മണിഗാമില്‍നിന്ന് മുന്നോട്ടുപോകാന്‍ പറ്റില്ല. ചെക്ക് പോയന്‍റില്‍ എത്തുന്നതിന് 100 മീറ്റര്‍ മുമ്പ് വലതുവശത്ത് സൈനിക ക്യാമ്പുണ്ട്. നിങ്ങള്‍ക്ക് ഇന്ന് രാത്രി അവിടെ തങ്ങാം. രാവിലെ ചെക്ക് ഗേറ്റ് തുറന്നയുടന്‍ പോകാം. 60 കിലോമീറ്ററേ ഉള്ളൂ. നിങ്ങള്‍ക്ക് സമയത്തിന് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകും –ഇതായിരുന്നു ഞങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതിരുന്ന സന്ദേശം– ലഡാക് യാത്രാ പരമ്പരയുടെ അവസാന ഭാഗം.
രാജാവിന് ഇംഗ്ലീഷ് കേള്‍ക്കുമ്പോള്‍ നല്ല അരിശം വരുന്നുണ്ട്. 370 എന്നത് കൂടുതല്‍ ദേഷ്യംപിടിപ്പിക്കുന്നുണ്ട്. ആ അക്കം േകള്‍ക്കുമ്പോള്‍തന്നെ സ്വതവേ തുടുത്ത മുഖം കൂടുതല്‍ ചുകക്കുന്നു. മുഖഭാവം കൃത്യമാണ്, നിനക്ക് മറ്റൊന്നും ചോദിക്കാനില്ലേ എന്ന് തന്നെ. രാജഭരണത്തിന്‍റെ കഥ കേള്‍ക്കാന്‍ മുപ്പതോളം പേര്‍ താഴെ വിരിച്ച കമ്പളത്തിലിരിക്കുന്നുണ്ട്. ഞങ്ങളും അതില്‍തന്നെ ഇരുന്നു. രാജാവ് സിംഹാസനത്തിന്‍റെ മിനിയേച്ചറായി തോന്നിച്ച കസേരയിലാണിരിക്കുന്നത്. കൈയില്‍ വാക്കിങ് സ്റ്റിക്കുണ്ട്. അതിനിടെയാണ് അനില്‍ വേങ്കോട് ഒരു ചോദ്യം ഇംഗ്ലീഷില്‍ ചോദിച്ചത്.
അദ്ദേഹം മാത്രമല്ല, ചുറ്റും കൂടിയിരിക്കുന്നവരും ചോദ്യങ്ങളും ഉത്തരങ്ങളും ഹിന്ദിയില്‍ മാത്രമായിരിക്കണം എന്ന് ശഠിച്ചു. രാജാവിന് ഇംഗ്ലീഷ് അറിയാമെങ്കിലും അദ്ദേഹം ഭൂരിപക്ഷത്തിനൊപ്പമാണ്. ഇംഗ്ലീഷിലുള്ള ചോദ്യങ്ങളെ അവിടെയുണ്ടായിരുന്ന കൂട്ടം പരിഹാസച്ചിരിയില്‍ മുക്കി. പക്ഷേ, അനില്‍ കൃത്യം ചോദ്യം ഇംഗ്ലീഷില്‍തന്നെ ചോദിച്ചു. കശ്മീരിന് സ്വയം ഭരണാവകാശം നിഷേധിച്ചുകൊണ്ട് ആര്‍ട്ടിക്കിള്‍ 370 നീക്കിയതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? അത് തുര്‍ത്തുക്ക് ഉള്‍പ്പെടുന്ന ലഡാക്കിനെയും ബാധിക്കുന്ന കാര്യമാണല്ലോ.
രാജാവിന് ഇക്കാര്യത്തില്‍ സംശയമൊന്നുമില്ല, കേന്ദ്ര സര്‍ക്കാറിന്‍റെ ഏറ്റവും ഉചിതമായ തീരുമാനം, നിങ്ങള്‍ക്ക് യാബ്ഗോ രാജവംശത്തെക്കുറിച്ചോ ഈ കൊട്ടാരത്തെക്കുറിച്ചോ മ്യൂസിയത്തെക്കുറിച്ചോ എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ ആകാം –രാജാവ് പറഞ്ഞു. അതായത് 370 വഴിക്ക് സംസാരം കൊണ്ടുപോകാന്‍ രാജാവിന് താല്‍പര്യമുണ്ടായിരുന്നില്ല. ജനാധിപത്യത്തില്‍ പഴയ രാജവംശത്തില്‍പെട്ടവര്‍ എപ്പോഴും ഭൂതകാലത്തിലാണ് ജീവിക്കുക. വര്‍ത്തമാന കാലത്തിലെ ചോദ്യങ്ങളെല്ലാം അവരെ അരിശംപിടിപ്പിക്കും. കേരളത്തിലെ രാജാക്കന്‍മാരുടെയും രാജ്ഞിമാരുടെയും അവസ്ഥ മാത്രം നോക്കിയാല്‍ ഇപ്പറഞ്ഞത് എളുപ്പത്തില്‍ മനസ്സിലാക്കാം.
ഞങ്ങള്‍ തുര്‍ത്തുക്കിലെ യാബ്ഗോ രാജവംശത്തിന്‍റെ കൊട്ടാരം കാണാന്‍ പോയതായിരുന്നു. മുഹമ്മദ് ഖാന്‍ കാച്ചോ ആണ് കൊട്ടാരത്തിന്‍റെ ഇപ്പോഴത്തെ കസ്റ്റോഡിയന്‍. അതിനാല്‍തന്നെ രാജാവും. 15ാം നൂറ്റാണ്ടില്‍ പണിതതാണ് ഈ കൊട്ടാരം. ഒമ്പതാം നൂറ്റാണ്ടിലാണ് യാങ്ബോ സാമ്രാജ്യം ഉണ്ടായത്. അതിന്‍റെ ആസ്ഥാനം ഇന്നത്തെ ചൈനയിലെ സിന്‍ജ്യങ് പ്രവിശ്യയിലാണ്. യാര്‍ഖണ്ഡ് രാജവംശത്തിന്‍റെ കൈവഴികളിലൊന്നായിരുന്നു യാബ്ഗോ. മധ്യ ഏഷ്യയിലെ പ്രബല രാജവംശങ്ങളിലൊന്നും. ബാള്‍ട്ടിസ്‌താന്‍റെ ഭാഗവും. 1971 വരെ തുര്‍ത്തുക്ക് പാകിസ്താന്‍റെ ഭാഗമായിരുന്നു. 1971ലെ യുദ്ധത്തിനുശേഷം ഇന്ത്യയിലായി. പഴയകാലത്ത് ഇതുവഴി കടന്നുപോയ ചൈനീസ് സഞ്ചാരികള്‍ തുര്‍ത്തുക്കിനെക്കുറിച്ചും അവിടെ മാത്രം കാണാന്‍ കഴിഞ്ഞ മുസ്‌ലിം രാജവംശത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. ചൈനീസ് വസ്ത്രങ്ങളണിഞ്ഞ ഇന്ത്യക്കാര്‍ എന്നും ഇവിടെയുള്ളവരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
ഏത് കൊട്ടാരവും കുറച്ചുനാള്‍കൊണ്ട് പുരാവസ്തുവാകും എന്നതുപോലെ രണ്ടു നിലയുള്ള ഈ കൊട്ടാരവും ഇപ്പോള്‍ 100 രൂപ ടിക്കറ്റെടുത്ത് കാണാം. കൊട്ടാരത്തെക്കുറിച്ചും രാജവംശത്തെക്കുറിച്ചും വിവരിക്കുന്നത് ഇപ്പോഴത്തെ രാജാവ് തന്നെ എന്നത് സഞ്ചാരികളെ തീര്‍ച്ചയായും കൂടുതല്‍ ആകര്‍ഷിക്കും.
കൊട്ടാരത്തിലേക്കുള്ള പ്രവേശന ടിക്കറ്റ് വില്‍ക്കുന്നത് ഒരു ചെറിയ പെണ്‍കുട്ടിയാണ്. മൂന്നിലോ നാലിലോ പഠിക്കുന്ന ഒരു കുട്ടി. കൈയിലുള്ള ടെക്‌സ്റ്റ് ബുക്കുകള്‍ അവള്‍ ഇടക്കിടെ മറിച്ചുനോക്കുന്നുണ്ട്. കൊട്ടാരവാതിലില്‍ മരത്തില്‍ തീര്‍ത്ത സാമാന്യം വലുപ്പമുള്ള കഴുകന്‍റെ രൂപമുണ്ട്. അതിനു മുകളിലായി ഇന്ത്യന്‍ പതാകയും. കഴുകനെ ഒരു മൂര്‍ത്തിയായി യാബ്‌ഗോ ഭരണാധികാരികള്‍ കണ്ടു. തിന്മയില്‍നിന്നും ശത്രുക്കളില്‍നിന്നും ഈ മൂര്‍ത്തി തങ്ങളെ രക്ഷിക്കുമെന്ന വിശ്വാസവും അവര്‍ക്കുണ്ടായിരുന്നു. അവരുടെ എല്ലാ കൊട്ടാരവാതിലുകളിലും അതിനാല്‍ ചിറകു വിരിച്ചു നില്‍ക്കുന്ന കഴുകന്‍റെ രൂപമുണ്ടായിരുന്നു.
