അതിവിപുലമായ നാടോടി ജീവിതംകൊണ്ട് സമ്പന്നമാണ് മംഗോളിയ. മുപ്പതുലക്ഷം ജനങ്ങളിൽ മൂന്നിലൊന്ന് നാടോടികളാണ്. അവർക്കൊപ്പം സഞ്ചരിച്ച, അവർക്കിടയിൽ തങ്ങിയ ദിവസങ്ങളെക്കുറിച്ച് ഒാർക്കുകയാണ് ലേഖിക.
‘ഹാ... ച്ചി’ നാസാദ്വാരങ്ങളിൽ എരിവും നീറ്റലും പടർത്തിയ പുകയിലപ്പൊടി സമ്മാനിച്ച അത്യുഗ്രൻ തുമ്മലോടെയാണ് മംഗോളിയൻ നാടോടി ജീവിതക്കാഴ്ചകൾ തേടിയുള്ള യാത്ര ഞാൻ ആരംഭിച്ചത്. ഏറ്റവും കൂടുതൽ നാടോടികളുള്ള രാജ്യങ്ങളിൽ ഒന്നാണ് മംഗോളിയ. മുപ്പതു ലക്ഷം വരുന്ന ജനസംഖ്യയുടെ മൂന്നിലൊന്ന് നാടോടികളാണ്. പത്തു ലക്ഷം നാടോടികൾ ചേർന്ന് മേയ്ക്കുന്നതാകട്ടെ 650 ലക്ഷം മൃഗങ്ങളെയാണ്. ആട്, ചെമ്മരിയാട്, പശു, ഒട്ടകം, കുതിര, യാക് എന്നിവയാണ് ഇവരുടെ വളർത്തുമൃഗങ്ങൾ. ഈ മൃഗങ്ങൾക്കാവശ്യമായ പുൽമേടുകൾ തേടിയുള്ള നിരന്തരമായ യാത്രയാണ് അവരുടെ ജീവിതം.
മംഗോളിയയിലേക്ക് ഒറ്റക്ക് യാത്ര പുറപ്പെട്ടപ്പോൾ കാണാൻ ആഗ്രഹിച്ചതും പ്രകൃതിയുമായി അടുത്തിടപഴകി ജീവിക്കുന്ന ഇവരുടെ ജീവിതമായിരുന്നു. ‘സൺ പാത്ത് മംഗോളിയ’ എന്ന ടൂർ കമ്പനി നടത്തുന്ന ഗോബി ഡെസേർട്ട് ടൂറിന്റെ പ്രത്യേകത തന്നെ എല്ലാ ദിവസവും താമസം നാടോടികൾക്കൊപ്പം ആണെന്നുള്ളതാണ്. അതുകൊണ്ട് അവർക്കൊപ്പമായിരുന്നു ഒരാഴ്ചയോളം യാത്രചെയ്തത്. ടാറിട്ട റോഡുകൾ കുറവാണ്. ഓഫ്റോഡിങ് യാത്രക്ക് അനുയോജ്യമായ ‘വാസ്’ എന്ന റഷ്യൻ വാനാണ് സഞ്ചാരികൾക്കായി ടൂർ ഓപറേറ്റർമാർ ഉപയോഗിക്കുക. എനിക്കൊപ്പം ഹോങ്കോങ്ങിൽനിന്നുള്ള ഇരുപത്തിയൊന്ന് വയസ്സുള്ള കൊക്കോയും, തായ് വാനിൽനിന്നുള്ള ഇരുപത്തേഴുകാരി സിൻഡിയുമുണ്ടായിരുന്നു.
കരിങ്കൽമലകളും മണൽക്കൂനകളും അടങ്ങുന്നതാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ മരുഭൂമിയായ ഗോബി. മണൽക്കൂനകൾ അടങ്ങുന്ന ഭാഗം ഗോബി ഗുർവൻ സൈഖൻ ദേശീയോദ്യാനത്തിന്റെ ഭാഗമാണ്. അത് സന്ദർശിച്ചശേഷം ഒട്ടകങ്ങളെ വളർത്തുന്ന നാടോടി കുടുംബത്തോടൊപ്പമാണ് അന്ന് തങ്ങേണ്ടത്. ഞങ്ങളുടെ വാൻ എത്തിയതും ഗൃഹനാഥനായ ന്യംദര, ഭാര്യ ചിമുഗക്കൊപ്പം ഞങ്ങളെ വീട്ടിലേക്ക് കൂട്ടി. വൃത്താകൃതിയിലുള്ള ഒരു കൂടാരമായിരുന്നു അവരുടെ വാസസ്ഥലം. അത്തരം കൂടാര വീടുകളെ ‘ഗെർ’ എന്നാണ് വിളിക്കുന്നത്. ഗെറിനു തെക്കോട്ട് അഭിമുഖമായി അലങ്കരിച്ച തടിവാതിലുണ്ടായിരുന്നു.
