സിംഗപ്പൂരിലെ ഉന്നത കോടതി സന്ദർശിച്ചപ്പോൾ കേരള ഹൈകോടതിയിൽനിന്നുള്ള വിധികളിൽ അവിടത്തെ അഭിഭാഷകരും ന്യായാധിപരും കാണിക്കുന്ന താൽപര്യം കൗതുകകരമായി തോന്നി. കിഴക്കൻ രാജ്യങ്ങളിൽ പലതിലും പടിഞ്ഞാറൻ ജനാധിപത്യവും ഭരണഘനാവാദവും അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ആധുനിക ഭരണഘടനാ രാഷ്ട്രീയത്തിന് ഒരുതരം അന്തർദേശീയ...
സിംഗപ്പൂരിലെ ഉന്നത കോടതി സന്ദർശിച്ചപ്പോൾ കേരള ഹൈകോടതിയിൽനിന്നുള്ള വിധികളിൽ അവിടത്തെ അഭിഭാഷകരും ന്യായാധിപരും കാണിക്കുന്ന താൽപര്യം കൗതുകകരമായി തോന്നി. കിഴക്കൻ രാജ്യങ്ങളിൽ പലതിലും പടിഞ്ഞാറൻ ജനാധിപത്യവും ഭരണഘനാവാദവും അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ആധുനിക ഭരണഘടനാ രാഷ്ട്രീയത്തിന് ഒരുതരം അന്തർദേശീയ മാനം കൈവന്നിട്ടുണ്ടോ-യാത്രകളിലെ കോടതികളെക്കുറിച്ചാണ് ഇൗ ലക്കം.
അഭിഭാഷകവൃത്തി തുടങ്ങുന്നതിനു മുമ്പുതന്നെ യാത്രകളോട് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും അവ മിക്കതും വനപ്രദേശങ്ങളിലേക്കും മറ്റ് നൈസർഗിക ആവാസവ്യവസ്ഥകളിലേക്കുമായിരുന്നു. അഭിഭാഷകവൃത്തിയിലേക്കു വന്നശേഷമാകട്ടെ, ഈ ശീലം തുടർന്നെങ്കിലും യാത്രകൾക്ക് കുറെക്കൂടി വൈവിധ്യമുണ്ടായി.
മകൾ തുളസി ജനിച്ചത് 1992ൽ. അവളെ സ്ഥലത്തെ മലയാളം മാധ്യമമായ പ്രൈമറി സ്കൂളിൽ േചർത്താണ് ആദ്യത്തെ വിദ്യാഭ്യാസം നൽകിയത്. അതുകൊണ്ടുതന്നെ അവളുടെ തലമുറയിലെ പല കുട്ടികളും നേരിടുന്ന മലയാളത്തോടുള്ള അപരിചിതത്വം അവൾക്കുണ്ടായതേയില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ബാലപംക്തി’യിൽ അവളും അര ഡസനോളം കവിതകളെഴുതിയതോർക്കുന്നു. അവളുടെ അഭിഭാഷകവൃത്തിയിലും മാതൃഭാഷാജ്ഞാനം ഒരു മുതൽക്കൂട്ടായി. കേരളത്തിൽ ഇന്ന് മലയാളം ഭരണഭാഷകൂടിയാണ്.
സർക്കാർതലത്തിലെ ഏറ്റവും ഉചിതമായ തീരുമാനമായിരുന്നു അത്. കേന്ദ്രീയ വിദ്യാലയങ്ങളിലും ഇതര ഇംഗ്ലീഷ് മാധ്യമമായ വിദ്യാലയങ്ങളിലും പഠിച്ച് ഹൈകോടതിയിൽ പ്രാക്ടിസ് ചെയ്യാൻ വരുന്ന ചെറുപ്പക്കാരായ അഭിഭാഷകർ പഴയകാല രേഖകളും കുറിപ്പുകളും മാത്രമല്ല, ഇപ്പോൾ ഇറങ്ങുന്ന സർക്കാർ ഉത്തരവുകളും സർക്കുലറുകളുംപോലും വായിക്കാൻ പ്രയാസപ്പെടുന്നത് കണ്ടിട്ടുണ്ട്. മാതൃഭാഷയോട് കാണിച്ച തിരസ്കാരത്തിനുനേരെ ഭാഷ നടത്തുന്ന കുസൃതി നിറഞ്ഞ പ്രതികാരംകൂടിയാകാം ഈ അവസ്ഥക്കു പിന്നിൽ. യഥാർഥത്തിൽ ത്രിഭാഷാ പദ്ധതിതന്നെയാണ് അന്നും ഇന്നും എന്നും മലയാളിക്ക് യോജിച്ചത്. പക്ഷേ, പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയിലാകുമ്പോൾ ലഭിക്കുന്ന നേട്ടങ്ങൾ കേവലം ഭൗതികതലത്തിൽ മാത്രമല്ല, സാംസ്കാരിക തലത്തിൽകൂടി വ്യക്തമാകും.
