ലേയിലെ ചന്തകളിൽ അലഞ്ഞു നടക്കുമ്പോള്‍ തിബത്തന്‍ അഭയാര്‍ഥി മാര്‍ക്കറ്റ് കണ്ടു. ഇന്ത്യ നെഹ്റുവിന്‍റെ കാലം മുതൽ അഭയാര്‍ഥി പദവി നൽകിയവരും അവരുടെ പിന്മുറക്കാരുമാണ് അഭയാര്‍ഥി മാര്‍ക്കറ്റിൽ കച്ചവടക്കാരും കച്ചവടക്കാരികളുമായി ജോലിചെയ്യുന്നത്. അവരുടെ ഏറ്റവും പുതിയ തലമുറക്ക് തിബത്തിനെക്കുറിച്ച് വിദൂരമായ അറിവേയുള്ളൂ –യാത്ര തുടരുന്നു.
മഞ്ഞില്‍ കുളിച്ചുനില്‍ക്കുന്ന ബുദ്ധവിഹാരങ്ങള്‍, തൊടാന്‍പോലും കഴിയാത്ത കൊടുംതണുപ്പില്‍ മരവിച്ചു നില്‍ക്കുന്ന ലോഹ-മര പ്രാര്‍ഥനാചക്രങ്ങള്‍, അതിനിടയില്‍ മാസ്മരികവും നിഗൂഢവുമായ പുഞ്ചിരിയുമായി നില്‍ക്കുന്ന ബുദ്ധവിഗ്രഹങ്ങള്‍, തണുപ്പിലും പ്രാര്‍ഥനകള്‍ ഉരുവിട്ടുകൊണ്ടിരിക്കുന്ന ബുദ്ധഭിക്ഷുക്കള്‍, തണുപ്പ് ചുളിവു വീഴ്ത്തിക്കൊണ്ടിരിക്കുന്ന ചുവര്‍ചിത്രങ്ങള്‍, വിഹാരത്തിലെ ഇടനാഴികളില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞുങ്ങള്‍, കടും ചുവപ്പും കാപ്പി നിറവും ചേര്‍ന്ന വസ്ത്രങ്ങളണിയുന്ന ലാമമാര്‍, സന്യാസി പരിശീലനത്തിന് കുഞ്ഞുപ്രായത്തില്‍ വിഹാരങ്ങളിലെത്തിയവര്‍.
പ്രാര്‍ഥനക്കൊപ്പം ചിലപ്പോള്‍ കൊമ്പുകളും ദമരുവും മണികളും ഉപയോഗിച്ചുള്ള സംഗീതത്തിന്‍റെ അകമ്പടി. അരുണാചലിലെ തവാങ്ങിലും ദലൈലാമയുടെ ആസ്ഥാനമായ ധര്‍മശാലയിലും (ധരംശാല) പോയത് മഞ്ഞുകാലത്തായിരുന്നു. ഇവിടെ ലഡാക്കില്‍ വേനല്‍ക്കാലമാണ്. അതിനാല്‍ ബുദ്ധവിഹാരങ്ങളില്‍ മഞ്ഞുപെയ്യുന്നില്ല. ചിലപ്പോള്‍ മഴ ചാറുന്നു. മഞ്ഞ് നനച്ച് തോര്‍ത്തെടുത്ത് വൃത്തിയാക്കുന്ന വിഹാരങ്ങളില്‍ കടും നിറങ്ങള്‍ എത്രയോ വര്‍ഷങ്ങള്‍ തിളക്കം നഷ്ടപ്പെടാതെ നില്‍ക്കുന്നതില്‍ ചെറിയ ആശ്ചര്യം തോന്നിയിട്ടുണ്ട്.
തവാങ്ങില്‍ ഷവലുപയോഗിച്ച് വിഹാരത്തിലെ മുറ്റത്തെ മഞ്ഞു മാറ്റുന്ന ബുദ്ധഭിക്ഷുക്കളെ ഓർമവന്നു. മഞ്ഞു മാറ്റിയതിനുശേഷം അവര്‍ ചെറിയ കപ്പുകളില്‍ ചൂടുവെള്ളം കുടിച്ചു, എനിക്കും ഒരു കപ്പ് തന്നു. ലഡാക്കിലെ ബുദ്ധവിഹാരങ്ങളില്‍ വേനലായതിനാല്‍ മഞ്ഞില്ല എന്നേയുള്ളൂ. ബാക്കിയെല്ലാം അതുപോലെ തന്നെ. തങ്ങള്‍ നടക്കുന്നത് ഭൂമി അറിയരുത് എന്നുറച്ച്, ഭൂമിയെ നോവിക്കാതെ നടക്കുന്ന ലാമമാര്‍. വളരെ താഴ്ന്ന ശബ്‌ദത്തില്‍ മാത്രം സംസാരിക്കുന്നവര്‍. പ്രാര്‍ഥനകളില്‍ മുഴുകിയവര്‍. സന്യാസിമാരാകാന്‍ എത്തിയവര്‍ക്ക് ക്ലാസെടുക്കുന്ന മുതിര്‍ന്ന ലാമമാര്‍, തിബത്തിലേക്ക് ഒരിക്കല്‍ മടങ്ങാന്‍ കഴിയുമോ എന്ന ചോദ്യത്തോട് നിശ്ശബ്ദതയാല്‍ മാത്രം പ്രതികരിക്കുന്ന പ്രവാസി തിബത്തന്‍ സന്യാസികള്‍. എല്ലാം സമാനം. ലഡാക്കിലെ ബുദ്ധവിഹാരങ്ങളില്‍ മഞ്ഞുപെയ്യുന്നത് ഭാവനയില്‍ കണ്ടുകൊണ്ട് ഞങ്ങള്‍ മുന്നോട്ടു നീങ്ങി.
ആദ്യകാലങ്ങളില്‍ ബുദ്ധവിഹാരങ്ങളിലെ ചിത്രങ്ങളില്‍ പ്രകൃതിയില്‍നിന്നുള്ള നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇലച്ചാറുകള്‍. മഞ്ഞും മഴയും വെയിലുമേറ്റാലും ഏറെക്കാലം പ്രഭ നഷ്ടപ്പെടാതെ ആ നിറങ്ങള്‍ നിന്നു. അജന്തയിലെ ചിത്രങ്ങളിലെ (ഇപ്പോഴവ ഏറക്കുറെ മായാന്‍ തുടങ്ങിയിരിക്കുന്നു, ചില ചിത്രഭാഗങ്ങള്‍ അടര്‍ന്നും വീണു) നിറക്കൂട്ടുകള്‍ ഇലച്ചാറുകളില്‍നിന്നായിരുന്നുവെന്ന് കെണ്ടത്തപ്പെട്ടിട്ടുണ്ടല്ലോ. ലഡാക്കില്‍ പല ബുദ്ധപ്രതിമകളും പുതുതായി പെയിന്‍റ് ചെയ്തിട്ടുണ്ട്. പുതിയ ചായമടി ബുദ്ധന് പാര്‍ശ്വങ്ങളില്‍ ശിവച്ഛായ നല്‍കുന്നുണ്ട്. ഇക്കാലത്ത് ശിവ ശിൽപങ്ങളിലും ചിത്രങ്ങളിലും കാണുന്ന അതേ നിറങ്ങള്‍തന്നെ ബുദ്ധനിലും പ്രയോഗിക്കുന്നതുകൊണ്ടായിരിക്കുമോ ഈ സാമ്യം?
