കൊട്ടാര മട്ടുപ്പാവില്‍ ഒരു ഫലസ്തീന്‍ പ്രഖ്യാപനം

സിയാച്ചിന്‍ സൈനിക ഔട്ട് പോസ്റ്റില്‍ മൂന്നു മാസത്തെ ജോലിക്കുശേഷം മരവിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായ വിരലുകളൊന്ന് മുറിച്ചുമാറ്റി നാട്ടിലേക്കു മടങ്ങിയ സൈനികനൊപ്പം യാത്രചെയ്യേണ്ടിവന്നതിനെക്കുറിച്ച്‌ ഒരു സുഹൃത്ത്‌ മുമ്പ്‌ പറഞ്ഞത് ഹാള്‍ ഓഫ്‌ ഫെയിമിലേക്ക്‌ കയറുമ്പോള്‍ ഓർമയില്‍ വന്നു. കൊടും മഞ്ഞില്‍ ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ജോലിയിലിരിക്കെയാണ് ആ സൈനികന്‍റെ വിരലുകള്‍ മരവിച്ചത് -ലഡാക് യാത്ര തുടരുന്നു.കൊട്ടാര മട്ടുപ്പാവില്‍ അങ്ങനെയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതേയില്ല. സാറ, ഹന്ന എന്നീ രണ്ട് യുവതികളെ അവിടെ വെച്ച് കാണും എന്നും വിചാരിച്ചതില്ല. അവരില്‍ സാറ മനോഹരമായി...

സിയാച്ചിന്‍ സൈനിക ഔട്ട് പോസ്റ്റില്‍ മൂന്നു മാസത്തെ ജോലിക്കുശേഷം മരവിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായ വിരലുകളൊന്ന് മുറിച്ചുമാറ്റി നാട്ടിലേക്കു മടങ്ങിയ സൈനികനൊപ്പം യാത്രചെയ്യേണ്ടിവന്നതിനെക്കുറിച്ച്‌ ഒരു സുഹൃത്ത്‌ മുമ്പ്‌ പറഞ്ഞത് ഹാള്‍ ഓഫ്‌ ഫെയിമിലേക്ക്‌ കയറുമ്പോള്‍ ഓർമയില്‍ വന്നു. കൊടും മഞ്ഞില്‍ ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ജോലിയിലിരിക്കെയാണ് ആ സൈനികന്‍റെ വിരലുകള്‍ മരവിച്ചത് -ലഡാക് യാത്ര തുടരുന്നു.

കൊട്ടാര മട്ടുപ്പാവില്‍ അങ്ങനെയൊരു പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നതേയില്ല. സാറ, ഹന്ന എന്നീ രണ്ട് യുവതികളെ അവിടെ വെച്ച് കാണും എന്നും വിചാരിച്ചതില്ല. അവരില്‍ സാറ മനോഹരമായി ഓടക്കുഴല്‍പോലെ തോന്നിക്കുന്ന സംഗീത ഉപകരണം വായിക്കുന്നുണ്ട്. അതു കണ്ടാണ് അവരുടെ അടുത്തേക്ക് പോയത്. കുറച്ചുനേരം വായിച്ചശേഷം അവര്‍ ഞങ്ങളെ നോക്കിച്ചിരിച്ചു. വീണ്ടും സംഗീതത്തിലേക്ക് പോയി. ലേ കൊട്ടാരത്തിന്‍റെ മട്ടുപ്പാവില്‍ കയറി നിന്നാല്‍ ആ പ്രദേശത്തിന്‍റെ അടുത്തും അകലെയുമുള്ള ദൃശ്യങ്ങള്‍ കാണാം. നഗരവും ഗ്രാമദൃശ്യങ്ങളും ടെലിസ്കോപ്പിലെന്നപോലെ ദൃശ്യമാകും.

അതു കാണാനായി പടികള്‍ പലതും കയറി മട്ടുപ്പാവിലെത്തിയപ്പോഴാണ് സാറയെയും ഹന്നയെയും കണ്ടത്. സംഗീത വായനയുടെ ഇടവേളയില്‍ അവരോട് ചോദിച്ചു, എവിടെനിന്നും വരുന്നു? ഇസ്രായേല്‍ എന്നുത്തരം. ഗസ്സയില്‍ എന്താണവസ്ഥ? ഞാന്‍ ഉടനെ ചോദിച്ചു. വളരെ മോശം, ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വഷളാകുന്നു. അടുത്തൊന്നും കാര്യങ്ങള്‍ ശരിയാകുമെന്ന തോന്നലുമില്ല. ഇസ്രായേലിന് എല്ലാം കോമഡിയാണ്. സാറ പറഞ്ഞുനിര്‍ത്തി. കോമഡി എന്ന വാക്ക് കടുത്ത ഐറണിയോടെയാണ് അവര്‍ ഉപയോഗിച്ചത്.

ഇത്രയും പറഞ്ഞ് സാറ ഒന്ന് കിതച്ചു, അവരുടെ മൂക്കിന്‍തുമ്പില്‍ ഒരു വിയര്‍പ്പു കണം പൊടിഞ്ഞു. സാറ വീണ്ടും ഓടക്കുഴലെടുത്തു. ഹന്ന കൈയടിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. സഞ്ചാരികളില്‍ ചിലര്‍ അവരുടെ സംഗീതപ്രകടനത്തിന് സാക്ഷികളാകുന്നുണ്ട്‌. അവിടെ നില്‍ക്കുമ്പോള്‍ മട്ടാഞ്ചേരി കപ്പലണ്ടിമുക്കിലെ ജൂത വനിത സാറ കോഹനെയും (സാറ 2019ല്‍ 95ാം വയസ്സില്‍ മരിച്ചു) അവരുടെ എംബ്രോയിഡറി കട നടത്തിപ്പില്‍ സഹായിയായിരുന്ന താഹ ഇബ്രാഹിമിനെയും ഒരിക്കല്‍ കണ്ടതും ദീര്‍ഘനേരം സംസാരിച്ചിരുന്നതും ഞാനോര്‍ത്തു. ഇവിടെ കൊട്ടാര മട്ടുപ്പാവില്‍ മറ്റൊരു സാറ സംസാരിക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെയും ആഴത്തിലുള്ള സൗഹൃദങ്ങളുടെയും മറ്റൊരു സന്ദര്‍ഭം അവതരിപ്പിക്കപ്പെടുകയാണെന്നും തോന്നി.

സാറയും ഹന്നയും ഇന്ത്യ കാണാന്‍ ഒറ്റക്കൊറ്റക്ക് പുറപ്പെട്ടവരാണ്. യാത്രക്കിടെ ഡല്‍ഹിയില്‍ കണ്ടുമുട്ടി. പിന്നെ ഒന്നിച്ചായി യാത്ര. സാറ ആയുര്‍വേദം പഠിക്കാന്‍ കേരളത്തിലേക്ക് വരുകയാണ്. അതിനു മുമ്പ് ചില സ്ഥലങ്ങള്‍ കാണാനുള്ള യാത്രയിലാണ്. സംക്ഷിപ്തമായ സംസാരത്തില്‍ സാറ നിലപാട് പ്രഖ്യാപനം നടത്തി. ഒരുപക്ഷേ, കൊട്ടാര മട്ടുപ്പാവിലേക്കുള്ള നിരവധി പടികള്‍ കയറിയത് അവരുടെ ഈ വാക്കുകള്‍ കേള്‍ക്കാന്‍ വേണ്ടിയായിരിക്കണം. സഞ്ചാരിയല്ല, യാത്ര സ്വയം ചില കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. സാറ ‘‘അവര്‍ക്കെല്ലാം കോമഡി’’ എന്നു പറയുമ്പോള്‍ ഗസ്സയില്‍ ഇസ്രായേല്‍ 40,000 പേരെ കൊന്നുകഴിഞ്ഞിരുന്നു.