യാബ്‌ഗോ കാലത്ത് അഫ്ഗാനിസ്താന്‍, ചൈന, തിബത്ത്, മധ്യ ഏഷ്യ വരെ വ്യാപാര-രാഷ്ട്രീയ ബന്ധങ്ങള്‍ ഈ സാമ്രാജ്യത്തിനുണ്ടായിരുന്നതായി കാണാം. തുര്‍ത്തുക്കിന് വിഭജനത്തിന്റെയും കൂട്ടിച്ചേര്‍ക്കലുകളുടെയും പുനഃസംവിധാനങ്ങളുടെയും ദീര്‍ഘ ചരിത്രമുണ്ട്. 9ാം നൂറ്റാണ്ടില്‍ ബാള്‍ട്ടിസ്താന്‍റെ ഭാഗമാക്കിക്കൊണ്ട് തുര്‍ത്തുക്കിനെ പ്രഖ്യാപിച്ചത് യാബ്‌ഗോ രാജവംശത്തിലെ അന്നത്തെ ഭരണാധികാരിയാണ്. തിബത്തില്‍നിന്നും വേർപെടുത്തി ഈ പ്രദേശത്തെ യാബ്ഗോ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കുകയായിരുന്നു. പിന്നീട് ജമ്മുവില്‍നിന്നുള്ള ഡോഗ്ര ഭരണാധികാരികള്‍ തുര്‍ത്തുക്കിനെ തങ്ങളുടെ ഭാഗമാക്കി. 1947ല്‍ ഇന്ത്യയും പാകിസ്താനും ഉണ്ടായി. ബാള്‍ട്ടിസ്താന്‍ പാകിസ്താനിലായി. 1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ തുര്‍ത്തുക്ക് അടക്കം മൂന്ന് അതിര്‍ത്തി ഗ്രാമങ്ങള്‍ ഇന്ത്യയുടെ ഭാഗമായി. വിഭജനത്തിനു മുമ്പ് ബാള്‍ട്ടിസ്താന്‍ ഒരു പ്രത്യേക രാജ്യമായിരുന്നു.
മധ്യേഷ്യനായ യാബ്ഗോ രാജവംശം ചൈനീസ് തുര്‍ക്കിസ്താനില്‍നിന്ന് ബാള്‍ട്ടിസ്താന്‍ എന്ന ഏകീകൃത പ്രവിശ്യയെ നിയന്ത്രിച്ചു. പടിഞ്ഞാറന്‍ തുര്‍ക്കിസ്താനിലെ ഭരണാധികാരികളില്‍, യാബ്ഗോ കുടുംബപ്പേര് അഫ്ഗാനിസ്താന്‍ മുതല്‍ തുര്‍ക്കിസ്താന്‍ വരെ വ്യാപിച്ചുകിടക്കുന്ന ഗാസ് ഗോത്രങ്ങളുടെ നേതാവ് തുങ്ങ് രാജകുമാരനില്‍നിന്നും ലഭിച്ചതാണ്. 800 സി.ഇയിലായിരുന്നു ഇത്. തുങ്ങിന്‍റെ പത്താമത്തെ പിന്‍ഗാമിയായ ബേഗ് മാന്താള്‍ യാര്‍ഖണ്ഡില്‍നിന്ന് (ആധുനിക ചൈനയുടെ ഒരു ഭാഗം) വന്ന് ഇന്നത്തെ ഇന്ത്യയിലെ ചില ഭാഗങ്ങള്‍ കീഴടക്കി. 1834ല്‍ ജമ്മുവിലെ ദോഗ്ര ഭരണാധികാരികള്‍ ലഡാക് പിടിച്ചടക്കുന്നതുവരെ യാബ്‌ഗോ രാജവംശത്തിന്‍റെ ഭരണം നീണ്ടുനിന്നു. കല, കവിത, സാഹിത്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഈ രാജവംശത്തിനുണ്ടായിരുന്നത്.
ഇന്നത്തെ രാജാവ് ഒരു ചോദ്യത്തില്‍ പ്രകോപിതനായെങ്കിലും ഒരര്‍ഥത്തില്‍ അദ്ദേഹവും ഇന്ത്യ-പാക് വിഭജനത്തിന്‍റെ ഇരയാണ്. മുഹമ്മദ് ഖാന്‍ കാച്ചോയുടെ കുടുംബത്തിലെ പലരും അതിര്‍ത്തി രേഖക്കപ്പുറം പാകിസ്താനിലാണ്. തുര്‍ത്തുക്കില്‍നിന്നും രണ്ടോ മൂന്നോ ഗ്രാമങ്ങള്‍ അകലെ. അവരെ കാണുക അദ്ദേഹത്തെ സംബന്ധിച്ച് ഇന്ന് അസാധ്യമായ കാര്യമാണ്. അതിനെക്കുറിച്ച് കാച്ചോയുമായി സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. സംസാരത്തിലുണ്ടായ ആദ്യ പ്രകോപനം അദ്ദേഹത്തെ വീണ്ടും സമീപിക്കുന്നതില്‍നിന്നും ഞങ്ങളെ തടഞ്ഞു. 1971 യുദ്ധത്തിന്‍റെ അനുഭവങ്ങളും ഓർമകളുമുള്ളയാളാണ് കാച്ചോ. അദ്ദേഹത്തിന് തീര്‍ച്ചയായും അതിനെക്കുറിച്ച് സംസാരിക്കാന്‍ ഉണ്ടാകും.
യാഗ്ബോ കൊട്ടാരത്തിലെ കഴുകന്‍ ശിൽപം,വഴിയരികില്‍ ശിയാ മുസ്‌ലിംകള്‍ സ്ഥാപിച്ച ഖുമൈനി/ ഖാംനഇ പോസ്റ്റര്‍ (അനില്‍ വേങ്കോട്)
ബാള്‍ട്ടിസ്താന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ ഒരു കവി കൂടി കടന്നുവരുന്നുണ്ട്. 13ാം നൂറ്റാണ്ടില്‍ ഇറാനില്‍നിന്നുള്ള കവിയും ഇസ്‍ലാമിക പണ്ഡിതനുമായ മിര്‍ സയ്യിദ് അലി ഹമദാനി എത്തുമ്പോള്‍ ബാള്‍ട്ടിസ്താന്‍ ബുദ്ധമത മേഖലയായിരുന്നു. ഹമദാനിയുടെ പ്രവര്‍ത്തനങ്ങളാണ് മേഖലയില്‍ ഇസ്‌ലാമിന്‍റെ പ്രചാരണത്തിന് ഇടയാക്കിയത്. തുര്‍ത്തുക്കിലൂടെ നടക്കുമ്പോള്‍ ഹമദാനിയുടെ കാലത്ത് ഇവിടെ നിർമിച്ച പഴയ മുസ്‌ലിം പള്ളി കാണാം. പള്ളി ആദ്യം നിർമിച്ചതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. എന്നാല്‍ 1690ല്‍ മസ്ജിദ് നവീകരിച്ചതിന് കൃത്യമായ രേഖകളുണ്ട്.
നുബ്രവാലിയിലുള്ള തുര്‍ത്തുക്കിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അതുവരെ കാണാത്ത ഒരു ദൃശ്യം കണ്ടുതുടങ്ങിയിരുന്നു. തലയില്‍ മുഖമക്കന ധരിച്ച് അറബ് കിതാബുകളുമായി പോകുന്ന പെണ്‍കുട്ടികളായിരുന്നു ആ കാഴ്ച. കൂടുതല്‍ യാത്ര ചെയ്തപ്പോള്‍ അത് കൂടുതല്‍ വെളിപ്പെട്ടു. തുര്‍ത്തുക്ക് ബുദ്ധമത വിശ്വാസികള്‍ക്കിടയിലെ ഒരു മുസ്‌ലിം ഗ്രാമമാണ്. ഒരിടത്ത് ശിയാ മുസ്‌ലിംകളുടെ ഖുമൈനി/ ഖാംനഇ പോസ്റ്ററും ബുദ്ധമത വിശ്വാസികളുടെ പ്രാര്‍ഥനാ കൊടികളും റോഡിന് ഇരുവശത്തായി നില്‍ക്കുന്നതും കണ്ടു. രണ്ടു വിശ്വാസങ്ങള്‍ സംവാദത്തിലേര്‍പ്പെടുകയാണെന്ന് തോന്നും ആ കാഴ്ച കണ്ടാല്‍. തുര്‍ത്തുക്കിലെ മുസ്‌ലിംകള്‍ സൂഫി ഇസ്‌ലാമിലെ നൂര്‍ബക്ഷി ധാരയെ പിന്തുടരുന്നവരാണ്.
കാച്ചോ യാബ്‌ഗോ കൊട്ടാരം ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. അദ്ദേഹം സന്ദര്‍ശകരോട് കാര്യങ്ങള്‍ വിശദീകരിക്കുന്നത് യാബ്ഗോ സാമ്രാജ്യത്തിലെ രാജാക്കന്‍മാരുടെ വംശാവലി ചാര്‍ട്ടിനരികിലിരുന്നാണ്. തുടക്കം മുതല്‍ ഏറ്റവും ഒടുവില്‍ അദ്ദേഹത്തിന്‍റെ പേരു വരെയുള്ളതാണ് വംശാവലിപ്പട്ടിക. യാഗ്‌ബോ രാജവംശത്തിന്‍റെ വേനല്‍ക്കാല കൊട്ടാരമായിരുന്നു ഇത്. കാച്ചോയുടെ മകന്‍ ബിസിനസുകാരനാണ്. ഇല്ലാത്ത രാജവംശത്തിലെ കുടുംബവൃക്ഷത്തില്‍ അദ്ദേഹത്തിന് വലിയ താല്‍പര്യമില്ലെന്ന് പിന്നീട് ഭക്ഷണവേളയില്‍ ഒരു തുര്‍ത്തുക്ക് വാസി ഞങ്ങളോട് പറഞ്ഞു. കാച്ചോ ഇന്ത്യന്‍ സൈന്യത്തിന് പഴങ്ങളും പച്ചക്കറികളും വില്‍ക്കുന്ന ബിസിനസും ചെയ്യുന്നുണ്ട്. അദ്ദേഹം ഒരു വായനക്കാരനും എഴുത്തുകാരനുംകൂടിയാണ്.