അകത്തു കടന്നതും നല്ല അടുക്കും ചിട്ടയോടും കൂടിയുള്ള കൊച്ചുവീടാണ് കണ്ടത്. വീടിന്റെ ഒത്ത നടുവിലായി തടിയിൽ തീർത്ത വട്ടത്തിലുള്ള മച്ച്. അതിനെ താങ്ങിനിർത്തുന്നത് രണ്ടു ചെറിയ തൂണുകളായിരുന്നു. മച്ചിൽനിന്ന് ചിതറിവീഴുന്ന സൂര്യകിരണങ്ങൾപോലെ നാനാഭാഗത്തേക്ക് ചെറിയ തടിക്കഷങ്ങൾ പിടിപ്പിച്ചിരുന്നു. അതിന്റെ പുറത്തായിരുന്നു മേൽക്കൂരയുടെ കാൻവാസ് വിരിച്ചിട്ടുള്ളത്. വൃത്താകൃതിയിലുള്ള ഭിത്തിയുടെ ചട്ടക്കൂടും മരംകൊണ്ടായിരുന്നു.
അതിന്റെ പുറത്ത് ആടിന്റെ രോമംകൊണ്ടുണ്ടാക്കിയ ഫെൽറ്റ് തുണി പിടിപ്പിച്ചിരുന്നു. കൂടാരത്തിന്റെ നടുക്കുള്ള ഇരുമ്പ് അടുപ്പിന്റെ ചിമ്മിനി മച്ചിലൂടെ പുറത്തേക്ക് തള്ളിനിന്നു. നാൽപതു ചതുരശ്രയടിക്കകത്ത് ഒരു വീട് മൊത്തത്തിൽ ഒരുക്കിയിരുന്നത് അത്ഭുതപ്പെടുത്തി. വെള്ളത്തിന്റെയും പുല്ലിന്റെയും ലഭ്യത, കാറ്റിന്റെ ദിശ ഇവയെല്ലാം നോക്കിയാണ് ഗെർ പണിയാനുള്ള സ്ഥലം തിരഞ്ഞെടുക്കുന്നത്.
ഈ കൂടാരം മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാൻ മൂന്നു മണിക്കൂർ സമയം മതിയത്രേ. കയറിച്ചെല്ലുന്നതിന്റെ ഇടതു വശത്താണ് അതിഥികൾ ഇരിക്കേണ്ടതെന്ന് കൂടെ വന്ന ഗൈഡ് ബിബിറ്റോ ഓർമിപ്പിച്ചു. ഉയരം നന്നേ കുറഞ്ഞ ചെറിയ തടിയുടെ സ്റ്റൂളിൽ ഞാൻ ഇരുന്നു. ന്യംദര എന്റെ നേർക്ക് ചുവന്ന അടപ്പുള്ള ഒരു പളുങ്കുകുപ്പി നീട്ടി. അതിൽ പുകയിലപ്പൊടിയായിരുന്നു. കുപ്പിയുടെ അടപ്പിൽ വളരെ ചെറിയ സ്പൂൺ പിടിപ്പിച്ചിരുന്നു. കുറച്ചു പൊടിയെടുത്ത് എന്റെ വലതു തള്ളവിരലിന്റെ അറ്റത്ത് വെച്ചു വലിക്കാൻ പറഞ്ഞു.
ഞാൻ വലിച്ചതും തുമ്മാൻ തുടങ്ങി. എല്ലാവരും ചിരിക്കാൻ ആരംഭിച്ചു. നാടോടികളാണ് വിരുന്നുകാരെങ്കിൽ അവരുടെ പക്കലും പുകയിലക്കുപ്പി ഉണ്ടാകും. ഇതു പരസ്പരം കൈമാറി ഉപയോഗിക്കും. ഹസ്തദാനത്തിനു പകരം ഇതാണ് അവരുടെ രീതി. ചിമുഗ ഒരു കുഴിഞ്ഞ പാത്രത്തിലുണ്ടായിരുന്ന ബ്രഡും ചീസും നീട്ടി. എല്ലാം അവരുണ്ടാക്കിയതാണ്. ബ്രെഡിനൊപ്പം നമ്മുടെ നാട്ടിലെ വെട്ട് കേക്കിന്റെ മധുരം കുറഞ്ഞ വകഭേദവും ഉണ്ടായിരുന്നു. ഒപ്പം ഓരോ കോപ്പ ഉപ്പു ചായയും തന്നു. നാടോടികളുടെ വീട്ടിൽ ഏത് അപരിചിതൻ ചെന്നാലും ഭക്ഷണവും ചായയും ലഭിക്കും. അതവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. പല ടൂറിസ്റ്റുകളും അവരുടെ ഈ നന്മയെ ചൂഷണംചെയ്യാറുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.