 

നൂര്‍ജഹാന്‍ സാസ്പോളിലെ ഗുഹാചിത്രങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനത്തില്‍ (കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ.കോം)

ലാച്ചന്‍ പാല്‍ഖര്‍

17ാം നൂറ്റാണ്ടില്‍ അന്നത്തെ ലഡാക് രാജാവ് സെങ്ഗെ നംഗ്യാല്‍ നിർമിച്ചതാണ് ഏഴ് നിലയുള്ള കൊട്ടാരം. ഇപ്പോള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) നിയന്ത്രണത്തിലാണ് ലേ പാലസ്. ലാച്ചന്‍ പാല്‍ഖര്‍ എന്നാണ് കൊട്ടാരത്തെ നാട്ടുകാര്‍ വിളിക്കുന്നത്. പ്രായമുള്ളവര്‍ക്ക് കൊട്ടാരം എന്നത് മനസ്സിലാകില്ല. ലാച്ചന്‍ പാല്‍ഖര്‍ എന്നുതന്നെ പറയണം. ഇപ്പോള്‍ കൊട്ടാരത്തിന്‍റെ പലഭാഗങ്ങളും നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. എ.എസ്.ഐ കൊട്ടാര ഭാഗങ്ങള്‍ ബലപ്പെടുത്താനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ദലൈലാമയുടെ ആസ്ഥാനമായ തിബത്തിലെ ലാസ പൊട്ടല കൊട്ടാരത്തിന്‍റെ വാസ്തുവിദ്യയോടാണ് ലാസയിലെ ഈ എടുപ്പിന് സാമ്യം.

എന്നാല്‍, ലഡാക് ശൈലിയും നിർമിതിയില്‍ കാണാം. തിബത്ത്-ലഡാക് ശൈലികള്‍ ലയിച്ച രീതി എന്നുപറയാം. മരം, മണ്ണ്, കല്ല് എന്നീ പ്രാദേശികമായി ലഭ്യമായ വസ്തുക്കളുപയോഗിച്ചായിരുന്നു നിർമാണം. കുന്നിന്‍പുറത്തുള്ള കൊട്ടാരം നിർമിക്കാന്‍ താഴ്വാരങ്ങളില്‍നിന്നും മനുഷ്യരും വളര്‍ത്തു മൃഗങ്ങളും നിർമാണ സാമഗ്രികള്‍ വഹിച്ചു. ഏതൊരു കൊട്ടാരത്തിന്‍റെ നിർമിതിയിലെന്നപോലെയും രാജാവിന്‍റെ പേര് മാത്രം ബാക്കിയായി. കൊട്ടാരത്തിനായി പണിയെടുത്ത ശിൽപികളും തൊഴിലാളികളും വളര്‍ത്തു മൃഗങ്ങളും പാടെ വിസ്മൃതരായി.

ഇടക്കാലത്ത് കൊട്ടാരം ഏറക്കുറെ ഉപേക്ഷിക്കപ്പെട്ട നിലയിലായി. ഇവിടെയുള്ള ബുദ്ധക്ഷേത്രത്തിലെ കര്‍മങ്ങളും ആചാരങ്ങളും നിർവഹിക്കുന്ന ഒരു ലാമ മാത്രം ഇവിടെ അവശേഷിച്ചു. കൊട്ടാരത്തിന്‍റെ പല ഭാഗങ്ങളും തകര്‍ന്നുകൊണ്ടിരുന്നു. ഇക്കാലത്ത് ഇവിടം സന്ദര്‍ശിച്ച കോര്‍ണെല്ലോ ജെസ്റ്റും ജോണ്‍ സാന്‍ഡെയും ചേര്‍ന്നെഴുതിയ ‘ദ പാലസ് ഓഫ് ലേ ഇന്‍ ലഡാക്: ആന്‍ എക്സാമ്പിള്‍ ഓഫ് ഹിമാലയന്‍ ആര്‍ക്കിടെക്ചര്‍ ഇന്‍ നീഡ് ഓഫ് കണ്‍സര്‍വേഷന്‍’ എന്ന പുസ്തകം കൊട്ടാരത്തിന്‍റെ അന്നത്തെ നാശോന്മുഖതയെ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്.

ആ പുസ്തകത്തിന്‍റെ തുടക്കത്തില്‍ ഇങ്ങനെ വായിക്കാം: ഫോട്ടോഗ്രാഫുകളിലൂടെ കാണിച്ചുതരാന്‍ പറ്റാത്ത വിധത്തിലുള്ള നാശമാണ് ഈ കൊട്ടാരത്തിനുണ്ടായിരിക്കുന്നത്. അതിന്‍റെ വ്യാപ്തി ചിത്രങ്ങള്‍ക്കും വാക്കുകള്‍ക്കും രേഖപ്പെടുത്താന്‍ കഴിയുന്ന തരത്തിലുള്ളതല്ല. അത്രയും ഭീതിദമാണ് ഈ ഹിമാലയന്‍ കൊട്ടാരത്തിന്‍റെ തകര്‍ച്ച: ഇത് വായിച്ചാല്‍ കൊട്ടാരം സംരക്ഷണത്തിന്‍റെ ഭാഗമായി കാര്യമായ രീതിയില്‍ പുതുക്കിപ്പണിഞ്ഞിട്ടുണ്ട്, അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കാം. കാരണം ഇന്ന് കൊട്ടാരം കോര്‍ണെല്ലോയും ​െജസ്റ്റും എഴുതിയ അവസ്ഥയിലല്ല. പല ഭാഗങ്ങളിലും തകര്‍ച്ചയുടെ നിരവധി അടയാളങ്ങള്‍ ഉണ്ടെങ്കിലും സംരക്ഷിക്കപ്പെടുന്നതിന്‍റെ നിരവധി ശ്രമങ്ങളും ഒരു സഞ്ചാരിക്കിവിടെ കാണാന്‍ കഴിയും.