കൊട്ടാര മ്യൂസിയത്തില്‍ പഴയകാല നാണയങ്ങളും ആയുധങ്ങളുമാണ് പ്രധാനം. പഴയ രാജാക്കന്‍മാരുടെ വസ്‌ത്രങ്ങളും പാദരക്ഷകളും തലപ്പാവുകളും കാണാം. അവിടെക്കണ്ടതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് ഒരു പുള്ളിപ്പുലിക്കെണിയാണ്. കൊട്ടാരത്തിനു ചുറ്റുമുള്ള മലമ്പള്ളകളിലും വനപ്രദേശങ്ങളിലും ഇന്നും പുള്ളിപ്പുലികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. അതിന്‍റെ ഭാഗമാകണം രാജകൊട്ടാരത്തിലെ ഈ പുള്ളിപ്പുലിക്കെണി. യാബ്‌ഗോ കാലത്ത് വന്യമൃഗ പ്രശ്നത്തിലും അന്നത്തെ രാജാവ് തീര്‍ച്ചയായും ഇടപെട്ടിട്ടുണ്ടായിരിക്കും. അതിന്‍റെ ഓർമക്കായിരിക്കണം കൊട്ടാരത്തില്‍ ഇന്നും അവശേഷിക്കുന്ന ഈ കെണി. പഴയ മണ്‍-ലോഹ പാത്രങ്ങള്‍, മഷി കൂട്ടുന്ന പാത്രങ്ങള്‍, പെയിന്‍റിങ്ങുകള്‍, കാട്ടാടിനെേപ്പാലെ തോന്നിച്ച മൃഗങ്ങളുടെ കൊമ്പ്... അങ്ങനെ നിരവധി സാധനങ്ങള്‍ മ്യൂസിയത്തിലുണ്ട്.
അതോടൊപ്പം ഈ രാജവംശത്തിന്‍റെ കുടുംബചരിത്രം പറയുന്ന രേഖകളും അവിടെയുണ്ട്. രേഖകള്‍ കണ്ടപ്പോള്‍ അവയില്‍ പറയുന്ന കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. പക്ഷേ, അതിലുള്ള ഭാഷ മനസ്സിലാക്കാന്‍ ഒരു വഴിയുമില്ല. അപ്പോള്‍ ദറീദയുടെ ‘ആര്‍ക്കൈവ് ഫീവര്‍: എ ഫ്രോയിഡിയന്‍ ഇംപ്രഷന്‍’ എന്ന ദീര്‍ഘലേഖനം ഓർമയിലേക്കു വന്നു. പുരാരേഖകള്‍ കാണുമ്പോള്‍ അതിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കാനായി നടത്തുന്ന ജ്വരസമാനമായ ശ്രമങ്ങളെ ദറീദ ഈ പ്രബന്ധത്തില്‍ ഫ്രോയിഡിന്‍റെ ആശയങ്ങളും രൂപകങ്ങളും ഉപയോഗിച്ച് വിലയിരുത്താന്‍ ശ്രമിക്കുകയാണ്.
ആര്‍ക്കൈവ് എന്നതിന് ഓർമ എന്ന അര്‍ഥം കൂടി നല്‍കിയാണ് ഈ ചിന്തകന്‍ തന്‍റെ ആശയം വ്യക്തമാക്കുന്നത്. ഇ-മെയിലുകളെ മുന്‍നിര്‍ത്തി ഇലക്ട്രോ ണിക് ആര്‍ക്കൈവിങ് എന്ന ആശയവും ഈ പ്രബന്ധം ചര്‍ച്ചചെയ്യുന്നുണ്ട്. പുരാരേഖകള്‍ കാണുമ്പോള്‍ എന്തുകൊണ്ടോ എപ്പോഴും ദറീദയും ആര്‍ക്കൈവല്‍ ഫീവറും മനസ്സിലേക്ക് വരും. ഇവിടെയും അതുതന്നെ സംഭവിച്ചു, അതില്‍ അത്ഭുതമേതുമില്ല.
കൊട്ടാരം വിട്ട് പോരുമ്പോള്‍ വരാന്തയില്‍ ഒരു ലാമ സന്യാസിയെ കണ്ടു. വളരെ പ്രസന്നനും യുവാവുമായ ഒരു ലാമ. ഹലോ പറഞ്ഞപ്പോള്‍ അദ്ദേഹം സുഖമല്ലേ എന്നു ചോദിച്ചു, ഹസ്തദാനം നടത്തി. അദ്ദേഹം പേരു പറഞ്ഞു, ഖരം ജംസു. ധര്‍മശാലയിലാണ്. കുറച്ചു ദിവസം ലഡാക്കിലൂടെ യാത്രചെയ്യുന്നു. അങ്ങനെ തുര്‍ത്തുക്കില്‍ എത്തി. ഇവിടെയുള്ള മൊണാസ്ട്രിയില്‍ വന്നപ്പോള്‍ കൊട്ടാരത്തെക്കുറിച്ച് കേട്ടു. ഇവിടെയും ഒന്ന് കാണാമല്ലോ എന്നു കരുതി വന്നതാണ്. ഖരം ജംസുവിന്‍റെ ചിരി മനോഹരമാണ്. ധര്‍മശാലയില്‍നിന്നാണ് എന്നു കേട്ടപ്പോള്‍ ദലൈലാമയുടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു.
അദ്ദേഹം ആരോഗ്യത്തോടും ഊര്‍ജസ്വലതയോടും ഇരിക്കുന്നുവെന്ന് ലാമ സന്യാസി പറഞ്ഞു. തിബത്തന്‍ പ്രവാസ സര്‍ക്കാറിന്റെയും ദലൈലാമയുടെയും (ദലൈലാമ ഇപ്പോള്‍ ആത്മീയ കാര്യങ്ങള്‍ മാത്രം ശ്രദ്ധിക്കുന്നു, തിബത്തന്‍ രാഷ്ട്രീയ കാര്യങ്ങള്‍ പഴയതുപോലെ അദ്ദേഹം നിയന്ത്രിക്കുന്നില്ല, പ്രായംതന്നെയാണ് കാരണം, അദ്ദേഹത്തിന് 89 വയസ്സായി) ആസ്ഥാനം ധര്‍മശാലയാണ്. ഖരം ജംസു കേരളത്തില്‍ വന്നിട്ടില്ല. എന്നാല്‍, കര്‍ണാടകയിലെ ബൈരക്കുപ്പയിലെ കുശാല്‍നഗറിലെ തിബത്തന്‍ മൊണാസ്ട്രിയിലും അതിന്‍റെ ഭാഗമായുള്ള സർവകലാശാലയിലും സുവർണ ക്ഷേത്രത്തിലും വന്നിട്ടുണ്ട്. കണ്ടതിലുള്ള സന്തോഷം പരസ്പരം പങ്കിട്ട് ഞങ്ങള്‍ പിരിഞ്ഞു.
മുഹമ്മദ് ഖാന്‍ കാച്ചോ തുര്‍ത്തുക്കിലെ യാഗ്ബോ കൊട്ടാരത്തില്‍ (ഫോട്ടോ: ബെന്യാമിന്‍),ധര്‍മശാലയില്‍നിന്ന് തുര്‍ത്തുക്ക് സന്ദര്‍ശിക്കാനെത്തിയ ലാമ സന്യാസി ഖരം ജംസു (ഫോട്ടോ: സുധീഷ് രാഘവന്‍)
തുര്‍ത്തുക്ക് ഇടുങ്ങിയ, കല്ലുപാകിയ ഇടവഴികള്‍ നിറയെയുള്ള ഒരിടമാണ്. പഴയ മരവാതിലുകളും ജനലുകളുമുള്ള വീടുകള്‍. അത്തരം ഇടവഴികളില്‍ ശബ്ദമുണ്ടാക്കുന്നത് സഞ്ചാരികള്‍ മാത്രമാണ്. വെള്ളച്ചാലുകള്‍, അതില്‍നിന്നും വെള്ളമെടുത്ത് വസ്ത്രങ്ങള്‍ അലക്കുന്ന സ്ത്രീകള്‍ –അവരെല്ലാം നിശ്ശബ്ദരായി തങ്ങളുടെ ജോലികളില്‍ മുഴുകുന്നു. ഇടക്ക് ആ പ്രദേശത്ത് ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം പള്ളിമിനാരങ്ങളില്‍നിന്നുള്ള ബാങ്ക് വിളിയാണ്. തുര്‍ത്തുക്കിലെ അങ്ങാടിയില്‍ ഷയോക്ക് നദി ഒഴുകുന്നു. അതിന് കുറുകെ മനോഹരമായ ഒരു പാലമുണ്ട്. പാലത്തിന്‍റെ ഒരു കരയില്‍ ഒരു ബുദ്ധ മൊണാസ്ട്രി. മറുകരയില്‍ ഒരു മസ്‌ജിദ്. രണ്ടു വിശ്വാസങ്ങളിലേക്ക് പോകാന്‍ ഒരേ പാലമാണ്. പാലങ്ങളിലൂടെ വിശ്വാസങ്ങള്‍ സഞ്ചരിക്കുന്നത് നോക്കിനില്‍ക്കുമ്പോള്‍ കൃത്യമായ ഒരു ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് ഷയോക്ക് നദിയും ഒഴുകുന്നത് എന്ന് അനുഭവപ്പെട്ടു.