ലേയില്‍നിന്നും 19 കിലോമീറ്റര്‍ കിഴക്കോട്ടു പോയാല്‍ തിക്സെയിലെ ബുദ്ധ (സന്യാസി) വിഹാരത്തിലെത്താം. സമുദ്രനിരപ്പില്‍നിന്നും 3600 കിലോമീറ്റര്‍ ഉയരത്തിലാണ് 12 നിലകളിലായുള്ള തിക്സെ മൊണാസ്ട്രി. ഇപ്പോഴത്തെ ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‍റെ ആസ്ഥാനമായിരുന്ന തിബത്തിലെ ലാസയിലെ പൊട്ടല പാലസിന്‍റെ രീതിയില്‍ നിർമിച്ചതാണ് തിക്സെയിലെ ബുദ്ധവിഹാരം.
അസ്ഥിപ്പൊടിയും ഒരു തുള്ളി രക്തവും പറവകളും
എല്ലായിടത്തുമെന്നപോലെ തിക്‌സെയിലെ ബുദ്ധവിഹാരം രൂപപ്പെട്ടതിലും ഒരു കഥയുണ്ട്. ഈ കഥ പല പുസ്‌തകങ്ങളിലും കാണാം. അതിങ്ങനെയാണ്: 15ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍, ഗെലുഗ് ബുദ്ധ ചിന്താധാരയുടെ സ്ഥാപകനായ ഗോ സോങ്ഖാപ്പ തന്‍റെ ആറ് ശിഷ്യന്മാരെ തിബത്തിന്‍റെ അയല്‍പ്രദേശങ്ങളിലേക്ക് ബുദ്ധിസം പ്രചരിപ്പിക്കാന്‍ അയച്ചു. സോങ്ഖാപ്പ ശിഷ്യരിലൊരാളായ ജങ്സെം ഷെറാപ് സാങ്പോയുടെ കൈയില്‍ അസ്ഥിപ്പൊടിയും സോങ്ഖാപ്പയുടെ ഒരു തുള്ളി രക്തവും അടങ്ങിയ ഒരു ചെറിയ പ്രതിമ നല്‍കി. ബുദ്ധമത പ്രചാരണത്തില്‍ സഹായം അഭ്യർഥിച്ചുകൊണ്ട് ലഡാക്കിലെ രാജാവിനെ കാണാന്‍ സോങ്ഖാപ്പ ജങ്‌സമിന് നിര്‍ദേശം നല്‍കി.
15ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍, തന്‍റെ അധ്യാപകനായ ഷെറാപ് സാങ്പോ ആരംഭിച്ച സന്യാസപ്രവര്‍ത്തനം ശിഷ്യനായ പാല്‍ഡന്‍ സാങ്പോ തുടര്‍ന്നു. ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതിനിടയില്‍ സംഭവിച്ച അസാധാരണമായ ഒരു സംഭവത്താല്‍ നിർദേശിക്കപ്പെട്ട ഒരു വലിയ ആശ്രമം തിക്‌സെയില്‍ പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. സിന്ധു നദിയുടെ വലതുകരയില്‍ തന്‍റെ സിദ്ധാന്തം അഭിവൃദ്ധിപ്പെടുമെന്ന് സോങ്ഖാപ്പ പ്രവചിച്ചിരുന്നു. തിക്സെ മൊണാസ്ട്രി സ്ഥാപിതമായപ്പോള്‍ ഈ പ്രവചനം യാഥാര്‍ഥ്യമായി. സിന്ധു നദിയുടെ വലത് കരയില്‍ സ്ഥിതിചെയ്യുന്ന സ്പിതുക് മൊണാസ്ട്രി, ലികിര്‍ മൊണാസ്ട്രി തുടങ്ങിയ മറ്റുള്ളവയും തിക്‌സെയുടെ രീതികളാണ് പിന്തുടര്‍ന്നത്.
ഐതിഹ്യം അനുസരിച്ച്, ഷെറാബ് സാങ്പോയും പാല്‍ഡന്‍ സാങ്പോയും ബുദ്ധക്ഷേത്രത്തിന് സമീപം പുണ്യകര്‍മങ്ങള്‍ നടത്തുകയായിരുന്നു. അതിന്‍റെ ഭാഗമായി പൂജാവസ്‌തുക്കളും തകിടും ഒരു തുണിയില്‍ പൊതിഞ്ഞ് താഴ്വരക്ക് അര്‍പ്പിക്കാനായി അടുത്തുള്ള പാറപ്പുറത്തേക്ക് കൊണ്ടുപോയി. തുണിക്കെട്ട് താഴ്വരയിലേക്ക് എറിയാന്‍ പോകുമ്പോള്‍ രണ്ട് പക്ഷികള്‍ പ്രത്യക്ഷപ്പെട്ട് തുണിക്കെട്ടിലെ തകിട് കൊണ്ടുപോയി. പക്ഷികള്‍ തകിട് തിക്‌സെയിലാണ് കൊണ്ടിട്ടത്. പാല്‍ഡന്‍ സാങ്പോയും അദ്ദേഹത്തിന്‍റെ ശിഷ്യന്മാരും തകിടിനായി തിരയാന്‍ തുടങ്ങിയപ്പോള്‍ അവര്‍ തിക്സെയില്‍ എത്തി, അവിടെ തകിട് കണ്ടെത്തുകയും ചെയ്തു. ബുദ്ധവിഹാരം പണിയാനുള്ള സ്ഥലം ഇതാണെന്ന ദൈവിക നിര്‍േദശമായി പാല്‍ഡന്‍ ഈ സംഭവത്തെ എടുത്തു.
ഷേക്കടുത്തുള്ള നുബ്ര താഴ്വരയിലായിരുന്നു ഈ സമയം ലഡാക് രാജാവ്. സാങ്‌പോ ഗുരു തന്നുവിട്ട പ്രതിമ രാജാവിന് സമ്മാനിച്ചു. ഒരു ആശ്രമം സ്ഥാപിക്കാന്‍ സാങ്പോയെ സഹായിക്കാന്‍ രാജാവ് തന്‍റെ മന്ത്രിയോട് നിർദേശിച്ചു. തല്‍ഫലമായി, 1433ല്‍ സാങ്പോ ഇവിടെ ചെറിയൊരു ആശ്രമം സ്ഥാപിച്ചു. പല കാലംകൊണ്ട് അതിന് കാണുന്ന രീതിയിലുള്ള ഗെലുഗെ സെക്‌ട് വിശ്വാസികളുടെ തിക്‌സെ മൊണാസ്ട്രിയായി (തിക്‌സെ ഗോമ്പ) പടര്‍ന്നു പന്തലിച്ചു:
സാങ്‌പോ ലഡാക്കിലെ ഷര്‍മോ ഗ്രാമത്തില്‍ ജനിച്ചു. കുട്ടിയായിരിക്കുമ്പോള്‍ ഒരു വണികസംഘത്തിനൊപ്പം തിബത്തിലേക്ക് സഞ്ചരിച്ചു. ആത്മീയപഠനം ലക്ഷ്യമിട്ടായിരുന്നു യാത്ര. തിബത്തിലെത്തിയ സാങ്പോ ലാസയിലെത്തി. ജങ്‌സെം ഷെറാപ്പിന്‍റെ ശിഷ്യനായി. പിന്നീട് തിക്‌സെ ബുദ്ധവിഹാരത്തിന്‍റെ സ്ഥാപക റിംപോച്ചെ ആയി (തിബത്തന്‍ ബുദ്ധിസത്തില്‍ പുനര്‍ജനിക്കപ്പെട്ട വിശുദ്ധ ലാമയാണ് റിംപോച്ചെ). മൊണാസ്ട്രിയുടെ പ്രവേശന കവാടം തിബത്തന്‍ ശൈലിയിലുള്ളതാണ്. ഇത്തരം കവാടങ്ങള്‍ ഇന്ത്യയില്‍ ബുദ്ധവിഹാരങ്ങള്‍ ഉള്ളിടത്തെല്ലാം കണ്ടിട്ടുണ്ട്. വലുപ്പത്തില്‍ മാത്രമേ മാറ്റമുണ്ടാകാറുള്ളൂ.