1834ലെ ദോഗ്ര യുദ്ധ (ജമ്മു-കശ്‌മീരിലെ ദോഗ്ര രാജവംശം ലഡാക് കീഴടക്കിയത് ഈ യുദ്ധത്തിലാണ്) വേളയില്‍ കൊട്ടാരത്തിലെ പടിഞ്ഞാറന്‍ ഭാഗത്തുള്ള താഴികക്കുടം തകര്‍ക്കപ്പെട്ടു. അന്നത്തെ രാജാവും കുടുംബാംഗങ്ങളും കൊട്ടാരത്തില്‍നിന്നും രക്ഷപ്പെട്ടു. അവര്‍ സിന്ധു നദിയുടെ കിഴക്കന്‍ കരയിലുള്ള സോക്കിലെ കൊട്ടാരത്തിലാണ് പിന്നീട് ജീവിച്ചത്. രാജകുടുംബം ലേ കൊട്ടാരത്തിലേക്ക് പിന്നീട് മടങ്ങിയില്ല. ഈ കാലത്താണ് കൊട്ടാരം നോക്കാനാളില്ലാതെ നാശോന്മുഖമായത്. ഇതിനുശേഷം കൊട്ടാരം വലിയ തകര്‍ച്ചയെ നേരിട്ടു. ഒമ്പത് നിലകളുള്ള കൊട്ടാരത്തിന്‍റെ മുകള്‍നിലകള്‍ മുമ്പ് രാജകുടുംബം താമസിക്കുന്നതായിരുന്നു. താഴത്തെ നിലകളില്‍ സ്റ്റോര്‍ റൂമുകളും കുതിരാലയങ്ങളുമായിരുന്നു.

450 വര്‍ഷം പഴക്കമുള്ള തിബത്തന്‍ പെയിന്‍റിങ്ങുകള്‍, (തങ്കാസ് എന്നാണിവ അറിയപ്പെടുന്നത്) ആഭരണങ്ങള്‍, കിരീടങ്ങള്‍, ആചാരവസ്ത്രങ്ങള്‍ എന്നിവയുടെ ശേഖരം കൊട്ടാരം മ്യൂസിയത്തിലുണ്ട്. ഇതോടൊപ്പം നിരവധി ചരിത്ര-ആത്മീയ രേഖകളുടെ കൈയെഴുത്ത് പ്രതികളും കാണാം. ചരിത്രത്തിന്റെയും ബുദ്ധ ആത്മീയതയുടെയും രേഖകള്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ അതിലെ ഭാഷ അറിയില്ല എന്നതു തടസ്സമായി. എന്നാല്‍ അക്കാലത്തെ നികുതി വ്യവസ്ഥയെക്കുറിച്ച് അറിയാന്‍ സഹായിക്കുന്ന ചില രേഖകള്‍ അക്കൂട്ടത്തിലുണ്ടെന്ന് മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞു.

 

ഐസ് ഹോക്കി ഗോളി നൂര്‍ജഹാനും തങ്കാസ്‌ ചിത്രങ്ങളുടെ സംരക്ഷണവും

തങ്കാസ് ചിത്രങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന് ലേ പാലസ് കണ്ടു നടക്കുമ്പോള്‍ തോന്നിയിരുന്നു. ബുദ്ധചിത്രങ്ങളോ അല്ലെങ്കില്‍ ബുദ്ധ ആത്മീയ രേഖകളില്‍ പറയുന്ന സന്ദര്‍ഭങ്ങളോ ആണ് തങ്ക ചിത്രങ്ങളിലുണ്ടാവുക. ലോകത്ത് എല്ലായിടത്തുമുള്ള ബുദ്ധവിഹാരങ്ങളില്‍ ഇത്തരം ചിത്രങ്ങളുണ്ടാകും. വലിയ ബുദ്ധവിഹാരങ്ങളിലാണ് ഇത് കൂടുതലും കാണുക.

ഒരു തങ്ക ചിത്രത്തില്‍ ബുദ്ധന്‍, അല്ലെങ്കില്‍ ബുദ്ധ അവതാരങ്ങള്‍, അല്ലെങ്കില്‍ മണ്ഡല, (ജീവിത ചക്രത്തിന്‍റെ ഭാഗം), ബുദ്ധ ഗുരുവിന്‍റെ ജീവിതത്തില്‍നിന്നുള്ള ആത്മീയമായി പ്രാധാന്യമുള്ള സംഭവത്തിന്‍റെ ചിത്രീകരണം ഇങ്ങനെയുള്ള പ്രമേയങ്ങളാണ് സാധാരണയായി ഉണ്ടാവുക. ചില സന്ദര്‍ഭങ്ങളില്‍ ബുദ്ധിസം പ്രാക്ടിസ് ചെയ്യാന്‍ സഹായിക്കുന്ന ചില ചിത്രങ്ങളും ഉണ്ടാകാറുണ്ട്. തങ്ക ചിത്രങ്ങള്‍ ഇപ്പോള്‍ കാന്‍വാസിലാണ് വരക്കുന്നത്. മുന്‍കാലങ്ങളില്‍ ഇവ ചുമര്‍ചിത്രങ്ങളായിരുന്നു. ലേ പാലസില്‍ കാണുന്ന ചിത്രങ്ങള്‍ പ്രകൃതിവർണങ്ങള്‍ ഉപയോഗിച്ച് വരച്ചതാണ്. എന്നാല്‍, ഇപ്പോള്‍ ചിത്രകാരന്‍മാര്‍ തങ്ക ചിത്രങ്ങള്‍ വരക്കുന്നത് അക്രിലിക് മാധ്യമത്തിലാണ്.

ഇത്തരം ചിത്രങ്ങളെക്കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും പ്രധാനമായും വിദേശികളോ അല്ലെങ്കില്‍ ലഡാക്കിന് പുറത്തുള്ള പണ്ഡിതരോ ആണ് പഠനങ്ങള്‍ നടത്തുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നത്. തങ്ക ചിത്രങ്ങളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ മറിച്ചു നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും. എന്നാല്‍ സമീപകാലത്ത് ഇതിന് മാറ്റം വന്നു. നൂര്‍ജഹാന്‍, കസിന്‍ വജീദ തബസ്സുമിന്‍ എന്നിവര്‍ തങ്ക ചിത്ര പഠനം, സംരക്ഷണം, പരിശീലനം എന്നിവക്കായി ഷെസ്റിഗ് ലഡാക് (ഹെറിറ്റേജ്/ പൈതൃകം എന്നാണ് ഷെസ്റിഗ് എന്ന വാക്കിന്‍റെ അര്‍ഥം) എന്ന പേരില്‍ 2017ല്‍ ഒരു സ്ഥാപനം തുടങ്ങിയിട്ടുണ്ട്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ലഡാക്കുകാരാണിവര്‍. നൂര്‍ജഹാനെ ലേയില്‍ നേരില്‍ കാണാന്‍ ശ്രമിച്ചുനോക്കിയിരുന്നു. പക്ഷേ, അവര്‍ യു.എ.ഇയിലായിരുന്നു. അതിനാല്‍ കാണാനും സംസാരിക്കാനും സാധിച്ചില്ല. അവരെക്കുറിച്ച് വന്ന ചില ലേഖനങ്ങള്‍, ഷെസ്റിഗ് ലഡാക് വെബ്സൈറ്റിലെ വിവരങ്ങള്‍ എന്നിവയിലൂടെ കടന്നുപോകാന്‍ മാത്രമേ സാധിച്ചുള്ളൂ.