യാത്രകളെക്കുറിച്ചുതന്നെ പറയാം. തുളസി ഏതാണ്ടെല്ലാ യാത്രകളിലും ഒപ്പമുണ്ടായിരുന്നു. ഓർമയിൽ തങ്ങിനിൽക്കുന്ന ആദ്യ യാത്രകളിലൊന്ന് പ്രസിദ്ധ എഴുത്തുകാരൻ ആഷാമേനോന്റെയൊപ്പം കർണാടകത്തിലെ കുശാൽ നഗറിലേക്കുള്ളതായിരുന്നു. ‘പരിസര വേദി’ക്കാലത്തെ സുഹൃത്ത് ആശ കാമ്പ്രത്തിന്റെ അമ്മാവൻ എന്നനിലയിൽ ആഷാ മേനോനുമായുള്ള ബന്ധം ഒരേസമയം വ്യക്തിപരവും ധൈഷണികവും ആയിരുന്നു.
ശ്രീയേട്ടൻ എന്ന് ആഷാ മേനോനെ വിളിക്കാൻ പ്രാപ്തനാക്കിയ ആ ബന്ധം ഇന്നും തുടരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കുശാൽ നഗറിലേക്ക് യാത്രചെയ്തപ്പോൾ തുളസി തീരെ ചെറുതായിരുന്നു. സമീപകാലത്ത് അവളുടെ വിവാഹത്തിനും ശ്രീയേട്ടൻ എത്തിയെന്നത് ഇത്തരം സൗഹൃദങ്ങളുടെ സവിശേഷമായ ദൃഢതയെയാണ് കാണിക്കുന്നത്. ഭാഷയിലെ ശുദ്ധിയും ഭാവാത്മകതയും ജീവിതത്തിലും ബന്ധങ്ങളിലും കൂടി കാണിക്കുന്ന എഴുത്തുകാരനാണദ്ദേഹം. കുറെക്കാലത്തിനുശേഷം നിയമപരിഷ്കാരത്തെക്കുറിച്ചുള്ള എന്റെ ഇംഗ്ലീഷ് രചനയെ മലയാളിക്ക് പരിചയപ്പെടുത്തി ‘മാധ്യമം’ ആഴ്ചപ്പതിപ്പിൽ അദ്ദേഹം എഴുതിയതും ഇവിടെ ഓർത്തുപോകുന്നു.
ഠഠഠ
യാത്രകൾ തുടർന്നുകൊണ്ടേയിരുന്നു. ജീവിതത്തിൽനിന്നും വിട്ടുപോകാനല്ല, ജീവിതം നമ്മിൽനിന്നും വിട്ടുപോകാതിരിക്കാനാണ് യാത്രകളെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. യാത്രചെയ്യുകയെന്നാൽ സ്വയം പരിണമിക്കുക എന്നാണർഥമെന്ന് പാരെ ബർണാഡോ. സൈലന്റ് വാലി മുതൽ തട്ടേക്കാട് വരെയുള്ള കേരളത്തിലെ വനസ്ഥലികളും കർണാടകത്തിലെ നാഗർ ഹോളെയും മഹാരാഷ്ട്രയിലെ മഹാബലേശ്വറും ഉത്തരാഖണ്ഡിലെ ഡറാഡൂണുമെല്ലാം പല കാലങ്ങളിലായി പലതവണകളിലായി പോയിക്കണ്ടു. അന്നും ഇന്നും എന്നും ഒരു നൈസർഗിക വനത്തിൽനിന്നും ലഭിക്കുന്ന സ്വച്ഛതയോ ശാന്തിയോ ലോകത്തെ ഒരു ആഡംബര സൗധത്തിൽനിന്നും ലഭിക്കുകയില്ലെന്നാണ് തോന്നിയിട്ടുള്ളത്.