ലാമസന്യാസിയാകാന്‍ മൊണാസ്ട്രിയിലെത്തിയ കുട്ടികളിലൊരാള്‍,തിക്‌സെയിലെ മൈത്രേയ ബുദ്ധന്‍
തിക്‌സെയില്‍ നടക്കുന്ന മാസ്‌ക് ഡാന്‍സിന് ഇനിയും കുറച്ചുനാള്‍കൂടി കഴിയണം. ഞങ്ങള്‍ക്കത് കാണാന്‍ കഴിയില്ല. ചാം ഫെസ്‌റ്റിവല്‍ എന്നറിയപ്പെടുന്ന ഈ ആഘോഷം രണ്ടു ദിവസമാണ് നടക്കുക. അതിനെക്കുറിച്ചുള്ള ഒരു കുറിപ്പില്‍ ഇങ്ങനെ വായിച്ചു: ചാം ഫെസ്‌റ്റിവല്‍ ആചാരങ്ങളോടും ആഘോഷങ്ങളോടുംകൂടി കൊണ്ടാടപ്പെടുന്നു. ഉത്സവത്തിന്‍റെ ആചാരങ്ങളില്‍ ദുഷ്ടശക്തികളെ സൂചിപ്പിക്കുന്ന ‘തോർമ’ ഒരു യാഗമായി അര്‍പ്പിക്കുന്ന ചടങ്ങ് ഉള്‍പ്പെടുന്നു. ഇതിലെ മറ്റൊരു പ്രധാന ആചാരം 9ാം നൂറ്റാണ്ടിന്‍റെ മധ്യത്തില്‍ ഒരു ബുദ്ധസന്യാസി രാജ്യദ്രോഹിയായ ലാങ് ദൊര്‍മ രാജാവിനെ വധിച്ചതിന്‍റെ പുനരാവിഷ്കാരമാണ്. ഈ വേളയില്‍ തിക്‌സെ ആശ്രമത്തിലെ നിവാസികള്‍ ഒത്തുചേര്‍ന്ന് മുഖംമൂടി ധരിച്ച് ചാം നൃത്തം അവതരിപ്പിക്കുന്നു.
ഇതൊരു നൃത്ത-നാടകമാണ്. ഗോണ്‍ ഖാങ് എന്നു പേരുള്ള മുഖംമൂടികളാണ് നൃത്തവേളയില്‍ ബുദ്ധസന്യാസിമാര്‍ അണിയുക. ഈ നൃത്തം തിന്മക്കെതിരെ നന്മയെ ആഘോഷിക്കുന്നു. അര്‍ഘം എന്ന് വിളിക്കുന്ന ‘തോർമ’ നര്‍ത്തകരായ സന്യാസിമാര്‍ മുറിക്കുന്നതോടെ ഉത്സവം സമാപിക്കുന്നു. അത് പരിപാടി വീക്ഷിക്കാനെത്തിയവര്‍ക്ക് വിതരണം ചെയ്യും: ചാം ഫെസ്റ്റിവലിന്‍റെ സമയം നോക്കി വന്നിരുന്നെങ്കില്‍ അതൊരു ഗംഭീര അനുഭവമായേനെയെന്ന് അതിന്‍റെ ഫോട്ടോ ഗാലറികള്‍ കണ്ടപ്പോള്‍ തോന്നി.
തിക്‌സെ ആശ്രമത്തിലും ബുദ്ധവിഹാരങ്ങളിലും ഏറെനേരം അലഞ്ഞപ്പോള്‍ കണ്ടുമുട്ടിയ സന്യാസിമാര്‍ ചാം നൃത്തത്തില്‍ പങ്കെടുത്തവരാണോ എന്നു ചോദിക്കണമെന്ന് തോന്നിയിരുന്നു. വലിയ മുഖംമൂടികള്‍ –രാക്ഷസരുടെ, കൊമ്പുള്ള മൃഗങ്ങളുടെ, വലിയ പക്ഷികളുടെ– ഇങ്ങനെയുള്ള മാസ്കുകള്‍ അണിഞ്ഞാണ് ലാമമാര്‍ ഈ നൃത്തത്തില്‍ പങ്കെടുക്കുന്നത്. ഒരുപക്ഷേ ഒരിക്കല്‍ ഈ പരിപാടി നേരില്‍ കാണാന്‍ അവസരം കിട്ടിയേക്കാം എന്നൊരു പ്രതീക്ഷ ബാക്കിനിര്‍ത്തി.
രണ്ടു നിലകളിലായി ‘ഭാവി ബുദ്ധന്‍’
െമെത്രേയ ബുദ്ധ, ശാക്യമുനി, അവലോകീശ്വരന്‍ ഇങ്ങനെ ബുദ്ധന് പല ‘അവതാരങ്ങളു’മുണ്ട്. ഓരോ ബുദ്ധപ്രതിമയും ഓരോ അവതാരങ്ങളെയാണ് പ്രതിനിധാനംചെയ്യുന്നത്. എല്ലാ ബുദ്ധപ്രതിമയും ഒന്നല്ല, ഒരേ അവതാരമല്ല. തിക്‌സെയില്‍ ഏറ്റവും പ്രധാനം മൈത്രേയ ബുദ്ധനാണ് (ഭാവി ബുദ്ധന്‍). 1970ല്‍ ഇന്നത്തെ ദലൈലാമ ഈ ആശ്രമം സന്ദര്‍ശിച്ചതിന്‍റെ സ്മരണക്കായി സ്ഥാപിച്ചതാണ് മൈത്രേയ ബുദ്ധശിൽപം. 15 മീറ്റര്‍ (49 അടി) ഉയരമുണ്ട് പ്രതിമക്ക്. മൊണാസ്ട്രിയിലെ രണ്ട് നിലകളിലായാണ് മൈത്രേയ ബുദ്ധ ഉയര്‍ന്നുനില്‍ക്കുന്നത്. നാലാം നില പിളര്‍ന്ന് അഞ്ചാം നിലയിലേക്ക് വളരുകയാണ് ഇവിടെ ബുദ്ധന്‍.
ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഇരിക്കുന്നതുപോലെയോ അല്ലെങ്കില്‍ നില്‍ക്കുന്ന മട്ടിലോ അല്ല ബുദ്ധന്‍ ഈ ശിൽപത്തില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. താമരയില്‍ ഇരിക്കുന്ന നിലയിലാണ്. ലഡാക്കിലെ ഏറ്റവും വലിയ ബുദ്ധപ്രതിമകൂടിയാണിത്. കളിമണ്ണിലും ചെമ്പിലും നിർമിച്ച ബുദ്ധവിഗ്രഹത്തിന്‍റെ തിളക്കം സ്വർണം പൂശിയതില്‍നിന്നുമുണ്ടായതാണ്. നാലു വര്‍ഷമെടുത്ത് ലേ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസിലെ നവാങ് സെറിങ്ങിന്‍റെ കീഴില്‍ പ്രാദേശിക കലാകാരന്മാരാണ് ഇത് നിര്‍മിച്ചത്.
വഴിയരികില്‍ കാണുന്ന സ്‌തൂപങ്ങള്‍
ബുദ്ധശിരസ്സിന്‍റെ ഇരുവശങ്ങളിലുമായി അഞ്ച് ഇതളുകള്‍ കാണാം. ഓരോന്നിലും ബുദ്ധന്‍റെ വ്യത്യസ്തമായ നിൽപും ഭാവങ്ങളും ആവിഷ്‍കരിച്ചിരിക്കുന്നു. ശിൽപത്തിന്‍റെ രണ്ടു ഭാഗങ്ങളിലും താഴേക്ക് നിരവധി കള്ളികളുണ്ട്. അതില്‍ വലത്തും ഇടത്തുമായി ദലൈലാമ തിക്‌സെ സന്ദര്‍ശിച്ചതിന്‍റെ ഫോട്ടോഗ്രാഫുകളുണ്ട്. ദലൈലാമ ചൈനീസ് അധിനിവേശത്തെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് പലായനംചെയ്ത് 20 വര്‍ഷങ്ങള്‍ കഴിഞ്ഞ സന്ദര്‍ഭത്തിലാണ് അദ്ദേഹത്തിന്‍റെ തിക്സെ സന്ദര്‍ശനവും അതിന്‍റെ ഭാഗമായി മൈത്രേയ ബുദ്ധന്‍റെ സ്ഥാപനവും. ദലൈലാമയും അദ്ദേഹത്തിനൊപ്പം ഇന്ത്യയിലേക്ക് പ്രവഹിച്ച തിബത്തുകാരും അവരുടെ പിന്‍തലമുറകളും ഇന്നും ഇന്ത്യയില്‍ അഭയാര്‍ഥികളും പ്രവാസികളുമായി ജീവിക്കുന്നു.
മൈത്രേയ ബുദ്ധന്‍റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം നടത്തി പ്രാര്‍ഥിക്കുന്നവര്‍, ബുദ്ധവിഗ്രഹത്തെ വലംവെച്ച് മന്ത്രങ്ങള്‍ ഉച്ചരിക്കുന്നവര്‍, അതിനടുത്തിരുന്ന് പ്രാര്‍ഥനകളും മന്ത്രങ്ങളും ജപങ്ങളുമായി ഇരിക്കുന്ന ലാമമാര്‍, ബുദ്ധ വിഗ്രഹമുള്ള രണ്ടു മുറികളിലും വെണ്ണയുടെ മണം നിറഞ്ഞുനിന്നു. ബുദ്ധ പ്രതിമക്കുമുന്നില്‍ വിളക്കുകള്‍ കത്തിച്ചുവെച്ചിട്ടുണ്ട്. അതില്‍നിന്നാണ് എണ്ണയുടെ മണം പ്രവഹിക്കുന്നത്. വിശ്വാസികള്‍ നേര്‍ച്ചയായി നല്‍കുന്നതാണ് എണ്ണ.
കുടുംബത്തില്‍ ഒരാള്‍ മരിച്ചാല്‍ 100 വിളക്കുകള്‍ ഇത്തരത്തില്‍ കത്തിക്കുന്ന ആചാരമുണ്ട്. അത്രയും വിളക്കുകള്‍ കത്തിക്കുന്നത് മരണാനന്തര ജീവിതത്തിലേക്ക് വെളിച്ചം പകരാനാണ് എന്നാണ് വിശ്വാസം. വിശ്വാസികള്‍ പ്രത്യേക പ്രാര്‍ഥനകളുടെ സമയങ്ങളിലും ഇത്തരം ദീപങ്ങള്‍ തെളിക്കും. ഇതോടൊപ്പം സാങ്ങും കത്തിക്കും. ഉണക്കപ്പുല്ല്, പച്ചമരുന്ന്, ചൂരച്ചെടി എന്നിവയാലുണ്ടാക്കിയ അൽപം തടിച്ച തിരികളാണ് സാങ്. അതിന്‍റെ മണവും ബുദ്ധവിഹാരത്തിലൂടെ ഒഴുകിനടപ്പുണ്ട്. ‘ലിറ്റില്‍ തിബത്ത്’ എന്ന ലഡാക്കിന്‍റെ ചെല്ലപ്പേരിനെ ശക്തിപ്പെടുത്തുന്നതില്‍ തിക്സേ മൊണാസ്ട്രിക്ക് വലിയ പങ്കുണ്ട്.
‘സംവാദ വരാന്ത’യും മൊണാസ്ട്രിയിലുണ്ട്. മൊണാസ്ട്രിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികളും പല തലമുറയില്‍പെട്ട ലാമസന്യാസിമാരും സംവാദത്തിലേര്‍പ്പെടും. കുടകിലെ ബൈലക്കുപ്പയിലെ ബുദ്ധക്ഷേത്രത്തോടു ചേര്‍ന്നുള്ള വിഹാരത്തിലെ വലിയ തുറന്ന ഒരിടത്ത് ഇത്തരം സംവാദം നടന്നത് നേരില്‍ കാണാന്‍ 1996ല്‍ അവസരം ലഭിച്ചത് ഞാനോര്‍ത്തു. ബുദ്ധ വിഗ്രഹത്തിനു മുന്നില്‍ ഏഴു പാത്രങ്ങളില്‍ വെള്ളം നിരത്തിവെച്ചിട്ടുണ്ട്. മനുഷ്യജീവിതത്തിനിടെയുണ്ടാകുന്ന ജീവിതവിരുദ്ധ നിലപാടുകളെ ഏഴു പാത്രങ്ങളിലായി വെച്ച വെള്ളം ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം.
ബുദ്ധ വിഗ്രഹത്തിനു മുന്നില്‍ ഒരിടത്ത് പണമിടുന്ന രണ്ട് തട്ടുകളുണ്ട്. ഇന്ത്യന്‍ കറന്‍സിയാണ് കൂടുതലും. എന്നാല്‍ ഡോളറുകള്‍, യൂറോകള്‍, ജാപ്പനീസ്-കൊറിയന്‍-ശ്രീലങ്കന്‍ കറന്‍സികള്‍ എന്നിവയും ഗ്ലാസിനുള്ളിലൂടെ കാണാം. ചൈനീസ് നോട്ടുകള്‍ ഉണ്ടോ എന്നറിയില്ല. ചൈനക്കാരായ ബുദ്ധമതവിശ്വാസികള്‍ ഇവിടെയെത്താറുണ്ടോ എന്ന് വ്യക്തമല്ല. എന്തായാലും ഇന്ത്യയില്‍നിന്നും ബുദ്ധിസം വ്യാപിച്ച മിക്ക രാജ്യങ്ങളില്‍നിന്നുമുള്ള വിശ്വാസികളും സഞ്ചാരികളും തിക്സെയിലും എത്താറുണ്ട്. പണത്തട്ടില്‍ കിടക്കുന്ന നോട്ടുകള്‍ അതിനുള്ള തെളിവാണ്.