നൂര്‍ജഹാന്‍ ഐസ് ഹോക്കി ടീമിലെ ഗോളിയായിരുന്നു. ഡല്‍ഹിയില്‍ പഠിച്ചു. കോമേഴ്സിലായിരുന്നു ബിരുദം. പിന്നെ ജോലി നോക്കാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ ലേയില്‍ ചില ദിവസങ്ങള്‍ ചെലവഴിക്കാനായെത്തി. അപ്പോഴാണ് തന്‍റെ നാടിന്‍റെ സംസ്കാരത്തിലേക്ക് കൂടുതല്‍ സൂക്ഷ്മമായി നൂര്‍ജഹാന്‍ നോക്കുന്നത്. അങ്ങനെയാണ് തങ്കചിത്രങ്ങള്‍, ചുമര്‍ചിത്രങ്ങള്‍ എന്നിവയുടെ സംരക്ഷണം പ്രധാനമാണെന്ന് അവര്‍ മനസ്സിലാക്കുന്നത്. തുടര്‍ന്ന് നൂര്‍ജഹാന്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് റിസര്‍ച് ആൻഡ് മാനേജ്മെന്‍റില്‍ പി.ജിക്ക് ചേര്‍ന്നു. അതിനുശേഷം നാഷനല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും പിഎച്ച്.ഡിയും നേടി.

2022ല്‍ റിന്‍ചെന്‍ നോര്‍ബു വാങ്ചുക് ദ ബെറ്റര്‍ ഇന്ത്യ.കോമില്‍ നൂര്‍ജഹാനെക്കുറിച്ച് എഴുതിയ ഫീച്ചറില്‍ ഇങ്ങനെ വായിക്കാം: ലേയിലെ ജനത്തിരക്കേറിയ പഴയ പട്ടണത്തിലൂടെ നടക്കുന്നതിനിടയിലാണ്, ഒരു പഴയ ബുദ്ധക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന തിബത്ത് ഹെറിറ്റേജ് ഫണ്ടില്‍നിന്നുള്ള ഏതാനും വിദേശ ചുമര്‍ ചിത്രകലാ സംരക്ഷകരെ അവര്‍ കണ്ടുമുട്ടിയത്. വിദേശികള്‍ ചെയ്യുന്ന കാര്യങ്ങളില്‍ ആകൃഷ്ടയായ നൂര്‍ജഹാന്‍ അവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടു, അത് അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. ഡല്‍ഹിയില്‍ തിരിച്ചെത്തിയശേഷം കലാസംരക്ഷണത്തെക്കുറിച്ച് വായിക്കാന്‍ തുടങ്ങി. ഈ മേഖലയില്‍ ഉന്നതപഠനം നടത്താന്‍ കഴിയുമെന്ന് മനസ്സിലാക്കി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള നൂര്‍ജഹാന്‍റെ തീരുമാനത്തിനു പിന്നില്‍ അവളുടെ കുട്ടിക്കാലം മുതലുള്ള ഓർമകള്‍ക്ക് വലിയ പങ്കുണ്ട്.

നൂര്‍ജഹാന്‍ പറയുന്നു: ‘‘എന്‍റെ അമ്മ ലഡാക്കിലെ നുബ്ര താഴ്‌വരയിലെ ഹുന്ദര്‍ ഗ്രാമത്തില്‍നിന്നാണ്. എല്ലാ അവധിക്കാലത്തും ഞങ്ങള്‍ മുത്തശ്ശിമാരെ കാണാന്‍ നുബ്ര സന്ദര്‍ശിക്കുമായിരുന്നു. ഗ്രാമത്തിനുള്ളിലേക്ക് നടക്കേണ്ട പ്രധാന റോഡിലെ ചമ്പ എന്ന സ്ഥലത്ത് ബസ് നിര്‍ത്തും. വഴിയില്‍ ധാരാളം സ്തൂപങ്ങള്‍ ഉള്ളതിനാല്‍ ഈ പ്രത്യേക റൂട്ടിന് ഇപ്പോള്‍ എന്‍റെ ജീവിതത്തില്‍ വലിയ പ്രാധാന്യമുണ്ട്. വഴിയരികിലെ സ്തൂപങ്ങളിലേക്ക് നോക്കുമ്പോഴെല്ലാം ഞാന്‍ പഴയ പെയിന്‍റിങ്ങുകള്‍ കാണും.

എന്നാല്‍, ഓരോ വര്‍ഷവും ഈ ചിത്രങ്ങളുടെ ചില ഭാഗങ്ങള്‍ അപ്രത്യക്ഷമാകും. ഇത്തരത്തില്‍ ചിത്രങ്ങള്‍ ഭാഗികമായോ പൂർണമായോ അപ്രത്യക്ഷമാകുന്നത് എന്തുകൊണ്ടാണ്, ആ ചിത്രങ്ങളെ സംരക്ഷിക്കാന്‍ കഴിയുമോ? കുട്ടിക്കാലത്ത്‌ മനസ്സിലുണ്ടായിരുന്ന ചോദ്യങ്ങള്‍ എനിക്കൊപ്പം വളര്‍ന്നു. ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് റിസര്‍ച് ആൻഡ് മാനേജ്മെന്‍റില്‍ ചേരുമ്പോള്‍ ഞാന്‍ ആദ്യം ചിന്തിച്ചത് ഈ പെയിന്‍റിങ്ങുകളെക്കുറിച്ചും എന്നെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ആയിരുന്നു.’’ അങ്ങനെയാണ് തങ്ക ചിത്രങ്ങളും ബുദ്ധകേന്ദ്രങ്ങളിലെ ചുമര്‍ ചിത്രങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് –നൂര്‍ജഹാന്‍ ഓര്‍ക്കുന്നു.

സംരക്ഷണവും പുനരുദ്ധാരണവും വ്യത്യസ്ത പ്രവൃത്തികളാണ്. സംരക്ഷണത്തില്‍ ആളുകള്‍ പുതിയ ഒന്നും പുനഃസൃഷ്ടിക്കുന്നില്ല. അതേസമയം, ഒരു ചിത്രത്തിന്‍റെ പുനഃസ്ഥാപിക്കലില്‍ ചിത്രത്തില്‍നിന്നും മാഞ്ഞുപോയ ഭാഗങ്ങള്‍ പുനഃസൃഷ്ടിക്കുന്ന പ്രവൃത്തികൂടി ഉള്‍പ്പെടുന്നു. രണ്ടു പ്രവര്‍ത്തനത്തിലും വെല്ലുവിളികളുണ്ട്. രണ്ടളവുകളിലാണെന്ന് മാത്രം. വെള്ളവും മഞ്ഞിന്‍റെ ഈര്‍പ്പവും വീണാണ് പലപ്പോഴും ചിത്രങ്ങള്‍ മായുന്നത്. അതിനാല്‍ ഇവയെ സംരക്ഷിക്കുന്ന പ്രവൃത്തിയിലാദ്യം വേണ്ടത് അതിന്‍റെ പ്രതലങ്ങളിലെ നനവ് ഇല്ലാതാക്കുക എന്നതാണ്.

അതായത് ഒരു ചുമര്‍ചിത്രം വൃത്തിയാക്കുക എന്നു പറഞ്ഞാല്‍ ആദ്യം മനസ്സിലാക്കേണ്ടത് അത് നനച്ച് തുടക്കുക എന്നല്ല, അതിലെ ഈര്‍പ്പം വറ്റിക്കുക എന്നതാണ്– അതാണ് പ്രാഥമിക പാഠം. ഡിസ്കിത്ത് മൊണാസ്ട്രി, സാസ്പോള്‍ ഗുഹയിലെ ചിത്രങ്ങള്‍ തുടങ്ങി പലയിടങ്ങളിലും ബുദ്ധകലയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നൂര്‍ജഹാനും സംഘവും നടത്തിയിട്ടുണ്ട്. അതിപ്പോഴും തുടരുന്നുമുണ്ട് –അങ്ങനെയൊരാളെ നേരില്‍ കാണാന്‍ കഴിയാതെ പോയതിന്‍റെ നഷ്ടബോധം വലുതാണ്. പക്ഷേ, ഇങ്ങനെയൊരാളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞല്ലോ. ഒരിക്കല്‍ അവരെ കണ്ടുമുട്ടിയേക്കാം, ആര്‍ക്കറിയാം!