വിദേശത്ത് പോയപ്പോളെല്ലാം അവിടത്തെ കോടതികൾ സന്ദർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. നേപ്പാളിലെ സുപ്രീംകോടതിയിൽ പോയപ്പോൾ അവിടെ ചാൾസ് ശോഭരാജിനു വേണ്ടിയുള്ള വാദം നടക്കുന്നതു കണ്ടു. ശ്രീലങ്കയിലെ വിചാരണ കോടതികളിലെ യുവ അഭിഭാഷകർ നമ്മുടെ നാട്ടിലെ തൊഴിൽരംഗത്തെ പുതിയ തലമുറയെപ്പോലെ പരിചിതരായിത്തോന്നി. ബ്രിട്ടണിൽ 2013ൽ സന്ദർശനം നടത്തുമ്പോഴേക്കും ‘ഹൗസ് ഓഫ് ലോഡ്സ്’ യു.കെയുടെ സുപ്രീംകോടതിയായി മാറിക്കഴിഞ്ഞിരുന്നു. വിക്ടോറിയൻ കാലഘട്ടത്തിൽനിന്നും ബ്രിട്ടീഷ് ജനാധിപത്യം നടത്തിയ സ്വയം നവീകരണത്തിന്റെ അടയാളമായിരുന്നു, കോടതിയിലും കണ്ടത്.
എന്നാൽ, യു.കെ സുപ്രീംകോടതിയും അവിടത്തെ മറ്റ് ഉന്നത കോടതികളും പ്രധാനമാകുന്നത് ന്യായാധിപന്മാരെ തിരഞ്ഞെടുക്കുന്ന രീതിയിൽ പുലർത്തുന്ന ശുഷ്കാന്തിയും ശാസ്ത്രീയതയുംകൊണ്ടാണ്. സാധാരണക്കാർക്ക് അടക്കം പ്രാതിനിധ്യമുള്ള ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മിറ്റി ഏറക്കുറെ കുറ്റമറ്റ രീതിയിലാണ് ഭരണഘടനാ കോടതികളിലെ ന്യായാധിപരെ തിരഞ്ഞെടുക്കുന്നത്. കാലതാമസമെടുക്കുമെങ്കിലും ഈ പ്രക്രിയയിൽ ന്യായാധിപർക്കോ രാഷ്ട്രീയക്കാർക്കോ ഭരണത്തിലിരിക്കുന്നവർക്കോ മേൽക്കോയ്മയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ദിവസങ്ങളോളം ബ്രിട്ടീഷ് സുപ്രീംകോടതിയിലിരുന്ന് അഭിഭാഷകരുടെയും ന്യായാധിപരുടെയും നിലവാരമെന്തെന്ന് അടുത്തറിയാൻ കഴിഞ്ഞു. നിയമന പ്രക്രിയയുടെ നിലവാരത്തിന് നിയമിക്കപ്പെടുന്നവരുടെ നിലവാരം ഉറപ്പുവരുത്താൻ കഴിയുമെന്നതിന് ബ്രിട്ടീഷ് ഭരണഘടനാ കോടതികൾ തെളിവാണ്. കേസുകൾ കേൾക്കുന്നതിലും തീർപ്പുകൽപിക്കുന്നതിലും നിഷ്പക്ഷതയുടെയും നീതിബോധത്തിന്റെയും ഭരണഘടനാ യുക്തിയുടെയും മികച്ച പാരമ്പര്യം തുടരാൻ ബ്രിട്ടീഷ് കോടതികൾക്ക് വലിയൊരളവുവരെ കഴിയുന്നുണ്ടെന്നറിഞ്ഞതും ലണ്ടൻ യാത്രയിലായിരുന്നു. ഇതേക്കുറിച്ച് 2013ൽ ‘ഹിന്ദു’വിൽ ഞാനെഴുതുകയുണ്ടായി.
