര ജപ്പാന്‍കാരെ ഞങ്ങള്‍ കൊന്നൊടുക്കിയെന്ന് ഊഹിക്കാന്‍പോലുമാവില്ല. ഇത് വിശദീകരിക്കാന്‍ എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല... ദൈവമേ, എന്താണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്.’’
റോബര്‍ട്ട് ലൂയിസിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്ന ലോഗിന്റെ ഒരു പ്രതി 2015 ഏപ്രില്‍ 30ന് ന്യൂയോര്‍ക്കില്‍ അരലക്ഷം ഡോളറിനാണ് ലേലത്തില്‍ വിറ്റത്. ബോംബിങ് നടന്ന അതേ വര്‍ഷം ‘ന്യൂയോര്‍ക് ടൈംസ്’ സയന്‍സ് എഡിറ്ററുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് സന്ദേശത്തിന്റെ കോപ്പി തയാറാക്കിയത്. മഷ്റൂം ക്ലൗഡിന്റെ പെന്‍സില്‍ സ്കെച്ച് കൂടി ഉള്‍പ്പെടുന്നതായിരുന്നു ലോഗ്.
മഷ്റൂം ക്ലൗഡ് അഥവാ കൂണ് മേഘം
ഹിരോഷിമയില്‍ സ്ഫോടനത്തെ തുടര്‍ന്ന് ആകാശത്ത് ഉണ്ടായ ഒരു പ്രതിഭാസമാണ് മഷ്റൂം ക്ലൗഡ് അഥവാ കൂണ് ആകൃതിയിലുള്ള മേഘം. സാധാരണയായി അണുസ്ഫോടനവുമായി ബന്ധപ്പെട്ടാണ് ഇത് രൂപം കൊള്ളാറുള്ളതെങ്കിലും കടുത്ത താപം വമിപ്പിക്കുന്ന അഗ്നിപർവത സ്ഫോടനം, കാട്ടുതീ തുടങ്ങിയവ കാരണവും കൂണ് മേഘം രൂപപ്പെടാം.
ആണവസ്ഫോടനം മൂലം ഉണ്ടാകുന്ന ദശലക്ഷക്കണത്തിന് ടണ്‍ പൊടിപടലങ്ങളും പുകയും അവശിഷ്ടങ്ങളും അന്തരീക്ഷത്തിലേക്ക് ഉയരുകയും അത് സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് എത്തുന്നതില്‍നിന്ന് തടയുകയും ചെയ്യും. ഇത് കാരണം പ്രസ്തുത പ്രദേശത്ത് രാത്രിയുടെ പ്രതീതിയുണ്ടാകും. അന്തരീക്ഷത്തിലെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് വരെയായി കുറയാനും സാധ്യതയുണ്ട്.
സ്ഫോടനം നടന്ന് ഏകദേശം 30 സെക്കന്‍ഡുകള്‍ക്കുശേഷം, എന്താണ് സംഭവിക്കുന്നതെന്ന് നന്നായി കാണുന്നതിന് ഇനോള ഗേ വട്ടമിട്ടു. അപ്പോഴേക്കും വിമാനം 30,000 അടി ഉയരത്തില്‍ പറന്നിരുന്നുവെങ്കിലും കൂണ്‍മേഘം അതിനും മുകളില്‍ ഉയര്‍ന്നിരുന്നു. നഗരംതന്നെ കറുത്ത പുകയില്‍ മുങ്ങി.