 

പഥര്‍ സാഹിബ് ഗുരുദ്വാരയിലെ പാറക്കല്ല് പ്രതിഷ്ഠ,ലോക സമാധാനത്തിനായി സ്ഥാപിച്ച ലേയിലെ ശാന്തിസ്തൂപം

ഗുരുനാനാക്കും നരഭോജി ഭൂതവും

ലേയില്‍നിന്ന്‌ 25 കിലോമീറ്റര്‍ അകലെയാണ് പഥര്‍ സാഹിബ് (കല്ല് -പാറ) ഗുരുദ്വാര. 1517ലാണ്‌ ഇതിന്‍റെ ആദ്യരൂപം സ്ഥാപിച്ചത്‌. അന്നിത് വളരെ ചെറിയ ഗുരുദ്വാരയായിരുന്നു. ഗുരുനാനാക്കുമായി ബന്ധപ്പെട്ട മിത്താണ് ഈ ഗുരുദ്വാരയുടെ ആധാരശില. ആ കഥ ഇങ്ങനെയാണ്: ഈ സ്ഥലത്ത് കുന്നിന്‍ മുകളില്‍ നരഭോജിയായ ഒരു ഭൂതം പാര്‍ത്തിരുന്നു. ഭൂതത്തിന്‍റെ ശല്യം സഹിക്കവയ്യാതെ നാട്ടുകാര്‍ രക്ഷതേടി പ്രാര്‍ഥനയിലേര്‍പ്പെട്ടു. ഗുരുനാനാക്ക് അവിടെ പ്രത്യക്ഷപ്പെട്ടു. കുന്നിന്‍ മുകളില്‍ ധ്യാനം തുടങ്ങി.

ഗുരു തനിക്ക്‌ ഭീഷണിയാണെന്ന് മനസ്സിലാക്കിയ ഭൂതം ഒരു വലിയ പാറയെടുത്ത്‌ അദ്ദേഹത്തിന്‍റെ തല ലക്ഷ്യമാക്കി എറിഞ്ഞു. കൊല്ലുകതന്നെയായിരുന്നു ഉദ്ദേശ്യം. പക്ഷേ, വലിയ അത്ഭുതം സംഭവിച്ചു. പാറ ഗുരുവിന്‍റെ അടുത്ത്‌ എത്തിയപ്പോള്‍ മെഴുകുപോലെ രൂപം മാറി. ഗുരുനാനാക്കിന് ഒന്നും സംഭവിച്ചില്ല. മെഴുകുപോലെയായ കല്ല് അവിടെത്തന്നെ കിടന്നു. ജനങ്ങള്‍ അത്‌ പാടെ വിസ്‌മരിച്ചു. എന്നാല്‍ 1970കളുടെ അവസാനത്തില്‍ ലേ-നിമു റോഡിന്‍റെ നിർമാണ വേളയില്‍ വിശുദ്ധ പാറ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ആദ്യം റോഡ്‌ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി​െവച്ച് പാറ നീക്കാന്‍ തീവ്രശ്രമം നടത്തി. പാറ നീങ്ങുന്നില്ല. എന്നു മാത്രമല്ല, രാത്രികളില്‍ പാറയെ തൊടരുതെന്ന വെളിപാട് സ്വപ്‌നം ഈ ജോലിയില്‍ ഏര്‍പ്പെട്ടവര്‍ക്കുണ്ടായി. സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് പാറ നീക്കാനുള്ള ശ്രമം നടന്നത്. ഒടുവില്‍ പാറ നീക്കല്‍ ശ്രമത്തില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്‍വാങ്ങി.

പിന്നീട്, നാട്ടുകാരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും ലാമകളുടെയും സഹായത്തോടെ ഗുരുദ്വാര വലുതാക്കി. ഏറ്റവും മികച്ച സിഖ് ആരാധനാലയങ്ങളിലൊന്നായ പഥര്‍ സാഹിബ് ഗുരുദ്വാരയായി അത്‌ പരിവര്‍ത്തിക്കപ്പെട്ടു. ഇവിടെ പ്രാര്‍ഥന നടത്താന്‍ എല്ലാ വിഭാഗം ജനങ്ങളും ഇന്ന്‌ എത്തുന്നുണ്ട്‌. ലാമ സന്യാസികള്‍ മുതല്‍ സൂഫികള്‍ വരെ ഇവിടെയെത്തുന്നു. ഗുരുദ്വാരയുടെ ഏറ്റവും പവിത്രമെന്ന്‌ കരുതപ്പെടുന്ന സ്ഥലത്ത്‌ ഗുരുനാനാക്കിന്‍റെ ശിരസ്സ്‌ പതിഞ്ഞ്‌ (മെഴുകു രൂപത്തിലായ പാറയിലാണ് ശിരസ്സ്‌ പതിഞ്ഞത്‌) കിടന്ന രൂപമുള്ള പാറക്കല്ല്‌ പ്രതിഷ്ഠിച്ചിട്ടുണ്ട്‌.

മിത്തുകള്‍ എങ്ങനെ രൂപപ്പെടുന്നു, അതിനെ സ്ഥിരീകരിക്കുന്ന ഭൗതികവസ്തുക്കള്‍ എങ്ങനെ ഉണ്ടാകുന്നു, ആ വിശ്വാസധാരയിലേക്ക്‌ വിശ്വാസികള്‍ എങ്ങനെ ഒഴുകിയെത്തുന്നു എന്നതിന്‌ ഉദാഹരണമാണ് പഥര്‍ ഗുരുദ്വാര. മിത്തുകളില്‍ വിശ്വാസത്തിനായുള്ള യുക്തികൂടി സന്നിവേശിപ്പിക്കാന്‍ കഴിയുന്നതിനും പഥര്‍ ഗുരുദ്വാര ഉദാഹരണംതന്നെ. മെഴുക്‌ പാറ, അതില്‍ തലയുടെ ഇടം പതിഞ്ഞ സ്ഥലമാണ് ഈ കഥയെ യുക്തിപരമാക്കുന്നത്. എന്തായാലും ആ കഥകള്‍ കേട്ട്‌ കുറച്ചുനേരം അവിടെ നടന്നു. അമൃത്‌സറിലെ സുവർണ ക്ഷേത്രത്തില്‍ പ്രവേശിക്കുമ്പോള്‍ ആണും പെണ്ണും തല മറക്കണമെന്നതുപോലെ ഇവിടെയും അത്‌ നിര്‍ബന്ധമാണ്.