പാടങ്ങളും പഴത്തോട്ടങ്ങളും നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് ഈ ഗ്രാമം. ആപ്പിളും ആപ്രിക്കോട്ടും വിളയുന്ന തോട്ടങ്ങള്‍ കണ്ടു നിന്നുപോകും. ആപ്പിളുകള്‍ വിളയാന്‍ തുടങ്ങുന്നതേയുള്ളൂ. ആപ്രിക്കോട്ട് മരങ്ങളില്‍ തൂങ്ങിക്കിടക്കുന്നുമുണ്ട്. വലിയ ഭക്ഷണവൈവിധ്യമുള്ള സ്ഥലംകൂടിയാണ് ഈ ഗ്രാമം. ആട്ടിറച്ചിയുടെ സമൃദ്ധിയുള്ള നോൺ-വെജ് ഭക്ഷണങ്ങള്‍ ഇവിടത്തെ പ്രത്യേകതയാണ്. പലപ്പോഴും സ്റ്റാര്‍ട്ടറായി ലഭിക്കുക തുക്പ എന്നു പേരുള്ള ഒരു സൂപ്പാണ്. ആട്ടിറച്ചികൊണ്ടുള്ള നൂഡില്‍സ് സൂപ്പാണിത്. ചിലപ്പോള്‍ പച്ചക്കറി മാത്രം ഉപയോഗിച്ചും ഈ സൂപ്പ് ഉണ്ടാക്കാറുണ്ട്. തുര്‍ത്തുക്കിലെ ഹോട്ടലുകളിലും റസ്റ്റാറന്‍റുകളിലും ഇത് ലഭ്യമാണ്. സ്കുയു ഒരു പാസ്തയാണ്.
ധാന്യപ്പൊടിയും പച്ചക്കറി വേരുകളും ചേര്‍ത്താണ് ഈ തുര്‍ത്തുക്ക് പാസ്തയുണ്ടാക്കുന്നത്. ചുതാഗി എന്ന പേരിലുള്ള പാസ്തയും ഇതിനോട് സമാനമായതുതന്നെ. ആപ്രിക്കോട്ടിന്റെയും മള്‍ബറിയുടെയും ജാമും ചപ്പാത്തിയും മറ്റൊരു രുചി നല്‍കുന്നു. യാക്ക് ചീസ് ലഡാക്കില്‍ എവിടെയും കിട്ടും. പക്ഷേ, തുര്‍ത്തുക്കിലെ യാക്ക് ചീസിന് വലിയ പേരാണ്. വിപണിയില്‍ ഒരു ബ്രാന്‍ഡായിത്തന്നെ ഈ ചീസ് ലഭിക്കും. ബട്ടര്‍ ചായയും രുചികരം. പലപ്പോഴും ഇവിടെയുള്ള ഹോട്ടലുകളില്‍ പ്രാതലായി ലഭിക്കുക ബാര്‍ലി കഞ്ഞിയായിരിക്കും. പ്രാദേശികമായി കൃഷിചെയ്യുന്ന ബാര്‍ലിയും ഉണക്കിയ പഴങ്ങളും ചേര്‍ത്താണ് ഈ കഞ്ഞിയുണ്ടാക്കുന്നത്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വിവിധ രുചികളുടെ കഥ കൂടി പറയുകയാണ് തുര്‍ത്തുക്ക്.
തുർത്തുക്കില്‍നിന്ന് ലേയിലേക്കുള്ള വഴിയില്‍ ഒരു കുന്നിന്‍ മുകളില്‍നിന്ന് താഴേക്ക് ഓടിയിറങ്ങുന്ന വലിയൊരു ഇന്ത്യന്‍ സൈനിക സംഘത്തെ കണ്ടു. കൈയില്‍ തോക്കുകളുമായി അവര്‍ കുന്നിന്‍ മുകളില്‍നിന്നും താഴെയെത്താന്‍ കുറച്ചു സമയമെടുത്തു. സൈനിക പരിശീലനത്തിന്‍റെ ഭാഗമായുള്ള ഒരു ഡ്രില്‍ ആയിരുന്നിരിക്കും ഞങ്ങള്‍ കണ്ടത്. തുര്‍ത്തുക്കില്‍നിന്നും ലേയിലേക്ക് വരുമ്പോള്‍ റോഡ് മുറിച്ചുകടക്കുന്ന പ്രായമുള്ള ഒരാളെ കണ്ടിരുന്നു. എന്തുകൊണ്ടോ ഈ യാത്രയിലെ അവിസ്മരണീയ മുഖമായി അദ്ദേഹം എന്നെ പിന്തുടരുന്നുണ്ട്. കൈയില്‍ സുതാര്യമായ ഒരു പ്ലാസ്റ്റിക് കവറില്‍ വാഴപ്പഴങ്ങളുമായാണ് അദ്ദേഹം റോഡ് മുറിച്ചുകടന്നത്. കാലത്തിന്‍റെ മറ്റൊരു കരയില്‍നിന്നും വന്ന് ഇക്കാലത്തെ ഒരു റോഡ് മുറിച്ചുകടക്കുകയാണ് താന്‍ എന്നു തോന്നിക്കുന്ന മുഖഭാവം.
കറുത്ത നിറത്തിലുള്ള പള്ളീലച്ചന്‍മാരുടെ പോലുള്ള പുറം വസ്ത്രം. അരക്കെട്ടില്‍ റോസ് നിറത്തിലുള്ള വള്ളികൊണ്ടുള്ള കെട്ട്. ഉള്ളില്‍ ഷര്‍ട്ടും പാന്‍റും, തലയില്‍ തൊപ്പി, കാലില്‍ ഷൂ. മുഖം വെയില്‍ കൊണ്ട് ചുവന്നിട്ടുണ്ട്. കുസൃതി കലര്‍ന്ന നോട്ടമുണ്ട്. എന്തുകൊണ്ടാണെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ല, ഈ യാത്രയില്‍ മാഞ്ഞു പോകാത്ത ലഡാക്കി മുഖങ്ങളിലൊന്നായി പേരും മറ്റും വിവരങ്ങളുമറിയാത്ത അയാള്‍ കൂടെയുണ്ട്. റോഡില്‍ വാഴപ്പഴത്തിന്‍റെ കവര്‍ ഒരു മാജിക്ക് കൊണ്ട് പൂക്കളാക്കി അയാള്‍ ഞങ്ങള്‍ക്ക് തന്നിരുന്നെങ്കില്‍ എന്തു ഗംഭീരമാവുമായിരുന്നു എന്ന് മടങ്ങിയെത്തിയ ദിവസങ്ങളില്‍ തോന്നിയിരുന്നു.
ഇക്കാര്യത്തിനൊന്നും പ്രത്യേകിച്ച് യുക്തിയൊന്നുമില്ല. പക്ഷേ, യാത്രകളില്‍ ചില മനുഷ്യരുടെ മുഖത്തെഴുത്ത് (മുഖ ഒപ്പ്) പിന്തുടര്‍ന്നുകൊണ്ടിരിക്കും. അത് എന്തുകൊണ്ട് എന്ന് വേണ്ടുംവിധം വിശദീകരിക്കാന്‍ കഴിയണമെന്നില്ല. ഒരു മിന്നല്‍പോലെ കണ്ട മനുഷ്യന്‍ ആ യാത്രയുടെ ഭാഗമായി കൂടെപ്പോന്നു എന്നുമാത്രമേ കരുതാനാകൂ. അതേപോലെയാണ് വഴിയരികില്‍ കണ്ട മുത്തശ്ശിയും പേരക്കുട്ടിയും. ഒരു വാക്കുപോലും സംസാരിച്ചില്ലെങ്കിലും ഞങ്ങളെ നോക്കിനിന്ന മുത്തശ്ശിയുടെ മുഖവും മാഞ്ഞുപോകുന്നില്ല.
ദ്രാസിലെ അന്നത്തെ തണുപ്പ്
ശ്രീനഗറില്‍നിന്ന് ലേയിലേക്ക് പോയത് ദ്രാസ് വഴിയാണ്. കാര്‍ഗില്‍ യുദ്ധസമയത്ത് മലയാള പത്രങ്ങളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന സ്ഥലപ്പേരുകളില്‍ ഒന്നായിരുന്നു ദ്രാസ്. ദ്രാസില്‍ ഞങ്ങള്‍ ഒരു ബോര്‍ഡ് കണ്ടു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു. 1995 ജനുവരിയില്‍ ദ്രാസിലെ താപനില -60 ആയിരുന്നു. മനുഷ്യവാസമുള്ള ഒരു സ്ഥലത്ത് ലോകത്ത് അനുഭവപ്പെട്ട തണുപ്പിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ദ്രാസിനുള്ളത്. തൊട്ടടുത്തുള്ള ലഡാക് ടൂറിസം ഡിപ്പാർട്മെന്‍റിന്‍റെ ബോര്‍ഡിലും ഇക്കാര്യം പറയുന്നു; The second coldest inhabited place in the world: 30 വര്‍ഷം മുമ്പാണ് ദ്രാസില്‍ ഇത്രയും കൊടിയ തണുപ്പുണ്ടായത്. പിന്നീട് ഒരിക്കലും ഇതാവര്‍ത്തിച്ചില്ല. ആ താപനില അസാധാരണമായിരുന്നുവെന്നാണ് കാലാവസ്ഥാ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.