ബോംബ് വര്ഷിക്കുമ്പോള് ഭീകരമായ ശബ്ദം കേട്ടിരുന്നില്ലെന്നാണ് ദുരന്തത്തെ അതിജീവിച്ച ഹിരോഷിമ നിവാസികളോട് സംസാരിച്ച അമേരിക്കന്‍ പത്രപ്രവര്ത്തകന് ജോണ്‍ ഹെര്സെ വിശദീകരിച്ചത്. അതിശക്തമായ മിന്നലാണ് പലരും കണ്ടത്. എന്നാല്‍, ഹിരോഷിമയില്‍നിന്ന് ഏതാണ്ട് 20 മൈല്‍ അകലെ സുസുവിനടുത്ത് കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ഒരാള്‍ ശക്തമായ മിന്നല്‍ വെളിച്ചത്തിനു പിന്നാലെ ഭീകരശബ്ദം കേട്ടതായി പറഞ്ഞിട്ടുണ്ട്.*
നാഗസാക്കിയെ നക്കിത്തുടച്ച ‘ഫാറ്റ്ബോയ്’
ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിന്റെ മൂന്നാം നാള്, ആഗസ്റ്റ് ഒമ്പതിനാണ് നാഗസാക്കിയിലും അമേരിക്ക ബോംബിട്ടത്. നാഗസാക്കിയില്‍ പ്രയോഗിക്കേണ്ടത് യുറേനിയം നിര്‍മിതമോ പ്ലൂട്ടോണിയം നിര്‍മിതമോ എന്ന ചര്‍ച്ചകള്‍ അമേരിക്കയിലെ ലോസ് അലമോസ് കേന്ദ്രത്തില്‍ ആണവശാസ്ത്രജ്ഞര്‍ നേരത്തേ നടത്തിയിരുന്നു. നാഗസാക്കി അമേരിക്കയുടെ ലക്ഷ്യമായിരുന്നില്ല. കോകുറ നഗരമാണ് ബോംബിങ്ങിന് പറ്റിയതെന്ന് വ്യോമസേനാ കമാൻഡര്‍മാര്‍ നേരത്തേ അഭിപ്രായപ്പെട്ടതാണ്.
ഹിരോഷിമക്കു ശേഷം ബോംബിടേണ്ട നഗരങ്ങളുടെ ആദ്യ പട്ടികയിലും നാഗസാക്കി ഉള്‍പ്പെട്ടിരുന്നില്ല. കോകുറക്കു പുറമെ ക്യോട്ടോ, നിഗാത എന്നീ നഗരങ്ങളാണ് അവര്‍ പരിഗണിച്ചത്. മതപരമായി പ്രാധാന്യമുള്ള നഗരമായതിനാല്‍ ക്യോട്ടോയെ ഒഴിവാക്കിയപ്പോഴാണ് പ്രസ്തുത സ്ഥാനത്തേക്ക് നാഗസാക്കി കടന്നുവന്നത്. കോകുറയില്നിന്നും നാഗസാക്കിയില്‍നിന്നും ഭൂമിശാസ്ത്രപരമായി വളരെ ദൂരത്തായതിനാല്‍ പട്ടികയില്‍നിന്ന് പിന്നീട് നിഗാതയെയും ഒഴിവാക്കി. ഇതോടെ കോകുറയും നാഗസാക്കിയും മാത്രമായി രണ്ടാമത്തെ ആക്രമണ ലക്ഷ്യം.
നാഗസാക്കിയെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ പുത്തരിയല്ല. ഒരു കൊല്ലത്തിനിടയില്‍ അഞ്ചു തവണ നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ യു.എസ് യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചിരുന്നു. കപ്പല്‍ നിര്‍മാണ ശാലയും ജപ്പാന്റെ നാവികസേനാ താവളവും സ്ഥിതിചെയ്യുന്ന വലിയൊരു വ്യവസായ നഗരമായ നാഗസാക്കിയില്‍ അണുബോംബ് വര്ഷിച്ചാലുണ്ടാകുന്ന നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പറ്റുന്നതിനുമപ്പുറമാണെന്ന് അമേരിക്ക മനസ്സിലാക്കിയിരുന്നു. ജപ്പാനില്‍നിന്ന് 1944ല്‍ പിടിച്ചടക്കിയ ടിനിയാന്‍ ദ്വീപിലെ താവളത്തില്‍നിന്ന് ആഗസ്റ്റ് 9ന് പുലര്‍ച്ചെ 3.40നാണ് അമേരിക്കന്‍ ബി 29 യുദ്ധവിമാനമായ ബോക്സ്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചത്. ‘ഫാറ്റ്ബോയ്’ എന്നു പേരിട്ട അണുബോംബാണ് ബോക്സ്കാര്‍ വഹിച്ചിരുന്നത്.