ഞാൻ ചുറ്റും കണ്ണോടിച്ചു. കൂടാരത്തിനു ചുറ്റും പല വലുപ്പത്തിലുള്ള തടിയുടെ പെട്ടികൾ അടുക്കിവെച്ചിരുന്നു. ഓറഞ്ചു നിറത്തിലെ പെട്ടികൾ പ്രത്യേക ഡിസൈനുകൾകൊണ്ട് അലങ്കരിച്ചിരുന്നു. അതിലായിരുന്നു അവരുടെ തുണിയും മറ്റും വെച്ചിരുന്നത്. വാതിലിനു നേരെ എതിർവശത്തുള്ള ഭാഗത്തു വെച്ചിരുന്ന പെട്ടിക്കു മുകളിൽ ബുദ്ധന്റെ പ്രതിമ വെച്ചിരുന്നു. കുടുംബാംഗങ്ങളുടെ ചില്ലിട്ട ഫോട്ടോകളും പെട്ടിക്കുമേൽ സ്ഥാനംപിടിച്ചിട്ടുണ്ടായിരുന്നു. സോളാർ പാനൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു ചെറിയ ടി.വി അവിടെയുണ്ടായിരുന്നു. ഞങ്ങൾ ഇരുന്നത് പടിഞ്ഞാറു ഭാഗത്താണ്. അത് ആണുങ്ങൾക്കും അതിഥികൾക്കും ഇരിക്കാനുള്ള സ്ഥലമാണ്.
സ്ത്രീകൾ കിഴക്കുവശത്താണ് ഇരിക്കുക. ആ ഭാഗത്താണ് പാത്രങ്ങളും മറ്റും വെച്ചിരുന്നത്. തൊട്ടടുത്ത ഗെർ ആയിരുന്നു ഞങ്ങൾക്കായി ഒരുക്കിയത്. ആ കൂടാരത്തിൽ കട്ടിലുകളും ചെറിയ മേശയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവിടെ വിശ്രമിച്ചുകൊണ്ടിരുന്നപ്പോഴാണ് ബിബിറ്റോ വന്നു വിളിച്ചത്. ന്യംദര ഞങ്ങൾക്കുവേണ്ടി അവരുടെ വാദ്യോപകരണമായ ‘മോരിൻ ഖനുർ’ വായിക്കാൻ തയാറെടുക്കുന്നു എന്ന് കേട്ടതും ഞങ്ങൾ അപ്പുറത്തെ ഗെറിലേക്ക് പോയി. വയലിനോട് സാമ്യമുള്ള ഉപകരണം. നീളം കൂടുതലാണ്. ഇരുന്നുകൊണ്ട് രണ്ടു കാലുകൾക്കിടയിൽ പ്രത്യേകരീതിയിൽ അതിനെ വെച്ചാണ് വായിക്കുന്നത്. തന്ത്രികളെല്ലാം കുതിരയുടെ വാലിൽനിന്നുള്ള നീണ്ട രോമംകൊണ്ടായിരുന്നു ഉണ്ടാക്കിയത്. കുറച്ചുനേരം അദ്ദേഹം ആ വാദ്യം വായിക്കുന്നത് കേട്ടിരുന്നു.
ശേഷം ഞങ്ങൾ വിശേഷങ്ങൾ ചോദിച്ചുതുടങ്ങി. അദ്ദേഹത്തിന് സ്വന്തമായി അറുപതു ഒട്ടകവും മുപ്പതു കുതിരകളുമായിരുന്നു ഉണ്ടായിരുന്നത്. കറവയുള്ള ഒമ്പത് ഒട്ടകമുണ്ടായിരുന്നു. കാര്യമായിട്ട് മഴ പെയ്യാഞ്ഞതുകൊണ്ട് ചൂട് അത്തവണ കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടകത്തെ കറക്കാൻ ആരംഭിച്ചിട്ടില്ല. മൃഗങ്ങളുടെ ആരോഗ്യം നോക്കിയശേഷമാണ് പാൽ എടുക്കുക. കുറച്ചു മൃഗങ്ങൾ മാത്രമുള്ളതുകൊണ്ട് അവർ രണ്ടു തവണയേ സ്ഥലം മാറി താമസിക്കുകയുള്ളൂ എന്ന് പറഞ്ഞു. മഞ്ഞുകാലം തുടങ്ങുമ്പോൾ മലകളിലേക്കു മാറും. വേനലാകുമ്പോൾ തിരികെ പുൽമേടുകളിലേക്കെത്തും.
‘‘അറുപത് ഒട്ടകവും മുപ്പതു കുതിരയും ചെറിയ സംഖ്യയാണോ’’ ഞാൻ അത്ഭുതത്തോടെ ചോദിച്ചു. ‘‘അതെ... ഇവിടെ ചില വീട്ടുകാർക്ക് ആയിരവും രണ്ടായിരവും ഒക്കെ മൃഗങ്ങളുണ്ട്. 1990 കാലഘട്ടം വരെ സോവിയറ്റ് സ്വാധീനത്തിനു കീഴെയായിരുന്നപ്പോൾ മൃഗങ്ങൾ എല്ലാം സർക്കാറിന്റെ സ്വത്തായിരുന്നു. രാജ്യത്ത് മൊത്തം മൃഗങ്ങൾ ഇരുനൂറ്റിയമ്പത് ലക്ഷമായി നിജപ്പെടുത്തിയിരുന്നു. അക്കാലത്ത് മൃഗങ്ങളെ മേയ്ക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടായിരുന്നു. എന്നാൽ, സോവിയറ്റ് യൂനിയൻ തകർന്നതോടെ ഇവിടെ ജനാധിപത്യം നിലവിൽ വന്നു.