പ്രാര്‍ഥനാ ചക്രങ്ങള്‍, സ്‌തൂപങ്ങള്‍ എന്നിവയെക്കുറിച്ച് ചോദിച്ചറിയാന്‍ ശ്രമിച്ചു. ചില സന്ദര്‍ഭങ്ങളില്‍ വിശ്വാസികള്‍ മൊണാസ്ട്രി മുഴുവനായും വലംവെക്കുന്ന ‘കോറ’യെക്കുറിച്ച് കൂടുതല്‍ വിശദമായി മനസ്സിലാക്കാനും സാധിച്ചു. തിബത്തന്‍ ബുദ്ധമതവിശ്വാസികള്‍ ഘടികാര ദിശയിലാണ് കോറ നിർവഹിക്കുക. അതായത് വലംവെക്കുന്ന സ്ഥലം വലതുവശത്തു വരുന്ന മട്ടില്‍. എന്നാല്‍ ബുദ്ധമത വിശ്വാസിയാകും മുമ്പ് പ്രകൃതി മതങ്ങളില്‍ വിശ്വസിച്ചിരുന്നവര്‍ (ബോണുകള്‍ എന്നാണ് ഇവരെ പൊതുവില്‍ വിളിക്കുന്നത്.
ലഡാക്കിലെ ആര്യ ബുദ്ധന്‍മാരും ഇതില്‍പെടും) നേരെ എതിര്‍ദിശയിലാണ് വലംവെക്കുക. പ്രാര്‍ഥനാചക്രങ്ങളും മറ്റും അവരുടെ ഇടതുവശത്തായിരിക്കുന്ന രീതിയില്‍. പ്രാര്‍ഥനാ ചക്രങ്ങള്‍ക്കരികെ നില്‍ക്കുമ്പോള്‍ രണ്ടുതരത്തിലും പരിക്രമണങ്ങള്‍ നിർവഹിക്കുന്നവരെ കാണാമായിരുന്നു. അത് ബുദ്ധമതത്തിന്‍റെ തന്നെ പരിക്രമണ-വിശ്വാസരീതികളായി അനുഭവപ്പെട്ടു.
മുഖംമൂടികളണിഞ്ഞുള്ള ചാം നൃത്തം (ഫയല്‍)
ഇരട്ടത്തലയന്‍മാരായ വിവര്‍ത്തകര്‍
മൊണാസ്ട്രിയിലേക്കുള്ള പടവുകള്‍ കയറിച്ചെല്ലുമ്പോള്‍ ആദ്യം കാണുക കെന്‍ റിംപോച്ചെയുടെ സ്മാരക സ്തൂപമാണ്. ഇപ്പോഴത്തെ തിക്സെ റിംപോച്ചെ കുശോക് നവാങ് ചമ്പ സ്റ്റെന്‍സിന്‍റെ ഗുരുവാണദ്ദേഹം. തുടര്‍ന്ന് ആദ്യ മുറിയില്‍ മൊണാസ്ട്രി സ്ഥാപിക്കാന്‍ ശിഷ്യരെ ലഡാക്കിലേക്കയച്ച ജങ്‌സം ഷെറാപ്പിന്‍റെ ഛായാചിത്രമുണ്ട്. ചുമര്‍ ചിത്രങ്ങളില്‍ ഏറ്റവും വലുതും ഗംഭീരവും 16 അര്‍ഹതരെ (രക്ഷാ കാവലുകള്‍) ചിത്രീകരിക്കുന്ന രചനയാണ്. കാലപ്പഴക്കം മൂലം ചിത്രത്തിന്‍റെ പല ഭാഗങ്ങളും മങ്ങിത്തുടങ്ങിയിട്ടുണ്ട്. ബുദ്ധ ശാക്യമുനി നടുവില്‍ ഇരിക്കുന്നതും 16 അര്‍ഹതരും അദ്ദേഹത്തിന്‍റെ സുരക്ഷക്കായി നിലകൊള്ളുന്നതുമാണ് ചിത്രത്തിലുള്ളത്. 16 പേരില്‍ നാലു പേര്‍ ലോകപാലകരാണ്. ഇവര്‍ രാക്ഷസരുമാണ്. സ്വര്‍ഗത്തെ സംരക്ഷിക്കുക, ചെകുത്താന്‍ വഴികളെ അടച്ചിടുക എന്നതാണ് ലോക പാലകരുടെ ജോലി. ലോകപാലകര്‍ക്ക് നാലു വ്യത്യസ്ത നിറങ്ങളാണ്. വെള്ള (ധൃതരാഷ്ട്ര), പച്ച (വിരുധക), ചുവപ്പ് (വിരൂപാക്ഷ), മഞ്ഞ (വൈശ്രണവ) നിറങ്ങളിലാണ്.
ഒരു പക്ഷേ ഇന്ത്യന്‍ ചുമര്‍ച്ചിത്രകലയില്‍ വിവര്‍ത്തനം എന്ന ഫാക്കല്‍റ്റിയെക്കുറിച്ച് പറയുന്ന ഏറ്റവും മികച്ച ചിത്രം തിക്സെ മൊണാസ്ട്രിയിലെ ചുമരിലായിരിക്കും. സംസ്കൃതത്തില്‍നിന്നും നിരവധി വിശുദ്ധ ഗ്രന്ഥങ്ങള്‍ തിബത്തന്‍ ഭാഷയിലേക്ക് വിവര്‍ത്തനംചെയ്ത ലോട്സയെ ആദരിക്കാനായി വരച്ചതാണ് ഈ ചിത്രം. ഇരട്ടത്തലയനായ, തിബത്തുകാര്‍ പേരി എന്നുവിളിക്കുന്ന പക്ഷിയുടെ ചിത്രമാണ് ലോട്സയെ ആദരിക്കാനായി വരച്ചുവെച്ചിരിക്കുന്നത്. വിവര്‍ത്തനത്തെക്കുറിച്ച് ഇത്രയും ഗംഭീരമായ ചിത്രീകരണം മറ്റധികം കണ്ടിട്ടില്ല. വിവര്‍ത്തകര്‍ ഇരട്ടത്തലയന്‍മാരാണ് എന്നുപറയുന്ന, രൂപകം എല്ലാ വിവര്‍ത്തകരെയും ഉള്‍ക്കൊള്ളുന്നു. ഈ ഒറ്റക്കാരണത്താല്‍ വിവര്‍ത്തകരുടെ കൂടി വിഹാരമായി ഇവിടം മാറിയിരിക്കുന്നു. രണ്ടു ഭാഷകളില്‍ ആലോചിക്കേണ്ടിവരുന്ന ഇരട്ടത്തലയന്‍മാരാണല്ലോ വിവര്‍ത്തകര്‍.