കിഴക്കന്‍ സൈബീരിയയിലെ ഓയ്‌മയ്‌കോണ്‍ ( -71.2 ഡിഗ്രി) ആണ് മനുഷ്യവാസമുള്ള ഏറ്റവും തണുപ്പുള്ള പ്രദേശം. 1995ല്‍ ദ്രാസിന് ഇന്ത്യന്‍ സൈബീരിയ, ലഡാക്കിലേക്കുള്ള മഞ്ഞുകവാടം എന്ന പേര് കിട്ടി. ദ്രാസിന്‍റെ തുടക്കത്തിലാണ് 11,649 അടി ഉയരത്തിലുള്ള സോജില പാസ്. ദ്രാസിനും കാര്‍ഗിലിനും ഇടയിലാണ് ടൈഗര്‍ ഹില്‍സ്. കാര്‍ഗില്‍ യുദ്ധത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന് (പോയന്‍റ് 5062 എന്നാണ് കാര്‍ഗില്‍ ഹില്ലിനെ ഇന്ത്യന്‍ സൈന്യം വിളിക്കുന്നത്). കാര്‍ഗില്‍ യുദ്ധസ്‌മാരകവും ഇവിടെയാണ്. ലഡാക്കിലും കശ്‌മീരിലും പലയിടങ്ങളിലും മഞ്ഞുകാലത്ത് നദികള്‍ വെള്ളം കട്ടിയായി ഉറഞ്ഞുപോകാറുണ്ട്. ദ്രാസില്‍ ശൈത്യകാലത്ത് ഇതൊരു പതിവ് കാഴ്ചയാണ്. പക്ഷേ ഞങ്ങളുടെ യാത്ര വേനലില്‍ ആയിരുന്നതിനാല്‍, തണുക്കാനായി കാത്തിരിക്കുന്നു എന്നോർമിപ്പിച്ച് ദ്രാസ് ഞങ്ങള്‍ക്കു മേല്‍ വെയില്‍ച്ചൂടാണ് എറിഞ്ഞത്.
ദ്രാസില്‍ തുര്‍ക്കി ശൈലിയില്‍ പണി കഴിപ്പിച്ച ഒരു പള്ളിയുണ്ട്, നിൻങ്ങൂര്‍ മസ്‌ജിദ്. ചെറിയ പള്ളിയാണ്. നീലനിറത്തിലുള്ള അതിന്‍റെ സിറാമിക് മിനാരങ്ങള്‍ സവിശേഷമാണ്. ഇവിടെനിന്നും അല്‍പം ദൂരെയായി മൈത്രേയ, അവലോകേശ്വര ബുദ്ധനെ കൊത്തിവെച്ച പാറക്കെട്ടുകളുമുണ്ട്. തുര്‍ത്തുക്കില്‍നിന്ന് ലേയിലെത്തിയതിന്‍റെ പിറ്റേന്ന് അവിടെ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി സ്വദേശികളായ ജ്യോത്സ്നയും സുധീഷും ഞങ്ങള്‍ക്ക് ഉച്ചവിരുന്ന് തന്നു. മട്ടന്‍ കറിയും ചോറും മറ്റു വിഭവങ്ങളും ചേര്‍ന്ന ഭക്ഷണം. ഉപ്പേരിയും അച്ചാറും പപ്പടവും ഒക്കെച്ചേര്‍ന്ന ആ വിരുന്നാണ് ഞങ്ങളെ നാട്ടുരുചികളെക്കുറിച്ചും വീടിനെക്കുറിച്ചും ഓർമിച്ചത്. ഞങ്ങള്‍ക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു. ലേയില്‍ റദ്ദായ വിമാനം ശ്രീനഗറില്‍ പോയി പിടിക്കണം.
അയ്യോ, നമ്മുടെ വിമാനം റദ്ദാക്കിയതായി ഗൂഗിള്‍ പറയുന്നു, മടങ്ങാനുള്ള ദിവസം രാവിലെ ബെന്യാമിന്‍ പറഞ്ഞു. ശരിയായിരുന്നു, വിമാനം ഇല്ല. എന്നു മാത്രമല്ല ഞങ്ങള്‍ക്ക് മടങ്ങേണ്ട ഇന്‍ഡിഗോ വിമാന സര്‍വിസ് ഇനി ലേയില്‍നിന്നും രണ്ടു ദിവസം കഴിഞ്ഞേയുള്ളൂ. കശ്മീരിലും ലഡാക്കിലും പോസ്റ്റ് പെയ്ഡ് മൊബൈല്‍ സിമ്മുകളേ പ്രവര്‍ത്തിക്കൂ. അതുകൊണ്ട് യാത്ര തുടങ്ങും മുമ്പ് ഞങ്ങള്‍ പോസ്റ്റ്‌് പെയ്‌ഡ് സിമ്മുകള്‍ എടുത്തിരുന്നു. എന്നാല്‍ വിമാന ടിക്കറ്റുകള്‍ എടുത്തപ്പോള്‍ കൊടുത്ത മൊബൈല്‍ മുമ്പത്തേതാണ്, അതായത് സ്ഥിരമായി നാട്ടില്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്.
വിമാനം റദ്ദാക്കിയ വിവരം എയര്‍ലൈന്‍ കമ്പനി ആ നമ്പറിലായിരിക്കും വിളിച്ചറിയിക്കാന്‍ ശ്രമിച്ചിരിക്കുക. ആ നമ്പര്‍ ലഡാക്കില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വിവരം തരാന്‍ പറ്റാതായിരിക്കും. പിന്നെയുള്ള വഴി ഇ-മെയില്‍ ആണ്. വിമാനം റദ്ദാക്കിയ വിവരം പറഞ്ഞുകൊണ്ടുള്ള മെയിലുകളൊന്നും കാണാനില്ല. ഗൂഗിള്‍ ലിങ്കുകൊണ്ടായിരിക്കണം വിമാനമില്ല എന്ന വിവരം മൊബൈല്‍ സ്ക്രീനില്‍ തെളിഞ്ഞത്. വെറുതെ ജങ്ക് മെയില്‍ നോക്കുമ്പോള്‍ അതില്‍ കിടക്കുന്നു വിമാനം റദ്ദാക്കിയ വിവരം പറയുന്ന മെയില്‍. മോശം കാലാവസ്ഥയാണ് കാരണമായി പറയുന്നത്.
എത്രയും പെട്ടെന്ന് ലേ വിമാനത്താവളത്തില്‍ പോയി നോക്കുക, ബദല്‍ മാര്‍ഗം കണ്ടെത്തുക. ഫിജോയിയും അത് തന്നെ പറഞ്ഞു. ലേയില്‍ വിമാനം റദ്ദാക്കല്‍ ഒട്ടും പുതുമയുള്ള കാര്യമില്ല, സിംഗെ പതിവുള്ള ചിരിയോടെ ഞങ്ങളെ സമാധാനിപ്പിച്ചു. നിരവധി സര്‍വിസുകള്‍ അന്ന് റദ്ദാക്കിയിരുന്നു. അതിന്‍റെ പരിഭ്രമം ലേയിലെ ആ ചെറിയ വിമാനത്താവളത്തില്‍ കെട്ടിനിന്നു. ഞങ്ങള്‍ ഇന്‍ഡിഗോ കൗണ്ടറില്‍ ക്യൂ നിന്നു. ഇനി മറ്റെന്നാളേ ഇവിടെനിന്നും ഞങ്ങളുടെ സര്‍വിസുള്ളൂ –കൗണ്ടറിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാലാവസ്ഥ പ്രതികൂലമാണ് എന്നതുകൊണ്ട് ഞങ്ങള്‍ക്ക് മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. നാളെ രാവിലെ ശ്രീനഗറില്‍നിന്നുള്ള വിമാനത്തില്‍ ടിക്കറ്റ് മാറ്റിത്തരാം. ശ്രീനഗറില്‍ സ്വന്തം ചെലവില്‍ എത്തണം. അത് ഞങ്ങള്‍ വഹിക്കില്ല. സര്‍വിസ് ഇല്ലാതായത് ഞങ്ങളുടെ കുറ്റംകൊണ്ടല്ല, കാലാവസ്ഥ മോശമായതുകൊണ്ടാണ്. എന്തുവേണം? ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ ചോദിച്ചു. ടിക്കറ്റ് മാറ്റിത്തരൂ, മറ്റു വഴിയില്ലല്ലോ. ഞങ്ങള്‍ പറഞ്ഞു.