തലമറക്കാനുള്ള കാവിത്തുണി ഗുരുദ്വാരയുടെ പ്രവേശന കവാടത്തിലെ ഗ്ലാസ് പെട്ടികളിലുണ്ട്‌. അതില്‍നിന്നും എടുക്കാം. തിരിച്ചു വരുമ്പോള്‍ അവിടെത്തന്നെ നിക്ഷേപിക്കണം. അതുപോലെ ഗുരുദ്വാരയിലേക്ക്‌ പ്രവേശിക്കുമ്പോഴുള്ള ചെറിയ വെള്ളച്ചാലുകളില്‍ കാലുകള്‍ നനച്ചതിനുശേഷം വേണം അകത്തു കയറാന്‍. സുവർണ ക്ഷേത്രത്തിലും അങ്ങനെ തന്നെ. ഗുരുദ്വാരയിലേക്ക് പ്രവേശിക്കുന്നിടത്ത് സൗജന്യമായും ചായയും കുടിവെള്ളവും മധുരപലഹാരങ്ങളും കിട്ടും. അകത്ത് നല്ല മധുരമുള്ള പ്രസാദവും കിട്ടും. പ്രസാദവും ചായയും എല്ലാം നല്‍കുന്നത് സൈനികരാണ്, അല്ലെങ്കില്‍ അവരുടെ മേല്‍നോട്ടത്തിലാണ്. ഉച്ചക്കും ഇവിടെ ഭക്ഷണമുണ്ട്. ഭക്ഷണവിതരണം, പാത്രം കഴുകല്‍ എന്നിവയില്‍ ഇവിടെയെത്തുന്നവരും പങ്കെടുക്കുന്നു. ഗുരുദ്വാരക്ക് നല്‍കുന്ന സേവനമായാണ് ഇത് പരിഗണിക്കുക.

ഗുരുനാനാക്ക് തിബത്തില്‍ പോയതായാണ് പറയുന്നത്. തിബത്തന്‍ ബുദ്ധസന്യാസിമാര്‍ അദ്ദേഹത്തെ ദിവ്യനായി കാണുന്നു. അതുകൊണ്ടു കൂടിയാണ് ഈ ഗുരുദ്വാരയില്‍ ലാമമാരും പ്രാര്‍ഥിക്കാനെത്തുന്നത്. ഗുരദ്വാരയെക്കുറിച്ചുള്ള മിത്ത് വലിയൊരു ബോര്‍ഡില്‍ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ധാരാളം പേര്‍ ഗുരുദ്വാരയിലെത്തുന്നു. പ്രാര്‍ഥിക്കുന്നു. പണപ്പെട്ടിയില്‍ സംഭാവനകള്‍ ഇടുന്നു. എല്ലായിടത്തും സൈനിക സാന്നിധ്യമുണ്ട്. ഗുരുദ്വാരയുടെ എതിര്‍വശത്ത്‌ ഭൂതം ഗുരുനാനാക്കിനു മേല്‍ പാറ ഉരുട്ടിയിട്ട കുന്നുണ്ട്‌. അവിടേക്ക്‌ കയറാന്‍ ഇരുമ്പ്‌ റെയിലിങ്ങിന്‍റെ സംരക്ഷണത്തിലുള്ള നിരവധി പടവുകളുമുണ്ട്. ഗുരുദ്വാരയില്‍നിന്നും ലേയിലേക്ക് മടങ്ങുമ്പോള്‍ ഒരിടത്ത് നിരവധിപേര്‍ കൂടിനില്‍ക്കുന്നു. ധാരാളം വാഹനങ്ങളുമുണ്ട്.

അതൊരു കാന്തക്കുന്നാണെന്ന ഒരു ബോര്‍ഡും അവിടെയുണ്ട്. ശ്രീനഗര്‍-ലേ റോഡിലാണ് ഈ കാന്തക്കുന്ന്. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളില്‍ ഇത്തരം സ്ഥലങ്ങള്‍ മുമ്പ് കണ്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ വണ്ടികള്‍ താനെ മുന്നോട്ടു പോകും. ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകതകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. ന്യൂട്രലിലുള്ള വാഹനം 10-15 കിലോമീറ്റര്‍ വേഗത്തില്‍ ഉയരം തനിയെ കയറുന്ന പ്രതിഭാസമാണത്. പൊതുവെ കാന്തികത രാവിലെ എട്ടു മുതല്‍ അഞ്ചു വരെയാണ് കാണാറുള്ളതെന്ന് ഇവിടത്തുകാര്‍ പറയുന്നു.

ഏതായാലും ഞങ്ങള്‍ക്ക് ഈ കാന്തിക അനുഭവം ഉണ്ടായില്ല. ഭൂമിയില്‍നിന്നും സ്വര്‍ഗത്തിലേക്കുള്ള പാതയാണിതെന്നാണ് പ്രാദേശിക വാസികളുടെ വിശ്വാസം. വാഹനങ്ങള്‍ കയറ്റം കയറി ഇറങ്ങുന്ന തരത്തിലുള്ള ഒപ്റ്റിക്കല്‍ വിഷന്‍ ആണ് ഇവിടെയുണ്ടാകുന്നതെന്നും ചിലര്‍ വിശദീകരിക്കുന്നു. അതായത് വാഹനം യഥാര്‍ഥത്തില്‍ നീങ്ങുന്നില്ല, അങ്ങനെ തോന്നുക മാത്രമാണ് ചെയ്യുന്നതെന്നാണ് ഈ വിശദീകരണം. എന്തായാലും ആ സ്ഥലത്ത് നിരവധിയാളുകളുണ്ട്. ഞങ്ങളെപ്പോലെ അവരും കാന്തികത അനുഭവിക്കാന്‍ കഴിയാത്തതിലുള്ള നിരാശയിലാണ്.

 

സിയാച്ചിന്‍ സൈനികന് ഉപയോഗിക്കേണ്ടിവരുന്ന കെട്ടുകളും കൊളുത്തുകളും. വസ്ത്രത്തില്‍ മുതല്‍ ടെന്‍റ്‌ നിര്‍മാണത്തില്‍വരെ വേണ്ട സാധനങ്ങള്‍. സിയാച്ചിന്‍ സൈനികന്‍റെ  നിത്യജീവിതത്തിന്‍റെ ഭാഗമാണിത്.

സമാധാനത്തിന്​ പ്രാര്‍ഥിക്കുന്ന ശാന്തിസ്തൂപം

ലേയില്‍ ലോക സമാധാനത്തിനായി സ്ഥാപിക്കപ്പെട്ട ശാന്തി സ്തൂപവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. വെള്ള നിറത്തിലുള്ള കുംഭകളാണ് ശാന്തി സ്തൂപത്തിന്. ചാന്‍സ്പ എന്നു പേരുള്ള കുന്നിന്‍പുറത്താണ് ശാന്തി സ്തൂപം. 1991ല്‍ ജപ്പാന്‍കാരനായ ബുദ്ധഭിക്ഷു ഗ്യോമ്യോ നകുമുറയാണ് ഈ സ്തൂപം സ്ഥാപിക്കാന്‍ മുന്‍ കൈയെടുത്തത്. ശാന്തി സ്തൂപത്തിനടിയില്‍ ബുദ്ധന്‍റെ ശരീരാംശം (റിലിക്) ഉള്ളതായി വിശ്വസിക്കപ്പെടുന്നു. ഇപ്പോഴത്തെ ദലൈലാമയുടെ കാര്‍മികത്വത്തിലാണ് ഈ റിലിക് സ്തൂപത്തിന് അടിയില്‍ നിക്ഷേപിച്ചതെന്നാണ് പറയുന്നത്. ശ്രീലങ്കയില്‍ ഒരു ബുദ്ധവിഹാരത്തില്‍ ബുദ്ധന്‍റെ പല്ല് ഉള്ളതായി പറയാറുണ്ടല്ലോ. എന്നാല്‍, ഇവിടെ ശരീരഭാഗം ഏതെന്ന് പറയുന്നില്ല. തിബത്തന്‍ ബുദ്ധിസത്തില്‍ താന്ത്രികതയുടെയും അതുവഴിയുള്ള നിഗൂഢതകളുടെയും പലവഴികള്‍ കൂടിയുണ്ട്. അത്തരത്തിലൊന്നാണ് ശാന്തി സ്തൂപവുമായി ബന്ധപ്പെട്ട് കേള്‍ക്കാന്‍ കഴിയുന്ന റിലിക് പരാമര്‍ശം എന്നു തോന്നുന്നു.