മൃഗങ്ങളെ എല്ലാവരും വീതിച്ചെടുത്തു. മൃഗങ്ങളുടെ എണ്ണം സമൂഹത്തിലെ പദവിക്ക് നിർണായകമായി. മുപ്പതു വർഷംകൊണ്ട് മൃഗങ്ങളുടെ എണ്ണം മൂന്നിരട്ടിയായി. അതുകൊണ്ടെന്താ? ഇത്രയും മൃഗങ്ങളെ മേയ്ക്കാനുള്ള സ്ഥലമൊന്നും രാജ്യത്തില്ല. ആടുകൾപോലുള്ള മൃഗങ്ങൾ വേരോടെ പുല്ലു തിന്നുന്നതിനാൽ പല പുൽമേടുകളും ഇപ്പോൾ മരുഭൂമിയായിക്കൊണ്ടിരിക്കുകയാണ്. എത്രകാലം ഇങ്ങനെ തുടരാനാകുമെന്നതിൽ എനിക്ക് ആശങ്കയുണ്ട്. രണ്ടു മക്കളെയും അതിനാലാണ് തലസ്ഥാനത്തെ സ്കൂളിൽ പഠിക്കാൻ വിട്ടിരിക്കുന്നത്.’’
ചിമുഗാ ഞങ്ങൾക്കൊപ്പം ചേർന്നു. അവരുടെ പ്രധാന ജോലി പാല് കറക്കലും, അതിൽനിന്ന് പലതരം പാലുൽപന്നങ്ങൾ ഉണ്ടാക്കുന്നതുമായിരുന്നു. പുറത്തു വിൽക്കാറില്ല. വീട്ടിലെ ആവശ്യത്തിന് പോലും പലപ്പോഴും പാൽ തികയാറില്ല എന്നവർ പറഞ്ഞു. ടൂറിസ്റ്റുകളുടെ സന്ദർശനം അവരുടെ വരുമാന മാർഗമാണ്. അവരെ ഒട്ടകത്തിന്റെ പുറത്തു കയറ്റി കറങ്ങാൻ കൊണ്ടുപോകുകയും ഗെറിൽ താമസിപ്പിക്കുകയും ചെയ്യുന്നതിൽനിന്ന് നല്ലൊരു വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് കുട്ടികളെ പട്ടണത്തിലേക്ക് അയച്ചു പഠിപ്പിക്കാൻ ബുദ്ധിമുട്ടില്ല. മണലാരണ്യത്തിലെ സൂര്യാസ്തമയം കാണാൻ പോകണമെന്നതിനാൽ സംസാരം അവിടെ നിർത്തേണ്ടിവന്നു.
വൈകിട്ട് കുളിക്കാൻ സ്ഥലം അന്വേഷിച്ചപ്പോൾ കുളിമുറി കാണിച്ചു തന്നു. അതിനു മുകളിലായി ഒരു പ്ലാസ്റ്റിക് ടാങ്കുണ്ടായിരുന്നു. അടുത്തുള്ള ഒരു അരുവിയിൽനിന്ന് വെള്ളം കൊണ്ടുവന്നാണ് ടാങ്ക് നിറക്കുക. കുളിക്കാൻ കയറിയപ്പോൾ നൂലുപോലെ നേർത്തായിരുന്നു വെള്ളം വന്നിരുന്നത്. വല്ലവിധേനയും ദേഹം നനച്ചിറങ്ങി. കക്കൂസ് ഞങ്ങൾ താമസിക്കുന്നിടത്തുനിന്ന് വളരെ ദൂരെയായിരുന്നു. നിലത്ത് വലിയ ഒരു കുഴി കുഴിച്ചു അതിനു മുകളിൽ പലക നിരത്തിയിരുന്നു. പലകകൾക്കിടയിൽ ഒരു വലിയ ദ്വാരമുണ്ട്. അതിലായിരുന്നു കാര്യം സാധിക്കേണ്ടത്. ലഡാക്കിൽ ഇത്തരം ഡ്രൈ ടോയ്ലറ്റ് ഉപയോഗിച്ചിരുന്നു. അത് പക്ഷേ, വീടിനോടുചേർന്നാണ് ഉണ്ടാകുക. മാത്രവുമല്ല കാര്യം സാധിച്ചാൽ അതിനുമുകളിൽ തടിയുടെ പൊടി ഇടുന്നതിനാൽ അസഹ്യമായ ഗന്ധമില്ലായിരുന്നു.
അടുത്ത ദിവസം ഞങ്ങൾ താമസിച്ചത് മുക്സഹയുടെ വീട്ടിലായിരുന്നു. മുന്നൂറോളം ആടുകളും നൂറോളം കുതിരകളും അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. മൂന്നാലു ഗെർ കൂടാതെ വീലുള്ള കാരവനും ഒരു കാറും മോട്ടോർ ബൈക്കും കുടുംബത്തിന് സ്വന്തമായിരുന്നു. ഞങ്ങളെത്തിയതും അവരുടെ ഭർത്താവായ മോങ്ങാൻസോൾ ഡീൽ എടുത്തു ധരിച്ചു. മംഗോളിയക്കാരുടെ പരമ്പരാഗത വേഷമാണ് ഡീൽ എന്ന ഒരുതരം കോട്ട്. കഴുത്തുവരെ മറഞ്ഞിരിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ വേഷമാണ്.