എനിക്ക് ശ്രീനഗര്‍-മുംബൈ-കോഴിക്കോട് ടിക്കറ്റ് തന്നു. മറ്റു മൂന്നുപേര്‍ക്കും ശ്രീനഗര്‍-ബാംഗ്ലൂര്‍-തിരുവനന്തപുരം ടിക്കറ്റും കൊടുത്തു. അവരുടെ ടിക്കറ്റില്‍ വിമാനത്തില്‍നിന്നും ഒരു നേരത്തെ ഭക്ഷണം കിട്ടും എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. എന്‍റേതില്‍ അതില്ല. എന്തായാലും ശ്രീനഗറിലേക്ക് എങ്ങനെ പോകാം എന്നതിനെക്കുറിച്ച് ഫിജോയിയുമായി സംസാരിച്ചു. രാത്രിയുള്ള ഷെയറിങ് ടാക്‌സിയാണ് ഒരു വഴി. അതു നോക്കാം. അല്ലെങ്കില്‍ ശ്രീനഗറില്‍നിന്നും ലേയിലേക്ക് ട്രിപ്പായി വന്ന് കാലിയായി മടങ്ങുന്ന കാറുകളുണ്ടോ എന്നന്വേഷിക്കാം. ടാക്സിക്കാരുമായി ഫിജോയിക്ക് ബന്ധമുള്ളതുകൊണ്ട് ടെലിഫോണില്‍ അന്വേഷണം തുടങ്ങി. പിറ്റേന്ന് രാവിലെ ശ്രീനഗറില്‍ എത്തേണ്ട ആവശ്യമുള്ളതുകൊണ്ട് ഫിജോയ് രാത്രി ഒരു ഷെയറിങ് ടാക്സിയില്‍ നേരത്തേ ബുക്ക് ചെയ്‌തിരുന്നു. ആ ഏജന്‍സിയില്‍ തന്നെയാണ് ഫിജോയ് വിളിച്ചത്.
നിങ്ങള്‍ എല്ലാവരും രാത്രി ലേയില്‍നിന്നും പോകുന്ന ഷെയറിങ് ടാക്സിയില്‍ പോവുക. അതാണ് നല്ലത്. അമര്‍നാഥ് ഗുഹയിലേക്കുള്ള തീര്‍ഥാടനം നടക്കുന്ന സമയമാണ്. രാത്രി ഏഴു മണി കഴിഞ്ഞാല്‍ ലേ-ശ്രീനഗര്‍ പാതയില്‍ കാര്‍ഗില്‍ കഴിഞ്ഞാലുടന്‍ മൂന്ന് ചെക്ക് പോയന്‍റുകളില്‍ വാഹനങ്ങളെല്ലാം തടയുന്നുണ്ട്. അവിടെനിന്നും രാവിലെ അഞ്ചു മണിക്കേ മുന്നോട്ടുപോകാന്‍ അനുവദിക്കൂ. ഇപ്പോള്‍ (രാവിലെ 11 മണിയാണ് സമയം) ഏതെങ്കിലും വണ്ടിയില്‍ പോയാല്‍ നിങ്ങള്‍ രാത്രി ചെക്ക് പോയന്‍റില്‍ കുടുങ്ങും. വണ്ടിയില്‍ ഇരുന്ന് നേരം വെളുപ്പിക്കേണ്ടി വരും. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. അമര്‍നാഥ് തീര്‍ഥാടന സമയത്തെ ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമാണിത് -ടാക്സി ഏജന്‍സിക്കാരന്‍ ഫിജോയിയോട് പറഞ്ഞതിന്‍റെ ചുരുക്കം ഇതാണ്. പകലില്‍ ശ്രീനഗറിലേക്ക് മടക്ക കാറുകള്‍ ഉണ്ടെങ്കില്‍ പറയാമെന്നും അയാള്‍ അറിയിച്ചിരുന്നു.
ശ്രീനഗറില്‍ വന്നിറങ്ങി പഹല്‍ഗാമിലൂടെയാണ് അമര്‍നാഥ് തീര്‍ഥാടകരുടെ സംഘങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. ബസുകളിലാണ് തീര്‍ഥാടകരെ ശ്രീനഗറില്‍നിന്നും പഹല്‍ഗാമിലെത്തിക്കുന്നത്. അവിടെനിന്നും കുറച്ചുകൂടി മുന്നോട്ട് ബസില്‍ പോയി കാല്‍നടയായി പഞ്ചതരണിയില്‍ എത്തി അമര്‍നാഥ് ഗുഹയിലേക്ക് നടന്ന് പോകുന്നവരാണ് കൂടുതലും. ഹെലികോപ്‌ടര്‍ സര്‍വിസുമുണ്ട്. പഹല്‍ഗാം-പഞ്ചതരണി-നീല്‍ഗര്‍ത്ത് റൂട്ടിലാണ് കോപ്ടര്‍ സര്‍വിസ്. ഞങ്ങളുടെ യാത്രയുടെ ആദ്യ ദിവസം ശ്രീനഗറില്‍നിന്നും ലേയിലേക്ക് പോകുമ്പോള്‍ തീര്‍ഥാടകരുമായി പോകുന്ന കോപ്ടറുകള്‍ കാണാമായിരുന്നു. സോജില പാസിനടുത്തുള്ള ഉയര്‍ന്ന സ്ഥലത്തുനിന്നും നോക്കുമ്പോള്‍ താഴെ സമതലത്തില്‍ നൂറുകണക്കിന് ടെന്‍റുകള്‍ കാണുകയുംചെയ്തിരുന്നു. അമര്‍നാഥ് യാത്രക്കിടെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള തമ്പുകളായിരുന്നു അവ. ഉയരത്തുനിന്ന് അത് കാണാനേ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. പഹല്‍ഗാമിനടുത്തുള്ള ചന്ദന്‍വാരിയിലാണ് ഈ തമ്പുകളുള്ളത്. തീര്‍ഥയാത്രയുടെ ബേസ് ക്യാമ്പാണിത്.
ലേ-ശ്രീനഗര്‍ എന്‍.എച്ച് 44ല്‍ മൂന്നിടങ്ങളിലാണ് ചെക്ക് പോസ്റ്റുള്ളത്. ആദ്യത്തെ രണ്ടെണ്ണം ചിലപ്പോള്‍ കടന്നുപോകാന്‍ കഴിയും. എന്നാല്‍, അവസാനത്തെ ചെക്ക് പോസ്റ്റ് ശ്രീനഗറിലേക്ക് 60 കിലോമീറ്ററുള്ള മണിഗാം ഗന്ധര്‍ബെല്ലിലാണ്. അവിടെനിന്നും ഒരുതരത്തിലും മുന്നോട്ടു പോകാന്‍ കഴിയില്ല. അവിടെ തടഞ്ഞിടും. ലേയില്‍ ട്രാവല്‍ മേഖലയിലുള്ള എല്ലാവരും പറയുന്നത് ഇതേ കാര്യമാണ്. അതിനിടെ അപ്പോള്‍ ഒരു കാര്‍ ശ്രീനഗറിലേക്ക് മടങ്ങുന്ന വിവരം കിട്ടി. അതില്‍ കേറി പോവുക തന്നെ. എത്തുന്നിടത്ത് എത്താം, രാത്രി മലമ്പള്ളയിലൂടെ യാത്രയില്‍ റിസ്കുണ്ട്, മാത്രവുമല്ല സമയത്ത് എത്താന്‍ കഴിയാഞ്ഞാല്‍ വിമാനം അതിന്‍റെ പാട്ടിനു പോവുകയും ചെയ്യും. ഇങ്ങനെ ഞങ്ങള്‍ ചര്‍ച്ചയും സംസാരവും നടത്തിക്കൊണ്ടിരിക്കെ വണ്ടി വന്നു. ഫിജോയി ആദ്യമെടുത്ത ഷെയര്‍ ടാക്സി ടിക്കറ്റ് കാന്‍സലാക്കി യാത്ര ഞങ്ങള്‍ക്കൊപ്പമാക്കി. ലേ വിട്ട് ഞങ്ങള്‍ ശ്രീനഗറിലേക്കുള്ള യാത്ര തുടങ്ങി.
യാത്ര നെടുമ്പാശ്ശേരിയില്‍നിന്നും തുടങ്ങുമ്പോഴും വിമാനം റദ്ദാക്കിയിരുന്നു. രാത്രിയാത്ര അതുകൊണ്ട് പിറ്റേന്ന് പകലായി. മടക്കവും അത്തരത്തിലാവുകയാണ്. യാത്രയിലെ അനിശ്ചിതത്വങ്ങളാണ് എന്നും ജീവിക്കുന്ന ഓർമകളാകാറ്. ഈ യാത്രയിലും അതിന് മാറ്റമില്ലെന്ന് കരുതി ഓരോന്ന് ആലോചിച്ച് യാത്ര തുടര്‍ന്നു. കശ്മീരിയായ കാര്‍ഡ്രൈവര്‍ ഒട്ടും സൗഹാര്‍ദം കാണിക്കുന്നില്ല. ഉറക്കക്കുറവുമൂലമുള്ള ക്ഷീണവും വിരസതയുമാകാം അയാളുടെ അകല്‍ച്ചക്ക് കാരണം.
കാറില്‍ കയറുന്നതിനു മുമ്പ് പെട്ടെന്നാണ് നെടുമ്പാശ്ശേരി-ഡല്‍ഹി വിമാനത്തില്‍ ബെന്യാമിന്‍റെ തൊട്ടടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്‌ത നേവി ഓഫിസറെ ഓർമയില്‍ വന്നത്. അയാള്‍ നല്ലൊരു വായനക്കാരനായിരുന്നു. കൈയില്‍ അപ്പോള്‍ വിമാനത്താവളത്തിലെ ബുക്ക് ഷോപ്പില്‍നിന്നും വാങ്ങിയ ഒരു പുസ്‌തകമുണ്ടായിരുന്നു. വിമാനത്തില്‍ കയറും മുമ്പ് ബെന്യാമിനെ വന്നു പരിചയപ്പെടുകയും ചെയ്‌തു. ലഡാക്കില്‍ പലപ്പോഴായി അദ്ദേഹം വന്നിട്ടുണ്ട്. അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ വിളിക്കാന്‍ മടിക്കരുത്, സുഹൃത്തുക്കളായ സൈനിക ഉദ്യോഗസ്ഥരുണ്ട് –ഇങ്ങനെ ബെന്യാമിനോട് പറഞ്ഞ് ഇരുവരും നമ്പര്‍ കൈമാറിയിരുന്നു.