‘നാല് ഹൃദയ സുഹൃത്തുക്കള്‍’ എന്ന ചിത്രം ജാതക കഥകളിലെ മൃഗകഥയെ രേഖപ്പെടുത്തുന്നു. പ്രായമുള്ളവരെയും മുതിര്‍ന്നവരെയും എങ്ങനെ പരിഗണിക്കണമെന്നാണ് കഥ പറഞ്ഞുതരുന്നത്. നന്മയും ആരോഗ്യവും നിറഞ്ഞ ദീര്‍ഘായുസ്സിന്‍റെ പ്രതീകമായി ബുദ്ധിസം അവതരിപ്പിക്കുന്ന മിസെറിങ്ങിന്‍റെ ചിത്രം തൊട്ടടുത്തുണ്ട്. വൃക്ഷച്ഛായയില്‍ മൃഗങ്ങളുടെയും പറവകളുടെയും സാമീപ്യത്തിലാണ് മിസെറിങ് ഇരിക്കുന്നത്. പ്രകൃതിയുടെ ഭാഗമായി ജീവിക്കാന്‍ തയാറാകുന്നവരുടെ നിത്യ യൗവനത്തെക്കുറിച്ചാണ് മിസെറിങ്ങിലൂടെ ബുദ്ധിസം സംസാരിക്കുന്നത്.
ഇക്കൂട്ടത്തില്‍ ഏറ്റവും സങ്കീർണമായത് ‘ജീവിത ചക്രം’ (വീല്‍ ഓഫ് ലൈഫ്) ആണ്. തിബത്തന്‍ ബുദ്ധിസത്തിന്‍റെ ജീവിത-മരണ-പുനര്‍ജന്മ സങ്കൽപങ്ങളാണ് വൃത്തത്തിലുള്ള ചിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍മബദ്ധങ്ങളുടെ വിശദീകരണങ്ങളും ഇതിലുണ്ടെന്ന് ഒരു ലാമ വിശദീകരിച്ചു. അജന്ത ചിത്രങ്ങളില്‍ ജീവിത ചക്രമുണ്ട്. ഇന്ത്യയിലുണ്ടായ ഈ സങ്കൽപവും ആശയവും പിന്നീട് തിബത്തന്‍ ബുദ്ധിസം സ്വാംശീകരിക്കുകയായിരുന്നു. ചക്രത്തിന്‍റെ മധ്യത്തില്‍ മൂന്ന് ‘വിഷങ്ങളെ’ സൂചിപ്പിക്കുന്ന ജീവികളെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
തിക്‌സെയിലെ ചുമർച്ചിത്രത്തിലുള്ള ഇരട്ടത്തലയന്‍മാരായ പക്ഷികള്‍
പന്നി, പാമ്പ്, കോഴി എന്നിവയാണ് ജീവികള്‍. ഇവ മൂന്ന് വിഷങ്ങളെ അല്ലെങ്കില്‍ മൂന്ന് പ്രാഥമിക കഷ്ടപ്പാടുകളെ പ്രതീകപ്പെടുത്തുന്നു. പന്നി അജ്ഞതയെ സൂചിപ്പിക്കുന്നു. പാമ്പ് കോപത്തെയോ വെറുപ്പിനെയോ പ്രതീകപ്പെടുത്തുന്നു. കോഴി അത്യാഗ്രഹത്തെ പ്രതിനിധാനംചെയ്യുന്നു. ഈ മൂന്ന് കഷ്ടതകളുമായാണ് ജീവിതചക്രം തിരിയുന്നത്. ജീവിതചക്രത്തിന്‍റെ രണ്ടാമത്തെ പാളി കർമഫലങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഇവിടെ, ചക്രം രണ്ട് അർധവൃത്തങ്ങളെ അവതരിപ്പിക്കുന്നു: ഒരു ശുഭ്രവസ്ത്രം, ഭാഗ്യകരമായ പുനര്‍ജന്മത്തിലേക്കോ അല്ലെങ്കില്‍ ചക്രത്തില്‍നിന്നുള്ള മോചനത്തിലേക്കോ ആരോഹണംചെയ്യുന്ന വ്യക്തികളെ ചിത്രീകരിക്കുന്നു. ഇരുണ്ട അർധവൃത്തത്തിലുള്ളവര്‍ സുഖകരമല്ലാത്ത അവസ്ഥയിലേക്ക് പോകുന്നു.
ചക്രത്തിന്‍റെ മൂന്നാമത്തെ പാളിയാണ് ഏറ്റവും വലുത്. ശാരീരിക സ്ഥലങ്ങളായോ മാനസികമോ മനഃശാസ്ത്രപരമോ ആയ അവസ്ഥകളായോ മനസ്സിലാക്കാവുന്ന ജനന-മരണ-പുനര്‍ജന്മം അടക്കമുള്ള ആറ് മേഖലകളെ ഇത് ചിത്രീകരിക്കുന്നു. സാധാരണയായി, ഓരോ മേഖലയിലും അനുകമ്പയും ധര്‍മവും വാഗ്ദാനംചെയ്ത് ഒരു ബുദ്ധനെയോ ബോധിസത്വനെയോ ചേര്‍ക്കുന്നു. ചക്രത്തിലുള്ള ദേവരാജ്യം ഇങ്ങനെ വിശദീകരിക്കപ്പെട്ടിരിക്കുന്നു: അവിടെയുള്ളവര്‍ ദേവന്മാരോ സ്വര്‍ഗീയ ജീവികളോ ആണ്. അവര്‍ സമ്പത്തും അധികാരവും ആസ്വദിക്കുകയും വളരെക്കാലം ജീവിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അവരുടെ പദവികള്‍ മറ്റുള്ളവരുടെ കഷ്ടപ്പാടുകളില്‍ അവരെ അന്ധരാക്കുന്നു, അവര്‍ ജ്ഞാനവും അനുകമ്പയും വളര്‍ത്തിയെടുക്കുന്നില്ല. ദേവന്മാര്‍പോലും ഒടുവില്‍ മരിക്കുകയും മറ്റൊരു പുനര്‍ജന്മത്തിന് വിധേയമാവുകയും ചെയ്യുന്നു.
അസുരര്‍ അല്ലെങ്കില്‍ അസൂയയുള്ളവരുടെ ദൈവരാജ്യമാണ് മറ്റൊന്ന്. ദേവമണ്ഡലത്തില്‍നിന്ന് ഘടികാരദിശയില്‍ നീങ്ങുന്നത് അസുര മണ്ഡലമാണ്. അസുരന്മാരും ശക്തരും വിശേഷാധികാരമുള്ളവരുമാണ്, എന്നാല്‍ അവര്‍ അസൂയയുള്ളവരുമാണ്. അവര്‍ അധികാരത്തിനും പദവിക്കും ദേവന്മാര്‍ക്കുള്ള എല്ലാത്തിനുംവേണ്ടി ശ്രമിക്കും. അസുരന്മാര്‍ ദേവന്മാരെ ആക്രമിക്കുന്നതായി ചില ചക്രങ്ങള്‍ കാണിക്കുന്നു.
വിശക്കുന്ന പ്രേതങ്ങളുടെ മണ്ഡലം അസുര മണ്ഡലത്തിന് താഴെയാണ് ചിത്രീകരിച്ചിട്ടുള്ളത്. വിശക്കുന്ന പ്രേതങ്ങള്‍ വലിയ, ഒഴിഞ്ഞ വയറുള്ള ദയനീയ ജീവികളാണ്. എന്നാല്‍ അവക്ക് ചെറിയ വായകളുണ്ട്, കഴുത്ത് ഭക്ഷണം വിഴുങ്ങാന്‍ കഴിയാത്തത്ര നേര്‍ത്തതാണ്. അവ അടങ്ങാത്ത വിശപ്പും ആസക്തിയുമുള്ളവരാണ്. നരകം ചക്രത്തിന്‍റെ താഴെയുള്ള മേഖലയിലാണ്. മറ്റൊന്ന് മൃഗരാജ്യമാണ്.