അവരെ ഇരുവരെയും കൂടാതെ അവരുടെ ഇളയ മകനും ഭാര്യയും രണ്ടു കുട്ടികളുമാണ് ഒപ്പം താമസം. ഇളയമകനാണ് അച്ഛനമ്മമാരെ നോക്കാനുള്ള ഉത്തരവാദിത്തം. മുക്സഹ അൽപം കണിശക്കാരിയായിരുന്നു. ഞങ്ങൾക്ക് ചായ വിളമ്പുമ്പോൾപോലും അവരുടെ മുഖത്തു ചിരിയുടെ ലാഞ്ഛനപോലും ഉണ്ടായിരുന്നില്ല. ഫോട്ടോ എടുക്കുന്നതിൽനിന്നും ഞങ്ങളെ വിലക്കുകയുംചെയ്തു. ആകെയുണ്ടായിരുന്ന ആശ്വാസം അവിടത്തെ ഒമ്പതു വയസ്സുള്ള മിടുമിടുക്കൻ പയ്യനായിരുന്നു. ഉറുംബിസെക് എന്നായിരുന്നു അവന്റെ പേര്.
അവന്റെ അനിയനായ ഒരു വയസ്സുകാരൻ സുൽതിനെ പ്രാമിൽ ഇരുത്തി ഞങ്ങൾക്കൊപ്പം സമയം ചെലവഴിച്ചു. പ്രാം ഉന്താൻ ഞാൻ ശ്രമിച്ചപ്പോൾ, അവൻ എനിക്ക് കാണിച്ചു തന്നു. സ്പീഡിൽ പോകരുതെന്ന് ആംഗ്യ ഭാഷയിൽ അവൻ പറഞ്ഞു. അവന്റെ ഉത്തരവാദിത്തം എന്നെ അത്ഭുതപ്പെടുത്തി. മൊബൈലിനു കവറേജ് ഇല്ലാത്ത വളരെ വിജനമായ സ്ഥലത്തായിരുന്നു ഞങ്ങളുടെ താമസം. കുളിമുറിയും ഇല്ല. കുളിക്കണമെങ്കിൽ മൂന്നു നാല് കിലോമീറ്റർ അകലെയുള്ള അരുവിയിൽ പോയി തുറസ്സായ സ്ഥലത്തു കുളിക്കണം. അവിടന്ന് ചെറിയ കന്നാസിൽ വെള്ളം കൊണ്ടുവന്നാണ് പാചകംചെയ്യുന്നത്.
ഞങ്ങൾ ഗെറിൽ വിശ്രമിക്കുമ്പോൾ ഉറുംബിസെക് അനിയനെ കൂട്ടി അങ്ങോട്ട് വന്നു. അവന്റെ കൈയിൽ അമ്പതോളം വരുന്ന ആടിന്റെ വാരിയെല്ലുകൾ ഉണ്ടായിരുന്നു. അതുപയോഗിച്ചുള്ള നാടൻ കളികൾ അവൻ ഞങ്ങൾക്ക് കാണിച്ചുതന്നു. ഞങ്ങളുടെ ശ്രദ്ധ കളിയിലായിരുന്നു. എന്നാൽ, അവന്റെ ഒരു കണ്ണ് അനിയനിലായിരുന്നു എന്ന് താമസിയാതെ മനസ്സിലായി. കുഞ്ഞു സുൽത് പ്രാമിൽ ഉറങ്ങിവീഴാൻ പോയപ്പോൾ ഉറുംബിസെക് ചാടിവീണ് അവനെ പൊക്കിയെടുത്തു. എന്നിട്ട് തോളിൽ കിടത്തി ഉറക്കി. ഞങ്ങളുടെ കട്ടിലിൽ കിടത്താമെന്ന് പറഞ്ഞെങ്കിലും അവന്റെ ഉറക്കം ശരിയാകില്ല എന്ന് പറഞ്ഞു കുഞ്ഞിനേയുംകൊണ്ട് അവരുടെ ഗെറിലേക്ക് പോയി. പിന്നീട് ഞാൻ പോയി നോക്കുമ്പോൾ കുഞ്ഞിന് കാവൽ ഇരിക്കുകയായിരുന്നു അവൻ.