രണ്ടു നിലകളിലായാണ് സ്തൂപം നിർമിച്ചിരിക്കുന്നത്. ആദ്യനിലയില്‍ വളരെ വലുപ്പത്തിലുള്ള ധര്‍മചക്രം കാണാം. ധര്‍മചക്രത്തിന്‍റെ ഇടത്-വലത് വശങ്ങളില്‍ രണ്ടു മാനുകള്‍. സാരനാഥിലെ ബുദ്ധന്‍റെ ആദ്യ പ്രഖ്യാപനത്തെ ഓർമിപ്പിക്കുന്നതാണ് ഈ മാനുകള്‍. സാരനാഥില്‍ ബുദ്ധന്‍റെ ആദ്യ ധർമപ്രഭാഷണം ധര്‍മത്തിന്‍റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്നതിനെക്കുറിച്ചായിരുന്നു. കുലീനമായ സത്യം, ബുദ്ധിസത്തിലേക്കുള്ള എട്ടു പാതകള്‍ എന്നിവയെക്കുറിച്ച് പറയുമ്പോഴാണ് ധർമചക്രത്തില്‍നിന്ന് അദ്ദേഹം പ്രഭാഷണ-പ്രഖ്യാപനം തുടങ്ങിയത്. ഇരുഭാഗത്തും രണ്ടു മാനുകളുള്ള നിലയിലാണ് ബുദ്ധന്‍ ധർമചക്രം സങ്കൽപിച്ചത്.

അതുകൊണ്ടാണ് ലേയിലെ ശാന്തിസ്തൂപത്തിലും മാനുകളെ കാണുന്നത്. ബുദ്ധിസത്തിലെ വിവിധ സെക്ടുകള്‍ക്ക് ധർമചക്രത്തിന്‍റെ എണ്ണത്തില്‍ വ്യത്യാസമുണ്ട്. തിബത്തന്‍ ബുദ്ധിസത്തില്‍ എട്ടു ചക്രങ്ങളാണുള്ളത്. ശാന്തി സ്തൂപത്തിലും എട്ടു ചക്രങ്ങളുള്ള ധർമചക്രമാണുള്ളത്. സ്തൂപത്തിന്‍റെ രണ്ടാം നിലയില്‍ ബുദ്ധന്‍റെ മൂന്ന് രൂപങ്ങള്‍ കാണാം. ബുദ്ധന്‍റെ ജനനം, മരണം, തിന്മകളെ പരാജയപ്പെടുത്തല്‍ എന്നിവയാണ് ഈ രൂപങ്ങളില്‍ കാണാനാവുക. വൃത്താകൃതിയിലുള്ള സ്തൂപത്തിന്‍റെ വശങ്ങളില്‍ ധ്യാനനിരതനായിരിക്കുന്ന ബുദ്ധന്‍റെ ചെറു രൂപങ്ങളും കാണാം. 12,000 അടി ഉയരത്തിലാണ് സ്തൂപം നിലനില്‍ക്കുന്നത്. അവിടെനിന്നും നോക്കുമ്പോള്‍ ലേയുടെയും പരിസരപ്രദേശങ്ങളുടെയും മനോഹരമായ കാഴ്ച കാണാം. തെളിഞ്ഞ ആകാശം ചിലപ്പോഴൊന്ന് മങ്ങും. വീണ്ടും തെളിയും. രാത്രിയില്‍ സ്തൂപം വെളിച്ചാലങ്കാരത്തില്‍ കുളിക്കും (രാവിലെ എട്ടു മുതല്‍ രാത്രി ഒമ്പതു മണി വരെയാണ് ശാന്തി സ്തൂപത്തിലേക്ക് പ്രവേശനം).

 

ഹാള്‍ ഓഫ് ഫെയിമിലെ പടക്കോപ്പുകള്‍

കുടുംബത്തിന്​ സൈനികന്‍റെ അവസാന കത്ത്

സിയാച്ചിന്‍ സൈനിക ഔട്ട് പോസ്റ്റില്‍ മൂന്നുമാസത്തെ ജോലിക്കുശേഷം മരവിച്ച് പ്രവര്‍ത്തനക്ഷമമല്ലാതായ വിരലുകളൊന്ന് മുറിച്ചുമാറ്റി നാട്ടിലേക്കു മടങ്ങിയ സൈനികനൊപ്പം യാത്ര ചെയ്യേണ്ടിവന്നതിനെക്കുറിച്ച്‌ ഒരു സുഹൃത്ത്‌ മുമ്പ്‌ പറഞ്ഞത് ഹാള്‍ ഓഫ്‌ ഫെയിമിലേക്ക്‌ കയറുമ്പോള്‍ ഓർമയില്‍ വന്നു. കൊടും മഞ്ഞില്‍ ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ജോലിയിലിരിക്കെയാണ് ആ സൈനികന്‍റെ വിരലുകള്‍ മരവിച്ചത്. ഏറ്റവും കഠിനമായ ഇടങ്ങളിലാണ് അതിര്‍ത്തികള്‍. അവിടെ ജോലിചെയ്യുന്ന സൈനികര്‍ ആ കാഠിന്യങ്ങളെ ശരീരത്തിലും മനസ്സിലും ഒരേപോലെ വഹിക്കുന്നു. ഹാള്‍ ഓഫ്‌ ഫെയിം ഇന്ത്യ-പാക്‌, ഇന്ത്യ-ചൈന, കാര്‍ഗില്‍ യുദ്ധങ്ങളുടെ മ്യൂസിയമാണ്. ലേയില്‍നിന്നും അൽപം ദൂരെയാണ് ഈ സൈനിക മ്യൂസിയം പ്രവര്‍ത്തിക്കുന്നത്‌.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച സൈനികന്‍ തന്‍റെ കുടുംബത്തിന് അവസാനമായി അയച്ച കത്ത്‌ ഇവിടെയുണ്ട്. ആ കത്ത് ഇങ്ങനെ വായിക്കാം:

പ്രിയപ്പെട്ട പപ്പാ, മമ്മ, സഹോദരങ്ങള്‍, മുത്തശ്ശി,

ഈ കത്ത് നിങ്ങള്‍ക്ക്‌ കിട്ടുമ്പോഴേക്കും ഞാന്‍ അപ്സരസ്സുകളുടെ ആതിഥ്യത്തിലായിരിക്കും. ഞാന്‍ ആകാശത്തുനിന്ന് നിങ്ങളെയെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കും.