തങ്ങള്‍ എപ്പോള്‍ ഇരകളാക്കപ്പെടുമെന്ന് ഭയന്ന് എന്നും അനിശ്ചിതത്വത്തില്‍ കഴിയുന്നവരാണ് മൃഗരാജ്യത്തുള്ളവര്‍. മുകളില്‍ ഇടതുവശത്ത്, മൃഗങ്ങളുടെയും ദേവതകളുടെയും ഇടയിലാണ് മനുഷ്യമണ്ഡലം. ഈ മണ്ഡലത്തില്‍നിന്ന് മാത്രമേ ഒരാള്‍ക്ക് ചക്രത്തില്‍നിന്ന് രക്ഷപ്പെട്ട് നിര്‍വാണത്തില്‍ പ്രവേശിക്കാന്‍ കഴിയൂ: ഇതാണ് ജീവിതചക്രത്തെക്കുറിച്ച് ലഭിക്കുന്ന വിശദീകരണം. ഇതില്‍ അസുരന്‍മാരെക്കുറിച്ച് പറയുന്ന കാഴ്ചപ്പാടുകള്‍ തിരുത്തുന്ന എത്രയോ സാഹിത്യ കൃതികള്‍ ഉണ്ടായി, ഇന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന് ജീവിതചക്രം കണ്ടു നില്‍ക്കുമ്പോള്‍ ഓര്‍ത്തു.
മണലിലുണ്ടാക്കുന്ന മണ്ഡലയുടെ മാതൃകയും ഇവിടെക്കാണാം. മണല്‍ മണ്ഡല ഇങ്ങനെ വിശദീകരിക്കപ്പെടുന്നു: നിരവധി നിറങ്ങളുപയോഗിച്ച് മണല്‍കൊണ്ട് ചിത്രരൂപങ്ങളുണ്ടാക്കുന്നു. പിന്നീടത് ജീവിതത്തിന്‍റെ നശ്വരത ഓർമിപ്പിച്ചുകൊണ്ട് പൂർണമായും നശിപ്പിക്കുന്നു. വീണ്ടുമൊരെണ്ണം ഉണ്ടാക്കുന്നു. നശിപ്പിക്കുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തനമാണത്. ജീവിതം നശ്വരമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് മനസ്സിലാക്കുകയും മനസ്സിലാക്കിക്കുകയും ചെയ്യുന്ന ഒരാത്മീയ കലാപ്രവര്‍ത്തനമാണ് മണല്‍ മണ്ഡലയുടെ സൃഷ്ടിയും സംഹാരവും. ഇവിടെ ബുദ്ധസന്യാസിനിമാര്‍ക്കുള്ള പഠന (നണ്ണറി) കേന്ദ്രവുമുണ്ട്. അവിടം കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുമതിയില്ല.
കിരീടമണിഞ്ഞ ബുദ്ധന്‍, കാവല്‍ ദൈവങ്ങള്‍
നുബ്ര വാലിയിലെ ഡിസ്‌കിത്ത് (നുബ്ര താഴ്വാരത്തിന്‍റെ തലസ്ഥാനമാണ് ഡിസ്കിത്ത്) മൊണാസ്ട്രി ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട ബുദ്ധവിഹാരമാണ്. കിരീടമണിഞ്ഞ 108 അടി ഉയരത്തിലുള്ള ബുദ്ധപ്രതിമ മൊണാസ്ട്രിക്ക് തൊട്ടുമുമ്പായി സിന്ധു നദിയുടെ കൈവഴികളിലൊന്നായ ഷയോക് നദിയിലേക്ക് നോക്കിയിരിക്കുന്നു. കിരീടമണിഞ്ഞ ബുദ്ധനെ ചോ റിംപോച്ചെ എന്നാണ് വിശ്വാസികള്‍ വിളിക്കുന്നത്. ലേയില്‍നിന്നും 17,582 അടി ഉയരത്തിലുള്ള കാര്‍ദുങ് പാസ് കടന്നുവേണം ഡിസ്‌കിത്തിലെത്താന്‍. നിരവധി കൽപ്പടവുകള്‍ കയറാനുണ്ട്. പ്രാര്‍ഥനാ ഹാളില്‍ മൈത്രേയ ബുദ്ധന്‍റെ പ്രതിമയുണ്ട്. അതിനരികില്‍ വലിയൊരു ഡ്രം. മൊണാസ്ട്രിയുടെ രണ്ടാം നിലയില്‍ കാവല്‍ ദൈവങ്ങളുടെ നിരവധി ചുമര്‍ചിത്രങ്ങള്‍. ഇവിടെയും വര്‍ഷത്തിലൊരിക്കല്‍ മുഖംമൂടി നൃത്തം പ്രധാനമായ ഉത്സവമുണ്ട്. ഡിസ്‌കിത്ത് മൊണാസ്ട്രിയാണ് ലഡാക്കിലെ ഏറ്റവും പഴയതും വലുതും.
ഡിസ്കിത്ത് ഗോമ്പ എന്നും അറിയപ്പെടുന്ന ഈ മൊണാസ്ട്രി 14ാം നൂറ്റാണ്ടില്‍ തിബത്തന്‍ ബുദ്ധമതത്തിന്‍റെ ഗെലുഗ് സെക്ടിന്‍റെ ഭാഗമായി സ്ഥാപിച്ചതാണ്. ആശ്രമത്തിന്‍റെ ഉത്ഭവം അതിന്‍റെ നിഗൂഢത വർധിപ്പിക്കുന്ന ഐതിഹ്യങ്ങളിലും കെട്ടുകഥകളിലും മറഞ്ഞിരിക്കുന്നു. അത്തരത്തിലുള്ള ഒരു ഐതിഹ്യം ഒരിക്കല്‍ ഈ പ്രദേശത്തെ വേട്ടയാടിയ ഒരു ഭൂതത്തെ കുറിച്ച് പറയുന്നു, ഒടുവില്‍ വിശുദ്ധനായ റിഞ്ചന്‍ സാങ്പോ ഭൂതത്തെ കീഴടക്കി. തല്‍ഫലമായി, ഈ പ്രദേശത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ആത്മീയ സങ്കേതമായി ആശ്രമം സ്ഥാപിക്കപ്പെട്ടു. ആശ്രമം യഥാർഥത്തില്‍ മറ്റൊരു സ്ഥലത്താണ് നിര്‍മിച്ചത്, എന്നാല്‍, പതിനാറാം നൂറ്റാണ്ടില്‍ അത് നിലവിലെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു. അക്രമികളില്‍നിന്ന് മഠത്തെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം.
ഡിസ്കിത്ത് മൊണാസ്ട്രി പലതവണ നാശോന്മുഖമായി. മിക്കപ്പോഴും പ്രകൃതിക്ഷോഭങ്ങളാണ് മൊണാസ്ട്രിയെ തകര്‍ത്തത്. പക്ഷേ എല്ലായ്പോഴും ആശ്രമം പുനര്‍നിർമിക്കപ്പെട്ടു. 1975ല്‍ ഡിസ്‌കിത്തിലുണ്ടായ ഭൂചലനത്തില്‍ ആശ്രമത്തിന് കേടുപാടുകളുണ്ടായത് ഏറ്റവും അവസാനത്തെ സംഭവം. ഇന്ത്യന്‍ സര്‍ക്കാറിന്‍റെയും ലഡാക് ബുദ്ധിസ്റ്റ് അസോസിയേഷന്‍റെയും ധനസഹായത്തോടെയാണ് ആശ്രമം 1975ല്‍ പുനര്‍നിര്‍മിച്ചത്.