കുതിരകൾ നിന്നിരുന്ന സ്ഥലത്തു വലിയ ബഹളം കേട്ടപ്പോൾ ഞാൻ പെട്ടെന്ന് അങ്ങോട്ട് പോയി. മുതിർന്നവരെല്ലാവരുംകൂടി ഒരു കുഞ്ഞു കുതിരയെ പിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. മുക്സഹ അമ്മ കുതിരയെ കറക്കുന്ന തിരക്കിലും. അങ്ങോട്ടു പോകാൻ തുടങ്ങിയപ്പോൾ അവർ വരരുതെന്ന് ആംഗ്യം കാണിച്ചു. അപരിചിതർ അടുത്തുചെന്നാൽ കുതിര പാൽ ചുരത്തുന്നത് നിർത്തുംപോലും. കുഞ്ഞു കുതിര ഒട്ടും തന്നെ മെരുങ്ങിയിട്ടില്ലായിരുന്നു. തന്നെ പിടിച്ചു നിർത്താനുള്ള ശ്രമത്തെ അത് ഭീകരമായി ചെറുത്തു. ഓരോ മണിക്കൂർ ഇടവിട്ടാണ് കുതിരയെ കറക്കുന്നത്. നല്ല കഷ്ടപ്പാടുള്ള പണിതന്നെ.
കുതിരപ്പാൽ കുടിക്കാനല്ല, മറിച്ച് ഐറാഗ് ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. പുളിച്ച കുതിരപ്പാലിൽനിന്നുണ്ടാക്കുന്ന ഒരുതരം ചാരായമാണ് ഐറാഗ്.
-30 - -40 ഡിഗ്രി വരെ പോകുന്ന മഞ്ഞുകാല തണുപ്പിനെ പ്രതിരോധിക്കാൻ സഹായിക്കുന്നത് ഈ പാനീയമാണ്. വൈകീട്ട് ഏഴരയോടെ മേയാൻപോയ ആടുകളെ കൂട്ടി ഉറുംബിസെക്കിന്റെ അച്ഛൻ തിരികെയെത്തി. പണ്ട് ഇടയന്മാർ കാൽനടയായിട്ടാണ് ആടുകളെ തെളിച്ചതെങ്കിൽ ഇപ്പോൾ ബൈക്കിലാണ് തെളിക്കുന്നത്. ആട്ടിൻപറ്റത്തിന്റെ പിന്നിലായി അദ്ദേഹം ബൈക്കിൽ ഹോൺ അടിച്ചുകൊണ്ട് ആടുകളുടെ വരവറിയിച്ചു. സുൽതിനെ അപ്പൂപ്പനെ ഏൽപിച്ചു ഉറുംബിസെക് വീട്ടുകാരെ സഹായിക്കാൻ കൂടി. തടിക്കഷ്ണങ്ങൾകൊണ്ട് വളച്ചുകെട്ടിയ വേലിക്കുള്ളിൽ ആടുകളെ എല്ലാം കയറ്റി.
ശേഷം മുതിർന്ന ആടുകളെമാത്രം പുറത്താക്കി. മുക്സഹയും മരുമകളും ചാട്ടപോലൊരു സാധനം കൈയിൽ പിടിച്ചിരുന്നു. അതുകൊണ്ട് തട്ടുമ്പോൾ മുതിർന്ന ആടുകൾ ജീവനുംകൊണ്ട് പുറത്തേക്ക് ഓടും. കുട്ടികൾ അകത്തും മുതിർന്ന ആടുകൾ തുറസ്സായ സ്ഥലത്തുമാണ് രാത്രിയിൽ കഴിയുക. കുതിരകളെ ഒന്നും കെട്ടിയിടാറില്ല. അവയും അവിടെ മേഞ്ഞുനടന്നു. ലായത്തിലല്ലാതെ കുതിരയെ വളർത്തുന്നത് ആദ്യമായിട്ടായിരുന്നു കാണുന്നത്. മൃഗങ്ങൾക്ക് കാലിത്തീറ്റ കൊടുക്കാറില്ല. മേഞ്ഞുതിന്നുന്ന പുല്ലു മാത്രമാണ് അവരുടെ ഭക്ഷണം. മഞ്ഞുകാലത്തു മാത്രമാണ് ശേഖരിച്ചുവെച്ച ഉണങ്ങിയ പുല്ലു ഇടക്ക് കൊടുക്കുക.
പിറ്റേന്ന് രാവിലെ കുഞ്ഞുകുതിരകളെ മെരുക്കുന്നതിന്റെ ഭാഗമായി അവരെ കെട്ടിയിടാനുള്ള ശ്രമത്തിന്റെ ബഹളം കേട്ടാണ് ഉണർന്നത്. കെട്ടിയിടാൻ വരുന്നതെന്ന് മനസ്സിലാക്കി അവ അവിടെല്ലാം ഓടിനടന്നു. വീട്ടുകാർ പിറകെ ഓടി അവയുടെ കഴുത്തിലെ കയറു പിടിക്കുന്നുണ്ടെങ്കിലും അവരെയുംകൊണ്ട് കുതിര ഓടാൻ ശ്രമിച്ചു. ഒരു മൽപിടിത്തത്തിനൊടുവിലേ അതുങ്ങളെ കെട്ടിയിടാൻ പറ്റിയുള്ളൂ. അപ്പോഴേക്കും മുക്സഹയും മരുമകളുംകൂടി തള്ള ആടുകളെ നിരത്തി പിടിച്ച് പ്രത്യേക രീതിയിൽ കെട്ടിനിർത്തി. തൊട്ടടുത്ത ആട് എതിർദിശയിലേക്ക് നോക്കുന്ന രീതിയിൽ നീളത്തിന് എല്ലാത്തിനെയും നിർത്തി.