ഹിരോഷിമയില്‍ ‘ഇനോള ഗേ’ വഹിച്ചിരുന്നത് യുറേനിയം ബോംബായിരുന്നെങ്കില് മാരക പ്രഹരശേഷിയുള്ള പ്ലൂട്ടോണിയം ബോംബുകളാണ് ബോക്സ്കാറിലുണ്ടായിരുന്നത്. കോകുറ നഗരം ലക്ഷ്യമിട്ട് പറന്ന ബോക്സ്കാറിന് അന്തരീക്ഷം മേഘാവൃതമായതു കാരണം പിന്മാറേണ്ടിവരുകയും തുടര്‍ന്ന് ഹിരോഷിമയില്‍ ബോംബ് വര്‍ഷിക്കുകയുമായിരുന്നു എന്നാണ് രേഖപ്പെടുത്തപ്പെട്ട ചരിത്രം. ഫാറ്റ്മാന്‍ ദൗത്യത്തില്‍ ആറ് വിമാനങ്ങള്‍ പങ്കെടുക്കുകയുണ്ടായി. എല്ലാം ബി 29 ബോംബറുകള്‍. മേജര്‍ ചാള്‍സ് സ്വീനി പറത്തിയ ബോക്സ്കാറിനായിരുന്നു ബോംബ് വര്‍ഷിക്കാനുള്ള ദൗത്യം. സംഘത്തിലെ രണ്ടു വിമാനങ്ങള്‍ (ദി ഗ്രേറ്റ് ആര്‍ടിസ്റ്റും ബിഗ് സ്റ്റിങ്കും) നിരീക്ഷണത്തിനുള്ളതായിരുന്നു.
കോകുറയില്നിന്ന് നാഗസാക്കിയിലേക്ക് ലക്ഷ്യകേന്ദ്രം മാറ്റാനുള്ള കാരണം കാലാവസ്ഥ മാത്രമായിരുന്നില്ല എന്നാണ് പിന്നീടു പുറത്തുവന്ന നിരീക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും കാര്‍മേഘങ്ങള്‍ തങ്ങളെ രക്ഷിച്ചുവെന്നാണ് കോകുറയിലെ ജനങ്ങള്‍ ആശ്വസിച്ചത്. പക്ഷേ, തീ ബോംബുകള്‍ വഴിമാറി നാഗസാക്കിയെ നക്കിത്തുടച്ചത് അവരെ കരയിച്ചു.
ആഗസ്റ്റ് 9ന് രാവിലെ 11.45ന് 21 കിലോ ടണ്‍ പ്ലൂട്ടോണിയം ബോംബ് വര്ഷിക്കുമ്പോള് 9000 ജപ്പാന് സൈനികരും 400 യുദ്ധത്തടവുകാരും ഉള്‍പ്പെടെ 2,63,000 ആളുകള്‍ നാഗസാക്കിയില്‍ ഉണ്ടായിരുന്നു. യു.എസ് സ്ട്രാറ്റജിക് ബോംബിങ് സര്‍വേ 1953ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നാഗസാക്കിയില്‍ 35,000ത്തോളം പേര് കൊല്ലപ്പെടുകയും 60,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും 5000 പേരെ കാണാതാവുകയും ചെയ്തെന്നു പറയുന്നു. 1960ല്‍ ജപ്പാന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടവര്‍ 20,000വും പരിക്കേറ്റവര്‍ അരലക്ഷവുമാണ്. നാഗസാക്കി പ്രിഫെക്ചറല്‍ ഓഫിസാണ് ഏറ്റവുമൊടുവില്‍ ആധികാരികമായി കണക്ക് പുറത്തുവിട്ടത്. അതനുസരിച്ച് മരണസംഖ്യ 87,000ത്തോളം വരും. നഗരത്തിലെ വ്യവസായമേഖലയുടെ 70 ശതമാനവും ബോംബിങ്ങില്‍ നാമാവശേഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.