സിംഗപ്പൂരിലെ ഉന്നത കോടതി സന്ദർശിച്ചപ്പോൾ കേരള ഹൈകോടതിയിൽനിന്നുള്ള വിധികളിൽ അവിടത്തെ അഭിഭാഷകരും ന്യായാധിപരും കാണിക്കുന്ന താൽപര്യം കൗതുകകരമായി തോന്നി. കിഴക്കൻ രാജ്യങ്ങളിൽ പലതിലും പടിഞ്ഞാറൻ ജനാധിപത്യവും ഭരണഘനാവാദവും അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ആധുനിക ഭരണഘടനാ രാഷ്ട്രീയത്തിന് ഒരുതരം അന്തർദേശീയ മാനം കൈവന്നിട്ടുണ്ട്. കേരള ഹൈകോടതിയിലെ ഒരു ന്യായാധിപനെഴുതിയ വിധി സിംഗപ്പൂർ കോടതിയിൽ ചർച്ചചെയ്യപ്പെടുന്നുവെന്നത് ഭരണഘടനകളുടെ സാർവജനീയമായ സ്വഭാവവിശേഷതകൊണ്ടാകണം.
ഫ്രാൻസിലെ ഇൻക്വിസിറ്റോറിയൽ രീതി ഇംഗ്ലീഷ് അഡ്വേഴ്സറിയൻ രീതിയിൽനിന്നും വ്യത്യസ്തമാണെന്ന് മുമ്പ് സൂചിപ്പിച്ചതാണല്ലോ. തത്ത്വത്തിലെങ്കിലും പ്രോസിക്യൂഷനെയും പ്രതിഭാഗത്തെയും സമദൂരത്തിൽ വീക്ഷിക്കുന്ന ആംഗ്ലോസാക്സൻ സമ്പ്രദായത്തിന് കടകവിരുദ്ധമാണ് ഫ്രാൻസിൽ ന്യായാധിപനും േപ്രാസിക്യൂട്ടറും ഒരുമിച്ചിരുന്ന് പ്രതിയെ വിചാരണ ചെയ്യുന്ന രീതിയെന്ന് പാരിസിലെ ഒരു വിചാരണ കോടതി സന്ദർശിച്ചപ്പോൾ മനസ്സിലായി.
ബൽജിയവും നെതർലൻഡ്സും സ്വിറ്റ്സർലൻഡും മറ്റും സന്ദർശിച്ചപ്പോൾ പക്ഷേ, അവിടങ്ങളിലെ കോടതികളിൽ പോകാൻ കഴിഞ്ഞില്ല. ഈയിടെ ഭൂട്ടാനിൽ ചെന്നപ്പോൾ റോയൽ കോടതിയുടെ പരിസരം മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. വളരെക്കുറച്ചു മാത്രം തർക്കങ്ങൾ കോടതിയിലെത്തുന്ന ഭൂട്ടാനിലെ നീതിനിർവഹണം സവിശേഷമാണ്. കൂട്ടത്തിൽ പറയട്ടെ, പ്രകൃതിസംരക്ഷണവും വനപരിപാലനവും മറ്റും ഭരണഘടനാപരമായ ചുമതലകളാണീ രാജ്യത്ത്. ബുദ്ധചിന്തകൾ ഒരു രാഷ്ട്രത്തിന്റെ നിർമാണത്തിനും നിലനിൽപിനും അടിത്തറയായിത്തീർന്നപ്പോൾ ഭൂട്ടാൻ ഒരു ഹരിതവിസ്മയമായിത്തീർന്നു. രാഷ്ട്രത്തിന്റെ നിശ്ചിത ശതമാനം വനമായിരിക്കണമെന്നത് ഇവിടെ ഒരു കാൽപനിക വ്യാമോഹമല്ല, നിയമപരമായ അനുശാസനമാണ്.