കറക്കാനുള്ള എളുപ്പത്തിനാണ് അങ്ങനെ കെട്ടുന്നത്. ഒരുവശത്തുള്ളതിനെ മുക്സഹ കറക്കുമ്പോൾ മറുവശത്തുള്ളതിനെ മരുമകൾ കറന്നു. ഉറുംബിസെക് അച്ഛനെ സഹായിക്കുന്ന തിരക്കിലായിരുന്നു. ഏതെങ്കിലും തരത്തിൽ വയ്യാതായ ആടുകളെ തേടിപ്പിടിക്കുന്നതായിരുന്നു അവന്റെ ജോലി. അച്ഛൻ ചൂണ്ടിക്കാണിക്കുമ്പോൾ അവൻ അതിനെ പിടിച്ചു കൊണ്ടുവരും. രണ്ടാളും ചേർന്ന് മരുന്ന് കൊടുക്കും. രണ്ടുദിവസം ഒമ്പതു വയസ്സുകാരൻചെയ്ത പണികൾ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചെറിയ പ്രായത്തിൽതന്നെ കുട്ടികളെ നാടോടികളുടെ കഠിനമായ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും കുടുംബത്തിന് ഉപകരിക്കുന്ന ജോലികളിൽ ഏർപ്പെടുത്താനുമുള്ള പരിശീലനം മികച്ച മാതൃകതന്നെ.
ഓർഖോൻ വാലിയിൽ മൂന്നു ദിവസം താമസിച്ചത് ദക്ഷ് എന്ന നാടോടിയുടെ വീട്ടിലായിരുന്നു. അവിടെയുള്ള വെള്ളച്ചാട്ടത്തിന് അരികിലായിരുന്നു അദ്ദേഹത്തിന്റെ ഗെർ. അമ്പതോളം യാക്കുകളും പത്തു കുതിരകളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പത്ത്. ദക്ഷിന്റെ ഭാര്യ ഗെരല്തുയ വളരെ സൗഹൃദപരമായിട്ടായിരുന്നു പെരുമാറിയത്. അവർ യാക്കുകളെ കറക്കുമ്പോൾ ഞങ്ങളെയും കൂട്ടി. കറക്കാനുള്ള ശ്രമം വിഫലമായെങ്കിലും ഞങ്ങളെക്കൂടി അവർക്കൊപ്പം കൂട്ടാൻ കാണിച്ച സന്മനസ്സിനു നന്ദി പറഞ്ഞു. കറന്നുകഴിഞ്ഞപ്പോൾ യാക്കിന്റെ പാൽ കുടിക്കാൻ തന്നു. ദക്ഷിന്റെ മക്കൾ ബാറ്റ് ഉൽസിയിലുള്ള അപ്പൂപ്പന്റെ വീട്ടിൽ നിന്നായിരുന്നു പഠിക്കുന്നത്. അടുത്തായതുകൊണ്ട് കുതിരപ്പുറത്താണ് അവർ സ്കൂളിൽ പോയിരുന്നത്.
മംഗോളിയയിൽ എല്ലാവർക്കുംതന്നെ കുതിരസവാരി അറിയാം. നാടോടികൾ കുട്ടികളെ മൂന്നു വയസ്സാകുമ്പോഴേ കുതിരയെ ഓടിക്കാൻ പഠിപ്പിക്കും. മംഗോളിയയുടെ ദേശീയ ഉത്സവമായ നാദത്തിന്റെ ഏറ്റവും വലിയ ആകർഷണം കുതിരപ്പന്തയമാണ്. അതിൽ കുതിരകളെ ഓടിക്കുന്നത് ആറിനും പന്ത്രണ്ടിനും ഇടക്കുള്ള കുട്ടികളാണ്. വൈകുന്നേരം ദക്ഷുമായി സംസാരിച്ചു. ഇത്രയും കുറവ് മൃഗങ്ങളെ വെച്ചുമാത്രം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടല്ലേ എന്ന് ഞാൻ ചോദിച്ചു. ‘‘സർക്കാറിന് കട്ടു മുടിക്കാൻ അത്രയും കുറവ് പൈസയല്ലേ കിട്ടുകയുള്ളൂ’’ എന്നായിരുന്നു മറുപടി. വിശദ വിവരങ്ങൾ ചോദിച്ചപ്പോഴാണ് മനസ്സിലായത് ഓരോ മൃഗത്തിനും നികുതി അടക്കണമെന്ന്. ആടായാലും ഒട്ടകമായാലും ഒരേ നികുതിയാണ്. അഴിമതികൾക്ക് കുപ്രസിദ്ധമാണ് മംഗോളിയൻ സർക്കാറും ഉദ്യോഗസ്ഥരും. പല വിദേശ ഫണ്ടുകൾപോലും തിരിമറി നടത്തി സ്വന്തമാക്കിയവരാണ് പല രാഷ്ട്രീയ പ്രവർത്തകരും.