ബെന്യാമിനും യാത്രസംഘത്തിലെ മറ്റ് അംഗങ്ങളായ സുധീഷ് രാഘവനും അനിൽ വേേങ്കാടും ഹുന്ദർ ഗ്രാമത്തിൽ ലഡാക്കിലെ പരമ്പരാഗത വേഷത്തിൽ
പരമ്പരാഗത തിബത്തന്‍, ലഡാക് ശൈലികളുടെ സമന്വയമാണ് ഡിസ്കിത്ത് മൊണാസ്ട്രിയുടെ വാസ്തുവിദ്യയില്‍ കാണാനാവുക. ആശ്രമത്തിന്‍റെ വെളുത്ത ഭിത്തികളും സ്വർണ പഗോഡ ശൈലിയിലുള്ള മേല്‍ക്കൂരകളും ആകര്‍ഷകമാണ്. 2010ല്‍ പ്രതിഷ്ഠിക്കപ്പെട്ട മൈത്രേയ ബുദ്ധന്‍റെ 106 അടി ഉയരമുള്ള പ്രതിമയാണ് ആശ്രമത്തിലെ പ്രധാന ആകര്‍ഷണം. പ്രാദേശിക കലാകാരന്‍മാരാണ് പ്രതിമ നിർമിച്ചത്. ഈ പ്രദേശങ്ങളില്‍ വന്യജീവി സാന്നിധ്യവുമുണ്ട്. മഞ്ഞു പുള്ളിപ്പുലികള്‍ (സ്നോ ലെപ്പേര്‍ഡുകള്‍) അപൂര്‍വമായാണെങ്കിലും പ്രത്യക്ഷപ്പെടുന്ന നുബ്ര താഴ്‌വാരത്തിലെ സ്ഥലങ്ങളിലൊന്നാണ് ഡിസ്‌കിത്ത്. ആശ്രമത്തില്‍ 100 ബുദ്ധസന്യാസികളുണ്ട്.
ലഡാക്കില്‍ സഞ്ചരിക്കുമ്പോള്‍ ചെറുതും വലുതുമായ ബുദ്ധ ആശ്രമങ്ങളോ സ്‌തൂപങ്ങളോ കാണാം. മിക്കയിടങ്ങളിലും പ്രാര്‍ഥനാചക്രങ്ങളുണ്ട്. കച്ചവടത്തിനും മറ്റ് നിത്യജീവിത സന്ദര്‍ഭങ്ങളിലും കൈയിലെ ജപമാലയില്‍ തിരിപ്പിടിച്ച് പ്രാര്‍ഥിക്കുന്ന ബുദ്ധമത വിശ്വാസികളുടെ കാഴ്ചയും സാധാരണം. എന്നാല്‍, ശ്രീലങ്കയിലും മ്യാന്മറിലും മനുഷ്യരക്തത്തിനായി പാഞ്ഞുനടന്ന ബുദ്ധ സന്യാസിമാരെക്കുറിച്ച്, കൊടിയ ഹിംസയുടെ വഴികള്‍കൂടി മുളച്ചുപൊന്തിയ ബുദ്ധിസ ഭീകരതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ലാമമാര്‍ മുതല്‍ സാധാരണ ബുദ്ധമത വിശ്വാസികള്‍വരെ മൗനം പാലിക്കുന്നു.
ദലൈലാമയുള്‍പ്പെടെയുള്ള (ദലൈലാമ എന്നാല്‍ ജീവിക്കുന്ന ബുദ്ധന്‍ എന്നാണര്‍ഥം) ഇന്ത്യയില്‍ കഴിയുന്ന തിബത്തന്‍ ബുദ്ധിസ്റ്റ് പ്രവാസി സമൂഹത്തിന് തങ്ങളുടെ ജന്മനാട്ടിലേക്ക് ഒരിക്കലും മടങ്ങാന്‍ കഴിയുന്നുമില്ല. ശരീരത്തില്‍ തീകൊളുത്തി മരിക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ തിബത്തന്‍ ജനതയില്‍നിന്നുണ്ടായി. എന്നാല്‍, അവര്‍ക്ക് സ്വന്തം തിബത്തിലേക്ക് മടങ്ങാനേ കഴിയുന്നില്ല.
ലേയിലെ ചന്തകളില്‍ അലഞ്ഞു നടക്കുമ്പോള്‍ തിബത്തന്‍ അഭയാര്‍ഥി മാര്‍ക്കറ്റ് കണ്ടു. ഇന്ത്യ നെഹ്റുവിന്‍റെ കാലം മുതല്‍ അഭയാര്‍ഥി പദവി നല്‍കിയവരും അവരുടെ പിന്മുറക്കാരുമാണ് അഭയാര്‍ഥി മാര്‍ക്കറ്റില്‍ കച്ചവടക്കാരും കച്ചവടക്കാരികളുമായി ജോലിചെയ്യുന്നത്. അവരുടെ ഏറ്റവും പുതിയ തലമുറക്ക് തിബത്തിനെക്കുറിച്ച് വിദൂരമായ അറിവേയുള്ളൂ. കാരണം, അവര്‍ ജനിച്ചത് ഇന്ത്യയിലാണ്. തിബത്തന്‍ അഭയാര്‍ഥികളുടെ പ്രാര്‍ഥനകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്തായിരിക്കും? അതിനെക്കുറിച്ചാലോചിച്ച് ഒരു രാത്രി വെറുതെ തെരുവില്‍ അലഞ്ഞു. ഗോമ്പകളില്‍ കണ്ട ബുദ്ധന്‍ ഇവരെ ഒരു നാള്‍ അഭയാര്‍ഥിത്വത്തില്‍നിന്നും പ്രവാസത്തില്‍നിന്നും മോചിപ്പിക്കുമോ? അങ്ങനെയൊരു ചോദ്യം മനസ്സില്‍ ഉയര്‍ന്നു.
ചന്തയുടെ ആളൊഴിഞ്ഞ മൂലയിലിരുന്ന് പ്രവാസി തിബത്തുകാരെ കുറച്ചുനേരം നോക്കിയിരുന്നു. അപ്പോള്‍ വെറുതെ ഇന്‍റര്‍നെറ്റില്‍ ലഡാക്കിലെ ബുദ്ധജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്‌തകത്തിനായി തിരഞ്ഞു. അപ്പോള്‍ പൊടുന്നനെ ഒരു ഫോട്ടോഗ്രാഫ് ഫോണ്‍ സ്ക്രീനില്‍ പൊന്തിവന്നു. ലഡാക്കിലെ സന്‍സ്‌കര്‍ താഴ്വരയില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. ഇരട്ട മഴവില്ലിനു കീഴെയുള്ള ബുദ്ധസ്തൂപങ്ങളായിരുന്നു ചിത്രത്തില്‍. അതില്‍ രണ്ടു മനുഷ്യരുടെ നിഴലുകളും വീണുകിടന്നിരുന്നു. ഇരട്ട മഴവില്ലായിരിക്കുമോ ബുദ്ധന്‍റെ വാഗ്‌ദാനം?
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.