തായ്ലൻഡിലും മലേഷ്യയിലും യാത്രചെയ്തത് 2004ൽ ആയിരുന്നു. ഇത്തരം യാത്രകൾ ഇന്ന് സാർവത്രികമാണെന്നറിയാം. എന്നാൽ, ഈ രാജ്യങ്ങളിലെ നിയമ-ഭരണ ഘടന വൈവിധ്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴാണ് ഇവിടങ്ങളിലേക്കുള്ള സഞ്ചാരം ആവേശകരമാവുക. 1932നു ശേഷം 16ൽ പരം തവണ ഭരണഘടന മാറ്റിയെഴുതിയ രാജ്യമാണ് തായ്ലൻഡ്.
ഇവിടത്തെ ഭരണഘടനക്ക് തെരഞ്ഞെടുപ്പു പത്രികയുടെ സ്വഭാവമാണുള്ളതെന്ന് ഡങ്കൻ മെക് കാർഗോ എഴുതുകയുണ്ടായി (റീേഫാമിങ് തായ് പൊളിറ്റിക്സ്, 2002). നേപ്പാളിൽ സന്ദർശനം നടത്തിയത് മാവോവാദി കക്ഷി പൊതുതെരഞ്ഞെടുപ്പിലൂടെ (2008) അധികാരത്തിൽ വന്നപ്പോഴായിരുന്നു. അതിലുപരി, ആ രാജ്യം ഒരു പുതിയ ഭരണഘടന നിർമിക്കാൻ തുനിഞ്ഞ കാലഘട്ടം കൂടിയായിരുന്നു അത്. അക്രമത്തിന്റെയും ഹിംസയുടെയും പാത വിട്ട് തീവ്ര ഇടതുപക്ഷക്കാർപോലും ഭരണഘടനാ രാഷ്ട്രീയത്തിന്റെ ജനകീയ മാർഗം സ്വീകരിച്ചെന്നതാണ് നേപ്പാൾ നൽകിയ ആശ്വാസവും ആഹ്ലാദവും.
പിന്നീട് വീണ്ടും ജർമനിയിൽ പോയപ്പോൾ സാൻടൺ എന്ന പട്ടണം സന്ദർശിച്ചു. ഈ ചെറിയ പട്ടണം പക്ഷേ, ചരിത്രത്തിന്റെ വലിയ അനുഭവങ്ങൾ പേറിയാണ് നിൽക്കുന്നത്. റോമാസാമ്രാജ്യത്തിന്റെ ജർമൻ അധിനിവേശത്തിന്റെ ബാക്കിപത്രമാണ് സാൻടണിൽ കാണാനാവുക. ക്രിസ്തുവിനുമുമ്പുള്ള നൂറ്റാണ്ടുകളിൽ റോമൻ പട്ടാളക്കാർ പഴയ ജർമൻ ഗോത്രങ്ങൾക്കിടയിലൂടെ നടത്തിയ പടയോട്ടത്തിന്റെ ബാക്കിപത്രങ്ങൾ ഇന്ന് ശിലാലിഖിതങ്ങളായും ചെറുനിർമിതികളായും ഈ പട്ടണത്തിൽ കാണാം.
കുലീനവർഗത്തെയും അടിമകളെയും വേർതിരിച്ചു കണ്ടതായിരുന്നു റോമാ സംസ്കാരമെന്നും അടിമകളെ നിർഭയം കൊലപ്പെടുത്തുന്നത് ഒരു സാധാരണരീതിയാണെന്നും മനസ്സിലാകുമ്പോഴാണ് ആധുനിക നിയമചിന്തയുടെ അടിത്തറകളിലൊന്നായ റോമൻ നിയമചിന്തയുടെ ആന്തരിക വൈരുധ്യങ്ങൾ വ്യക്തമാവുക. വിചിത്രമെന്നു പറയട്ടെ, സംശയത്തിന്റെ ആനുകൂല്യം പ്രതിക്ക് നൽകണമെന്ന തത്ത്വം മുതൽ ഭരണകൂടത്തിന്റെ അനീതിക്കെതിരായ ആപ്തവാക്യങ്ങൾ വരെ ലോകത്തിന് നൽകിയ റോമാ സംസ്കാരം ഉച്ചനീചത്വങ്ങളിലും വിവേചനങ്ങളിലും ചൂഷണങ്ങളിലും അധിഷ്ഠിതമായതായിരുന്നു. ഇതേ സംസ്കാരത്തിൽനിന്ന് കൗൺസിലും സെനറ്റുംപോലുള്ള ജനാധിപത്യ സ്ഥാപനങ്ങളുണ്ടായി എന്നത് ചരിത്രത്തിന്റെ വിചിത്ര വൈരുധ്യങ്ങളിലൊന്നാണ്.