യാത്രയിലെ അവസാനത്തെ രാത്രി ഓട്മ എന്ന നാടോടിയുടെ ഗെറിലായിരുന്നു. ജിമ്മിലെ ഉരുക്കു വനിതയെ ഓർമിപ്പിക്കുന്നതായിരുന്നു അവരുടെ ശരീരഘടനയും വേഷവും. ജിമ്മിൽ ഇടുന്ന തരം ടൈട്സും ടീഷർട്ടുമായിരുന്നു വേഷം. മൂക്കുപ്പൊടിയും ചായസൽക്കാരവും ഒന്നുമുണ്ടായിരുന്നില്ല. ഓട്മ എന്നെ കണ്ടതും കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ തന്നു. അതായിരുന്നു ഓട്മയുടെ സ്വീകരണം. പിന്നെ തന്റെ തിരക്കുകളിൽ മുഴുകി. അവർ അതിവിദഗ്ധമായിട്ടായിരുന്നു കുഞ്ഞു കുതിരകളെ പിടിച്ചത്. ഒരു നീളമുള്ള വടിയിൽ കുരുക്കുമായി ചെന്ന് അനായാസേന അവരെ പിടികൂടി. മുകസഹയുടെ വീട്ടിൽ മൂന്നുപേർ ചേർന്നായിരുന്നു കുതിരയെ പിടിച്ചത് എന്ന് ഞാൻ ഓർത്തു. മൃഗങ്ങളെ മെരുക്കാൻ പ്രത്യേക കഴിവുതന്നെ വേണം.
ഓട്മ മികച്ചൊരു നാടോടിയാണെന്ന് എനിക്ക് തോന്നി. ആയിരക്കണക്കിന് മൃഗങ്ങളെ വളർത്തുമ്പോൾ പുൽമേടുകൾ നശിച്ചു പോകില്ലേ എന്ന് ഞാൻ ചോദിച്ചു. ‘‘ഞാൻ കുറച്ചധികം മൃഗങ്ങളെ വളർത്തുന്നതാണോ പ്രശ്നം? ഇതു സംരക്ഷിക്കാൻ സർക്കാർ എന്ത് ചെയ്യുന്നു? സോവിയറ്റ് അധീനതയിലുള്ള സമയത്തു ഞങ്ങൾക്ക് മരുന്നും കാലിത്തീറ്റയുമൊക്കെ ലഭിക്കുമായിരുന്നു. ഈ കാണുന്ന മൃഗങ്ങളെ ഞാൻ കഷ്ടപ്പെട്ട് നോക്കിവളർത്തിയുണ്ടാക്കിയതാണ്. 99ലെയും 2009ലെയും ചൂടു കാരണം എന്റെ പകുതിയിലേറെ മൃഗങ്ങൾ ചത്ത് പോയിരുന്നു. പല നാടോടികളും നഗരത്തിലേക്ക് ചേക്കേറി. ഞാൻ അത് ചെയ്യാത്തത് ഈ മണ്ണും മൃഗങ്ങളും എനിക്കേറെ പ്രിയപ്പെട്ടതായതുകൊണ്ടാണ്. എന്റെ മൃഗങ്ങൾ പുല്ലു തിന്നതുകൊണ്ട് പ്രകൃതിക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആഗോളതാപനംമൂലം രണ്ടു ഡിഗ്രി ചൂടാണ് ഇവിടെ കൂടിയത്. പല അരുവികളും ഉണങ്ങി വരണ്ടുപോയി.
എന്നിട്ട് പരിസ്ഥിതിസ്നേഹികൾ എന്താണ് അതിനെതിരെ ചെയ്തത്. എനിക്കാരോഗ്യം ഉള്ളിടത്തോളം കാലം ഞാൻ മൃഗങ്ങൾക്കിടയിൽതന്നെ ജീവിക്കും. എനിക്കാകുന്ന വിധത്തിൽ പ്രകൃതിയെ ഞാൻ സംരക്ഷിക്കും. പ്രകൃതി നശിച്ചാൽ പിന്നെ എന്റെ മൃഗങ്ങൾ നശിക്കും. അവർ നശിച്ചാൽ ഞാനും.’’ ഓട്മയുടെ വികാരവിക്ഷോഭത്തിൽ പലതും വായിച്ചെടുക്കാൻ കഴിഞ്ഞു.
പ്രകൃതിയെയും മൃഗങ്ങളെയും സ്നേഹിച്ചു, അവരെ സംരക്ഷിച്ചു സമാധാനപരമായ ജീവിതം ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് മംഗോളിയയിലെ നാടോടികൾ. നഗരത്തിലെ തിളക്കമാർന്ന കാഴ്ചകൾ അവരെ ആകർഷിക്കാൻ പര്യാപ്തമായിരുന്നില്ല. സർക്കാറിൽനിന്നോ മറ്റിടങ്ങളിൽനിന്നോ കാര്യമായ സഹായങ്ങൾ ഒന്നും അവർക്ക് ലഭിക്കാറില്ല. സ്വയംപര്യാപ്തതയുടെ മകുടോദാഹരണങ്ങളായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊരുതി മുന്നേറുന്ന പോരാളികളാണവർ. ചെങ്കിസ്ഖാന്റെ സ്വന്തം പിൻഗാമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.