അദ്ദേഹത്തെ വിളിക്കുക, സഹായം ചോദിക്കുക –ഞാന്‍ ബെന്യാമിനോട് പറഞ്ഞു. ഫോണ്‍ വിളിച്ചപ്പോള്‍ കഴിയാവുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു. പിന്നീട് ചില സൈനിക ഓഫിസര്‍മാരുടെ കാള്‍ ബെന്യാമിന് വന്നു. യാത്ര മുന്നോട്ടുപോകട്ടെ, കഴിയുന്ന സഹായങ്ങള്‍ ഉണ്ടാകും, അവര്‍ പറഞ്ഞു. എന്നാല്‍ ചെക്ക് പോയന്‍റുകള്‍ നിയന്ത്രിക്കുന്നത് പൊലീസാണ്, സൈന്യമല്ല. അത് മനസ്സില്‍ വെക്കുകയും വേണം –അതായിരുന്നു സന്ദേശത്തിന്‍റെ പൊരുള്‍.
വണ്ടി വളവുകളും തിരിവുകളും താണ്ടുമ്പോള്‍ ബുദ്ധമത വിശ്വാസികളുടെ പ്രാര്‍ഥനാ കൊടികള്‍ കാണാം. ഒരു മലയില്‍നിന്നും മറ്റൊരു മലയിലേക്ക് പ്രാര്‍ഥിച്ച് അവ മുന്നേറുകയാണെന്ന് തോന്നും. കാറ്റില്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിട്ട് കൊടികള്‍ ഉയരങ്ങള്‍ താണ്ടുന്നതുപോലെ തോന്നും. ബുദ്ധിസം ഇന്ത്യയില്‍നിന്ന് മറ്റു രാജ്യങ്ങളിലേക്ക് വ്യാപിച്ച പാതകളില്‍ പ്രധാനപ്പെട്ടതാണ് ഈ പാത. മലകള്‍ കയറിമറിഞ്ഞ്, വീണ്ടും കയറി മറിഞ്ഞ് ബുദ്ധിസം വ്യാപിച്ചതിന്‍റെ അടയാളമായി ഇന്ന് ഈ പ്രാര്‍ഥനാ കൊടികളെ മനസ്സിലാക്കാം. ചിലയിടങ്ങളില്‍ വെള്ള തുണിക്കെട്ടുകള്‍ മാത്രമുള്ള പോസ്റ്റുകളുമുണ്ട്. കുഞ്ഞുങ്ങളുണ്ടാകാന്‍, വിവാഹം നടക്കാന്‍ അങ്ങനെയുള്ള പ്രാര്‍ഥനകളുമായാണ് ആ തുണിക്കെട്ടുകള്‍ പാതയിലിരുന്ന് പ്രാര്‍ഥിക്കുന്നത്.
ലേയുടെ എല്ലാ ഛായയും മാഞ്ഞു. കാര്‍ അതിവേഗം മുന്നോട്ടുപോവുന്നു. 120 കിലോമീറ്റര്‍ യാത്രചെയ്‌തപ്പോള്‍ ഞങ്ങള്‍ ഇന്ത്യയിലെ ചന്ദ്രനിലെത്തി. ഇത്തരമൊരു സ്ഥലത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയില്ലായിരുന്നു. ആ കാഴ്ച അസാധാരണമായിരുന്നു, വിമാനം റദ്ദാക്കിയിരുന്നില്ലെങ്കില്‍ ഈ സ്ഥലം കാണുമായിരുന്നില്ല. ഈ യാത്രയിലെ ബോണസ് എന്ന് ഈ സ്ഥലത്തേയും ഇവിടത്തെ കാഴ്ചയെയും വിളിക്കാം.
ചന്ദ്രസ്താനും കടന്ന് ചെക്ക് പോയന്‍റുകളിലേക്ക്
ലമായുരുവിന് മൂണ്‍ലാൻഡ് ഓഫ് ഇന്ത്യ എെന്നാരു പേരുമുണ്ട്. ഈ പ്രദേശത്തെ മലനിരകള്‍ക്ക് ചന്ദ്ര ഉപരിതലത്തോട് നല്ല സാമ്യമുണ്ട്. ചന്ദ്രനില്‍ പോയവര്‍ നടന്ന സ്ഥലങ്ങളില്‍ കണ്ട ഭൂമിയോട് സാമ്യമുള്ള പ്രദേശങ്ങളിലെ സ്ഥലങ്ങള്‍ എങ്ങനെയിരുന്നുവോ അതുപോലെയാണ് ഇവിടെയുള്ള ഗിരിനിരയുടെ പ്രകൃതി. ചെത്തിത്തേച്ചപോലെയും കുണ്ടും കുഴിയും ഉള്ളപോലെയും കയറ്റിറക്കങ്ങളില്‍ ഗുഹകള്‍പോലെയുമാണ് ലമായുരുവിലെ പ്രകൃതി. ഇവിടെ ഗുഹകളിലെന്നപോലെയുള്ള ഒരു മൊണാസ്ട്രിയുണ്ട്. ചന്ദ്രനില്‍ ഒരു മൊണാസ്ട്രിയുണ്ടെങ്കില്‍ എങ്ങനെയിരിക്കുമോ അതുപോലെയാണിതും. മൂണ്‍ മൊണാസ്ട്രി എന്നു വിളിക്കപ്പെടുന്ന ബുദ്ധവിഹാരം കൂടിയാണിത്.
11ാം നൂറ്റാണ്ടിലാണ് ഈ സ്ഥലം കണ്ടെത്തപ്പെടുന്നതും മഹാസിദ്ധാചാര്യ നരോപ്പ ബുദ്ധവിഹാരം നിർമിക്കുന്നതും. ഇവിടെയുള്ള ഗ്രാമീണര്‍ സഞ്ചാരികളെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കും. അവര്‍ക്കൊപ്പം സമയം ചെലവഴിച്ച് ഗ്രാമജീവിതത്തിന്‍റെ തുടുപ്പുകള്‍ അറിയാം. പക്ഷേ ഞങ്ങള്‍ക്ക് സമയമുണ്ടായിരുന്നില്ല. വൈകിയാല്‍ ശ്രീനഗര്‍ എത്തല്‍ കൂടുതല്‍ അനിശ്ചിതത്വത്തിലാകും. അതിനാല്‍ ഞങ്ങള്‍ മുന്നോട്ടുതന്നെ പോയി. മൂണ്‍ ലാൻഡില്‍ ഒന്നോ രണ്ടോ ദിവസങ്ങള്‍ ചെലവിടാന്‍ കൊതിതോന്നി. പക്ഷേ, ഇപ്പോഴത് സാധ്യമല്ല. ഭക്ഷണം കഴിക്കാന്‍, ചിലപ്പോള്‍ ചായ കുടിക്കാന്‍ മാത്രമാണ് പിന്നീട് വണ്ടി നിര്‍ത്തിയത്.
ഇരുട്ടു വീണു. ആദ്യ ചെക്ക് പോയന്‍റായി. എല്ലാ വണ്ടികള്‍ക്കൊപ്പം ഞങ്ങളുടെ വണ്ടിയും തടഞ്ഞു. രാവിലെയാണ് ൈഫ്ലറ്റ് എന്നു പറഞ്ഞ് ടിക്കറ്റ് കാണിച്ചു. ഇത് രാവിലെ ഒമ്പത് മണിക്കല്ലേ. ഇപ്പോള്‍ പോവണ്ട കാര്യമില്ലെന്നായി പൊലീസുകാര്‍. ചെക്ക് പോയന്‍റ് കഴിഞ്ഞ് കുറച്ചു പോയാല്‍ ഹോട്ടലുകളുണ്ട്, അവിടെ മുറിയെടുത്ത് താമസിക്കുക എന്ന് നിര്‍ദേശിച്ച് ഞങ്ങളെ കടത്തിവിട്ടു. ഹോട്ടല്‍ മുറിയെടുക്കുന്ന പദ്ധതി ഉപേക്ഷിച്ച് ഞങ്ങള്‍ മുന്നോട്ടുപോയി. 30 കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ചെക്ക് പോയന്‍റ്. അവിടെയും ഞങ്ങളെ തടഞ്ഞു. അല്‍പ്പം പോയാല്‍ ഹോട്ടലുണ്ട്, അവിടെ തങ്ങി നാളെ പുലര്‍ച്ചെ പോവുക, മുന്നോട്ടു പോയിട്ട് കാര്യമില്ല, മൂന്നാമത്തെ ചെക്ക് പോയന്‍റില്‍ നിങ്ങളെ ഒരു കാരണവശാലും കടത്തിവിടില്ല –പൊലീസുകാര്‍ കട്ടായം പറഞ്ഞു. സൈനിക ഉദ്യോഗസ്ഥരുടെ കാളുകള്‍ വരുന്നുണ്ട്, നിങ്ങള്‍ എവിടെ എത്തി എന്ന് ചോദിച്ച്. അവര്‍ ഞങ്ങളെ ലക്ഷ്യസ്‌ഥാനത്തെത്താന്‍ സഹായിക്കുന്നുമുണ്ട്.