ഠഠഠ
എല്ലാ യാത്രകളും പക്ഷേ, കാഴ്ചകൾ കാണാൻവേണ്ടി മാത്രമുള്ളതല്ല. 2009ൽ ആദ്യമായി തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ രമണ മഹർഷിയുടെ ആശ്രമത്തിൽപോയത് സുഹൃത്തായ ഗോപകുമാറിനൊപ്പമായിരുന്നു. അവിടെ പിന്നീട് പലതവണ പോയി. വലിയ കാഴ്ചകൾ രമണാശ്രമത്തിലുണ്ടെന്ന് ആരും പറയില്ല. എന്നാൽ, സാധാരണ മനുഷ്യരിൽ പലരുടെയും ആത്മീയമായ ചോദ്യങ്ങൾക്ക് രമണാശ്രമം ഉത്തരം നൽകിയേക്കും. സ്വന്തം ജീവിതത്തിലൂടെയും ‘മരണാനുഭവ’ത്തിലൂടെയും രമണ മഹർഷി ആ അടിസ്ഥാനപരമായ ചോദ്യം –ഞാൻ ആര് എന്ന ചോദ്യം^ സിംഗപ്പൂരിലെ ഉന്നത കോടതി സന്ദർശിച്ചപ്പോൾ കേരള ഹൈകോടതിയിൽനിന്നുള്ള വിധികളിൽ അവിടത്തെ അഭിഭാഷകരും ന്യായാധിപരും കാണിക്കുന്ന താൽപര്യം കൗതുകകരമായി തോന്നി.
കിഴക്കൻ രാജ്യങ്ങളിൽ പലതിലും പടിഞ്ഞാറൻ ജനാധിപത്യവും ഭരണഘനാവാദവും അംഗീകരിച്ചാണ് മുന്നോട്ടുപോകുന്നത്. അതിനാൽത്തന്നെ ആധുനിക ഭരണഘടനാ രാഷ്ട്രീയത്തിന് ഒരുതരം അന്തർദേശീയ മാനം കൈവന്നിട്ടുണ്ട്. ചോദിച്ചു; അതിനുള്ള ഉത്തരവും കണ്ടെത്തി. ശരീരത്തിനും താനെന്ന ഈഗോക്കും നിലനിൽപില്ലെന്നും ആത്യന്തികമായി മനസ്സ് നിർമിക്കുന്ന മായികവലയമാണ് ഈ ലോകമെന്നും ഈ പ്രതീതിക്കപ്പുറത്തെ യാഥാർഥ്യമാണ് ഞാൻ ആരെന്ന ചോദ്യത്തിലൂടെ അന്വേഷിക്കേണ്ടതെന്നും രമണ മഹർഷി പറഞ്ഞു.
നിശ്ശബ്ദതയാണ് അനശ്വര ഭാഷയെന്നും വാക്കുകൾ കേവലം ഇടങ്കോലുകൾ മാത്രമാണെന്നും പറഞ്ഞ മഹർഷി മൗനത്തിന് താത്ത്വികമായ മാനങ്ങൾ നൽകി. ഉപനിഷത്തുകളിലെയും ബൗദ്ധചിന്തയിലെയും ജിദ്ദു കൃഷ്ണമൂർത്തിയുടെ ദർശനങ്ങളുടെയുമെല്ലാം സവിശേഷമായ സമ്മേളനം രമണ ദർശനങ്ങളിൽ കാണാം. ഗോപകുമാറിനൊപ്പം വ്യത്യസ്ത കാലയളവിലായി പലതവണ രമണാശ്രമത്തിൽ പോയിട്ടുണ്ട്. മറ്റെവിടെനിന്നും ലഭിക്കാത്ത മറുപടികളിലൂടെയാണ് രമണാശ്രമം ഓർമയിലെ നിത്യസാന്നിധ്യമാവുക.