എനിക്ക് ഖേദമില്ല, വീണ്ടും ഒരു മനുഷ്യനായി പുനര്‍ജനിച്ചാലും ഞാന്‍ സൈന്യത്തില്‍ ചേരും, എന്‍റെ രാഷ്ട്രത്തിനായി പോരാടും. കഴിയുമെങ്കില്‍, നാളെ നിങ്ങള്‍ക്കായി ഇന്ത്യന്‍ സൈന്യം എവിടെയാണ് യുദ്ധംചെയ്തതെന്ന് നോക്കൂ. അനാഥാലയത്തിലേക്ക് കുറച്ച് പണം സംഭാവന ചെയ്യുക, പ്രതിമാസം 50 രൂപ റുക്സാനക്ക് നല്‍കുകയും യോഗി ബാബയെ കാണുകയും ചെയ്യുക. ബിന്ധ്യക്ക് ആശംസകള്‍, മനുഷ്യരുടെ ഈ ത്യാഗം ഒരിക്കലും മറക്കരുത്. പപ്പാ നിങ്ങള്‍ക്ക്‌ അഭിമാനം തോന്നണം, അമ്മ എന്നോട് ക്ഷമിക്കണം (ഞാന്‍ അവളെ സ്നേഹിച്ചു).

ഞാന്‍ ചെയ്ത എല്ലാ തെറ്റിനും മാമാജി എന്നോട് ക്ഷമിക്കൂ. എനിക്ക്‌ അവസാന പോരാട്ടത്തിന് പോകേണ്ടതുണ്ട്‌.

നിങ്ങള്‍ക്കെല്ലാവര്‍ക്കും ആശംസകള്‍,

നിങ്ങളുടെ റോബിന്‍

ക്യാപ്റ്റന്‍ വിജയന്ത് ഥാപ്പര്‍

രക്തസാക്ഷിത്വ തീയതി: ജൂണ്‍ 28, 1999

കാര്‍ഗില്‍ യുദ്ധം.

അവാര്‍ഡുകള്‍: വീര്‍ചക്ര.

ഇവരെ നാം മറക്കരുത് എന്ന ഫോട്ടോഗാലറിയില്‍ വിവിധ യുദ്ധങ്ങളില്‍ മരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരുടെ ഫോട്ടോഗ്രാഫുകള്‍. സിയാച്ചിന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്കായുള്ള പ്രത്യേക സംരക്ഷിത കവചങ്ങളും വസ്ത്രങ്ങളും, പടക്കോപ്പുകളുടെ മാതൃകകള്‍ എന്നിവ കാണാം. കാര്‍ഗില്‍ യുദ്ധത്തെക്കുറിച്ചുള്ള വിശദമായ ഡെമണ്‍സ്ട്രേഷന്‍ മ്യൂസിയത്തില്‍ നടക്കുന്നുണ്ട്‌. കുന്നുകളും മലകളും പുഴകളും നിറഞ്ഞ ഭൂപ്രകൃതിയിലൂടെ എങ്ങനെയാണ് ഇന്ത്യന്‍ സൈന്യം നീങ്ങിയത്, വിജയിച്ചത് എന്നതിനെക്കുറിച്ച് സഞ്ചാരിസംഘങ്ങളോട്‌ ഒരു സൈനിക ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നു. സൈനിക നീക്കം നടന്ന സ്ഥലങ്ങളുടെ മിനിയേച്ചര്‍ പ്ലാസ്റ്റര്‍ ഓഫ്‌ പാരിസിലുണ്ടാക്കിയിട്ടുണ്ട്‌. അതില്‍ തൊട്ടുതൊട്ടാണ് വിശദീകരണം.

മ്യൂസിയം രണ്ടു നിലകളിലായി പ്രവര്‍ത്തിക്കുന്നു. ഒ.പി. വിജ യ് ഗാലറിയില്‍ പാകിസ്താന്‍-ചൈന സൈന്യങ്ങളില്‍ ഇന്ത്യ പിടിച്ചെടുത്ത ആയുധങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഓപറേഷന്‍ വിജയ് എന്ന ഡോക്യുമെന്‍ററി സിനിമയും ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. കാര്‍ഗില്‍ യുദ്ധത്തിന്‍റെ ഫോട്ടോഗാലറി, വിവിധ യുദ്ധങ്ങളുടെ വിശദാംശങ്ങള്‍ എന്നിവയും ഇവിടെയുണ്ട്. ലഡാക് ജനതയുടെ സംസ്കാരം വിളിച്ചോതുന്ന ഫോട്ടോഗാലറിയും കാണാം.

ഹാള്‍ ഓഫ് ഫെയിമില്‍ നില്‍ക്കുമ്പോള്‍ സാറയെയും ഹന്നയെയും ഏഴ് കിലോമീറ്റര്‍ മാത്രം അകലത്തുള്ള ലോകസമാധാനത്തിനായുള്ള ശാന്തി സ്തൂപത്തെക്കുറിച്ചും ഓര്‍ത്തു. ബുദ്ധന്റെയും ഗാന്ധിയുടെയും സമാധാനത്തിന്റെയും ശാന്തിയുടെയും പാതകള്‍ മനസ്സിലേക്ക്‌ വന്നു. ലോകത്തിന്‍റെ പല ഭാഗങ്ങളിലായി ഒന്ന്, രണ്ട്‌ ലോക യുദ്ധങ്ങളെക്കുറിച്ചുള്ള മ്യൂസിയങ്ങള്‍ കണ്ടത്‌ ഓര്‍ത്തു.

എത്രയോ അര്‍ഥരഹിതമായ യുദ്ധങ്ങള്‍ക്കു ശേഷവും മനുഷ്യരാശി നിത്യവും നിതാന്തവുമായ ആക്രമണങ്ങളിലും യുദ്ധങ്ങളിലും അതിന്‍റെ ആഖ്യാനങ്ങളിലും അഭിരമിക്കുന്നത് എന്തുകൊണ്ടായിരിക്കും എന്ന ഉത്തരമില്ലാത്ത ചോദ്യം ഹാള്‍ ഓഫ് ഫെയിമില്‍നിന്നും പുറത്തിറങ്ങുമ്പോള്‍ വന്നു പൊതിഞ്ഞു. യുദ്ധവും യുദ്ധവിജയങ്ങളും അന്തിമമായി വേദനയും മുറിവുകളും രക്തച്ചാലുകളും മാത്രം അവശേഷിപ്പിക്കുന്നു. യുദ്ധസ്‌മാരകങ്ങളും മ്യൂസിയങ്ങളും കണ്ടിറങ്ങുമ്പോള്‍ എല്ലായ്പോഴും തോന്നാറുള്ളത് ഇവിടെയും ആവര്‍ത്തിച്ചു. പതിവുപോലെ ശരീരത്തിലൂടെ വിറയലുകള്‍ പായാന്‍ തുടങ്ങി. ‘യുദ്ധവും സമാധാനവും’ വീണ്ടും വായിക്കാന്‍ ആഗ്രഹിച്ചു. തൊണ്ട വല്ലാതെ വരണ്ടു.

(തുടരും)

Tags:    
News Summary - weekly yathra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.