പക്ഷേ, മൂന്നാമത്തെ ചെക്ക്‌പോസ്റ്റില്‍, മണിഗാം ഗന്ധര്‍ബെല്ലില്‍ ഒരു രക്ഷയുമില്ല. റോഡിലെ ചെക്ക് പോസ്റ്റിന്‍റെ വലതുഭാഗത്ത് ഒഴിഞ്ഞ ഗ്രൗണ്ട് പോലുള്ള സ്ഥലമാണ്. എല്ലാ വണ്ടികളും അവിടെ പാര്‍ക്ക് ചെയ്യിക്കുകയാണ്. രാവിലെയേ പോകാന്‍ പറ്റൂ. ടൂറിസ്റ്റുകളായ മലയാളി കുടുംബങ്ങളും അവിടെ പെട്ടുകിടക്കുന്നുണ്ട്. ഞങ്ങള്‍ ഇവിടെയെത്തും മുമ്പ് ഒരു കാള്‍ വന്നിരുന്നു, പക്ഷേ ഞങ്ങളോട് ഉദാരത കാട്ടിയ ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യം കൃത്യമായി മനസ്സിലാക്കാന്‍ ഡ്രൈവര്‍ക്കോ സംഘത്തിലുള്ള മറ്റാര്‍ക്കുമോ പറ്റിയില്ല.
മണിഗാമില്‍നിന്ന് മുന്നോട്ടു പോകാന്‍ പറ്റില്ല. ചെക്ക് പോയന്‍റില്‍ എത്തുന്നതിന് 100 മീറ്റര്‍ മുമ്പ് വലതുവശത്ത് സൈനിക ക്യാമ്പുണ്ട്. നിങ്ങള്‍ക്ക് ഇന്ന് രാത്രി അവിടെ തങ്ങാം. രാവിലെ ചെക്ക് ഗേറ്റ് തുറന്നയുടന്‍ പോകാം. 60 കിലോമീറ്ററേ ഉള്ളൂ. നിങ്ങള്‍ക്ക് സമയത്തിന് ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ എത്താനാകും –ഇതായിരുന്നു ഞങ്ങള്‍ വേണ്ടവിധം മനസ്സിലാക്കാതിരുന്ന സന്ദേശം.
ഞങ്ങളുടെ വണ്ടിയും ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു പൊലീസുകാരന്‍ വിളിച്ചു, ആ ആര്‍മിയുടെ ആളുകള്‍ എവിടെ? ഞങ്ങള്‍ മുന്നോട്ടു ചെന്നു. ശരി എന്നു പറഞ്ഞപ്പോള്‍ വണ്ടിയില്‍ കയറി. കാര്‍ താഴെ വന്ന് ചെക്ക് പോയന്‍റിലൂടെ ശ്രീനഗറിലേക്ക് പോകാന്‍ തുടങ്ങി. പൊലീസ് വണ്ടി തടഞ്ഞു. പൊലീസുകാര്‍ ഡ്രൈവറെ ശരിക്കും ചീത്തവിളിച്ചു. അയാള്‍ പേടിച്ചും അപമാനിതനായും ചൂളി. വണ്ടി സൈനിക ക്യാമ്പിലേക്ക് വിടാനാണ് പൊലീസ് പറഞ്ഞത്.
പഹല്‍ഗാമിനടുത്ത ചന്ദന്‍വാരിയിലെ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുള്ള തമ്പുകള്‍ (ഫോട്ടോ: ബെന്യാമിന്‍)
അത് മനസ്സിലാക്കാതെ ശ്രീനഗര്‍ പാതയിലേക്ക് പോയതാണ് പ്രശ്നമായത്. വീണ്ടും ഞങ്ങളെ പാര്‍ക്കിങ് സ്ഥലത്തേക്ക് തിരിച്ചുവിട്ടു. ശാപവാക്കുകള്‍ അവിടെ പാഞ്ഞു നടന്നു. എന്നെ എന്തിന് കഷ്ടപ്പെടുത്തുന്നു എന്ന് ഡ്രൈവര്‍ ദയനീയമായി ഞങ്ങളോട് ചോദിച്ചു. കുറച്ചുനേരം കഴിഞ്ഞ് ‘ആര്‍മിക്കാരെ’ വീണ്ടും വിളിച്ചു. പൊലീസുകാര്‍ക്കൊപ്പം ഇത്തവണ മറ്റൊരാള്‍കൂടിയുണ്ട്. അയാള്‍ ക്യാമ്പിലേക്ക് ഞങ്ങളെ കൂട്ടാന്‍ വന്ന സൈനികനാണ്. നേരത്തേയും അയാള്‍ വന്നിരുന്നു. അതിനെത്തുടര്‍ന്നാണ് ഞങ്ങളോട് പോകാന്‍ പറഞ്ഞത്. പക്ഷേ, ക്യാമ്പിലേക്ക് പോകാനാണ് പറഞ്ഞത് എന്ന് മനസ്സിലാക്കിയില്ല. ഞങ്ങളെ കാണാത്തതുകൊണ്ട് സൈനികന്‍ വീണ്ടും വന്നതാണ്. ഏതായാലും ക്യാമ്പിലെത്തി. ഞങ്ങള്‍ക്ക് രണ്ട് മുറികള്‍ കിട്ടി. രാത്രി വൈകിയിട്ടും ഭക്ഷണം തന്നു.
സൈനിക ഉദ്യോഗസ്ഥനോട് ബെന്യാമിന്‍ ഫോണില്‍ നന്ദി അറിയിച്ചു. കാറുകാരന്‍ തനിക്ക് ശ്രീനഗറില്‍ എത്തണം, മറ്റൊരു ട്രിപ്പുണ്ടെന്ന് പറഞ്ഞ് പോയി (കശ്മീരികള്‍ മാത്രമുള്ള വാഹനങ്ങള്‍ക്ക് ചെക്ക് പോയന്‍റുകള്‍ കടന്നു പോകാന്‍ അനുമതിയുണ്ട്). രാവിലെ മറ്റൊരു കാര്‍ വരും, നിങ്ങള്‍ക്ക് അതില്‍ പോകാം– ഇങ്ങനെ പറഞ്ഞ് വണ്ടിയെടുത്ത് അയാള്‍ പോയി. അങ്ങനെ കഷ്‌ടി നാലു മണിക്കൂര്‍ ഉറങ്ങി. അതിപുലര്‍ച്ചെ ഉണര്‍ന്ന് ഒരുങ്ങി, ബാഗ് മുറുക്കി. പുതിയ വണ്ടി വന്നു.
അതിപുലര്‍ച്ചെയുള്ള യാത്ര ഗംഭീരമായിരുന്നു. ഇരുട്ടില്‍നിന്നും പകല്‍ തെളിഞ്ഞുവരുന്നതിന്‍റെ മാജിക്, വെളിച്ചം വയലുകളെയും മരങ്ങളെയും മലകളെയും പറവകളെയും പ്രഭാത മനുഷ്യരെയും വെളിപ്പെടുത്തിത്തന്നുകൊണ്ടിരുന്നു. ഡ്രൈവര്‍ അതിവേഗക്കാരനാണ്. വണ്ടി ഓടിക്കുമ്പോള്‍ പുക വലിക്കുന്നുണ്ട്. അതിന്‍റെ അസ്വസ്ഥത സുധീഷ് മാഷ് പറഞ്ഞപ്പോള്‍ ഇഷ്ടപ്പെടാത്തമട്ടില്‍ അയാള്‍ പകുതിയോളം എരിഞ്ഞ സിഗരറ്റ് പുറത്തേക്കെറിഞ്ഞു. അത്രയും പ്രഭാതത്തില്‍ ശ്രീനഗര്‍ കണ്ടതും നല്ല അനുഭവമായി. ആ നഗരത്തിലെ ഉദ്യാനങ്ങള്‍ ചുറ്റി ഡ്രൈവര്‍ ഞങ്ങളെ എയര്‍പോര്‍ട്ടിലെത്തിച്ചു. ശ്രീനഗറില്‍ വിമാനത്താവള ഗേറ്റിലുള്ള സുരക്ഷാ കേന്ദ്രത്തില്‍ ആദ്യം ബാഗുകള്‍ സ്കാനറിലൂടെ പരിശോധിക്കും. എന്നിട്ടേ അകത്തേക്ക് വിടൂ. ഞങ്ങള്‍ ഫിജോയിയോട് വിടപറഞ്ഞു. പിന്നെ പതിവ് പരിശോധനകള്‍ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോഞ്ചിലെത്തി.
യാത്ര കഴിഞ്ഞു, എല്ലാവരും സ്വന്തം വീടുകളിലേക്ക് മടങ്ങുന്നു, പതിവുപോലെ. ഞാന്‍ ഫോണില്‍ യാത്രാ ചിത്രങ്ങള്‍ നോക്കി. ഒരു ഗ്രാമത്തിലെ ചായപ്പീടികയില്‍ കയറിയപ്പോള്‍ അവിടത്തെ ചുവരില്‍ ഒരു മൃഗക്കൊമ്പ് കണ്ടിരുന്നു. ഇല്ലാതായ ആ മൃഗത്തിന്‍റെ അടയാളം വിട്ടുപോകലിന്‍റെ മുദ്രയായി എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.