കാളീശ്വരം രാജ് ഭാര്യ സുധയോടൊപ്പം ഭൂട്ടാനിൽ
ഠഠഠ
ജീവിതയാത്രയിലെന്നപോലെ, ജീവിതത്തിലെ യാത്രകളിലും കുടുംബം ഒരുമിച്ചുണ്ടായിരുന്നു. ആഷാ മേനോന്റെയൊപ്പം കുശാൽനഗറിൽ വന്ന തുളസിയോട് ഇേപ്പാഴും പറഞ്ഞ് ചിരിക്കുന്ന ഒരു കാര്യമുണ്ട്. പയ്യന്നൂരിനടുത്ത വീട്ടിലെ ടെലിഫോണിൽ ‘എട്ട്’ എന്ന സംഖ്യ അമർത്തിയാൽ മറ്റേ തലക്കൽനിന്ന് ശ്രീകൃഷ്ണൻ ടെലിഫോൺ എടുത്ത് ആവശ്യമുള്ളതെല്ലാം നൽകുമെന്ന വിശ്വാസം ആരോ അന്ന് അഞ്ചു വയസ്സായ തുളസിയെ ധരിപ്പിച്ചിരുന്നു. ആ ബാലഭാവനയെ യുക്തികൊണ്ട് തകർക്കാൻ ഞാൻ മെനക്കെട്ടില്ലെന്നു മാത്രമല്ല, അത് ഊട്ടിയുറപ്പിക്കാൻ കൂട്ടുനിൽക്കുകയുംചെയ്തു. രണ്ട് സമാന്തര ഫോണുകളുണ്ടായിരുന്ന വീട്ടിൽ താഴെ തുളസി 8 അമർത്തി ശ്രീകൃഷ്ണനോട് മിഠായി ആവശ്യപ്പെടുമായിരുന്നു.
മുകളിലത്തെ ഫോൺ എടുത്ത് ഞാൻ ‘ശ്രീകൃഷ്ണ ശബ്ദ’ത്തിൽ ആ ‘വരം’ നൽകാമെന്നറിയിക്കുകയും ഉടനെ മിഠായി തരപ്പെടുത്തിക്കൊടുക്കുകയുംചെയ്യുമായിരുന്നു. പിന്നീടെപ്പോഴോ, ശ്രീകൃഷ്ണനുമായി സംസാരിക്കുന്ന സമയത്തെല്ലാം ഞാൻ മുകളിലത്തെ മുറിയിലാണെന്ന് കണ്ടെത്തിയ അവൾ ശ്രീകൃഷ്ണനെ കൈയോടെ ‘പിടികൂടുക’യായിരുന്നു!
ഈയടുത്ത കാലത്ത് ജർമനിയിൽ പോയപ്പോൾ തുളസിയും ജർമൻകാരനായ ഭർത്താവ് ബാസ്റ്റ്യനും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ബാസ്റ്റ്യന്റെ അച്ഛനമ്മമാർ നൽകിയ സ്നേഹം നിറഞ്ഞ സ്വീകരണവും ആതിഥ്യവും ജർമനിയിലെ ദിവസങ്ങളെ ജൈവികവും സ്വാഭാവികവുമാക്കി. എന്നെക്കാളും എത്രയോ യാത്രകൾ തുളസിയും ബാസ്റ്റ്യനും ഇതിനകംതന്നെ നടത്തിക്കാണണം. രണ്ടുപേരും നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയത് ലണ്ടനിലെ യൂനിവേഴ്സിറ്റി കോളജിൽനിന്നാണ്. ശ്രീകൃഷ്ണനോട് മിഠായി ആവശ്യപ്പെട്ട കുട്ടി ഇന്നും അവളെ പറ്റിച്ചതിന്റെ പേരിൽ എന്നോട് പരിഭവിക്കാറുണ്ട്. ജീവിതത്തിലെ യാത്രകളെക്കാൾ പ്രധാനമാണ് ജീവിതമെന്ന യാത്ര!
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.